റബേക്കാ സ്കൂൾട്ട്

മരിച്ച ആ കറുത്ത വർഗ്ഗക്കാരിയുടെ
ഇപ്പോഴും ജീവിച്ചിരിക്കുന്ന കോശങ്ങൾ

ഉക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ്, വെടിയുണ്ടകളിൽനിന്നു രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ഒരു വിദ്യാർഥിനി, ഇന്ത്യയിലെ യോഗ്യതാപരീക്ഷ പാസായശേഷം തനിക്കു സമ്മാനിച്ച ഒരു പുസ്തകത്തെക്കുറിച്ചാണ് ഡോ. ജയകൃഷ്ണൻ ടി. എഴുതുന്നത്. റബേക്കാ സ്കൂൾട്ടിന്റെ The Immortal Life of Henrietta Lacks. വൈദ്യശാസ്ത്ര ചരിത്രത്തിലെ എക്കാലത്തെയും വലിയ അനീതിയെ അനാവരണം ചെയ്യുന്ന ഈ സമ്മാനപ്പുസ്തകത്തെ 2024-ലെ തൻെറ പ്രിയ പുസ്തകമായി ​തെരഞ്ഞെടുക്കുകയാണ് ഡോ. ജയകൃഷ്ണൻ.

രിക്കലും അവസാനിക്കാത്ത പാമ്പും കോണിയും കളി പോലെ, പുതിയ രോഗങ്ങളും ആധുനിക വൈദ്യശാസ്ത്ര ഗവേഷണവും ഒരു മത്സരത്തിലാണ്. ഇതിൽ ഗവേഷകർ മനുഷ്യർക്കു വേണ്ടിയാണ് പടവെട്ടി മുന്നേറുന്നതെങ്കിലും പലപ്പോഴും ലക്ഷ്യം നേടാനായി മനുഷ്യത്വത്തെ മറന്ന് ധാർമ്മികതയുടെ കളത്തിനുപുറത്ത് കളിയുടെ കരുക്കൾ നീക്കാറുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിൽ ഹിറ്റ്ലറുടെ നാസിസത്തിന്റെയും ഹോളോകോസ്റ്റിന്റെയും ലോകമഹായുദ്ധങ്ങളുടെയും കാലങ്ങളിലാണ് (1930- 1945) ഇന്നത്തെ വൈദ്യശാസ്ത്രത്തിന് അടിസ്ഥാന അടിത്തറ പാകിയ പല പ്രധാന കണ്ടുപിടുത്തങ്ങളും നടന്നത് എങ്കിലും, അവയൊക്കെ യുദ്ധതടവുകാരിലും തടങ്കൽ പാളയങ്ങളിലെ അടിമകളിലും കൊലപാതകം പോലെ ക്രൂരമായി നടത്തിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, ന്യൂറംബർഗ് വിചാരണയിലൂടെ തെറ്റ് ചെയ്തവർക്ക് വധശിക്ഷ പോലും നൽകിയാണ് വൈദ്യശാസ്ത്രം 1950-കളിൽ അതിന്റെ നൈതികത നിലനിർത്തിയത്. 1947-ൽ നടന്ന ന്യൂറംബർഗ് വിചാരണയുടെ വിധിപ്രകാരം, നൈതികത പാലിക്കാത്ത ഏഴ് ഗവേഷക ഡോക്ടർമാരെ വധശിക്ഷക്ക് വിധേയമാക്കുകയും ഒമ്പതു പേരെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന രോഗികളിൽ നിന്ന് വളൻ്ററിയായി സമ്മതം വാങ്ങിയിരിക്കണമെന്നത് ന്യൂറംബർഗ് കോഡിലെ പ്രധാന പോയൻ്റാണ്.
വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന രോഗികളിൽ നിന്ന് വളൻ്ററിയായി സമ്മതം വാങ്ങിയിരിക്കണമെന്നത് ന്യൂറംബർഗ് കോഡിലെ പ്രധാന പോയൻ്റാണ്.

വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്ക് വിധേയരാകുന്ന രോഗികളിൽ നിന്ന് വളൻ്ററിയായി സമ്മതം വാങ്ങിയിരിക്കണമെന്നത് ന്യൂറംബർഗ് കോഡിലെ പ്രധാന പോയൻ്റാണ്. ഇതിനെ തുടർന്ന് വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്ക് കാലഘട്ടത്തിനനുസരിച്ചും ആവശ്യത്തിനനുസരിച്ചും അന്താരാഷ്ട്ര തലത്തിൽ എത്തിക്കൽ ഗൈഡ്ലൈനുകളുണ്ടായിട്ടുണ്ട്.

പരീക്ഷണത്തിൽ പങ്കാളികളാകുന്ന രോഗികൾക്ക് വിവരങ്ങളറിഞ്ഞ് തീരുമാനമെടുക്കാനും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള (Informed decision, Informed right) ഹെൽസിങ്കി ഡിക്ലറേഷൻ (WMA Declaration of Helsinki) 1964-ൽ നിലവിൽവന്നു. ഇതിന് പല കൂട്ടിചേർക്കലുകളും പിന്നീടുണ്ടായി. 1979-ൽ അമേരിക്കയിലെ ബെൽമോണ്ട് റിപ്പോർട്ട് പ്രകാരം എല്ലാ വൈദ്യശാസ്ത്ര ഗവേഷണങ്ങളും എത്തിക്കൽ കമ്മിറ്റി വിശകലനം ചെയ്ത് അംഗീകരിച്ച് മാത്രമേ നടത്താൻ പാടുള്ളൂ എന്ന അന്താരാഷ്ട്ര കോഡും നിലവിൽവന്നു.

ഇന്ത്യയിൽ ദേശീയതലത്തിൽ ഐ.സി.എം.ആറിന്റെ (The Indian Council of Medical Research- ICMR) നേതൃത്വത്തിൽ വൈദ്യഗവേഷണത്തിന് എത്തിക്കൽ ഗൈഡ്ലൈൻ രൂപപ്പെടാൻ 2000 വരെ കാത്തിരിക്കേണ്ടിവന്നു. മെഡിക്കൽ എത്തിക്സുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്താനാണ് ആമുഖമായി ഇത്രയും എഴുതിയത്.

ഗർഭാശയ കാൻസർ മൂലം മരിച്ച ഹെൻറിറ്റ ലാക്സ് എന്ന കറുത്ത വർഗ്ഗക്കാരിയായ ആഫ്രിക്കൻ- അമേരിക്കൻ യുവതിയുടേയും അവരുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന കോശങ്ങളുടെ അമരജീവിതത്തിന്റെയും നേർചരിത്രമാണ് The Immortal Life of Henrietta Lacks എന്ന പുസ്തകം.

ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ റബേക്കാ സ്കൂൾട്ടിന്റെ ദി ഇമ്മോർട്ടൽ ലൈഫ് ഓഫ് ഹെൻറിറ്റ ലാക്സ് (The Immortal Life of Henrietta Lacks / Rebecca Skloot) എന്ന പുസ്തകമാണ് 2024-ൽ എന്നെ ഏറ്റവും ആകർഷിച്ചത്. ഈ പുസ്തകം സമ്മാനമായി കിട്ടിയതാണ്. ഉക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ്, യുദ്ധസമയത്ത് ബങ്കറുകളിൽ കഴിഞ്ഞ്, വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനിൽ സഞ്ചരിച്ചും നടന്നും, ഒടുവിൽ വിമാനത്തിൽ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അനുഭവമുള്ള അനിറ്റ, ഇന്ത്യയിലെ യോഗ്യതാപരീക്ഷ പാസായശേഷം ക്ലാർക്ക്ഷിപ്പ് ചെയ്യാനാണ് ഞങ്ങളുടെ കോളേജിലെത്തിയത്. കമ്യൂണിറ്റി മെഡിസിനിലെ പോസ്റ്റിങ്ങ് കഴിഞ്ഞുപോകുമ്പോൾ അവർ എനിക്ക് സമ്മാനമായി തന്ന പുസ്തകമാണിത്. എന്തുകൊണ്ട് ഈ പുസ്തകം തെരഞ്ഞെടുത്തു എന്ന എന്റെ ചോദ്യത്തിന്, ഇതിലെ വിഷയം മെഡിക്കൽ എത്തിക്സ് ആണെന്നും ഈ മൂല്യങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയായി എന്നെ കാണുന്നുവെന്നുമായിരുന്നു അവളുടെ മറുപടി.

1951-ൽ തന്റെ മുപ്പതാമത്തെ വയസ്സിൽ അഞ്ചാമത്തെ കുട്ടിയേയും പ്രസവിച്ച് നാലരമാസം തികയുമ്പോഴേക്കും ഗർഭാശയ കാൻസർ മൂലം മരിച്ച ഹെൻറിറ്റ ലാക്സ് എന്ന കറുത്ത വർഗ്ഗക്കാരിയായ ആഫ്രിക്കൻ- അമേരിക്കൻ യുവതിയുടേയും അവരുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന കോശങ്ങളുടെ അമരജീവിതത്തിന്റെയും നേർചരിത്രമാണ് ഈ പുസ്തകം. തന്റെ ഗർഭകാലത്തുതന്നെ, സ്വന്തം വിരലുകൾ കൊണ്ട് ഗർഭാശയമുഖത്തെ ട്യൂമറിനെ തൊട്ട ഈ യുവതി കാൻസറാണെന്ന് തിരിച്ചറിഞ്ഞശേഷം ഒമ്പത് മാസത്തെ റേഡിയേഷൻ ചികിത്സക്കുശേഷമാണ് മരിച്ചത്. ഈ കാലഘട്ടത്തിൽ അമേരിക്കയിൽ ജിം ക്രോവ് നിയമങ്ങളിലൂടെ നടപ്പിലാക്കിയത് കടുത്ത വംശീയ വിദ്വേഷമായിരുന്നു. രോഗചികിത്സയ്ക്കുപോലും വിവേചനമുണ്ടായിരുന്നതിനാൽ ഹെൻറിറ്റ ലാക്സിന്, കറുത്ത വർഗ്ഗക്കാർക്ക് ചികിത്സ കിട്ടുന്ന അപൂർവ്വം ആശുപത്രികളിലൊന്നായ ബാട്ടിൽമോറയിലെ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സക്കെത്തുന്ന കറുത്ത വർഗ്ഗക്കാരെ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ വൈദ്യ ഗവേഷണങ്ങൾക്കായി പരീക്ഷണ ഗിനിപ്പിഗ് ആക്കുന്ന പതിവും അക്കാലത്തുണ്ടായിരുന്നു. റേഡിയേഷൻ ചികിത്സയ്ക്ക് വിധേയയായ ഈ യുവതിയുടെ ബയോപ്സി എടുക്കുമ്പോൾ, ടിഷ്യൂ കൾച്ചർ വിഭാഗം തലവൻ ഡോ. ജോർജ് ഓട്ടോ ഗേ ഗർഭാശയത്തിൽ കാൻസർ ബാധിച്ച ഭാഗത്തു നിന്നും, ബാധിക്കാത്ത ഭാഗത്തുനിന്നും രണ്ട് വെവ്വേറെ കഷണമെടുത്ത് ടിഷ്യൂ കൾച്ചർ ചെയ്ത് പരീക്ഷണം നടത്തി. ഇത് രോഗിയേയോ ബന്ധുക്കളെയോ അറിയിച്ചില്ല.

‘He- La’ സെല്ലുകൾ ഉപയോഗിച്ച് ഗർഭാശയ കാൻസർ അടക്കമുള്ള മറ്റ് കാൻസറുകൾക്ക് മരുന്നുകളും വാക്സിനുകളും കണ്ടെത്തി, ഇവ ഔഷധ മാർക്കറ്റിലൂടെ പുറത്തുവന്നു, ധാരാളം രോഗികൾ രോഗമുക്തി നേടി- എന്നിട്ടും ഇതിന്റെയൊന്നും ലാഭവിഹിതത്തിന്റെ ഒരു പങ്കുപോലും ലാക്സിൻെറ മക്കൾക്കോ ബന്ധുക്കൾക്കോ ലഭിച്ചില്ല.

സാധാരണ, മനുഷ്യശരീരത്തിൽനിന്ന് പുറത്തെടുത്ത കാൻസർ കോശങ്ങൾ അധികം വളരാറില്ലെങ്കിലും ഇതിന് വ്യത്യസ്തമായി ഈ കോശങ്ങൾ അഭൂതപൂർവ്വമായി പെറ്റുപെരുകി. ഇതിൽ പലതരം വൈദ്യശാസ്ത്ര പരീക്ഷണങ്ങളും നടത്തപ്പെട്ടു. പിന്നീട് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഈ കാൻസർ സെൽലൈൻ കോശങ്ങളെ യഥാർത്ഥ രോഗിയുടെ പേരായ ‘Henrietta Lacks’ എന്നത് മറച്ചുവെച്ച്, ആദ്യപേരിലെയും രണ്ടാമത്തെ പേരിലേയും ആദ്യ രണ്ടക്ഷരങ്ങൾ ചേർത്ത് ‘He- La’ സെല്ലുകൾ എന്ന പേരിൽ മാർക്കറ്റ് ചെയ്തു. ഈ സെല്ലുകൾ ലോകത്തിന്റെ പല രാജ്യങ്ങളിലേക്കും കപ്പലുകളും വിമാനങ്ങളും കയറി കടൽകടന്നു. പരീക്ഷണശാലകളിൽ തുടർഗവേഷണങ്ങൾക്കായി ഉപയോഗിച്ചു. ഇന്നും ഈ ‘He- La’ സെല്ലുകളിൽ ഇന്ത്യയിലടക്കം പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്.
കാൻസർ കോശങ്ങളുടെ വളർച്ചയും സ്വഭാവവും പഠിക്കാനും പുതിയ മരുന്നുകൾ വികസിപ്പിക്കാനും ടെസ്റ്റ് ചെയ്യാനും ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗർഭാശയ കാൻസറിനുപുറമേ, രക്താർബുദം, എയ്ഡ്സ്, ഹ്യൂമൻ ജിനോം പ്രൊജക്റ്റിലെ ജീൻ മാപ്പിംഗ് എന്നിവക്കുവരെ ഈ സെൽലൈൻ ഉപയോഗിച്ചു.

ഹെൻറിറ്റ ലാക്സ്
ഹെൻറിറ്റ ലാക്സ്

1952-ൽ തന്നെ ജോനസ് സാക്കിന്റെ (Jonas Salk) പോളിയോ വാക്സിന്റെയും 1980-കളിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിന്റെയും ഗവേഷണത്തിന് ഈ കോശങ്ങൾ ഉപയോഗിച്ചു. ഒടുവിൽ കോവിഡ് വാക്സിൻ ഗവേഷണത്തിനും ഇത് ഉപയോഗപ്പെടുത്തി. ശീതയുദ്ധത്തിന്റെ സമയമായിരുന്ന 1960 -കളിൽ പോലും ഈ കോശങ്ങൾ വിരോധം മറന്ന് അമേരിക്കയിൽ നിന്ന് റഷ്യയിലേക്ക് കൊണ്ടുപോയി, സ്ഫുട്നിക്കിൽ ബഹിരാകാശത്തെത്തിച്ച്, സീറോ ഗ്രാവിറ്റിയിൽ കാൻസർ കോശങ്ങൾ കൂടുതൽ വിഭജിക്കുമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. വാണിജ്യതലത്തിൽ ഈ സെൽലൈൻ ഉത്പാദിപ്പിച്ച് വിതരണം നടത്താനായി അമേരിക്കയിലെ ടസ്കീജിയിൽ ‘He- La’ ഫാക്ടറി തുറന്നിട്ടുണ്ട്. (സിഫിലിസ് രോഗികളായ കറുത്ത വർഗക്കാർക്ക് പെനിസിലിൻ മരുന്നുകൾ ഉണ്ടായിട്ടും നൽകാതെ, അവരെ നിരീക്ഷിച്ച് ചരിത്രത്തിൽ (1932 -72) മറ്റൊരു ദുഷ്പേര് അടയാളപ്പെടുത്തിയ സ്ഥലമാണ് ടസ്കിജി. ഇതിന്റെ പേരിൽ വർഷങ്ങൾ കഴിഞ്ഞ് അമേരിക്കൻ പ്രസിഡൻറ് കറുത്ത വർഗക്കാരോട് മാപ്പും പറഞ്ഞിട്ടുണ്ട്.)

‘He- La’ സെല്ലുകളെ സംബന്ധിച്ച് ലോകത്താകെ 60,000- ലധികം മെഡിക്കൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ മെഡിക്കൽ വിദ്യാത്ഥികളും ഈ സെൽ ലൈനിനെക്കുറിച്ച് പഠിച്ചുവരുന്നു. ഇങ്ങനെയൊക്കെയായിട്ടും ഈ കോശങ്ങളുടെ ഉടമയായ ഹെൻറിറ്റ ലാക്സിനെ അവർ ജീവിച്ചിരുന്നപ്പോൾ ഇതേക്കുറിച്ച് അറിയിച്ചില്ലെന്നു മാത്രമല്ല, ജീവിച്ചിരിക്കുന്ന അവരുടെ മക്കളെയോ പേരമക്കളെയോ പോലും അറിയിക്കാൻ അധികൃതർ ശ്രമിച്ചില്ല എന്നത് നൈതികമായി വലിയ കുറ്റമായി നിലനിൽക്കുകയാണ്.

പോളിയോ വാക്സിൻ കണ്ടുപിടിച്ച ജോനസ് സാക്ക്
പോളിയോ വാക്സിൻ കണ്ടുപിടിച്ച ജോനസ് സാക്ക്

ലാക്സ് മരിച്ച് 22 വർഷങ്ങൾക്കുശേഷം, 1973-ൽ മാത്രമാണ് ജോൺസ് ഹോപ്കിൻസിലെ ഒരു ഗവേഷക ഡോക്ടർ ഈ കോശങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയുന്നത്. ഈ ഡോക്ടറുടെ ലാബിലുണ്ടായിരുന്ന ടിഷ്യു കൾച്ചർ സാമ്പിൾ കണ്ടാമിനേഷനുണ്ടായപ്പോൾ, അതിലെ ഡി എൻ എ സ്വഭാവം തിരിച്ചറിയാനായി രക്തസാമ്പിളുകളുകളുമായി ഒത്തുനോക്കാൻ ലാക്സിൻെറ ബന്ധുക്കളുമായി അവർ ബന്ധപ്പെട്ടപ്പോഴാണ്, ആരുടെ കോശങ്ങൾ ശേഖരിച്ചാണ് പരീക്ഷണങ്ങളും മാസ് പ്രൊഡക്ഷനും നടത്തി വിൽക്കുകയും ഗവേഷണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തെന്ന് തിരിച്ചറിയുന്നത്. ഈ കോശങ്ങൾ ഉപയോഗിച്ച് ഗർഭാശയ കാൻസർ അടക്കമുള്ള മറ്റ് കാൻസറുകൾക്ക് മരുന്നുകളും വാക്സിനുകളും കണ്ടെത്തി, ഇവ ഔഷധ മാർക്കറ്റിലൂടെ പുറത്തുവന്നു, ധാരാളം രോഗികൾ രോഗമുക്തി നേടി- എന്നിട്ടും ഇതിന്റെയൊന്നും ലാഭവിഹിതത്തിന്റെ ഒരു പങ്കുപോലും ലാക്സിൻെറ മക്കൾക്കോ ബന്ധുക്കൾക്കോ ലഭിച്ചില്ല. എന്നാൽ, പിന്നീട് നൂറിലധികം മരുന്നുകമ്പനികൾക്ക് ബന്ധുക്കൾ പിന്നീട് അറ്റോർണി വഴി നോട്ടീസ് നൽകിയിരുന്നു എന്നാണ് വിവരം.

സെൽ ലൈൻ വഴി ഹെർപിസ് സോസ്റ്റർ രോഗത്തിനെതിരെ മരുന്ന് നിർമിച്ച് മാർക്കറ്റ് ചെയ്യുന്ന സ്വിസ് കമ്പനിയായ നോവാർട്ടിസിനെതിരെയും അമേരിക്കൻ കമ്പനിയായ വിയാട്രീസിനെതിരെയും 2024-ലും ഹെൻറിറ്റ ലാക്സിന്റെ ബന്ധുക്കൾ കേസ് തുടരുകയാണ്.

പുസ്തകം രചിച്ച റബേക്ക, പതിനാറാം വയസിൽ, ബയോളജി അദ്ധ്യാപകൻ ക്ലാസിൽ പറഞ്ഞപ്പോഴാണ് He- La സെല്ലുകളെക്കുറിച്ച് ആദ്യമായി അറിയുന്നത്. പിന്നീട് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കോശത്തിൻെറ ഉടമ കടന്നുപോയ അനീതിയെക്കുറിച്ച് മനസ്സിലാക്കുന്നത്. പിന്നീട് മാധ്യമപ്രവർത്തകയായപ്പോൾ ലാക്സിൻെറ കുടുംബത്തേയും ബന്ധുക്കളേയും അന്വേഷിച്ച് അവർ അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കി. ആശുപത്രികളിൽ നിന്ന് രേഖകൾ ശേഖരിച്ചും ഡോക്ടർമാരോട് സംസാരിച്ചും, യാത്രകൾ ചെയ്തും ലാക്സിൻെറ ജീവിച്ചിരിക്കുന്ന മക്കളേയും പേരമക്കളേയും നേരിട്ട് കണ്ട് ഇൻ്റർവ്യൂ നടത്തിയും പത്ത് വർഷത്തോളം വിവരശേഖരണം നടത്തിയാണ് പുസ്തകത്തിലെ ഓരോ അദ്ധ്യായവും രചിച്ചത്.

മരണത്തിനുശേഷം 70 വർഷം കഴിഞ്ഞാണ്, 2021 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന വൈദ്യശാസ്ത പുരോഗതിക്ക് പ്രത്യേക സംഭാവന നൽകിയ വ്യക്തിയായി ഹെൻറിറ്റയെ ബഹുമാനിക്കുന്നത്. തെർമോഫിഷർ സയൻ്റിഫിക്ക് കമ്പനിയുമായി കുടുംബം നടത്തിവന്ന നഷ്ടപരിഹാര കേസ് 2023-ൽ മാത്രമാണ് ഒത്തുതീർപ്പായത്. സെൽ ലൈൻ വഴി ഹെർപിസ് സോസ്റ്റർ രോഗത്തിനെതിരെ മരുന്ന് നിർമിച്ച് മാർക്കറ്റ് ചെയ്യുന്ന സ്വിസ് കമ്പനിയായ നോവാർട്ടിസിനെതിരെയും അമേരിക്കൻ കമ്പനിയായ വിയാട്രീസിനെതിരെയും 2024-ലും ബന്ധുക്കൾ കേസ് തുടരുകയാണ്.

ഹെൻറിറ്റ ലാക്സും പങ്കാളിയും
ഹെൻറിറ്റ ലാക്സും പങ്കാളിയും

വൈദ്യശാസ്ത്ര പേറ്റൻ്റ് വ്യവസ്ഥയിൽ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ നിലവിലുള്ള ഈ വിപണികാലത്ത് ഹെൻറിറ്റ ലാക്സിന്റെ ഈ അനുഭവകഥ ഗവേഷണത്തിൽ അരികുവത്കരിക്കപ്പെട്ടവരുടെ വൾനറിബിളിറ്റി, പങ്കെടുക്കുന്നവരുടെ കൺസൻ്റ്, വ്യക്തികളുടെ സ്വകാര്യത, ബെനഫിറ്റ് ഷെയറിങ്ങ്, മനുഷ്യാവകാശ ലംഘനം തുടങ്ങി, തിരുത്തിയെഴുതപ്പെട്ട കുറേ വൈദ്യ ഗവേഷണ നൈതികതയുടെ പാഠങ്ങൾ പറഞ്ഞുതരുന്നുണ്ട്.

1999-ൽ തിരുവനന്തപുരം ആർ.സി.സി.യിൽ രോഗികളുടെ സമ്മതമില്ലാതെ ഫലം തെളിയിക്കപ്പെടാത്ത ‘എം. 4. എൻ’ എന്ന സസ്യ ഔഷധം ബ്രെയിൻ ട്യൂമർ രോഗികൾക്ക് നൽകിയതിനുശേഷം അവയിൽ നിന്ന് കോശങ്ങളെടുത്ത് നിയമാനുസൃതമല്ലാതെ അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റിയിലെ ബയോളജി പ്രൊഫസർക്ക് അയച്ചുകൊടുത്തത് വിവാദമായിരുന്നു. ഇതിനു ശേഷമാണ്, 2000- ​ഓടെ ഐ.സി.എം.ആർ ദേശീയ തലത്തിൽ ഇന്ത്യയിൽ ബയോ മെഡിക്കൽ ഗവേഷണത്തിന് എത്തിക്കൽ ഗൈഡ്ലൈൻ അംഗീകരിച്ചത്. He- La സെല്ലുകൾ ഇപ്പോഴും വിവിധ രാജ്യങ്ങളിൽ ഔഷധ ഗവേഷണ ലബോറട്ടറികളിൽ പെറ്റുപെരുകി വൈദ്യശാസ്ത്രത്തിന് സംഭാവനകൾ നൽകി സർവ്വവ്യാപിയായി അമരത്വപദവി നേടുകയും രോഗികൾക്ക് ജീവിതം നീട്ടി നൽകിക്കൊണ്ടിരിക്കുകയുമാണ്. വൈദ്യശാസ്ത നൈതികതയെക്കുറിച്ചുള്ള പാഠങ്ങൾ പഠിക്കാൻ മുഴുവൻ വൈദ്യവിദ്യാർത്ഥികളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

Comments