സൂപ്പർതാര എഴുത്തുകാരും
പ്രസാധകരും വൈറലാകട്ടെ,
സാർഥവാഹകസംഘം മുന്നോട്ട്

നന്തമായ വായനാസാധ്യതകളുടെ നടുവിലാണ് നമ്മളിപ്പോൾ. അച്ചടിപ്പുസ്തകങ്ങളുടെ കാൽപ്പനികാതിപ്രസരമുള്ള ഗൃഹാതുരത്വമൊന്നും പുതിയ വായനക്കാരെ തൊട്ടുതീണ്ടുന്നില്ല. ഇന്നത് വായിക്കണം എന്ന തരത്തിലുള്ള മധ്യസ്ഥരെയും ഉപദേശികളെയും അവർ ഗൗനിക്കുന്നുമില്ല. വായന മരിക്കുന്നുവെന്നോ അപകടകരമാംവിധം കുറഞ്ഞുവെന്നോ ഒക്കെയുള്ള പഴഞ്ചൻ സങ്കടങ്ങൾക്കിടയിലും ഗൗരവവായന തേയ്മാനമേന്യ മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പിച്ചുപറയാനാകും. സർഗാത്മകവും സർഗ്ഗേതരവുമായ തലങ്ങളിൽ പരിശോധിച്ചാലും ഇതിന് മാറ്റം വരുന്നില്ല.

വായന വായനക്കാരെ ഏകരല്ലാതാക്കുന്നു. അത് അവരെ സാമൂഹികപ്രതിബദ്ധരും സാംസ്‌കാരികവിശുദ്ധരുമാക്കുന്നു. ഇങ്ങനെ ഒട്ടേറെ നിർവചനങ്ങളുണ്ട്. പുതിയ പുസ്തകങ്ങളുടെ വായന പുതിയ കാലത്തിന്റെ വായനയാകുന്നു എന്നതാവും കൂടുതൽ നീതിയുക്തമായ വിലയിരുത്തൽ. വഴികാട്ടികളെ ആവശ്യമില്ല ഇന്നത്തെ ഉത്തമ വായനക്കാരന് (വായനക്കാരിക്ക് എന്നും ഭിന്നലിംഗക്കാരെയും സംബോധന ചെയ്യുന്ന വായനാപ്രേമിക്ക് എന്നും ആകാം). നിരൂപണങ്ങളോ പുസ്തകക്കുറിപ്പുകളോ സാമൂഹ്യമാധ്യമങ്ങളിലെ റീലുകളോ പോസ്റ്റുകളോ അവരെ സ്വാധീനിക്കുന്നതിൽ പരാജയപ്പെടുന്നു. ഇത്തരം 'ഗിമ്മിക്കുകൾ' ദുർബലരായ വായനക്കാരെ മാത്രം സ്വാധീനിക്കുന്നു എന്നും പറയാം.

'ആടുജീവിത'വും 'ഒരു സങ്കീർത്തനം പോലെ'യും വിൽപ്പനയിൽ വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ച അൽഭുതത്തെ അത്രമേൽ നിസ്സാരമാക്കുന്നതായി ആഴ്ച തോറും പുതിയ പതിപ്പുകളിറങ്ങിയ ചില പുസ്തകങ്ങൾ.
'ആടുജീവിത'വും 'ഒരു സങ്കീർത്തനം പോലെ'യും വിൽപ്പനയിൽ വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ച അൽഭുതത്തെ അത്രമേൽ നിസ്സാരമാക്കുന്നതായി ആഴ്ച തോറും പുതിയ പതിപ്പുകളിറങ്ങിയ ചില പുസ്തകങ്ങൾ.

വിപണിതന്ത്രങ്ങൾ നല്ല വായനയെ ആഴത്തിൽ അപകടപ്പെടുത്തുന്നു എന്നു കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളിൽ 'ചൂടപ്പം പോലെ' വിറ്റഴിഞ്ഞ ചില പുസ്തകങ്ങൾ വളരെയെളുപ്പം നമ്മുടെ ഓർമയിൽ തെളിയും. അത്തരം അലസവായനാപുസ്തകങ്ങൾ എഴുതാനുള്ള എഴുത്തുകാരുടെയും വായിക്കാനുള്ള വായനക്കാരുടെയും സ്വാതന്ത്ര്യത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. 'ആടുജീവിത'വും 'ഒരു സങ്കീർത്തനം പോലെ'യും വിൽപ്പനയിൽ വർഷങ്ങൾ കൊണ്ട് സൃഷ്ടിച്ച അൽഭുതത്തെ അത്രമേൽ നിസ്സാരമാക്കുന്നതായി ആഴ്ച തോറും പുതിയ പതിപ്പുകളിറങ്ങിയ പ്രസ്തുത പുസ്തകങ്ങൾ. 'കാറ്റുള്ളപ്പോൾ തൂറ്റണം' എന്ന പ്രമാണതത്വത്തെ കൂട്ടുപിടിച്ച് പ്രസാധകരും പുസ്തക വിൽപ്പനക്കാരും ഈ പുസ്തകങ്ങളെ ഉദാത്തമെന്ന് ലാളിക്കുന്നതും കണ്ടു. 'ഈച്ചയാട്ടി പുസ്തകശലായിലിരുന്ന തങ്ങൾക്ക് ഇത്തരി ജീവവായു കിട്ടിയതിനെ തള്ളിക്കളയുന്നത് മണ്ടത്തരമാണെന്നാണ്’ നാലാളറിയുന്ന ഒരു വിൽപ്പനക്കാരൻ പറഞ്ഞത്. ആൾക്കൂട്ടവും ഖസാക്കിന്റെ ഇതിഹാസവും ആരാച്ചാരും സമുദ്രശിലയും സൂസന്നയുടെ ഗ്രന്ഥപ്പുരയും മറ്റും പുസ്തക ഷെൽഫിന്റെ പിൻപുറങ്ങളിലേക്ക് തള്ളപ്പെടുന്നതും തൽസ്ഥാനം ഇത്തരം അലസവായനാപുസ്തകങ്ങൾ കൈയടക്കുന്നതും രസകരമായ കാഴ്ചയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുടെ അതിവിദഗ്ധമായി പ്രചരിപ്പിച്ച നിറം പിടിപ്പിച്ച നിഴലുകൾക്ക് പുത്തൻ വായനാസമൂഹത്തെ തീർത്തും സ്വാധീനിക്കാനാകുമെന്നതിന്റെ ഉദാഹരണം കൂടിയാണിത്.

ആൾക്കൂട്ടവും ഖസാക്കിന്റെ ഇതിഹാസവും ആരാച്ചാരും സൂസന്നയുടെ ഗ്രന്ഥപ്പുരയും മറ്റും പുസ്തക ഷെൽഫിന്റെ പിൻപുറങ്ങളിലേക്ക് തള്ളപ്പെടുന്നതും തൽസ്ഥാനം ഇത്തരം അലസവായനാപുസ്തകങ്ങൾ കൈയടക്കുന്നതും രസകരമായ കാഴ്ചയാണ്.
ആൾക്കൂട്ടവും ഖസാക്കിന്റെ ഇതിഹാസവും ആരാച്ചാരും സൂസന്നയുടെ ഗ്രന്ഥപ്പുരയും മറ്റും പുസ്തക ഷെൽഫിന്റെ പിൻപുറങ്ങളിലേക്ക് തള്ളപ്പെടുന്നതും തൽസ്ഥാനം ഇത്തരം അലസവായനാപുസ്തകങ്ങൾ കൈയടക്കുന്നതും രസകരമായ കാഴ്ചയാണ്.

നാളിതുവരെ മലയാള പുസ്തകങ്ങൾ വായിക്കുന്നവർ ഇത്തരം കൃതികൾ തേടി ആവേശത്തോടെ പുസ്തകശാലകളിലേക്കൊഴുകുന്നത് ശുഭകരമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. പഴയ ക്ലാസിക് കഥയിൽഹാമെലിനിലെ കുഴലൂത്തുകാരൻ ചെയ്തിനപ്പുറമൊന്നും ഇവിടെയും സംഭവിക്കുന്നില്ല. ഇത്തരം ചെറിയ അക്ഷരലഹരികൾ രുചിക്കുന്നവർ വായനയുടെ അനുപമമായ ലഹരിയിലേക്ക് നടന്നുകയറാനും സാധ്യതയില്ല. ഇന്നലത്തെ മഴയിൽ കുരുത്ത തകര കണക്കെ കാലം ഈ ആഘോഷപുസ്തകങ്ങളെ നിരാകരിക്കുക തന്നെ ചെയ്യും.

പതിറ്റാണ്ടുകൾക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഹൃദയഹാരിയായ പ്രണയകഥാപുസ്തകത്തിന് ഈ കുത്തൊഴുക്കുകൾക്കിടെയുണ്ടായ പുനർജന്മം ശരിക്കും കൗതുകം പകരുന്നതായി. കുറഞ്ഞ മാസങ്ങൾക്കിടയിൽ അതിന്റെ പതിനായിരക്കണക്കിന് പ്രതികളാണ് വിറ്റഴിയുന്നത്.

പതിറ്റാണ്ടുകൾക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഹൃദയഹാരിയായ പ്രണയകഥാപുസ്തകത്തിന് ഈ കുത്തൊഴുക്കുകൾക്കിടെയുണ്ടായ പുനർജന്മം ശരിക്കും കൗതുകം പകരുന്നതായി. കുറഞ്ഞ മാസങ്ങൾക്കിടയിൽ അതിന്റെ പതിനായിരക്കണക്കിന് പ്രതികളാണ് വിറ്റഴിയുന്നത്. മലയാളി വായനാസമൂഹത്തെ തന്റെ മാന്ത്രികതൂലികയാൽ പണ്ടേക്കുപണ്ടേ വിശീകരിച്ച കഥാകാരനാണ് വൈകിയെത്തിയ ഈ സ്വീകാര്യതയുണ്ടായതെന്നും ഓർക്കണം. ഇതിന്റെ വിൽപ്പനസാധ്യത തിരിച്ചറിഞ്ഞ മുന്തിയ പ്രസാധനകനാകട്ടെ, ഇതേ കഥാകാരന്റെ പ്രണയകഥകളെന്ന ലേബലിൽ പഴയ കഥകൾ കുത്തിക്കെട്ടി പുറത്തിറക്കുകയും ചെയ്തു. മലയാള സാഹിത്യത്തിന്റെ ജനപ്രിയധാരയെ മാനദണ്ഡമാക്കിയാൽ കേരളത്തിലെ ഓരോ മുക്കും മൂലയും പടർന്നുപന്തലിച്ച രമണീയ രമണകാലത്തിന്റെ ഏഴയലത്തെത്തില്ല ഈ കോലാഹലങ്ങളൊന്നും. എത്രയോ തലമുറകളെ ആനന്ദസാഗരത്തിലാറാടിച്ച ആ അക്ഷരവിസ്മയത്തിന് നമോവാകം.

ഇന്നലത്തെ മഴയിൽ കുരുത്ത തകര കണക്കെ കാലം ഈ ആഘോഷപുസ്തകങ്ങളെ നിരാകരിക്കുക തന്നെ ചെയ്യും. / Photo: Unsplash
ഇന്നലത്തെ മഴയിൽ കുരുത്ത തകര കണക്കെ കാലം ഈ ആഘോഷപുസ്തകങ്ങളെ നിരാകരിക്കുക തന്നെ ചെയ്യും. / Photo: Unsplash

നല്ല വായനയും ബാഹ്യപ്രചോദിതമായ അലസവായനയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്. കാലാന്തരങ്ങളെക്കടന്ന് സ്ഥിതപ്രജ്ഞതയോടെ നിലകൊള്ളുന്ന ഗൗരവ വായനയും ഗൗരവവായനക്കാരും നിലനിൽക്കുന്ന കാലത്തോളം വായനയെയും പുസ്തത്തെയും ചൊല്ലിയുള്ള ഏതാശങ്കയും അസ്ഥാനത്താണ്. സാഹിത്യബാഹ്യമായ പ്രചാരണതന്ത്രങ്ങൾക്കൊന്നും ചെറിയ കാലയളവിനപ്പുറത്തേക്ക് വായനക്കാരെ പിടിച്ചുനിർത്താനാകില്ല. അർഹിക്കുന്ന അവജ്ഞയോടെ കാലം അവയെ തള്ളുക തന്നെ ചെയ്യും. അതിനിടയിൽ ചില എഴുത്തുകാർക്കോ ചില പ്രസാധകർക്കോ സൂപ്പർതാരപദവി കിട്ടിയെന്നുവരും. 'പ്രിന്റ് ഓൺ ഡിമാന്റി'ൽ നൂറു കോപ്പി അച്ചടിച്ച്, നൂറും പ്രിയർക്ക് ദാനം ചെയ്ത് പ്രസാധകരും എഴുത്തുകാരും ആത്മരതിയോടെ വിളംബരം ചെയ്യുന്നു, 'പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം രണ്ടാം പതിപ്പിലെത്തിയ പുസ്തകം'.
കുറുനരികൾ അത്യുച്ചത്തിൽ ഓരിയിട്ടാലും സാർഥവാഹകസംഘം മുന്നോട്ടുള്ള യാത്ര തുടരുകതന്നെ ചെയ്യും.

Comments