പി.എ. നാസിമുദ്ദീൻ

ഉന്മാദം എന്ന ജ്ഞാനമാർഗവും
കവിതയുടെ പ്രവർത്തനവും

പി.എ. നാസിമുദ്ദീന്റെ ‘ഉന്മാദസുന്ദരകാലം’ എന്ന പുസ്തകത്തിന്റെ വായനാനുഭവം എഴുതുന്നു, ഡോ. ഉമർ തറമേൽ.

ഒന്ന്.

തെണ്ടലും യാത്രയും യാത്ര തന്നെയാണെങ്കിലും അവയുടെ ഉദ്ദേശ്യത്തിലും ഉള്ളടക്കത്തിലും വ്യത്യാസമുണ്ട്. തെണ്ടൽ, അതിന്റെ ഉള്ളടക്കം സ്വയം ഉണ്ടാക്കുന്നു. യാത്രയാവട്ടെ മുൻകൂട്ടി ഉള്ളടക്കം തീരുമാനിക്കപ്പെട്ടവയാവാം.

നിശ്ചിതമായ ഉള്ളടക്കത്തെ മറികടക്കുമ്പോഴാണ് ഏതൊരു യാത്രയും ‘യാത്ര’യാവുന്നത്. സഞ്ചാരം എന്ന് പൊതുവെ ഇവയെ വിളിക്കാം. സഞ്ചാരത്തിൽ ഒരു തഞ്ചാരമുണ്ട്. ‘തഞ്ചാരം’ എന്നാൽ മലബാർ മലയാളത്തിൽ നീറുന്ന വേദന, എന്നർത്ഥം.

ഉന്മാദമാണ് തെണ്ടലിന്റെ / യാത്രയുടെ മൂലസ്രോതസ് എന്നാണ് കവിയും സുഹൃത്തുമായ പി.എ. നാസിമുദ്ദീന്റെ അഭിപ്രായം. നാസി എന്നെ ഇടക്ക് കാണാൻ കൊതിക്കുകയും വിളിക്കുകയും ചെയ്യുന്ന ഒരു യുവകവിയാണ്. വട്ടില്ലാതെ / ഉന്മാദമില്ലാതെ ആർക്കെങ്കിലും ജീവിക്കാനാവുമെങ്കിൽ അവർക്കാണ്, ഭൂമിയിൽ സമാധാനം എന്നു വിശ്വസിക്കുന്ന പച്ചപ്പാവങ്ങൾ ഇക്കാലത്ത് ഭൂമിയിലുണ്ടോ എന്നെനിക്കറിയില്ല. ട്രംപിനെപ്പോലുള്ള മഹാരഥന്മാർ പോലും ‘സമാധാനത്തി’നുള്ള നൊബേൽ തരമാക്കാൻ മണ്ടിനടക്കുന്ന കാലമാണിത്.

നാസി വിളിച്ചാൽ ചുരുങ്ങിയത് അര മണിക്കൂർ. വിഷയം ഉന്മാദം, കവിത, രോഗം, മനഃശാസ്ത്രം, ഇടക്ക് മുഴങ്ങുന്ന ചിരി, ഇടയ്ക്കിടക്ക് ചോദ്യങ്ങൾ…അയാൾ ഇപ്പോഴും നിരവധി ചോദ്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നു. അവ സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്യുന്നു.

കൂടെവന്നുപെട്ടാലോ? നീങ്ങിപ്പോകാൻ സ്വല്പസമയമെടുക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിൽ, പോയില്ലെങ്കിലും മുഷിപ്പില്ല. ഇനി മുഷിഞ്ഞാൽ തന്നെ തനിക്കെന്ത്, എന്ന ഭാവം.

ഇപ്പോൾ ഇങ്ങനെയുള്ള എത്രപേർ നമ്മുടെ നാട്ടിൽ അവശേഷിക്കുന്നുണ്ട്, എന്നും ഞാൻ ചിന്തിക്കാറുണ്ട്. ഫോണിലുള്ള ദീർഘദീർഘമായ വിളിയും വന്നെത്തിയാൽ നീങ്ങിപ്പോകാതിതിരിക്കലും ചില കാലങ്ങൾ അവശേഷിപ്പിച്ച മനുഷ്യബന്ധങ്ങളുടെ അടയാളമാണ്. എഴുപതുകളിലെ ക്ഷുഭിതയൗവന അടയാളങ്ങളെ നാസിമുദ്ദീൻ ഇപ്പോഴും ഓർമ്മിപ്പിക്കുന്നുണ്ടോ?

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ, ‘എവിടെ ജോൺ’ എന്ന കവിതയുടെ മുഴക്കവും വരികളും അത്ര പെട്ടെന്ന് മലയാളിക്ക് മറക്കാൻ പറ്റുമോ?

‘പ്രതിഭകൾക്ക് പ്രവേശനമില്ലെന്റെ മുറിയിൽ
ഒട്ടും സഹിക്കുവാൻ വയ്യെനിക്കവരുടെ
സർപ്പസാന്നിധ്യം’.

പി. സുരേന്ദ്രന്റെ ‘ശീതോത്സവം’ പോലുള്ള കഥകളും ഓർത്തുപോകുന്നു.

വന്നുചേർന്നാൽ, തിരിച്ചുപോകാൻ ധിറുതിയില്ലാത്തവരുടെ ശരീരഭാഷയിൽ കാലം കോറിവച്ച ഒരു രാഷ്ട്രീയ / ഗുരു സാന്നിധ്യമുണ്ടായിരുന്നോ? മൂന്ന് പതിറ്റാണ്ടു മുമ്പത്തെ കേരളം അവയുടെ കലാശിൽപ്പങ്ങളിലൂടെ നമ്മെ അങ്ങനെ ഓർമ്മിപ്പിക്കുന്നുണ്ടോ?

READ: ലോകത്തെ
പിരിച്ചുവിടും മുൻപ്…

കൊടുങ്ങല്ലൂർ (മുസിരിസ്‌) നമ്മെ സംബന്ധിച്ച് സംസ്കാരകൈവഴികൾ വന്നുചേർന്ന കേരളത്തിന്റെ തലസ്ഥാനമായിരുന്നുവല്ലോ. അവിടെയാണല്ലോ, നാസിമുദ്ദീന്റെ പിറവിയും. നാസിമുദ്ദീന്റെ കവിതയിലും ഒരു പരിധിയോളം കൊടുങ്ങല്ലൂരിന്റെ മണ്ണും മണവും പുഴയും ആകാശവും കൂടിക്കുതിർന്നതിന്റെ മൊഴിയഴകുണ്ട്.

ഡി. സി ബുക്സ് പുറത്തിറക്കിയ ഉന്മാദസുന്ദരകാലം എന്ന നാസിമുദ്ദീന്റെ പുസ്തകം /ആത്മാകഥാപരമായ ലേഖനങ്ങൾ, ‘ഒരു പിരാന്തന്റെ ജീവിതഡയറി’യായിരിക്കുമെന്ന് അതിന്റെ പുറഞ്ചട്ട പ്രകാശനവേളയിൽ ഞാൻ എഫ്. ബി യിൽ വിളംബരപ്പെടുത്തിയിരുന്നു. അത് വായിച്ചുതീർന്നപ്പോൾ അതിൽ ശരിയുണ്ടായിരുന്നു, എന്നും തോന്നി.

എല്ലാവരും ഒരുപോലെ കടന്നുപോകില്ല എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെയും ഗുരുപരമ്പരയുടെയും പൊതുവിശ്വാസം. ഒരുപക്ഷേ അതാണ്, നാസിയുടെ ‘ഉന്മാദസുന്ദരകാലം’ തനതുഭാഷയിൽ നമ്മോട് പറയുന്നത്.

എല്ലാവരും ഒരുപോലെ കടന്നുപോകില്ല എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെയും ഗുരുപരമ്പരയുടെയും പൊതുവിശ്വാസം. ഒരുപക്ഷേ അതാണ്, നാസിയുടെ ‘ഉന്മാദസുന്ദരകാലം’ തനതുഭാഷയിൽ നമ്മോട് പറയുന്നത്.
എല്ലാവരും ഒരുപോലെ കടന്നുപോകില്ല എന്ന വിശ്വാസമാണ് ജനാധിപത്യത്തിന്റെയും ഗുരുപരമ്പരയുടെയും പൊതുവിശ്വാസം. ഒരുപക്ഷേ അതാണ്, നാസിയുടെ ‘ഉന്മാദസുന്ദരകാലം’ തനതുഭാഷയിൽ നമ്മോട് പറയുന്നത്.

താൻതാൻ നടന്ന വഴിയിലൂടെ /
ഭാഷയിലൂടെയാണ് ഓരോ കവിയുമുണ്ടാവുക. ആയർത്ഥത്തിൽ ഒരു വ്യക്തിയുടെ / കവിയുടെ ദേശത്തിന്റെ അടയാളങ്ങൾ കൂടിച്ചേർന്നതാണ്, ഈ പുസ്തകം. അനുഭവങ്ങൾക്കുവേണ്ടി അലഞ്ഞ് വെറുതെ ജീവിതം പാഴാക്കുന്നവരുണ്ട്. വിചാരിച്ചത് അത്തരക്കാർക്ക് കിട്ടാറുമില്ല. എന്നാൽ, അനുഭവം എന്നൊന്ന് വേറിട്ടില്ലെന്നും അത് ജീവിതം തന്നെയാണെന്നും തിരിച്ചറിയുന്നവരാണ്, യഥാർത്ഥ കവി. സൂഫികളിലും മിസ്റ്റിക്കുകളിലും ധ്യാന ബുദ്ധിസ്റ്റുകളിലുമൊക്കെ അങ്ങനെ കാണാം. മലയാളത്തിൽ ബഷീറും കുഞ്ഞിരാമൻനായരും വേറിട്ടുനിന്നത് അപ്രകാരമാണ്. തീർത്ഥം കാണുന്നിടത്ത് തീർഥാടക/ൻ മറ്റൊരു ജീവിതം കാണുന്നു.

ഈ കഥയിലെ ഓരോ അധ്യായവും തന്റെ അലച്ചിലും ജീവിതസാരവും കാവ്യപ്രതിഭയും ഒന്നിക്കുന്നതാണ്. സമൂഹത്തിൽ അപൂർവരായി തോന്നുന്ന മനുഷ്യരാണ്, ഇതിലെ തീർത്ഥസ്ഥാനങ്ങൾ. ഈ മനുഷ്യരുള്ളതുകൊണ്ടാണ് ലോകം അവസാനിക്കാത്തത് എന്ന് ചിലർ ചിലരെക്കുറിച്ചു പറയാറുണ്ടല്ലോ. അങ്ങനെയുള്ള ചില മനുഷ്യരുടെ സഹവാസത്തിന്റെ, രാഷ്ട്രീയദർശനത്തിന്റെ കഥകൂടിയാണ്, ഈ പുസ്തകം. കേരളത്തിന്റെ മുഖ്യധാരാചരിത്രത്തിലല്ല, മിക്കവരും ഇവരുടെ സ്ഥാനം. മുഹമ്മദലിയും സ്വാമി സത്യനേശനും വന്ദനയും നിത്യയും ടി.എൻ. ജോയിയും തുപ്രനും നാരായണൻ കുട്ടിയുമൊക്കെ… ഒരുപക്ഷേ അത്തരക്കാരാണ്.

നിസ്സാരത മനുഷ്യന്റെ അടിസ്ഥാനഗുണമാണ്. ആ നിസ്സാരതയിലാണ് കവിതയെന്ന കലയും. അത് നിഷേധിക്കുന്നിടത്താണ്, ഒരുപക്ഷേ, കെട്ടിപ്പൊക്കിയ സമൂഹവും ഭരണകൂടങ്ങളും കനത്തുവരുന്നത്.

അതേസമയം ജോയിയെയും നിത്യയെയും പോലെ ഏറെപ്പേർക്കറിയാവുന്ന ചിലരും ഇതിൽ പങ്കാളികളാണ്. ചരിത്രവും കഥയും അതിർവരമ്പ് മുറിക്കുന്നിടത്താണ്, ഒരുപക്ഷേ ഈ മനുഷ്യരൊക്കെ ഒന്നായിത്തീരുന്നത്. അതേസമയം, കഥയിലൂടെ കയറിവരുന്ന മുഹമ്മദാലിയും നാരായണൻകുട്ടിയും തുപ്രനുമൊക്കെ കഥയിൽ മാത്രമവശേഷിക്കാതെ ചരിത്രത്തിലേക്ക് കയറിവരുന്ന പ്രതീതി ജനിപ്പിക്കുന്നുമുണ്ട്.

മുഖ്യധാരയുടെ കണ്ണിൽ ഒരപരത്വത്തിനുള്ളിലാണല്ലോ, ഇത്തരക്കാർക്കുള്ള സ്ഥാനം. എന്നാൽ, മുനി നാരായണപ്രസാദ് പറഞ്ഞപോലെ, ‘പീഡ വരുത്തല്ലേ ഒരുറുമ്പിനും…’ എന്നുച്ചരിച്ചു ജീവിച്ച സാധാരണ കിടയിലുള്ള മനുഷ്യരാണ്, ഇവരിലധികം പേരും. മുഖ്യധാരയിൽനിന്ന് വേറിട്ടു നിൽക്കുന്നതിനാൽ അത്തരക്കാരുടെ വേറിട്ട ‘ജീവിതാഭിനയത്തെ’ മറ്റുള്ളവർ ഉന്മാദം എന്നു കരുതും. എന്നാൽ, അതവരുടെ കൂടെപ്പിറപ്പാണെന്ന് എത്ര പേർ പറയും?ഇതൊക്കെത്തന്നെയാണ് നാം അനുശീലിച്ചെടുത്ത പരിമിതി.

ഒരുപക്ഷേ, നല്ല കലാസൃഷ്ടികൾക്കും ഉന്മാദികൾക്കും പൊതുവായി ബാധകമാണ്, ഈ ഗുണം. ഏതു സമൂഹത്തിന്റെയും അടിപ്പടവ്, ഒരു സംഘരാഷ്ട്രീയത്തിലാണ് കുടികൊള്ളുന്നത് എന്ന് സങ്കൽപ്പിക്കാവുന്നതാണ്. ‘കലയുടെ ക്രമവും നിയമവും പൊതുമയുടേയാണ്’, എന്ന് എം. ഗോവിന്ദനെപ്പോലുള്ളവർ പറഞ്ഞുകളഞ്ഞത് അതിനാലാണ്.

മുനി നാരായണപ്രസാദ്. അദ്ദേഹം പറഞ്ഞപോലെ, ‘പീഡ വരുത്തല്ലേ ഒരുറുമ്പിനും…’ എന്നുച്ചരിച്ചു ജീവിച്ച സാധാരണ കിടയിലുള്ള മനുഷ്യരാണ്, ഇവരിലധികം പേരും.
മുനി നാരായണപ്രസാദ്. അദ്ദേഹം പറഞ്ഞപോലെ, ‘പീഡ വരുത്തല്ലേ ഒരുറുമ്പിനും…’ എന്നുച്ചരിച്ചു ജീവിച്ച സാധാരണ കിടയിലുള്ള മനുഷ്യരാണ്, ഇവരിലധികം പേരും.

‘ഗ്വർണിക്ക’ കണ്ട്, ഇത് താനല്ലേ ചെയ്തത് എന്ന് പിക്കാസോയോട് തട്ടിക്കയറിയ രോഷാകുലനായ കാണിയോട്, ‘അല്ല താങ്കളാണ്’, എന്നു അദ്ദേഹം മറുപടി പറഞ്ഞതായി ഒരു കഥയുണ്ട്. സംഘസാമൂഹികതയുടെ ഉന്മാദം തന്നെയാണ്, സത്യത്തിൽ കലയുടെ ഉറവ. അത്  ആർജ്ജിച്ചെടുക്കാൻ മാത്രമായി കഴിയുന്നതല്ല, സംഘബോധസമ്മിശ്രമായ ബോധഗ്രാഹ്യതയിലൂടെ വന്നുചേരേണ്ടതു കൂടിയത്രേ.

ഈ പുസ്തകകഥയിലെ തുപ്രൻ നാം മാന്യരെ സംബന്ധിച്ച് എത്ര നിസ്സാരനായ മനുഷ്യനാണ്. എന്നിട്ടും, ഉന്മാദത്തെ ‘സൈക്കഡലിക് ഓപ്പറെ’യെന്ന് കവിയെക്കൊണ്ട് അങ്ങേര് പറയിച്ചെങ്കിൽ ആ ജന്മത്തിന്റെ ഗുരുത്വം ചെറുതല്ല. നിസ്സാരത മനുഷ്യന്റെ അടിസ്ഥാനഗുണമാണ്. ആ നിസ്സാരതയിലാണ് കവിതയെന്ന കലയും. അത് നിഷേധിക്കുന്നിടത്താണ്, ഒരുപക്ഷേ, കെട്ടിപ്പൊക്കിയ സമൂഹവും ഭരണകൂടങ്ങളും കനത്തുവരുന്നത്. അനുഭവത്തിന്റെയും അനുഭൂതിയുടെയും പഞ്ചാരമണൽത്തരികൾ കൊണ്ട് കവിതയുണ്ടാവില്ല, അതിന് ബോധത്തിൽ ചുട്ടുപഴുത്ത ഭാഷയുടെ ഇഷ്ടികകൾ തന്നെവേണം. അല്ലെങ്കിൽ വെറുതെ ഓർമ്മകൾ പാകിയിടലാവും. ഓർമ്മകൾ  കോരിയൊഴിച്ചാൽ ഗംഭീര കവിതയായി എന്ന് വിശ്വസിച്ചുപോരുന്ന കവികളുടെ എണ്ണം കൂടിവരികയാണോ മലയാളത്തിൽ?

നോക്കൂ, ഈ മനുഷ്യരാരും വെറുതെയിരിക്കുന്നവരല്ല. അശ്രാന്ത പരിശ്രമികളാണ്. അവരവരുടെ മട്ടത്തിൽ അവർ ലോകത്തെ നിർമ്മിക്കുന്നു, മറ്റുള്ളവർക്ക് താങ്ങും തണലുമാകുന്നു, വ്യാഖ്യാനിക്കുന്നു. ആർക്കുവേണ്ടിയാണ്, കയറ്റം കയറാൻ വിഷമിക്കുന്ന കാളവണ്ടികൾക്ക് താങ്ങായി മുഹമ്മദാലി തന്റെ തലവച്ച് ഉന്തിക്കൊടുക്കുന്നത്?കാരുണ്യത്തിന്റെ രാഷ്ട്രീയത്തെ ആർക്കെങ്കിലും തള്ളിക്കളയാൻ പറ്റുമോ? ഇങ്ങനെയൊക്കെ ഇതിലെ ഓരോ മനുഷ്യരെപ്പറ്റിയും നമുക്ക് ആലോചിക്കാം. നാസിമുദ്ദീന്റെ ജീവിതവും കവിതയും ഒരു വഴിത്തിരിവിലേക്ക് പോകുന്നത് ഒരുപക്ഷേ, ഇങ്ങനെയുള്ള ജങ്ഷനിൽ വച്ചാവാം.

ലോകത്തിലേക്ക് എങ്ങനെ നോക്കണമെന്നും അതിനുവേണ്ടി ഏതു ഭാഷ ഉപയോഗിക്കണമെന്നും തീരുമാനിക്കുന്നിടത്താണ്, കവിതയിലെ ലോകബോധം കുടികൊള്ളുന്നത്. നാസിമുദ്ദീന്റെ കവിതയിലെ ലോകബോധം ഈയർത്ഥത്തിൽ സ്വല്പം തലതിരിഞ്ഞതാണ്.

രണ്ട്

ലോകത്തിലേക്ക് എങ്ങനെ നോക്കണമെന്നും അതിനുവേണ്ടി ഏതു ഭാഷ ഉപയോഗിക്കണമെന്നും തീരുമാനിക്കുന്നിടത്താണ്, കവിതയിലെ ലോകബോധം കുടികൊള്ളുന്നത്. നാസിമുദ്ദീന്റെ കവിതയിലെ ലോകബോധം ഈയർത്ഥത്തിൽ സ്വല്പം തലതിരിഞ്ഞതാണ്. ജീവിതത്തിന്റെ മുഖ്യ ഹൈവെയിൽനിന്ന് പൊടുന്നനെ തെറ്റുന്ന ഇടവഴികളിലേക്കിറങ്ങുന്നത് (Bye Ways) ഇയാളുടെ എഴുത്തിൽ കൂടുതലാണ്.

സൂഫിയും മിസ്റ്റിക്കും രാഷ്ട്രീയക്കാരനും സന്ദേഹ വാദിയും ഒരുമിച്ച് അയാൾ സഞ്ചരിക്കുന്ന വാഹനത്തിൽ കയറിയെന്നിരിക്കും. മുഖ്യധാരാസമൂഹം വിചാരിക്കുന്നത് ഇത്തരക്കാർക്കെന്തോ തകരാറുണ്ട്, എന്നാണ്. അതേസമയം, സ്വയം ഒരു രോഗിയാണെന്നും എന്നാൽ  രോഗം തങ്ങളുടേതല്ല എന്നും വിചാരിക്കുന്ന ചില മനുഷ്യരുണ്ട്. രോഗഗ്രസ്ഥമായ സമൂഹത്തിന്റെ പ്രശ്നങ്ങളെ തങ്ങളിലേക്ക് ആരോപിക്കുകയാണ്, എന്ന് അത്തരക്കാർ കുറ്റപ്പെടുത്തും.

കവിത ഒരു കഥാർട്ടിക് മെഡിസിൻ ആവുന്നത്, ഇവിടെയാണ്. അതുകൊണ്ടുതന്നെ രോഗം മാറ്റണമെന്ന് ഉൽക്കടമായി ആഗ്രഹിക്കുന്ന ഒരാൾക്ക് കവിതയല്ലാതെ മറ്റൊരു മാർഗമില്ല.

ദൈവത്തിനൊപ്പം ഒരു പിക്നിക് എന്ന സമാഹാരത്തിന്റെ അവതാരികയിൽ, ഡോ. ഇ.വി. രാമകൃഷ്‌ണൻ ഇങ്ങനെ കുറിക്കുന്നു: ‘ഉന്മാദാവസ്ഥയുടെ ഇരുണ്ട തുരങ്കത്തിലൂടെ വെളിച്ചത്തിലേക്ക് സഞ്ചരിച്ച കവിയാണ് നാസിമുദ്ദീൻ. ഭയത്തിന്റെ തിക്താലിംഗനത്തിൽനിന്നും കുതറാനുള്ള ശ്രമങ്ങൾ ഈ കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. തന്റെ മനസ്സിന്റെ ഒഴിയാബാധകളെ, കെട്ടുകളെ (obsessions) അഴിക്കാനുള്ള ശ്രമങ്ങളാണ്, നാസിമുദ്ദീനെ സംബന്ധിച്ചിടത്തോളം കവിതയെഴുത്ത്.’

അലച്ചിലും വായനയും ചിന്തയും തന്നെ കവി. എല്ലാവരുടെയും സമൂഹത്തിൽ ജീവിച്ചുകൊണ്ടുതന്നെ അദൃശമായ കാഴ്ചക്കോണിൽനിന്നുകൊണ്ട് അയാൾ സ്വന്തത്തോടും ചുറ്റുപാടിനോടും ചില ചോദ്യങ്ങൾ ചോദിക്കുന്നു. പ്രതിഭാവിലാസത്തോടൊപ്പം മിക്ക ലാവണ്യശാസ്ത്രവ്യവഹാരങ്ങളിലും ജന്മ വാസനയെക്കൂടി ഉൾപ്പെടുത്തിപ്പറയാറുണ്ട്. ജന്മവസനയെ ആഴമനഃശാസ്ത്ര (Depth Psychology) വുമായി ബന്ധപ്പെടുത്താമോ, എന്ന് തിട്ടമില്ല. അവ തമ്മിൽ ബന്ധമുണ്ടെങ്കിൽ നാസിമുദ്ദീന്റെ കാവ്യജീവിതത്തിൽ അതു സംഭവ്യമാണ്, എന്ന് എനിക്ക് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.

ദൈവത്തിനൊപ്പം ഒരു പിക്നിക് എന്ന സമാഹാരത്തിന്റെ അവതാരികയിൽ, ഡോ. ഇ.വി. രാമകൃഷ്‌ണൻ ഇങ്ങനെ കുറിക്കുന്നു: ‘ഉന്മാദാവസ്ഥയുടെ ഇരുണ്ട തുരങ്കത്തിലൂടെ വെളിച്ചത്തിലേക്ക് സഞ്ചരിച്ച കവിയാണ് നാസിമുദ്ദീൻ.
ദൈവത്തിനൊപ്പം ഒരു പിക്നിക് എന്ന സമാഹാരത്തിന്റെ അവതാരികയിൽ, ഡോ. ഇ.വി. രാമകൃഷ്‌ണൻ ഇങ്ങനെ കുറിക്കുന്നു: ‘ഉന്മാദാവസ്ഥയുടെ ഇരുണ്ട തുരങ്കത്തിലൂടെ വെളിച്ചത്തിലേക്ക് സഞ്ചരിച്ച കവിയാണ് നാസിമുദ്ദീൻ.

ലോകത്തെ വ്യാഖ്യാനിക്കാനുള്ള തുരുത്തായിട്ടും നാസിമുദ്ദീൻ പലപ്പോഴും മനഃശാസ്ത്രത്തെ കാണാറുണ്ട്, എന്ന് അയാളുമായുള്ള സംഭാഷണത്തിൽനിന്നും ചിലപ്പോഴെങ്കിലും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. സമൂഹമനസ്സ് (സോഷ്യൽ സൈക്ക്) എന്ന ഒന്നിനെ അയാൾ ചിന്തയിൽനിന്നും ഉപേക്ഷിച്ചിട്ടില്ല. ഭീതി അയാളുടെ ഓരോ നടപ്പിലുമുണ്ട്. അത് തനിച്ചായതുകൊണ്ടല്ല. സമൂഹത്തിൽ നിലനിൽപ്പിന്റെതാണ്.

ആത്മീയതയും മനോരോഗവും വിപ്ലവവും തമ്മിലുള്ള ബന്ധത്തെ നാസിമുദ്ദീന്റെ കവിതയിൽ വേറിട്ടുതന്നെ അന്വേഷിക്കേണ്ടതായിവരും.

ന്യൂറോസിസ് ഒഴിയാബാധയായി കൊണ്ടു നടക്കുന്നവരും ഇടക്കിടക്ക് അവയാൽ വേട്ടയടപ്പെടുന്നവരും കവികളുടെ കൂട്ടത്തിൽ ഏറെയുണ്ടായിട്ടുണ്ട്. ചാൾസ് ബോദ്ലെയർ മുതൽ ടി. എസ്. എല്ലിയറ്റ് വരെയുള്ള പല കവികൾക്കും ഒബ്സെഷണൽ ന്യൂറോസിസിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. ചിത്രകാരരായ കവികളിലും ആർട്ടിസ്റ്റുകളിലും ഈ പ്രവണത കൂടുതലാണെന്നും പറയപ്പെടുന്നു. ഫ്രോയിഡിന്റെ മനഃശാസ്ത്രം ഇതിനെയും കേവലം ലൈംഗിക ചോദനയുമായിട്ടാണ് ബന്ധപ്പെടുത്തിയിട്ടുള്ളത്. വ്യക്തിത്വത്തിലെ തന്നെ ഘടനാപരമായ ഒരു വ്യത്യാസം സൃഷ്ടിക്കുന്നതിൽ ന്യൂറോസിസ് ഭാഷയ്ക്ക് മുഖ്യ പങ്കുണ്ട്, എന്ന തരത്തിലാണ് ലക്കാന്റെ ചിന്ത പോകുന്നത്. അപരത്വവും അഭാവവും (Lack) തമ്മിലുള്ള ബന്ധത്തെ പ്രശ്നവൽക്കരിക്കുന്ന സങ്കീർണ്ണമായ ഒരവസ്ഥയായിട്ടാണ്, ലക്കാൻ ന്യൂറോസിസിനെ കാണുന്നത്.

‘ഒബ്സെസ്സീവ് ന്യൂറോസിസ്’ എന്ന പേരിൽത്തന്നെ നാസിമുദ്ദീന്റെ കവിതയുണ്ട്. ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ബിംബ -പ്രതീകാവലിയുടെ ഒരുതരം ശീർഷാസനം തന്നെ ഈ കവിതയിൽ കാണാം.

‘‘ജ്ഞാനസമുദ്രത്തിന്റെ
കനത്ത പ്രഹരത്തിൽ
ഞാനെന്ന കണിക അലിഞ്ഞുപോയി
ശരീരം ഖണ്ഡങ്ങളായ്’’.

ക്യുബിക് ചിത്രകലയിലെന്ന പോലെ സ്ഥാനഭ്രംശം വന്ന ശരീരത്തെക്കുറിച്ചുള്ള ഉൾവിചാരമുണ്ടെങ്കിലും ഒരുതരം ജ്ഞാനോന്മാദ (FRENZY OF KNOWLEDGE) ത്തിന്റെ തിരയിലാണ് ഈ വിചാരത്തിന്റെ ഊർജ്ജം കുടികൊള്ളുന്നത്. സമൂഹത്തിൽ താൻ കൂട്ടുകൂടിയവരുമായുള്ള സാമൂഹ്യ -രാഷ്ട്രീയ ബന്ധത്തിന്റെ ഒളിവ് ഇവയെ ഉപേക്ഷിച്ചുപോകുന്നില്ല.

സ്വപ്നത്തിൽ, നദിയായി ഒഴുകി സമുദ്രത്തിൽ ലയിച്ചുചേരുന്ന ഒരു മാനസികാവസ്ഥയെക്കുറിച്ച് കവിതയിൽ സൂചനയുണ്ട്.

കവി വിവക്ഷിക്കുന്ന ഉന്മാദം എന്ന അവസ്ഥ കേവലം ശാരീരിക -മാനസിക പരിവർത്തനങ്ങളുടെ വിപര്യയം മാത്രമല്ല. ജ്ഞാനോന്മാദവുമായി അവയ്ക്ക് കൊടിയ ബന്ധമുണ്ട്, എന്നാണ് എന്റെ വിനീതാഭിപ്രായം. എന്നാൽ, സൂഫികൾ പറയുമ്പോലെ ‘ഫനാ’ യിൽനിന്ന് ‘ബഖാ’യിലേക്കുള്ള (നശിക്കുന്നതിൽനിന്ന് അവശേഷിക്കുന്നത്തിലേക്കുള്ള) മാനസികമായ ഒരു സഞ്ചാരം എന്നൊന്നും ഞാനതിനെ കടത്തിപ്പറയുന്നില്ല. ബോധത്തിന്റെ ചിതറലിന്, അസാധാരണമായ വഴികളുണ്ട് എന്നുമാത്രം.

കെ ജി എസ്സിന്റെയും അൻവർ അലിയുടെയും അയ്യപ്പന്റെയും പണിക്കരുടെയും കവിതയിൽ ഭാഷ രാഷ്ട്രീയബോധത്തിന്റെ മൂടുപടമഴിച്ച് പെരുമാറുന്ന നിരവധി സന്ദർഭങ്ങൾ കാണാം.

പാശ്ചാത്യ മനഃശാസ്ത്രത്തിൽ സൈക്കഡലിക് സ്വപ്നത്തെക്കുറിച്ച് പറയുമ്പോഴും വിചിത്ര ബിംബങ്ങളും പ്രതീകങ്ങളും കൂടിക്കുഴഞ്ഞ ബോധത്തിന്റെ വിപുലീകരണമായി അവയെ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വപ്നത്തിൽനിന്നുമുള്ള ഉണർച്ചയിൽ കേൾക്കാറാവുന്ന കുടിയന്റെ അലർച്ചയും തെരുവൊച്ചകളും കൂട്ടുകാരന്റെ ശവദാഹത്തിൽ പൊട്ടിത്തെറിക്കുന്ന കതിനകളുടെ ശബ്ദവും എന്നുതുടങ്ങി മാവോ സേ തുങ്ങിന്റെ വസന്തത്തിന്റെ ഇടിമുഴക്കം വരെയും കൂടിക്കലരുന്ന പ്രതീതിയാണ് ഇവയുണ്ടാക്കുന്നത്. സനിൽദാസിനെ നാൽപത് വർഷങ്ങൾക്കുശേഷം വായിക്കുമ്പോഴും എന്തൊക്കെയോ പ്രിയപ്പെട്ടത് ഉപേക്ഷിച്ചുപോയ സ്വന്തത്തോടുള്ള കുറ്റബോധം കവിയെ വെട്ടയാടുന്നുണ്ടോ?

‘പ്രവാചകൻ’ എന്ന കവിതയിൽ ഇങ്ങനെയൊരു സന്ദർഭമുണ്ട്:

‘ആർത്തലയ്ക്കുന്ന ജനസാഗരത്തിനപ്പുറം
ഏകാകിയായി നടന്നുപോയി
വയലിലെ കൊറ്റികൾക്ക്
കനി വിതറി, അവയുടെ സ്വകാര്യ വേദനകൾ
കേട്ടു, ഓ ആഴമേറിയ ഗുരോ,
നിശ്ശബ്ദമായ ഒരു മുറിവായ്
നിഗൂഢമായിപ്പോഴും
നീയീ കാലത്തിൽ തുടരുന്നു’. 

അറിവ് മുഖ്യമാണ്. ആധാരശിലയായി നിൽക്കുന്ന അറിവ്‌ തന്നെയാണ് സ്ഥാനവും സ്ഥാനം തെറ്റലും. ബോധം സൂക്ഷിക്കുന്നവന്റെ സഞ്ചാരവും അത് ഉപേക്ഷിക്കുന്നവന്റെ സഞ്ചാരവും രണ്ടാണ്. ബോധം സൂക്ഷിക്കുന്നവന്റെ സഞ്ചാരമാണ് കവിത. ഗുരുസ്ഥാനങ്ങൾ അയാൾക്ക് പ്രിയപ്പെട്ടതാണ്. ഹോജാക്കഥകളുടെ അർഥവും ആന്തരസംഗീതവും നാസിമുദ്ദീന്റെ കവിതകളിൽ കടന്നുവരുന്നത് അതുകൊണ്ടാണ്.

കെ ജി എസ്സിന്റെയും അൻവർ അലിയുടെയും അയ്യപ്പന്റെയും പണിക്കരുടെയും കവിതയിൽ ഇതുപോലെ ഭാഷ രാഷ്ട്രീയബോധത്തിന്റെ മൂടുപടമഴിച്ച് പെരുമാറുന്ന നിരവധി സന്ദർഭങ്ങൾ കാണാം.

‘‘കണ്ണ് ആകാശത്തിൽ
തല ചക്രവാളത്തിൽ
പാദങ്ങൾ
പാർവതാഗ്രത്തിൽ
അന്തര്യാമിയായ ആത്മാവ്
പിന്നെ എല്ലാറ്റിനെയും
കോർത്തെടുത്തു’’
എന്ന് ‘അക്ഷരപ്പിശാച്’ എന്ന കവിതയിൽക്കാണാം. പാർശ്വങൾ കാണുകയും ആകെത്തുക കാണാതിരിക്കുകയും ചെയ്യുന്ന ലോകത്തിൽ പൊതുവെ മനുഷ്യർ നിലവിലുള്ളതുമായി ഒത്തുപോകാനാണ് നോക്കുക. സ്ഥാനാന്തരണം വന്ന സ്വത്വക്രമത്തിൽ അവശേഷിപ്പ്. അവക്ക് വിപരീതമായി വർത്തിക്കുന്ന ഒരു കർതൃത്വം പലപ്പോഴും നാസിമുദ്ദീന്റെ കവിതയിൽക്കാണാം.

കെ.ജി.ശങ്കരപിള്ള.
കെ.ജി.ശങ്കരപിള്ള.

മൂന്ന്

‘ഉന്മാദസുന്ദരകാലം’ എന്ന പുസ്തകം വായിക്കുമ്പോൾ ജോണിന്റെ ‘അമ്മ അറിയാൻ’ ഓർത്തുപോയി. ഹരിയുടെ മരണവിവരമറിഞ്ഞ് നടന്നുനടന്ന് വലുതായി കേരള സഞ്ചാരം നടത്തിയ  ആൾക്കൂട്ടത്തെ ഓർത്തുപോയി. ഏതിനും അടിയിൽ വിശപ്പ്‌ കൊണ്ടു നിർമ്മിച്ച ഒരു സമൂഹമുണ്ട്. അതിനെയാണ് കെട്ടുറപ്പുള്ള സമൂഹം എന്നുവിളിക്കുന്നത്. ഒരുമിച്ചു സ്വപ്നം കാണാനും സഹിക്കാനും സജ്ജമാവുന്ന ഏതൊരു സമൂഹത്തിന്റെയും പ്രോട്ടോടൈപ്പ് ഈ പ്രാകൃത കമ്മ്യൂണിസ്റ്റ് സമൂഹത്തിലാണെന്ന് പറയാവുന്നതാണ്.

ലാറ്റിനമേരിക്കൻ ചലച്ചിത്രകാരനായ ഗ്ലോബർ റോഷയുടെ സിനിമകൾ ഇത്തരുണത്തിൽ നമ്മുടെ ഓർമ്മയിലേക്ക് കടന്നുവന്നേക്കും. വിശപ്പിന്റെ സൗന്ദര്യശാസ്‌ത്രവും കോളനീകൃതഅവസ്ഥയിൽ കൂട്ടായി സ്വപ്നം കാണാനുള്ള തദ്ദേശീയ മനുഷ്യരുടെ കഴിവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം സിനിമയുടെ തന്നെ മുഖ്യ ആശയമാക്കി മാറ്റുകയുണ്ടായി. അതിന്റെ ഒരു തലം ‘അമ്മ അറിയാനി’ൽ ഇല്ലേ, എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇപ്രാവശ്യം കാൻ ഫിലിം ഫെസ്റ്റിവലിൽ നാല് പതിറ്റാണ്ട് പിന്നിട്ട ഈ സിനിമക്ക് കിട്ടിയ അംഗീകാരം അതിന്റെ ക്ലാസിക് പരിപ്രേക്ഷ്യത്തെയാണ് ഓർമ്മിപ്പിക്കുന്നത്. കോളനിവൽക്കരണം കുറേക്കാലമായി നമ്മെ ഉപേക്ഷിച്ചുപോയി എങ്കിലും, അവയുടെ വേഷംമാറിയ നിരവധി സൂചകങ്ങൾ ചുറ്റിലും ഇന്നും ശക്തമാണ്.

ഹരിയുടെ ആത്മഹത്യ അന്വേഷിച്ചുപോകുന്ന മനുഷ്യരുടെ ആൾക്കൂട്ടം വെറുതെ പോകുന്നവരല്ല. സംഘമയമായ ഓർമ്മയുടെ ഒരു ഭൂതകാലവും ഉള്ളിൽപ്പേറിയാണ് അവരുടെ യാത്ര. ഗുരു എന്ന സങ്കൽപ്പം ഒരേസമയം ആത്മീയവും രാഷ്ട്രീയവുമായ അനുഭവങ്ങളുടെ ഒരു ചേരുവയാണ്. അതിനെ ആത്മീയമായി മാത്രം കാണുന്നത് അസംബന്ധമാണ്. നാസിമുദ്ദീൻ എന്ന കവിക്ക് ജ്ഞാനം എന്നത് വെറും ഭൗതികമാത്രമായ അറിവുകളല്ല. ഒരു രാഷ്ട്രീയപ്രമാണമാണ്. ‘ഉന്മാദ സുന്ദരകാലം’, അതൊന്നുകൂടി ഉറപ്പിച്ചുപറയുന്നു.

‘ഞാൻ മുമ്പേ ഇവിടെയുണ്ടായിരുന്നു
വേടന്റെ അമ്പിന്റെ ഉന്നത്തിൽ
പാറകളുടെ ഇളകാത്ത ദാർഢ്യത്തിൽ
കടലിന്റെ വിരിമാറിലൂടെ
പത്തേമാരി തുഴഞ്ഞിരുന്ന
ബലിഷ്ഠാകാരങ്ങളുടെ ഊക്കിൽ

വിരിയുകയും
കൊഴിയുകയും ചെയ്യുന്ന
ജീവചംക്രമണങ്ങൾ
നമ്മുടെ ബന്ധത്തിന്റെ
പൊരുളല്ലാതെ
മറ്റെന്താണ്
യുഗാബ്ദങ്ങളായി
ഈ പ്രപഞ്ചത്തിൽ
എഴുതിക്കൊണ്ടിരിക്കുന്നത്

ബാബ പറഞ്ഞു’.

(‘യോഗിനി മല്ലമ്മയും സൂഫി ഫരീദ് ബാബയും’)


Summary: Dr Umar Tharamel writes about the reading experience of the book PA Nazimudin's book Unmadasundarakalam.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം, റുബാഇയ്യാത്ത്, ബദറുൽ മുനീറിന്റെ നോട്ടങ്ങൾ തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments