എം. ഗോവിന്ദൻ

എല്ലാ ശിഖരങ്ങളിലും പൂക്കളുള്ള മരം

എം. ഗോവിന്ദന്റെ ധൈഷണികമേന്മ മനസ്സിലാക്കിയിട്ടുള്ള എന്നെപ്പോലുള്ളവർക്ക് അദ്ദേഹത്തിന്റെ രചനകളിലുള്ളതിനേക്കാൾ എത്രയോ അധികം ആശയങ്ങളും സങ്കൽപ്പങ്ങളും എഴുത്തിൽ പ്രകാശിപ്പിക്കപ്പെടാതെ ­പോയിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സുഹൃത്തുക്കളുമായി നിത്യമെന്നോണം നടന്നിരുന്ന ഗോവിന്ദന്റെ സംഭാഷണങ്ങൾ അത്രയേറെ സമ്പന്നമായിരുന്നു. ട്രൂ കോപ്പി പ്രസിദ്ധീകരിക്കുന്ന സി.ജെ. ജോർജിന്റെ ‘സ്രഷ്ടാവിന്റെ പരമ്പരയിൽ ഒരാൾ' എന്ന പുസ്​തകത്തിനെഴുതിയ ആമുഖം

‘സ്രഷ്ടാവിന്റെ പരമ്പരയിൽ ഒരാൾ' എന്ന പുസ്തകം രചിച്ച സി.ജെ. ജോർജ്ജ് എം. ഗോവിന്ദനെ നേരിൽ പരിചയിച്ചിട്ടില്ല. തന്റെ അക്കാദമിക ഗവേഷണത്തിലൂടെ ഗോവിന്ദന്റെ ആശയങ്ങളേയും പ്രവർത്തനങ്ങളേയും സർഗ്ഗശേഷിയേയും കുറിച്ച് അറിയുകയായിരുന്നു.

1950 മുതൽ ഞാൻ ഗോവിന്ദനെ വളരെ അടുത്ത് പരിചയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ചെഴുതാൻ എനിക്കു കഴിയാത്ത ഒരവസ്ഥയുണ്ട്. ഇതിനു കാരണം തൃപ്തിയാവുന്ന വിധത്തിൽ ഗോവിന്ദനെ പൂർണ്ണമായവതരിപ്പിക്കാൻ എനിക്കു കഴിയുമോ എന്ന സംശയമാണ്. അതേസമയത്ത് ഗോവിന്ദനെ നേരിൽ ഏറെയൊന്നും പരിചയിച്ചിട്ടില്ലാത്ത ചില എഴുത്തുകാർക്ക് ശ്രദ്ധേയമായ ചില കാര്യങ്ങൾ എഴുതാൻ കഴിയുന്നുമുണ്ട്. ഉദാഹരണത്തിന് കെ. പി. അപ്പൻ ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക എന്ന സമാഹാരത്തിൽ ‘സമകാലികചരിത്രത്തിലേയ്ക്ക് ജന്മനാ സൃഷ്ടിക്കപ്പെട്ട എഴുത്തുകാർ' എന്ന ലേഖനത്തിൽ ഗോവിന്ദനെക്കുറിച്ചെഴുതിയതിനെ കാണാം. ഗോവിന്ദന്റെ ഉപന്യാസങ്ങളിൽ കാണുന്ന ‘ആശയപ്രപഞ്ചത്തെ'ക്കുറിച്ചാണ് അപ്പൻ എഴുതുന്നത്. പക്ഷെ, ഗോവിന്ദൻ ചിന്തോദ്ദീപകമായ ഉപന്യാസങ്ങൾ രചിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. ആദ്യം മുതൽ അദ്ദേഹം കവിത എഴുതിയിരുന്നു. എം. ഗോവിന്ദന്റെ കവിതകൾ (രഞ്ജിമ പബ്ലിക്കേഷൻസ്, ചങ്ങനാശ്ശേരി, 1986) എന്ന രണ്ടു വാള്യങ്ങളുള്ള സമാഹാരത്തിലെ ആദ്യം ചേർത്ത ‘മാതൃഹൃദയം'എന്ന കവിത 1938 ൽ രചിച്ചതാണ്. അവസാനത്തെ നീണ്ട കവിതയായ ‘ഒരു കൂടിയാട്ടത്തിന്റെ കഥ' 1984 ൽ രചിച്ച ശേഷവും ഗോവിന്ദൻ കവിതകളെഴുതിക്കൊണ്ടിരുന്നു. കവിതയാണ് തന്റെ അടിത്തറ എന്ന ഭാവം ഗോവിന്ദനെപ്പോഴുമുണ്ടായിരുന്നു.

രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ അടിച്ചും കടിച്ചും രൂപപ്പെടുന്ന ഭരണവ്യവസ്ഥയിൽ ജനഹിതം പരിമിതപ്പെടുമെന്ന റോയിയുടെ ചിന്ത വളരെ പ്രസക്തമാണെന്ന് ഗോവിന്ദൻ അറിഞ്ഞു

‘‘തന്റെ ഉള്ളം കോവിലിൽ കുടികൊള്ളും തേവരെത്തേടിയുള്ള എഴുന്നള്ളത്തല്ലേ കവിത? കണ്ണാടിയുടെ കെണിയിലകപ്പെടാതെ, തന്നകത്തേ- തന്നെ കണ്ടെത്താൻ കഴിയുന്നവനാരോ, അവനാകുന്നു കവി കണ്ടെത്തുക മാത്രമല്ല അവൻ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. തനി ഉടമയിൽ വാർത്ത കണി കവി പൊതുവുടമയിൽ പകരുന്നു.''

എന്ന് ഗോവിന്ദൻ കവിതയെക്കുറിച്ചെഴുതുമ്പോൾ കവിതയുടെ നേരായ കാര്യം മാത്രമല്ല, തന്റെ സമത്വവാദസങ്കൽപ്പവും അവതരിപ്പിക്കുന്നു-വ്യക്തിയുടെ സൃഷ്ടി സമഷ്ടിയുടെ സ്വത്താണെന്ന് വ്യക്തമാക്കുന്നു.
ഗോവിന്ദൻ ആദ്യംമുതൽ കഥകളും എഴുതിയിരുന്നു. ‘റാണിയുടെ പട്ടി' എന്ന കഥാസമാഹാരം 1950 ൽ പ്രസിദ്ധപ്പെടുത്തി. ഇതിലെ കഥകൾ ­മുപ്പതുകൾ തൊട്ട് രചിച്ചവയാണ്. 1969 ൽ കുറേക്കൂടെ കഥകൾ ഉൾക്കൊള്ളിച്ച് ‘മണിയോർഡറും മറ്റു കഥകളും’ എന്ന സമാഹാരം പ്രസിദ്ധപ്പെടുത്തി (എസ്. പി. സി. എസ്., കോട്ടയം). ഒരു പോസ്റ്റ്മാൻ ഒരു ഗ്രാമത്തിന്റെ മുഴുവൻ മനസ്സും മനസ്സാക്ഷിയുമാവുന്നതിനെ ‘വല്യോനും നല്ലോനും' ആവുന്നതിനെ നാടകീയമായി ചിത്രീകരിക്കുന്ന ‘മണിയോർഡർ' എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പോസ്റ്റ്മാനാണ് പിന്നീട് പരക്കെ അറിയപ്പെട്ട പി. ഭാസ്‌കരന്റെ ‘നീലക്കുയിൽ' എന്ന സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ പോസ്റ്റ്മാന്റെ സൃഷ്ടിക്കു പ്രേരണയായത്.

കെ.പി. അപ്പൻ

എഴുപതുകളിൽ ‘ദൈവം തമ്പുരാന്റെ പുന്നാരപ്രാവ്', 'സത്യത്തിന്റെ ആറുമുഖങ്ങൾ' എന്നീ കഥകൾ ഗോവിന്ദൻ രചിച്ചത് ദ്രാവിഡത്തനിമയുടേതായ പ്രത്യേക താളമുള്ള വ്യത്യസ്തമായൊരു ഭാഷയിലാണ്. ഗോവിന്ദന്റെ ചിന്തകളും സങ്കൽപ്പങ്ങളും പുതുഭാഷാ പരീക്ഷണങ്ങളിലൂടെ എത്തുന്ന താളക്രമത്തിൽ മേളിക്കുന്ന സങ്കീർണ്ണമായൊരു കഥാശിൽപ്പമാണ് എഴുപതുകളുടെ അവസാനത്തിൽ രചിച്ചതും 1981ൽ പുസ്തകമായി പ്രസിദ്ധപ്പെടുത്തിയതുമായ സർപ്പം എന്ന നീണ്ട കഥ. ‘‘ഗോവിന്ദന്റെ ബുദ്ധിപരതയും, രൂപങ്ങളുടെ കൂടിക്കുഴയലും, പരിഹാസവും എല്ലാംകൂടി ചേർന്ന് ഇവിടെ സർപ്പത്തിൽ ഒരു പുതിയ ഘടന നേടിയിരിക്കുന്നു. മിത്തും, ഫാന്റസിയും കൂടിക്കുഴഞ്ഞ് ചിന്തയും വികാരവും ഇഴപിരിഞ്ഞ് ചെകുത്താനെയും ലിംഗത്തെയും കേരളത്തിന്റെ സർപ്പാരാധനയേയും ഓർമ്മിപ്പിച്ചുകൊണ്ട് ഈ കഥയും വളഞ്ഞ് പിരിഞ്ഞ് മലയാളിയായ വായനക്കാരന്റെ സ്വത്വാന്തരാളത്തിലേയ്ക്ക് ആണ്ടിറങ്ങുന്നു'' എന്ന് സർപ്പത്തെ നിരൂപിച്ച് നരേന്ദ്രപ്രസാദ് എഴുതിയിരുന്നു (എം. ഗോവിന്ദൻ സ്മരണിക, ന്യൂമാഹി, 1993, പു. 217).സർപ്പം ഇംഗ്ലീഷിലേയ്ക്ക് അയ്യപ്പപണിക്കർ വിവർത്തനം ചെയ്തത് വായിച്ച ഉത്തരേന്ത്യയിലെ കുമാർ സാഹ്നി എന്ന സംവിധായകൻ കഥയെ ചലച്ചിത്രമായവതരിപ്പിക്കുന്നതിൽ താൽപര്യമെടുത്തിരുന്നു. പക്ഷെ, പിന്നീടെന്തുണ്ടായി എന്നറിയില്ല. കലാകാരന്റെ താൽപ്പര്യം കൊണ്ടുമാത്രം ചലച്ചിത്രത്തിനു രൂപം നൽകാൻ ആവില്ലല്ലോ.

ഗോവിന്ദന്റെ രാഷ്ട്രീയചിന്തയെ രാഷ്ട്രീയപ്രവർത്തകനെന്നപോലെ തത്വചിന്തകനുമായിരുന്ന എം. എൻ. റോയിയുടെ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഗോവിന്ദനെ ഒരു റോയിസ്റ്റ് മാത്രമായി ചുരുക്കിക്കാണുന്നത് അബദ്ധമായിരിക്കും

ഗോവിന്ദൻ നാടകങ്ങളും രചിച്ചിട്ടുണ്ട്. 1954 ൽ പ്രസിദ്ധപ്പെടുത്തിയ നീ മനുഷ്യനെ കൊല്ലരുത് എന്ന നാടകത്തിന്റെ (എസ്. പി. സി. എസ്., ­കോട്ടയം) രണ്ടാംപതിപ്പ് 1957 ൽ ഇറങ്ങിയിരുന്നു. പൊന്നാനിയിലും പരിസരത്തിലും ഈ നാടകം ഒന്നിലധികം തവണ അരങ്ങേറി. ഒരു തവണ മദിരാശിയിൽ അവതരിപ്പിച്ചത് ഞാൻ കണ്ടിട്ടുണ്ട്. മാനിച്ചവിക്രമൻമാരുടെ ശൂരവീരപരാക്രമ പാരമ്പര്യത്തിൽ ഉറച്ചുവിശ്വസിക്കുന്ന ഒരു അധികാരി തന്റെ ­രണ്ടാമത്തെ മകനേയും പട്ടാളത്തിൽ ചേരാൻ നിർബന്ധിക്കുമ്പോൾ, മുമ്പ് പട്ടാളത്തിൽ ചേർന്ന് പ്രവർത്തിച്ചിരുന്ന ഒന്നാമത്തെ മകൻ ഒരു കാല് യുദ്ധക്കളത്തിൽവെച്ച് നഷ്ടപ്പെട്ട നിലയിൽ, ‘‘മനുഷ്യരെ കൊല്ലരുത്'' എന്നുറക്കെ പറഞ്ഞ് പ്രവേശിക്കുന്നതോടെ അച്ഛന്റെ മനസ്സു മാറുന്നതാണ് നാടകം ചിത്രീകരിക്കുന്നത്. യുദ്ധത്തിന്റെ കെടുതികളനുഭവിച്ച തലമുറയെ ഈ നാടകം സ്പർശിച്ചിട്ടുണ്ട്. യുദ്ധവിരാമത്തിനാഗ്രഹിക്കുന്ന ലോകയുദ്ധാനന്തരസാഹചര്യത്തിലും ഈ നാടകത്തിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ട്. ഒസ്യത്ത്­, ചൈത്താനും മനുഷ്യനും എന്നിവയാണ് ഗോവിന്ദന്റെ മറ്റു രണ്ട് നാടകങ്ങൾ. ഒസ്യത്ത് ബ്രിട്ടീഷുകാരനായ സ്റ്റാൻലി ഹൗടന്റെ പ്രഹസനത്തെ ­അവലംബിച്ച് രചിച്ചതാണെങ്കിലും, ഈ നാട്ടിലും പ്രസക്തമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. നിത്യേനയെന്നോണം സ്വത്തിനുവേണ്ടി ബന്ധുക്കൾ കശപിശകൂടി സ്‌നേഹബന്ധങ്ങളെല്ലാം അറുത്തെറിയുന്നതിനെ ­ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതാണീ നാടകം. ചൈത്താനും മനുഷ്യനും മനുഷ്യനേയും അവനിൽ നിത്യസാന്നിധ്യമായ ചെകുത്താനേയും കുറിച്ച് പുതിയൊരു മിത്ത് വാർത്തെടുക്കാനുള്ള പരീക്ഷണമാണ്.

നാടകകലയിൽ ഗോവിന്ദന് അതിയായ താൽപ്പര്യമുണ്ടായിരുന്നു. ‘‘അസ്തിത്വത്തിന്റെ സത്ത പ്രകാശിപ്പിക്കുവാൻ അത്യുത്തമമായിട്ടുള്ളത് നാടകരൂപമാണ്. (നാടകത്തിൽ) സംഘട്ടനത്തിലൂടെ മനുഷ്യൻ അവന്റെ ആത്മസത്തയുടെ ഉച്ചകോടിയിൽ ചെന്നുനിൽക്കുന്നു'' ​​​​​​​എന്ന് ഗോവിന്ദൻ എഴുതിയിട്ടുണ്ട്. 1961 ൽ നാടകകലയെ അടുത്തറിയുവാൻ ഗോവിന്ദൻ പ്രത്യേക താൽപ്പര്യമെടുത്തിരുന്നു. ഈ ലക്ഷ്യത്തോടെ, സമഗ്രമായൊരു ചർച്ച മദിരാശിയിൽ വെച്ച് നടത്തുന്നതിനേർപ്പാടു ചെയ്തത് ഗോവിന്ദനാണ്. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, പി.കെ. വിക്രമൻനായർ, പി. കേശവദേവ്, കെ.ടി. മുഹമ്മദ്, ജി. കുമാരപിള്ള, ജി. ശങ്കരപ്പിള്ള, സി.എൻ. ശ്രീകണ്ഠൻനായർ, അയ്യപ്പപണിക്കർ, എസ്. ഗുപ്തൻനായർ, കാട്ടുമാടം നാരായണൻ, പി.സി. കുട്ടികൃഷ്ണൻ, ബോംബെയിലെ നാണപ്പൻ തുടങ്ങിയവരെല്ലാം ഗോവിന്ദന്റെ ക്ഷണം സ്വീകരിച്ച് സ്വന്തം ചെലവിൽ മദിരാശിയിലെത്തുകയായിരുന്നു. അക്കാലത്ത് മദിരാശിയിലുണ്ടായിരുന്ന എം.പി. ശങ്കുണ്ണിനായർ, ­എ.എൻ. നമ്പ്യാർ, കെ.എ. കൊടുങ്ങല്ലൂർ, രാംജി തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. ചർച്ചയിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ സി.ജെ. തോമസ്, പി.കെ. വിക്രമൻനായർ, അരിസ്റ്റോട്ടിൽ കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഡ്രാമാറ്റിക് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള സംസ്‌കൃതനാടകാലയത്തിന്റെ മാതൃക എന്നിവയുടെ ചിത്രങ്ങളോടെ ഗോവിന്ദൻ 1963 ആദ്യത്തിൽ പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയ ‘സമീക്ഷ' ത്രൈമാസികയുടെ രണ്ടാം ലക്കത്തിൽ (ഏപ്രിൽ -മെയ്- ജൂൺ 1963) പ്രസിദ്ധപ്പെടുത്തിയിരുന്നു. കൂട്ടത്തിൽ സുകുമാർ അഴീക്കോടിന്റെ ‘ഭാരതീയ നാടകത്തിന്റെ തത്വവും പ്രയോഗവും' എന്ന ലേഖനവും അയ്യപ്പപ്പണിക്കരുടെ ‘ശിവപാർവ്വതി' എന്ന നൃത്ത സംഗീതകയും പ്രസിദ്ധപ്പെടുത്തിയിരുന്നു. പണിക്കർ താൽപ്പര്യപൂർവ്വം അക്കാലത്ത് കാവ്യനാടകത്തെക്കുറിച്ചുള്ള ചിന്ത ആരംഭിച്ചതിന്റെ സൂചന കൂടിയായിരുന്നു ഈ കൃതി. സമീക്ഷ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിൽ പലതും നാടകകലയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നവ ആയിരുന്നു. പിന്നീട് സി. എൻ. ശ്രീകണ്ഠൻനായരുടേയും ജി. അരവിന്ദന്റേയും മറ്റും ശ്രമഫലമായി രൂപംകൊണ്ട ‘നവരംഗ'ത്തിന്റെ ആഭിമുഖ്യത്തിൽ 1964 ൽ നടന്ന അതിവിപുലമായ നാടകസെമിനാറിന്റെ ഡയറക്ടർ ഗോവിന്ദനായിരുന്നു. ആ സെമിനാറിൽ എൻ. കൃഷ്ണപ്പിള്ള, തോപ്പിൽ ഭാസി, അയ്യപ്പപണിക്കർ, കാവാലം നാരായണപ്പണിക്കർ, ജി. ശങ്കരപ്പിള്ള, സി. എൻ. ശ്രീകണ്ഠൻനായർ, തോപ്പിൽ ഭാസി, അടൂർ ഗോപാലകൃഷ്ണൻ, എൻ.എൻ.പിള്ള തുടങ്ങിയ നാടകാചാര്യന്മാരെല്ലാം പങ്കെടുത്തിരുന്നു.

കാവാലത്തിന്റെ അവതരണങ്ങൾ നാടകമാവുന്നുണ്ടോ, ഓപ്പറയോടല്ലേ അതിന് സാദൃശ്യം എന്നൊക്കെ സി. എൻ. സംശയിച്ചിരുന്നു. ഏതായാലും ഗോവിന്ദൻ ഉദ്ദേശിച്ച തരത്തിലുള്ള ഓഥന്റിക് നാടകവേദി ഇപ്പോഴും രൂപപ്പെട്ടിട്ടില്ലെന്നാണ് തോന്നുക.

ഇതിനെത്തുടർന്നാണ് 1967 ൽ ശാസ്താംകോട്ടയിൽ സി. എൻ. ശ്രീകണ്ഠൻനായർ, ജി. ശങ്കരപ്പിള്ള, അയ്യപ്പപണിക്കർ എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഒന്നാമത്തെ ‘നാടകക്കളരി'നടന്നത്. അവിടെവെച്ച് ­ഗോവിന്ദൻ ചെയ്ത ഒരു പ്രസംഗത്തിലാണ് പിന്നീട് പല തർക്കവിതർക്കങ്ങൾക്കും കാരണമായ ‘തനതു നാടകവേദി'എന്ന സങ്കല്പം അവതരിപ്പിച്ചത്. ആയിടയ്ക്ക് ഗോവിന്ദൻ റഷ്യയിലും കിഴക്കൻയൂറോപ്പിലെ പല രാജ്യങ്ങളിലും പര്യടനം നടത്തിയിരുന്നു. രാജ്യങ്ങളിലെ നാടകങ്ങൾ ­കാണുന്നതിൽ ഗോവിന്ദൻ പ്രത്യേകം താൽപ്പര്യമെടുത്തു. ഓരോ രാജ്യത്തിനും സവിശേഷമായ ചലനങ്ങളും ആംഗ്യങ്ങളും സംഭാഷണരീതികളും രംഗാവിഷ്‌കാരരീതികളും ഉണ്ടെന്നുകണ്ടതിനേയും നാടകത്തെക്കുറിച്ചുള്ള ദീർഘകാലത്തെ ആലോചനകളേയും ആസ്പദമാക്കിയാണ് നമ്മുടേതായ ചലനങ്ങളും മറ്റും അവതരിപ്പിക്കുന്ന ‘ഓഥന്റിക് ’ നാടകവേദിയെക്കുറിച്ചുള്ള ചിന്തകൾ ഗോവിന്ദൻ അവതരിപ്പിച്ചത്. ഇത് പക്ഷെ പല വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഗോവിന്ദന്റെ സങ്കല്പനത്തെ തന്റേതായ മട്ടിൽ മനസ്സിലാക്കിയ സി. എൻ. ശ്രീകണ്ഠൻനായർ അതിനെ ‘‘തനതുനാടകവേദി'' എന്നുവിളിച്ചു. എന്താണ് തനത് എന്നതിനെക്കുറിച്ചാണ് ഭിന്നാഭിപ്രായങ്ങളുണ്ടായത്. തെയ്യം, തിറ, പടയണി, ­കൂടിയാട്ടം, കഥകളി തുടങ്ങിയ നമ്മുടെ ദൃശ്യകലകളുടെ രീതിയിൽ സ്വീകരിക്കുന്നതാവും തനതുനാടകവേദി എന്ന് ചിലർ കരുതിയിരുന്നു. അതിലെ ആട്ടവും താളവും കൊട്ടും പാട്ടും മറ്റും സ്വീകരിച്ചുകൊണ്ട് കാവാലം നാരായണപ്പണിക്കർ അവതരിപ്പിച്ച ചില നാടകങ്ങളാണ് ശരിക്കും തനതുനാടകങ്ങളെന്ന അഭിപ്രായമുയർന്നിരുന്നു. പക്ഷെ, പാരമ്പര്യ കലകളോട് ആഭിമുഖ്യമുണ്ടായിരുന്ന സി. എൻ. ശ്രീകണ്ഠൻനായർ പോലും തന്റെ നാടകങ്ങളിൽ ആ രീതി സ്വീകരിച്ചില്ല. കാവാലത്തിന്റെ അവതരണങ്ങൾ നാടകമാവുന്നുണ്ടോ, ഓപ്പറയോടല്ലേ അതിന് സാദൃശ്യം എന്നൊക്കെ സി. എൻ. സംശയിച്ചിരുന്നു. ഏതായാലും ഗോവിന്ദൻ ഉദ്ദേശിച്ച തരത്തിലുള്ള ഓഥന്റിക് നാടകവേദി ഇപ്പോഴും രൂപപ്പെട്ടിട്ടില്ലെന്നാണ് തോന്നുക.

സി. ജെ. ജോർജ്ജ്

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള എഴുത്തുകാരും കലാകാരന്മാരുമായി സൗഹൃദം സ്ഥാപിക്കാൻ ഗോവിന്ദൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പുതിയ ചിത്രങ്ങളും ചായച്ചിത്രങ്ങളും കാണാനും അവയുടെ രചയിതാക്കളെ പരിചയിക്കാനും മദിരാശിയിൽവെച്ച് ഗോവിന്ദന് കഴിഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളിലെ കൃതികൾ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുമ്പോൾ അവ ആസ്വദിച്ചും നിരൂപിച്ചും അവയുടെ രചയിതാക്കൾക്ക് കത്തെഴുതുന്നത് ഗോവിന്ദന്റെ പതിവായിരുന്നു. തമിഴറിയുന്നതുകൊണ്ട് തമിഴിലുള്ള കൃതികളെ നേരിലറിയാനും തമിഴ് എഴുത്തുകാരെ നന്നായി പരിചയിക്കാനും ഗോവിന്ദന് കഴിഞ്ഞിട്ടുണ്ട്. തമിഴെഴുത്തുകാരനായ സുന്ദരരാമസ്വാമിയും കന്നഡയിലെ യു. ആർ. അനന്തമൂർത്തിയും ഗോവിന്ദന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു.
ഈ വിധത്തിൽ ഇന്ത്യയിലെ പല എഴുത്തുകാരേയും കലാകാരന്മാരേയും പരിചയിച്ചിരുന്നതുകൊണ്ടാണ് 1964 ഡിസംബറിൽ ­ആലുവായിലെ ഉദ്യോഗമണ്ഡലിൽവെച്ച് നടന്ന അഖിലേന്ത്യാ സാഹിത്യകാരസമ്മേളനത്തിലേയ്ക്ക് ഇന്ത്യയിലെ ശ്രദ്ധേയരായ പല എഴുത്തുകാരേയും കലാകാരന്മാരേയും നേരിൽ ക്ഷണിച്ചുവരുത്താൻ ഗോവിന്ദന് കഴിഞ്ഞത്. ചിത്രകല, ആലേഖനകല, ശില്പകല എന്നിവയെക്കുറിച്ച് ഗോവിന്ദന് സവിശേഷമായ ചില സംകൽപ്പങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1964 ലെ അഖിലേന്ത്യാ സാഹിത്യകാരസമ്മേളനത്തിന്റെ ഭാഗമായി നടന്ന കലാപ്രദർശനത്തിന്റെ സുവനീറിന് ആമുഖമായി പ്രസിദ്ധപ്പെടുത്തിയ ഗോവിന്ദന്റെ സൈറ്റ് ആൻറ്​ വിഷൻ (Sight and Vision) എന്ന ചെറുലേഖനം കലയെക്കുറിച്ചുള്ള ശ്രദ്ധേയമായ കാഴ്ചപ്പാടവതരിപ്പിക്കുന്നു.
‘‘ചരിത്രത്തിലെ ഓരോ ചലനവും മനുഷ്യദർശനത്തിന്റെ അനിവാര്യമായ ഫലമാണ്- അതിനെ വിപുലീകരിക്കലും തീവ്രമാക്കലുമാണ്. ഇത് കലയുടെ മേഖലയിൽ പ്രത്യേകിച്ചും ശരിയാണ്. അവിടെ ദർശനം ചലനത്തിനു മുന്നോടിയാവുന്നു. വസ്തുക്കളെ കാണാൻ കണ്ണുമതി. വസ്തുക്കൾ തമ്മിലുള്ള ബന്ധം സങ്കൽപ്പിക്കാൻ നഗ്‌നനേത്രങ്ങളേക്കാൾ മികച്ച ഉപകരണം - ദർശനം - വേണം. ദർശനത്തിന് ഒരാളുടെ മുഴുവൻ സത്തയും ആവശ്യമാണ്'', എന്നിങ്ങനെ ആരംഭിച്ച്, 'ആധുനികകല പുതുദർശനത്തിന്റെ കാരണവും ഫലവുമാണ്. അത് നവദർശനമാണ്'', എന്നുറപ്പിച്ചുകൊണ്ട് ഈ ചെറുലേഖനമവസാനിക്കുമ്പോൾ ചിത്രകലയെക്കുറിച്ചു മാത്രമല്ല, മൊത്തത്തിൽ കലയെക്കുറിച്ചുതന്നെയുള്ള ഒരു പുതുബോധത്തിലാണ് നാം എത്തുന്നത്.

‘‘സിനിമയെന്ന കല സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനടിപ്പെട്ട് കച്ചവടമായി അധഃപതിക്കുമ്പോഴൊക്കെ ഗോവിന്ദനെപ്പോലുള്ളവർ ഉണ്ടാകുകയുംഅതിനെ നേർവഴിക്ക് നയിക്കുമാറാകുകയും ചെയ്യട്ടെ'' എന്ന് മങ്കട ­രവിവർമ്മ ആശംസിക്കുന്നുണ്ട്.

ചലച്ചിത്രത്തെക്കുറിച്ചുള്ള ഗോവിന്ദന്റെ അറിവും പ്രത്യേകമായ അവബോധവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ‘‘മലയാള സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നവരുടെയും പിന്നിൽ ഒരു ചലച്ചിത്രഗുരുവായി'' ഗോവിന്ദനുണ്ടായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും മങ്കട രവിവർമ്മയും ഗോവിന്ദന്റെ ചലച്ചിത്രബോധത്തെ തിരിച്ചറിഞ്ഞിട്ടുള്ളവരാണ്.
‘‘ആദിയിൽ വചനമുണ്ടായിരുന്നു എന്നത് സാഹിത്യത്തെ സംബന്ധിച്ച് പ്രസക്തമാണ്. സിനിമയെപ്പറ്റിയാവട്ടെ ആദിയിൽ രൂപമുണ്ടായിരുന്നു എന്നതാണ് ശരി. വാക്കുകളുടെ ആധിക്യം സിനിമയെ അലങ്കോലമാക്കുന്നതു പോലെ രൂപങ്ങളുടെ അനാവശ്യമായ ചലനവും സിനിമയിൽ ദോഷങ്ങൾ വരുത്തുന്നു. സിനിമയിലെ അഭിനയം ശരിക്കു പറഞ്ഞാൽ രൂപങ്ങളുടെ ചലനമാണ്. അത്യഭിനയംമൂലം അസുഖകരമായ അനുഭവം സൃഷ്ടിക്കുന്നവയാണ് നമ്മുടെ മിക്ക പടങ്ങളും'', എന്ന് ഗോവിന്ദൻ എഴുതിയിട്ടുണ്ട്.
തന്റെ സങ്കൽപ്പങ്ങൾക്കനുസരിച്ച് ‘നോക്കുകുത്തി'​​​​​​​ എന്ന സ്വന്തം കവിതയെ ഒരു ദൃശ്യകാവ്യമാക്കാൻ ഗോവിന്ദൻ മങ്കട രവിവർമ്മയോടൊത്ത് ശ്രമിച്ചിട്ടുണ്ട്. ‘‘സിനിമയെന്ന കല സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനടിപ്പെട്ട് കച്ചവടമായി അധഃപതിക്കുമ്പോഴൊക്കെ ഗോവിന്ദനെപ്പോലുള്ളവർ ഉണ്ടാകുകയുംഅതിനെ നേർവഴിക്ക് നയിക്കുമാറാകുകയും ചെയ്യട്ടെ'' എന്ന് മങ്കട ­രവിവർമ്മ ആശംസിക്കുന്നുണ്ട്.

എം. ഗോവിന്ദൻ/ Photo: Keralaculture.org

ഇങ്ങനെ കവിത, കഥ, നാടകം എന്നിവയിൽ തന്റെ സർഗ്ഗവൈഭവം പ്രകടിപ്പിക്കുകയും സാഹിത്യത്തേയും ആലേഖ്യ- ശിൽപ്പ കലകളേയും ചലച്ചിത്രകലയേയും കുറിച്ച് അസാധാരണമായ ഉൾക്കാഴ്ച തെളിയിക്കുകയും ചെയ്ത ഗോവിന്ദനല്ല പരക്കെ അറിയപ്പെട്ടത്. തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന ആശയസമൃദ്ധമായ ഉപന്യാസങ്ങളുടെ പേരിലാണ് ഗോവിന്ദൻ പൊതുവെ അറിയപ്പെടുന്നത്. അന്വേഷണത്തിന്റെ ആരംഭം, സ്വല്പം ചിന്തിച്ചാലെന്ത്?, മാനുഷിക മൂല്യങ്ങൾ, കമ്യൂണിസത്തിൽനിന്ന് മുന്നോട്ട്, സമസ്യകൾ സമീപനങ്ങൾ തുടങ്ങിയ സമാഹാരങ്ങളിലായി ഈ ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തിയതാണ് വായനക്കാർ ഏറെ അറിഞ്ഞത്. ഈ സമാഹാരങ്ങളിലെ ഉപന്യാസങ്ങളെല്ലാം ചേർത്ത് തൊള്ളായിരത്തിലധികം പുറങ്ങളുള്ള എം.ഗോവിന്ദന്റെ ഉപന്യാസങ്ങൾ എന്ന ഗ്രന്ഥം 1986 ൽ എസ്.പി.സി.എസ്. പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതിന്റെ രണ്ടായിരം കോപ്പികളും വിറ്റഴിഞ്ഞ ശേഷം അതിലെ രചനകളും ­അതിനുശേഷം എഴുതിയ ചിലതും അക്കൂട്ടത്തിൽ വിട്ടുപോയിരുന്ന കുറേയേറെ ലേഖനങ്ങളും കണ്ടെത്തി ചേർത്ത് ഈ ഗ്രന്ഥം രചിച്ച സി. ജെ. ജോർജ്ജ് ശ്രദ്ധിച്ച് എഡിറ്റ് ചെയ്ത 1200ൽ അധികം പുറങ്ങളുള്ള ‘പുതിയ മനുഷ്യൻ പുതിയ ലോകം- എം. ഗോവിന്ദന്റെ ചിന്തകൾ' എന്ന ഗ്രന്ഥം ഡി.സി. ബുക്‌സ് 2011 ഫിബ്രവരിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് ഗോവിന്ദന്റെ ആശയപ്രപഞ്ചത്തെ പൊതുവെ പരിചയപ്പെടാൻ അവസരം നൽകുമെന്ന് കരുതാം.

പക്ഷെ, ഗോവിന്ദൻ ഏതാണ്ട് തുടർച്ചയായിത്തന്നെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന നവസാഹിതി, ഗോപുരം, ആദ്യത്തെ പന്ത്രണ്ട് സമീക്ഷകൾ, ഇംഗ്ലീഷിലുള്ള നാല് സമീക്ഷകൾ, രണ്ടാമത്തെ നാല് മലയാളം സമീക്ഷകൾ എന്നിവയിലെ വളരെ ശ്രദ്ധേയമായ പലതരം രചനകൾ ഇന്ന് ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. പോയട്രി ആൻറ്​ റിനൈസൻസ് എന്ന ഇംഗ്ലീഷ് സമീക്ഷ കുമാരനാശാന്റെ കാവ്യങ്ങളേയും, കവിതയും നവോത്ഥാനവും തമ്മിൽ ആഗോളതലത്തിൽ നിലനിന്ന ബന്ധത്തെയും ആഴത്തിൽ പഠിക്കുന്ന ഒരു പ്രസിദ്ധീകരണമാണ്. ഇന്ത്യയുടെ ഭാവിപുരോഗതിക്ക് അടിയാളവിഭാഗങ്ങളുടെ വിപ്ലവമുന്നേറ്റം അനിവാര്യമാണെന്ന് വാദിക്കുന്ന ഗോവിന്ദന്റെ മൗലികമേന്മയുള്ള ലേഖനവും ഇതിലുണ്ട്.

ഒമ്പതാം ക്ലാസ്സുവരെ മാത്രം പഠിച്ച ഗോവിന്ദന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫെലോഷിപ്പ് ലഭിച്ചതിൽ അസൂയാലുക്കളേറെയുണ്ടായിരുന്നു. പക്ഷെ അവർക്ക് അൽപ്പമെങ്കിലും കാര്യവിവരമുണ്ടെങ്കിൽ, ഗോവിന്ദൻ തയ്യാറാക്കിയ ഗവേഷണരൂപരേഖ കണ്ടാൽ, അദ്ദേഹത്തെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തത് ഉചിതമായെന്ന് സമ്മതിക്കുമായിരുന്നു.

ഇതിനെല്ലാമിടയിൽ ശരിക്കും അക്കാദമികമായ ഒരു പഠനത്തിന്റെ രൂപരേഖ ഗോവിന്ദൻ തയ്യാറാക്കുകയും അതിന്റെ സവിശേഷത ശ്രദ്ധിക്കപ്പെട്ടതു കൊണ്ട് 1973 ൽ ഗോവിന്ദന് നെഹ്റു ഫെലോഷിപ്പ് ലഭിക്കുകയും ചെയ്തു. ഒമ്പതാം ക്ലാസ്സുവരെ മാത്രം പഠിച്ച ഗോവിന്ദന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫെലോഷിപ്പ് ലഭിച്ചതിൽ അസൂയാലുക്കളേറെയുണ്ടായിരുന്നു. പക്ഷെ അവർക്ക് അൽപ്പമെങ്കിലും കാര്യവിവരമുണ്ടെങ്കിൽ, ഗോവിന്ദൻ തയ്യാറാക്കിയ ഗവേഷണരൂപരേഖ കണ്ടാൽ, അദ്ദേഹത്തെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തത് ഉചിതമായെന്ന് സമ്മതിക്കുമായിരുന്നു. ‘ആർക്കിടൈപ്പൽ ഗംഗ ഇൻ ദ ക്രിയേറ്റിവ് ലിറ്ററേച്ചർ ഓഫ് പെനിസുലാർ ഇന്ത്യ' എന്നതായിരുന്നു ഗവേഷണ വിഷയം. ഭാരതീയരുടെ ഉപബോധമനസ്സിൽ തീവ്രതയുള്ളൊരു മിത്തായി സ്ഥാനംപിടിച്ചിട്ടുള്ള ഗംഗാനദി ഏതുവിധത്തിൽ ഇന്ത്യൻ ജീവിതസംസ്‌കാരത്തേയും സാഹിത്യത്തേയും കലകളേയും സ്വാധീനിച്ചു എന്ന അന്വേഷണമാണ് ഗോവിന്ദൻ നിർദ്ദേശിക്കുന്നത്. ലോകത്തിലെ വലിയ നദീതടങ്ങളിലെല്ലാം ബഹുദൈവാരാധന നിലനിന്നിരുന്നു. ഭീകരമായ ഏകദൈവാധിപത്യത്തിന് ചില സാഹചര്യങ്ങളിൽ മറ്റു പ്രദേശങ്ങൾ വഴിമാറിയപ്പോഴും അങ്ങിനെ സംഭവിക്കാതെ ബഹുത്വത്തിൽ നിന്നത് ഇന്ത്യയിലെ മഹാനദിയായ ഗംഗയുടെ തീരങ്ങളിലാണ്. അതുകൊണ്ട് സാധ്യമായ ബഹുത്വബോധം ഇന്ത്യയിൽ വിവിധ സംസ്‌കാരങ്ങളേയും വിശ്വാസങ്ങളേയും ഭാഷകളേയും പല നഗരകേന്ദ്രങ്ങളേയും ഇന്നും ആ മട്ടിൽ നിലനിർത്തുന്നു എന്ന് ഗോവിന്ദൻ അറിയുന്നു. ഗംഗാപ്രവാഹം താളത്തിന്റേയും ലയത്തിന്റെയും പ്രസാദത്തിന്റേയും ചലനത്തിന്റേയും ഉറവിടമായനുഭവിക്കുന്നതിനാൽ ഉത്തരേന്ത്യയിലെന്ന പോലെ ദക്ഷിണേന്ത്യയിലും സർഗ്ഗസാഹിത്യത്തിനും കലകൾക്കും അത് പ്രചോദനമായിട്ടുള്ളതിനെക്കുറിച്ച് അന്വേഷിക്കാനാണ്ഗോ വിന്ദൻ ഉദ്ദേശിച്ചത്.

പക്ഷെ, ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ ഗവേഷണ പ്രബന്ധം തയ്യാറാക്കാൻ ഗോവിന്ദൻ ഒരുങ്ങിയില്ല. പൊയട്രി ആൻറ്​ റിനൈസൻസ് എന്ന സമീക്ഷാവാള്യം തയ്യാറാക്കലാണ് കൂടുതൽ ­പ്രധാനമെന്ന് അക്കാലത്ത് അദ്ദേഹം കരുതിയിരിക്കണം. ഗോവിന്ദന്റെ ധിഷണയെ ശരിക്കും മനസ്സിലാക്കിയ ഡോ. യു. ആർ. അനന്തമൂർത്തി, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ്ചാൻസലറായപ്പോൾ, ഡോക്ടറേറ്റ് ബിരുദം നൽകി ­ഗോവിന്ദനെ ആദരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ, ഇക്കാര്യം സർവ്വകലാശാലാ ഭരണസമിതികൾ ആലോചിച്ചപ്പോൾ വേറെ പത്തോളം പേർക്കുകൂടി ബിരുദം നൽകണമെന്ന് ആവശ്യമുന്നയിക്കപ്പെട്ടു എന്നും അതൊക്കെ കടുംകയ്യാവുമെന്ന് തോന്നിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചുവെന്നും അനന്തമൂർത്തി എന്നോടു പറഞ്ഞിരുന്നു.

ഗോവിന്ദന്റെ ധൈഷണികമേന്മ മനസ്സിലാക്കിയിട്ടുള്ള എന്നെപ്പോലുള്ളവർക്ക് അദ്ദേഹത്തിന്റെ രചനകളിലുള്ളതിനേക്കാൾ എത്രയോ അധികം ആശയങ്ങളും സങ്കൽപ്പങ്ങളും എഴുത്തിൽ പ്രകാശിപ്പിക്കപ്പെടാതെ ­പോയിട്ടു ണ്ടെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സുഹൃത്തുക്കളുമായി നിത്യമെന്നോണം നടന്നിരുന്ന ഗോവിന്ദന്റെ സംഭാഷണങ്ങൾ അത്രയേറെ സമ്പന്നമായിരുന്നു. ഈ പുസ്തകം രചിച്ച സി. ജെ. ജോർജ്ജ് ഗോവിന്ദൻ അവശേഷിപ്പിച്ച കൃതികളിലൂടെ അദ്ദേഹത്തിന്റെ ആശയങ്ങളുടെ സ്വഭാവവും മേന്മയും പ്രസക്തിയും കണ്ടെത്തുന്നു. അതേസമയത്ത് ഗോവിന്ദനെ നല്ലപോലെ പരിചയിച്ചിട്ടും മരണശേഷം അദ്ദേഹത്തെ തെറ്റായി വിലയിരുത്താൻ ചിലർ ശ്രമിച്ചിട്ടുണ്ട്. ഇത് ജോർജ്ജ് കാണുന്നുണ്ട്.

യു.ആർ. അനന്തമൂർത്തി / Photo: Wikimedia Commons

ഗോവിന്ദൻ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന കെ. സച്ചിദാനന്ദൻ ഗോവിന്ദനെ ചരമാനന്തരം അനുസ്മരിച്ചെഴുതിയത് ജോർജ്ജ് എടുത്തുകൊടുക്കുന്നുണ്ട്. ­ഗോവിന്ദൻ ഗ്രാംഷി പറഞ്ഞ തരത്തിലുള്ള ‘ഓർഗാനിക്' ബുദ്ധിജീവി ആവാത്തതുകൊണ്ട് അദ്ദേഹത്തിന്റെ അവസാനകാലത്ത് അപ്രസക്തനാവുകയും അതുകൊണ്ട് ഏകാകിയും ­മൗനിയുമാവുകയും ചെയ്തിരുന്നു എന്നാണ് സച്ചിദാനന്ദൻ എഴുതിയത്. അവസാനം വരെ ഗോവിന്ദനോടൊപ്പമുണ്ടായിരുന്ന ഒരാൾ എന്ന നിലയ്ക്ക് ഗോവിന്ദൻ അന്ത്യംവരെ ഏകാകിയോ മൗനിയോ ആയിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാം. പിന്നെ, പ്രസക്തിയുടെ കാര്യത്തിലുള്ള പ്രസ്താവനയും അബദ്ധമാണെന്നാണ് ജോർജ്ജിന്റെ ഗവേഷണം ­തെളിയിക്കുന്നത്.

ജോർജ്ജ് ഈ പുസ്തകത്തിൽ ഗോവിന്ദന്റെ രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികവുമായ നിലപാടുകളെ സൂക്ഷ്മതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയും ഒരു ബുദ്ധിജീവി എന്ന നിലയ്ക്കുള്ള ഗോവിന്ദന്റെ പ്രസക്തിയേയും വളർച്ചയേയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗോവിന്ദന്റെ സാംസ്‌കാരികമായ പ്രവർത്തനങ്ങളെ വിസ്മരിക്കാതെത്തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ആശയങ്ങളേയും വീക്ഷണങ്ങളേയും അനുധാവനം ചെയ്യാനാണ് ജോർജ്ജ് ശ്രമിക്കുന്നത്. ‘‘മനുഷ്യന്റെ ചിന്തയും ഭാവനയും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വാതായനങ്ങളാണ്'' എന്ന ‘‘സരളവും ഹൃദ്യവുമായ സംഗതി''യാണ് ഗോവിന്ദൻ മലയാളിസമൂഹത്തോട് പറഞ്ഞത് എന്ന് ജോർജ്ജ് തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തുന്നു. മനുഷ്യചരിത്രം കൂടുതൽക്കൂടുതൽ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഉണരലായിരുന്നു എന്നാണല്ലോ ഗോവിന്ദൻ കാണുന്നത്. ‘‘സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങളെത്തേടി മുന്നോട്ട്. അതാവട്ടെ നമ്മുടെ ജീവിതതത്വശാസ്ത്രം. പഴയ ആശയസംഹിതകൾ അന്വേഷണത്തിന് മാർഗ്ഗദർശകമായി ഭവിക്കുമെങ്കിൽ നല്ലത്. കഴിയുമെങ്കിൽ അവയുടെ സഹായത്തോടുകൂടി, വേണ്ടിവന്നാൽ അവയെ വലിച്ചെറിഞ്ഞ് പുതിയ ജീവിതവീക്ഷണത്തിന്റെ വെളിച്ചത്തിലൂടെ നമുക്ക് മുന്നോട്ടാഞ്ഞു നടക്കുകയേ ഗത്യന്തരമുള്ളൂ. തന്റെ വികാസത്തിന് പ്രതികൂലമായ പരിതസ്ഥിതികളെ മാറ്റിയും അഴിച്ചുകൂട്ടിയും പുതിയ ചുറ്റുപാടുകൾ നിർമ്മിച്ചു പുരോയാനം സമാരംഭിക്കുക. ഇതഃപര്യന്തമുള്ള മനുഷ്യചരിത്രം അതാണ് നിർദ്ദേശിക്കുന്നത്. ആ പാഠം ഇനിയും പ്രയോജനപ്പെടാതിരിക്കില്ല'', എന്നാണല്ലോ ഗോവിന്ദൻ തന്റെ നിലപാട് ചുരുക്കത്തിൽ അവതരിപ്പിച്ചെഴുതിയത്.

ഇന്നത്തെ ദുരവസ്ഥയിൽനിന്ന് മുന്നോട്ടുപോകാൻ ആവശ്യമായ സൂചനകളും കക്ഷിരഹിത ജനാധിപത്യം, അടിയാളരുടെ വിപ്ലവമുന്നേറ്റം തുടങ്ങിയതും ഗോവിന്ദന് നൽകാൻ കഴിഞ്ഞു.

ഗോവിന്ദന്റെ രാഷ്ട്രീയചിന്തയെ രാഷ്ട്രീയപ്രവർത്തകനെന്നപോലെ തത്വചിന്തകനുമായിരുന്ന എം. എൻ. റോയിയുടെ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഗോവിന്ദനെ ഒരു റോയിസ്റ്റ് മാത്രമായി ചുരുക്കിക്കാണുന്നത് അബദ്ധമായിരിക്കും. മനുഷ്യൻ മാത്രമല്ല, അവന്റെ പരിസ്ഥിതിയാവുന്ന മൃഗങ്ങളും മരങ്ങളും ചെടികളും ഇഴജന്തുക്കളും പുഴുക്കളുമെല്ലാം പ്രധാനമാണെന്ന ആശയത്തിലേയ്ക്ക് ഗോവിന്ദനെത്തിയിരുന്നു. അതേപോലെ സ്ത്രീയെ ഒതുക്കിനിർത്തുന്ന അവസ്ഥയിൽ പുരുഷൻ മുരടിക്കുമെന്നും ഗോവിന്ദൻ അറിഞ്ഞു.
‘‘ആണും പെണ്ണും എന്ന ദ്വൈതം അദ്വൈതമാവുമ്പോഴാണ് പുതിയ പിറവികൾ സംഭവിക്കുന്നത്. ഒന്നു മറ്റൊന്നിന് കീഴടങ്ങണമെന്ന സമ്പ്രദായം രണ്ടിന്റേയും സ്വാതന്ത്ര്യത്തെ സങ്കുചിതമാക്കുന്നു. പുരുഷന്റെ സ്വാതന്ത്ര്യം വികസ്വരമാകുന്നതു സ്ത്രീയുമായി സമതാഭാവം അവന്റെ അടിസ്ഥാനഭാവമായി തീരുമ്പോൾ മാത്രമാണ്. ഈ പൂർണ്ണതയിൽ താനെത്ര പരിശുദ്ധനും അനുഭൂതിസിദ്ധനും ആകുമെന്ന് പുരുഷന്റെ മേധാശക്തിക്ക് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ആ മേധാശക്തിക്ക് ആവശ്യമായ വിവേകം ഉദിച്ചിട്ടില്ലെന്നേ അർത്ഥമുള്ളൂ. പുരുഷന്റെ മേൽക്കോയ്മ എന്ന അവസ്ഥ അവൻ സ്വയം കെട്ടിപ്പുണരുന്ന ചങ്ങലക്കെട്ടാണ്'', എന്നൊക്കെ ഗോവിന്ദൻ എഴുതിയിട്ടുണ്ടല്ലോ.

ഇന്നത്തെ രീതിയിലുള്ള ജനാധിപത്യം കൊണ്ട് തൃപ്തിപ്പെടാൻ ­ഗോവിന്ദൻ തയ്യാറല്ലായിരുന്നു. രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ അടിച്ചും കടിച്ചും രൂപപ്പെടുന്ന ഭരണവ്യവസ്ഥയിൽ ജനഹിതം പരിമിതപ്പെടുമെന്ന റോയിയുടെ ചിന്ത വളരെ പ്രസക്തമാണെന്ന് ഗോവിന്ദൻ അറിഞ്ഞു. കക്ഷിരഹിത ജനാധിപത്യം എന്ന ലക്ഷ്യത്തിലേക്കാവണം നാം ­നീങ്ങുന്നതെന്ന്, അത് ഇന്നത്തെ നിലയിൽ എത്രത്തോളം വിഷമകരമാവുമെന്നറിഞ്ഞുകൊണ്ടുതന്നെ, ഗോവിന്ദൻ കരുതി. ഇന്നത്തെ ജനാധിപത്യത്തിന്റെ ­പോരായ്മകൾ കൃത്യമായും വ്യക്തമായും അദ്ദേഹം തിരിച്ചറിഞ്ഞു.

‘‘സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിനാകമാനം രൂപാന്തരം സംഭവിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രക്ഷോഭണത്തിന്റെ നിത്യഭക്ഷണം ഇപ്പോൾ ആശയാദർശങ്ങളല്ല. ആരോപണങ്ങളും ശകാരങ്ങളും ശക്തിപ്രകടനവുമാണ്. പറയുന്നവരുടെ മനസ്സും കേൾക്കുന്നവരുടെ മനസ്സും കൂടുതൽ ദുഷിക്കുന്നു. ദുഷിപ്പിൽനിന്ന് മുതലെടുക്കുന്നവർക്ക് ഇതൊരനുഗ്രഹമായി ഭവിക്കുന്നു. കൂലി പറ്റുന്ന രാഷ്ട്രീയപ്രവർത്തകർ എല്ലാ പാർട്ടികൾക്കും ­ഇന്നുണ്ട്. വേതനത്തിനുവേണ്ടി വേല ചെയ്യാതിരിക്കാൻ അവർക്കും നിവൃത്തിയില്ല. മറ്റവനിൽ ചെറ്റത്തരമാരോപിച്ച് അധിക്ഷേപിക്കുകയാണ് അവരുടെ ഉറ്റ കർത്തവ്യം. നേതാക്കന്മാർ അവർക്ക് പ്രോത്സാഹനങ്ങളും ­മുദ്രാവാക്യങ്ങളും നൽകുന്നു. രാഷ്ട്രീയത്തൊഴിലാളികൾക്ക് അവരുടെ ­ശ്വാസകോശമല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. സമാശ്വാസവും സമ്പാദ്യവും നേതാക്കന്മാർക്കാണ് - അധികാരം: ഇന്നല്ലെങ്കിൽ നാളെ, ചിലപ്പോൾ മറ്റന്നാളെങ്കിലും. ഈ ഇളകിയാട്ടവും ഇരുന്നനുഭവിക്കലുമാണ് ­രാഷ്ട്രീയപ്രവർത്തനത്തിന്റെ ഇന്നത്തെ മാർഗ്ഗവും ലക്ഷ്യവും'', എന്ന് 1967 ൽ ഗോവിന്ദനെഴുതി.

ഇത് ഇന്നലെ എഴുതിയതാണെന്ന് ആർക്കും തോന്നാം എന്നതാണ് ഇന്നത്തെ അവസ്ഥ. സൂക്ഷ്മദർശിയായ ഒരു നിരീക്ഷകനു ­മാത്രമേ ഈ വിധത്തിൽ നേരിനെ കാണാനാവൂ. ഗോവിന്ദൻ അതായിരുന്നു. പക്ഷെ, അതു മാത്രമായിരുന്നില്ല. ഇന്നത്തെ ദുരവസ്ഥയിൽനിന്ന് മുന്നോട്ടുപോകാൻ ആവശ്യമായ സൂചനകളും കക്ഷിരഹിത ജനാധിപത്യം, അടിയാളരുടെ വിപ്ലവമുന്നേറ്റം തുടങ്ങിയതും ഗോവിന്ദന് നൽകാൻ കഴിഞ്ഞു. ഗോവിന്ദനെ സമഗ്രമായി കാണുന്നതാണ് ഈ പുസ്തകം. ദീർഘകാലത്തെ തിരയലുകളും ചികയലുകളും ആലോചനയും തെരഞ്ഞെടുപ്പും ഈ പഠനം രചിക്കാൻ ആവശ്യമായിട്ടുണ്ടെന്നുറപ്പിക്കാം. തന്റെ ആശയങ്ങളും സങ്കല്പങ്ങളും അന്വേഷിച്ച് കണ്ടെത്താനും ­പ്രചരിപ്പിക്കാനും തനിക്കുശേഷം യുവാക്കൾ മുന്നോട്ടുവരുമെന്ന് ­ഗോവിന്ദൻ ഉറച്ചുവിശ്വസിച്ചിരുന്നു. ആ വിശ്വാസവും പിഴച്ചിട്ടില്ലെന്ന് ഈ പുസ്തകം തെളിയിക്കുന്നു. ▮

​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. എം. ഗംഗാധരൻ

സാംസ്‌കാരിക വിമർശകൻ, ചരിത്ര പണ്ഡിതൻ. നിരൂപണം പുതിയ മുഖം, മലബാർ റബല്യൻ 1921-22 (ഇംഗ്ലീഷ്), മാപ്പിള പഠനങ്ങൾ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments