ദിലീപ് രാജ്

കേരള സർക്കാർ ഒരു പുസ്തകനയം ഉണ്ടാക്കണം

കേരളത്തിൽ പുസ്തക പ്രസാധനത്തിലും പുസ്തകശാലകളിലും പണം നിക്ഷേപിക്കുന്നവർക്ക്, മറ്റു ബിസിനസുകളിലുള്ളത്പോലെ വലിയ ലാഭമൊന്നും കിട്ടുന്ന അവസ്ഥയില്ല. അതുകൊണ്ടുതന്നെയാണ് ഗവണ്മെൻറിന്റെ പിന്തുണ അനിവാര്യമാവുന്നത്.

സിനിമ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് കേരള സർക്കാർ സാമ്പത്തിക സഹായം നൽകാൻ തീരുമാനിക്കുകയും അതിനർഹരായവരെ കണ്ടെത്തി പ്രഖ്യാപിക്കുകയും ചെയ്തത് ശ്‌ളാഘനീയമാണ്. സിനിമ, ലാഭാധിഷ്ഠിതമായ ഒരു വ്യവസായമാണെങ്കിലും അതിന്റെ സാംസ്‌കാരിക ദൗത്യം പരിഗണിച്ചാണല്ലോ ഇത്തരത്തിൽ സർക്കാർ പിന്തുണ നൽകുന്നത്. ഇനി നമുക്ക് വേറൊരു ചിന്താ പരീക്ഷണം നടത്തി നോക്കാം: ഒരു സിനിമയുണ്ടാക്കാൻ സഹായമായി നൽകുന്ന അത്രയും പണം, ശ്രദ്ധയോടുകൂടി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രൊപ്പോസലുകൾ ക്ഷണിച്ച് (മൗലിക കൃതികളോ മറ്റു ഭാഷകളിൽ നിന്നുള്ള തർജ്ജമകളോ) സ്വതന്ത്ര പ്രസാധകർക്ക് നൽകുന്നു. 50,000 രൂപ വെച്ച് ഒരു പുസ്തകത്തിന് കൊടുക്കുകയാണെങ്കിൽ തന്നെ ചുരുങ്ങിയത് 200 പുസ്തകങ്ങൾ നിർമിക്കാം !

എന്തിനാണ് ആൾക്കാർക്ക് പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ പണം നൽകുന്നത്? അവർ സ്വന്തം പൈസയ്ക്ക് പ്രസിദ്ധീകരിച്ചാൽ പോരേ? ഇതിനുള്ള ഉത്തരം കണ്ടെത്തിയാൽ മലയാള പുസ്തക പ്രസാധന - വിൽപനാ രംഗങ്ങളിലെ സമകാല സ്ഥിതിയുടെ യാഥാർഥ്യ പൂർണമായ ഒരു വിലയിരുത്തലാവും. സിനിമയെ അപേക്ഷിച്ച് അതിനേക്കാൾ കൂടുതൽ ഈ പ്രദേശത്തെ സംസ്‌കാരത്തിന് സംഭാവന നൽകുന്ന ഒന്നാണ് പുസ്തകങ്ങൾ. പത്ര മാധ്യമങ്ങളെപ്പോലെ പരസ്യത്തിൽ ആശ്രയത്വം പുലർത്തുന്നതോ സിനിമയെപ്പോലെ വലിയ ആസ്വാദകവൃന്ദം അനിവാര്യമായതോ ആയ വ്യവസായമല്ല ഇത്. അതുകൊണ്ടുതന്നെ പുത്തൻ ആശയങ്ങളുടെ പ്രകാശനത്തിന്റെ ശക്തമായ വേദിയായി നിൽക്കാൻ അതിനു കഴിയും. ഒരു ആഴ്ചപ്പതിപ്പ് പേടിച്ച് പ്രസിദ്ധീകരണം നിർത്തുന്ന നോവൽ ധൈര്യപൂർവം പ്രസിദ്ധീകരിക്കാൻ പുസ്തക പ്രസാധകർക്ക്​ സാധിക്കുന്നത് ഇതുകൊണ്ടാണ്.

പുസ്തകം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. സംസ്‌കാര മണ്ഡലം അങ്ങനെ തന്നെ സ്വകാര്യ മൂലധനത്തിന്റെ യുക്തികൾക്കു വിട്ടു കൊടുത്ത ഒരു നാട്ടിലും എന്തെങ്കിലും ഗുണപരമായ കാര്യങ്ങൾ ഉണ്ടായിട്ടില്ല.

കേരളത്തിൽ പുസ്തക പ്രസാധനത്തിലും പുസ്തകശാലകളിലും പണം നിക്ഷേപിക്കുന്നവർക്ക് മറ്റു ബിസിനസുകളിലേതുപോലെ വലിയ ലാഭമൊന്നും കിട്ടുന്ന അവസ്ഥയില്ല. അതുകൊണ്ടുതന്നെയാണ് ഗവണ്മെൻറിന്റെ പിന്തുണ അനിവാര്യമാവുന്നത്. പുസ്തകം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. സംസ്‌കാര മണ്ഡലം അങ്ങനെ തന്നെ സ്വകാര്യ മൂലധനത്തിന്റെ യുക്തികൾക്കു വിട്ടു കൊടുത്ത ഒരു നാട്ടിലും എന്തെങ്കിലും ഗുണപരമായ കാര്യങ്ങൾ ഉണ്ടായിട്ടില്ല. ഗവണ്മെന്ററുകൾ വ്യക്തമായ നയങ്ങൾ രൂപീകരിക്കുകയും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള നാടുകളിൽ എല്ലാ എതിരൊഴുക്കുകളെയും മറികടന്ന് സജീവമായ പുസ്തക സംസ്‌കാരം നിലനിൽക്കുന്നുണ്ടുതാനും.

വളരെ ചെറിയ തീരുമാനങ്ങൾ പോലും സ്വതന്ത്ര പുസ്തക പ്രസാധകരെയും വില്പനക്കാരെയും നിലനിൽക്കാനും വളരാനും സഹായിക്കും എന്നതാണ് വാസ്തവം. ഇതെഴുതുമ്പോൾ ലൈബ്രറി കൗൺസിൽ പുസ്തകമേളകൾ പല ജില്ലകളിലും നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ജില്ലയിലും ചുരുങ്ങിയത് 8000 രൂപ സ്റ്റാൾ റെൻറ്​ കൊടുക്കണം ഓരോ പ്രസാധകരും. താമസവും മറ്റു ചെലവും വേറെ. ഗ്രന്ഥ ശാലകളിൽ ആധിപത്യം ചെലുത്തുന്ന ‘ബെസ്റ്റ് സെല്ലർ ' മനോഭാവം നിമിത്തമുണ്ടാവുന്ന നിരാശയും ആത്മനിന്ദയും അനുഭവിച്ച് ഒരു കൂട്ടം പ്രസാധകർ എല്ലാ ജില്ലയിലും വന്ന്​ പങ്കെടുക്കുന്നുണ്ട്. കടം വാങ്ങിയും കടം പറഞ്ഞും പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രതിബന്ധങ്ങളെ നേരിട്ട് പിടിച്ചു നിൽക്കുന്നുണ്ട്. താഴെ പറയുന്ന സാദ്ധ്യതകൾ വെറുതെ ആലോചിച്ചു നോക്കുക. ഈ മേഖലയിൽ വളരെ വലിയ ദിശാ വ്യതിയാനത്തിന് അത് വഴി വെച്ചേക്കും,

കേരളത്തിൽ പുസ്തക പ്രസാധനത്തിലും പുസ്തകശാലകളിലും പണം നിക്ഷേപിക്കുന്നവർക്ക് മറ്റു ബിസിനസുകളിലേതുപോലെ വലിയ ലാഭമൊന്നും കിട്ടുന്ന അവസ്ഥയില്ല. അതുകൊണ്ടുതന്നെയാണ് ഗവണ്മെൻറിന്റെ പിന്തുണ അനിവാര്യമാവുന്നത്. പുസ്തകം ഒരു രാഷ്ട്രീയ പ്രശ്‌നമാണ്.

1 . പ്രസാധകർക്ക് സ്റ്റാൾ റെൻറ്​ സൗജന്യമാക്കുന്നു. അല്ലെങ്കിൽ മൂന്നിലൊന്നായി കുറയ്ക്കുന്നു. മേളയുടെ നടത്തിപ്പിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നു.
2. പുതിയ കാലത്തിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് ഇത്തരം പുസ്തകമേളകളുടെ സമ്പ്രദായം തന്നെ മാറ്റുന്നു. ഒരു പൊതുമേഖലാ ഓൺലൈൻ പ്ലാറ്റഫോം ഉണ്ടാക്കി അതു വഴി ഓരോ ലൈബ്രറിയ്ക്കും പുസ്തകങ്ങൾ തെരഞ്ഞെടുക്കാനും വാങ്ങാനും സാധിക്കുന്ന സംവിധാനം ഏർപ്പെടുത്തുക. അവിടെ ഒരു പബ്ലിഷറിൽ നിന്ന്​ ഒരു ലൈബ്രറിയ്ക്ക് വാങ്ങാവുന്ന പുസ്തകങ്ങൾക്ക് പരിധി നിശ്ചയിക്കുക. ഡിസ്‌കൗണ്ട് യുദ്ധങ്ങൾ / പിടിവലികൾ അവസാനിപ്പിക്കും വിധം എല്ലാവർക്കും ഒരേ ഡിസ്‌കൗണ്ട് നിശ്ചയിക്കുക. അങ്ങനെ വരുമ്പോൾ വലുതുകളുടെ അതിജീവനം എന്നതിന് പകരം വൈവിധ്യങ്ങളുടെ നിലനിൽപ്പും അതിജീവനവും സാധ്യമാവും. മൊത്തം ഫണ്ടിന്റെ (ഇത് കോടികളാണ് ) ഒരു ശതമാനം നാടകം, കവിത, രാഷ്ട്രീയം, തത്വചിന്ത തുടങ്ങിയ ഴാനറുകൾക്കായി നീക്കിവെക്കുക. റിസ്‌ക്ക് എടുക്കാനുള്ള പിന്തുണയാണ് ആവശ്യം. ബെസ്റ്റ് സെല്ലർ സംസ്‌കാരത്തിന്​ സർക്കാർ സഹായം കൂടി നൽകലല്ല, ഇനി അക്കാദമിക രംഗത്തെ പുസ്തകം വാങ്ങലാണെങ്കിലും സർക്കാരിന് വ്യക്തമായ നയത്തിലൂടെ അക്കാദമിക സമുദായത്തിനെ ശാക്തീകരിക്കാൻ സാധിക്കും. ഡിസ്‌കൗണ്ട് യുദ്ധങ്ങളിലൂടെ പൊതു ഫണ്ട് ചിലരുടെ കീശയിൽ ചെന്നെത്തുന്ന വിധത്തിൽ അക്കാദമിക സമുദായത്തിന് അവർക്കാവശ്യമുള്ള പുസ്തകങ്ങൾ വേണ്ട സമയത്ത് വാങ്ങാൻ അനുവദിക്കാത്ത ഒരു സംവിധാനമാണ് ഇപ്പോഴുള്ളത്. പൊതുവിൽ സർക്കാർ ഫണ്ടുപയോഗിച്ചുള്ള പുസ്തകം വാങ്ങൽ യാതൊരു നയവുമില്ലാതെ വെറും ചടങ്ങായി നടന്നു വരികയാണ്.

കേരളത്തിലുള്ള പ്രധാനപ്പെട്ട വ്യത്യാസം, സർക്കാർ വലിയ ഒരു ഉപഭോക്താവ് കൂടിയാണ് എന്നതാണ്. സർക്കാർ ഉണ്ടാക്കുന്ന ചെറിയ നയങ്ങൾക്കുപോലും വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കും. ഒരു തരത്തിലുമുള്ള മോണോപ്പളി അനുവദിക്കരുത്.

കണ്ണൂരിൽ നടക്കുന്ന ലൈബ്രറി കൗൺസിൽ മേളയിൽ നൂറോ നൂറ്റിരുപതോ പ്രസാധകർ പങ്കെടുക്കാറുണ്ട്. എ പ്ലസ് മുതൽ പല ഗ്രെയ്ഡുകളിലായി ആയിരത്തിനടുത്ത് ലൈബ്രറികൾ പുസ്തകം വാങ്ങുന്നുണ്ട്. അവിടെ മാത്രം മേൽ നയങ്ങൾ നടപ്പായാൽ ചുരുങ്ങിയത് നൂറു ചെറു പ്രസാധകർക്ക് ഒരു വർഷം പിടിച്ചു നിൽക്കാനാവും. കൽക്കത്ത ബുക്ക് ഫെയറിലും ചെന്നൈ ബുക്ക് ഫെയറിലുമൊക്കെ തങ്ങളുടെ ചില പുസ്തകങ്ങളുടെ ആദ്യ പ്രിൻറ്​ റൺ വിറ്റു തീർക്കുന്ന പ്രസാധകർ ഏറെയാണ്. എന്നു വെച്ചാൽ പത്തു ദിവസം കൊണ്ട് ആയിരവും രണ്ടായിരവും കോപ്പികൾ. കേരളത്തിലുള്ള പ്രധാനപ്പെട്ട വ്യത്യാസം, സർക്കാർ വലിയ ഒരു ഉപഭോക്താവ് കൂടിയാണ് എന്നതാണ്. സർക്കാർ ഉണ്ടാക്കുന്ന ചെറിയ നയങ്ങൾക്കുപോലും വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിക്കും. ഒരു തരത്തിലുമുള്ള മോണോപ്പളി അനുവദിക്കരുത്.

സാംസ്‌കാരിക വൈവിധ്യത്തിൽ തല്പരരായ എല്ലാവരും വിചാരിച്ചാൽ കേരളത്തിലെ പുസ്തക പ്രസാധന- വില്പനാ രംഗത്ത് മറ്റെങ്ങുമില്ലാത്ത കാര്യങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദിലീപ്​ രാജ്​

എഴുത്തുകാരൻ, പ്രഭാഷകൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ‘പെൻഗ്വിൻ ഇന്ത്യ’യിൽ റസിഡൻറ്​ എഡിറ്റർ (മലയാളം) ആയിരുന്നു. ഗുരുചിന്തന: ഒരു മുഖവുര, ഇ- ലേണിങ്​: എന്ത്​, എങ്ങനെ (എഡിറ്റർ), റാണിമാർ പദ്​മിനിമാർ: മലയാളി സ്​ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങൾ (എഡിറ്റർ, റിമ കല്ലിംഗലുമൊത്ത്​) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments