എം. കുഞ്ഞാമന്റെ ഈ അതിജീവനക്കുറിപ്പുകൾ താൻ നേരിട്ട ഭീകരമായ പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പൊരുതി ഉയർന്നു വന്നതിന്റെയും അതോടു ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരുന്ന സ്വതന്ത്രമായ ബൗദ്ധികാന്വേഷണങ്ങളുടെയും ഒരു ക്രോഡീകരണമാണ്. പരാജയപ്പെട്ട, വ്യവസ്ഥിതിയിൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ വിചാരങ്ങളാണ് ഈ കുറിപ്പുകളിലുള്ളതെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും നേരെ തിരിച്ചുള്ള അനുഭവമാണ് ഇത് വായിച്ചപ്പോൾ എനിക്കുണ്ടായത്.
ഒരു ദലിതന്റെ അങ്ങേയറ്റം പരിതാപകരമായ ഭൗതികസാഹചര്യങ്ങളോട് പൊരുതിക്കൊണ്ട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന യു.ജി.സി.യുടെ ഉന്നതാധികാര സമിതിയിൽ ദീർഘകാലം പ്രവർത്തിക്കുന്നിടം വരെ അദ്ദേഹം എത്തുകയുണ്ടായി. പൊരുതി വിജയിച്ചതിന്റെയും മുന്നേറിയതിന്റെയും കഥയാണിത്. അതുകൊണ്ടുതന്നെ അസാധാരണമായ പ്രതികൂലാവസ്ഥകളെ നേരിട്ടുകൊണ്ട് മുന്നേറാൻ ശ്രമിക്കുന്നവർക്ക് ഈ കുറിപ്പുകൾ പ്രചോദനമാവുകയും ചെയ്യും. സാധാരണഗതിയിൽ കടുത്ത ദാരിദ്ര്യത്തെയും മറ്റു പ്രതികൂലാവസ്ഥകളെ യും അഭിമുഖീകരിച്ചുകൊണ്ട് ഉയർന്നു വന്നിട്ടുള്ളവർ അധികപക്ഷവും തങ്ങളുടെ ഭൂതകാല പീഡിതാവസ്ഥകൾ മൂടിവെക്കുകയാണ് പതിവ്. പഴയ അനുഭവങ്ങൾ തങ്ങളുടെ പുതിയ പദവികൾക്ക് അപമാനമായി ഭവിക്കും എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം ഒളിച്ചുകളികൾ.
എന്നാൽ ഇവിടെ ഈ അതിജീവനക്കുറിപ്പുകളിൽ ചെയ്തിട്ടുള്ളത് തന്റെ തീക്ഷ്ണമായ പീഡാനുഭവങ്ങളെ തികഞ്ഞ സത്യസന്ധതയോടെ അവതരിപ്പിക്കുകയാണ്. സാധാരണക്കാർക്ക് കഴിയാത്ത രീതിയിലുള്ള സാമൂഹ്യപ്രതിബദ്ധതയാണ് ഇവിടെ ദൃശ്യമാവുന്നത്. തന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സംഭവത്തെക്കുറിച്ച് കുഞ്ഞാമൻ പറയുന്നുണ്ട്. കുട്ടികൾക്ക് ഭയവും ബഹുമാനവും ഉണ്ടായിരുന്ന, നാട്ടിലെ പ്രമാണി കൂടിയായിരുന്ന മൂന്നാംക്ലാസിലെ ഒരധ്യാപകൻ കുഞ്ഞാമനെ പേര് വിളിക്കില്ല, പാണൻഎന്നേ വിളിക്കൂ. ഒരു ദിവസം സഹികെട്ട ആ മൂന്നാം ക്ലാസുകാരൻ ‘സാർ എന്നെ ജാതിപ്പേര് വിളിക്കരുത് കുഞ്ഞാമൻ എന്ന് വിളിക്കണം’ എന്ന് പറഞ്ഞു. ‘എന്താടാ ജാതിപ്പേര് വിളിച്ചാൽ’ എന്ന് ചോദിച്ചുകൊണ്ട് ആ പ്രമാണി ആ വിദ്യാർഥിയുടെ ചെകിട്ടത്ത് ആഞ്ഞടിക്കുകയും ചെയ്തു. അയാൾ ‘പുസ്തകം എവിടെടാ’ എന്ന് ചോദിച്ചതിനു ‘ഇല്ലെന്നു’ മറുപടി പറഞ്ഞപ്പോൾ കഞ്ഞി കുടിക്കാനാണ് വന്നത്, പഠിക്കാനല്ല എന്നായി അയാളുടെ പരിഹാസം. അതോടെ കുഞ്ഞാമൻ സ്കൂളിൽ നിന്നുള്ള കഞ്ഞികുടി നിർത്തുകയും പഠിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതൊരു സാധാരണ തീരുമാനമായിരുന്നില്ല. കുഞ്ഞാമന്റെ പിൽക്കാല ജീവിതത്തെ മുഴുവൻ മാറ്റി മറിച്ച ദൃഡനിശ്ചയമായിരുന്നു അത്. കുഞ്ഞാമന്റെ അസാമാന്യമായ ബൗദ്ധിക വളർച്ചക്കുപിന്നിൽ ആ ദൃഢനിശ്ചയം വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് കാണാം. തന്റെ സമൂഹം തനിക്കു തന്നത് ദാരിദ്ര്യം, ഭയം, അപകർഷതാബോധം, ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ എന്നിവയാണെന്ന് ആവർത്തിക്കുന്ന ഗ്രന്ഥകാരൻ ഉയർന്ന ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പി ക്കുന്ന അനവധി സന്ദർഭങ്ങൾ ഈ അതിജീവനക്കുറിപ്പുകളിൽ തന്നെ കാണാം.
സാമ്പത്തികശാസ്ത്രത്തിൽ എം.എ.ക്ക് ഒന്നാം റാങ്ക് നേടിയ ശേഷം രണ്ടു വർഷം തൊഴിലിനു വേണ്ടി അലഞ്ഞുതിരിഞ്ഞതിനു ശേഷമാണ് തിരുവനന്തപുരത്തെ സി.ഡി.എസിൽ എം.ഫിലിനു ചേരുന്നത്. സി. ഡി.എസ് മേധാവിയായിരുന്ന ഡോ.കെ.എൻ. രാജുമായിട്ടുള്ള ഒരു സംഭാഷണം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘താങ്കൾ എന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ സ്കൂൾ ഫൈനൽ പരീക്ഷ പാസാകില്ലായിരുന്നു. ഞാൻ താങ്കളുടെ സ്ഥാനത്ത് ആയിരുന്നുവെങ്കിൽ ഒരു നോബൽ സമ്മാന ജേതാവായേനെ. ഈ വ്യത്യാസം നമ്മൾ തമ്മിലുണ്ട്.’
ഇത് രാജിനെ ചൊടിപ്പിച്ചു എന്നും അത് തനിക്കു പ്രശ്നമായിരുന്നില്ലെന്നും കുഞ്ഞാമൻ കൂട്ടി ചേർക്കുന്നുണ്ട്. ഉയർന്ന ആത്മവിശ്വാസവും തികഞ്ഞ കൂസലില്ലായ്മയും ഉള്ള ഒരാൾക്ക് മാത്രമേ ഡോ. രാജിനെപ്പോലുള്ള ഒരു അതികായനോട് ഇങ്ങിനെ പ്രതികരിക്കാൻ കഴിയൂ. സമാനസ്വഭാവമുള്ള സംഭവങ്ങൾ ഏറെയുണ്ട്. ജീവിതത്തിലുടനീളം അനേകം പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട സ്വന്തം അനുഭവങ്ങൾ വിവരിക്കുമ്പോൾ തന്നെ താൻ ആത്മവിശ്വാസമില്ലാത്ത ആളാണെന്നു ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമല്ല ഇത്.
ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾ കൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്കു എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്‌കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽ തന്നെയേ ഉൾക്കൊള്ളാനാവുകയുള്ളൂ.
ആഗോളവത്കരണവും അതിൻറെ ഭാഗമായി ഉയർന്നുവന്ന ലിബറൽ നയങ്ങളും ഇന്ത്യയിൽ ദലിത് സമൂഹത്തിനു ഗുണകരമായി തീരുകയായിരുന്നു എന്ന കുഞ്ഞാമന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ആഗോളവൽക്കരണവും ലിബറൽ നയങ്ങളും ദലിതുകൾക്ക് ഉപയോഗ പ്പെടുത്താൻ കഴിയും വിധം പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്. വർണജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാൻ ഇത്തരം പുതിയ സാധ്യതകൾ ദലിതർക്ക് സഹായകമാവുകയാണ് ചെയ്തിട്ടുള്ളത്.
സൈദ്ധാന്തിക സൂക്ഷ്മതയോടെ മനസ്സിലാക്കിക്കൊണ്ടാണോ ഗ്രന്ഥകാരൻ മാർക്സിസത്തെ അംഗീകരിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതെന്ന് വ്യക്തമല്ല. തൊഴിലാളികളുടെയും മറ്റ് അദ്ധ്വാനിക്കുന്ന വിഭാഗങ്ങളുടെയും പക്ഷം പിടിക്കുന്ന സിദ്ധാന്തം എന്ന പരിഗണനയാണ് അതിന് നൽകിയിട്ടുള്ളതെന്ന് കാണാം. എന്നാൽ ആഗോളതലത്തിൽ കമ്മ്യൂണിസ്റ്റ് പരീക്ഷണങ്ങൾ തകർന്നതിനെക്കുറിച്ചു പരാമർശങ്ങളൊന്നും കാണാനുമില്ല. അതേസമയം, കമ്യൂണിസ്റ്റ് നേതാക്കൾക്ക് സംഭവിച്ചിട്ടുള്ള അപചയം ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ അധഃപ്പതനം വരച്ചുകാട്ടുന്നുമുണ്ട്.
സമ്പത്തുള്ളവർക്ക് മാത്രമേ അധികാരവും പദവികളും നേടാനാകൂ എന്നൊരു നിലപാട് ഈ അതിജീവനക്കുറിപ്പുകളിൽ നിരന്തരം ആവർത്തി ച്ചുകൊണ്ടിരിക്കുന്നത് കാണാം. പൊതുവിൽ ആ നിലപാട് ശരിയാണെങ്കിലും എത്രയോ അപവാദങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഡോ. അംബേദ്‌കറും അയ്യങ്കാളിയും തുടങ്ങി മർദ്ദിതജനവിഭാഗങ്ങൾക്ക് വേണ്ടി പൊരുതി ഉയർന്നുവന്ന എത്രയോ ചരിത്രപുരുഷന്മാരുണ്ട്. സമ്പത്തൊന്നുമില്ലാതെ പോരാട്ടവീര്യം കൊണ്ടുമാത്രം ഉയർന്നുവന്നവരാണ് അവരെല്ലാം. ഈ ഗ്രന്ഥകർത്താവിന് അറിയാത്തതല്ല ഇതൊന്നും. സമ്പത്തില്ലാത്തതിന്റെ പേരിൽ ചെറുപ്പകാലത്ത് തനിക്കുനേരിടേണ്ടിവന്ന ഭീകരാനുഭവങ്ങളെ മുൻനിർത്തിക്കൊണ്ട് അപവാദങ്ങൾക്കപ്പുറമുള്ള പൊതുതത്വം സ്ഥാപിച്ചെടുക്കാനാണ് ഗ്രന്ഥകർത്താവ് ശ്രമിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പക്ഷെ കുഞ്ഞാമന്റെ തന്നെ ഉയർച്ചക്ക് ആധാരം സമ്പത്തല്ല ബുദ്ധിശക്തി ആണെന്ന് വ്യക്തമാണല്ലോ. ജന്മനാ കുഞ്ഞാമന് ലഭിച്ച അസാമാന്യമായ ബുദ്ധിശക്തി തന്നെയാണ് അദ്ദേഹത്തെ വിജയങ്ങളിലേക്ക് നയിച്ചത്. സാമൂഹ്യ സാമ്പത്തിക- രാഷ്ട്രീയപ്രശ്നങ്ങളെ ക്കുറിച്ചുള്ള അവ്യവസ്ഥിതമായ ഒരു ചർച്ചയുടെ രൂപത്തിലേക്ക് ഈ കൃതിയുടെ ഉള്ളടക്കം മാറുന്നുണ്ട്. ആശയങ്ങൾകെട്ടുപിണഞ്ഞുകിടക്കുന്നത് കൊണ്ട് അവയെ വേർതിരിച്ചെടുത്തു പരിശോധിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ഏതാനും വിഷയങ്ങൾ തിരഞ്ഞെടുത്ത് മുകളിൽ അഭിപ്രായങ്ങൾ പറഞ്ഞത്.
ഈ അതിജീവനക്കുറിപ്പുകൾ അയത്നലളിതമായി വായിച്ചുപോകാൻ കഴിയുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ദലിത് സമൂഹത്തിൽ പെട്ടവർക്ക് മാത്രമല്ല, ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന എല്ലാവർക്കും പ്രചോദനമേകാൻ ഈ പുസ്തകത്തിനു കഴിയുമെന്ന് നിസ്സംശയം പറയാം.