കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് പി. കൃഷ്ണപിള്ള. ജനങ്ങൾ അദ്ദേഹത്തെ 'സഖാവ്' എന്നു വിളിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ന് ഈ കാണുന്ന നിലയിലേക്ക് എത്തിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചത് സഖാവാണ്. സത്യത്തിൽ കൃഷ്ണപിള്ള ഒരു ഒഴുക്കായിരുന്നു; കാലത്തിനൊത്ത്, എന്നാൽ കാലത്തെത്തന്നെയും ജീവസ്സുറ്റതാക്കി മാറ്റാൻ ഉതകിയ ഒഴുക്ക്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കും അണികളിലേക്കുമൊക്കെ പലരും എത്തിച്ചേർന്നത് ആ ഒഴുക്കിൽപ്പെട്ടിട്ടാണ് എന്നു പറയാം. ജനജീവിതങ്ങളുടെ കടലാഴങ്ങളിലേക്ക്, ജനാധിപത്യ പൊതുബോധത്തിന്റെ പരപ്പിലേക്ക് കാലത്തെ നയിച്ച ഒഴുക്ക്. ആ ഒഴുക്കിനോടൊപ്പം നീന്തി, പൊന്നാനിയുടെ തീരമാകെ ഇരമ്പിയാർത്ത, കേരളമാകെ അതിന്റെ അലയൊലികൾ പടർത്തിയ നേതാവാണ് ഇമ്പിച്ചി ബാവ.
ഹൈസ്കൂൾ പഠനത്തിന് ഇമ്പിച്ചി ബാവയെ കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ ചേർത്ത കാലം. എട്ടാംതരത്തിൽ പഠിക്കുന്ന അബ്ദുറഹ്മാന്റെ അനുയായി എന്ന നിലയ്ക്ക് ഇമ്പിച്ചി ബാവ സുഭാഷ്ചന്ദ്ര ബോസിൽ ആകൃഷ്ടനായി. അബ്ദുറഹ്മാൻ സാഹിബിന് സുഭാഷ്ചന്ദ്ര ബോസുമായി നല്ല അടുപ്പമുണ്ടായിരുന്നു. ബോസായിരുന്നു സാഹിബിന്റെ നേതാവ്. സുഭാഷ്ചന്ദ്ര ബോസിനെ പരസ്യമായി വിചാരണ ചെയ്യുന്നത് പൊതുതാത്പര്യത്തിന് ദോഷകരമാകുമെന്നു കണ്ട്, അദ്ദേഹത്തിന്റെ സഹോദരന്റെ വസതിയിൽ അദ്ദേഹത്തെ തടങ്കലിൽവെച്ചതിനെതിരെ പ്രതിഷേധിക്കാൻ രാജ്യവ്യാപകമായി 1936 മേയ് 10 സുഭാഷ് ദിനമായി ആചരിച്ചപ്പോൾ കേരളത്തിൽ അബ്ദുറഹ്മാൻ സാഹിബ് അതിന് നേതൃത്വം കൊടുത്തു. പിന്നീട് കോൺഗ്രസ്സിൽ നിന്ന് 1939-ൽ ബോസ് ഫോർവേഡ് ബ്ലോക്ക് രൂപവത്കരിച്ചപ്പോൾ അബ്ദുറഹ്‌മാൻ സാഹിബ് അതിന്റെ അഖിലേന്ത്യാ പ്രവർത്തകസമിതിയിൽ അംഗമായി. പിന്നീട് സാഹിബ് തന്നെ ഫോർവേഡ് ബ്ലോക്കിന്റെ കേരളഘടകവും രൂപവത്കരിച്ചു. ഇങ്ങനെ അബ്ദുറഹ്മാൻ സാഹിബിലൂടെ സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചും കോൺഗ്രസ്സിൽ നിന്നു ഭിന്നമായ അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും ഇമ്പിച്ചി ബാവ മനസ്സിലാക്കി. അതിൽ ആകൃഷ്ടനായ അദ്ദേഹം, വിദ്യാർത്ഥിയായിരിക്കെ സുഭാഷ്ചന്ദ്ര ബോസിനെപ്പോലെ വേഷം ധരിച്ച് നടക്കാനാരംഭിച്ചു. അഖിലേന്ത്യാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ്ചന്ദ്ര ബോസിനെതിരായി ഗാന്ധിജിയുടെ പിന്തുണയോടെ പട്ടാഭി സീതാരാമയ്യ മത്സരിച്ചിരുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ പലയിടങ്ങളിലും പട്ടാഭി സീതാരാമയ്യയുടെ പര്യടനമുണ്ടായിരുന്നു. പൊന്നാനി ചന്തപ്പടിയിൽ ആഴ്ചച്ചന്ത നടന്നിരുന്നിടത്താണ് പട്ടാഭി സീതാരാമയ്യയുടെ സമ്മളനത്തിന് വേദിയൊരുക്കിയിരുന്നത്. 1938ൽ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച സുഭാഷ്ചന്ദ്ര ബോസിന് സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ലിബറൽ ചിന്താഗതിക്കാരും മറ്റുമടങ്ങുന്ന ഇടതുപക്ഷഗ്രൂപ്പ് പിന്തുണ നൽകിയിരുന്നു. ഇമ്പിച്ചി ബാവയും കൂട്ടരും അന്ന് ചന്തപ്പടിയിലെ സമ്മേളനസ്ഥലത്ത് പ്രതിഷേധം നടത്തി. 'ഇമ്പിച്ചി ബാവയുടെ കീഴിൽ ഒരു സംഘം ചെറുപ്പക്കാർ വിപ്ലവനൃത്തംവെച്ചു' എന്ന് അന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
ഖദർ ജുബ്ബയും ഷാളും തൊപ്പിയുമെല്ലാമായി നടന്ന് സഹപാഠികളിൽ ദേശീയബോധം വളർത്താൻ ശ്രമിക്കുന്ന ഇമ്പിച്ചി ബാവ, തനി യൂറോപ്യൻ രീതിയിൽ സ്കൂൾ ഭരിച്ചിരുന്ന ഫാദർ ഗിലാഡിക്ക് തലവേദനയായി. എന്നാൽ, അദ്ദേഹത്തിന്റെ നേതൃപാടവം ഫാദറിനെ ആകർഷിക്കുകയും ചെയ്തിരുന്നു. ഇക്കാലത്താണ് കൃഷ്ണപിള്ള ഇമ്പിച്ചി ബാവയിലെ വിപ്ലവകാരിയെ കൂടുതൽ അടുത്തറിയുന്നതും ഗൗരവത്തോടെ പാർട്ടിപ്രവർത്തനങ്ങളിലേക്ക് കൂടെക്കൂട്ടുന്നതും.
പൊന്നാനി എ.വി. സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ സാമൂഹികപ്രതിബദ്ധത ഇമ്പിച്ചി ബാവയിൽ ആവോളമുണ്ടായിരുന്നു. 1935-ൽ സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ ക്വറ്റയിൽ ഭൂകമ്പമുണ്ടായി, കനത്ത നാശനഷ്ടങ്ങൾക്കിടയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്നത്തെ അദ്ധ്യക്ഷനായിരുന്ന ബാബു രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ടുപിരിവ് നടന്നു. ഫണ്ടുപിരിവിനായി അദ്ദേഹം പൊന്നാനിയിലും എത്തി. അന്ന് ഇമ്പിച്ചി ബാവ പഠിച്ചിരുന്ന എ.വി. ഹൈസ്കൂളിൽ വെച്ചായിരുന്നു പൊതുയോഗം ചേർന്നത്. ഇമ്പിച്ചി ബാവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പിരിച്ചുണ്ടാക്കിയ നൂറുറുപ്പിക അവിടെവെച്ച് രാജേന്ദ്രപ്രസാദിനു കൈമാറി.
ആ സംഭവത്തെക്കുറിച്ച് ഇമ്പിച്ചി ബാവ പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി: “അന്ന് നൂറുറുപ്പിക എന്നു പറഞ്ഞാൽ വലിയ സംഖ്യയാണ്. ശുകപുരം പിഷാരത്തെ ബാലകൃഷ്ണ പിഷാരടിയായിരുന്നു അന്നെനിക്കൊരു സഹായിയായിട്ട് ഉണ്ടായിരുന്നത്. ഞങ്ങൾ വലിയ അടുപ്പമായിരുന്നു. എസ്.പി. ബാലകൃഷ്ണ പിഷാരടി പിന്നീട് കെ.പി.സി.സി. പ്രസിഡന്റും മറ്റുമായിരുന്നു. ഞാനും ബാലകൃഷ്ണ പിഷാരടിയും വലിയ അടുപ്പത്തിലായത് ഗ്രാമഫോൺ റെക്കോർഡുകൾ കൈമാറിയിട്ടാണ്. ഞാനന്ന് നല്ലൊരു ഗ്രാമഫോൺ ബോംബെയിൽനിന്ന് കൊണ്ടുവരുവിച്ചിരുന്നു. നല്ല ഹിന്ദി പാട്ടുകളുടെ റെക്കോർഡുകളും എന്റെ പക്കൽ ഉണ്ടാകാറുണ്ട്. ഇതെങ്ങനെയോ ഷാരടി മനസ്സിലാക്കിയിട്ടാണ് ഞാനുമായി അടുപ്പത്തിലായത്. അദ്ദേഹവും പാട്ടിൽ കമ്പമുള്ള ആളായിരുന്നു. ഞങ്ങളന്യോന്യം ഗ്രാമഫോൺ റെക്കോർഡുകൾ കൈമാറി വലിയ അടുപ്പത്തിലായി. കുടുമയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു അന്ന് ഷാരടി. ബാബു രാജേന്ദ്രപ്രസാദ് ഇന്ത്യൻ യൂണിയൻ പ്രസിഡന്റായിരുന്ന കാലത്ത് ഞാൻ രാജ്യസഭാ മെമ്പറായിരുന്നു. ഒരിക്കൽ രാഷ്ട്രപതി രാജ്യസഭാംഗങ്ങളെ സത്കാരത്തിനു വിളിച്ചപ്പോൾ ഞങ്ങളുടെ പാർട്ടി എന്റെയും സ. കെ.സി. ജോർജ്ജിന്റെയും പേരാണു നൽകിയിരുന്നത്. അന്നു ഞാൻ രാജേന്ദ്രപ്രസാദിനെ ആ പഴയകാര്യം ഓർമ്മിപ്പിച്ചു. ‘ക്വറ്റാ ഭൂകമ്പ ദുരിതാശ്വാസഫണ്ടുപിരിവ് പര്യടനത്തിൽ പൊന്നാനിയിൽവെച്ച് ഞങ്ങൾ, വിദ്യാർത്ഥികൾ പിരിച്ചെടുത്തിരുന്ന നൂറുറുപ്പിക, ഫണ്ടിലേക്കു തരാൻ ഭാഗ്യമുണ്ടായിട്ടുണ്ട്’ എന്നു ഞാൻ ഓർമ്മപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് എന്നെക്കാൾ സന്തോഷമായിരുന്നു. നൂറുരൂപ ഫണ്ടുപിരിച്ച് സംഭാവനചെയ്ത ആ ബാലനാണ് തന്റെ മുമ്പിൽ രാജ്യസഭാമെമ്പറായി നിൽക്കുന്നതെന്ന് അറിഞ്ഞ രാജേന്ദ്രപ്രസാദിന് സന്തോഷവും അഭിമാനവും തോന്നി.”
കോൺഗ്രസ് ആഭിമുഖ്യത്തോടെ രാഷ്ട്രീയരംഗത്തേക്കു കാലെടുത്തുവെച്ച ആ ബാലന്റെ രാഷ്ട്രീയജീവിതത്തിലെ വലിയ വഴിത്തിരിവായി മാറിയത് പി. കൃഷ്ണപിള്ളയുമായുള്ള പരിചയമായിരുന്നു. കൃഷ്ണപിള്ളയോട് അടുക്കാൻ സാഹചര്യമൊരുങ്ങിയതാകട്ടെ, പൊന്നാനിയിലെ ദേശീയമുസ്ലിങ്ങളുമായുള്ള സമ്പർക്കവും.
മലബാറിലെ ഇടതുപക്ഷത്തിന്റെ ആദ്യകാലത്തെ കുറിച്ച് ഇ.എം.എസ്. വിശദീകരിക്കുന്നുണ്ട്. അക്കാലത്ത്, മതരാഷ്ട്രീയവും ദ്വിരാഷ്ട്രവാദവും മലബാറിലെ മുസ്ലിമുകൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുന്നുണ്ട്. 'ദേശീയ മുസ്ലിം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുസ്ലിം കോൺഗ്രസ്സുകാർ അധികവും കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ വലതുപക്ഷ നേതൃത്വത്തിനെതിരായിരുന്നു. ദേശീയ മുസ്ലിമുകളിൽ പ്രധാനിയായ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബാകട്ടെ, വലതുപക്ഷ നേതാക്കളെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. 1939ൽ കോട്ടക്കലിനടുത്തുള്ള പറപ്പൂരുവെച്ച് കേരളാ പ്രദേശ് കോൺഗ്രസ് സമ്മേളനം നടക്കുകയുണ്ടായി. പഞ്ചാബിലെ കോൺഗ്രസ് നേതാവായിരുന്ന മിയാൻ ഇഫ്തിക്കറുദ്ദീനാണ് സമ്മേളനത്തിനു വന്നിരുന്നത്. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് പ്രസിഡന്റും ഇ.എം.എസ്. സെക്രട്ടറിയുമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള കെ.പി.സി.സി. തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. ആ സമ്മേളനത്തിൽ വലതുപക്ഷവുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. 'ഞായറാഴ്ചക്കോൺഗ്രസ്സുകാർ' എന്നും 'ചാലപ്പുറം ഗ്യാങ്' എന്നും കെ.പി.സി.സി. സമ്മേളനവേദിയിൽവെച്ചുതന്നെ പരസ്യമായി ആക്ഷേപിക്കപ്പെടുകയും കോൺഗ്രസ്സിൽ വർഗ്ഗീയതയുണ്ടെന്ന് ആദ്യമായി ആരോപിക്കപ്പെടുകയും ചെയ്യുന്നത് അന്നാണ്. ദേശീയതയിലും ബ്രിട്ടീഷ് വിരുദ്ധതയിലും ഊന്നി രൂപംകൊണ്ട കോൺഗ്രസ്സിൽ തൊഴിലാളികളുടെയും കീഴാളരുടെയും പക്ഷംപിടിച്ച് സവർണ്ണമേലാളത്തത്തെ എതിർക്കുന്ന ഒരു സോഷ്യലിസ്റ്റ് വിഭാഗം പ്രകടമായി രംഗത്തുവന്നു. ഇങ്ങനെ കോൺഗ്രസ്സിനുള്ളിൽ രണ്ടു ഗ്രൂപ്പുകൾ രൂപംകൊണ്ടുകഴിഞ്ഞിരുന്നു. ഈ ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം അബ്ദുറഹ്‌മാൻ സാഹിബിന്റെ നേതൃത്വത്തിലുള്ള പക്ഷത്തെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയോട് അടുപ്പിച്ചു. അതാണ് 1938-40-ലെ ഇടതുപക്ഷ കോൺഗ്രസ് നേതൃത്വത്തിന് അടിത്തറയിട്ടതും ഇമ്പിച്ചി ബാവയ്ക്ക് ഇടതുപക്ഷരാഷ്ട്രീയത്തിലേക്കുള്ള വഴിതുറന്നതും.
1930-40കളിൽ അനേകം തൊഴിലാളിസമരങ്ങളും ട്രേഡ് യൂണിയനുകളും രൂപംകൊള്ളുകയും 1931-ൽ തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് ലീഗ് രൂപീകരിക്കപ്പെടുകയുമുണ്ടായി. 1934 മേയിൽ കോഴിക്കോടും പറ്റ്നയിലും ചേർന്ന സമ്മേളനങ്ങളിൽ വെച്ച് സംസ്ഥാന, അഖിലേന്ത്യാ തലങ്ങളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്നു. സി.എസ്.പിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഇ.എം.എസ്., എ.കെ.ജി., പി. കൃഷ്ണപിള്ള തുടങ്ങിയവർ ചേർന്ന് കേരളത്തിൽ സി.എസ്.പിക്ക് രൂപംനൽകി. ഇന്ത്യയുടെ പരിപൂർണ്ണസ്വാതന്ത്ര്യവും പൊതുജനങ്ങളുടെ ആവകാശങ്ങൾക്കായുള്ള പോരാട്ടവും മതത്തെ രാഷ്ട്രീയവുമായി ഇണക്കിച്ചേർക്കുന്നത് തടയുകയും മറ്റുമാണ് സി.എസ്.പിയുടെ പ്രധാനലക്ഷ്യങ്ങളെന്ന് കോഴിക്കോട് സമ്മേളനത്തിൽ കൃഷ്ണപിള്ള ഊന്നിപ്പറഞ്ഞു. കേരളത്തിൽ സി.എസ്.പി. രൂപവത്കരണത്തെത്തുടർന്ന് അതിലെ പ്രവർത്തകർ പരസ്പരം സഖാവെന്ന് അഭിസംബോധന ചെയ്യാനാരംഭിച്ചു. മലബാറിലെ കോൺഗ്രസ് ചെറുപ്പക്കാരിൽ ഭൂരിഭാഗവും സോഷ്യലിസ്റ്റുകളായിരുന്നു. 1936 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മലബാറിലുടനീളം പ്രചാരണജാഥകൾ നടന്നു. ഇടതുപക്ഷവും അബ്ദുറഹ്‌മാനും അടുക്കുകയും വലതുപക്ഷം അകന്നുനിൽക്കുകയും ചെയ്തു. അബ്ദുറഹ്‌മാൻ നേതൃപദവിയിലേക്കുയരുന്നത് വലതുപക്ഷം എതിർത്തു. 1936-ൽ സംസ്ഥാനകമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നാണ് അബ്ദുറഹ്‌മാൻ സാഹിബ് കെ.പി.സി.സിയിലേക്ക് മത്സരിച്ചത്. ഒരു പ്രാദേശിക കോൺഗ്രസ് പ്രവർത്തകനോടാണ് അദ്ദേഹം തോറ്റത് എന്നത് ചേരിതിരിവിന്റെ രൂക്ഷത വ്യക്തമാക്കുന്നു. കോൺഗ്രസ്സിൽ സോഷ്യലിസ്റ്റ് പക്ഷത്തിനുണ്ടായിരുന്ന മേൽക്കൈ ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ ആരംഭിച്ചതിന്റെ തെളിവായിരുന്നു അത്. 1938-ൽ തിരുവിതാംകൂറിലെ ഉത്തരവാദപ്രസ്ഥാനത്തിൽ ആലപ്പുഴയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, അബ്ദുറഹ്‌മാന്റെയും എ.കെ.ജിയുടെയും മറ്റും മുൻകൈയിൽ ഒരു ജാഥ മലബാറിൽനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുകയുണ്ടായി. ഇങ്ങനെ ഇടതുപക്ഷ കോൺഗ്രസ് കേരളമാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.
1938-ലെ കോൺഗ്രസ് സംസ്ഥാനക്കമ്മിറ്റി തെരഞ്ഞെടുപ്പായപ്പോഴേക്കും ഇടതിന് ഭൂരിപക്ഷം ലഭിക്കുകയും അബ്ദുറഹ്മാൻ പ്രസിഡന്റും ഇ.എം.എസ്. സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. എന്നാൽ അപ്പോഴേക്കും ലോകരാഷ്ട്രീയത്തിലും ഇന്ത്യൻ ദേശീയരാഷ്ട്രീയത്തിലും സോവിയറ്റ് യൂണിയൻ ഉണ്ടാക്കിയ ചലനങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് നേതാക്കൾ കമ്യൂണിസ്റ്റായി മാറുകയും കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലംഗ കമ്മിറ്റി രഹസ്യമായി യോഗം ചേരുകയുമുണ്ടായി. തുടർന്ന് 1939 ഡിസംബർ അവസാനത്തിനും 1940 ജനുവരിക്കും ഇടയിൽ തലശ്ശേരിക്കടുത്ത് പിണറായിയിൽ വിപുലമായ പ്രവർത്തകസമ്മേളനം ചേർന്ന് കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അങ്ങനതന്നെ കമ്യൂണിസ്റ്റ് പാർട്ടിയാക്കി മാറ്റാൻ തീരുമാനമെടുത്തു.
പാർട്ടിയിലെ ഈ മാറ്റത്തിനു സമാന്തരമായി ഇമ്പിച്ചി ബാവയിലെ കമ്യൂണിസ്റ്റുകാരനും വെളിച്ചപ്പെടുന്നുണ്ടായിരുന്നു.
എക്കാലത്തും കോൺഗ്രസ്സിനോടും മുസ്ലിം ലീഗിനോടും ആശയപരമായി എതിരിട്ടുനിന്നിട്ടുള്ള ആളാണ് ഇമ്പിച്ചി ബാവ എന്നുണ്ടെങ്കിലും വ്യക്തിപരമായി എല്ലാവരോടും സമഭാവനയോടെയും സൗഹാർദ്ദത്തോടെയും അദ്ദേഹം പെരുമാറിപ്പോന്നു.
1934-ൽ ക്ഷേത്രപ്രവേശന സത്യഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജി ഗുരുവായൂർ എത്തിയപ്പോൾ അദ്ദേഹത്തെ ഒരു നോക്കുകാണാനും, പറ്റിയാൽ ഒന്നു തൊടാനും മോഹിച്ച് ഗുരുവായൂർക്കു പോയ അനുഭവം ഇമ്പിച്ചി ബാവ പങ്കുവെക്കുന്നുണ്ട്. ഇമ്പിച്ചി ബാവയും സുഹൃത്തുക്കളായ കാഞ്ചേരിയിലെ സി.സി. മൊയ്തുണ്ണിയും പനമ്പാട്ടെ ടി.വി. മുഹമ്മദും കൂടി കനോലി കനാലിലൂടെ പൊന്നാനിയിൽനിന്ന് വഞ്ചിക്കാണ് ഗുരുവായൂർക്കു പോയത്. ഗാന്ധിജിയെ തൊടണമെങ്കിൽ യോഗത്തിനുമുമ്പേ ചെന്ന് മുമ്പിൽ സ്ഥലംപിടിക്കണമെന്ന് കൃഷ്ണപിള്ള പറഞ്ഞുകൊടുത്തിരുന്നു. അതനുസരിച്ച് നേരേ മുമ്പിൽ ചെന്നിരുന്ന്, ഗാന്ധിജിയെ തൊടുകയും അടുത്തിരുന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുകയും ചെയ്ത് സംതൃപ്തനായി മടങ്ങിപ്പോന്നത് വളരെ അഭിമാനത്തോടെ ഇമ്പിച്ചി ബാവ എന്നും ഓർത്തിരുന്നു. കോൺഗ്രസ്സിനോട് ചേർന്നുനിന്നിരുന്ന ആ കാലത്തിൽനിന്ന് കൃഷ്ണപിള്ളയുമായും സി.എസ്.പിയുമായും കൂടുതൽ അടുക്കുകയും വിദ്യാർത്ഥി ഫെഡറേഷനിലേക്ക് കടക്കാനാരംഭിക്കുകയും ചെയ്ത 1936ൽ, കോഴിക്കോട്ട് ഒരു ഗാന്ധിജയന്തിക്ക് തനിക്കു പ്രസംഗിക്കാനവസരം വേണമെന്ന് ഇമ്പിച്ചി ബാവ ശഠിച്ചു. പത്തുമിനുട്ട് സമയമനുവദിച്ചു. ഗാന്ധിജിയോടുള്ള ബഹുമാനം വെച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്തയോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ഇമ്പിച്ചി ബാവ അന്ന് സംസാരിച്ചത്. ഗാന്ധിയുടെ വ്യക്തിത്വത്തോടുള്ള ആദരവ് പുലർത്തുമ്പോഴും ഗാന്ധിയൻ ആശയധാരയിലെയും കോൺഗ്രസ്സിലെയും പല നയങ്ങളോടും വിമർശനാത്മക നിലപാടുകളെടുക്കാൻ ഇമ്പിച്ചി ബാവ മടിച്ചില്ല.
എക്കാലത്തും കോൺഗ്രസ്സിനോടും മുസ്ലിം ലീഗിനോടും ആശയപരമായി എതിരിട്ടുനിന്നിട്ടുള്ള ആളാണ് ഇമ്പിച്ചി ബാവ എന്നുണ്ടെങ്കിലും വ്യക്തിപരമായി എല്ലാവരോടും സമഭാവനയോടെയും സൗഹാർദ്ദത്തോടെയും അദ്ദേഹം പെരുമാറിപ്പോന്നു. അതുകൊണ്ടുതന്നെ എതിർകക്ഷിയിൽപ്പെട്ടവർക്കും ഇമ്പിച്ചി ബാവ എന്ന വ്യക്തിയോട് ഭയഭക്തിബഹുമാനങ്ങൾ ഉണ്ടായിരുന്നു. ആരെയും ഒന്നിനെയും കൂസാത്ത ഇമ്പിച്ചി ബാവയെ രാഷ്ട്രീയ എതിരാളികൾ എങ്ങനെ കണ്ടിരുന്നു എന്നതിന് ഇ.പി. ജയരാജൻ പങ്കുവെച്ച ഒരു ഓർമ്മ ഉദാഹരണമാണ്. കണ്ണൂരിലെ മാട്ടൂൽ മുസ്ലിംലീഗിന്റെ ഒരു ശക്തികേന്ദ്രമായിരുന്നു. അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും പോളിങ് ബൂത്തിൽ ഇരിക്കുന്നതിലും വോട്ടു ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലുമെല്ലാം ലീഗുകാർ സി.പി.ഐ.എമ്മുമായി സംഘർഷമുണ്ടാകുക പതിവാണ്. ഒരു തവണ മാട്ടൂൽ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള ചുമതല ഇമ്പിച്ചി ബാവയ്ക്കായിരുന്നു. അങ്ങനെ മാട്ടൂൽപ്രദേശത്തെ മുഴുവൻ ബൂത്തുകളിലും അന്നത്തെ യുവാക്കളായ ഇ.പി. ജയരാജനടക്കമുള്ള പ്രവർത്തകരോടൊപ്പം ഇമ്പിച്ചി ബാവയും പോയി. വലിയ അക്രമം നടക്കുമെന്നു പ്രതീക്ഷിച്ച ബൂത്തുകളിലൊന്നിൽ ഇമ്പിച്ചി ബാവതന്നെ ഒരു ബൂത്ത് ഏജന്റായി നിൽക്കുകയും ചെയ്തു. സി.പി.ഐ.എം. പ്രവർത്തകരായ ബൂത്ത് ഏജന്റുമാരെ ലീഗുകാർ അടിച്ചോടിച്ചിരുന്ന ആ കാലത്ത്, ബൂത്തിന് അകത്തും പുറത്തും പാർട്ടിസഖാക്കൾക്ക് സംരക്ഷണമൊരുക്കി, തിരഞ്ഞെടുപ്പ് തീരുന്നതുവരെ ഇമ്പിച്ചി ബാവ പ്രവർത്തിച്ചു. അങ്ങനെ ലീഗിന്റെ ശക്തിപ്രദേശങ്ങളിൽ ഇമ്പിച്ചി ബാവ തന്റെ വ്യക്തിപ്രഭാവംകൊണ്ടും ഇടതുപക്ഷാദർശങ്ങൾകൊണ്ടും അധൃഷ്യനായ നേതാവായി മാറി.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം ‘കടൽ പോലൊരാൾ’ എന്ന പുസ്തകത്തിൽ നിന്നും)