മൂന്നാറിലെ ടീ പ്ലക്കേഴ്‌സ് ചർച്ച്‌ / Photos: Shafeeq Thamarassery

ദലിത്​ ക്രൈസ്​തവരുടെ സംവരണ ഫയൽ
മന്ത്രി ഇനിയെന്നാണ്​ തുറക്കുക?

കേരളത്തിലെ ജനസംഖ്യയിൽ 20 ലക്ഷത്തോളം (6%) ഉണ്ടെന്ന് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയ ദലിത് ക്രിസ്ത്യാനിക്ക് വിദ്യാഭ്യാസത്തിന്​ ഒരു ശതമാനം സംവരണം നല്കണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ ഏഴ് വർഷമായി വകുപ്പുമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്. പരിവർത്തിത ക്രിസ്ത്യാനികൾക്ക് നഷ്ടമായിരിക്കുന്നത് 2290- ജോലികളാണ്, കേവലം ഒരു ശതമാനം ഉദ്യോഗ സംവരണത്തിലുണ്ടായതാണ് ഈ നഷ്ടം. ദലിത്​ ക്രൈസ്​തവരുടെ സംവരണ ക്രമീകരണത്തിലെ അനീതികളെക്കുറിച്ച്​.

കേരളത്തിലെ പിന്നാക്കവിഭാഗ പട്ടികയിൽ ഉൾപ്പെട്ട ക്രൈസ്തവ ന്യൂനപക്ഷങ്ങളായ ലത്തീൻ സമുദായം, ആംഗ്ലോ ഇന്ത്യൻ, എസ്. ഐ. യു. സി, പരിവർത്തിത (ദലിത്) ക്രിസ്ത്യൻ എന്നിവർക്കായി വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കുന്ന സംവരണം അശാസ്ത്രീയമായാണ് സർക്കാർ ക്രമീകരിച്ചിരിക്കുന്നത്. മേൽസൂചിപ്പിക്കപ്പെട്ട ഓരോ സമുദായത്തിന്റെയും ജനസംഖ്യ പുനഃപരിശോധിച്ച്​ ന്യായവും ജനസംഖ്യാനുപാതികവുമായ സംവരണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സർക്കാർ സംവിധാനങ്ങളിലെ സാമൂഹിക അനീതി അവസാനിപ്പിക്കാൻ സഹായിക്കും എന്നിടത്താണ് ജനസംഖ്യാനുപാതിക പുനഃപരിശോധന അനിവാര്യമാകുന്നത്.

കേരളത്തിലെ പിന്നാക്ക വിഭാഗത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വിഭാഗമാണ് ദലിത് ക്രൈസ്തവർ. എന്നാൽ ഇവരെ ഒരു സർക്കാരും പരിഗണിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ ദലിത് ക്രൈസ്തവരെ സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ പിന്നാക്കവിഭാഗ പട്ടികയിലുള്ള ഇതര ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ദലിത് ക്രൈസ്തവർ സർക്കാർ സംവിധാനങ്ങളിൽ നിന്ന്​ പിന്തള്ളപ്പെടുന്നതിന്റെ നേർചിത്രം തെളിഞ്ഞുവരുന്നത്. കേരളത്തിലെ പിന്നാക്ക വിഭാഗത്തിലുള്ള ക്രിസ്ത്യൻ സമുദായങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം.

ക്രിസ്തുമത പരിവർത്തനകാലം

ഇന്ത്യയിൽ ക്രിസ്തുമതം എത്തിച്ചേർന്നത് എന്നാണ് എന്നതിനെ സംബന്ധിച്ച്​കൃത്യമായ തെളിവില്ലെങ്കിലും കേരളം ക്രിസ്ത്യാനികളുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശം തന്നെയായിരുന്നു. ഇക്കാരണത്താൽ കൊളോണിയൽ കാലം മുതലേ ചരിത്രകാരന്മാർ മലബാർ തീരത്തെ ക്രിസ്തുമതചരിത്രത്തെ കുറിച്ച് വ്യാപക അന്വേഷണത്തിൽ ഏർപ്പെട്ടിരുന്നു. മാത്രമല്ല, മലബാർ തീരത്തെ ക്രിസ്ത്യാനികളെ കുറിച്ചുള്ള അന്വേഷണത്തിൽ അംബേദ്ക്കർ ഉൾപ്പെടെയുള്ള വലിയ ഒരു നിരയെ കാണാം. ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ കേരളത്തിൽ വന്നു എന്നതിന് തെളിവില്ലെന്നും രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ തീരദേശവാസികൾ, സിലോണിലെ മുത്തുച്ചിപ്പി വാരുന്നവർ, മലബാറിലെയും കൊറാമാണ്ടിലെയും കൃഷിക്കാർ എന്നിവർക്കിടയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നതിന് തെളിവ്​ ലഭ്യമാണെന്നുമാണ്​ അംബേദ്ക്കർ ഉൾപ്പെടുന്ന ചരിത്രകാരന്മാർ പറയുന്നത് (അംബേദ്ക്കർ, വാല്യം 10, 2000: 364). കേരളത്തിൽ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവർ ആരാണെന്നതിനെ സംബന്ധിച്ച്​ കൃത്യമായ തെളിവില്ലെങ്കിലും 16ാം നൂറ്റാണ്ടോടെ, പ്രത്യേകിച്ച് 1542-ൽ ഫ്രാൻസിസ് സേവ്യറുടെ വരവിനുശേഷം, കേരള തീരത്തെ ക്രിസ്തുമതം ചലനമുള്ളതായി. അങ്ങനെ, ക്രിസ്ത്യൻ വിശ്വാസികളായി തീരദേശ തൊഴിലാളികളും ദലിതരും എത്തിയതോടെ ക്രൈസ്തവസഭയ്ക്കുള്ളിൽ 16ാം നൂറ്റാണ്ട് മുതൽ ജാതിവേർതിരിവ് രൂക്ഷമായിത്തുടങ്ങി. 19ാം നൂറ്റാണ്ടിലെത്തിയ യൂറോപ്യൻ മിഷനറി പ്രവർത്തകർ ക്രിസ്തുമതത്തെ ജനാധിപത്യവത്കരിക്കുകയും ക്രിസ്ത്യൻ വിശ്വാസികളുടെ അടിസ്ഥാന ഗ്രന്ഥമായ ബൈബിൾ മലയാളികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ പിന്നാക്ക വിഭാഗത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വിഭാഗമാണ് ദലിത് ക്രൈസ്തവർ. എന്നാൽ ഇവരെ ഒരു സർക്കാരും പരിഗണിച്ചിട്ടില്ല
കേരളത്തിലെ പിന്നാക്ക വിഭാഗത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വിഭാഗമാണ് ദലിത് ക്രൈസ്തവർ. എന്നാൽ ഇവരെ ഒരു സർക്കാരും പരിഗണിച്ചിട്ടില്ല

നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു ചരിത്രപുരുഷനോ സ്ത്രീയോ ഇല്ലായിരുന്നു എന്നതാണ് അവരുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ഏറ്റവും നല്ല തെളിവ്. എന്തായാലും 19ാം നൂറ്റാണ്ടോടെ കേരളത്തിലെ ക്രിസ്തുമതത്തിൽ നിരവധി അയിത്തജാതികൾ അംഗങ്ങളായി എത്തിയെങ്കിലും ക്രിസ്തുമതം ഒരു പ്രത്യേക രീതിയിലാണ് ശ്രേണീവത്ക്കരണം നടത്തിയത്. നിരവധി ജാതികൾ സുറിയാനി - ലത്തീൻ ക്രിസ്ത്യാനികളായി ലയിച്ച കാരണത്താൽ ബ്രിട്ടീഷ് കാലം മുതൽ സുറിയാനി ക്രിസ്ത്യാനികൾ, ലത്തീൻ കത്തോലിക്കർ എന്നീ വിഭാഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി. ബ്രിട്ടിഷ് കാലത്തെ സെൻസസ് രേഖകളിലും, മിഷനറി പ്രസ്ഥാനങ്ങളുടെ രേഖകളിലും ക്രിസ്ത്യാനികളുടെ ജനസംഖ്യാവർദ്ധനവ് പരിശോധിച്ചാൽ ഇത് വ്യക്തമാകും.

വിദ്യാഭ്യാസ മേഖലയിലെ അസമത്വം പരിഹരിക്കുന്നതിന്​ സംസ്ഥാന സർക്കാർ 1966- മുതൽ നടപ്പിലാക്കുന്ന എസ്​.ഇ.ബി.സി സംവരണമാണ് കേരളത്തിലെ ഏറ്റവും വലിയ അനീതിയുടെ ഉറവിടം.

19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങി സ്വാതന്ത്ര്യം ലഭിക്കുന്ന സമയം വരെയായിരുന്നു കേരളത്തിലെ ക്രിസ്തുമത പരിവർത്തനകാലം. അയിത്തജാതിയിൽ നിന്ന്​ നിരവധിയാളുകളെ ക്രിസ്തുമതത്തിലേക്ക് പ്രവേശിപ്പിച്ച്​ക്രിസ്തുമതത്തെ ജനാധിപത്യവത്ക്കരിച്ചത് ബ്രിട്ടീഷ് മിഷനറി പ്രസ്ഥാനമാണെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ അംഗംങ്ങളായത് കത്തോലിക്കാ - പൗരസ്ത്യ സഭകളിലായിരുന്നു. ജനസംഖ്യാനുപാതികമായതിലും വേഗത്തിലാണ് കത്തോലിക്കാസഭകളിലെ അംഗങ്ങളുടെ എണ്ണം വർദ്ധിച്ചത് എന്നാണ് സെൻസസ് രേഖകളിലുള്ളത്. 200 വർഷത്തിനുമുകളിൽ പഴക്കമുള്ള വളരെ കുറച്ചു സഭകൾ മാത്രമായിരുന്നു കത്തോലിക്കാ സഭകൾക്ക് കേരളത്തിലുണ്ടായിരുന്നത്. എന്നാൽ, 20ാം നൂറ്റാണ്ടാകുന്നതോടെ പിന്നാക്ക- അയിത്ത ജാതികളുടെ എണ്ണം ക്രമാതീതമായി പെരുകിയതിനാൽ സഭകളുടെ എണ്ണവും പതിന്മടങ്ങ്​ വർദ്ധിച്ചു. നിരവധി ജാതികൾ സഭയിൽ അംഗങ്ങളായി എത്തിയതും, ജാതിസംയോജനം നടക്കുന്നതുമെല്ലാം വ്യകത്മാക്കിത്തരുന്ന ഒന്നാണ് ഈ ജനസംഖ്യാകണക്ക്.

നിരവധി ജാതികൾ സുറിയാനി - ലത്തീൻ ക്രിസ്ത്യാനികളായി ലയിച്ച കാരണത്താൽ ബ്രിട്ടീഷ് കാലം മുതൽ സുറിയാനി ക്രിസ്ത്യാനികൾ, ലത്തീൻ കത്തോലിക്കർ എന്നീ വിഭാഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി
നിരവധി ജാതികൾ സുറിയാനി - ലത്തീൻ ക്രിസ്ത്യാനികളായി ലയിച്ച കാരണത്താൽ ബ്രിട്ടീഷ് കാലം മുതൽ സുറിയാനി ക്രിസ്ത്യാനികൾ, ലത്തീൻ കത്തോലിക്കർ എന്നീ വിഭാഗങ്ങളുടെ ജനസംഖ്യ ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി

ഇതോടൊപ്പം വിദ്യാഭ്യാസവും- ആരോഗ്യവും കച്ചവടച്ചരക്കായ സമയത്ത് തദ്ദേശീയ ക്രിസ്ത്യൻനേതൃത്വം ആ രംഗത്തേക്ക് പ്രവേശിക്കുകയും നിരവധി സ്‌കൂളുകളും ആശുപത്രികളും വ്യാപകമായി ആരംഭിക്കുകയും മിഷനറി പ്രസ്ഥാനത്തെ പിന്നിലാക്കുകയും ചെയ്തു. ക്രൈസ്തവസഭകളിലേയ്ക്ക് പിന്നാക്ക ജാതികൾ വ്യാപകമായി എത്തിച്ചേർന്നത് വ്യക്തമാക്കിത്തരുന്ന ഒന്നായിരുന്നു 1931-ലെ ജാതി തിരിച്ച സെൻസസ്. തിരുവിതാംകൂറിൽ ക്രിസ്തുമതത്തിലെ പിന്നാക്കജാതി ജനസംഖ്യ ഔദ്യോഗികമായി വെളിപ്പെടുത്തി എന്നതാണ് 1931-ലെ സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ കാലത്തും പിൽക്കാലത്തും തിരുവിതാംകൂറിലെ 1931-ലെ സെൻസസ് വിവരങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. പ്രത്യേകിച്ച്, ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യയുടെ വെളിപ്പെടുത്തൽ നടത്തുന്ന ഒരു രേഖ കൂടിയായിരുന്നു അത്.

1931 സെൻസസ് പ്രകാരം തിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ എണ്ണം 16,04,475. അതിൽ പിന്നാക്ക ക്രിസ്ത്യാനികളുടെ ജാതി തിരിച്ചുള്ള കണക്ക്.
1931 സെൻസസ് പ്രകാരം തിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ എണ്ണം 16,04,475. അതിൽ പിന്നാക്ക ക്രിസ്ത്യാനികളുടെ ജാതി തിരിച്ചുള്ള കണക്ക്.

ക്രിസ്ത്യാനികൾക്കിടയിൽ പിന്നാക്കജാതികളുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സെൻസസായിരുന്നു 1931-ലേത്. പിന്നാക്ക പട്ടികയിലുൾപ്പെട്ട ജാതികളെ പരിശോധിച്ചാൽ അതിൽ ഏറ്റവും വലിയ വിഭാഗം ദലിത് ക്രിസ്ത്യാനികളാണ്. ഇതുസംബന്ധിച്ച്​ തിരുവിതാംകൂർ പ്രജാസഭയിൽ ചർച്ചകൾ ഉയർന്നുവരുകയും അതിൽ ദലിത് ക്രിസ്ത്യാനികൾ 2,51,515 പേരാണെന്ന്​, അതായത് തിരുവിതാംകൂറിലെ പിന്നാക്ക ക്രിസ്ത്യാനികളുടെ നേർപകുതി ദലിത് ക്രിസ്ത്യാനികളാണെന്ന് വെളിപ്പെടുത്തുകയുമുണ്ടായി (Gangadharan 1979: 86). കൊളോണിയൽ കാലത്ത് സർക്കാർ പ്രത്യേക പരിരക്ഷ നൽകിയെങ്കിലും ഹിന്ദുമഹാസഭപോലുള്ള പ്രസ്ഥാനങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ ദലിത് ക്രൈസ്തവർക്ക് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും നാട്ടുരാജ്യങ്ങൾ പിൻവലിച്ചു. അതോടൊപ്പം, പ്രബല സഭകളുടെ നേതൃത്വനിരയിൽ ദലിത് ക്രൈസ്തവർക്ക് സ്ഥാനം ലഭിക്കാഞ്ഞതിനാൽ പിന്നീടുവന്ന സർക്കാർ പദ്ധതികളിൽ ദലിത് ക്രൈസ്തവരെ പൂർണമായും സർക്കാരും സഭകളും അവഗണിച്ചു. മാത്രമല്ല, ജനസംഖ്യാനുപാതിക സംവരണം അനുവദിച്ചാൽ ദലിതരിൽനിന്ന്​ വീണ്ടും വലിയ തോതിൽ മതപരിവർത്തനം നടക്കുമെന്ന ഭയത്താലാണ്​ ദലിത് ക്രൈസ്തവർക്ക് കൃത്യമായ പ്രാതിനിധ്യം അനുവദിക്കാതിരുന്നത്. എന്നാൽ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തിയ ലത്തീൻ കത്തോലിക്കർക്ക് അവരുടെ ജനസംഖ്യയെക്കാൾ കൂടുതൽ സംവരണം അനുവദിക്കുകയും ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറച്ചുകാണിച്ച്​, സംവരണം കുറയ്ക്കുകയും ചെയ്തു.

കമീഷനുകൾ വെളിപ്പെടുത്തുന്ന ക്രിസ്ത്യൻ ജനസംഖ്യകൾ

1931-നുശേഷം സ്വതന്ത്ര ഇന്ത്യയിൽ പട്ടികജാതി/ വർഗത്തിന്റെ ഒഴികെ മറ്റൊരു വിഭാഗത്തിന്റെയും ജാതി തിരിച്ച ജനസംഖ്യാ കണക്കെടുപ്പ് ലഭ്യമല്ലെങ്കിലും സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന അന്വേഷണ കമീഷനുകൾ ചില കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കാറുണ്ട്. അവരുടെ പഠനാവശ്യത്തിന്​ തയ്യാറാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് കമീഷനുകൾ പല നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. 1965-ലെ കുമാരപിള്ള കമീഷൻ മുതലേ കേരളത്തിലെ പിന്നാക്ക പട്ടികയിൽ ഉൾപ്പെട്ട ക്രിസ്ത്യൻ വിഭാഗങ്ങളുടെ ജനസംഖ്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സർക്കാർ മുൻപാകെ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൽകേണ്ട സംവരണത്തോത് നിശ്ചയിക്കുന്നതിന്​ 1964-65 അധ്യയന വർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരുടെ ജാതി തിരിച്ച കണക്കെടുക്കുകയും അതിന്റെ നാലിരട്ടി ഓരോ സമുദായങ്ങളുടെയും ജനസംഖ്യയായി പ്രഖ്യാപിക്കുകയും ചെയ്തു.

കുമാരപിള്ള റിപ്പോർട്ടിൽ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനികളുടെ ജനസംഖ്യ അവരുടെ വിദ്യാർത്ഥികളുടെ 7.28% ഇരട്ടിയായി ഉയർത്തി. അതേസമയം, ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ രണ്ടിരട്ടി പോലുമില്ല. ദലിത് ക്രിസ്ത്യാനിയായ ഒരു കുട്ടിക്ക് ഒരമ്മ പോലുമില്ലാത്ത കണക്കാണ് കുമാരപിള്ള നൽകിയത്. മാത്രമല്ല, കുമാരപിള്ള, ദലിത് ക്രിസ്ത്യാനികൾ മാത്രമുള്ള ക്രൈസ്തവസഭകളിലെ കുട്ടികളുടെ എണ്ണം മുന്നാക്ക ക്രിസ്ത്യൻ കുട്ടികളുടെ ഒപ്പം ചേർക്കുകയും മുന്നാക്ക ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിപ്പിച്ചുകാണിക്കുകയും ചെയ്തു​. കേരളത്തിലെ ജനസംഖ്യയിൽ ദലിത് ക്രൈസ്തവർ ഒരു ശതമാനം പോലുമില്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് കുമാരപിള്ളയുടെ ഭാഗത്തുനിന്നുണ്ടായത്. 1970- ൽ പ്രസിദ്ധീകരിച്ച നെട്ടൂർ ദാമോദരൻ കമീഷനും സമാന നിലപാടാണ് കൈകൊണ്ടത്. അദ്ദേഹം പറയുന്നത്, സാമ്പിൾ സർവേ പ്രകാരം 1970-ൽ 3,01,912 ദലിത് ക്രിസ്ത്യാനികളാണ് കേരളത്തിലുള്ളതെന്നാണ്. മാത്രമല്ല, ദലിത് ക്രൈസ്തവരുടെ ജാതി തിരിച്ച വിവരം കൊളോണിയൽ സെൻസസിലെങ്ങും കാണാൻ സാധിച്ചിട്ടില്ലെന്നും നെട്ടൂർ പറയുന്നു.

'നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു ചരിത്രപുരുഷനോ സ്ത്രീയോ ഇല്ലായിരുന്നു എന്നതാണ് അവരുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ഏറ്റവും നല്ല തെളിവ്'
'നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഒരു ചരിത്രപുരുഷനോ സ്ത്രീയോ ഇല്ലായിരുന്നു എന്നതാണ് അവരുടെ സാംസ്‌കാരിക പിന്നാക്കാവസ്ഥയുടെ ഏറ്റവും നല്ല തെളിവ്'

എന്നാൽ, നെട്ടൂർ കമ്മീഷൻ മുൻപാകെ ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മ​നിവേദനം സമർപ്പിക്കുകയും കേരളത്തിൽ 10 ലക്ഷം (10,15,741) ലത്തീൻ വിശ്വാസികളുണ്ടെന്ന്​ അവകാശപ്പെടുകയുമുണ്ടായി. പക്ഷെ നെട്ടൂർ ഇതിനെ നിഷേധിക്കുകയും ആംഗ്ലോ ഇന്ത്യൻ, ദലിത് ക്രിസ്ത്യാനികൾ ഉൾപ്പെടെയാണ് ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്​മ 10 ലക്ഷമെന്ന ജനസംഖ്യയിൽ എത്തിച്ചേർന്നതെന്ന് മറുപടി പറയുകയും ചെയ്​തു. കുമാരപിള്ള 1965-ൽ പെരുപ്പിച്ചുകാണിച്ച ഏഴു ലക്ഷത്തിൽ നിന്ന്​ 1968-ൽ പത്തു ലക്ഷം ജനസംഖ്യയിലേക്ക് തങ്ങൾ എത്തിച്ചേർന്നു എന്ന പ്രഖ്യാപനമാണ് ലത്തീൻ ബിഷപ്പുമാർ നടത്തിയത്.

ഇതര സമുദായങ്ങളുടെ സംവരണ വിഷയം കേവലം രണ്ടുമാസം കൊണ്ടാണ് വർദ്ധിപ്പിച്ചെടുത്തെങ്കിൽ ദലിത് ക്രൈസ്തവരുടെ സംവരണവിഷയത്തിലെ ഫയൽ രണ്ടുവർഷം കൊണ്ടാണ് മന്ത്രിയുടെ മുൻപിൽ ഉത്തരവിനായി എത്തിച്ചേർന്നത്.

എന്തായാലും നെട്ടൂർ കമീഷൻ, ലത്തീൻ കത്തോലിക്കരുടെ സംവരണം കുറയ്ക്കണമെന്നാവശ്യപ്പെട്ടു. 1963-മുതൽ ലത്തീൻ കത്തോലിക്കർ ഉദ്യോഗസ്ഥ മേഖലയിൽ അനുഭവിച്ചിരുന്ന നാലുശതമാനം സംവരണം ലാസ്റ്റ് ഗ്രേഡിൽ രണ്ടു ശതമാനമാക്കിയും മറ്റ് തസ്തികകളിൽ മൂന്ന്​ ശതമാനമാക്കിയും കുറയ്ക്കണമെന്ന്​നെട്ടൂർ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടപ്പിലായില്ല. ഇതിനിടയിൽ 1973-ൽ കാത്തലിക് യൂണിയൻ രസകരമായ ഒരു റിപ്പോർട്ട് തയ്യാറാക്കി. (Harijan converts welfare enquiry sub-committee, 1973). ഇവർ വെളിപ്പെടുത്തിയ ജനസംഖ്യയാണ് ഏറ്റവും തമാശ. കത്തോലിക്ക സഭയിൽ ആകെ ഒരു ലക്ഷം ദലിത് ക്രിസ്ത്യാനികളാണുള്ളതെന്നും, കേരളത്തിൽ ആകെ അഞ്ച് ലക്ഷത്തിൽ താഴെയാണ് ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യയെന്നും കാത്തലിക് യൂണിയൻ പറഞ്ഞു. ഈ റിപ്പോർട്ട് 1979-ലെ ഗംഗാധരൻ കമീഷൻ ഉദ്ധരിക്കുന്നുണ്ട്.
കത്തോലിക്കാ സഭയിൽ ആകെ 1,06,386 ദലിത് ക്രിസ്ത്യാനികളുണ്ടെന്നും (എറണാകുളം ഡയോസിസ്- 16,000, പാല ഡയോസിസ്- 24,000, കോഴിക്കോട് ഡയോസിസ്- 8000, കോതമംഗലം ഡയോസിസ്- 12,000, ആലപ്പുഴ ഡയോസിസ്- 1036, കൊച്ചിൻ ഡയോസിസ്- 350, വിജയപുരം ഡയോസിസ്- 45,000) നെട്ടൂർ കമീഷൻ വെളിപ്പെടുത്തിയ മൂന്ന് ലക്ഷം എന്ന ദലിത് ക്രൈസ്തവരുടെ കണക്ക് തെറ്റാണെന്നും കേരളത്തിൽ അഞ്ച് ലക്ഷത്തിൽ താഴെയാണ് ദലിത് ക്രൈസ്തവരുടെ ആകെയുള്ള ജനസംഖ്യ എന്നും സബ് കമ്മിറ്റി വെളിപ്പെടുത്തി.

തിരുവിതാംകൂറിലെ 1931-ലെ സെൻസസിൽ ആകെയുള്ള 5,03,387 പിന്നാക്ക ക്രിസ്ത്യാനികളിൽ ദലിത് ക്രിസ്ത്യാനികൾ 2,51,515 ആണെന്നാണ് ആധികാരികമായി പറഞ്ഞിരിക്കുന്നത്. ഈ സംഖ്യയാകട്ടെ തിരുവിതാംകൂറിലെ മാത്രം കണക്കാണ്. കൊച്ചി, മലബാർ മേഖലയിലെ ദലിത് ക്രൈസ്തവരുടെ എണ്ണം ഇതോടൊപ്പം കൂട്ടിയിട്ടില്ല. ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യയെ സംബന്ധിച്ച്​ കത്തോലിക്കാ യൂണിയന്റെ 1973-ലെ റിപ്പോർട്ടിനുശേഷം ഇതുപോലൊരു ജനസംഖ്യാ വെളിപ്പെടുത്തൽ നടത്തുന്നത് 2019-ൽ ഡോ. ശോഭാ ബി. നായർ സംസ്ഥാന ന്യൂനപക്ഷ കമീഷനുവേണ്ടി തയ്യറാക്കിയ പഠനറിപ്പോർട്ടിലാണ്. 2011 ലെ കാനേഷുമാരി കണക്കനുസരിച്ച്​ കേരളത്തിൽ 61 ലക്ഷം ക്രിസ്ത്യാനികളുണ്ടെന്നും (61,41,269) അതിൽ ദലിത് ക്രിസ്ത്യാനികൾ 1,60,000 ആണെന്നും ശോഭ നായർ അടിവരയിട്ട് പറയുന്നു. കത്തോലിക്ക, യാക്കോബായ, മാർത്തോമ, പെന്തകോസ്ത് തുടങ്ങിയ സഭകളുടെ പേരും അതിലെ ജനസംഖ്യയും വെളിപ്പെടുത്തിയ ശോഭാ നായർ, ഈ കണക്ക് ഉദ്ധരിക്കുന്നത് സെൻസസിൽ നിന്നാണെന്ന് അവകാശപ്പെടുന്നു. സർക്കാർ സെൻസസിൽ നിന്ന്​ ഇങ്ങനെ സഭകൾ തിരിച്ച കണക്കെടുപ്പ് എങ്ങനെ ശോഭാ നായർക്ക് ലഭിച്ചു എന്നത് സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും വിചിത്രമായി തോന്നാം (കെ.സി. സക്കറിയയുടെ സാമ്പിൾ സർവേ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ തെറ്റായ കണക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത്). കേരളത്തിലെ ക്രിസ്തുമത വിശ്വാസികളെ കേന്ദ്രസ്ഥാനത്ത് നിർത്തി വിദേശത്തുനിന്നും കേരളത്തിൽ നിന്നും നിരവധി അക്കാദമിക പഠനങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയിൽ ഒരു പഠനത്തെപ്പോലും ശോഭാ നായർ പരമശിക്കുന്നില്ല. എന്നാൽ കീഴാളപഠനങ്ങളുടെ പത്ത് വോള്യം റഫറൻസ്, പട്ടികയിൽ ശോഭാ ബി. നായർ ചേർത്തത് എന്തിനാണെന്ന് ആർക്കും മനസിലാകുന്നില്ല.

'കേരളത്തിൽ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവർ ആരാണെന്നതിനെ സംബന്ധിച്ച്​ കൃത്യമായ തെളിവില്ലെങ്കിലും 16ാം നൂറ്റാണ്ടോടെ, പ്രത്യേകിച്ച് 1542-ൽ  ഫ്രാൻസിസ് സേവ്യറുടെ വരവിനുശേഷം, കേരള തീരത്തെ ക്രിസ്തുമതം ചലനമുള്ളതായി.'
'കേരളത്തിൽ ആദ്യം ക്രിസ്തുമതം സ്വീകരിച്ചവർ ആരാണെന്നതിനെ സംബന്ധിച്ച്​ കൃത്യമായ തെളിവില്ലെങ്കിലും 16ാം നൂറ്റാണ്ടോടെ, പ്രത്യേകിച്ച് 1542-ൽ ഫ്രാൻസിസ് സേവ്യറുടെ വരവിനുശേഷം, കേരള തീരത്തെ ക്രിസ്തുമതം ചലനമുള്ളതായി.'

കേരളത്തിലെ ദലിത് ക്രൈസ്തവരുടെ ജനസംഖ്യയെ സംബന്ധിച്ച്​ ആധികാരികവും, വിശ്വസിനീയവുമായ കണക്ക് 1979-ൽ സർക്കാരിനുമുൻപാകെ അവതരിപ്പിച്ചത് കെ. എ. ഗംഗാധരനാണ്. ദലിത് ക്രൈസ്തവർക്കും ശുപാർശിത വിഭാഗത്തിനുമായി പുതിയ കോർപ്പറേഷൻ ആരംഭിക്കുന്നതിന്​ തയ്യാറാക്കിയ പഠനറിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 1971-ലെ സെൻസസ് പ്രകാരം കേരളത്തിൽ 44,94,089, ക്രിസ്ത്യാനികളിൽ 10 ലക്ഷം ക്രിസ്ത്യാനികൾ, അതായത് ആകെ ക്രിസ്ത്യാനികളുടെ 22.25 ശതമാനവും, കേരളത്തിലെ ആകെ ജനസംഖ്യയുടെ 4.69 ശതമാനവും ദലിത് ക്രൈസ്തവരാണ് എന്നാണ് ഗംഗാധരൻ സൂചിപ്പിക്കുന്നത്. ഇത്രയും ജനസംഖ്യയുള്ള ദലിത് ക്രൈസ്തവർക്ക് സർക്കാർ അനുവദിച്ചത്, ലാസ്റ്റ് ഗ്രേഡ്​ ഇതര ഉദ്യോഗങ്ങൾക്ക്​ഒരു ശതമാനവും ലാസ്റ്റ് ഗ്രേഡ്​ തസ്തികൾക്ക്​ രണ്ടു ശതമാനം സംവരണവുമാണ്. അതായത്, രണ്ട് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള എസ്.ഐ.യു.സി നാടാർ ക്രിസ്ത്യർക്ക്​ അനുവദിച്ച സംവരണത്തിന് തുല്യമായാണ് 20 ലക്ഷം വരുന്ന ദലിത് ക്രൈസ്തവർക്കും നൽകിയത്.

ദലിത് ക്രൈസ്തവരിൽ നിന്ന്​ ഒരാൾ ജോലിക്ക് കയറുന്നതിനുമുൻപ് രണ്ട് ലത്തീൻ കത്തോലിക്കരും ഒരു എസ്​.ഐ.യു.സി നാടാരും ജോലിക്കുകയറുന്ന രീതിയിലാണ് സർക്കാർ പി.എസ്.സിയെ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളിലും 14 ജില്ലകളിലുമുള്ള ഒരു വിഭാഗമാണ് ദലിത് ക്രൈസ്തവർ. എന്നാൽ, എസ്​.ഐ.യു.സി നാടാർ വിഭാഗമാകട്ടെ തിരുവനന്തപുരത്തെ സി.എസ്.ഐ സഭയിൽ മാത്രമുള്ള സമൂഹമാണ്. 2011 -ലെ സെൻസസ് പ്രകാരം തിരുവനന്തപുരം ജില്ലയിൽ ആറ് ലക്ഷം (6,30,573) ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. അതിൽ നിന്ന്​ സി.എസ്.ഐ നാടാർ ക്രിസ്ത്യാനികളുടെ ജനസംഖ്യ ഊഹിക്കാവുന്നതേയുള്ളു. ദലിത് ക്രൈസ്തവരെക്കാൾ ജനസംഖ്യ കുറവുള്ള ലത്തീൻ കത്തോലിക്കർക്കാകട്ടെ രണ്ട് തസ്തികൾക്കും നാല് ശതമാനം വീതമാണ് സംവരണം അനുവദിച്ചത്.

ദലിത് ക്രൈസ്തവരിൽ നിന്ന്​ ഒരാൾ ജോലിക്ക് കയറുന്നതിനുമുൻപ് രണ്ട് ലത്തീൻ കത്തോലിക്കരും ഒരു എസ്​.ഐ.യു.സി നാടാരും ജോലിക്കുകയറുന്ന രീതിയിലാണ് സർക്കാർ പി.എസ്.സിയെ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ സർക്കാർ സർവ്വീസിലും, സർവകലാശാലകളിലും, പൊതുമേഖലാസ്ഥാപനങ്ങളിലും പിന്നോക്കവിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം സംബന്ധിച്ച്​ പഠനം നടത്തിയ (2000) ജസ്റ്റിസ് കെ. കെ. നരേന്ദ്രൻ കമീഷൻ 2001-ൽ സമർപ്പിച്ച റിപ്പോർട്ടിൽ, കേരളത്തിലെ പരിവർത്തിത ക്രിസ്ത്യാനികൾക്ക് നഷ്ടമായത് 2290- ജോലികളാണ്. കേവലം ഒരു ശതമാനം ഉദ്യോഗ സംവരണത്തിലുണ്ടായതാണ് ഈ നഷ്ടമെന്നതുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

'സംവരണത്തിലെ അസമത്വത്തിന് വിധേയരായ ദലിത് ക്രിസ്ത്യാനികൾ പതിറ്റാണ്ടുകളായി ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾക്കുനേരെ ഭരണാധികാരികൾ കണ്ണടയ്ക്കുകയും ചെവി പൊത്തുകയും ചെയ്യുന്നു'
'സംവരണത്തിലെ അസമത്വത്തിന് വിധേയരായ ദലിത് ക്രിസ്ത്യാനികൾ പതിറ്റാണ്ടുകളായി ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾക്കുനേരെ ഭരണാധികാരികൾ കണ്ണടയ്ക്കുകയും ചെവി പൊത്തുകയും ചെയ്യുന്നു'

എന്നാൽ, വിദ്യാഭ്യാസ മേഖലയിലെ അസമത്വം പരിഹരിക്കുന്നതിന്​ സംസ്ഥാന സർക്കാർ 1966- മുതൽ നടപ്പിലാക്കുന്ന എസ്​.ഇ.ബി.സി (Socially educationally backward class) സംവരണമാണ് കേരളത്തിലെ ഏറ്റവും വലിയ അനീതിയുടെ ഉറവിടം. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളെ (SEBC) കണ്ടെത്തി ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവർക്ക് നൽകേണ്ട സംവരണ തോതിനെക്കുറിച്ച്​ പഠിച്ച ജസ്റ്റിസ് ജി. കുമാരപിള്ള കമീഷൻ റിപ്പോർട്ടിന്റെ (1966) അടിസ്ഥാനത്തിലാണ് ഈ അനീതി സർക്കാർ നടപ്പിലാക്കിവരുന്നത്. തെറ്റായ ജനസംഖ്യയും അധിക സംവരണത്തോതുമായാണ് എസ്​.ഇ.ബി.സി പട്ടിക ക്രമീകരിച്ചിരിക്കുന്നത്. ഈ അനീതിക്കെതിരായി ദലിത് ക്രൈസ്തവർക്ക് സംവരണം വർദ്ധിപ്പിച്ചുനൽകണമെന്നാവശ്യപ്പെട്ട് ശക്തമായ സമ്മർദ്ദം ദലിത് ക്രൈസ്തവർക്കിടയിൽനിന്നുണ്ടായത് 2014-ലാണ്. എന്നാൽ ഇതിന് ചുക്കാൻ പിടിച്ച കണ്ണൂർ സ്വദേശിയായ കെ.ബി. സൈമൺ കൊടുത്ത നിവേദനത്തിന്റെ ചരിത്രം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.

സമുദായങ്ങളുടെ കണക്കെടുപ്പോ, വിദ്യാഭ്യാസ മേഖലയിൽ ഇവർക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന കണ്ടെത്തലോ തുടങ്ങി യാതൊന്നുമില്ലാതെയാണ് എസ്.ഇ.ബി.സി പട്ടികയിലെ പുനഃക്രമീകരണം വെറും രണ്ടുമാസം കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയത്.

കെ.ബി. സൈമന്റെ നിവേദനം

കണ്ണൂർ പരിയാരം സ്വദേശികളായ വിൻ​സെൻറ്​ മാങ്ങാടൻ, ദേവസി കുറ്റൂർ, പോൾ ഇ.ജെ, സുനിൽ കൊയിലേര്യൻ എന്നിവർ കെ.ബി സൈമണിന്റെ നേതൃത്വത്തിൽ 2014 മാർച്ച്​ 24ന്​ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ സംവരണ വിഷയത്തിൽ ചർച്ച നടത്തി. ദലിത് ക്രൈസ്തവർക്കുമാത്രമായി പ്രൊഫഷണൽ കോഴ്സുകൾക്ക് നാലുശതമാനം സംവരണം വർദ്ധിപ്പിച്ചുനൽകണമെന്ന നിവേദനം ഔദ്യോഗികമായി സർക്കാരിൽ സമർപ്പിക്കുകയും ചെയ്​തു. എന്നാൽ ഇതിനുതൊട്ടുമുൻപ്, 2014 ഫെബ്രുവരി 26ലെ മന്ത്രിസഭായോഗത്തിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സംവരണത്തോത് ഉയർത്തുന്നതിനെ കുറിച്ചുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുകയും പ്രസ്തുത ഫയൽ 2014 മാർച്ച്​ ഒന്നിന്​ തുറക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നാക്കവകുപ്പ് ഡയറക്ടർ, 2014 മെയ്​ അഞ്ചിന്​ പട്ടികജാതിയിൽനിന്ന്​ മത പരിവർത്തനം വഴി ക്രിസ്തുമതം സ്വീകരിച്ചവർക്ക് പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രത്യേക സംവരണം അനുവദിക്കുന്നതിനെ സംബന്ധിച്ച ശുപാർശ സർക്കാർ മുൻപാകെ വെച്ചിരുന്നു. പ്രസ്തുത ശുപാർശയിൽ നിന്ന്​: ""ദലിത് ക്രിസ്ത്യാനികൾക്ക് മാത്രമായി പ്രൊഫഷണൽ കോഴ്സുകളിലെ സംവരണം പരിമിതപ്പെടുത്തണമെന്ന ആവശ്യം ന്യായമാണ്​. കെ.പി.സി.ആർ പ്രകാരം നിശ്ചയിച്ച സംവരണ തോതുകളിൽ ചില മാറ്റം വരുത്തി ധീവര, വിശ്വകർമ, തുടങ്ങിയ സമുദായങ്ങൾക്കും കുശവൻ, കുലാലൻ, കുഭാരൻ തുടങ്ങിയ സമുദായങ്ങൾക്കും പ്രത്യേക സംവരണം അനുവദിക്കാനും ലത്തീൻ കത്തോലിക്കാ സമുദായങ്ങൾക്കൊപ്പം ആംഗ്ലോ- ഇന്ത്യൻ സമുദായത്തെ കൂടി ഉൾപ്പെടുത്തി പ്രൊഫഷണൽ കോഴ്സുകളിൽ ലത്തീൻ കത്തോലിക്കർക്ക് നിലവിലുള്ള 2% സംവരണം 3% സംവരണമായി വർദ്ധിപ്പിക്കുന്ന കാര്യം ഗവണ്മെൻറ്​ പരിഗണനയിലുണ്ടെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ, എസ്​.ഐ.യു.സി വിഭാഗത്തെ ലത്തീൻ കത്തോലിക്കർക്കൊപ്പം ഉൾപ്പെടുത്തിയാൽ ദലിത് ക്രിസ്ത്യാനികൾക്ക് മാത്രമായി ഒരു ശതമാനം സംവരണം ലഭിക്കുന്നതാണ്''.

'സർക്കാർ കണക്കെടുപ്പിലും സാമൂഹിക അനുഭവങ്ങളുടെ കണക്കെടുപ്പിലും ദലിത് ക്രൈസ്തവർ പിന്നാക്കവസ്ഥയിലും ഏറ്റവും മോശമായ ജീവിത സാഹചര്യത്തിലുമാണ് ജീവിക്കുന്നത്'
'സർക്കാർ കണക്കെടുപ്പിലും സാമൂഹിക അനുഭവങ്ങളുടെ കണക്കെടുപ്പിലും ദലിത് ക്രൈസ്തവർ പിന്നാക്കവസ്ഥയിലും ഏറ്റവും മോശമായ ജീവിത സാഹചര്യത്തിലുമാണ് ജീവിക്കുന്നത്'

പിന്നാക്ക വകുപ്പിന്റെ ഈ ശുപാർശയ്ക്ക് രണ്ട് ദിവസത്തിനുശേഷം (23-05-2014) ദലിത് ക്രൈസ്തവർ ഒഴികെ ബാക്കി എല്ലാ സമുദായങ്ങൾക്കും സർക്കാർ സംവരണ തോത് വർദ്ധിപ്പിച്ചുകൊടുത്തു. കുശവ, ധീവരർ, വിശ്വകർമ തുടങ്ങിയ ജാതികൾക്ക് പുതുതായി സംവരണം ഏർപ്പെടുത്തുകയും ലത്തീൻ സമുദായത്തിനൊപ്പം 20,000 ജനസംഖ്യപോലുമില്ലാത്ത ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ ചേർക്കുകയും അവരുടെ സംവരണതോത് രണ്ടിൽ നിന്ന്​ മൂന്ന് ആയി ഉയർത്തുകയും ചെയ്തു​. ഒരു അന്വേഷണ കമീഷനോ, പഠനമോ, ഈ സമുദായങ്ങളുടെ കണക്കെടുപ്പോ, വിദ്യാഭ്യാസ മേഖലയിൽ ഇവർക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന കണ്ടെത്തലോ തുടങ്ങി യാതൊന്നുമില്ലാതെയാണ് എസ്​.ഇ.ബി.സി പട്ടികയിലെ പുനഃക്രമീകരണം വെറും രണ്ടുമാസം കൊണ്ട് ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയത്. ഇതിനുമുൻപ് 2008-ൽ കുടുംബി സമുദായത്തിന് സർക്കാർ ഒരു ശതമാനം സംവരണം അനുവദിച്ചതും ഇതേപോലെയായിരുന്നു.

എന്നാൽ കെ.ബി. സൈമൺ നൽകിയ പരാതിയുടെമേൽ സർക്കാർ അന്വേഷണം നടത്തി. "സർക്കാർ നിയമപ്രകാരം സംവരണപ്പട്ടികയിൽ പുതുതായി ചേർക്കുന്ന വിഭാഗങ്ങൾ ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നില്ല, അഥവാ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ആനുപാതികമായി പ്രാതിനിധ്യം നേടുന്നില്ല എന്നതിന് വ്യക്തമായ കണക്കുകൾ അടിസ്ഥാനമായിരിക്കണെമെന്ന് ഭരണഘടനാബെഞ്ചുകളുടെ വിധിന്യായങ്ങൾ വ്യക്തമാക്കുന്നുണ്ട്.'

​​​​​​​പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ അന്വേഷണം നടത്തി കണ്ടെത്തിയ പിന്നാക്കാവസ്ഥയും അതിൽ നിന്നുള്ള പരിഹാരവും നിർദ്ദേശിച്ച ഫയലാണ് മന്ത്രി വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത്.

ഈ കാരണത്താൽ ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ മേഖലയിലെ പ്രാതിനിധ്യം അറിയുന്നതിനായി 2011 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ പ്രൊഫഷണൽ കോഴ്സുകളിൽ മെറിറ്റ്/ സംവരണം എന്നീ വിഭാഗങ്ങളിൽ ദലിത് ക്രൈസ്തവർക്ക് ലഭിച്ച സീറ്റുകളുടെ വിവരം പ്രവേശന പരീക്ഷാകമീഷനോട് തിരക്കുകയും കമീഷൻ സർക്കാരിനെ ബോധ്യപ്പെടുത്തുകയുമുണ്ടായി. ദലിത് ക്രൈസ്തവർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് അവരും വ്യക്തമാക്കിയ സാഹചര്യത്തിൽ ദലിത് ക്രൈസ്തവർക്ക് മാത്രമായി സംവരണം അനുവദിക്കാവുന്നതാണെന്നും ഇത് മറ്റാരെയും ബാധിക്കുന്നതെല്ലന്നും ഉത്തരവിറക്കുവാനായി പ്രിൻസിപ്പൽ സെക്രട്ടറി ഫയൽ വകുപ്പ് മന്ത്രി അനിൽ കുമാറിന് കൈമാറി. എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പ് വെച്ച ഫയൽ വകുപ്പ് മന്ത്രി അനിൽകുമാർ വീണ്ടും അന്വേഷണത്തിനായി പിന്നാക്കവകുപ്പ് കമീഷന് കൈമാറുകയായിരുന്നു.

'കേരളത്തിലെ ജനസംഖ്യയിൽ 20 ലക്ഷത്തോളം (6%) ഉണ്ടെന്ന് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയ ദലിത് ക്രിസ്ത്യാനിക്ക് വിദ്യാഭ്യാസത്തിന്​ ഒരു ശതമാനം സംവരണം നല്കണമെന്ന പ്രിൻസപ്പൽ സെക്രട്ടറിയുടെ ശുപാർശ ഏഴ് വർഷമായി വകുപ്പുമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്'
'കേരളത്തിലെ ജനസംഖ്യയിൽ 20 ലക്ഷത്തോളം (6%) ഉണ്ടെന്ന് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയ ദലിത് ക്രിസ്ത്യാനിക്ക് വിദ്യാഭ്യാസത്തിന്​ ഒരു ശതമാനം സംവരണം നല്കണമെന്ന പ്രിൻസപ്പൽ സെക്രട്ടറിയുടെ ശുപാർശ ഏഴ് വർഷമായി വകുപ്പുമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്'

പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ അന്വേഷണം നടത്തി കണ്ടെത്തിയ പിന്നാക്കാവസ്ഥയും അതിൽ നിന്നുള്ള പരിഹാരവും നിർദ്ദേശിച്ച ഫയലാണ് മന്ത്രി വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത്. ഇതര സമുദായങ്ങളുടെ സംവരണ വിഷയം കേവലം രണ്ടുമാസം കൊണ്ടാണ് വർദ്ധിപ്പിച്ചെടുത്തെങ്കിൽ ദലിത് ക്രൈസ്തവരുടെ സംവരണവിഷയത്തിലെ ഫയൽ രണ്ടുവർഷം കൊണ്ടാണ് മന്ത്രിയുടെ മുൻപിൽ ഉത്തരവിനായി എത്തിച്ചേർന്നത്. രണ്ടുവർഷം കൊണ്ട് എത്തിച്ചേർന്ന ഫയലാണ് മന്ത്രി അനിൽകുമാർ മടക്കിയയച്ചത്.

പിന്നീട് വിചിത്രമായ കാര്യങ്ങളാണ് കമീഷൻ പറയുന്നത്. പരാതി സമർപ്പിച്ച കണ്ണൂർ സ്വദേശി സൈമൺ പിന്നാക്ക കമീഷൻ നടത്തിയ അവസാന സിറ്റിങ്ങിൽ പങ്കെടുത്തില്ലെന്നും ദലിത് ക്രൈസ്തവരുടെ ജനസംഖ്യ കൃത്യമായി അറിയില്ലെന്നും അതുകൊണ്ട് കേന്ദ്ര സർക്കാർ 2012-ൽ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ദലിത് ക്രൈസ്തവരുടെ സംവരണ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ എന്നും അറിയിച്ചു. എന്നാൽ രണ്ടര മാസം കൊണ്ട് മറ്റു സമുദായങ്ങൾക്ക് സംവരണം വർദ്ധിപ്പിച്ചപ്പോൾ യാതൊരു ഡാറ്റയും കേന്ദ്ര സർക്കാർ 2012-ൽ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങളും വേണ്ടിവന്നില്ല.

പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തിയ ലത്തീൻ കത്തോലിക്കർക്ക് അവരുടെ ജനസംഖ്യയെക്കാൾ കൂടുതൽ സംവരണം അനുവദിക്കുകയും ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറച്ചുകാണിച്ച്​, സംവരണം കുറയ്ക്കുകയും ചെയ്തു
പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തിയ ലത്തീൻ കത്തോലിക്കർക്ക് അവരുടെ ജനസംഖ്യയെക്കാൾ കൂടുതൽ സംവരണം അനുവദിക്കുകയും ദലിത് ക്രിസ്ത്യാനികളുടെ ജനസംഖ്യ കുറച്ചുകാണിച്ച്​, സംവരണം കുറയ്ക്കുകയും ചെയ്തു

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ പട്ടികയിൽ പേരിനുമാത്രമായി ഉൾപ്പെട്ടിരിക്കുന്ന ഒരു വിഭാഗമാണ് ദലിത് ക്രിസ്ത്യാനികൾ. സർക്കാർ കണക്കെടുപ്പിലും സാമൂഹിക അനുഭവങ്ങളുടെ കണക്കെടുപ്പിലും ദലിത് ക്രൈസ്തവർ പിന്നാക്കവസ്ഥയിലും ഏറ്റവും മോശമായ ജീവിത സാഹചര്യത്തിലുമാണ് ജീവിക്കുന്നത് എന്ന് വെളിപ്പെടുത്തിയ സർക്കാർ തന്നെ അവയെ പരിഹരിക്കാതെയിരിക്കാൻ ശ്രമിക്കുകയാണിവിടെ.

കേരളത്തിലെ ജനസംഖ്യയിൽ 20 ലക്ഷത്തോളം (6%) ഉണ്ടെന്ന് സർക്കാർ നിയമസഭയിൽ വെളിപ്പെടുത്തിയ ദലിത് ക്രിസ്ത്യാനിക്ക് വിദ്യാഭ്യാസത്തിന്​ ഒരു ശതമാനം സംവരണം നല്കണമെന്ന പ്രിൻസപ്പൽ സെക്രട്ടറിയുടെ ശുപാർശ ഏഴ് വർഷമായി വകുപ്പുമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്. 1950-ൽ പ്രസിഡൻഷ്യൽ ഓർഡറിലൂടെ അടർത്തിമാറ്റപ്പെട്ട ദലിത് ക്രിസ്ത്യാനികൾക്ക് സാമൂഹികവും സാമ്പത്തികവുമായി ഉയരണമെങ്കിൽ ഭരണഘടന വിഭാവന ചെയ്യുന്ന പിന്നാക്കസംവരണം ജനസംഖ്യാനുപാതികമായി ലഭ്യമാകേണ്ടതുണ്ട്. സമത്വവും മതേതരത്വവും ഉറപ്പുനൽകുന്ന ഭരണഘടനയാണ് നമുക്കുള്ളത്. മത വിവേചനം ഭരണഘടനാവിരുദ്ധവും ഭരണഘടനയുടെ അന്തസ്സിനു നിരക്കാത്തതുമാണ്. സംവരണത്തിലെ അസമത്വത്തിന് വിധേയരായ ദലിത് ക്രിസ്ത്യാനികൾ പതിറ്റാണ്ടുകളായി ഉയർത്തുന്ന ന്യായമായ ആവശ്യങ്ങൾക്കുനേരെ ഭരണാധികാരികൾ കണ്ണടയ്ക്കുകയും ചെവി പൊത്തുകയും ചെയ്യുന്നു. നിങ്ങൾ എന്തിന്​ ക്രിസ്ത്യാനികളായി? എന്ന ചോദ്യമാണ് ഉത്തരവാദിത്തം നിറവേറ്റണ്ടവർ ദലിത് ക്രൈസ്തവരോട് ചോദിക്കുന്നത്. മതനിരപേക്ഷ ഭരണാധികാരികളുടെ ഹിന്ദുത്വമനോഭാവത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരേണ്ടിയിരിക്കുന്നു. ▮

റഫറൻസ്​

(തിരുവനന്തപുരം മൈത്രി ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന, ഡി. മോഹൻദാസ് എഡിറ്ററായ ദലിത് ക്രൈസ്തവർ സംവരണവും സാമൂഹ്യനീതിയും എന്ന പുസ്തകത്തിൽനിന്ന്)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡി. മോഹൻദാസ്

തിരുവനന്തപുരം ഡോ. അംബേദ്കർ കൾച്ചറൽ ആന്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. ഇന്ത്യൻ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു.

ടി.എം. സത്യൻ

ആക്ടിവിസ്റ്റ്.

Comments