‘ആയിരം കോഴിക്ക് അരക്കാട', നാട്ടിൽ സാധാരണ കേൾക്കാറുള്ള ചൊല്ലാണിത്. ആയിരം കോഴിയെ ഭക്ഷിക്കുന്നതിനുതുല്യം ശക്തി നൽകുന്നതാണ് ചെറിയ കാടപ്പക്ഷിയുടെ പകുതി ഭക്ഷിക്കുന്നത് എന്നാണ് ഇതിനർഥം. ഈ ചൊല്ലിന് ഒരു ഉപമയാണ് ഊർജഗവേഷകനും, പരിസ്ഥിതിശാസ്ത്രജ്ഞനും, ചിന്തകനും, സാഹിത്യ നിരൂപകനും, ഉദ്യോഗസ്ഥമേധാവിയുമൊക്കെയായ ജി. മധുസൂദനന്റെ ‘മുതലാളിത്തവളർച്ച സർവനാശത്തിലേക്കുള്ള വഴി' എന്ന പുസ്തകം.
മുതലാളിത്തം, മാർക്‌സിസം, പരിസ്ഥിതി മാർക്‌സിസം, സുസ്ഥിരവികസനം, സാമ്പത്തിക മുതലാളിത്തം, എണ്ണ മുതലാളിത്തം, ഇക്കോ സോഷ്യലിസം തുടങ്ങി ആയിരക്കണക്കിന് വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ലോകപ്രഗത്ഭരുടെ പുസ്തകങ്ങൾ വായിക്കുന്നതിന് തുല്യമാണ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ ഒരൊറ്റ പുസ്തകം.
മാർക്‌സിന്റെയും ഏംഗൽസിന്റെയും ചിന്തകളുടെ സമകാലിക പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം, റഷ്യയേയും ചൈനയേയും വികസനത്തിൽ മാതൃകയാക്കരുത് എന്ന മുന്നറിയിപ്പും ഗ്രന്ഥകാരൻ നൽകുന്നു.
വിവരങ്ങളുടെയും ആശയങ്ങളുടെയും കുത്തൊഴുക്ക് പുസ്തകത്തിലുടനീളം കാണാം. ലോകത്തിലെ വിവിധ മേഖലകളിലെ വിദഗ്ധരുടെ വികസന കാഴ്ചപ്പാടുകളും സമകാലിക സാമൂഹ്യ- സാമ്പത്തികലോകം സൃഷ്ടിക്കുന്നതിൽ അവരുടെ സംഭാവനകളും വലിയ തോതിൽ വിശകലനത്തിന് വിധേയമാക്കുന്നുണ്ട്. മാർക്‌സിന്റെയും ഏംഗൽസിന്റെയും ചിന്തകളുടെ സമകാലിക പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം, റഷ്യയേയും ചൈനയേയും വികസനത്തിൽ മാതൃകയാക്കരുത് എന്ന മുന്നറിയിപ്പും ഗ്രന്ഥകാരൻ നൽകുന്നു. വിഭവത്തിന്റെ അമിതചൂഷണവും, പരിധിയില്ലാത്ത വികസനവും ഡിജിറ്റൽ സേവന വികസനരംഗത്തുള്ള അമിതാശ്രിതത്വവും മുതലാളിത്തത്തിന് നിലനിർത്തിക്കൊണ്ടുപോകാനാകില്ല എന്ന്, തെളിവുകളുടെയും ലോക പഠനങ്ങളുടെയും, ബുദ്ധിയുടെയും അടിസ്ഥാനത്തിൽ സമർത്ഥിക്കുക എന്ന ചരിത്രദൗത്യം ഈ പുസ്തകം ഏറ്റെടുക്കുന്നു എന്നാണ് 400 പേജുകളിലൂടെ കടന്നുപോകുമ്പോൾ ബോധ്യപ്പെടുക.
മുതലാളിത്തത്തിന്റെ വൈരുധ്യങ്ങൾ
14 ശീർഷകങ്ങളിലൂടെ ലോക മുതലാളിത്തത്തിന്റെ വളർച്ചയും, അതിന്റെ സ്വഭാവവും, പിന്നിട്ട സന്നിഗ്ധഘട്ടങ്ങളും, വൈരുധ്യങ്ങൾ മൂർച്ഛിച്ച് ഉണ്ടാകാവുന്ന തകർച്ചയും, എണ്ണക്കൊഴുപ്പിലുണ്ടായ വളർച്ചയും, എണ്ണക്കൊഴുപ്പിന്റെ തളർച്ചാ സാധ്യതകളും, എണ്ണയുഗാനന്തരലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഇക്കോ സോഷ്യലിസ്റ്റ് പ്രതീക്ഷകളും സവിസ്തരം പുസ്തകം വിശകലനം ചെയ്യുന്നു. കരിന്തിരി കത്തുന്ന ഫോസിൽ ഇന്ധനങ്ങൾ, ജീവന്റെ ഉന്മൂലനത്തിനുള്ള വളർച്ചകൾ, മുടന്തൻ മുതലാളിത്ത പരിഹാരങ്ങൾ എന്നീ തലക്കെട്ടുകൾ ഇന്നത്തെ വികസന രീതികളോടുള്ള ലേഖകന്റെ ശക്തമായ പ്രതിഷേധം സൂചിപ്പിക്കുന്നതാണ്.
ഊർജധാരാളിത്തമുള്ള അമേരിക്കയിൽ ഇപ്പോൾ മനുഷ്യോർജം വെറും ഒരു ശതമാനമാണ് എന്ന തിരിച്ചറിവ് നമ്മിലുളവാക്കുന്ന ചോദ്യം ഭീതിദമാണ്.
1750ൽ ലോകത്തിലെ ഉൽപാദനത്തിന്റെ മൂന്നിലൊന്ന് ചൈനയും, നാലിലൊന്ന് ഇന്ത്യയും, അഞ്ച് ശതമാനം റഷ്യയുമായിരുന്നു. പാശ്ചാത്യർ ധനികരായതെങ്ങനെ എന്ന പ്രസിദ്ധ കൃതിയിൽ ആദായത്തിന്റെയും സമ്പത്തിന്റെയും വർധിച്ച അസമത്വം, തൊഴിലാളി ചൂഷണം, സാമ്രാജ്യത്വ അധിനിവേശം, അടിമവ്യാപാരം എന്നീ നാല് വികടത്തങ്ങളിലൂടെയാണ് പാശ്ചാത്യർ അവരുടെ സാമ്പത്തിക വികസനം സാധ്യമാക്കിയത് എന്ന് സൂചിപ്പിക്കുന്നുണ്ട്. ഇന്ന് ഈ അസമത്വം വർധിച്ച് ലോകത്തിലെ എട്ടു പണക്കാരുടെ കൈകളിൽ കുമിഞ്ഞുകൂടിയിരിക്കുന്നത് 350 കോടിയിലധികം പേരുടേതിനുതുല്യമായ സമ്പത്താണ്.
ജോൺ ബല്ലാമി ഫോസ്റ്ററുടെ നിരവധി മാർക്‌സിയൻ പഠനങ്ങൾ ഉദ്ധരിച്ച്, മാർക്‌സ് ചൂണ്ടിക്കാണിച്ച മെറ്റാബോളിക് റിഫ്റ്റ് അഥവാ, മുതലാളിത്ത ലോകത്ത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ചയാപചയത്തിലുള്ള വൈരുദ്ധ്യങ്ങളെയും, എന്തിനേയും അമിത ചൂഷണവിധേയമാക്കുന്ന മുതലാളിത്തത്തിന്റെ മനോഭാവത്തേയും കുറിച്ച് വിശദമായി പരിശോധിക്കുന്നുണ്ട്.
പുതിയ ലാഭമേഖലകൾ
വ്യവസായവിപ്ലവത്തിന് തുടക്കമിട്ട 1784ലെ ജയിംസ് വാട്ടിന്റെ ആവിയന്ത്ര കണ്ടുപിടുത്തത്തെ തുടർന്നുണ്ടായ ഒട്ടേറെ അനുബന്ധ കണ്ടുപിടുത്തങ്ങൾ അടിമവ്യാപാരത്തിൽനിന്ന് കിട്ടിയ ലാഭത്തിൽനിന്ന് വികസിപ്പിച്ചതാണെന്ന നിരീക്ഷണം, ഓരോ കാലഘട്ടങ്ങളിലും മുതലാളിത്തം പുതിയ ലാഭമേഖലകൾ കണ്ടെത്തുന്നതിനുള്ള നിക്ഷേപത്തിന്റെ ചരിത്രപരമായ സ്വഭാവം ചൂണ്ടിക്കാണിക്കുന്നു.
1727ലെ ഇംഗ്ലണ്ടിലെ ആദ്യത്തെ ഫാക്ടറി, 1950 ആകുമ്പോഴേക്കുമുള്ള ഫോസിൽ ഇന്ധനങ്ങളുടെ, പ്രത്യേകിച്ച് എണ്ണയുടെ വർധിച്ച തോതിലുള്ള കണ്ടെത്തലുകൾ, വൈവിധ്യമാർന്ന രാസപ്രക്രിയകളുടെ കണ്ടുപിടുത്തം എന്നിവ പെട്ടെന്നുള്ള വികസന കുതിച്ചുചാട്ടത്തിന് വഴിവച്ചെങ്കിലും അത് ഈ നൂറ്റാണ്ടിൽതന്നെ അവസാനിക്കാനാണ് സാധ്യതയെന്നാണ് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത്. 1950 മുതൽ 2050 വരെ നീളാവുന്ന ഒരു നൂറ്റാണ്ടിന്റെ വളർച്ചയുടെ ഹ്രസ്വമായ ഇടവേള നാം ആഘോഷിക്കുകയാണെന്ന് ലേഖകൻ പറയുമ്പോൾ അത് നമ്മെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
തൊഴിൽ നിയമങ്ങളും പെൻഷൻ പോലുള്ള സുരക്ഷിതത്വങ്ങളും ഇല്ലാതാക്കി അരക്ഷിത തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
ഫോസിൽ ഇന്ധനങ്ങളുടെ കണ്ടെത്തലും വൻതോതിലുള്ള ഘനനവും ഭൂമിയുടെ സന്തുലിതാവസ്ഥയെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്നും അതിന്റെ സന്തതിയായ കാലാവസ്ഥാവ്യതിയാനം ഈ നൂറ്റാണ്ടിൽതന്നെ സൃഷ്ടിക്കാനിടയുള്ള ബഹുമുഖപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നും വിശദീകരിക്കാനാണ് പുസ്തകത്തിന്റെ ഭൂരിഭാഗം പേജുകളും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1850ൽ 65 ശതമാനത്തിലധികം അധ്വാനവും മനുഷ്യ-മൃഗ പേശികളിലൂടെയാണ് നടത്തിയിരുന്നതെന്നും ഊർജധാരാളിത്തമുള്ള അമേരിക്കയിൽ ഇപ്പോൾ മനുഷ്യോർജം വെറും ഒരു ശതമാനമാണ് എന്ന തിരിച്ചറിവും നമ്മിലുളവാക്കുന്ന ചോദ്യം ഭീതിദമാണ്. പകരംവച്ച ഈ ഊർജത്തിന് നിദാനമായ ഫോസിൽ ഇന്ധനങ്ങളുടെ ഉറവിടങ്ങൾ വറ്റിയാൽ മനുഷ്യന് പഴയരീതിയിലുള്ള അധ്വാനത്തിലേക്ക് തിരികെവരാൻ കഴിയുമോ? വളർച്ചയെ നിർണയിക്കുന്ന ഘടകങ്ങളിൽ മൂലധനത്തേക്കാളും, തൊഴിലാളിയുടെ അധ്വാനത്തേക്കാളും പ്രാമുഖ്യം ഊർജലഭ്യതയ്ക്കാണെന്ന് വസ്തുനിഷ്ഠമായി അവതരിപ്പിക്കാൻ പുസ്തകം ശ്രമിക്കുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങൾ, പ്രത്യേകിച്ച് എണ്ണയുടെ ലഭ്യത 2050 കളോടെ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ വളർച്ച ഇല്ലാതാവുമെന്നുമാത്രമല്ല, നിലനിന്നിരുന്ന വളർച്ചാഫലങ്ങളെ നിലനിർത്താൻ ഏറെ പാടുപെടേണ്ടതായും വരും.
‘വളർച്ചയുടെ പ്രതിസമാപ്തികൾ’ എന്ന അധ്യായത്തിൽ ലോകത്തെ ഇപ്പോഴത്തെ മുതലാളിത്തവളർച്ചയുടെ സ്വഭാവം എടുത്തുകാണിക്കുന്നു. വർധിക്കുന്ന അസമത്വം, പെരുകുന്ന കടം, ജനാധിപത്യ ധ്വംസനം, വിഭവ പ്രതിസന്ധി, ഊർജ പ്രതിസന്ധി എന്നിവയാണ് ഇവയുടെ പൊതുസ്വഭാവം.
അരക്ഷിത ജനസംഖ്യ കൂടുന്നു
ഏറ്റവും മുകളിലുള്ള ഒരു ശതമാനം, മറ്റുള്ള 99 ശതമാനത്തിനേക്കാൾ വളരെയേറെ മുന്നിലാകുന്നു. ഇന്ത്യയിലെ 90 ശതമാനം സമ്പത്തും ഒരു ശതമാനം ധനികരുടെ കൈകളിലാണെന്ന് ഓക്‌സ്ഫോം പഠനരേഖ പറയുന്നു. 1900 വരെ ജി.ഡി.പിയുടെ 100 ശതമാനം താഴെയായിരുന്നു രാജ്യങ്ങളുടെ പൊതുകടം. ഇത് ഇന്ന് 300 ശതമാനത്തിനടുത്താണ്. തൊഴിൽനിയമങ്ങൾ ലിബറലൈസ് ചെയ്യുന്നതിന്റെ ഭാഗമായി അരക്ഷിതരാകുന്ന തൊഴിലാളികൾ ഇന്നത്തെ ഒരു പ്രധാന വെല്ലുവിളിയാണ്. 2017ൽ ലോകത്തിലെ തൊഴിലാളികളിൽ 42 ശതമാനം അരക്ഷിത തൊഴിലാളികളാണ്. വികസ്വരദേശങ്ങളിൽ ഇത് 76 ശതമാനം വരെയാണ്. തൊഴിൽ നിയമങ്ങളും പെൻഷൻ പോലുള്ള സുരക്ഷിതത്വങ്ങളും ഇല്ലാതാക്കി അരക്ഷിത തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഇന്ത്യയും ഏറെ മുന്നിലാണ്.
ഉൽപാദനം ഊറ്റുന്ന ഉദാരവികസനം
സമത്വമില്ലാത്ത സമൂഹത്തിൽ ജനാധിപത്യത്തിന് പുലരാനാകില്ലെന്നാണ് സമകാലിക ലോകരാഷ്ട്രതന്ത്രം നമ്മെ ഓർമിപ്പിക്കുന്നത്.
‘കരിന്തിരി കത്തുന്ന ഫോസിൽ ഇന്ധനങ്ങൾ’ എന്ന അധ്യായത്തിൽ വിവിധ പഠനങ്ങളുടെ വെളിച്ചത്തിൽ കണ്ടെത്തിയ ഫലങ്ങൾ ഇപ്രകാരമാണ്:
കൽക്കരിയുടെ ഉൽപാദനം 2025 ൽ ഉച്ചസ്ഥായിയിലെത്തി പിന്നീട് ഉൽപാദനം കുറയും, 2050 ഓടെ കുത്തനെ ഇടിയുന്ന സാഹചര്യത്തിലെത്തും. എണ്ണ ഉൽപാദനത്തെ സംബന്ധിച്ച മുന്നറിയിപ്പ് ഇപ്രകാരമാണ്: 2050 ഓടെ എണ്ണ ഇറക്കുമതി ചെയ്യാൻ കഴിയാത്തവിധം കുറയുകയോ ഇല്ലാതാകുകയോ ചെയ്യും. 2019ലെ കണക്കനുസരിച്ച് ഇനി ലോകത്ത് ഖനനം ചെയ്‌തെടുക്കാവുന്ന എണ്ണയുടെ ശേഖരം 1,73,400 കോടി ബാരലാണ്. ഇത് തീരുന്നതോടെ എണ്ണ മുതലാളിത്തവും ധാരാളിത്തവും അവസാനിക്കും. 2025 ഓടെ എണ്ണ ഉൽപാദനം കുറയുകയും 2038 നുശേഷം രാജ്യങ്ങൾക്ക് എണ്ണ കയറ്റുമതി ചെയ്യാൻ കഴിയാത്തവിധം ഉൽപാദനം ശോഷിച്ച് പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കരുതുന്നു. പ്രകൃതിവാതകം, ആണവ ഇന്ധനങ്ങൾ എന്നിവയുടെ സ്ഥിതിയും ഇപ്രകാരം തന്നെയാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
രണ്ടു ഗ്രാം ഭാരമുള്ള ഒരു ചിപ്പ് നിർമിക്കാൻ 1600 ഗ്രാം ഫോസിൽ വിഭവങ്ങളും, 72 ഗ്രാം രാസവസ്തുക്കളും, 32 കിലോഗ്രാം ജലവും 760 ഗ്രാം വ്യവസായ വാതകങ്ങളും വേണം
ബദൽ ഊർജ സാധ്യതകൾ വിശദമായി തന്നെ പുസ്തകം പരിശോധിക്കുന്നുണ്ട്. സൗരോർജത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഭാവിയിലെ ഊർജപ്രതിസന്ധിക്ക് നേരിയ പരിഹാരം. മറ്റ് പല സ്രോതസ്സുകളിൽനിന്ന്, പ്രത്യേകിച്ച് ജലം, കടൽ, ജൈവവസ്തുക്കൾ, മാലിന്യം എന്നിവയിൽനിന്നൊക്കെ ഊർജം ഉൽപാദിപ്പിക്കാമെങ്കിലും, ചെലവ് കൂടുതലാകയാൽ ഇന്നത്തേക്കാളേറെ വലിയ വിലയുള്ള വസ്തുവായി ഊർജം മാറാനാണ് ഇടയുള്ളതെന്നാണ് ലേഖകന്റെ വാദം.
അമിതചൂഷണത്തിന്റെ ഫലമായി പ്രകൃതിയിൽനിന്ന് ലഭ്യമായ ധാതുക്കളും ഇല്ലാതാകുന്ന സാഹചര്യത്തിലേക്കാണ് ഉദാരവികസനം മുന്നോട്ടുപോകുന്നത്. ഇരുമ്പ്, ചെമ്പ്, അലുമിനിയം, ലെഡ്, സിങ്ക്, വെള്ളി, സ്വർണം, ക്രോമിയം, മാംഗനീസ്, മഗ്‌നീഷ്യം, നിക്കൽ, തകരം എന്നീ ലോഹങ്ങളുടെ ഉൽപാദനം അടുത്ത 12 മുതൽ 65 വർഷത്തിനുള്ളിൽ അസ്തമിക്കുമെന്നാണ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ അനുമാനിക്കുന്നത്. പല ലോഹങ്ങളുടെയും ഉൽപാദനം കുറഞ്ഞിരിക്കുന്നു. പല ലോഹങ്ങളും പുനരുപയോഗയോഗ്യമാണെങ്കിലും അതിനും പരിധിയുണ്ട്.
ഇലക്ട്രിക്- ഇലക്ട്രോണിക് യുഗമെന്നാണ് 21-ാംനൂറ്റാണ്ടിനെ വിശേഷിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ഉപയോഗക്ഷമത കൂടിയ ഉപകരണമാണ് മൊബൈൽ ഫോൺ. ഇപ്പോൾ ലോകത്ത് 500 കോടി മൊബൈൽ ഫോൺ ഉപയോഗത്തിലുണ്ട്. 50 വർഷത്തിനുള്ളിൽ ഇത് ഉൽപാദിപ്പിക്കാനുള്ള അസുലഭ ലോഹങ്ങളും മറ്റു വസ്തുക്കളും ഇല്ലാതാകുകയോ നേരിയതോതിലാവുകയോ ചെയ്യും. ഈ സാഹചര്യത്തിൽ പുത്തൻ സാങ്കേതികവിദ്യകളുടെ വികാസം മുരടിക്കുകയും അതോടെ ഇലക്ട്രോണിക് യുഗം അവസാനിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.
20-ാംനൂറ്റാണ്ടിൽ നൂറുവർഷം കൊണ്ട് ഖനനം ചെയ്ത വിഭവങ്ങളുടെ മൂന്നിലൊന്ന് 21-ാംനൂറ്റാണ്ടിലെ 13 വർഷം കൊണ്ട് ഖനനം ചെയ്തിരിക്കുന്നു. സാമ്പത്തികവളർച്ച ഇന്നത്തെ നിലയിൽ തുടർന്നാൽ 2050 ആകുമ്പോഴേക്കും വാർഷിക വിഭവഖനനം 21,800 കോടി ടണ്ണാകും. അത്തരമൊരു വളർച്ചക്കുവേണ്ട വിഭവങ്ങളും ഫോസിൽ ഊർജവും 2050 വരെ ലഭ്യമാകുമോ എന്ന പ്രസക്തമായ സംശയവും അങ്ങനെ ഉണ്ടാകുമെങ്കിൽ തന്നെ കാലാവസ്ഥാവ്യതിയാനത്തെ അതെത്ര രൂക്ഷമാക്കുമെന്ന ചോദ്യവുമാണ് ഗ്രന്ഥകാരൻ ഉന്നയിക്കുന്നത്.
ഡിജിറ്റൽ വികസനത്തിന് ഊർജം എവിടെ?
ഡിജിറ്റൽ വികസനവും വൻതോതിൽ ഊർജം ആവശ്യമായതാണെന്നും വിഭവ, ഊർജ ക്ഷാമം ഇതിനെയും വലിയ തോതിൽ ബാധിക്കുമെന്നും കണക്കുകളുടെ പിൻബലത്തോടെയാണ് അദ്ദേഹം വിശദമാക്കുന്നത്. ഒരു ഉദാഹരണം നോക്കാം. 2 ഗ്രാം ഭാരമുള്ള ഒരു ചിപ്പ് നിർമിക്കാൻ 1600 ഗ്രാം ഫോസിൽ വിഭവങ്ങളും, 72 ഗ്രാം രാസവസ്തുക്കളും, 32 കിലോഗ്രാം ജലവും 760 ഗ്രാം വ്യവസായ വാതകങ്ങളും വേണമെന്നും കാർബൺ, സിലിക്കൺ എന്നിവയുടെ മിശ്രിതത്തെ ആറു പ്രധാന രാസപ്രക്രിയകളിലൂടെ കടത്തിവിടണമെന്നും, അത് വലിയതോതിൽ ഉച്ഛിഷ്ടം സൃഷ്ടിക്കുമെന്നും അങ്ങനെ രണ്ടു ഗ്രാം ചിപ്പ് നിർമിക്കാൻ 630 ഇരട്ടി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് കണക്കാക്കിയത്.
മുതലാളിത്തത്തിന്റെ ഒടുങ്ങൽ മാർക്‌സിന്റെ വീക്ഷണത്തിനനുസൃതമായി തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് ഒട്ടേറെ പണ്ഡിതരുടെ പഠനങ്ങളുടെ പശ്ചാത്തലത്തിൽ വിശദമാക്കുന്നുണ്ട്.
ഇതുപോലെ തന്നെയാണ് നിരുപദ്രവം എന്നുകരുതുന്ന ബിറ്റ്‌കോയിൻ എന്ന വെർച്വൽ കറൻസിയുടെ ഇടപാടുകളും. സാമ്പത്തിക വിദഗ്ധനായ അലക്‌സ് ദവറീസ് 2018 മെയിൽ ‘ജൂൾ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്, ഒരു ബിറ്റ്‌കോയിൻ ട്രാൻസാക്ഷൻ നടക്കുമ്പോൾ ഏകദേശം 300 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു എന്നാണ്. വിവര സാങ്കേതിക - വിനിമയ സാങ്കേതികവിദ്യകൾ ഇന്നത്തെ രീതിയിൽ വളർന്നാൽ 2030 ആകുമ്പോഴേക്കും ലോകത്തിലെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 51 ശതമാനം ഇവയ്ക്കായി നീക്കിവയ്‌ക്കേണ്ടിവരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത് ഊർജക്ഷാമവും, വിഭവക്ഷാമവും ഉണ്ടായാൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥക്കോ സേവന സമ്പദ്വ്യവസ്ഥക്കോ നിലനില്പുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ഉദാഹരണസഹിതം വ്യക്തമാകുന്നത്.
2030 നകം രണ്ട് ഡിഗ്രി സെൽഷ്യസ് താപവർധനവ് സംഭവിക്കാവുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. എന്നിട്ടും ഇതിന് കാരണമായ വളർച്ച നിയന്ത്രിക്കാനല്ല, മറിച്ച് അനുസ്യൂതം തുടരാൻ തന്നെയാണ് ഭരണകൂടങ്ങളും കോർപറേറ്റുകളും തീരുമാനിച്ചിരിക്കുന്നത്. ഈ വളർച്ചയെ ജീവന്റെ ഉന്മൂലനത്തിനുള്ള വളർച്ചയെന്നാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. അന്തരീക്ഷം ചൂടാകുന്നതിന്റെ അളവ്, അതിനുള്ള കാരണങ്ങൾ, കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ടും തമ്മിലുള്ള താപനിലയിലെ വ്യത്യാസം, ആർട്ടിക്- അന്റാർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുരുകലിന്റെ അളവ് എന്നിവ വളരെ വിശദമായി പരിശോധിക്കുന്നുണ്ട്.
ഈ ആഗോള ആത്മഹത്യയെ മറികടക്കാൻ മുതലാളിത്തത്തിന്റെ ലൊട്ടുലൊടുക്ക് വിദ്യക്കാവില്ല എന്നും അതിന് സുസ്ഥിരവികസനത്തിന്റെ സൈദ്ധാന്തിക നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുള്ള പരിപാടിയാണ് വേണ്ടതെന്നും വാദിക്കുന്നു. പുനരുൽപാദന യോഗ്യമല്ലാത്ത ഉൽപാദനം നിയന്ത്രിക്കുക, ആഗിരണം ചെയ്യാനുള്ള ആവാസവ്യവസ്ഥയുടെ കഴിവിനപ്പുറം മലിനീകരണത്തിന്റെ തോത് വർധിപ്പിക്കാതിരിക്കുക, സുസ്ഥിരതയെന്നാൽ വൻ വളർച്ചയുടെ അന്ത്യമല്ല, ഭൗതികവികാസത്തിനപ്പുറം ഗുണപരമായ വികസനം ലക്ഷ്യമിടുക, മനുഷ്യന്റെ ആനന്ദകരമായ ജീവിതത്തിന് നിതാന്തമായ ഭൗതികവികാസം ആവശ്യമില്ല തുടങ്ങി 14 നിർദേശങ്ങൾ ചർച്ചക്കായി മുന്നോട്ടുവയ്ക്കുന്നുണ്ട്.
മുതലാളിത്തത്തിന്റെ ഒടുങ്ങൽ മാർക്‌സിന്റെ വീക്ഷണത്തിനനുസൃതമായി തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് ഒട്ടേറെ പണ്ഡിതരുടെ പഠനങ്ങളുടെ പശ്ചാത്തലത്തിൽ വിശദമാക്കുന്നുണ്ട്.‘‘50 വർഷത്തെ ദീർഘതരംഗങ്ങൾ ഉണ്ടെങ്കിൽ അവയുടെ സ്വഭാവവും കാലാവധിയും നിർണയിക്കുന്നത് മുതലാളിത്തശക്തികളുടെ ആന്തര പ്രതിപ്രവർത്തനങ്ങളല്ല പിന്നെയോ, മുതലാളിത്ത വികസനം കടന്നുപോകുന്ന ബാഹ്യഘടകങ്ങളുടെ പ്രതിപ്രവർത്തനത്തിന്റെ സ്വാധീനങ്ങളാകും'' എന്ന് ലിയോൺ ട്രോട്സ്കി എഴുതി.ട്രോട്സ്കി ഉദ്ദേശിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും ചില ബാഹ്യഘടകങ്ങളായ സാമൂഹിക അസമത്വം, വിഭവശോഷണം തുടങ്ങിയവ പരിസ്ഥിതി പ്രതിസന്ധിയെ രൂക്ഷമാക്കുന്ന നിർണായക ഘടകങ്ങളായി വളർന്നിരിക്കുന്നു, തുടങ്ങിയ ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾ വളരെ ശാസ്ത്രീയമാണ്.
അമിതോൽപാദനം, ഉപഭോഗക്കുറവ്, അമിതോൽപാദനം മൂലമുള്ള ഇന്ധന, ലോഹ പ്രതിസന്ധി ഇവയിൽനിന്നുളവായി വന്ന കാലാവസ്ഥാമാറ്റം എല്ലാം കൂടി ആസന്നമായ അന്തിമതകർച്ചയിലേക്ക്, അല്ലെങ്കിൽ ഇറക്കത്തിലേക്കാണ് ലോകം പൊയ്‌ക്കൊണ്ടിരിക്കുന്നത്. റഷ്യൻ, ചൈനീസ് മോഡലുകളെ സ്വീകരിക്കാതെ സമത്വവും, സ്വതന്ത്രവും, സുരക്ഷിതവുമായ ആവാസവ്യവസ്ഥയും എല്ലാവർക്കും തൊഴിലും പ്രദാനം ചെയ്യുന്നതും എന്നാൽ മുതലാളിത്ത വളർച്ചയെ നിരാകരിക്കുന്നതുമായ ഒരു വലിയ സാധ്യതയെ ഈ തകർച്ചക്കുള്ളിൽ കണ്ടെത്താൻ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഗ്രന്ഥകാരൻ ആവശ്യപ്പെടുന്നത്.
നവ സോഷ്യലിസത്തിനുള്ള അവസരം
സോഷ്യലിസം അല്ലെങ്കിൽ ബാർബറിസം എന്ന റോസാ ലക്‌സംബർഗിന്റെ ലഘുലേഖയെ ഉദ്ധരിച്ച്, ഒരു നവ സോഷ്യലിസം സൃഷ്ടിക്കേണ്ട അവസരമിതാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അതിന്റെ സ്വഭാവത്തെക്കുറിച്ച് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അത് മൂർത്തമാണെന്ന് പറയാനാകില്ല. ‘‘ഇരുട്ടില്ലാത്ത ഒരു സമൂഹസൃഷ്ടി നമ്മെ കാത്തിരിക്കുന്നു, അതിനായി ഉണർന്ന് പ്രവർത്തിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു'' എന്ന് എഴുതിക്കൊണ്ടാണ് ജി. മധുസൂദനൻ ഈ ബ്രഹദ് പുസ്തകം അവസാനിപ്പിക്കുന്നത്.
നല്ലരീതിയിൽ മലയാളഭാഷ കൈകാര്യംചെയ്യാനുള്ള ചാരുത ഗ്രന്ഥകാരനുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ പുസ്തകം. ഗഹനമായ ലോകോത്തരവിഷയങ്ങൾ ഒരു നല്ല നോവൽ വായിച്ചാൽ ലഭിക്കുന്ന ആത്മീയ സന്തോഷത്തോടെ വായിച്ചെടുക്കാൻ കഴിയുന്നു എന്നത് ഗ്രന്ഥകാരന്റെ വിജയമാണ്. തുറന്ന വായനക്കാരനെന്ന നിലക്കും സാഹിത്യനിരൂപകനെന്ന നിലക്കുമുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം ഈ പുസ്തകത്തിലുടനീളം കാണാം. മറ്റു ഭാഷകളിലേക്ക് ഇത് തർജമചെയ്യപ്പെടുമെന്നുതന്നെ വേണം കരുതാൻ. എന്തായാലും ലോകോത്തരമായി വായിക്കേണ്ടതും, വിശകലന വിധേയമാക്കേണ്ടതും ചർച്ചചെയ്യേണ്ടതും, ഉൾക്കൊള്ളേണ്ടതുമായ പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള വഴികാട്ടി തന്നെയാണ് ഈ കൃതി. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.