കവിതയുടെ കോന്തലക്കെട്ട്, നാട്ടുദാർശനികതയുടെ അരം

മലയോര ഗ്രാമീണതയിൽ ഇന്നും പരുങ്ങിയിരിക്കുന്ന ഇല്ലായ്മകളുടെ ഇക്കണോമിക്സ് ഈ കവിതകളിൽ പ്രവർത്തിക്കുന്നുണ്ട്. ദേശത്തിന്റെ സമ്പദ്വ്യവസ്ഥയിലെ അനീതികളെക്കൂടി അത് രേഖപ്പെടുത്തുന്നു, നിർമമതയുടെ ഭാഷയിൽ. സാർവലൗകികമായ ആധുനികതയോ പ്രാപഞ്ചികതയോ പ്രഖ്യാപിക്കുന്നിടത്തുനിന്ന് സ്വന്തം ചുറ്റുപാടിനെ എഴുതിത്തുടങ്ങുന്ന കവിത സൗന്ദര്യശാസ്ത്രപരമായും പുതിയ വായനകൾ ആവശ്യപ്പെടുന്നുണ്ട്. നന്ദനൻ മുള്ളമ്പത്തിന്റെ 'കോമാങ്ങ' എന്ന കവിതാസമാഹാരത്തിന്റെ പഠനം

യിരം പേർ എഴുതിയാലും കവിതയിൽ ഒരു വിഷയം ആയിരം മട്ടിൽ കിടക്കുന്നതിന്റെ പേരാണ് അനന്യത. അനന്യമായിരിക്കൽ (being unique) ആണ് കവിതയുടെ അടിയാധാരം. തനിക്കുമാത്രം എഴുതാൻ കഴിയുന്ന ഒന്ന് ഒരു കവി കണ്ടെത്തുമ്പോഴാവണം അയാൾ കവിയാവുന്നത്. അല്ലാത്തിടത്തോളം പ്രതിധ്വനികളാൽ നിറയുന്ന വാഗ്ലീലയായി കവിത മാറിയേക്കാം. സ്വന്തം എഴുത്തിടം രാകിമിനുക്കിയാണ് നന്ദനൻ മുള്ളമ്പത്ത് കവിതയിൽ കയറി ഇരിക്കുന്നത്. ചെറുതല്ല, ഈ എഴുത്തിടനിർണയം.

പുഴ കവിത തന്നു എന്ന് മുഖക്കുറിയിൽ നന്ദനൻ പറയുന്നു. പുഴ സംസ്‌കാരത്തിന്റെ ചാലകശക്തിയാണെന്ന് നമ്മുടെ ചരിത്രം. നദീതടങ്ങളിലാണ് മനുഷ്യർ ജീവിതവും സംസ്‌കാരവും കെട്ടിപ്പൊക്കിയത്. മുടിക്കൽപ്പുഴ അതേ സംസ്‌കാരത്തിന്റെ നാട്ടുതുടർച്ചയാണ്. നൂറ്റാണ്ടുകളിലൂടെ ഒഴുകുന്ന ഒരു സംസ്‌കാരനദിയിലാണ് കവി മുഖം നോക്കുന്നത്. നദീതട സംസ്‌കാരത്തിന്റെ വെള്ളവും വളവും തേവിയാണ് നന്ദനന്റെ കവിത വളരുന്നത്. വയറു കേടായെങ്കിലും തിന്ന കോമാങ്ങയുടെ രുചിയോർക്കുന്ന സുഖമാണ് കവിതയെന്ന് ‘മുടിക്കൽപ്പുഴ'യിൽ നിന്ന് ‘കോമാങ്ങ'യിലെത്തുമ്പോൾ നന്ദനന്റെ കവിത അടിവരയിടുന്നു.

കവിതയിൽ ദാരിദ്ര്യത്തിന്റെ നഖചിത്രം

മലയാളകവിതയുടെ ഘനഗംഭീരമായ ചരിത്രപരതയോടും സൗന്ദര്യാനുഭവങ്ങളോടും ഇടഞ്ഞുനിൽക്കുന്ന ഓരങ്ങളുടെ സ്വരം ഈ കവിതകളിൽ നിറയുന്നു. ‘മുരിങ്ങോളി കുമാരേട്ടൻ കവിത വായിക്കുമ്പോൾ' എന്ന കവിതയിൽ സൂചിപ്പിക്കുന്നതുപോലെ, കവിതയ്ക്ക് ചിന്ത എന്ന് വിളിക്കുന്ന നാടത്തമാണ് അതിന് പ്രഖ്യാപിക്കാനുള്ളത്. ഏതു കലയും ചിന്തയുടെ കഷ്ണമാണെന്നറിയുന്ന ഒരു നാട്ടുമനുഷ്യൻ ഈ കവിതയിൽ ഒളിച്ചുപാർക്കുന്നു. കവിത ആക്സ്മികതയെ ജീവിത തത്വമാക്കുന്നു എന്നു കരുതാമെങ്കിൽ ജീവിതം അതേ ആകസ്മികതയുടെ മറ്റൊരു വെളിപ്പെടലാണെന്ന് ഈ കവിതകൾ പറയാതെ പറയുന്നു.

‘കുടുക്ക' എന്ന കവിതയിലേതുപോലെ നൊടിനേരത്തെ ഒരു വാക്ക് ജീവിതാന്ത്യംവരെ കൂടെക്കൂടുന്ന നിയതി വിസ്മയിപ്പിക്കുന്നതാണ്. ഭാഷയാൽ ചുറ്റപ്പെട്ട ജീവിതമുഹൂർത്തങ്ങളെ കവിത പിടിച്ചുവെക്കുന്നു. കവി സ്വപ്നത്തിലെ ചെന്നായയുടെ കടികൊള്ളാൻ നിന്നുകൊടുക്കുന്ന ആളാണെന്ന് നന്ദനൻ പറയുന്നു. യാഥർത്ഥ്യത്തിന്റെ കടിയേക്കാൾ മാരകമല്ല സ്വപ്നത്തിലെ ചെന്നായയുടെ കടി എന്നറിയുന്ന കവി നേരിനും ഭാവനയ്ക്കും കുറുകെ കവിതയുടെ പാലം പണിയുന്നു.

യു.എ. ഖാദറിന് തൃക്കോട്ടൂർ പോലെ, എം.ടിക്ക് കൂടല്ലൂർ പോലെ, എൻ. എസ്. മാധവന് ലന്തൻ ബത്തേരി പോലെ ഓരോ എഴുത്താളും ഒരു നാടിനെ, അല്ലെങ്കിൽ ഒരു സാങ്കൽപികനാടിനെയെങ്കിലും എഴുത്തിൽ പോറ്റുന്നുണ്ട്. നന്ദനൻ മുള്ളമ്പത്തിന് അത് തന്റെ പുരയിടവും അങ്ങാടിയുമാണ്. ആ നാട്ടിലെ മനുഷ്യരാൽ രൂപം കൊള്ളുന്ന ഒരു കമ്യൂൺ നന്ദനൻ കവിതയിൽ കൊണ്ടുനടക്കുന്നു.

ഒറ്റപ്പെട്ട സങ്കടങ്ങളോ പരാതികളോ അല്ല കവിത ഇദ്ദേഹത്തിന്. അഥവാ എല്ലാത്തരം അനുഭൂതികളുടെയും ഉറവിടം മുടിക്കൽപ്പുഴയുടെ ഓരത്തെ കഥാത്മകപ്പെട്ട മനുഷ്യജീവിതമാണ്. അവിടെ വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങിയ മനോജനെ പാമ്പുകടിച്ചപ്പോൾ മനോജന്റെടുത്തുമാത്രമല്ല, പാമ്പിന്റെ അടുത്തും കുറ്റമില്ലേ എന്ന് ചോദിക്കുന്നതരം മനുഷ്യേതരബോധം ഒരമ്മമ്മ പുലർത്തുന്നു (മന്നിയമ്മ). അവിടെ അഗമ്യഗമനത്തിന് ആഗ്രഹിക്കുന്ന പുരുഷനെ രണ്ട് സ്ത്രീകൾ ഉടൽമാറാട്ടത്തിലൂടെ നേരിടുന്നു (രണ്ടു പെണ്ണുങ്ങൾ).

മഴ നാട്ടുനന്മയായി പെയ്തിറങ്ങുന്ന ഗൃഹാതുരതയാണെങ്കിൽ ആ മഴ നോക്കിയിരിക്കാനും പണം വേണമെന്നറിയുന്ന ഒരു മാതുവമ്മ നന്ദനന്റെ കവിതയിൽ കുടിപാർക്കുന്നു. സൗന്ദര്യത്തിന്റെ പണാടിത്തറയെ മാതുവമ്മ (പണം എന്ന കവിതയിൽ) അയത്നലളിതമായി കാട്ടിത്തരുന്നു. കഥ നീളുമ്പോൾ അവിലു തീർന്നുപോകുന്ന കുഞ്ഞിക്കണ്ണനും കഥ ചുരുക്കുമ്പോൾ അവിലു തിന്നാമെന്നറിയുന്ന കേളപ്പനും പങ്കുവെക്കുന്ന ലോകബോധം ദാരിദ്ര്യത്തിന്റെ അടിയടരിൽനിന്ന് രൂപം കൊള്ളുന്ന ഒന്നാണ് (കേളപ്പനും കുഞ്ഞിക്കണ്ണനും).

മധ്യവർഗസുഖലോലുപതയ്ക്ക് വ്യാപകപ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന കാലത്ത് ദാരിദ്ര്യമെന്നത് അപൂർവ്വമായ ഒരു വാർത്താചിത്രമോ സന്നദ്ധസഹായം ആവശ്യപ്പെടുന്ന ഒരു സ്റ്റോറിയോ ആവാമെന്നിരിക്കെ, കവിതയിൽ ദാരിദ്ര്യത്തിന്റെ നഖചിത്രം വരക്കുന്നു നന്ദനൻ. മലയോര ഗ്രാമീണതയിൽ ഇന്നും പരുങ്ങിയിരിക്കുന്ന ഇല്ലായ്മകളുടെ ഇക്കണോമിക്സ് ഈ കവിതകളിൽ പ്രവർത്തിക്കുന്നുണ്ട്. ദേശത്തിന്റെ സമ്പദ്വ്യവസ്ഥയിലെ അനീതികളെക്കൂടി അത് രേഖപ്പെടുത്തുന്നു, നിർമമതയുടെ ഭാഷയിൽ.

സാർവലൗകികമായ ആധുനികതയോ പ്രാപഞ്ചികതയോ പ്രഖ്യാപിക്കുന്നിടത്തുനിന്ന് സ്വന്തം ചുറ്റുപാടിനെ എഴുതിത്തുടങ്ങുന്ന കവിത സൗന്ദര്യശാസ്ത്രപരമായും പുതിയ വായനകൾ ആവശ്യപ്പെടുന്നുണ്ട്.

ഉടലും ഉയിരുമുള്ള മനുഷ്യരുടെ മണ്ണുമണം

പുതുകവിത എന്ന് ഏറെക്കുറെ പരിചിതമായ അനുഭവലോകത്തിനകത്തുതന്നെ സമീപകവിത (പ്രയോഗം: വിഷ്ണുപ്രസാദ്) എന്നുവിളിക്കാവുന്ന അനുഭവമേഖലകൾ ഏറ്റവും പുതിയ കവിത കാണിച്ചുതരുന്നുണ്ട്. ഐക്യരൂപമാർന്ന ‘ഏസ്തെറ്റിക് എക്സ്പീരിയൻസ്' ആയി അവയെ മനസ്സിലാക്കുക ശ്രമകരമാവും. കാടിനെ എഴുതുന്ന അശോകൻ മറയൂരോ സുകുമാരൻ ചാലിഗദ്ദയോ പോലെ, കടലിനെ എഴുതുന്ന ഡി. അനിൽകുമാറിനെപ്പോലെ, മലയോരത്തെ എഴുതുകയാണ് നന്ദനൻ മുള്ളമ്പത്ത് എന്നു കരുതിയാൽപ്പോലും അതിശയോക്തിയാവില്ല.

കാടിനുകിട്ടുന്ന സവിശേഷനോട്ടമോ നാടിനുകിട്ടുന്ന സ്വീകാര്യതയോ മലനാടിനു കിട്ടണമെന്നില്ല. അത് രണ്ടിനുമിടയിലെ ദേശഭൂപടമായി നിൽക്കുന്നു. അവിടെ മനുഷ്യച്ചെത്തം പ്രകൃതിയായി വായിക്കുന്നു കവി. ആൾക്കൂട്ടത്തിനിടയിൽ നിന്നാണ് ഇവിടെ കവിത ഉരുവം കൊള്ളുന്നത്. അയൽക്കാർക്കിടയിൽ ജീവിക്കുന്ന ഒരാളുടെ പൗരജീവിതം കൂടിയാണ് ഈ കവിതകളിൽ കാണാൻ കഴിയുക. ‘മരിക്കാത്തവർ' എന്ന കവിതയിലേതുപോലെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒന്നിച്ച് പണിയുന്ന ഒരു നാട്ടുപന്തലുണ്ട്. അതിന്റെ തണലിൽ വാക്കുകൾ കൊത്തിപ്പെറുക്കുന്നു നന്ദനന്റെ കവിത.

ഉടലും ഉയിരുമുള്ള മനുഷ്യരുടെ മണ്ണുമണം ഈ കവിതകൾ ആവാഹിച്ചിരിക്കുന്നു. പേരിൽ തന്നെ ജീവിതകഥ പേറുന്നുണ്ട് ആളുകൾ. അതിനാൽ ‘അയാളോ', ‘അവളോ' ആവാതെ കവിതയിൽ കാര്യമായി റോളുകളില്ലെന്ന് തോന്നിക്കുന്ന ഒരു കവിതാപാത്രം പോലും നെറ്റിയിൽ പേരൊട്ടിച്ച് പ്രത്യക്ഷപ്പെടുന്നു. പേരോടുകൂടിത്തന്നെ അവർ കവിതയിൽ ജീവിക്കുന്നു.

പ്രകടമായ ദേശബന്ധുത്വത്തോടൊപ്പം നന്ദനൻ മുള്ളമ്പത്തിന്റെ കവിതകളിൽ കടന്നുവരുന്ന ഭാവം നർമ്മത്തിന്റേതാണ്. കരച്ചിലിലും ചിരിയുണർത്താൻ കഴിയുന്ന ഒരുതരം ‘ഡാർക്ക് ഹ്യൂമർ' ആണ് അത്. ഹാസ്യത്തെ അബദ്ധമോ അസംബന്ധമോ ആയത്, വരിഷ്ഠമായത്, ആശ്വാസം നല്കുന്നത് (incongruity, superiority and relief) എന്നിങ്ങനെ മൂന്ന് ഗണങ്ങളായി തത്വചിന്താ പദ്ധതികൾ പരിഗണിക്കുന്നുണ്ട്.

അബദ്ധത്തിൽനിന്നുണ്ടാകുന്ന ഹാസ്യം പലപ്പോഴും നൈമിഷികമായ ഹാസ്യത്തെ ഉല്പാദിപ്പിക്കുമ്പോൾ ഹാസ്യത്തിന് പാത്രമാവുന്ന ആൾ/അവസ്ഥ തന്നിൽപ്പെട്ടതല്ല എന്ന അറിവുണ്ടാക്കുന്ന ഒരുതരം അപരത്വത്തെയാണ് വരിഷ്ഠതകൊണ്ട് അർത്ഥമാക്കുന്നത്. തോമസ് ഹോബ്സിനെപ്പോലുള്ള തത്വചിന്തകർ ഈ അപരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഫ്രോയിഡിയൻ സങ്കല്പത്തിൽ ഹാസ്യം എന്നത് അടിസ്ഥാനപരമായി സംഘർഷത്തെ അയവു വരുത്തുന്ന ഒന്നാണ്. അടിച്ചമർത്തിയ വികാരങ്ങൾ ഹാസ്യത്തിൽ അണപൊട്ടിയൊഴുകാം.

കവിതയിൽ സാമൂഹികവിമർശനമാണ് ഹാസ്യത്തിന്റെ ഒരു പ്രധാനവഴി. കുഞ്ചൻ നമ്പ്യാരിൽനിന്നു തുടങ്ങുന്ന ആ ഹാസ്യവഴിക്ക് സമകാലിക മലയാളത്തിലും തുടർച്ചകളുണ്ട്. എന്നാൽ നന്ദനന്റെ കവിതയിലെ ഹാസ്യം സാമൂഹികവിമർശനം എന്ന പോസ്റ്റർ പൊളിറ്റിക്സിനപ്പുറം, കവിതയ്ക്കകത്തു തന്നെ അടയിരിക്കാൻ ഇഷ്ടപ്പെടുന്ന നിർമമത സൂക്ഷിക്കുന്നു. ദുരിതപൂർണമായ ഒരു ജീവിതത്തിന്റെ അകചിത്രങ്ങൾ ഈ കവിതകളിലെല്ലാം കോറിയിടപ്പെട്ടിരിക്കുന്നു. ദൈനംദിന ജീവിതസങ്കടങ്ങളെ പുറംകാലുകൊണ്ട് തൊഴിക്കുകയാണ് ഇവിടുത്തെ ഹാസ്യം.

ഒരാവശ്യവുമില്ലാതെ ഹെഡ് മാസ്റ്ററോട് ‘പീത്തറം കുടിച്ചോളാൻ പറഞ്ഞ്' കക്കം മുട്ടായി നുണയുന്ന കല്ലുമ്മൽ മനോജൻ (പീത്തറക്കാലം) അനാവശ്യമായി ഒരു തമാശ പറയുക മാത്രമല്ല ചെയ്യുന്നത്, തന്റെ പ്രവർത്തനമണ്ഡലത്തിൽനിന്നുകൊണ്ട് അധികാരവിമർശനം നടത്തുകയാണ് ചെയ്യുന്നത്. കലയുടെ അടിത്തട്ടിൽ ഈ വിമർശബുദ്ധി എന്നുമുണ്ട്. എന്നാൽ ‘ആരെടാ പീത്തറം കുടിക്കേണ്ടതെ'ന്ന് ഹെഡ്മാസ്റ്റർ കോളറിനു പിടിക്കുമ്പോൾ പീത്തറം പോകുന്ന മനോജന്റെ ചിത്രം ചിരിയുണർത്തിയേക്കാം, എന്നാൽ ആ ചിരി അവിടെ തീരുന്നില്ല. അത് അധികാരക്കസേരകളോട് പടപൊരുതുന്ന അനേകം മനോജന്മാർക്കെതിരെയുള്ള കോളർ പിടുത്തമായി പരിണമിക്കുന്നു.

തന്റെ പേരിൽ അടികൂടുന്ന ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി പോകുന്ന പപ്പനെപ്പോലെ (പപ്പൻ) കവിത നാട്ടുകലഹത്തിനിടയിലൂടെ നടക്കുന്നു. കലഹത്തിന് മദ്ധ്യസ്ഥം പറയുകയല്ല, കലഹത്തിനി ടയിൽനിന്ന് ജീവിതദർശനം പറയുകയാണ് കവിത.

തദ്ദേശഭാഷയുടെ കെട്ടുപിണച്ചിൽ

ദേശമെഴുത്ത് ഭാഷയെഴുത്ത് കൂടിയാണ്. ആ ഭാഷയിലല്ലാതെ ദേശത്തെ എഴുതാൻ കഴിയില്ലെന്ന് കവിക്കറിയാം. ഒരുപക്ഷേ തദ്ദേശഭാഷയുടെ കെട്ടുപിണച്ചിലിൽ തന്നെയാണ് ഇവിടെ കവിതയുടെ രസതന്ത്രം പ്രവർത്തിക്കുന്നത്. അവ വേർതിരിച്ചെടുക്കുക പ്രയാസം. ഇരുട്ടുപിടിച്ച വഴിയും ‘ഇരുടാപ്പിടിച്ച' വഴിയും തമ്മിൽ ഈ ഭാഷാവ്യതിയാനത്തിന്റെ അകലമുണ്ട്.

ഇരുട്ടുപിടിക്കലിന്റെ സമീകൃതഭാവനയല്ല ഇരുടാപ്പിടിക്കലിന്റെ സമന്വയം തീർക്കുന്നത്. ഇരുൾ പരക്കുന്നതിന്റെ ദൃശ്യചിത്രണമുണ്ട് ഇരുടാപ്പിടിക്കലിൽ. അത് പതുക്കെ പതുക്കെ വ്യാപിക്കുന്ന ഇരുട്ടിനെ എഴുതുന്നു, ജലച്ചായചിത്രത്തിലെന്നെപോലെ. രാത്രിക്ക് കിട്ടുന്ന മാനകസൗന്ദര്യമല്ല 'മോന്തി'ക്കുള്ളത്. മോന്തിയിൽ മൂവന്തി ലോപിച്ചിരിക്കുന്നു, അത് പകലിനെയോ രാത്രിയെയോ സന്ധ്യയെയോ പകരം വെക്കുന്നില്ല. സംസ്‌കരിച്ച ഇരുട്ടാണ് രാത്രിയിൽ എങ്കിൽ അസംസ്‌കൃത ഇരുട്ടാണ് മോന്തിയിൽ. അത് നാട്ടുമരങ്ങൾക്കിടയിൽനിന്നോ കുണ്ടനിടവഴിയിൽനിന്നോ കയറിവരുന്നു. വാഴത്തോട്ടങ്ങളിൽ പതുങ്ങിയിരിക്കുന്നു. ടോർച്ചില്ലാതെ പോകുന്ന ആളുകളുടെ കാലിൽ ചുറ്റിപ്പിണഞ്ഞ് നടക്കുന്നു. മോന്തി മോന്തിയുള്ള ഇടങ്ങളിൽ മാത്രം പാർക്കുന്നു.

ഉള്ളതിൽ നിന്നുള്ള കുറയലാണ് ‘കൊറച്ചിൽ'. മാനക മലയാളത്തിൽ ‘മാനക്കേട്' എന്ന് പറയും. മാനം കെടലാണ് മാനക്കേടിലെങ്കിൽ, വെറുതെ കുറയലാണ് കുറച്ചിൽ. ഉണ്മയാണ് അതിന്റെ വിപരീതം. ഉണ്മയിൽ എല്ലാമുണ്ട്. അതിൽനിന്നുള്ള കുറയലാണത്, നന്ദനന്റെ കവിതയിൽ കാണുന്ന കൊറച്ചിൽ ആ അർത്ഥത്തിൽ മനുഷ്യനിൽനിന്നുള്ള കുറയൽ ആണ്. പൂർണതയിൽ നിന്നുള്ള കുറയലാണ്. അതിശയത്തിലെ ‘യ'കാരം ഒഴിവാക്കി അതിശമാണ് നാട്ടിൽ പ്രചാരത്തിലുള്ളത് (കുറഞ്ഞപക്ഷം വടകര താലൂക്കിലെങ്കിലും).

നന്ദനൻ ആ അതിശത്തെ യാണെടുക്കുന്നത്. അതിശയമെന്ന് ഒന്നിനെ സ്ഥാപിക്കുകയല്ല അതിശം, അത് ആ അത്യാത്ഭുതത്തെ ആകാംക്ഷാഭരിതമായി നിർത്തുകയാണ്. അതിശയമെന്ന ആശയരൂപമല്ല അതിശം എന്ന പ്രയോഗരൂപമാണത്. സ്‌കൂൾ ‘ഉസ്‌കൂൾ' ആവുന്നതും ഉയരം ‘എകര'മാവുന്നതും വരാന്ത ‘കോലായ' ആവുന്നതും അവൾ ‘ഓളാ'വുന്നതും മൂത്രം ‘പീത്തറം' ആവുന്നതും ഒക്കെയും ഈ ഭാഷാപരിണാമത്തിലെ കാവ്യസൂചകങ്ങളായി തന്നെ വായിക്കേണ്ടതുണ്ട്. മാനകപദങ്ങളെക്കൊണ്ട് പകരംവെക്കാൻ കഴിയാത്ത കാവ്യാത്മകത ആ വാക്കുകൾ പേറുന്നുണ്ട്.

അവരവരായിരിക്കുക

കവിത എക്കാലത്തും ദാർശനികമാനമുള്ള സൗന്ദര്യശുശ്രൂഷകളായിരുന്നു എന്ന് നമുക്കറിയാം. പൂന്താനത്തിലും നമ്പ്യാരിലും ആശാനിലും ആ ദർശനഗാംഭീര്യത്തിന്റെ അടയാളങ്ങളാണ് നാം കവിതയായി വായിച്ചത്. പി.യിലും വൈലോപ്പിള്ളിയിലും ചങ്ങമ്പുഴയിലും ദാർശനികതയുടെ വെള്ളിവെളിച്ചമുണ്ട്. ആധുനികതയിലും പുതുകവിതയിലും അതാതുകാലത്തിന്റെ ദർശനങ്ങൾ വെളിപ്പെട്ടുകിടക്കുന്നു.

സൗന്ദര്യദർശനങ്ങൾ ലോകതത്വങ്ങൾ തന്നെയെന്നും അവ ദേശാതിർത്തികളെ ഉല്ലംഘിക്കുന്ന പ്രവചനസ്വരങ്ങളാണെന്നും നാം കണ്ടു. ദേശഭാവനയുടെയും ദേശമനുഷ്യരുടെയും കഥാത്മകജീവിതചിത്രണങ്ങൾ കടന്ന്, അതിലെ നർമ്മവും കടന്ന് നന്ദനന്റെ കവിത ചെന്നെത്തുന്ന മൂർത്തമായ തലം ദാർശനികതയുടേതാണ്. ‘അരിഞ്ഞിട്ട ചക്ക വെറുതെയാക്കരുത്' എന്ന കവിത നോക്കുക. ആ കവിതയിൽ പ്രധാനമായും മൂന്ന് അടരുകളുണ്ട്.

ഒന്ന്: മരണവിവരം അറിയിക്കാൻ പോകുന്ന ആൾ, അതിലെ ദുഃഖഭരിതമായ സന്ദർഭം (നടന്നുകഴിഞ്ഞ യാഥാർത്ഥ്യമാണ് മരണം, അത് സമീപഭൂതകാലമാണ്) രണ്ട്: മരണവിവരം അറിയേണ്ട ആൾ ഏർപ്പെട്ടിരിക്കുന്ന ചക്കയുണ്ടാക്കൽ എന്ന പാചകക്രിയ (വർത്തമാനം). മൂന്ന്: ചക്കയുണ്ടാക്കി തിന്നുംവരെ മരണവിവരം പറയേണ്ട എന്ന് തീരുമാനിക്കൽ (താൽക്കാലിക വർത്തമാനം). കവിതയുടെ ആഖ്യാനവഴിയിൽ ഈ മൂന്ന് കാലങ്ങളും പ്രസക്തമായിരിക്കെത്തന്നെ, താൽക്കാലിക വർത്തമാനം (temporary present tense) എന്ന പുതിയ ഒരു കാലനിലയെ ഈ കവിതയിലെ ആഖ്യാതാവ് പിൻപറ്റുന്നു.

മരണവിവരം നീട്ടിവെക്കാൻ അയാളെ പ്രേരിപ്പിക്കുന്നത് വിശപ്പാവാം, ഭക്ഷണത്തോടുള്ള ബഹുമാനമാവാം. അതും ചക്ക തന്നെയായിരിക്കുന്നു ഭക്ഷണം എന്നതും പഞ്ഞകാലത്തിന്റെ പ്രതീകമെന്ന പോലെ കടന്നുവരുന്നു. ഒടുവിൽ മരണം പറയുകയും മരണവീട്ടിൽ വൈകിയെത്തുകയും ചെയ്യുന്ന സന്ദർഭത്തിലും അരിഞ്ഞിട്ട ചക്ക വെറുതെയാക്കരുതെന്ന ദാർശനികമാനം മരണത്തെ തോൽപ്പിക്കുന്ന ജീവിതയാഥാർത്ഥ്യമായി കവിതയിൽ വർത്തിക്കുന്നു.

അതിനകത്തെ ഹാസ്യം നമ്മെ ചിരിപ്പിക്കാനുള്ളതല്ല, അത് മറ്റൊരർത്ഥത്തിൽ ചേർത്തുവെക്കാനുള്ളത്. മാനവികമൂല്യങ്ങളെ പറ്റിയുള്ള പതുവുധാരണകൾ ഇവിടെ പാടെ തകിടം മറിയുന്നു, ‘തൽക്കാലം' ആണ് മനുഷ്യജീവിതത്തിന്റെ കാലം എന്നുകൂടി ഇതിനർത്ഥമുണ്ട്. അത് മനുഷ്യന് പങ്കില്ലാത്ത, മനുഷ്യനിർണയത്തിന് അതീതമായ മരണത്തെ നിസംഗമായി നോക്കുകയും ജീവിച്ചിരിക്കുന്ന കാലത്തെ ഊട്ടുകയും ചെയ്യേണ്ടുന്നതിന്റെ സത്യകഥ അവതരിപ്പിക്കുകയും ചെയ്യുന്നു.

അവരവരായിരിക്കുക എന്ന അനന്യതയിൽ അള്ളിപ്പിടിച്ചിരിക്കുന്നതിനാൽ ഇമ്മട്ടിലൊക്കെയും നന്ദനൻ മുള്ളമ്പത്ത് എന്ന കവി പ്രിയപ്പെട്ടതായിരിക്കുന്നു. അയാളുടെ കോന്തലയിൽ കേടുവരാത്ത കവിതയുടെ കെട്ടുണ്ട്, ആ കെട്ടിൽ ഒരു നാടിന്റെ അടിയാധാരവും. കവിതയും ആധാരവും മാറിപ്പോകുന്ന, അല്ലെങ്കിൽ കവിത തന്നെയും ആധാരമാവുന്ന വാക്കുകെട്ടിനാൽ അയാൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒപ്പം വായനക്കാരും.

(ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘കോമാങ്ങ' എന്ന കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയ പഠനം)

Comments