ഇന്നത്തെ നമ്മുടെ നോവലുകൾ
പാരഡികളും പാസ്റ്റീഷുമാണ്

ഇന്നത്തെ നമ്മുടെ നോവലുകൾ ചരിത്രത്തിന്റെ റിപ്രൊഡക്ഷനാണ്. കഥയനുസരിച്ചുള്ള ആട്ടമാണത്. ലിബറൽ ക്യാപ്പിറ്റലിസത്തിന്റെ വാഴ്ത്തുകളാണവ. ലാഘവത്തോടെയുള്ള വായനകളാണ് അവ ആവശ്യപ്പെടുന്നത് - എസ്. ജോസഫ് എഴുതുന്നു.

പുസ്തകം ഒരു മലയാള പദമല്ല, സംസ്കൃതത്തിലും പേർഷ്യനിലും ഹിന്ദിയിലും ആ വാക്കുണ്ട്. പുസ്തകങ്ങൾ അറിവും അനുഭവങ്ങളും അനുഭൂതികളും ഉൾക്കൊള്ളുന്നു. അവ വായിക്കുന്നതിലൂടെ അറിയാനും അനുഭവിക്കാനും കഴിയും. ചിന്തയുടെ, വികാരങ്ങളുടെ, സ്വപ്നങ്ങളുടെ ലോകം തുറന്നിടുന്നു പുസ്തകങ്ങൾ. യഥാർത്ഥത്തിൽ പുസ്തകങ്ങളിൽ ഇപ്പറഞ്ഞത് ഒന്നുമില്ല. തുന്നിക്കെട്ടിയ കുറെ കടലാസുകളും കുറേ അക്ഷരങ്ങളും ചിലപ്പോൾ ചിത്രങ്ങളുമാണ് പുസ്തകങ്ങളിലുള്ളത്. ചിത്രങ്ങൾക്ക് യാഥാർത്ഥ്യത്തോടുള്ള അടുപ്പും കാഴ്ചയിൽത്തന്നെ മനസിലാക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അക്ഷരങ്ങൾ വാക്കുകളായി കൂട്ടിവായിക്കുകയും മനസിൽ അവ പ്രതീകങ്ങളോ ബിംബങ്ങളോ ചിത്രങ്ങളോ ആയി മാറുകയും ചെയ്താൽ മാത്രമേ പുസ്തക വായന നടക്കുകയുള്ളു. ആ അറിവുകളാകട്ടെ പുസ്തകത്തിന് വെളിയിലെവിടെയൊക്കെയോ ആണ് നിലകൊള്ളുന്നത്. ആളുകളോടും വസ്തുതകളോടും മറ്റു പുസ്തകങ്ങളോടുമായവ ബന്ധപ്പെട്ടിരിക്കുന്നു. അവയെ കൃത്യമായി കണ്ടെത്തുക സാധ്യമല്ല.

നമ്മൾ, അറിവുകൾ പുസ്തകത്തിലുണ്ട് എന്ന് കരുതുകയാണ് ചെയ്യുന്നത്. അക്ഷരവിദ്യ പഠിച്ചവർക്കേ പുസ്തകങ്ങൾ വായിക്കാൻ പറ്റൂ. അക്ഷരങ്ങൾ കൂട്ടിവായിച്ച് മനസിലാക്കണം. വായിക്കാൻ പഠിക്കണം എന്നർത്ഥം. അതൊരു ശീലമാക്കുകയും നമ്മുടെ ഒഴിവാക്കാനാവാത്ത താല്പര്യമാകുകയും വേണം. പഠിക്കാനുള്ള പുസ്തകങ്ങൾ വായിക്കുന്നതു പോലെയല്ല ഫിക്ഷനും നാടകവും കവിതയും മറ്റ് വിജ്ഞാനഗ്രന്ഥങ്ങളും വായിക്കുക എന്നത്. പഠിക്കുന്നത് ഡിഗ്രിക്കായും ജോലിക്കായുമാണ്. അല്ലാതുള്ള പുസ്തകവായന പ്രത്യക്ഷമായ ഒരു ഗുണവും നമുക്ക് ചെയ്തെന്നിരിക്കില്ല. ആ വായന നമ്മുടെ സംസ്കാരമായി മാറുന്നു. അത് നമ്മളെ സത്തയുള്ള ( Being ) ഒരു മനുഷ്യജീവിയാക്കുന്നു. നമുക്ക് ആത്മീയമായ ഉള്ളടക്കം ലഭിക്കുന്നു.

ആനന്ദിനെയോ വിജയനെയോ വായിക്കുന്നവർ കുറഞ്ഞു. കോവിലനെയും സി.വിയെയും വായിക്കുന്നവർ ഗവേഷകർ മാത്രം.  Photo: Vijith Balakrihnan
ആനന്ദിനെയോ വിജയനെയോ വായിക്കുന്നവർ കുറഞ്ഞു. കോവിലനെയും സി.വിയെയും വായിക്കുന്നവർ ഗവേഷകർ മാത്രം. Photo: Vijith Balakrihnan

ഒരു കാലത്ത് ഗുരുക്കന്മാരിലായിരുന്നു അറിവ്. ഇന്ത്യൻ പശ്ചാത്തലത്തിൽ അവർ ഋഷിമാർ എന്നും ശ്രമണൻമാർ എന്നുമൊക്കെ അറിയപ്പെട്ടു. ബുദ്ധന്മാരും (ഒരു ബുദ്ധനല്ല) ജൈനന്മാരും ജ്ഞാനികളായിരുന്നു. ശരിക്കും അറിവ് ഭൗതിക നിഷ്ഠമായ ഒരു കാര്യമാണ്. മനുഷ്യരുടെ ജീവിതവും പ്രവർത്തനങ്ങളും നിർമിതികളും ബോധവും അവരെ അറിവിലേക്ക് നയിക്കുന്നു. ആ അറിവുകൾ പിന്നീട് തോലുകളിലും താളിയോലയിലും ഫലകങ്ങളിലും മറ്റും എഴുതപ്പെട്ടു. പുസ്തകങ്ങൾ വരുന്നത് പിന്നീടാണ്. വ്യവസായ വിപ്ലവവും അച്ചടിയുടെ ആവിർഭാവവും അതിന് കാരണമായി. വ്യവസായ വിപ്ലവത്തോടൊപ്പം ജനാധിപത്യസമൂഹങ്ങൾ രൂപപ്പെട്ടതോടെ മധ്യവർഗ്ഗമായ ഒരു വായനാ സമൂഹവും ഉയർന്നുവന്നു. അതോടൊപ്പം സ്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ലൈബ്രറികളും ഉണ്ടായി. അറിവ് എന്നതിന് ഇന്ന് പുസ്തകങ്ങൾ മാത്രമല്ല ഉള്ളത്. ആശയവിനിമയത്തിനുളള ഫോൺ മുതൽ ഇൻ്റർനെറ്റ് മാഗസിനുകളും ട്വിറ്ററും ഫെയിസ് ബുക്കും ഒക്കെ അതിന്റെ ഉപകരണങ്ങളാണ്.

പാമുക്കോ ഡോസ്റ്റോവ്സ്കിയോ മാർക്കേസോ ടോണി മോറിസണോ സിമ്പോ ഴ്ഷ്സ്കയോ ഡോറിസ് ലെസിങ്ങോ ഇഷിഗു റുവോ വായിക്കുന്നവർ ഇന്നില്ല.

പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് നാം ബാഹ്യലോകവുമായി ബന്ധപ്പെടുന്നത്. എല്ലാത്തരം വായനകളും പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കണ്ണുകൊണ്ടുള്ള മനസിലാക്കലിനെയാണ് നാം വായന എന്ന് സാധാരണ പറയുന്നത്. (അന്ധരായവരുടെ വായന സ്പർശനത്തിലൂടെയും കേൾവിയിലൂടെയുമാണ്.) അതിലാണ് പുസ്തകവായന വരുന്നത്. പുസ്തകങ്ങൾ കടലാസിന്റെ ഉല്പന്നമാണ്. എന്നാൽ ഡിജിറ്റൽ രൂപത്തിലും അവ വരാം. ഓഡിയോ ബുക്കുകളുമുണ്ട്. ലിബറൽ ക്യാപ്പിറ്റലിസത്തിന്റെ ഇക്കാലം എല്ലാം മാർക്കറ്റ് ഇക്കോണമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം മാർക്കറ്റ് ഓറിയൻ്റഡായി മാറി. അറിവുകളെല്ലാം ഇൻഫോർമേഷൻസ് (വിവരങ്ങൾ) ആയി മാറിയിരിക്കുന്നു. അവ ചെറുചെറു കഷണങ്ങൾ മാത്രമാണ്. അറിവുകളെ ആഴത്തിൽ മനസിലാക്കുന്നില്ല.

മനുഷ്യരുടെ ജീവിതവും പ്രവർത്തനങ്ങളും നിർമിതികളും ബോധവും അവരെ അറിവിലേക്ക് നയിക്കുന്നു. ആ അറിവുകൾ പിന്നീട് തോലുകളിലും താളിയോലയിലും ഫലകങ്ങളിലും  മറ്റും എഴുതപ്പെട്ടു. പുസ്തകങ്ങൾ വരുന്നത് പിന്നീടാണ്.
മനുഷ്യരുടെ ജീവിതവും പ്രവർത്തനങ്ങളും നിർമിതികളും ബോധവും അവരെ അറിവിലേക്ക് നയിക്കുന്നു. ആ അറിവുകൾ പിന്നീട് തോലുകളിലും താളിയോലയിലും ഫലകങ്ങളിലും മറ്റും എഴുതപ്പെട്ടു. പുസ്തകങ്ങൾ വരുന്നത് പിന്നീടാണ്.

നമ്മുടെ ഉന്നത വിദ്യാഭ്യാസം സെമസ്റ്ററുകളായി വിഭജിച്ചിരിക്കുന്നു. ഓരോ സെമസ്റ്ററിലുമുള്ള വിഷയങ്ങൾ മൊഡ്യൂളുകളായി വിഭജിക്കുന്നു. ഒരു സെമസ്റ്ററിൽ 90 ദിവസം വേണം. 45 എങ്കിലും കിട്ടിയാൽ ഭാഗ്യം. അതിനെ തൊണ്ണൂറാക്കുകയാണ് പതിവ്. അവിടെ വിശദപഠനത്തിന്റെ സാധ്യത പരിമിതമാണ്. ഒരു പാട് പാഠപുസ്തകങ്ങൾ കാണും, മെറ്റീരിയൽസ് കാണും. അവയെ ഒന്ന് തൊട്ടുതൊട്ടു പോകാനേ ആവൂ. ചിലത് വിട്ടുകളയുന്നു. വിശദമായ ക്ലാസ് കുട്ടികൾക്കാവശ്യമില്ല. നോട്ടു കിട്ടിയാൽ മതി. ഈ കുട്ടികൾക്ക് നിന്നു തിരിയാൻ നേരമില്ല, പിന്നെ അവരെങ്ങനെ വായിക്കും? പഠിക്കാൻ വച്ചിരിക്കുന്ന നോവലുകൾ അവർ വായിക്കില്ല. അതിന്റെ നോട്ടുകൾ വായിക്കും. പരീക്ഷയ്ക്ക് നല്ല മാർക്കു വാങ്ങും. എം.എ മലയാളം പരീക്ഷയ്ക്ക് 76 പേജുകൾ വരെ ഉത്തരമെഴുതിയിരുന്നവരുണ്ടായിരുന്ന കാലത്തുനിന്ന് പരിമിതമായ പേജുകൾ മാത്രമാണിന്ന് ഉത്തരപേപ്പറുകൾക്കുള്ളത്. പാമുക്കോ ഡോസ്റ്റോവ്സ്കിയോ മാർക്കേസോ ടോണി മോറിസണോ സിമ്പോ ഴ്ഷ്സ്കയോ ഡോറിസ് ലെസിങ്ങോ ഇഷിഗു റുവോ വായിക്കുന്നവർ ഇന്നില്ല. ആനന്ദിനെയോ വിജയനെയോ വായിക്കുന്നവർ കുറഞ്ഞു. കോവിലനെയും സി.വിയെയും വായിക്കുന്നവർ ഗവേഷകർ മാത്രം.

മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി എന്ന ഗ്രന്ഥത്തിൽ ഫ്രെഡറിക് ജയിംസൺ പുതിയകാല കലകളെയും സാഹിത്യത്തേയും ആഴമില്ലായ്മ, എഫക്ടിന്റെ മങ്ങൽ, പാരഡി, പാസ്റ്റീഷ് എന്ന് തിരിക്കുന്നുണ്ട്.

അറിവുകൾ വലിയ ഒരു അന്വേഷണമാകുന്നില്ല. അവ മുറിഞ്ഞുമുറിഞ്ഞു പോകുകയാണ്. പിൽക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തി എന്ന ഗ്രന്ഥത്തിൽ ഫ്രെഡറിക് ജയിംസൺ പുതിയകാല കലകളെയും സാഹിത്യത്തേയും ആഴമില്ലായ്മ, എഫക്ടിന്റെ മങ്ങൽ, പാരഡി, പാസ്റ്റീഷ് എന്ന് തിരിക്കുന്നുണ്ട്. പാരഡിയുടെ ഭാഗമാണ് പാസ്റ്റീഷ്. ഇപ്പോഴത്തെ കവിതകളിലും ഫിക്ഷനിലും ചിത്ര- ശില്പ കലകളിലും സിനിമയിലും മറ്റും ആഴമില്ലായ്മ ഒരു പ്രവണതയായി കണ്ടുവരുന്നുണ്ട്. അത് ഉത്തരാധുനിക ചിത്രശില്പ കലകളെ, അമേരിക്കൻ അബ്സ്ട്രാക്ട് എക്സ്പ്രഷണിസം (AAA - American Abstract Art), കൺസപ്ച്വൽ ആർട്ട്, പോപ്പ് ആർട്ട്, ഓപ് ആർട്ട്, മിനിമൽ ആർട്ട് എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. എന്നാൽ ഇതിനെ മറികടക്കുന്ന ഫിഗറ്റീവ് കലകാരന്മാരും അതിതീവ്രമായ പീഡനങ്ങൾ ആവിഷ്കരിച്ച കലാകാരന്മാരും ഉണ്ട്. അൻസ്ലാം കീഫർ, ഡാമിയൻ ഹീസ്റ്റ് തുടങ്ങിയ ആർട്ടിസ്റ്റുകൾ അങ്ങനെയുള്ളവരാണ്.

ടോണി മോറിസണും  ഡോസ്റ്റോവ്സ്കിയും
ടോണി മോറിസണും ഡോസ്റ്റോവ്സ്കിയും

വിപണികേന്ദ്രിതമാണ്
വായനയുടെ രാഷ്ട്രീയം

ഒരു ലിറ്റററി ഫെസ്റ്റിവലിന് പോയി നോക്കുക. അവിടെ ഒരു വലിയ വിഷയം സംസാരിക്കാൻ ചെറിയ സമയമേയുള്ളു. സംസ്കാരം വ്യവസായമായിരിക്കുന്നു എന്ന തിയോഡോർ അഡോണയുടെ ആശയമാണ് നമ്മൾ ഇവിടെ ഓർക്കുന്നത്. ഇന്നത്തെ നമ്മുടെ നോവലുകൾ പാരഡികളും പാസ്റ്റീഷുമാണ്. ചരിത്രത്തിന്റെ റിപ്രൊഡക്ഷനാണ്. കഥയനുസരിച്ചുള്ള ആട്ടമാണത്. ലിബറൽ ക്യാപ്പിറ്റലിസത്തിന്റെ വാഴ്ത്തുകളാണവ. ലാഘവത്തോടെയുള്ള വായനകളാണ് അവ ആവശ്യപ്പെടുന്നത്. ടി.ഡി. രാമകൃഷ്ണന്റേത് ആഴമില്ലാത്ത നോവലുകളാണ്. രതിവർണനകൾ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ചരിത്രത്തെ പാസ്റ്റീഷാക്കി അവതരിപ്പിക്കുകയാണ്. ഇൻ്റർനെറ്റ്, ഡോക്യുമെൻ്റി (No More Teas Sister by Rajani Thiranagam) ചോളസാമ്രാജ്യ ചരിത്രം, ഹൈപേഷ്യൻ ഗണിതം, കച്ചവടം, രതിവ്യവസായം, ഫാഷിസം ഒക്കെ അവയിലുണ്ട്. എസ്. ഹരീഷിന്റെ മീശയും ലളിതമായ ആഖ്യാനമാകുന്നു. അതായത് ആനന്ദ് വഴിമാറുന്നു എന്നർത്ഥം.

കവിത പ്രാദേശികതയിൽ ചുരുണ്ടുകൂടുന്ന ഒരവസ്ഥയുണ്ട്. അഭിരുചികളുടെ രാഷ്ട്രീയത്തെ നിർമിക്കാൻ എഴുത്തുകാർക്കാവില്ല. പുതിയ വായനാസമൂഹത്തെ നിർമിക്കാൻ എഴുത്തുകാർക്കാവുന്നില്ല. നോവലുകൾക്ക് വില്പന കൂടുന്നതിന്റെ രഹസ്യം, അവ ആഴമില്ലായ്മയെ കൂട്ടുപിടിക്കുന്നു എന്നതാണ്. എന്നാൽ ലോകം അത്ര ലളിതമാണോ? മണിപ്പുർ, റഷ്യ - ഉക്രൈൻ യുദ്ധം, രോഹിങ്ക്യൻ പ്രശ്നം, ഇസ്രായേൽ- ഹമാസ് യുദ്ധം, ബൊക്കാ ഹറാം ഭീകരത, നെക്രോ പൊളിറ്റിക്സ്- ഇതൊന്നും കാണാതെയുള്ള സമകാലിക വായന വെറും ടൈം പാസിംഗ് മാത്രമാണ്.

ഒരു ലിറ്റററി ഫെസ്റ്റിവലിന് പോയി നോക്കുക. അവിടെ ഒരു വലിയ വിഷയം സംസാരിക്കാൻ ചെറിയ സമയമേയുള്ളു. സംസ്കാരം വ്യവസായമായിരിക്കുന്നു എന്ന തിയോഡോർ  അഡോണയുടെ ആശയമാണ് നമ്മൾ ഇവിടെ ഓർക്കുന്നത്.
ഒരു ലിറ്റററി ഫെസ്റ്റിവലിന് പോയി നോക്കുക. അവിടെ ഒരു വലിയ വിഷയം സംസാരിക്കാൻ ചെറിയ സമയമേയുള്ളു. സംസ്കാരം വ്യവസായമായിരിക്കുന്നു എന്ന തിയോഡോർ അഡോണയുടെ ആശയമാണ് നമ്മൾ ഇവിടെ ഓർക്കുന്നത്.

ലിബറൽ ക്യാപ്പിറ്റലിസം എത്ര കാലം മുന്നോട്ടു പോകും എന്ന് നമുക്ക് അറിയില്ല. ഒരു പാട് ചോദ്യങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ച് എംപയറിൽ നെഗ്രിയും ഹാർട്ടും പറയുന്ന മൾട്ടിറ്റ്യൂഡിന്റെ കാര്യത്തിൽ. അഗംബന്റെ ബയർ ലൈഫും (ഹോമോ സാക്കർ) ഇതു തന്നെ പറയുന്നു. ഒരു രാജ്യത്തിന്റെ സമ്പത്തു മുഴുവനും ചെറിയൊരു ശതമാനത്തിന്റെ കൈകളിലാണ്. വിപണികേന്ദ്രിതമാണ് വായനയുടെ രാഷ്ട്രീയം. ചെറുതിനെ വലുതാക്കാനും വലുതിനെ തിരസ്കരിക്കാനും പ്രേരിപ്പിക്കുന്ന ഒരു സാഹചര്യവുമുണ്ട്. അവിടെ നമ്മൾ ഫിക്ഷന്റെ (കെട്ടുകഥ) മായാലോകത്ത് പെട്ടുപോകുന്നു. അതുകൊണ്ടുതന്നെ കവിതയേയും കഥയേയും നാടകത്തേയും ഫിക്ഷന്റെ പരമാവധി സാധ്യതയുള്ള നോവലിന് തള്ളിമാറ്റാൻ കഴിഞ്ഞു. നോവൽ പ്രസിദ്ധീകരിക്കാനാണ് പുസ്തക വ്യവസായം ആവശ്യപ്പെടുന്നത്. എന്തിനേയും ഫിക്ഷണലൈസ് ചെയ്യുമ്പോൾ യഥാർത്ഥ്യത്തിൽ നിന്ന് സാഹിത്യം വളരെ വളരെ അകന്നുപോകും. അല്ലെങ്കിൽ പാമുക്കിന്റെ സ്നോ പോലുള്ള നോവലുകൾ ഉണ്ടാകണം. വായന യാന്ത്രികമാകുന്നതാണ് നാമിന്ന് കാണുന്നത്. വായനയുടെ സർഗാത്മക രാഷ്ട്രീയത്തെക്കുറിച്ച് നാം പരിചിന്തിക്കേണ്ടിയിരിക്കുന്നു.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments