പെരുമാൾ മുരുകൻ / Photo: Facebook

എന്റെ തിയേറ്റർ സ്മരണകൾ

പുതിയതായി തുടങ്ങാനിരിക്കുന്ന ഒരു സിനിമാക്കൊട്ടകയിൽ സോഡാക്കട നടത്തുന്നതിന് എന്റെയച്ഛൻ 7,000 രൂപാ അഡ്വാൻസ് കൊടുത്തപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. ഈ സംഭവം നടന്നത് 1978-ൽ. അക്കാലത്ത് 7,000 രൂപ വലിയൊരു തുകയാണ്. അന്ന് 1,000 രൂപ ഒന്നിച്ചുകാണുന്നതുതന്നെ ഒരു മഹാകാര്യമായാണ് കരുതിപ്പോന്നത്. എന്നാൽ 25,000 രൂപ ഒന്നിച്ചു കാണാനുള്ള മഹാഭാഗ്യം ഞങ്ങൾക്കുണ്ടായി. വസ്തുവകകളിന്മേൽ ഞങ്ങൾക്കുണ്ടായിരുന്ന അവകാശങ്ങൾ വേരൊടെ പിഴുതുമാറ്റപ്പെടുന്നതിന് കിട്ടിയ പ്രതിഫലമായിരുന്നു ആ തുക!
എന്റെ മുത്തച്ഛന് പതിനൊന്നേക്കർ പുരയിടമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കൾക്കും മൂന്നേക്കർവീതം ഭാഗംവച്ചുകൊടുത്തതിനുശേഷമുണ്ടായിരുന്ന രണ്ടേക്കർ അദ്ദേഹംതന്നെ കൃഷി ചെയ്തുവന്നിരുന്നു. മൂത്തമകനായിരുന്നു എന്റെയച്ഛൻ.

അൽപസ്വൽപം ജലസേചനസൗകര്യമുള്ള ഒരേക്കറും വെറും കുന്നും പുറമായ രണ്ടേക്കറുമാണ് ഞങ്ങൾക്കു കിട്ടിയത്. അതിൽ ആണ്ടുമുഴുവൻ അധ്വാനിച്ചാലും ആഴ്ചയിൽ ഒരിക്കൽപ്പോലും നെല്ലരിച്ചോറു കഴിക്കാൻ കിട്ടുമായിരുന്നില്ല. അതിനാൽ കൃഷിയോടൊപ്പം മറ്റുചില തൊഴിലുകളും അച്ഛൻ നടത്തിയിരുന്നു. അതാണ് സോഡാക്കച്ചവടം.

അച്ഛൻ പല സ്ഥലങ്ങളിലും സോഡാക്കട നടത്തിനോക്കി. ഒന്നും ശരിപ്പെട്ടില്ല. ഓരോ വർഷവും കടകൾ മാറ്റിക്കൊണ്ടേയിരുന്നു. അവസാനം കന്നുകാലികളെകെട്ടാൻ ഞങ്ങളുണ്ടാക്കിയ ഓലത്തൊഴുത്തിൽ സോഡാമെഷീൻ സ്ഥാപിച്ച്, അവിടെ സോഡായുണ്ടാക്കി കടകൾതോറും വിതരണം ചെയ്യാൻ തുടങ്ങി.

പെട്ടിക്കടകൾ, പലചരക്കുകടകൾ എന്നിങ്ങനെ പത്തുപന്ത്രണ്ടിടങ്ങളിൽ ദിവസവും സോഡാ കൊടുത്തുകൊണ്ടിരുന്നു. രണ്ടുമൂന്നു ദിവസങ്ങളിലൊരിക്കൽ സോഡാക്കുപ്പികൾ നിറച്ച പെട്ടികളുമായി സൈക്കിളിൽ അദ്ദേഹം "ലൈനിൽ'പോകും. കരട്ടൂരിലെ ചൊവ്വാഴ്ചച്ചന്ത, അണിയന്നൂരിലെ ശനിയാഴ്ചച്ചന്ത എന്നിവിടങ്ങളായിരുന്നു പ്രധാന വിൽപന സ്ഥലങ്ങൾ. കരട്ടൂർ തേരുത്സവത്തിനും കന്നി മാസത്തിലെ ശനിയാഴ്ച ദിവസങ്ങളിൽ പെരുമാൾമലക്കോവിലിലും അദ്ദേഹം സോഡാക്കച്ചവടത്തിനു പോകും. വലിയ വീതിയുള്ള കാരിയർ പിടിപ്പിച്ച സൈക്കിൾ. കാരിയറിന്റെ ഇരുവശങ്ങളിലും വലിയ ഇരുമ്പുകൊളുത്തുകളുണ്ട്. ഹാൻഡിൽബാറിലും, കൈപ്പിടിക്കു താഴെയും ഇരുമ്പുകൊളുത്തുകളുണ്ടായിരിക്കും. കാരിയറിൽ വലിയ ഒരു തടിപ്പെട്ടി. അതിലൊരു നാലു ഡസൻ കുപ്പികൾവയ്ക്കാം. അതിനുമുകളിലൊരു കമ്പിപ്പെട്ടി. അതിന്റെ കൊളുത്തുകളിലും ഹാൻഡിൽബാറിലും എല്ലാംകൂടി പത്തു ഡസൻ സോഡാക്കുപ്പികൾ ഒരേസമയം കൊണ്ടുപോകും.

തമിഴ്നാട് ഹൗസിങ് ബോർഡ് വീടുകൾ നിർമിക്കുന്നതിന് നൂറേക്കറോളം ഭൂമി സർക്കാർ ഏറ്റെടുത്തു. താമസിച്ചുകൊണ്ടിരുന്ന വീടുകൾ വിട്ടുതരണമെന്നോ, സ്വന്തമാവശ്യത്തിന് അൽപം ഭൂമി വിട്ടുതരണമെന്നോ ആവശ്യപ്പെടാൻ ആർക്കും അറിഞ്ഞുകൂടായിരുന്നു. സർക്കാർ കൊടുത്ത നാമമാത്രമായ തുക വാങ്ങി നാട്ടിൽ അഗതികളായി ഞങ്ങൾക്ക് അലഞ്ഞുതിരിയേണ്ടി വന്നു.

എല്ലാ റോഡുകളിലും കയറ്റങ്ങളും ഇറക്കങ്ങളും കാണും. കയറ്റങ്ങളിലെല്ലാം ഉന്തിക്കൊണ്ടുപോകാൻ മാത്രമേ കഴിയൂ. അരയൂർ റോഡിലുള്ള മണ്ണാർകുന്ന്, പേട്ടയൂർകുന്നിൻപുറം എന്നിവിടങ്ങളിൽ പിന്നിൽനിന്നും ഉന്തിത്തരാൻ ഒരാൾ സഹായമുണ്ടെങ്കിൽ നന്നായിരിക്കും. അക്കാലത്ത് റോഡുകളിൽ ഗതാഗതം തീരെ കുറവായിരുന്നതിനാൽ ആരെങ്കിലും വരുന്നതുവരെ പലപ്പോഴും കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്. രാത്രികാലങ്ങളിൽ അച്ഛൻ നന്നായി മദ്യപിച്ച് ലെക്കുകെട്ടാണ് സൈക്കിളോടിച്ചു വരുന്നത്. കുപ്പികളുടെ കിലുക്കം കേൾക്കാൻ കാതുകൂർപ്പിച്ച് ഉറങ്ങാതെ അമ്മ കാത്തിരിക്കും. വീട്ടിലേക്കുള്ള മൺപാതയിൽ സൈക്കിൾ കടന്നാലുടൻ കുപ്പികളുടെ കിലുക്കം കേൾക്കാം. ഉടനെ അമ്മ എഴുന്നേറ്റ് പുറത്തേക്കോടും. ആടിയാടിവരുന്ന അച്ഛനെ ശകാരിച്ചുകൊണ്ട് സൈക്കിൾ വീട്ടിലേക്കുകൊണ്ടുവരാൻ അമ്മ സഹായിക്കും. ഇതൊക്കെയാണെങ്കിലും അച്ഛൻ ഇതുവരെ സൈക്കിളിൽനിന്നും വീണിട്ടില്ല. മദ്യലഹരിയിൽ വണ്ടിയോടിച്ച് നല്ല പരിചയമായിക്കഴിഞ്ഞിരുന്നു. ഇതൊക്കെയൊരു കഷ്ടപ്പാടായിത്തോന്നിയിരുന്നില്ല എന്നതാണ് വാസ്തവം. വീട്ടിൽ പട്ടിണിയില്ലാതിരിക്കാൻ ഈ ഉപതൊഴിൽ വളരെ സഹായകരമായിരുന്നു. സോഡാവ്യാപാരം പ്രധാന തൊഴിലായി മാറാൻ സർക്കാരിന്റെ ചില തീരുമാനങ്ങൾ കാരണമായിത്തീർന്നു.

തമിഴ്നാട് ഹൗസിങ് ബോർഡ് വീടുകൾ നിർമിക്കുന്നതിന് നൂറേക്കറോളം ഭൂമി സർക്കാർ ഏറ്റെടുത്തു. താമസിച്ചുകൊണ്ടിരുന്ന വീടുകൾ വിട്ടുതരണമെന്നോ, സ്വന്തമാവശ്യത്തിന് അൽപം ഭൂമി വിട്ടുതരണമെന്നോ ആവശ്യപ്പെടാൻ ആർക്കും അറിഞ്ഞുകൂടായിരുന്നു. സർക്കാർ കൊടുത്ത നാമമാത്രമായ തുക വാങ്ങി നാട്ടിൽ അഗതികളായി ഞങ്ങൾക്ക് അലഞ്ഞുതിരിയേണ്ടി വന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ കിട്ടിയ നഷ്ടപരിഹാരത്തുക അത്ര മോശമായിരുന്നില്ല എന്നു പറയേണ്ടതുണ്ട്. അപ്പൂപ്പൻ കൈവശം വച്ചിരുന്നതും ചേർത്ത് പതിനൊന്നേക്കറിനുംകൂടി ഒരുലക്ഷം രൂപ കിട്ടിയിരുന്നു. അതിന്റെ ഒരു പങ്കാണ് ഞങ്ങൾക്കു കിട്ടിയ 25,000 രൂപ. അക്കാലത്ത് ഇത്രയും തുക ഒന്നായിക്കണ്ടിട്ടുള്ളവർ ചുരുക്കം. അതിനാൽ ഞങ്ങൾ ആകപ്പാടെ ഒരു സംഭ്രമാവസ്ഥയിൽ ആയിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.

ടി.എം. കൃഷ്ണക്കൊപ്പം പെരുമാൾ മുരുകൻ

ആ തുകയിൽനിന്നാണ് 7,000 രൂപ അച്ഛൻ സോഡാക്കട നടത്താൻ സിനിമാക്കൊട്ടകക്കാർക്ക് അഡ്വാൻസ് കൊടുത്തത്. അദ്ദേഹത്തിന്റെ ഈ തീരുമാനം ശരിയായിരുന്നു എന്നു പറയാൻ ആരുമുണ്ടായിരുന്നില്ല. ആ തുക വെള്ളത്തിലായിപ്പോയി എന്നു കരുതി ബന്ധുക്കൾ പലരും രഹസ്യമായി സന്തോഷിച്ചു. ഇങ്ങനെയും ഒരു "മരമണ്ടനുണ്ടല്ലോ' എന്ന് പലരും അത്ഭുതംകൂറി. പലരും പലവിധത്തിൽ ഉപദേശിച്ചുനോക്കി. അമ്മയ്ക്കായിരുന്നു ഏറ്റവും കൂടുതൽ ഭയം. ഭൂമിയും നഷ്ടപ്പെട്ട്, അതിനുകിട്ടിയ പണവുംകൂടി അന്യാധീനപ്പെട്ടുപോയാൽ എങ്ങനെ കഴിഞ്ഞുകൂടും? എന്നാൽ സോഡാക്കട നടത്തുന്നതിൽ അച്ഛൻ ഉറച്ചുനിന്നു. എല്ലാവരുടെയും എതിർപ്പുകൾ മറികടന്ന് അഡ്വാൻസ് കൊടുത്തതിന് പല കാരണങ്ങളുണ്ടായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ തന്നെയാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്.

1974-75 കാലത്താണെന്നു തോന്നുന്നു. അന്നു ഞാൻ നാലിലോ അഞ്ചിലോ പഠിക്കുകയാണ്. കരട്ടൂരിലെ ഒരു നാടകക്കൊട്ടകയിൽ മൂന്നുമാസത്തോളം അച്ഛൻ ഒരു സോഡാക്കട നടത്തി. കരട്ടൂരിലെ ചൊവ്വാഴ്ചച്ചന്ത വളരെ പ്രസിദ്ധമാണ്. ചന്തയ്ക്ക് എതിർവശത്ത് ഒരു ചുടുകാട്. ആ സ്ഥലത്ത് ഇപ്പോഴൊരു ടെലിഫോൺ എക്സേഞ്ച് പ്രവർത്തിക്കുന്നു. ചുടുകാടിനോടു ചേർന്നുള്ള സ്വകാര്യഭൂമിയിലായിരുന്നു നാടകക്കൊട്ടക. ദിവസം ഇരുപതുരൂപാ വാടക പറഞ്ഞുറപ്പിച്ചാണ് കട നടത്തിയിരുന്നത്.

അന്നവിടെ നാടകം നടത്തിയിരുന്നവരെപ്പറ്റി ഇപ്പോഴെനിക്ക് ഓർമ്മയില്ല. ഒരുമാസത്തേക്കെന്നു പറഞ്ഞു തുടങ്ങിയ നാടകക്കൊട്ടക, കാണികളുടെ നിർബന്ധപ്രകാരം മൂന്നുമാസംവരെ തുടർച്ചയായി നടന്നു. പുരാണകഥകൾ, സാമൂഹ്യകഥകൾ, നാടോടിക്കഥകൾ എന്നിങ്ങനെ വ്യത്യസ്ത നാടകങ്ങളാണ് അവിടെ അരങ്ങേറിയിരുന്നത്. ഒരേ നാടകസംഘമാണ് അതെല്ലാം നടത്തിയിരുന്നത്. പ്രബലമായ നാടകങ്ങൾ തുടർച്ചയായി ഒരാഴ്ചയും, സാധാരണ നാടകങ്ങൾ രണ്ടുമൂന്നു ദിവസങ്ങളിലും നടക്കും. നാടകത്തെപ്പറ്റിയുള്ള വിളംബരങ്ങൾ കുതിരവണ്ടിയിൽ മൈക്കുവച്ചുകെട്ടിയും നോട്ടീസുകൾ വിതരണം ചെയ്തുമാണ് നടത്തിയിരുന്നത്. ദിവസവും വൈകിട്ട് ഏഴുമണിക്ക് നാടകം തുടങ്ങും. അവസാനിക്കുമ്പോൾ രാത്രി പത്തുമണിയാകും.

വളരെ പ്രചാരമുണ്ടായിരുന്നതും, ഏറ്റവും കൂടുതൽ ദിവസങ്ങളിൽ അരങ്ങേറിയതുമായ രണ്ടു നാടകങ്ങളാണ് "നല്ലതങ്കാൾ', "ഹരിച്ചന്ദ്രചരിതം' എന്നിവയെന്നാണ് എന്റെ ഓർമ. ഇതു കാണാൻ അയൽഗ്രാമങ്ങളിൽനിന്നുപോലും ആളുകൾ കൂട്ടത്തോടെ വന്നെത്തിയിരുന്നു.

അഞ്ഞൂറുപേർക്ക് ഒരേസമയം ഇരിക്കാനുള്ള സ്ഥലം കൊട്ടകയ്ക്കുള്ളിലുണ്ട്. ഏറ്റവും പിന്നിൽ മാത്രം കുറെ കസേരകൾ ഇട്ടിട്ടുണ്ടാകും. മറ്റിടങ്ങളിലെല്ലാം മണൽ വിരിക്കും. കസേരയ്ക്ക് ടിക്കറ്റ് ചാർജ് കുറെ കൂടുതലാണ്.

അക്കാലത്ത് ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമായിരുന്നു കൂത്ത്. എന്നാൽ ഇതിന്റെ സാങ്കേതികത്വം മനസ്സിലാക്കി ആസ്വദിക്കാനുള്ള കഴിവ് എല്ലാവർക്കുമുണ്ടായിരുന്നില്ല. കാണികൾ ഭൂരിപക്ഷംപേരും അതിലുള്ള ഹാസ്യരംഗങ്ങൾ മാത്രം ആസ്വദിക്കുന്നവരായിരുന്നു. കൂത്തുപാട്ടുകളുടെ അർത്ഥവും എല്ലാവർക്കും ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ കഥകൾ മനസ്സിലാക്കാനും പ്രയാസമായിരുന്നു. കൂത്തുകാണൽ ഒരു തുടർപ്രക്രിയയാണ്. അതു ശ്രദ്ധാപൂർവം വീക്ഷിച്ചുകൊണ്ടിരുന്നാൽ ചിലപ്പോൾ അതിലുള്ള സാരാംശങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞേക്കും. അതിനുവേണ്ടി മെനക്കെട്ടിരുന്നു കാണുന്നവർ കുറവായിരുന്നു. അതു മാത്രമല്ല, ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് കണ്ടിരുന്നെങ്കിലേ ഒരു കഥ പൂർണമായി മനസ്സിലാകുമായിരുന്നുള്ളൂ. ഏതു കഥയാണ് അരങ്ങേറുന്നതെന്ന് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പു മാത്രമേ അറിയാൻ കഴിയൂ. അതിനാൽ മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളിൽ ജനങ്ങളുടെ നിത്യജീവിതവുമായി ഇണങ്ങിപ്പോകുന്ന കലാരൂപം സിനിമയാണെന്ന് അവൻ മനസ്സിലാക്കി. എന്നാൽ പ്രതിബിംബങ്ങളുടെ സ്ഥാനത്ത് കഥാപാത്രങ്ങളെ നേരിൽ കാണാമെന്നുള്ളതുകൊണ്ട് നാടകങ്ങളും ജനപ്രിയകലയായി മാറി. മാത്രമല്ല, അക്കാലത്തെ നാടകങ്ങളും ഏതാണ്ട് സിനിമയോടു സാമ്യമുള്ള കലാരൂപമായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരുന്നു. മൂന്നു മണിക്കൂർ നേരം മിതമായ പാട്ടുകൾ. ചില നാടകങ്ങളിൽ സിനിമാപ്പാട്ടുകൾ തന്നെ പാടാറുണ്ട്. വ്യക്തമായ കഥാകഥന രീതി. ഓരോ ദിവസവും ഏതു നാടകമാണ് നടക്കുന്നതെന്ന് മുൻകൂട്ടി അറിയിക്കും. ഇതൊക്കെ ജനങ്ങൾക്കു സൗകര്യപ്രദമായി. അക്കാലത്ത് പത്തുമൈൽ ദൂരംവരെ നടന്നുപോകുന്നത് ആർക്കുമൊരു ബുദ്ധിമുട്ടായിത്തോന്നിയിരുന്നുമില്ല.

കരട്ടൂരിൽ ചൊവ്വാഴ്ചയാണ് ചന്തദിവസം. ആടുകച്ചവടം അന്നു നന്നായി നടക്കും. തോൽക്കച്ചവടവും ധാരാളമുണ്ടാകും. ആടുകച്ചവടക്കാരും, തോൽവ്യാപാരികളും ജനങ്ങളും തിങ്കളാഴ്ച വൈകിട്ടുതന്നെ ചന്തയിലെത്തിച്ചേരും. വിൽക്കാൻ കൊണ്ടുവരുന്ന പച്ചക്കറികളും, ധാന്യങ്ങളും കയറ്റിയ കാളവണ്ടികളും ധാരാളം എത്തിച്ചേരും. വൈകിട്ടോടെ, ചന്ത പിരിഞ്ഞാലും, കണക്കുകൾ തീർക്കുന്നതിനും, കൊടുക്കൽ വാങ്ങലുകൾ നടത്തുന്നതിനുമായി ചൊവ്വാഴ്ച രാത്രിയിലും അവിടെത്തന്നെ കഴിച്ചുകൂട്ടുന്നവരും ഉണ്ടായിരിക്കും. അതുകൊണ്ടാണ് ചന്തയ്ക്ക് അടുത്തുതന്നെ നാടകക്കൊട്ടക സ്ഥാപിച്ചിരുന്നത്. ആ രണ്ടുരാത്രികളിലും നാടകക്കൊട്ടക കാണികളെക്കൊണ്ട് നിറയും. തിങ്കളാഴ്ചകളിൽ രാത്രിയിൽമാത്രം രണ്ടു കളികൾ നടക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പട്ടണങ്ങളിൽ നിന്നുള്ളവരും നാടകം കാണാനെത്തും. ബുധനും വ്യാഴവും ഗ്രാമവാസികൾക്കുള്ളതാണ്. വരുന്ന കാഴ്ചക്കാരുടെ അഭിരുചികൾക്കനുസരിച്ചുള്ള നാടകങ്ങളായിരിക്കും ഓരോ ദിവസവും അരങ്ങേറുക. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂടുതലും സാമൂഹ്യനാടകങ്ങളായിരിക്കും. ഇതിന്റെ കഥകൾ അധികവും നാടകസമിതിക്കാർതന്നെ എഴുതിയുണ്ടാക്കുന്നവയായിരിക്കും. മറ്റുദിവസങ്ങളിൽ പുരാണനാടകങ്ങളും നാടോടിക്കഥകളുള്ള നാടകങ്ങളുമായിരിക്കും അരങ്ങിലെത്തുക.

അവനെ കണ്ടുമുട്ടിയാൽ പുസ്തകസഞ്ചി ഏതെങ്കിലും കൂട്ടുകാരെ ഏൽപ്പിച്ച്‌
അവനോടൊപ്പം പോകും. എന്നെക്കൂടാതെ അവൻ പൊയ്ക്കളഞ്ഞാൽ ഞാൻ റോഡിൽ കിടന്നുരുണ്ട് നിലവിളിക്കും. അന്ന് പെട്ടെന്നു ദേഷ്യംവരുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്നെ സമാധാനപ്പെടുത്താൻ അത്ര എളുപ്പമായിരുന്നില്ല.

അഞ്ഞൂറുപേർക്ക് ഒരേസമയം ഇരിക്കാനുള്ള സ്ഥലം കൊട്ടകയ്ക്കുള്ളിലുണ്ട്. ഏറ്റവും പിന്നിൽ മാത്രം കുറെ കസേരകൾ ഇട്ടിട്ടുണ്ടാകും. മറ്റിടങ്ങളിലെല്ലാം മണൽ വിരിക്കും. കസേരയ്ക്ക് ടിക്കറ്റ് ചാർജ് കുറെ കൂടുതലാണ്. പ്രേക്ഷകരുടെ എണ്ണത്തിനനുസരിച്ച് കസേരകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ആ നാടകക്കമ്പനിയുടെ നൃത്തങ്ങൾ വളരെ ജനപ്രിയമായിരുന്നു. നല്ല പാട്ടുകളുമുണ്ടായിരിക്കും. എല്ലാ നാടകങ്ങളിലും ഹൃദയസ്പർശിയായ ചില രംഗങ്ങളുണ്ടായിരിക്കും. പ്രേക്ഷകർ ഓർത്തോർത്ത് കണ്ണീരൊഴുക്കുന്ന സംഭവങ്ങൾ നാടകത്തിൽ വേണ്ടുവോളമുണ്ടായിരിക്കും.

വൈകിട്ട് നാലുമണിയോടെ അച്ഛൻ നാടകക്കൊട്ടകയിലേക്കു പോകാൻ തയ്യാറാകും. എന്റെ ജ്യേഷ്ഠൻ അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. അവന് സ്വന്തമായി ഒരു സൈക്കിളുണ്ടായിരുന്നു. അതിനാൽ സ്‌കൂൾ വിട്ടാലുടൻ നേരേ കൊട്ടകയിലേക്കു വരും. അവന്റെ സഹായം അച്ഛന് അത്യാവശ്യമായിരുന്നു. സോഡാ നിറയ്ക്കുന്ന വിദ്യകളെല്ലാം അവന് നന്നായി അറിയാം. മിക്ക ദിവസങ്ങളിലും അവൻ എന്നെയും കൂട്ടിക്കൊണ്ടു പോകും. ഞാൻ വരുന്നതിനുമുമ്പ് അവൻ പൊയ്ക്കളയുമോ എന്ന ഭയത്തിൽ സ്‌കൂൾ വിട്ടാലുടൻ ഞാൻ ഓടിവരും.
വീട്ടിലേക്കു വരുന്ന വഴി കടന്നാണ് കൊട്ടകയിലേക്കു പോകേണ്ടത്. വഴിയിൽവച്ച് അവനെ കണ്ടുമുട്ടിയാൽ പുസ്തകസഞ്ചി ഏതെങ്കിലും കൂട്ടുകാരെ ഏല്പ്പിച്ച് അവനോടൊപ്പം പോകും. എന്നെക്കൂടാതെ അവൻ പൊയ്ക്കളഞ്ഞാൽ ഞാൻ റോഡിൽ കിടന്നുരുണ്ട് നിലവിളിക്കും. അന്ന് പെട്ടെന്നു ദേഷ്യംവരുന്ന ശീലം എനിക്കുണ്ടായിരുന്നു. എന്നെ സമാധാനപ്പെടുത്താൻ അത്ര എളുപ്പമായിരുന്നില്ല. ചില ദിവസങ്ങളിൽ ഒന്നും കഴിക്കാതെ ഞാൻ പട്ടിണികിടന്നിട്ടുണ്ട്. ചിലപ്പോൾ എവിടെങ്കിലും ഒളിച്ചിരിക്കും. കൊട്ടകയിൽ അവർക്ക് പിടിപ്പതു പണിയുള്ളതിനാൽ എന്നെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കാൻ അവർക്കു നേരം കിട്ടാറില്ല. അതുകൊണ്ട് എന്നെയും കൂട്ടിക്കൊണ്ടുപോകും.

പെരുമാൾ മുരുകനും ഭാര്യ എഴിലരശിയും

എന്തെങ്കിലും അത്യാവശ്യജോലികളുണ്ടെങ്കിൽ അവർ നേരത്തേ പോയശേഷം നാടകമെല്ലാം കഴിഞ്ഞു മാത്രമേ തിരികെ വരാറുള്ളൂ. ആ ദിവസങ്ങളിൽ അവരോട് ഞാൻ സംസാരിക്കാറില്ല. അണ്ണനോട് കടുത്ത അസൂയയായിരുന്നു എനിക്കുണ്ടായിരുന്നത്. കൊട്ടകയിൽപ്പോകാൻ അവനെ പ്രത്യേകം വിളിക്കേണ്ട ആവശ്യമില്ല. എന്നും അവന് അവിടെ ജോലിയുണ്ടായിരിക്കും. സോഡാ നിറയ്ക്കുന്നത് അവനാണ്. ചില ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷമുള്ള ഇടവേളയിൽത്തന്നെ അവൻ നേരേ കൊട്ടകയിലേക്കു പോകും. ഒരിക്കൽ ഞാൻ വരുന്നതിനുമുമ്പേ അച്ഛൻ കൊട്ടകയിലേക്കു പൊയ്ക്കഴിഞ്ഞിരുന്നു. അതിനു അമ്മയുമായി വഴക്കിട്ട് അഞ്ചു കിലോമീറ്റർ നടന്ന് കൊട്ടകയിലെത്തി. അക്കാലത്ത് റോഡുകൾ വിജനമായിരിക്കും. റോഡിനിരുപുറവും പുളിമരങ്ങൾ ഇടതൂർന്നു വളർന്നു പന്തലിച്ചുകിടന്നിരുന്നതിനാൽ റോഡ് ഇരുൾമൂടി ഭയാനകമായിത്തോന്നും. ഇരുട്ടു കൂടുതലുള്ള സ്ഥലങ്ങളിലും, പേയും പിശാചുമുണ്ടെന്ന് കേട്ടറിഞ്ഞ സ്ഥലങ്ങളിലും എത്തുമ്പോൾ വേഗത്തിൽ ഓടും. അതല്ലാതെ തനിയെ പോകുന്നതിൽ മറ്റു ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ല. എന്നാൽ എന്നെ തനിയെ അയയ്ക്കാൻ ഭയപ്പെട്ടിരുന്ന അച്ഛൻ എന്നെയും കൂട്ടിക്കൊണ്ടുപോകാൻ കാത്തുനിൽക്കുമായിരുന്നു.

ഞാൻ കൂടെപ്പോകുന്നതുകൊണ്ട് അവർക്ക് മറ്റൊരു ഗുണമുണ്ടായിരുന്നു. നാടകം കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാലവർക്ക് കൊട്ടകയിൽ സോഡാ, കളർ എന്നിവ വിൽക്കാൻ ഒരാളിനെ വേണമായിരുന്നു. തിരക്കു കുറവുള്ള ദിവസങ്ങളിൽ വിൽപ്പന അത്ര ബുദ്ധിമുട്ടുള്ളതായിരുന്നില്ല. കൂടുതൽ പേരും ഇടവേളകളിൽ വെളിയിൽ വന്ന് ആവശ്യമുള്ളത് വാങ്ങും. തിരക്ക് അധികമായിരുന്നാൽ ആളുകൾ പുറത്തുവരാൻ മടിക്കും. തറയിൽ ഇരിക്കുന്നവർക്ക് തിരികെ വരുമ്പോൾ ആ സ്ഥലംതന്നെ കിട്ടാൻ സാധ്യതയില്ലാത്തതുകൊണ്ടും ഇരിക്കാൻ കിട്ടിയ നല്ല സ്ഥലം നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടും ആരും ഇരുന്നിടത്തുനിന്നും എഴുന്നേൽക്കുകയില്ല. കൂടെയുള്ളവരോട് ആ സ്ഥലം സൂക്ഷിച്ചുകൊള്ളാൻ ഏർപ്പാടുചെയ്തിട്ടുപോയാൽ അടുത്തിരിക്കുന്നവർ അൽപ്പാൽപ്പം നിരങ്ങിനീങ്ങി ആ സ്ഥലം കയ്യേറും. അതിന്റെ പേരിൽ വഴക്കുകളുണ്ടാകും. ചിലപ്പോഴത് കയ്യാങ്കളിവരെ ചെന്നെത്തുകയും ചെയ്യും. വഴക്കുതീർക്കാൻ കൊട്ടകയുടെ ആൾക്കാർ ഇടപെടേണ്ടിവരും. അതുകൊണ്ട് ഇരിപ്പിടത്തിൽക്കിട്ടുന്ന ഏതു സാധനവും അവർ വാങ്ങും. കാണികൾ അധികമുള്ളപ്പോൾ കടയിൽ വിൽക്കുന്നതിനേക്കാൾ കൂടുതൽ വിൽപ്പന ഉള്ളിൽ നടക്കും.

സോഡ നിറയ്ക്കുന്നതും, കടയിലെ വിൽപ്പനയും അച്ഛനും അണ്ണനുംകൂടി നോക്കിക്കൊള്ളും. ഉള്ളിൽ വിൽക്കാൻ ചില പയ്യന്മാരും കൂടെയുണ്ടായിരിക്കും. പക്ഷേ അവരെ വിശ്വസിക്കാൻ കഴിയില്ല. ചില ദിവസങ്ങളിൽ അവർ വരും. ചിലപ്പോൾ വരാറില്ല. തിരക്കു കൂടുതലുള്ള ദിവസങ്ങളിൽ വിൽപ്പനയ്ക്ക് ആളെക്കിട്ടാതിരുന്നാൽ അച്ഛൻ ആകെ അസ്വസ്ഥനാകും. പുറംവിൽപ്പന അച്ഛൻതന്നെ നോക്കിക്കൊള്ളും. ഉള്ളിലെ വിൽപ്പനയ്ക്ക് അണ്ണനെയും അയയ്ക്കും. എങ്ങും തേടാതെതന്നെ ഒരാളെക്കിട്ടുമെന്നുള്ളതുകൊണ്ട് എന്നെ കൂടെക്കൂട്ടുന്നത് അവർക്ക് ഗുണകരമായിരുന്നു. അക്കാലത്ത് സോഡയുടെയും കളറിന്റെയും വില ഇരുപത്തിയഞ്ചു പൈസയായിരുന്നു. ഉള്ളിൽ വിൽക്കുന്നവർക്ക് അഞ്ചു പൈസ കമ്മീഷൻ. കടക്കാരന് ഇരുപതുപൈസ കിട്ടും. അതുകൊണ്ട് ഞാൻ വിൽക്കുമ്പോൾ അഞ്ചുപൈസ കമ്മീഷൻ ലാഭിക്കാം എന്നവർ കണക്കുകൂട്ടും. ആ ദിവസങ്ങളിൽ എനിക്ക് ഇരുപത്തിയഞ്ചുപൈസ തരും. അതിനാൽ സ്‌കൂളിൽ ഞാനൊരു പണക്കാരനായാണ് അറിയപ്പെട്ടിരുന്നത്.

ഞങ്ങൾക്കുണ്ടായിരുന്ന മൂന്നേക്കർ സ്ഥലം നഷ്ടപ്പെട്ടശേഷം എങ്ങനെ കാലം കഴിക്കാനാണ്? ഒഴിവുനേരങ്ങളിൽ മാത്രം സോഡാ വിറ്റാൽ മൂന്നു നേരം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടേണ്ടിവരും. അതുകൊണ്ടാണ് മുഴുവൻ സമയവും സോഡാക്കട നടത്താൻ അദ്ദേഹം തീരുമാനിച്ചത്.

ഒരു കമ്പിപ്പെട്ടിയിൽ അര ഡസൻ സോഡയും കളറും നിറച്ച് അകത്തുപോയിരിക്കും. ഇടവേള വന്നാലുടൻ "സോഡാ-കളറേ...' എന്നു നീട്ടിവിളിച്ച് ഉള്ളിൽ ചുറ്റിനടക്കണം. അര ഡസൻ കൊള്ളുന്ന പെട്ടിമാത്രമേ ഉള്ളിൽക്കൊണ്ടുനടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ വലിയ പയ്യന്മാർ ഒരു ഡസൻ കൊള്ളുന്ന പെട്ടി കൊണ്ടുനടക്കും. അത്ര വേഗത്തിൽ കൊണ്ടുനടന്നു വിൽക്കാൻ എനിക്കു കഴിയാറില്ല. ഒരിടത്തു കൊടുത്തു കഴിഞ്ഞാൽ അവർ കുടിച്ചുതീർന്ന് കാശുതരുന്നതുവരെ അവിടെത്തന്നെ നിൽക്കണം. അതുകഴിഞ്ഞേ അടുത്ത സ്ഥലത്തേക്ക് നീങ്ങാൻ കഴിയൂ. എന്നാൽ വലിയ പയ്യന്മാരാണെങ്കിൽ അങ്ങുമിങ്ങുമെല്ലാം കൊടുത്തുപോയശേഷം, ഓർത്തുവച്ച്, കൊടുത്ത സ്ഥലങ്ങളിൽ തിരികെവന്ന് പണവും കുപ്പിയും വാങ്ങിക്കൊള്ളും. അവർക്കും ചിലപ്പോൾ തെറ്റുപറ്റാറുണ്ട്. എന്നാൽ അങ്ങനെ നേരത്തേ കൊടുത്തസ്ഥലം ഓർത്തുവയ്ക്കാൻ എനിക്കു കഴിയാറില്ല. എന്റെ കച്ചവടം കുറവായിരുന്നാലും, ഒരാളുണ്ടല്ലോ എന്ന സമാധാനമായിരുന്നു അച്ഛനുള്ളത്. അണ്ണന് മിക്കവാറും നാടകം കാണാൻ കഴിയാറില്ല. അവന് കടയിൽ പിടിപ്പതു പണിയുണ്ടായിരിക്കും. എന്നാൽ എല്ലാ നാടകങ്ങളും എനിക്കു കാണാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ അത്യധികം സന്തോഷവാനായിരുന്നു.

ആ മൂന്നുമാസങ്ങളിലും കൊട്ടക ഉടമസ്ഥന് ദിവസവും ഇരുപതു രൂപാ വാടക കൊടുത്തുകഴിഞ്ഞാലും മെനക്കെടുന്നതിനനുസരിച്ചുള്ള വരുമാനം കിട്ടിയിരുന്നതുകൊണ്ടാണ് അച്ഛൻ ഏഴായിരം രൂപാ അഡ്വാൻസ് കൊടുത്ത് സിനിമാക്കൊട്ടകയിൽ കട ഏറ്റെടുത്തത്. അവിടത്തെ കച്ചവടത്തെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് ആരുടെയും ഉപദേശത്തിനു ചെവികൊടുക്കാതിരുന്നത്. നാടകക്കൊട്ടകയിലെ വരുമാനത്തിന്റെ കണക്കു പറഞ്ഞാണ് അച്ഛൻ അമ്മയെ സമാധാനിപ്പിച്ചിരുന്നത്. ഞങ്ങൾക്കുണ്ടായിരുന്ന മൂന്നേക്കർ സ്ഥലം നഷ്ടപ്പെട്ടശേഷം എങ്ങനെ കാലം കഴിക്കാനാണ്? ഒഴിവുനേരങ്ങളിൽ മാത്രം സോഡാ വിറ്റാൽ മൂന്നു നേരം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടേണ്ടിവരും. അതുകൊണ്ടാണ് മുഴുവൻ സമയവും സോഡാക്കട നടത്താൻ അദ്ദേഹം തീരുമാനിച്ചത്.

ദിവസവും നാലുകളികൾ

ഗ്രാമത്തിലേക്കുള്ള പ്രവേശനകവാടത്തിൽത്തന്നെ ഒരു വലിയ വേപ്പുമരവും ഒരു സത്രവും ഉണ്ടായിരുന്നു. ഗ്രാമവാസികൾ ഒത്തുകൂടുന്ന സത്രം. കാഴ്ചയിൽ ഒരു ചെറുമണ്ഡപംപോലെ തോന്നും. പത്തുപതിനഞ്ചുപേർക്ക് കിടക്കാനുള്ള സൗകര്യമുണ്ട്. രാത്രികാലങ്ങളിൽ ഉറങ്ങാനും പകൽനേരങ്ങളിൽ വീടുകൾക്കുള്ളിലെ അത്യുഷ്ണം സഹിക്കാൻപറ്റാതെ വെടിപറഞ്ഞിരിക്കാനും ആളുകൾ വന്നുചേരും. സത്രം എല്ലായ്പ്പോഴും തുറന്നുതന്നെ കിടക്കും. പകൽനേരങ്ങളിൽ പകിടകളി, നായും പുലിയും കളി എന്നിവയെല്ലാം മുടക്കമില്ലാതെ തുടർന്നുകൊണ്ടിരിക്കും. മകരം മുതലുള്ള മൂന്നുനാലു മാസങ്ങളിൽ ഇവിടെ തിരക്കൊഴിഞ്ഞ നേരമേ ഉണ്ടാകാറില്ല. കൃഷിപ്പണികളൊന്നുമില്ലാത്ത കാലമായതിനാൽ പുരുഷന്മാരെല്ലാം വന്നുകൂടി നിന്നുതിരിയാൻ ഇടംപറ്റാതെയാകും. മദ്ധ്യവയസ്‌കർക്കും വൃദ്ധന്മാർക്കുംവേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലമാണത്. ചെറുപ്പക്കാർക്കു മാത്രമായി ഗ്രാമത്തിൽ വേറെ സ്ഥലങ്ങളുണ്ടായിരുന്നു.

സത്രത്തിലെത്തിയയുടൻ കിഴവൻ ഒരു ചുവർ ചൂണ്ടിക്കാട്ടി അവിടെ പോസ്റ്റർ പതിക്കാൻ ആവശ്യപ്പെട്ടു. സത്രത്തിൽ കിടന്നിരുന്ന ചിലർ എഴുന്നേറ്റു വന്നു. വെയിലിന്റെ കാഠിന്യത്തെ ശപിച്ച് വീടിനുള്ളിൽ ചടഞ്ഞുകൂടിയിരുന്ന ചില സ്ത്രീകളും ശബ്ദംകേട്ട് സത്രത്തിന്റെ മുന്നിലേക്കു വന്നു. സത്രവും, മുന്നിലുള്ള മരത്തണലും ആളുകളെക്കൊണ്ടു നിറഞ്ഞു. ഇനി "ഹൗസ് ഫുൾ' എന്ന ഒരു പോസ്റ്റർ വയ്ക്കേണ്ട കുറവേയുള്ളൂ...! ഈ ഗ്രാമവാസികളുടെ അനുമതിയില്ലാതെ ഒരു കാറ്റിനുപോലും അങ്ങോട്ടു കടക്കാൻ കഴിയില്ല. വലിയ ഒരാൾക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നത് അഭിമാനമായി ഞങ്ങൾക്കു തോന്നി. നാലാൾ കൂടുന്നിടത്തുനിന്ന് എന്തെങ്കിലും സംസാരിക്കാൻ എനിക്ക് മടിയായിരുന്നു. എന്നാൽ കരുവായൻ അങ്ങനെയായിരുന്നില്ല. ഏതു സിനിമയാണ് ഏതു കൊട്ടകയിലാണ് എന്നൊക്കെ അറിയുകയായിരുന്നു അവരുടെ ലക്ഷ്യം. "വിമലാ'യാണെന്നു പറഞ്ഞയുടൻ, ""അപ്പൻ കൊട്ടകയാണോ?'' എന്ന് പലരും ഒരേ സ്വരത്തിൽ ചോദിച്ചു.

പെരുമാൾ മുരുകന്റെ (ഇടത്തേ അറ്റം) പഴയ ചിത്രം

അന്നുമുതലാണ് വിമലാതീയേറ്ററിന് "അപ്പൻകൊട്ടകൈ' എന്ന പേരു വന്നത്.""പിശാശിനെ ഓടിക്കാൻ മലവേപ്പങ്കുട്ടേന്ന് മന്ത്രവാദിയെ കൊണ്ടുവന്നെന്ന് കേക്കുന്നല്ലോ, ശരിയാണോ?'' ഒരാൾ ചോദിച്ചു. എനിക്കു ചിരിയടക്കാൻ പാടുപെടേണ്ടി വന്നു.""അതേയതേ... പിശാശിനെ ഓടിച്ചു...'', കരുവായൻ പറഞ്ഞു. " "ഒന്നോ രണ്ടോ വല്ലോമാരുന്നോ... ഒരു പത്തുപയിനഞ്ചെണ്ണം ഒണ്ടാരുന്നു...''
അവൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു.
ചെമ്പുരത്തിനടുത്ത് പാവമലയുടെ അടിവാരത്തിലുള്ള സ്ഥലമാണ് വേമ്പൂർ. കൂടോത്രം ചെയ്യുക, ബാധയൊഴിപ്പിക്കുക, ഏലസ് ജപിച്ചുകെട്ടുക, മന്ത്രംചൊല്ലി രോഗം ഭേദമാക്കുക, ചെടികൊടികളിൽനിന്നും കൃമികീടങ്ങളെ ഒഴിപ്പിക്കുക മുതലായ പല കാര്യങ്ങൾക്കും പ്രസിദ്ധമായ സ്ഥലമായിരുന്നു അത്. ഇന്നും ആ പ്രശസ്തി നിലനിൽക്കുന്നുണ്ട്. തീയേറ്ററിനുള്ളിലെ ശബ്ദനിയന്ത്രണത്തിന് ചുവരുകളിലും മേൽക്കൂരയിലും കാഡ്ബോഡുകൾ പതിച്ച വിവരം അധികമാരും അറിഞ്ഞിരുന്നില്ല. ഈശ്വരനും പിശാചിനും ആയിരമായിരം നാവുകളുണ്ട്. അവരെപ്പറ്റിയുള്ള വാർത്തകൾ കാട്ടുതീപോലെ പരക്കും. ബാധയൊഴിപ്പിച്ചശേഷമാണ് കൊട്ടകയിലെ ശബ്ദനിയന്ത്രണം സാധ്യമായതെന്ന് ആളുകൾ വിശ്വസിച്ചിരുന്നത് നന്നായെന്നുതോന്നി. ""ധീരപ്പനു കണ്ണുകിട്ടിയതാ... നാട്ടിലെ കണ്ണും ലോകത്തൊള്ള കണ്ണു മൊത്തവും, മുണ്ടക്കണ്ണും, കരിങ്കണ്ണുമെല്ലാം അയാടെ നേർക്കാ...'' എന്ന് പെണ്ണൊരുത്തി ഹാസ്യഭാവത്തിൽ അവതരിപ്പിച്ചപ്പോൾ കൂടിനിന്നവർ ആമോദിച്ചു.

കൂട്ടത്തിൽ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു. കരുവായൻ പോസ്റ്ററുകളെടുത്ത് വിടർത്തിക്കാണിച്ചു കൊടുത്തു. ""ശ്ശെടാ, പടകോട്ടിയാണല്ലേ? ഈ പടം നമ്മുടെ നാട്ടിൽ വന്നിട്ട് ഒരു പത്തുകൊല്ലമായിക്കാണും, ഇല്ലേ? ഇത്രേം കൊല്ലംകഴിഞ്ഞ് ഇപ്പഴാണോ പിന്നേം ഇടുന്നത്...'', ഒരു സ്ത്രീ ആശ്ചര്യപ്പെട്ടു. ""ഇതില് സരോജാദേവിയെ കാണണം, കിളിപോലിരിക്കും,'' എന്നായി ഒരാൾ. എം.ജി.ആറിന് ഗ്രാമീണർക്കിടയിലുള്ള സ്വാധീനത്തെ അളക്കാനോ, അതിനുള്ള കാരണങ്ങൾ കണ്ടുപിടിക്കാനോ അത്ര എളുപ്പമല്ല. ഓരോ സമയത്തും ഓരോ കാരണമാണ് എനിക്കു തോന്നുക. ചില കാര്യങ്ങൾക്ക് ഒരു കാരണവും കണ്ടുപിടിക്കാൻ കഴിയാതെ വിഷമിച്ചുപോയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ നാട്ടുകാർ ജാതിമത ഭേദമെന്യേ എല്ലാവരും എം.ജി.ആറിന്റെ ആരാധകരായി മാറിക്കഴിഞ്ഞിരുന്നു. ഇന്ന് എല്ലാവരും അണ്ണാഡി.എം.കെയ്ക്കാണ് വോട്ടുചെയ്യുന്നത്. കഴിഞ്ഞ ഇരുപതു-മുപ്പതു വർഷങ്ങളായി ഈ പ്രദേശത്തുള്ളവരുടെ ജീവിതത്തിൽ ഒരുമാറ്റവുമുണ്ടാകാത്തത് അതുകൊണ്ടായിരിക്കുമോ? അതോ, അതൊരു വെറും ഊഹം മാത്രമാണോ?

എം.ജി.ആർ

എം.ജി.ആറിന് സ്ത്രീകൾക്കിടയിൽ ഇത്രയും ആരാധന ഉണ്ടാകാൻ കാരണമെന്തെന്ന് ചിന്തിച്ചപ്പോൾ ചെറുപ്പത്തിലുണ്ടായ ഒരു സംഭവം ഓർമ്മയിലെത്തി. അമ്മയും, അയൽക്കാരായ ഒരുപറ്റം സ്ത്രീകളും സിനിമ കാണാൻ പോയപ്പോൾ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. കാണാൻപോകുന്ന സിനിമയേക്കാൾ രസകരമായിരുന്നു ആ എട്ടുമൈൽ ദൂരം നടക്കുന്നതിനിടയിൽ നടന്ന അവരുടെ സംഭാഷണങ്ങൾ. ശിവാജിയും ജമുനയും അഭിനയിച്ച "നിച്ചയതാംബൂലം' എന്ന സിനിമ കാണാനാണ് ഞങ്ങൾ പോയത്. സിനിമ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സ്ത്രീകൾ അതേപ്പറ്റി അവരുടെ അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങി.""ഈ കൊടവയറന്റെ പടം കണ്ടേച്ചുവന്നാ ചാക്കാല വീട്ടിപ്പോയേച്ചുവരുന്ന പോലൊണ്ട്.''""അതേയതേ, മൂക്കുപിഴിഞ്ഞുപിഴിഞ്ഞ് സാരിത്തുമ്പ് നനഞ്ഞു കുതിർന്നു... എപ്പംനോക്കിയാലും പെണ്ണുങ്ങളെ സംശയിക്കുന്ന പണിയേ അയാക്കൊള്ള്...'' ""വീട്ടിലൊള്ള പെണ്ണുങ്ങളെ ഇങ്ങനെ സംശയിച്ചാ കുടുംബം നന്നാവുന്നതെങ്ങനാ...?''

നിച്ചയതാംബൂലത്തിന്റെ പോസ്റ്റർ

സ്ത്രീകളെ സംശയദൃഷ്ടിയോടെ കാണുന്നതും, തൻമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമായിരിക്കും ശിവാജി ഗണേശന്റെ മിക്ക ചിത്രങ്ങളുടെയും പ്രമേയം. ദൈവപ്പിറവി, നിച്ചയതാംബൂലം, പുതിയ പറവൈ, കുലമകൾ രാധ എന്നീ ചിത്രങ്ങൾ എന്റെ ഓർമയിലെത്തി. അതോടെ എനിക്കുണ്ടായിരുന്ന സംശയങ്ങളെല്ലാം മാറിക്കിട്ടി. ആ ചിത്രങ്ങളിലെ സ്ത്രീകൾ തങ്ങളെ ന്യായീകരിക്കാൻ എന്തെല്ലാം തെളിവുകൾ നിരത്തേണ്ടി വന്നിട്ടുണ്ട്! അത്രയും മാനസിക സംഘർഷങ്ങൾ ഈ സ്ത്രീകൾ അനുഭവിച്ചശേഷം, സത്യം ബോധ്യപ്പെടുമ്പോൾ ""എന്നോടു ക്ഷമിക്കൂ'' എന്ന് എത്ര എളുപ്പത്തിലാണ് വാചകമടിച്ച് അദ്ദേഹം തടിതപ്പുന്നത്? ഉടനേ, ""അങ്ങനൊന്നും പറയല്ലേ, മച്ചാനേ...'' എന്ന് കരഞ്ഞുപറഞ്ഞ് അവൾ സമാധാനിപ്പിക്കും. എന്നാൽ എം.ജി.ആർ ചിത്രങ്ങളിൽ ഒന്നിലെങ്കിലും ഇങ്ങനെ സ്ത്രീകളെ സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു രംഗമെങ്കിലും കാണാൻ കഴിയുമോ?''
നൂറിലധികം എം.ജിയാർ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഭാര്യയെയോ, കാമുകിയെയോ സംശയദൃഷ്ടിയോടെ നോക്കുന്ന ഒരു രംഗംപോലും കണ്ടതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ എം.ജിയാറിനെ സ്ത്രീകൾ സംശയിക്കുന്നതായി കണ്ടിട്ടുണ്ട്. നാടോടിമന്നൻ എന്ന സിനിമയിൽ എം.ജിയാർ നാടോടിയായും രാജാവായും ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നാടോടിയായ എം.ജിയാറിനും രാജ്ഞിക്കും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ രാജാവായ എം.ജിയാർ പരിശ്രമിക്കുന്നുണ്ട്. (ഇരട്ടവേഷത്തിൽ അഭിനയിക്കുമ്പോൾ അടയാളത്തിന് ചില പൊടിക്കൈകൾ പ്രയോഗിക്കാറുണ്ട്. നാടോടി മന്നനിൽ നാടോടി എം.ജിയാറും, രാജാവ് എം.ജിയാറും; "നീരും നെരുപ്പും' എന്ന ചിത്രത്തിൽ കറുത്ത എം.ജിയാറും വെളുത്ത എം.ജിയാറും "എങ്കവീട്ടുപിള്ളൈ'യിൽ കരുത്തനായ എം.ജിയാറും, ബലഹീനനായ എം.ജിയാറുംപോലെ).

തുടക്കത്തിൽ ആ പരിശ്രമം വിജയിക്കുമെങ്കിലും ഏതെങ്കിലും ഒരു രംഗത്ത് പെട്ടെന്ന് എല്ലാ സംശയങ്ങളും മാറിക്കിട്ടും. സ്ത്രീകളെ അധികം സങ്കടപ്പെടുത്താറില്ല. സ്ത്രീകൾക്ക് എം.ജിയാറിനോട് ആരാധന തോന്നാൻ ഇതും ഒരു കാരണമായിരിക്കുമോ?

നാടോടിമന്നൻ പോസ്റ്റർ

എം.ജിയാറിനോട് കടുത്ത ആരാധന വച്ചുപുലർത്തുന്ന ആ പ്രദേശത്ത് വെറും എഴുത്തുപോസ്റ്ററുകൾ മാത്രം ഒട്ടിക്കാൻ കഴിയില്ലെന്നു ബോധ്യമായി. ആകെ രണ്ടു വിധത്തിലുള്ള ചിത്ര പോസ്റ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എം.ജിയാർ മാത്രമുള്ളത് ഒന്ന്, എം.ജിയാറും സരോജാദേവിയുംകൂടിയുള്ള മറ്റൊന്ന്. എം.ജിയാർ മാത്രമുള്ള പോസ്റ്ററാണ് ചായക്കടയിൽ ഒട്ടിച്ചത്. അതുകൊണ്ട് അവിടെ ഒട്ടിക്കാൻ കരുവായൻ മറ്റൊരു പോസ്റ്ററെടുത്തു. എന്നാൽ എം.ജിയാർ മാത്രമുള്ള പോസ്റ്റർ മാത്രമേ ഒട്ടിക്കാൻപാടുള്ളൂ എന്ന് ഒരുവൻ നിർബന്ധം പിടിച്ചു. കൂട്ടത്തിൽ ഓരോരുത്തരും വ്യത്യസ്തമായ ആവശ്യങ്ങൾ നിരത്താൻ തുടങ്ങി.""എംജിയാർ ചിത്രമോ, പുതിയ ചിത്രമോ വന്നാൽ മാത്രമേ ഇവിടെ പോസ്റ്ററൊട്ടിക്കാൻ വരികയുള്ളൂ... ഒന്നോ രണ്ടോ ദിവസങ്ങൾ മാത്രം ഓടുന്ന ചിത്രങ്ങളുടെ പോസ്റ്റർ ഇവിടെ ഒട്ടിക്കാറില്ല. ഒരു പ്രത്യേക പടമായിരിക്കും ഓടുന്നതെന്നു കരുതി തീയേറ്ററിലെത്തുമ്പോൾ അവിടെ വേറെ പടമായിരിക്കും... പിന്നെ ഏതായാലും വന്നതല്ലേ, ഏതെങ്കിലുമാകട്ടെ എന്നു കരുതി കണ്ടതുതന്നെ വീണ്ടും കാണേണ്ടിവരും. അതുകൊണ്ട് ഇനിമുതൽ ഏതു പടം വന്നാലും ഇവിടെ ഒട്ടിക്കണം; കേട്ടോ?'' ഒരു തീവ്രസിനിമാക്കമ്പക്കാരൻ അയാളുടെ സങ്കടങ്ങൾ വെളിപ്പെടുത്തി.

കരുവായൻ കാര്യറിൽനിന്നും പോസ്റ്റർ എടുക്കുന്നതുപോലെ എന്തോ ചെയ്തുകൊണ്ടിരുന്നു. ആൾക്കൂട്ടം പരസ്പരം സംസാരിച്ചുകൊണ്ടുനിൽക്കേ, ആരും പ്രതീക്ഷിക്കാതെ അവൻ അതിവേഗം സൈക്കിൾ ഓടിച്ചുപോയി. എനിക്കൊരു സൂചനപോലും തന്നിരുന്നില്ല. അവനിങ്ങനെ ചെയ്യുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല.

"" "ഇന്നവസാനം' എന്ന നോട്ടീസ് ഇവിടെ പതിക്കാറേയില്ല. ടൗണിൽനിന്നും ആരെങ്കിലും വന്നു പറഞ്ഞാലേ അറിയാൻ കഴിയൂ...'' എന്ന് ഒരു ചെറുപ്പക്കാരൻ.""എടേയ്, മൊത്തം എത്ര എണ്ണമൊണ്ട്? ഒരു പത്തെണ്ണം കാണുമോ? ഇതു നമ്മുടെ തലവന്റെ പടമാ... എല്ലാം ഇവിടെത്തന്നെ ഒട്ടിച്ചിട്ടു പോയാ മതി,'' ഒരുത്തൻ ഒരു പടക്കം പൊട്ടിച്ചു.
കരുവായൻ കാര്യറിൽനിന്നും പോസ്റ്റർ എടുക്കുന്നതുപോലെ എന്തോ ചെയ്തുകൊണ്ടിരുന്നു. ആൾക്കൂട്ടം പരസ്പരം സംസാരിച്ചുകൊണ്ടുനിൽക്കേ, ആരും പ്രതീക്ഷിക്കാതെ അവൻ അതിവേഗം സൈക്കിൾ ഓടിച്ചുപോയി. എനിക്കൊരു സൂചനപോലും തന്നിരുന്നില്ല. അവനിങ്ങനെ ചെയ്യുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല. അവനെ പിടികൂടാൻ ചിലർ പിന്നാലേ ഓടിനോക്കി. കൊടുംവെയിലിൽ വളരെയകലെ കാനൽജലംപോലെ അവന്റെ തല കണ്ട് പിന്നാലെ ഓടിയവർ തിരികെവന്നു. ആൾക്കൂട്ടം എന്നെ ചുറ്റിവളഞ്ഞുനിന്നു.""എടേയ്, ഇവനെ ഇവിടെ പിടിച്ചുനിർത്താം. എങ്ങനായാലും ഇവനെ കൂട്ടിക്കൊണ്ടുപോകാൻ അവൻ വരാതിരിക്കില്ല,'' ഒരുവൻ പറഞ്ഞു.""അവൻ വന്നിട്ട് ഇവനെ വിട്ടാൽ മതി. അല്ലെങ്കിൽ ധീരപ്പൻതന്നെ വന്ന് കൊണ്ടുപൊക്കോട്ടെ,'' എന്ന് മറ്റൊരാൾ.
എന്തുചെയ്യണമെന്ന് എനിക്കൊരു പിടിയുമില്ലായിരുന്നു. കണ്ണുകൾ കലങ്ങി. എപ്പോൾ വേണമെങ്കിലും പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി.""എന്തു ധൈര്യമാ അവന്, കാര്യം പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ ഓടിക്കളഞ്ഞല്ലോ... നമ്മള് എന്തു പറഞ്ഞിട്ടാ അവനിങ്ങനെ ഓടിക്കളഞ്ഞത്...? എം.ജിയാർ പടമായതുകൊണ്ട് രണ്ടു പോസ്റ്റർ അധികമൊട്ടിക്കാൻ പറഞ്ഞു. അതിന് ഓടിപ്പോകേണ്ട കാര്യമുണ്ടോ?'' എന്ന് ഒരു സ്ത്രീ പറയുന്നതുകേട്ട് പലരും ഓടിപ്പോയവനെ തെറിവിളിക്കാൻ തുടങ്ങി.

അവനോട് എനിക്കു തോന്നിയ ദേഷ്യം പറഞ്ഞറിയിക്കാൻ കഴിയില്ല. പശത്തൊട്ടി എന്റെ സൈക്കിളിൽ തൂക്കാൻ സമ്മതിക്കാതിരുന്നതിന് അവൻ മനസ്സിൽ സൂക്ഷിച്ചിരുന്ന പക വീട്ടുകയായിരുന്നോ? കൂടെ വന്നവനെ ഇങ്ങനെ ആപത്തിൽ തള്ളിവിട്ട് ഓടിപ്പോയവനെ കുടിക്കുന്ന പച്ചവെള്ളത്തിൽപ്പോലും വിശ്വസിക്കാൻ കഴിയുമോ? എല്ലാ പോസ്റ്ററും അവർ വാങ്ങിവച്ചാലും എന്താ സംഭവിക്കാൻ പോകുന്നത്? കൂടെവന്നവനെ തള്ളിവിട്ടിട്ട് ഓടിക്കളയാമോ? അവനോട് കടുത്ത പക തോന്നി. കൈയിൽക്കിട്ടിയിരുന്നെങ്കിൽ തല്ലിക്കൊല്ലാനുള്ള ദേഷ്യം എനിക്ക്! സത്രത്തിന്റെ വരാന്തയിൽ തലകുമ്പിട്ടിരിക്കാനല്ലാതെ എനിക്കെന്തുചെയ്യാൻ കഴിയും?

അക്കാലത്ത് ഇന്നത്തെപ്പോലെ ജോലിക്ക് ആളുകൾ ദൂരസ്ഥലങ്ങളിൽ പോകുന്ന പതിവുണ്ടായിരുന്നില്ല. ഗ്രാമത്തിലുള്ള കൃഷിപ്പണികളാണ് എല്ലാവരും ചെയ്യുന്നത്. അതിനാൽ ഗ്രാമീണരെല്ലാം അവിടെത്തന്നെയുണ്ടായിരിക്കും. തിരക്കുള്ള മറ്റു ജോലികളൊന്നും അവർക്കില്ലായിരുന്നു. അതിനാൽ ഇതുപോലെ ഒരു കോളുകിട്ടിയാൽ ഒരാഴ്ചത്തേക്ക് ഇതുതന്നെയായിരിക്കും ചർച്ചാവിഷയം. അവർക്കിതൊരു നേരമ്പോക്കു മാത്രം. കൂടിനിന്നവർ എന്നെ വിചാരണ ചെയ്യലും, ചോദ്യം ചെയ്യലും തുടർന്നുകൊണ്ടിരുന്നു. പുതുതായി വന്നവർ, ഏതോ കള്ളനെ പിടിച്ചുവച്ചിരിക്കുകയാണെന്നു തെറ്റിദ്ധരിച്ചു. കള്ളനെ പിടിച്ചാൽ ചോദ്യം ചെയ്യുന്നതിനു മുമ്പുതന്നെ നല്ല തല്ലുകിട്ടും. അതു കിട്ടാതിരുന്നതുതന്നെ മഹാഭാഗ്യം. വന്നയുടൻ ഒന്നും ചോദിക്കാതെ വല്ലവനും കേറിയടിച്ചുകളയുമോ എന്നുപോലും ഞാൻ ഭയപ്പെട്ടു. ഏതായാലും അങ്ങനെയൊന്നും സംഭവിച്ചില്ല.
പോസ്റ്റർ കാര്യമറിഞ്ഞയുടൻ ചിലർ, ""ഇതിനാണോ ഇവനെയിങ്ങനെ പിടിച്ചുവച്ചിരിക്കുന്നത്... വിട്ടേരെ... അവൻ അവന്റെ പാട്ടിനു പൊക്കോട്ടെ...'' എന്നിങ്ങനെ എനിക്കനുകൂലമായും സംസാരിച്ചു.

പെരുമാൾ മുരുകൻ, ഫോട്ടോ: കാന്തവേൽ

""കൂടെ വന്നവനെ വിട്ടിട്ട് ഇവനെ പിടിച്ചുവച്ചോണ്ടിരിക്കുന്നതെന്തിനാ? തലവന്റെ ഫോട്ടോ എല്ലായിടത്തും ഒട്ടിച്ചുകഴിഞ്ഞേ അവൻ വരൂ... അങ്ങനൊള്ളവനെ പിടിച്ചിട്ടെന്താ കാര്യം?'' എന്നിങ്ങനെ മറ്റുചിലരും അഭിപ്രായപ്പെട്ടു. നാട്ടുകാരെയെല്ലാം "വലിപ്പിച്ചിട്ട്' ഒരുത്തൻ ഓടിപ്പോകുന്നു. അവനെ അങ്ങനെ വിട്ടുകളയാമോ? അവൻ വന്നിട്ട് ഇവനെ വിട്ടാൽമതി എന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം. കരുവായൻ വരുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു.

ഇന്നവസാനം

നമ്മുടെ സമൂഹത്തിൽ ജാതിസമവാക്യങ്ങൾ എത്ര സൂക്ഷ്മമായാണ് പിടിമുറുക്കിയിരിക്കുന്നതെന്നു കണ്ടറിയുന്നത് കഠിനമാണ്. ഗ്രാമത്തിൽ മാത്രമല്ല, വലിയ പട്ടണത്തിൽ വസിച്ചുവന്നാലും ഏതെങ്കിലുമൊരു സന്ദർഭത്തിൽ നാമറിയാതെതന്നെ ജാതീയമായ അടയാളങ്ങൾ നമ്മുടെമേൽ ചാർത്തപ്പെടും.

""ഇതാണ് നിന്റെ ജാതി,'' എന്ന് നമ്മുടെമേൽ അടിച്ചേല്പ്പിച്ചാൽപ്പിന്നെ അതിൽനിന്നും നമുക്കു രക്ഷനേടാൻ കഴിയില്ല. ഈ ജാതിയടയാളംപേറി നടക്കുന്നതുകൊണ്ട് എന്തെങ്കിലും നന്മയുണ്ടോ? അങ്ങനെ നന്മയുണ്ടാകുന്ന ചില സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്.

അതിൽനിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായിത്തീരും. ഇതരസംസ്ഥാനങ്ങളിലോ, വിദേശത്തോ ആയിരുന്നാൽപ്പോലും മാതൃഭാഷയോടുള്ള സ്നേഹംമൂലം സൗഹൃദം സ്ഥാപിക്കുന്നവരേക്കാൾ കൂടുതലായിരിക്കും ജാതിയുടെ പേരിൽ കൂട്ടുകൂടുന്നവർ. സുഹൃദ്സംഘങ്ങൾ, മാര്യേജ് ബ്യൂറോ എന്നീ പേരുകളിലെല്ലാം ഇവർ ഒത്തുകൂടും.
ജാതിക്കുള്ളിൽ നിന്നുമാത്രമേ വിവാഹം കഴിക്കൂ എന്ന പിടിവാശിയുള്ളതുകൊണ്ടാണ് പെട്ടെന്ന് ജാതിയടിസ്ഥാനത്തിൽ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കാരണമാകുന്നത്. ""ഇതാണ് നിന്റെ ജാതി,'' എന്ന് നമ്മുടെമേൽ അടിച്ചേല്പ്പിച്ചാൽപ്പിന്നെ അതിൽനിന്നും നമുക്കു രക്ഷനേടാൻ കഴിയില്ല. ഈ ജാതിയടയാളംപേറി നടക്കുന്നതുകൊണ്ട് എന്തെങ്കിലും നന്മയുണ്ടോ? അങ്ങനെ നന്മയുണ്ടാകുന്ന ചില സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. രക്ഷപ്പെടാൻ ഒരു വഴിയില്ലാതെ നട്ടംതിരിഞ്ഞിട്ടുള്ള ചില സന്ദർഭങ്ങളിൽ ജാതി എന്നെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ എനിക്കുള്ള ആദ്യത്തെ അനുഭവമായി ഈ സന്ദർഭം മാറി.

കരുവായൻ എന്നെ ഉപേക്ഷിച്ച് ഓടിപ്പോയിരുന്നല്ലോ! അവൻ തിരികെവരുമെന്ന് എനിക്കൊരു വിശ്വാസവും ഉണ്ടായിരുന്നില്ല. ഓടിപ്പോയവൻ തിരികെ വന്നാൽ എന്താണ് നടക്കുന്നതെന്ന് അവനറിയാതിരിക്കുമോ? പോസ്റ്റർ വലിച്ചുകീറുന്നതുപോലെ എല്ലാവരുംകൂടി അവനെ പിച്ചിച്ചീന്തുകയില്ലേ? പോസ്റ്റർ ഒട്ടിച്ചശേഷം അവൻ തീയേറ്ററിൽച്ചെന്ന് അച്ഛനോടു പറഞ്ഞാൽ അദ്ദേഹം വന്നേക്കും. അതുവരെ സത്രത്തിന്റെ ഈ തിണ്ണതന്നെ ശരണം എന്നു ഞാൻ കരുതി. ഒരു പോസ്റ്ററെങ്കിലും സത്രത്തിന്റെ ഭിത്തിയിൽ ഒട്ടിച്ചിരുന്നെങ്കിൽ പ്രശ്നം ഇത്രയും രൂക്ഷമാകുകയില്ലായിരുന്നു. അതിന്റെ പേരിലെങ്കിലും എന്നെ വിട്ടയച്ചേനേ...! അതുപോലും ചെയ്യാതിരുന്നതാണ് നാട്ടുകാരെ ഇത്രയും പ്രകോപിപ്പിച്ചത്. ആട്ടിൻകൂട്ടിൽനിന്നും ആടുകളെ അഴിച്ച് മേയാൻവിട്ടശേഷം അതു മേഞ്ഞുതീരുന്നതുവരെ ഒരിടത്തുതന്നെ ഇരുന്ന ശീലമുണ്ട്. എന്നാൽ അതിൽ കൂടുതൽ സമയം ഇവിടെ ഇരിക്കുന്നതുപോലെ എനിക്കു തോന്നി. ഒരുപറ്റം കാണികളുടെമുന്നിൽ ഒരു കാഴ്ചവസ്തുവിനെപ്പോലെ ഇരിക്കേണ്ടിവരുന്നത് ക്രൂരമായ ഒരനുഭവമാണ്. ഉത്സവകാലത്ത് നടക്കുന്ന പ്രദർശനങ്ങളിൽ "മത്സ്യകന്യകയെ' കാണാൻ ആളുകൾ വന്നുപോകുന്നതുപോലെ തോന്നും.

പുതിയതായി വന്നെത്തുന്നവർ അടുത്തുള്ളവരോട് വിവരം തിരക്കിയശേഷം ഓരോ കമന്റുകൾ തട്ടിവിട്ട് കടന്നുപോകും. ചിലർ അവിടെത്തന്നെ ഉറച്ചുനിന്നു. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ! ഇത്രയും ആൾക്കൂട്ടത്തിനു നടുവിൽ ഒരു പ്രദർശനവസ്തുവിനെപ്പോലെ ഇരിക്കേണ്ടിവന്നതിൽ ഞാൻ ലജ്ജിച്ചു തലതാഴ്ത്തി. അക്കാലത്തെ എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കുലദേവതയായ കാളിയെ ധ്യാനിച്ച്, ""കാളീ... എന്നെ രക്ഷിക്കൂ...'' എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽനിന്നും ഏഴെട്ടുമൈൽ അകലെയായിരുന്നു ഞങ്ങളുടെ കാളീക്ഷേത്രം. വിശേഷദിവസങ്ങളിൽ അവിടെപ്പോകുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് നിലവിളക്കു കൊളുത്താനുള്ള എണ്ണ വീട്ടിൽത്തന്നെ ആട്ടിയെടുക്കും. പുതിയ എണ്ണയിൽ കുലദൈവത്തിനു വിളക്കു വഴിപാടു നടത്താൻ ഞാൻ പോയിട്ടുണ്ട്. ആ ഓർമ്മവച്ച്, "കാളീ, മുടങ്ങാതെ മൂന്നുമാസം ക്ഷേത്രത്തിൽവന്ന് വിളക്കുകൊളുത്തിക്കൊള്ളാം എന്ന് നേർച്ചയും നേർന്നു.'
അല്പസമയത്തിനുള്ളിൽ, "എടേയ്, നീ എവിടുത്തുകാരനാടാ,' എന്ന് കൂട്ടത്തിലൊരാൾ ചോദിച്ചു. തലയുയർത്താതെതന്നെ ശബ്ദം കേട്ടയിടത്തേക്ക് തിരിഞ്ഞുനോക്കി. തലയിലൊരു കെട്ടും ഒരു കോണകവും മാത്രം ധരിച്ച ഒരു കറുമ്പൻ. കൈയിൽ കാലിയായ ഒരു മൺകുടം. തൊഴുത്തിൽ കന്നുകാലികൾക്കു വെള്ളമൊഴിച്ചുകൊടുത്തശേഷം വരികയാണെന്നു തോന്നും. എന്റെ അച്ഛനെപ്പോലെ കവിളുകളൊട്ടിയ മുഖം. എന്റെ അച്ഛന് മെലിഞ്ഞ് ക്ഷീണിതമായ ശരീരം. ഇയാൾക്ക് നല്ല ബലിഷ്ടമായ, ഉയരം കുറഞ്ഞ അരോഗദൃഢഗാത്രം.

അച്ഛന്റെ യഥാർത്ഥ പേര് ഭൂരിപക്ഷംപേർക്കും അറിയില്ലായിരുന്നു. ഇരട്ടപ്പേരിനായിരുന്നു പ്രചാരം. എങ്കിലും അപരിചിതമായ ഒരിടത്ത് അച്ഛന്റെ ഇരട്ടപ്പേരു പറയുന്നതു ശരിയല്ല എന്നു കരുതി "പെരുമാൾ' എന്നു പറഞ്ഞു.

ഞാനയാളെ നോക്കിയയുടൻ, "എവിടാ നിന്റെ വീട്?' എന്നു വീണ്ടും ചോദിച്ചു. മറുപടി പറഞ്ഞില്ലെങ്കിൽ ഞാനെന്തോ വലിയ കുറ്റം ചെയ്തതായിത്തോന്നുമല്ലോ എന്നു കരുതി സ്ഥലപ്പേര് ശബ്ദം താഴ്ത്തിപ്പറഞ്ഞു. എങ്കിലും അയാളതു കൃത്യമായി കേട്ടു.
"അവിടാന്നോ?' എന്ന് ആശ്ചര്യത്തോടെ ചോദിച്ചശേഷം, ""അച്ഛന്റെ പേരെന്താ?'' എന്ന് തുടർന്നു ചോദിച്ചു. ശരിയായ പേരു പറയണമോ വേണ്ടെയോ എന്ന് ഞാൻ സംശയിച്ചു. അച്ഛന്റെ യഥാർത്ഥ പേര് ഭൂരിപക്ഷംപേർക്കും അറിയില്ലായിരുന്നു. ഇരട്ടപ്പേരിനായിരുന്നു പ്രചാരം. എങ്കിലും അപരിചിതമായ ഒരിടത്ത് അച്ഛന്റെ ഇരട്ടപ്പേരു പറയുന്നതു ശരിയല്ല എന്നു കരുതി "പെരുമാൾ' എന്നു പറഞ്ഞു.""നിന്റച്ഛന് എന്താടാ പണി?'' വീണ്ടും ചോദ്യം.""വിമലാ തീയേറ്ററിൽ സോഡാക്കടയാ...'' എന്നു പറഞ്ഞു.""മശയന്റെ മോനാന്നോ നീ?'' ശ്ശെടാ, ഇവൻ നമ്മുടെ സ്വന്തക്കാരനാ, നിന്നെ ആരാടാ മാപ്പിളേ ഇവിടെ പിടിച്ചുവച്ചത്? വാ, പോകാം.'' ആ വാക്കുകൾ എനിക്കു ധൈര്യം പകർന്നു. ഞാനെഴുന്നേറ്റു. ഇവിടെനിന്നും രക്ഷപ്പെടാനുള്ള കരുത്ത് എവിടെനിന്നോ കിട്ടിയതുപോലെ തോന്നി. കാളിയമ്മ മൂന്നുമാസത്തെ നേർച്ചവിളക്കിനോടുള്ള ആശമൂത്ത് എന്നെ വന്നു രക്ഷിക്കുകയായിരുന്നു എന്നു ഞാൻ വിശ്വസിച്ചു.

പലരും ഞാനേതാണെന്നു തിരക്കിയിരുന്നു. സിനിമാ പോസ്റ്ററൊട്ടിക്കാൻ ഗ്രാമത്തിലെ ഒരു കുടിയാനവന്റെ മകൻ വരുമെന്ന് അവരാരും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛൻ ഭൂമി കൊടുത്തപ്പോൾ കിട്ടിയ പണംകൊടുത്ത് തീയേറ്ററിൽ സോഡാക്കട തുടങ്ങിയ വിവരം അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു. അദ്ദേഹം എന്നെ മാപ്പിളേ... (മരുമകനേ...) എന്നു വിളിച്ചതിനാൽ അയാളെനിക്കു മാമനായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഏതു മുറയിലാണ് അയാളെനിക്കു മാമനാകുന്നത് എന്നുള്ളതുമാത്രം എനിക്കു മനസ്സിലായില്ല. പൊതുവേ കുടിയാനവർ ഇനത്തിൽപ്പെട്ടവരെല്ലാം പെട്ടെന്ന് ബന്ധുക്കളായിത്തീരും. മുമ്പ് പരിചയമില്ലാത്തവരെപ്പോലും പ്രഥമദൃഷ്ട്യാ ബന്ധുക്കളാക്കിക്കളയും. കുടിയാനവൻ ജാതിയിൽ "കൂട്ടം' അല്ലെങ്കിൽ "കുലം' എന്ന പിരിവുകളുണ്ട്. ചില അടയാളങ്ങൾകൊണ്ട് കുലം തിരിച്ചറിയാൻ കഴിയും. ഒരേ കൂട്ടമാണെങ്കിൽ സഹോദരസ്ഥാനീയരായിരിക്കും. വേറെ കൂട്ടമാണെങ്കിൽ "മാമൻ-മരുമകൻ' മുറയായിരിക്കും.

ഒരാളിന്റെ കൂട്ടം ഏതാണെന്നറിഞ്ഞാൽ ഏതു മുറയിലുള്ള ബന്ധമാണെന്ന് ഉടനടി മനസ്സിലാക്കാം. എന്നാൽ ആ മാമൻ എന്റെ കൂട്ടം ഏതാണെന്നു മനസ്സിലാക്കിയശേഷം "മാപ്പിളേ' എന്നു വിളിച്ചില്ല. അതുകൊണ്ട് ഏതോ ഒരു വകയിൽ, പരസ്പരം നേരത്തേ അറിയാവുന്ന ഏതെങ്കിലും അടുത്ത സ്വന്തമായിരിക്കും എന്നു മാത്രമേ മനസ്സിലായിരുന്നുള്ളൂ.""നെലത്തില് പണിചെയ്താ കിട്ടുന്നത് പോരാഞ്ഞ് സിനിമാക്കൊട്ടകേല് സോഡാ വിക്കാമ്പോണ കുടിയാനോനെ വേറെ എവിടെങ്കിലും കണ്ടിട്ടൊണ്ടോ?''
കണ്ണിൽക്കണ്ട തെണ്ടിപ്പിള്ളേരുടെ കൂടെ പോസ്റ്ററൊട്ടിക്കാൻ നടന്നാൽക്കൊള്ളാമോ? സോഡാക്കടേല് കാശ് നല്ലപോലെ കിട്ടിയാലും ഇല്ലേലും ഒരു പടംപോലും വിട്ടുപോകാതെ നിനക്ക് കാണാമല്ലോ? നിന്റച്ഛൻ സോഡാക്കച്ചോടത്തിനു നടന്നാ കൃഷിപ്പണിയൊക്കെ ആരാ ചെയ്യുന്നത്?''
എന്നിങ്ങനെ പലതും അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ഓരോന്നിനും എന്തൊക്കെയോ മറുപടികൾ പറഞ്ഞു.

ആ മാമൻ "ഇവൻ നമ്മുടെ സ്വന്തക്കാരനാ...' എന്നു പറഞ്ഞയുടൻ ആ ഗ്രാമീണരെല്ലാം എന്റെ സ്വന്തക്കാരായതുപോലെ എനിക്കു തോന്നി.""സൈക്കിളെടുത്തോണ്ടു വാ... വീട്ടിപ്പോയി ചോറു തിന്നിട്ടു പോവാം...'', എന്നായി അദ്ദേഹം. എന്നെ രക്ഷപ്പെടുത്തിയ അദ്ദേഹത്തോടു മറുത്തുപറയാൻ മനസ്സുവന്നില്ല. സൈക്കിൾ ഉന്തിക്കൊണ്ട് അദ്ദേഹത്തിന്റെ പിന്നാലെ നടന്നു.
വഴിയിൽക്കണ്ടവരോടെല്ലാം "നമ്മടെ പയ്യനെ' അവരു പിടിച്ചുവച്ചേക്കുവായിരുന്നു എന്ന് സങ്കടത്തോടെ പറഞ്ഞുകൊണ്ടായിരുന്നു നടപ്പ്. നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞ വസ്തുതകളിൽനിന്നും ഞങ്ങൾക്കു സഹോദരസ്ഥാനത്തുള്ള ഏതെങ്കിലും കുടുംബത്തിൽ നിന്നായിരിക്കും അയാൾ കല്യാണം കഴിച്ചിട്ടുള്ളതെന്ന് എനിക്ക് മനസ്സിലായി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെപ്പറ്റിയുമുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിനു വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എന്റെ മൂത്ത സഹോദരിയുടെ സ്ഥാനത്തു വരും.

""ചിന്നായുടെ കെട്ടിയോനാന്ന് നിന്റച്ഛനോട് പറഞ്ഞാലറിയും... ചെറുപ്പത്തില് ഞാനും അവനുംകൂടി കാടും മലയും കുറെ ചുറ്റിനടന്നിട്ടുള്ളതാ...'' എന്നിങ്ങനെ ബാല്യകാലസ്മരണകളെല്ലാം എന്റെ മുന്നിൽ തുറന്നുവച്ചു.
ഗ്രാമത്തിന്റെ ഒത്ത മധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ചെറിയ ഓടുകൾ മേഞ്ഞ പഴയ വീട്. ചിന്നാച്ചേച്ചിയെ പല ചടങ്ങുകളിൽവച്ചും കണ്ടിട്ടുണ്ട്. എന്നാൽ അവരുടെ ഭർത്താവിനെ മുമ്പു കണ്ടതായി ഓർക്കുന്നില്ല. അക്കാലത്ത് കുടിയാനവൻ വിഭാഗത്തിലുള്ള പുരുഷന്മാർ പൊതുചടങ്ങുകളിൽ സാധാരണയായി പങ്കെടുക്കാറില്ലായിരുന്നു. ആടുമാടുകളെ നോക്കാനും, കൃഷികാര്യങ്ങൾ ശ്രദ്ധിക്കാനുമായി അവർ എപ്പോഴും അവരുടെ കൃഷിസ്ഥലത്തുതന്നെ കാണും. വിശേഷങ്ങൾക്കും, ചന്തയ്ക്കുമെല്ലാം പോകുന്നത് സ്ത്രീകളായിരിക്കും. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമേ പുരുഷന്മാർ കൃഷിപ്പണികൾ വിട്ട് പോകാറുള്ളൂ. അങ്ങനെ പുറത്തു പോകാത്ത ആളായിരിക്കും അദ്ദേഹമെന്നു ഞാൻ കരുതി. യാത്രാസൗകര്യങ്ങൾ കുറവായതുകൊണ്ട് ഈ സ്ഥലത്തെപ്പറ്റി എനിക്ക് കാര്യമായി ഒന്നും അറിഞ്ഞുകൂടായിരുന്നു. അക്കച്ചി കുറുക്കിത്തന്ന തിനക്കഞ്ഞി കലക്കിക്കുടിച്ചു. കുറെനേരം ഇരിക്ക്, നെല്ലരിച്ചോറ് ഉണ്ടാക്കിത്തരാമെന്ന് അക്കച്ചിയുടെ വാക്കുകളിൽ തന്നോടുള്ള ഇഷ്ടം വ്യക്തമായിരുന്നു. ഈ കഴിച്ചതു മതിയെന്ന് വാശിപിടിച്ച് അവിടെനിന്നും തിരികെപ്പോന്നപ്പോഴേയ്ക്കും ആകെ ക്ഷീണിതനായിരുന്നു. ഏതായാലും പോസ്റ്റർ കാരണമുണ്ടായ ഈ ബന്ധം അധികനാൾ തുടർന്നു.

മകനെ രക്ഷിച്ചതുകൊണ്ട് ക്ഷേത്രോത്സവങ്ങൾക്ക് അവരെ ക്ഷണിക്കുന്നതും, അവരുടെ വിശേഷങ്ങൾക്ക് ഞങ്ങളെ ക്ഷണിക്കുന്നതും വളരെക്കാലം തുടർന്നു. അതുമാത്രമല്ല, ""സത്രത്തിന്റെ തിണ്ണയിൽ നാട്ടുകാർ പിടിച്ചുനിർത്തിയിരുന്ന മരുമോനെ ഞാനാ രക്ഷിച്ചുകൊണ്ടുവന്നത്'', എന്ന് മാമൻ കൂടെക്കൂടെ പറയുന്നത് അദ്ദേഹത്തിന് സന്തോഷപ്രദമായിരുന്നു. അവരുടെ മകളെ എനിക്കു കല്യാണം കഴിച്ചുതരാമെന്നു പറയുന്നതുവരെ ആ ബന്ധം വളർന്നു. അങ്ങനെ ആ പോസ്റ്റർ സംഭവം ഞങ്ങളുടെ കുടുംബത്തിന് ഒരു പുതിയ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി മാറി.

പെരുമാൾ മുരുകന്റെ അമ്മ പെരുമായി

മാമന്റെ വീട്ടിൽനിന്നും ഭക്ഷണവും കഴിച്ച് ഒരു കുറുക്കുവഴിയിൽക്കൂടി വീട്ടിൽ തിരിച്ചെത്തി. നേരെ കരുവായന്റെ വീട്ടിലേക്കുതന്നെ പോയി. അവൻ ഇതുവരെ തിരിച്ചെത്തിയിരുന്നില്ല. അവന്റെ വീട്ടിൽ തെങ്ങുകയറുന്ന ആളെ വഴിയിൽ കണ്ടു. കൃഷിത്തോട്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഞങ്ങളുടെ വീടു കഴിഞ്ഞുവേണം അവന്റെ വീട്ടിലേക്കു പോകാൻ. പോസ്റ്ററൊട്ടിച്ചുകഴിഞ്ഞ് അവൻ നേരേ തീയേറ്ററിലേക്കു പോയിക്കാണും. അല്ലെങ്കിൽ എന്നെ കൂട്ടിക്കൊണ്ടുവരാൻ സത്രത്തിലേക്കു പോയിട്ടുണ്ടാകും. അവിടെങ്ങാനും ചെന്നുപെട്ടാൽ നാട്ടുകാരെല്ലാം ചേർന്ന് അവനെ പിടിച്ച് നല്ല തല്ലുകൊടുത്തുവിടാനും സാധ്യതയുണ്ട്. അവനു നാലു തല്ലുകിട്ടിയിരുന്നെങ്കിൽ എനിക്കു സന്തോഷമാകുമായിരുന്നു. വരുന്ന വഴിയിൽവച്ചുതന്നെ അവനെ പിടികൂടാമെന്നു കരുതി മുറ്റത്തുനിന്നിരുന്ന വേപ്പുമരത്തിനടിയിൽ ഒരു കട്ടിലിട്ടു കാത്തിരുന്നു.
എന്റെ മുഖഭാവം കണ്ട് എന്തോ നടന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അമ്മ എന്നോട് വിവരം തിരക്കിയിട്ടും ഞാനൊന്നും പറഞ്ഞില്ല. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ കരുവായൻ വരുന്നതു കണ്ടു. സൈക്കിൾ ഉണ്ടായിരുന്നില്ല. കരട്ടൂരിൽനിന്നും വരുന്ന ആരുടെയെങ്കിലും സൈക്കിളിന്റെ പിന്നിലിരുന്നു വന്നു കാണും. അക്കാലത്ത് അതുവഴി ബസ് സർവ്വീസ് വളരെക്കുറവായിരുന്നു. ദിവസവും നാലോ അഞ്ചോ തവണ കരട്ടൂരിൽനിന്നും ഓടയൂരിലേക്കു ടൗൺ ബസ് വരും. അതിനുവേണ്ടി കാത്തുകെട്ടിയിരിക്കണം. ഇതിനേക്കാൾ ഏറ്റവും എളുപ്പമായതും നടപ്പുതന്നെ! ആറുമൈൽ ദൂരമുണ്ടെങ്കിലും അക്കാലത്ത് എല്ലാവരും നടക്കുകയാണു പതിവ്. അവനോടു സംസാരിക്കാൻ എനിക്കു താല്പര്യമില്ലായിരുന്നു. അതുകൊണ്ട് ഞാൻ മരത്തിനു പിന്നിൽ ഒളിച്ചുനിന്നു.

ആ ശകാരങ്ങളെല്ലാം എന്റെ നേർക്കായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടിനിന്നവർ എത്ര ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല. അവനും ഒന്നും പറഞ്ഞിരുന്നില്ല. രാത്രിയിൽ അച്ഛൻ വന്ന് വിവരം പറയുമ്പോഴാണ് എല്ലാവരും കാര്യമറിയുന്നത്

അപ്രതീക്ഷിതമായി അവന്റെ മുന്നിൽച്ചാടി തലമുടിക്ക് കുത്തിപ്പിടിച്ച് മുതുകത്ത് ഇടിക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നു തിരിച്ചറിയാൻ അവൻ അല്പം വൈകിയെങ്കിലും, കാര്യം മനസ്സിലാക്കി എന്നെ തിരിച്ചടിക്കാൻ തുടങ്ങി. ചെറുപ്പത്തിൽ എന്റെ മുൻകോപം പ്രസിദ്ധമായിരുന്നു. എന്താണു ചെയ്യുന്നതെന്ന് എനിക്കുപോലും അറിയില്ലായിരുന്നു. കണ്ണുംമൂക്കുമില്ലാതെ അവനെ മർദ്ദിച്ചുകൊണ്ടേയിരുന്നു. അവനും ഒട്ടും പിൻമാറിയില്ല. ബഹളംകേട്ട് അമ്മ ഓടി വന്നു. അമ്മയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ചുറ്റുവട്ടത്തുള്ളവരെല്ലാം ഓടിവന്നു. രണ്ടുപേരെയും പിടിച്ചുമാറ്റാൻ അവർക്ക് വളരെ പണിപ്പെടേണ്ടി വന്നു. എനിക്കും തല്ലുകിട്ടിയിരുന്നെങ്കിലും അവനും ആവശ്യത്തിനു കൊടുത്തതുകൊണ്ട് എന്റെ ദേഷ്യം അടങ്ങിയിരുന്നു. ഈ വഴക്കിനുള്ള കാരണം ആർക്കും മനസ്സിലായില്ല.""കടയിൽ വേലയ്ക്കു പോണം, പോണമെന്ന് വാശി പിടിച്ചത് ഇങ്ങനെ തല്ലുകൊള്ളാനായിരുന്നോടാ'' എന്നു ശകാരിച്ചുകൊണ്ട് കരുവായന്റെ അമ്മ വന്ന് അവനെ കൂട്ടിക്കൊണ്ടുപോയി. ആ ശകാരങ്ങളെല്ലാം എന്റെ നേർക്കായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടിനിന്നവർ എത്ര ചോദിച്ചിട്ടും ഞാനൊന്നും പറഞ്ഞില്ല. അവനും ഒന്നും പറഞ്ഞിരുന്നില്ല. രാത്രിയിൽ അച്ഛൻ വന്ന് വിവരം പറയുമ്പോഴാണ് എല്ലാവരും കാര്യമറിയുന്നത്. ബാക്കിയുള്ള പോസ്റ്ററുകൾ ഒട്ടിച്ചശേഷം കരുവായൻ അടുത്തുള്ള ഒരു കടയിൽച്ചെന്ന് എന്റെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് വന്നതെന്ന് അച്ഛൻ പറഞ്ഞു. എല്ലാ പോസ്റ്ററുകളും അവർ പിടിച്ചെടുത്താൽ എന്തുചെയ്യുമെന്നുള്ളതുകൊണ്ടാണ് അവൻ ഓടിപ്പോയത്. പോസ്റ്ററൊട്ടിച്ചില്ലെങ്കിൽ തീയേറ്ററുകാർ വഴക്കുപറയുമെന്ന് അവൻ ഭയപ്പെട്ടതുകൊണ്ടാണ് രക്ഷപ്പെട്ടത്. വിവരങ്ങളെല്ലാം അവൻ പറഞ്ഞിരുന്നു. അവന്റെ വാക്കുകൾകേട്ട് അച്ഛനുപോലും ദേഷ്യം കുറഞ്ഞിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. എങ്കിലും എന്റെ കോപം അടങ്ങിയിരുന്നില്ല.

അപ്രകാരമൊരു അന്തരാളഘട്ടത്തിൽ എന്നെ ഉപേക്ഷിച്ചുപൊയ്ക്കളഞ്ഞത് അക്ഷന്തവ്യമായ അപരാധമായി എനിക്കുതോന്നി. ഇനിമേൽ അവനെ കടയിൽ ജോലിക്കു നിർത്തരുതെന്നും, നിർത്തിയാൽ ഞാനിനി കടയുടെ സമീപത്തുപോലും വരില്ലെന്നും നിർബന്ധം പിടിച്ചു. എന്റെ പിടിവാശി അച്ഛനു നല്ല ബോധ്യമുള്ളതാണ്. അതുകൊണ്ട് അവനെ പിന്നീട് കടയിലേക്കു വിളിച്ചതേയില്ല. കരുവായനെപ്പോലെ ഒരുത്തനെ നാട്ടിൽനിന്നും കിട്ടാനും പ്രയാസമായിരുന്നു. എന്നിട്ടും എന്റെ ഇഷ്ടമറിഞ്ഞ് അച്ഛൻ അവനെ ജോലിക്കു ചേർത്തില്ല. മാത്രമല്ല, ഇതേത്തുടർന്ന് അദ്ദേഹത്തിന് വലിയ സാമ്പത്തികനഷ്ടം സഹിക്കേണ്ടിവരികയും ചെയ്തു.

കരുവായന്റെ അച്ഛൻ കള്ളുചെത്തു തൊഴിലാളിയായിരുന്നെങ്കിലും ചാരായം വാറ്റുന്നതിൽ "സ്പെഷ്യലിസ്റ്റ്' ആയിരുന്നു അയാൾ. നല്ല സ്വയമ്പൻ "ചരക്കു'ണ്ടാക്കുന്ന അയാളുടെ കൈപ്പുണ്യം എല്ലാവരും അംഗീകരിച്ചതാണ്. മാസത്തിലൊരിക്കൽ വാറ്റും. അടുത്തദിവസം രാവിലെതന്നെ അച്ഛന് ഒരു കുപ്പി "സ്പെഷ്യൽ' കൊടുത്തയയ്ക്കും. വീട്ടിൽ സൂക്ഷിക്കാൻ അമ്മ സമ്മതിക്കുമായിരുന്നില്ല. ചോളക്കച്ചി കൂട്ടിവച്ചിരിക്കുന്നതിനുള്ളിലോ, കടലച്ചണ്ടിക്കുള്ളിലോ, കിണറിന്റെ കൽക്കെട്ടിനിടയിലുള്ള വിടവുകളിലോ അമ്മയ്ക്ക് കണ്ടു
പിടിക്കാൻ കഴിയാത്ത സ്ഥലത്ത് സൂക്ഷിച്ചുവച്ച് ദിവസവും അൽപ്പാൽപ്പം കുടിക്കും. ഞാനും കരുവായനും തമ്മിലുള്ള വഴക്കു കാരണം അവർ തമ്മിലും സംസാരിക്കാതെയായി. അതിനാൽ അയാളെപ്പോഴാണ് വാറ്റുന്നതെന്ന വിവരം അറിയാൻ അച്ഛനു കഴിഞ്ഞിരുന്നില്ല. നേരിട്ടുചോദിക്കാൻ അദ്ദേഹത്തിന്റെ അഭിമാനം അനുവദിച്ചതുമില്ല. കരുവായനുമായുള്ള വഴക്കു കാരണം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് അച്ഛനായിരുന്നെങ്കിലും അദ്ദേഹം അതൊന്നും പുറത്തുകാട്ടിയിരുന്നില്ല.

സിനിമാക്കൊട്ടകയിൽ സോഡാക്കട നടത്തുന്നതിൽ അമ്മയ്ക്ക് മാനസികമായി എതിർപ്പുണ്ടായിരുന്നു. സന്ദർഭം കിട്ടുമ്പോഴെല്ലാം അതിനെതിരായി എന്തെങ്കിലുമൊക്കെ അമ്മ പറഞ്ഞുകൊണ്ടിരിക്കും. ഞാനും കരുവായനും തമ്മിലുള്ള വഴക്ക് അമ്മയ്ക്ക് കൈയിൽ കിട്ടിയ ഒരു വജ്രായുധമായി മാറി.""പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുചെറുക്കനെ പോസ്റ്ററൊട്ടിക്കാൻ പറഞ്ഞയച്ചാൽപ്പിന്നെ അവനെ നന്നാക്കിയെടുക്കാൻ പറ്റുമെന്ന് വല്ല ഉറപ്പുമുണ്ടോ?'' എന്ന് അമ്മ ചോദിച്ചാലുടൻ ""അതേ, നിന്റെ മോനേ മടീല് പിടിച്ചുവച്ചോ... തിന്നാൻ മരത്തീന്ന് പൊഴിഞ്ഞുവീഴും... പുറത്തുപോയി എന്തേലും ചെയ്തില്ലെങ്കിൽ എങ്ങനെ ജീവിക്കും. ഇതു ചെയ്യാമ്പാടില്ല, അതു ചെയ്യാമ്പാടില്ല എന്നൊക്കെപ്പറഞ്ഞാൽ വീട്ടിത്തന്നെ അടഞ്ഞുകിടക്കേണ്ടിവരും.'' എന്നിങ്ങനെ അച്ഛൻ മറുപടി പറയും. പോസ്റ്റർ വിഷയം ഇങ്ങനെ പല പ്രശ്നങ്ങൾക്കും കാരണമായിത്തീർന്നു.

അടുത്തദിവസം തീയേറ്ററിൽ വന്നപ്പോഴാണ് പുതിയ ചില സംഭവവികാസങ്ങൾ അറിയാൻ കഴിഞ്ഞത്. മറ്റുവഴികളിൽ പോയവർക്കും, ഞങ്ങൾക്കുള്ള അത്രയുമില്ലെങ്കിലും പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നും, ചിലയിടങ്ങളിൽ ഒട്ടിക്കണമെന്നും ആവശ്യപ്പെട്ട് ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒട്ടിക്കാനുള്ള സ്ഥലം സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാൻ കഴിയില്ല. ചിലർ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ഒരുപാടു നേരം ഒരിടത്തുതന്നെ പിടിച്ചുനിർത്തും. പട്ടണത്തിൽ പോസ്റ്ററൊട്ടിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
എല്ലാം കേട്ടറിഞ്ഞശേഷം തീയേറ്റർ മാനേജർ പറഞ്ഞു. ""പകൽനേരങ്ങളിലെ പോസ്റ്ററൊട്ടിക്കൽ ഇനി വേണ്ട. ഇനി രാത്രിയിൽ പോയാൽ മതി.'' അതുതന്നെ ശരി! ആദ്യദിവസം ഒട്ടിച്ച പോസ്റ്റർ കാണാതായാൽ അടുത്തദിവസം അതേ സ്ഥലത്ത് പുതിയ പോസ്റ്ററുകൾ കാണപ്പെടുന്നതിന്റെ സൗന്ദര്യം ആസ്വാദ്യകരമായിരുന്നു. ഏതു ചിത്രത്തിന്റേതായിരുന്നാലും നല്ല പോസ്റ്ററുകൾ ആളുകൾ കൂട്ടംകൂടിനിന്നു കാണും. പോസ്റ്റർ ഒട്ടിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ കാണുന്നത് അത്ര ആകർഷകമായി തോന്നാറില്ല.

രാത്രിയിൽ പോസ്റ്ററൊട്ടിക്കാൻ ഞാനധികം പോയിട്ടില്ല. വളരെ അപൂർവ്വമായി ഒരു കൂട്ടിനുവേണ്ടിമാത്രം കൂടെപ്പോയിട്ടുണ്ട്. കൂരിരുട്ടുമൂടിയ അമാവാസി രാത്രികളിലും നേരിയ പ്രകാശം പരന്നുകിടക്കുന്ന പൗർണ്ണമിദിനാരംഭങ്ങളിലെ പുലർവേളകളിലും, പുളിമരങ്ങൾ പടർന്നു പന്തലിച്ചു കിടക്കുന്ന ആൾത്തിരക്കില്ലാത്ത റോഡുകളിലും നടന്നുനീങ്ങിയിരുന്ന ആ നാളുകൾ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനർഘനിമിഷങ്ങളായിത്തീർന്നിരുന്നു.

ഇടവേള

തീയേറ്ററിന്റെ പുതുമയും പളപളപ്പുമെല്ലാം ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ അപ്രത്യക്ഷമായിരുന്നു. പുതിയ സംവിധാനങ്ങൾ പ്രയോജനപ്രദമായി ഉപയോഗിക്കാനുള്ള മനോനിലയില്ലാത്തവരാണ് നമ്മളോരോരുത്തരും. പഴയ ശീലങ്ങളിൽനിന്നും നമ്മുടെ ജനങ്ങളെ മാറ്റിയെടുക്കുന്നത് അത്ര എളുപ്പമല്ല. പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യുന്നത് അനുവദനീയമായ ഒരു സാധാരണ കാര്യമായിട്ടാണ് ഭൂരിപക്ഷംപേരും കാണുന്നത്. ഗ്രാമീണ റോഡുകളുടെ ഇരുവശങ്ങളിലും മലക്കൂമ്പാരങ്ങളുടെ കാഴ്ച സർവ്വസാധാരണമാണ്. അതിനു നടുവിലൂടെ യാതൊരു ഭാവഭേദവുമില്ലാതെ നടന്നുപോകുന്ന സാധാരണക്കാർ.

പത്തുവർഷങ്ങൾക്കുമുമ്പ് ഗ്രാമങ്ങളിൽ കുറഞ്ഞ ചെലവിൽ ശൗചാലയങ്ങൾ നിർമ്മിച്ചുകൊടുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എന്നാൽ അത് വിറകും മറ്റു തട്ടുമുട്ടു സാധനങ്ങളും സൂക്ഷിക്കാനുള്ള സ്ഥലമായിട്ടാണ് സാധാരണക്കാർ പ്രയോജനപ്പെടുത്തുന്നത്. ഗ്രാമങ്ങളിൽ നിർമ്മിച്ചിട്ടുള്ള പൊതുശൗചാലയങ്ങളും പ്രയോജനപ്പെടുത്താതെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു പദ്ധതിയിലുൾപ്പെടുത്തി പണം ചെലവഴിച്ചു നിർമ്മിക്കുന്ന ഈ പൊതുശൗചാലയങ്ങൾ വൃത്തിയായി സംരക്ഷിക്കുന്നതിനുള്ള യാതൊരു പരിശ്രമവും സർക്കാർ ചെയ്യുന്നില്ല. ഈ പുതിയ സംവിധാനത്തിലേക്കു മാറാനുള്ള മനോഭാവവും ജനങ്ങൾക്കില്ല. മാത്രമല്ല, ഇവ എങ്ങനെ ഉപയോഗിക്കണമെന്നതിലും സാധാരണക്കാർക്കു വ്യക്തതയില്ലാതെ പോയി. നമ്മുടെ പാഠ്യപദ്ധതിയിലും ഇത്തരം ചെറിയ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. എൻ.എസ്.എസ്., റെഡ് ക്രോസ് എന്നിങ്ങനെ പല സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവ മൂലമെങ്കിലും ഇക്കാര്യങ്ങൾ പഠിപ്പിക്കാം. ഈ വിഷയത്തെപ്പറ്റി ആണ്ടിൽ ഒന്നോ രണ്ടോ തവണ പഠനശിബിരങ്ങൾ സംഘടിപ്പിക്കാം. എന്നാൽ പൊതുവായി ചർച്ച ചെയ്യാൻപോലും കൊള്ളാത്ത ഒരു വിഷയമായിട്ടാണ് ഇതു കരുതിപ്പോരുന്നത്.

പട്ടണങ്ങളിൽ ഹോസ്റ്റലിലും ഫ്ളാറ്റുകളിലുമായി സുഹൃത്തുക്കളോടൊപ്പം ഏഴെട്ടുകൊല്ലം ഞാൻ താമസിച്ചിട്ടുണ്ട്. എന്നിട്ടും എനിക്കു മാത്രമല്ല, എന്റെ സുഹൃത്തുക്കൾക്കും ശൗചാലയങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി പൂർണ്ണമായ അറിവുണ്ടായിരുന്നില്ല. വിവാഹശേഷം എന്റെ ഭാര്യയുടെ നിരന്തരമായ പരിശ്രമഫലമായാണ് ഞാൻ ഒരുവിധം ഇക്കാര്യം പരിശീലിച്ചത്.

ഞാനിപ്പോൾ ജോലിചെയ്യുന്ന കോളജിൽ പെൺകുട്ടികളുടെ ടോയ്‌ലറ്റ്‌ അടിക്കടി നിറഞ്ഞു കവിയും. വിദ്യാർത്ഥിനികളിൽ ഭൂരിപക്ഷംപേരും ഗ്രാമങ്ങളിൽനിന്നും വരുന്നവരാണ്. ആർത്തവകാലങ്ങളിൽ ഇവർ സാധാരണ തുണി ഉപയോഗിക്കുന്നതുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതെന്ന് കരുതുന്നു.
ശുചിമുറികളിൽ എത്രമാത്രം വെള്ളം ഉപയോഗിക്കണമെന്നുള്ള സാധാരണ കാര്യങ്ങൾ വിദ്യാസമ്പന്നരായവർക്കുപോലും അറിഞ്ഞുകൂടാ. ഗ്രാമങ്ങളിൽ വളർന്ന് കോളജ് വിദ്യാഭ്യാസത്തിന് പട്ടണത്തിലെത്തിയവനാണ് ഞാൻ. ബിരുദാനന്തര ബിരുദം മുതൽ ഡോക്ടറേറ്റ് വരെയുള്ള പഠനകാലത്ത് ചെന്നൈ തുടങ്ങിയ പട്ടണങ്ങളിൽ ഹോസ്റ്റലിലും ഫ്ളാറ്റുകളിലുമായി സുഹൃത്തുക്കളോടൊപ്പം ഏഴെട്ടുകൊല്ലം ഞാൻ താമസിച്ചിട്ടുണ്ട്. എന്നിട്ടും എനിക്കു മാത്രമല്ല, എന്റെ സുഹൃത്തുക്കൾക്കും ശൗചാലയങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റി പൂർണ്ണമായ അറിവുണ്ടായിരുന്നില്ല. വിവാഹശേഷം എന്റെ ഭാര്യയുടെ നിരന്തരമായ പരിശ്രമഫലമായാണ് ഞാൻ ഒരുവിധം ഇക്കാര്യം പരിശീലിച്ചത്.

ശുചിമുറികൾ എങ്ങനെ ഉപയോഗിക്കണമെന്നുള്ള വസ്തുത അവിടെ നിൽക്കട്ടെ... ശുചിമുറികൾ ഉപയോഗിക്കണമെന്നുള്ള ഒരു തോന്നൽപ്പോലും സാധാരണക്കാർക്കിടയിലില്ല. ഇന്ന് നഗരങ്ങളിൽപ്പോലും അൽപം ഇടം കിട്ടിയാൽ അവിടെ പുരുഷന്മാർ മൂത്രമൊഴിക്കുന്നതു സർവ്വസാധാരണമാണ്. ആളുകൾ തിങ്ങിക്കൂടി നിൽക്കുന്നിടത്തുപോലും ഇങ്ങനെനിന്നു മൂത്രമൊഴിക്കുന്ന പുരുഷന്മാരെ കാണാം. ബസ്സ്റ്റാന്റുകൾക്കു ചുറ്റും "മലംകാടുകൾ' സർവ്വ സാധാരണമാണ്. ആവശ്യത്തിനുള്ള ശൗചാലയങ്ങൾ നമ്മുടെ നാട്ടിലില്ല എന്നത് ഒരു പോരായ്മയാണ്. എങ്കിലും ഉള്ളത് ശരിയായി ഉപയോഗിക്കാൻ അറിയില്ലാ എന്നുള്ളത് വസ്തുതയാണ്.

വിമലാ തീയേറ്റർ പ്രവർത്തനമാരംഭിച്ച് മാസങ്ങളോളം ഈ ദുരവസ്ഥ അവിടെ നിലനിന്നിരുന്നു. തീയേറ്ററിന്റെ ഇരുവശങ്ങളിലും നീണ്ട വരികളായി ശുചിമുറികൾ നിർമ്മിച്ചിരുന്നു. എന്നാൽ ഒന്നിനുപോലും പൈപ്പുകണക്ഷൻ ഉണ്ടായിരുന്നില്ല. ആവശ്യക്കാർക്ക് തൊട്ടിയിൽനിന്നും വെള്ളം എടുത്തുകൊണ്ടുപോകാം. പൈപ്പുകൾ സ്ഥാപിച്ചാൽ അവ വേഗത്തിൽ നശിപ്പിക്കപ്പെടുമെന്നുള്ളതാണ് അവ വേണ്ടെന്ന് തീരുമാനിക്കാൻ തീയേറ്ററുടമയെ പ്രേരിപ്പിച്ചത്.

""അപ്പൻ കൊട്ടകയിലെ കക്കൂസ് കാണണം. അവിടെ കാലുനീട്ടിവച്ച് സുഖമായി കിടന്നുറങ്ങാം,'' എന്നു പറഞ്ഞവരുമുണ്ട്. സാധാരണയായി ശുചിമുറികളെന്നാൽ നാറിക്കിടക്കുന്ന സ്ഥലമെന്നായിരുന്നു പൊതുധാരണ. ഭൂരിപക്ഷം സ്ഥലങ്ങളിലും അങ്ങനെതന്നെയാണ് അവ കാണപ്പെടുന്നതും. കിടന്നുറങ്ങാൻപറ്റുന്ന കക്കൂസ് ഉണ്ടായിരുന്നിട്ടും ആളുകൾ അങ്ങോട്ടുപോകുമായിരുന്നില്ല.

തീയേറ്ററിന്റെ മുൻഭാഗത്ത് ചുറ്റുമതിലുകളോടു ചേർന്ന് ടിക്കറ്റ് കൗണ്ടറും, ബുക്കിങ് മുറികളും അതിനോടു ചേർന്ന് കടകളുമുണ്ടായിരുന്നു. കടകളുള്ളയിടംവരെ സിമന്റു പൂശിയിരുന്നു. അതു കഴിഞ്ഞാൽ മൺതറയാണ്. അതായത് തീയേറ്ററിനുള്ളിൽ ആളുകളിരിക്കുന്നതുവരെ എത്തണമെങ്കിൽ മൺവഴിയിലൂടെ പോകണം. നല്ല വിസ്തൃതമായ ഒരു മുറ്റമായിരുന്നു അത്. മൺപ്രദേശം കഴിഞ്ഞാൽ, അതായത് സ്‌ക്രീനിന്റെ പിൻഭാഗത്ത് വെളിയിലാണ് മൂത്രപ്പുരകൾ. അതു പുരുഷന്മാർക്കുള്ളതാണ്. സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലത്താണ് ടിക്കറ്റ് കൗണ്ടറും ബുക്കിങ് മുറികളും. അവിടെ കടകൾ ഉണ്ടായിരുന്നില്ല. സ്ത്രീകൾ നേരിട്ടു കടയിൽവന്ന് സാധനങ്ങൾ വാങ്ങുന്നത് അപൂർവ്വമായിരുന്നു. തീയേറ്ററിനുള്ളിൽ കിട്ടുന്ന സാധനങ്ങൾ മാത്രമേ അവർ വാങ്ങിയിരുന്നുള്ളൂ.

എനിക്കറിയാവുന്നിടത്തോളം എല്ലാ തീയേറ്ററുകളിലും കടകൾ പുരുഷന്മാരുടെ ഭാഗത്തായിരിക്കും. സ്ത്രീകളുടെ ഭാഗത്ത് മണ്ണുനിറഞ്ഞ തുറസ്സായ സ്ഥലം കുറവായിരിക്കും. എങ്കിലും അതുവഴി ഒരു കാളവണ്ടിക്കു പോകാൻ കഴിയുമായിരുന്നു.

സ്ത്രീകളുടെ ഭാഗത്ത് ശൗചാലയങ്ങൾ കുറവായിരിക്കും. സാധാരണ ബെഞ്ചിലും ചാരുബെഞ്ചിലും പുരുഷന്മാർക്കുള്ള അത്രയും ഇരിപ്പിടം സ്ത്രീകൾക്കുമുണ്ടായിരുന്നു. അക്കാലത്ത് സ്ത്രീകൾ ധാരാളമായി തീയേറ്ററിൽ സിനിമ കാണാൻ വരുമായിരുന്നു. എന്നിട്ടും അവർക്ക് ആവശ്യത്തിനുള്ള ശൗചാലയങ്ങൾ കുറവായിരുന്നു. പൊതുവേ മോർണിങ് ഷോയ്ക്കും സെക്കന്റ് ഷോയ്ക്കും സ്ത്രീകൾ വളരെ കുറവായി മാത്രമേ വരാറുള്ളൂ. മോണിങ്ഷോയ്ക്ക് വിരലിലെണ്ണാവുന്നവർ മാത്രമേ കാണൂ. എം.ജി.യാറിന്റെ പടമാണെങ്കിൽ ഗ്രാമങ്ങളിൽനിന്നും സ്ത്രീകൾ കൂട്ടത്തോടെ സെക്കന്റ് ഷോ കാണാനെത്തും. മറ്റുദിവസങ്ങളിൽ മാറ്റിനിക്കും ഫസ്റ്റ്ഷോയ്ക്കും സ്ത്രീകളുടെ സാന്നിധ്യം കൂടുതലുണ്ടായിരിക്കും. എങ്ങനെയായാലും സിനിമ കാണാനെത്തുന്ന സ്ത്രീകളുടെ എണ്ണം എപ്പോഴും പുരുഷന്മാരെക്കാൾ കുറവായിരിക്കും. ഇതു കണക്കിലെടുത്തായിരിക്കും സ്ത്രീകൾക്കുള്ള ശൗചാലയങ്ങളുടെ എണ്ണം കുറഞ്ഞുപോകുന്നത്. എല്ലാ തീയേറ്ററുകളിലെയും സ്ഥിതി ഇതുതന്നെയായിരുന്നു.

ഇടവേളകളിൽ പുരുഷന്മാർ നേരേ മൺപ്രദേശത്തേക്കു പോയി മൂത്രമൊഴിക്കാൻ തുടങ്ങും. അവിടെ ഭിത്തിയോടു ചേർന്ന് കുടിവെള്ളത്തിനുള്ള ടാങ്കു കാണും. മുരുകാ തുടങ്ങിയ തീയേറ്ററുകളിൽ പിന്തുടർന്നുവന്നിരുന്ന അതേരീതി ഇവിടെയും തുടരുകയാണുണ്ടായത്. ഈ ഭാഗം മണ്ണുമൂടിക്കിടക്കുന്നതുകൊണ്ട് അതു സൗകര്യപ്രദമായിത്തീരുകയും ചെയ്തു. മൂത്രപ്പുര തേടിപ്പോയവർ ഒന്നോ രണ്ടോ പേർ മാത്രം. ഈ ശീലം എങ്ങനെ മാറ്റിയെടുക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. ഇതിനൊരു പരിഹാരമായി ടിക്കറ്റ് പരിശോധകരായ പയ്യന്മാരുടെ സേവനം ഉപയോഗപ്പെടുത്താൻ തീയേറ്ററുടമ ശ്രമിച്ചുനോക്കി.

തീയേറ്ററിനു പിന്നിലുള്ള ചുടുകാട്ടിൽ വളർന്നു നിന്നിരുന്ന ശീമക്കരുവേല മരത്തിൽനിന്നും നീണ്ട കമ്പുകൾ വെട്ടിയെടുത്ത് ക്യാബിൻ റൂമിന്റെയടുത്ത് കൂട്ടിയിട്ടിരുന്നു. ഇടവേളകളിൽ മാനേജർ കടകളുടെ മുന്നിൽവന്നു നിൽക്കും. പയ്യന്മാരിൽ രണ്ടോ മൂന്നോ പേർ ഈ വടികളുമായി മൺതറയുടെയടുത്ത് നിൽക്കും. അവിടെ മൂത്രമൊഴിക്കാൻ വരുന്നവരുടെ നേർക്ക് കമ്പുകൾ ഓങ്ങി, ""അങ്ങോട്ടുപോ... അങ്ങോട്ടുപോ...'' എന്ന് വിരട്ടിയോടിക്കും. എല്ലാവരും പിറുപിറുത്തുകൊണ്ട് മൂത്രപ്പുരയിലേക്കു പോകും. ആ സമയത്ത് അവിടെ തിരക്കായിരിക്കും. ഒന്നോ രണ്ടോ നിമിഷം കാത്തുനിൽക്കേണ്ടി വരും. അതിനുള്ള ക്ഷമയില്ലാതെ മൂത്രപ്പുരയുടെ ഭിത്തിയോരത്ത് നിരന്നിരുന്ന് കാര്യം സാധിക്കും. "ഹേയ്, ഓയ്' എന്ന് ഒച്ചവച്ച് പയ്യന്മാർ അവരുടെ നേർക്ക് വടികളുമായി ഓടിവന്ന് വിരട്ടിയോടിക്കും. മാനേജർ ബുക്കിങ് റൂമിനടുത്തുനിന്ന് ""അങ്ങോട്ടു നോക്കെടാ... ഇങ്ങോട്ടുനോക്കെടാ'' എന്ന് പയ്യന്മാർക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടു നിൽക്കും.

പൂർണ്ണമായി ഫലപ്രദമായില്ലെങ്കിലും ഒരളവുവരെ അതുകൊണ്ടു പ്രയോജനമുണ്ടായി. ഓരോ ഇടവേളകളിലും ഇത് ആവർത്തിക്കേണ്ടി വന്നു. കുറെ ദിവസങ്ങൾകൊണ്ട് ഇതൊന്നു മാറ്റിയെടുക്കാമെന്നുള്ള പ്രതീക്ഷ അസ്ഥാനത്തായി. എപ്പോഴെങ്കിലും ബുക്കിങ് റൂമിനടുത്തുവരുന്ന ധീരപ്പൻ, മൂക്കുപൊത്തിപ്പിടിച്ചുകൊണ്ട്, ""എന്തിനാടാ ഇത്രയും പണം ചെലവാക്കി കക്കൂസ് കെട്ടിവച്ചിരിക്കുന്നത്? ഇനി ഇവിടെ വന്നിരിക്കുന്നവന്റെ മുട്ടുകാലു തല്ലിയൊടിച്ചേക്കണം, വരുന്നത് ഞാൻ നോക്കിക്കൊള്ളാം...'', എന്നിങ്ങനെ ബഹളംവയ്ക്കും. അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പായതിനാൽ ആളുകളെ വിരട്ടുന്ന പണി തീവ്രമായി തുടർന്നു വന്നു.

ഇടവേളകളിൽ തീയേറ്ററിനുള്ളിൽ കച്ചവടം പൊടിപൊടിക്കും. കടയുടമ കടയിൽവരുന്നവരുടെ കാര്യം നോക്കിക്കൊള്ളും. മറ്റുസമയങ്ങളിൽ കടയുടെ മുന്നിലോ എതിരിലുള്ള ക്യാബിൻ റൂമിന്റെ പടിക്കെട്ടിലോ ആരെങ്കിലും ഇരിക്കുന്നുണ്ടാകും. പടം ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ആരെങ്കിലും ഒന്നോരണ്ടോ പേർ മൂത്ര മൊഴിക്കാൻ വരും. അവർ പുറത്തേയ്ക്കിറങ്ങുമ്പോൾ കടയുടെ മുന്നിൽനിന്നും "ഹേയ്, ഓയ്' എന്ന് ശബ്ദം മുഴങ്ങും. ചിലപ്പോൾ വടിയുമെടുത്ത് അവരുടെ പിറകെ ഓടുകയും ചെയ്യും. ചിലർ ഭയന്ന് മൂത്രപ്പുരയിലേക്കു പോകും. മറ്റുചിലർ അലക്ഷ്യമായി നിലാവെളിച്ചത്തിൽ നടക്കാനിറങ്ങുന്നവരെപ്പോലെ ചുറ്റിത്തിരിയും. ഒരു ജോലിയുമില്ലാതെ വാചകമടിച്ചിരിക്കുമ്പോൾ ഞങ്ങൾക്ക് ഇതെല്ലാം ഒരു നേരമ്പോക്കിനുള്ള ഉപാധികളായിരുന്നു. കാഴ്ചയിൽ പാവത്താനാണെന്നു തോന്നുന്നവരെ ഉഗ്രൻ തെറിവിളിച്ച് വിരട്ടും. അടിക്കാൻ ചെല്ലുന്നതുപോലെ അവരുടെ പിന്നാലെ വടിയുമായി ഓടും. അവർ പേടിച്ചോടുന്നതു കണ്ട് ഞങ്ങൾ ആർത്തുചിരിക്കും. മറ്റുചിലർ ഭയപ്പെട്ട് മൂത്രമൊഴിക്കാതെ തന്നെ തീയറ്ററിലേക്ക് ഓടിക്കയറും. ▮

(പെരുമാൾ മുരുകന്റെ ഈ ഓർമക്കുറിപ്പുകളടങ്ങിയ "എന്റെ തിയേറ്റർ സ്മരണകൾ' എന്ന പുസ്തകം ഒലീവ് ബുക്‌സ് പ്രസിദ്ധീകരിക്കും. "നിഴൽമുറ്റത്തു നിനൈവുകൾ' എന്ന തമിഴ് ഓർമപുസ്തകത്തിന്റെ വിവർത്തനം രാജൻ പുനലൂർ )


ഇടമൺ രാജൻ

വിവർത്തകൻ, അധ്യാപകൻ. പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷി എന്ന നോവലും രണ്ട് കഥാ സമാഹാരങ്ങളും വിവർത്തനം ചെയ്തിട്ടുണ്ട്.

പെരുമാൾ മുരുകൻ

തമിഴ് കഥാകൃത്ത്, നോവലിസ്റ്റ്, കവി, വിവർത്തകൻ. നാമക്കൽ ഗവ. ആർട്‌സ് കോളേജിൽ തമിഴ് പ്രൊഫസർ. 'ഇളമരുത്' എന്ന പേരിലാണ് കവിത എഴുതുന്നത്. 'മാതൊരുഭഗൻ' എന്ന നോവലിനെതിരെ ഹിന്ദുത്വ സംഘടനകൾ ഭീഷണിയുമായി രംഗത്തെത്തിയതിനെതുടർന്ന് താൻ എഴുത്തുനിർത്തുകയാണെന്ന് 2015ൽ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട്, വിവാദഭാഗങ്ങൾ നീക്കം ചെയ്താണ് നോവൽ പ്രസിദ്ധീകരിക്കുകയും പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തത്. ഏറുവെയിൽ, സൂളമാതാരി, അർധനാരി (നോവലുകൾ), നീർവിളയാട്ട് (കഥ), നീർമിതക്കും കൺകൾ (കവിത) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments