ഔസാഫ്​ അഹ്​സൻ

ഒരു സ്വതന്ത്ര മുസ്​ലിം പ്രസാധനാലയത്തിന്റെ
​കലഹങ്ങളും സംഘർഷങ്ങളും

സാമൂഹിക മാധ്യമങ്ങൾ വഴിയുളള പ്രചാരണത്തിലും സഹൃദയരായ വായനക്കാർ പങ്കുവെക്കുന്ന നിരൂപണക്കുറിപ്പുകളിലും മാത്രം പലപ്പോഴും ചെറുകിട പ്രസാധകരുടെ മാർക്കറ്റിങ് പരിമിതപ്പെട്ടുപോകുന്നു

തിനേഴ് വർഷം മുമ്പ് കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലെ ഒരു ചെറിയ മുറിയിൽ, അതുവരെ നഗരത്തിൽ ലഭ്യമല്ലാതിരുന്ന പുസ്തകങ്ങൾ വായനക്കാർക്ക് ലഭ്യമാക്കുന്ന ബദൽ പുസ്തകശാലയായാണ് അദർ ബുക്സ് ആരംഭിക്കുന്നത്. ഗോവയിലെ അദർ ഇന്ത്യ പ്രസ്, ബംഗളൂരുവിലെ ബുക്ക്‌സ് ഫോർ ചെയ്ഞ്ച്, ഡൽഹിയിലെ കാളി ഫോർ വിമെൻ, ക്വലാലംപൂരിലെ ഇസ്​ലാമിക് ബുക്ക് ട്രസ്റ്റ് തുടങ്ങിയ മറ്റു ചില പ്രസാധകരും പുറത്തിറക്കിയ പുസ്തകങ്ങൾ അവിടങ്ങളിൽ നേരിട്ടുചെന്നു വാങ്ങിയും പാഴ്‌സലായി വരുത്തിയുമാണ് ഇത് തുടങ്ങിയത്. നേരത്തെ മണിപ്പാലിൽ, സർവകലാശാല കാമ്പസിനോടുചേർന്ന് അദർ ബുക്സിന്റെ പ്രവർത്തകർ നടത്തിയിരുന്ന ‘ബുക്ക് റൂം’ എന്ന സംവിധാനത്തിന്റെ കുറേക്കൂടി വിപുലവും ഊർജിതവുമായ തുടർച്ചയായിരുന്നു അന്നത്തെ അദർ ബുക്സ് എന്നുപറയാം.

കേരളചരിത്രത്തിലെ നിർണായക രേഖകളിലൊന്നായ ‘തുഹ്ഫതുൽ മുജാഹിദീൻ' ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് 2007-ൽ ഞങ്ങൾ പ്രസാധനത്തിലേയ്ക്ക് വരുന്നത്. പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂം എഴുതിയ പ്രസ്തുത ഗ്രന്ഥത്തിന് ഡോ. ഹുസൈൻ നൈനാർ ചെയ്ത കിടയറ്റ പരിഭാഷയുടെ പുനഃപ്രസാധനമായിരുന്നു അത്. പ്രസാധനത്തിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന ഞങ്ങളെ ഈ സുപ്രധാന ഗ്രന്ഥം നല്ല കെട്ടിലും മട്ടിലും പുറത്തിറക്കാൻ സ്‌നേഹബുദ്ധ്യാ പ്രേരിപ്പിച്ചതും സഹപ്രസാധകരായി കൂടെ നിന്നതും നേരത്തെ പറഞ്ഞ ക്വലാലംപൂരിലെ ഐ.ബി.ടി. സ്ഥാപകനും എഡിറ്ററുമായ ഹാജി കോയയെന്ന പഴയങ്ങാടിക്കാരനാണ്. വിശ്രുത ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ നിലവാരമുള്ള പ്രസാധനത്തിലൂടെ മുസ്​ലിം ലോകത്തുതന്നെ തലയെടുപ്പുള്ള പ്രസാധകനാണദ്ദേഹം. അന്നുമുതൽ മലബാർ ചരിത്രം (പൗരാണിക മലബാർ, ബ്രിട്ടീഷ് മലബാർ അല്ല ഉദ്ദേശ്യം) ആഴത്തിൽ രേഖപ്പെടുത്തുക എന്നത് അദർ ബുക്സിന്റെ പ്രഥമ പ്രസാധക പരിഗണനകളിലൊന്നാണ്.

ഒരു മതസാമുദായിക സംഘടനയുടെയും തണലില്ലാതെ, പലപ്പോഴും അവരിൽ ചിലരുടെയെങ്കിലും ധൈഷണിക, പ്രത്യയശാസ്ത്ര, മോറലിസ്റ്റ് ധാർഷ്ട്യങ്ങളോട് വിയോജിച്ചും കലഹിച്ചുമാണ് അദർ ബുക്സ് ഒരു സ്വതന്ത്ര മുസ്​ലിം പ്രസാധനാലയമായി നിലനിൽക്കുന്നത്

ചരിത്രപഠനരംഗത്ത് ഇന്ന് മുസ്​ലിം സമുദായത്തിൽ പൊതുവെ ദൃശ്യമായ ജ്ഞാനനിർമിതിയും ഗവേഷണവ്യഗ്രതയും ഒരു ഗുണാത്മക പ്രവണത എന്ന നിലയിൽ നാമ്പിട്ടുതുടങ്ങുന്ന കാലമായിരുന്നു അത്. അന്ന് ലഭ്യമായിരുന്ന ഏതാനും ഗ്രന്ഥങ്ങൾ വിദേശികളായ പണ്ഡിതരുടെ പഠനങ്ങളായിരുന്നു എങ്കിൽ - ഇവയിൽ പ്രമുഖമായ ചിലത് ഞങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയിരുന്നു - ഇന്ന് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച്, അക്കാദമികവും അനക്കാദമികവുമായ നിരവധി മലബാർ പഠനങ്ങൾ തദ്ദേശീയരും വിദേശികളുമായ പണ്ഡിതരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അദർ ബുക്സ് ഇതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ചരിത്രരചനയുടെ ആ പുരോയാനത്തെ ഏതോ അളവിൽ പ്രോത്സാഹിപ്പിക്കാനും കൂടെനിൽക്കാനും സാധിച്ചത് അദർ ബുക്സിന്റെ വിനീതമായ ചാരിതാർഥ്യങ്ങളിൽ ഒന്നാണ്. കൂടുതൽ പ്രാദേശികമായ ഉപാദാനങ്ങളെ അവലംബിച്ചും തദ്ദേശീയമായ സാംസ്‌കാരികഭാവുകത്വത്തോട് ഇണങ്ങുന്ന രീതിയിൽ ആഗോള അക്കാദമിക പ്രവണതകളെ ഉൾക്കൊണ്ടുമുള്ള കൂടുതൽ മലബാർ ചരിത്രപഠനങ്ങൾ പുറത്തുവരേണ്ടതുണ്ട്. ചരിത്രരചനയിലെ അപകോളനീകരണ രാഷ്ട്രീയത്തെക്കൂടി വിശകലനാത്മകമായ സൈദ്ധാന്തിക ചട്ടക്കൂടിൽ പരിഗണിക്കുന്ന കാമ്പുള്ള പഠനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്.

മീന കന്ദസാമി, ഡോ. എം. നിസാർ

ജാതിയാണ് അദർ ബുക്സിന്റെ മറ്റൊരു പ്രസാധനമേഖല. മീന കന്ദസാമിയും ഡോ. എം. നിസാറും ചേർന്ന് തയാറാക്കിയ അയ്യങ്കാളിയുടെ ആംഗലേയ ജീവചരിത്രമായിരുന്നു ആ രംഗത്തെ ഒന്നാമത്തെ പുസ്തകം. പ്രമുഖ ദലിത് കലാകാരൻ രാഘവൻ അത്തോളിയുടെ ചാർകോൾ പെയിന്റിങ്സ് സഹിതമാണവ പ്രസിദ്ധീകരിച്ചത്. തുടർന്ന് ഡോ. അജയ് ശേഖർ എഴുതിയ സഹോദരൻ അയ്യപ്പന്റെ ജീവിചരിത്ര പഠനം, മലബാറിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ മരണാന്തര ചടങ്ങുകളെക്കുറിച്ച് ഡോ. മഞ്ജുള പൊയിൽ നടത്തിയ നരവംശ ശാസ്ത്രപഠനം, ഗെയിൽ ഓംവെദിന്റെ അംബേദ്കർ ജീവചരിത്രത്തിന് അജയ്. പി. മങ്ങാട്ട് ഒരുക്കിയ വിവർത്തനം, അംബേദ്കറിന്റെ മാസ്റ്റർപീസ് എന്നു പറയാവുന്ന അനിഹിലേഷൻ ഓഫ് കാസ്റ്റിന്റെ പുനഃപ്രസിദ്ധീകരണം, അതിന് ഇറ്റാലിയൻ ഭാഷയിലും അറബിയിലുമുള്ള വിവർത്തനങ്ങൾ തുടങ്ങിയവ ചെയ്തു. ഒപ്പം, കേരളത്തിലെ സവർണ- ഇടതുപക്ഷ സാംസ്‌കാരിക ഭാവുകത്വത്തിലെ പാരസ്പര്യങ്ങളെ മൗലികമായി ചോദ്യംചെയ്യുന്ന സാംസ്‌കാരിക ചിന്തകൾ പുറത്തിറക്കാനായി എന്നത് ഞങ്ങൾ ചെറുതായല്ല കാണുന്നത്. കെ.കെ. ബാബുരാജിന്റെ ‘മറ്റൊരു ജീവിതം സാധ്യമാണ്' എ.എസ്. അജിത്കുമാറിന്റെ ‘കേൾക്കാത്ത ശബ്ദങ്ങൾ: പാട്ട്, ശരീരം, ജാതി' എന്നീ പുസ്തകങ്ങൾ ഇക്കൂട്ടത്തിൽപെടുന്നു.

ഗ്രാംഷി പറയുന്ന അധീശത്വത്തിന്റെ പുനർനിർണയത്തിൽ സ്റ്റാറ്റസ്‌കോയോടുള്ള വിമതത്വവും വിയോജിപ്പും പ്രധാനമാണ്. പ്രത്യേകിച്ചും, സാംസ്‌കാരിക ദേശീയതയുടെ സൂക്ഷ്മപ്രയോഗങ്ങൾ ദേശീയതലത്തിൽ ശക്തിയാർജിക്കുന്ന ഘട്ടത്തിൽ പരമ്പരാഗത ഇടതുപക്ഷവും ഇടതാനന്തര, ഇടതേതര, ദലിത്, മുസ്​ലിം, ക്യുവെർ ധൈഷണികമണ്ഡലങ്ങളും തുറന്ന വിമർശങ്ങൾക്കും കൂടിയിരുത്തങ്ങൾക്കും സത്യസന്ധമായ സംവാദത്തിനും പരുവപ്പെടേണ്ടതുണ്ട് എന്നുതന്നെ ഞങ്ങൾ മനസിലാക്കുന്നു.

ചിന്താപരമായ നിശ്ചലത്വത്തിനെയും മുരടിപ്പിനെയും വിധേയത്വങ്ങളെയും ചോദ്യം ചെയ്യാനും ഉല്ലംഘിക്കാനും റാഡിക്കലായ ആലോചനകൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാവേണ്ടത് അനിവാര്യമാണ്.

പതിറ്റാണ്ടുകളായി അനീതി ചെയ്യപ്പെടുന്ന പലസ്​തീൻ ജനതയുടെ ഹൃദ്യമായ ജീവിതാഖ്യാനങ്ങൾ മലയാളത്തിലേയ്ക്കെത്തിക്കാൻ അദർ ബുക്സ് തുടക്കം തൊട്ടേ ശ്രമിച്ചിട്ടുണ്ട്. റംസി ബറൂദിനെപ്പോലുള്ള പലസ്​തീൻ എഴുത്തുകാരും സൂസൻ നഥാൻ, മീക്കോ പെലെഡ് പോലുള്ള ഇസ്രായേലി എഴുത്തുകാരും പലസ്തീൻ അധീശത്വത്തിന്റെ സങ്കീർണതയെ പല അടരുകളായി വരച്ചിട്ടു. സൂസൻ നഥാൻ അവരുടെ പുസ്തകപ്രകാശനവേളയിൽ ഞങ്ങളുടെ അതിഥിയായി കോഴിക്കോട്ടെത്തുകയും പിന്നീട് അവരുടെ താൽപര്യപ്രകാരം ഇവിടെ ചെറുതല്ലാത്ത കാലം താമസിക്കുകയുമുണ്ടായി. അക്കാലയളവിൽ അദർ ബുക്സിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവരുടെ ഗ്രന്ഥത്തിന്റെ വിവർത്തനത്തെക്കുറിച്ചുപോലും അപകീർത്തിപരമായ തരത്തിൽ സൂസനെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നത് ഇവിടെ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. ‘ദി അദർ സൈഡ് ഓഫ് ഇസ്രായേൽ - മൈ ജേർണി അക്രോസ് ദി ജ്യുവിഷ് അറബ് ഡിവൈഡ്' എന്ന ടൈറ്റിൽ സൂസന്റെ രേഖാപരമായ അനുമതിയോടെയാണ് ഞങ്ങൾ ‘ഇസ്രായേൽ: ആത്മവഞ്ചനകളുടെ പുരാവൃത്തം' എന്ന് മലയാളത്തിലേക്ക് മാറ്റിയത്. ഇംഗ്ലീഷ് പുസ്തകത്തിലെ ഉള്ളടക്കത്തോട് യോജിക്കുന്ന പേരുതന്നെയാണത് എന്നതും ഇംഗ്ലീഷിലും മലയാളത്തിലും ആർക്കും പരിശോധന നടത്താവുന്നവിധം പുസ്തകം വിപണിയിൽ ലഭ്യമാണ് എന്നുമിരിക്കെ അദർ ബുക്‌സിനെതിരെ സൂസനെ തെറ്റിദ്ധരിപ്പിക്കാൻ ഏതാനും നിക്ഷിപ്ത താല്പര്യക്കാർക്ക് സാധിച്ചത് നാടൻ ഇസ്​ലാമോഫോബിയയുടെ മികച്ച ഒരുദാഹരണമായിരുന്നു. കേരളത്തിൽനിന്ന് മടങ്ങിപ്പോയതിനുശേഷം ഇപ്പോഴും സൂസനോട് ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളത് എന്നുകൂടി കൂട്ടത്തിൽ പറയട്ടെ.

സൂസൻ നഥാന്റെ 'അദർ സൈഡ് ഓഫ് ഇസ്രയേലിന്റെ' മലയാള വിവർത്തനം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുന്ന പ്രൊഫസർ നിനാൻ കോശി. (പിന്നിൽ ഇടതു വശത്ത്) വിവർത്തകൻ ഡോ. അബ്ദുള്ള മണിമ, മുജീബ് റഹ്‌മാൻ കിനാലൂർ, (മുൻനിരയിൽ) സുജനപാൽ, സൂസൻ നഥാൻ, നൂർബിന റഷീദ് / Photo: Other Books, Fb

ഇതിലും കടുത്ത അക്രമമായിരുന്നു 2010-ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, കേരള പൊലീസ് അദർ ബുക്സ് ഓഫീസിൽ നടത്തിയ റെയ്ഡ്. കോളിളക്കം സൃഷ്ടിച്ച, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടു കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സമയമായിരുന്നു അത്. പ്രസ്തുത സംഭവത്തിൽ കുറ്റാരോപിതരായ സംഘടനയുടെ പ്രസാധനാലയമാണ് എന്ന തെറ്റിദ്ധാരണയിലാണ് ആലുവയിൽ നിന്നെത്തിയ പൊലീസ് സംഘം കോഴിക്കോട് കസബ സ്റ്റേഷന്റെ സഹകരണത്തോടെ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയത്. സ്വാഭാവികമായും ചാനലുകളും പത്രങ്ങളും സംഗതി വാർത്തയാക്കി. ഭീകരമായ ഇസ്​ലാമോഫോബിക് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അന്നത്തെ രാഷ്ട്രീയലാഭങ്ങൾക്കായി ദുരുപദിഷ്ടമായും വിശകലനാത്മകമായും ഒക്കെ വാർത്തകൾ വന്നു. അദർ ബുക്സിന്റെ ഫയലുകളും കമ്പ്യൂട്ടറുകളും പരിശോധിച്ച സംഘം ഞങ്ങളുടെ പ്രധാന സിസ്റ്റത്തിലെ ഹാർഡ് ഡിസ്‌ക് പരിശോധനയ്ക്കെന്ന പേരിൽ കൊണ്ടുപോവുകയുണ്ടായി. ആപൽഘട്ടങ്ങളിലാണല്ലോ മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയുക. ഞങ്ങൾ ആരാണെന്നും ആരൊക്കെയാണ് കൂടെയുള്ളതെന്നും കൂടെയുണ്ടാവുകയെന്നും ഞങ്ങൾ ആഴത്തിൽ തിരിച്ചറിഞ്ഞ രാഷ്ട്രീയസന്ദർഭം കൂടിയായിരുന്നു അത്. അക്കാദമികവും അനക്കാദമികവുമായ, രാഷ്ട്രീയവും സാംസ്‌കാരികവുമായ മണ്ഡലങ്ങളിൽ നിന്ന്, കേരളത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി വ്യക്തികളും സംഘടനകളും ഞങ്ങൾക്ക് പിന്തുണയുമായി എത്തി. അവരിൽ അക്കാദമീഷ്യന്മാരും എഴുത്തുകാരും രാഷ്ട്രീയ ആക്ടിവിസ്റ്റുകളും ഉണ്ടായിരുന്നു. ഞങ്ങളെ ദീർഘകാലമായി അടുത്തറിയുന്നവരും ബന്ധമില്ലാത്തവരും ഒക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. വളരെ ചെറിയ ഒരു സ്വതന്ത്ര കൂട്ടായ്മയായ അദർ ബുക്സിന് ആ പ്രതിസന്ധിഘട്ടത്തിൽ അതു പകർന്ന ഊർജം ചെറുതായിരുന്നില്ല. ഒരു മതസാമുദായിക സംഘടനയുടെയും തണലില്ലാതെ, പലപ്പോഴും അവരിൽ ചിലരുടെയെങ്കിലും ധൈഷണിക, പ്രത്യയശാസ്ത്ര, മോറലിസ്റ്റ് ധാർഷ്ട്യങ്ങളോട് വിയോജിച്ചും കലഹിച്ചുമാണ് അദർ ബുക്സ് ഒരു സ്വതന്ത്ര മുസ്​ലിം പ്രസാധനാലയമായി നിലനിൽക്കുന്നത്. മുസ്​ലിം സമുദായത്തിനകത്ത് മാത്രമല്ല, സംഘടനകൾക്കകത്തുപോലും, ആഴത്തിലുള്ള വിഭാഗീയതകളിൽ നിന്ന് മാനസികമായി മുക്തരായ നിരവധി വ്യക്തികൾ ഉണ്ട് എന്നതിന്റെ ആനന്ദം ചെറുതല്ല.

ഒരു മുസ്​ലിം പബ്ലിഷർ എന്ന നിലയ്ക്ക് അദർ ബുക്‌സ് നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും സങ്കീർണമായതിലേയ്ക്കുകൂടി ശ്രദ്ധ ക്ഷണിക്കട്ടെ. സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ടാർജറ്റ് സമുദായമായ, വിശിഷ്യാ കേരളത്തിലെ മുസ്​ലിം സമുദായം, ശക്തമായ പ്രതിരോധത്തിന്റെ മുനമ്പിലാണ്. അത്തരത്തിൽ എല്ലാ സംഘടനകളുടെയും ജനാധിപത്യപരവും നൈതികവുമായ പ്രതിരോധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ സാമുദായികാന്തരീകമായി, ഇൻററാ കമ്മ്യൂണിറ്റി തലത്തിൽ- നൈതികവിരുദ്ധമായ പ്രയോഗങ്ങളും ആശയങ്ങളും നിലനിൽക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്, പ്രത്യേകിച്ചും, സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ. അതോടൊപ്പം, ജാതീയ വേർതിരിവുകളും തുല്യ പ്രാധാന്യമർഹിക്കുന്നുണ്ട്. അതാകട്ടെ, ഇസ്​ലാം മുന്നോട്ടുവെക്കുന്ന ധാർമികമൂല്യത്തിൽ നിന്നും വ്യതിചലിക്കുന്നു എന്ന് ഞങ്ങൾ ചിന്തിക്കുന്നതിനാൽ, ആ രംഗത്തുകൂടി ഞങ്ങൾക്ക് ഇടപെടേണ്ടി വരുന്നു. പലപ്പോഴും ഞങ്ങൾ നേരിട്ട ഒരു വിമർശനം, ഇസ്​ലാംവിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നുള്ളതാണ്. ഇവിടത്തെ നടപ്പ് ഇസ്​ലാമിന്റെ ശീലങ്ങളെയും കണ്ടീഷനിങ്ങുകളെയും സമവായങ്ങളെയും വെല്ലുവിളിക്കുന്ന ചിന്തകരെ മലയാളത്തിലേക്ക് മൊഴിമാറ്റുക എന്നത് സംഘടനാധിഷ്ഠിതമായ പ്രസാധനാലയങ്ങൾക്ക് പ്രായോഗികമായി അസാധ്യമായതുകൊണ്ടുതന്നെ ഞങ്ങൾക്ക് പലപ്പോഴും അതേറ്റെടുക്കേണ്ടിവന്നിട്ടുണ്ട്; എങ്കിലോ അവ എല്ലാത്തിനോടും യോജിപ്പില്ലാത്തപ്പോൾ പോലും. ഇംഗ്ലീഷിലും മറ്റു ലോക ഭാഷകളിലും നിരവധി പഠനങ്ങൾ ലഭ്യമാണെങ്കിലും ചിന്താപരമായ നിശ്ചലത്വത്തിനെയും മുരടിപ്പിനെയും വിധേയത്വങ്ങളെയും ചോദ്യം ചെയ്യാനും ഉല്ലംഘിക്കാനും റാഡിക്കലായ ആലോചനകൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാവേണ്ടത് അനിവാര്യമാണ്.

അതേസമയം, സമുദായത്തിനകത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുള്ളവർ പോലും, ക്രമാനുഗതമായ മാറ്റത്തെയാണ് (Gradualism) പിന്തുണയ്ക്കുന്നത്. സംഘ്പരിവാറിനെ എതിർക്കുന്നതിനാണവർ മുൻഗണന നൽകുന്നത്. എന്നാൽ നൈതികമായി പ്രബലമായ ഒരു സമൂഹത്തിന് മാത്രമേ എല്ലാ ഫാസിസ്റ്റ് അധികാരങ്ങളെയും നേരിടാൻ കഴിയൂ എന്ന് ഞങ്ങൾ വിചാരിക്കുന്നു. ഇസ്​ലാമിക ഫെമിനിസത്തെക്കുറിച്ചുള്ള ഞങ്ങളുടെ ടൈറ്റിലുകളുടെ ലക്ഷ്യവും അതാണ്. ആമിനാ വദൂദിന്റെ ‘ഖുർആൻ: ഒരു പെൺവായന' എന്ന പുസ്തകമെടുക്കാം. സാമ്രാജ്യത്വ ഇടപെടലുകളെ എതിർക്കാത്ത ലിബറൽ ഫെമിനിസത്തിന്റെ പരിവൃത്തിയിലാണ് ആമിനാ വദൂദിന്റെ രാഷ്ട്രീയം നിലനിൽക്കുന്നത് എന്ന വിമർശനം ഉയർന്നുവന്നു. അപ്പോഴും അവർ ഉന്നയിച്ച ഹെർമന്യൂട്ടിക്‌സ് പ്രസക്തമായിരുന്നു. അതിന് ഇന്നും പ്രസക്തിയുണ്ട്. ആമിനാ വദൂദിന്റെ രാഷ്ട്രീയത്തെ അവരുടെ ഹെർമന്യൂട്ടിക്‌സിൽ നിന്ന് വേർപെടുത്തി ചർച്ച ചെയ്യേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഇസ്​ലാമിക ഫെമിനിസത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്ന ഉമ്മുൽ ഫായിസയയുടെ ‘ഇസ്‌ലാമിക ഫെമിനിസം' എന്ന പുസ്തകം ഞങ്ങൾ പ്രസിദ്ധീകരിച്ചത്. താരിഖ് റമദാന്റെ പുസ്തകവും, അതിലെ സാമ്രാജ്യത്വാധിഷ്ഠിതമായ രാഷ്ട്രീയത്തെ വിമർശിക്കുന്ന ഹാമിദ് ദബാശിയുടെ ഇസ്​ലാമിക വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകവും പിന്നീട് പുറത്തിറക്കി. മുസ്​ലിം ലോകത്തെ പ്രമുഖരായ സമകാലീന ചിന്തകരുടെ വൈവിധ്യത്തെയും വൈപുല്യത്തെയും സംക്ഷിപ്തമായി അടയാളപ്പെടുത്തുന്ന ‘ഇൻട്രൊഡ്യൂസിങ് സ്‌കോളർസ്' എന്ന ഹ്രസ്വപുസ്തക പരമ്പരയുടെ ലക്ഷ്യവും മലയാളത്തിലെ മതാധിഷ്ഠിത ധൈഷണിക വ്യവഹാരങ്ങളെ സമ്പന്നവും കാര്യവിവരമുള്ളതുമാക്കുക എന്നതുതന്നെ. പ്രമുഖ ബ്ലാക്ക് അമേരിക്കൻ മുസ്​ലിം ചിന്തകനായ ഷെർമാൻ ജാക്സണെക്കുറിച്ചുള്ളതാണ് ഇതിൽ പുറത്തിറങ്ങിയ ആദ്യ പുസ്തകം.

പലരും ഞങ്ങൾക്ക് നൽകുന്ന ഉപദേശം, എന്തുകൊണ്ടു ജനപ്രിയമായ തീമുകളെ സ്പർശിക്കുന്നില്ല എന്നതാണ്. ജനപ്രിയത മോശമാണ് എന്ന അഭിപ്രായം കൊണ്ടല്ല ഇത്. എന്നാൽ ഞങ്ങളുടെ ചക്രത്തെ ചലിപ്പിക്കുന്ന ഒരേയൊരു ചാലകശക്തി, ഇത് ജനങ്ങൾ വാങ്ങുമോ, സ്വീകരിക്കുമോ എന്ന ചോദ്യമല്ല.

ഇങ്ങനെ നോക്കുമ്പോൾ, ഏതെങ്കിലും ചിന്താപ്രസ്ഥാനത്തിന്റെയോ, ധാരയുടെയോ ജിഹ്വ എന്ന നിലയ്ക്ക് അദർ ബുക്‌സിനെ സമീപിക്കുന്നതിൽ ശരികേടുണ്ട്. അറിവിന്റെ നിർമിതിയാണ് അതിന്റെ ലക്ഷ്യം. ഇന്നത്തെ സാമൂഹികമായ ധാരണകൾ നാളെ ശരിയായിക്കൊള്ളണമെന്നില്ല. എന്നാൽ ആശയങ്ങൾ സമൂഹത്തിന് അപരിചിതമാകരുത്. ആശയങ്ങളും ടൈറ്റിലുകളും പുറത്തിറക്കുമ്പോൾ, അവ സമുദായത്തെ നൈതികമായി ശക്തിപ്പെടുത്തേണ്ടതാണെന്ന നിർബന്ധം ഞങ്ങൾക്കുണ്ട്. ഇതിൽ പല വശങ്ങളും വൈരുധ്യങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, ഫെമിനിസ്റ്റ് തിയറികളിൽ നിന്ന് വ്യത്യസ്ത ദിശയിലായിരിക്കും ഒരുപക്ഷെ പ്രാക്‌സിസ് ചലിക്കുക. ഈ സിദ്ധാന്തങ്ങൾ ഒന്നും വായിച്ചിട്ടില്ലെങ്കിലും, നൈതികമായ ചോദ്യങ്ങൾ സ്ത്രീകൾ ഉന്നയിക്കും. അത് ദൈവം, മനുഷ്യൻ എന്ന ബന്ധത്തിലൂടെ വികസിച്ച പ്രായോഗികദർശനം ഒരു വിശ്വാസിക്ക് ഉള്ളതുകൊണ്ടാണ്. ആ പ്രാക്ടിക്കൽ ഫിലോസഫിയോട് വ്യതിരിക്തമായി നിൽക്കുന്ന എല്ലാ അധികാരബന്ധങ്ങളെയും അവർ ചോദ്യംചെയ്യും. മുഖാവരണം ധരിക്കുന്ന സ്ത്രീകളും സ്വന്തം വ്യക്തിചേതനയെ നൈതികവിരുദ്ധമായ അധികാരങ്ങളിൽ നിന്ന് വിമോചിപ്പിക്കാൻ ശ്രമിക്കും. ആ പ്രശ്‌നത്തെ കാഥറിൻ ബുള്ളക്കിന്റെ കൃതി (‘മുസ്​ലിം പെണ്ണും മുഖപടവും') അഭിമുഖീകരിക്കുന്നു. ഫെമിനിസം എന്നത് കേവലം വസ്ത്രധാരണരീതിയിലോ, സാമൂഹിക ഇടപെടലുകളിലോ ആവിഷ്‌കരിക്കപ്പെടുന്ന വ്യവഹാരമല്ല. എന്നാൽ ലിബറൽ ഫെമിനിസ്റ്റ് എന്നത് അനിവാര്യമായും വിശ്വാസവിരുദ്ധമായ വ്യക്തിയാണെന്ന അഭിപ്രായവും ഞങ്ങൾക്കില്ല. എല്ലാ ആശയങ്ങളും സമൂഹത്തിന് പരിചിതമായിരിക്കണം. അതിലെ നീതികേടുകളെയും, പ്രശ്‌നങ്ങളെയും ചോദ്യംചെയ്യാൻ സമൂഹത്തിന് പ്രാപ്തി വരണം. ദൈവശാസ്ത്രപരമായി ഫെമിനിസം ഞങ്ങളെ സംബന്ധിച്ചിടത്തോളം മിസ്റ്റിക്കലാണ്.

സൂഫിസത്തിന് വിപുലമായ സ്വീകാര്യതയും വായനയും കിട്ടുന്ന കാലമാണിത്. അതിൽ രാഷ്ട്രീയവും സാംസ്‌കാരികവുമായ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തുടക്കം തൊട്ടേ ക്ലാസിക്കൽ സൂഫി ദാർശനിക ഗ്രന്ഥങ്ങളെ മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കാൻ അദർ ബുക്സ് ശ്രമിച്ചുപോന്നു. അതേസമയം, വിപണിക്കുവേണ്ടി സത്ത കളഞ്ഞുള്ള ജനകീയവൽകരണത്തെ സംശയദൃഷ്ടിയോടെ മാത്രമേ കാണേണ്ടതുള്ളൂ. ജലാലുദ്ദിൻ റൂമി, അഹ്മദ് ഗസാലി, മാർട്ടിൻ ലിങ്സ് എന്നിങ്ങനെയുള്ള മാസ്റ്റർമാരുടെ മൊഴിമാറ്റങ്ങൾ മുതൽ പ്രൊഫ. അഹ്മദ്കുട്ടി ശിവപുരത്തെപ്പോലുള്ള പ്രാദേശിക സൂഫീചിന്തകരുടെ മൗലികദർശനങ്ങളും എലിഫ് ഷഫാക്കിന്റെ ‘ഫോർട്ടി റൂൾസ് ഓഫ് ലവ്' എന്ന നോവലും പുറത്തിറക്കുന്നതിലൂടെ മലയാളത്തിലെ സൂഫി വായനയെ ചരിത്രപരമായി അതിന്റെ സാരാംശങ്ങളോട് ചേർത്തുവെക്കുക എന്നതുതന്നെയാണ് നമ്മൾ താൽപര്യപ്പെടുന്നത്.

പ്രസാധകന്റെ ദൗത്യം എന്നത് മറ്റെല്ലാ സാംസ്‌കാരിക ഇടപെടലുകളിലും സംഭവിക്കുന്നതുപോലെ ഭീമമായ മുതൽമുടക്ക് ഒരു ഭാഗത്തും, മൂലധനത്തിന്റെ യുക്തികളിൽ കുടുങ്ങിപ്പോകാത്തവിധം സാമൂഹികവും, രാഷ്ട്രീയവും, ദാർശനികവുമായ ആശയങ്ങളെ പ്രസരിപ്പിക്കാനുള്ള പ്രതിബദ്ധത മറുഭാഗത്തുമായി നിലനിൽക്കുന്ന സംഘർഷത്താൽ നിർണിതമാണ്. അദർ ബുക്‌സ് ഒരു കളക്ടീവാണ്. ആയതിനാൽ വ്യത്യസ്ത വ്യക്തികളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. പലരും ഞങ്ങൾക്ക് നൽകുന്ന ഉപദേശം, എന്തുകൊണ്ടു ജനപ്രിയമായ തീമുകളെ സ്പർശിക്കുന്നില്ല എന്നതാണ്. ജനപ്രിയത മോശമാണ് എന്ന അഭിപ്രായം കൊണ്ടല്ല ഇത്. എന്നാൽ ഞങ്ങളുടെ ചക്രത്തെ ചലിപ്പിക്കുന്ന ഒരേയൊരു ചാലകശക്തി, ഇത് ജനങ്ങൾ വാങ്ങുമോ, സ്വീകരിക്കുമോ എന്ന ചോദ്യമല്ല. മറിച്ച്, ചരിത്രത്തെ രേഖപ്പെടുത്തുകയാണ് ഞങ്ങളുടെ ഉദ്യമം. അപ്പോൾ അപ്രിയമായ കാര്യങ്ങൾ പറയേണ്ടിവരും. ഇന്ത്യൻ സമൂഹത്തിൽ ജാതി രൂപപ്പെടുത്തുന്ന അധികാരബന്ധങ്ങളെക്കുറിച്ച്, പുരുഷാധിപത്യപരമായ വ്യാഖ്യാനങ്ങളെക്കുറിച്ച് സൂചിപ്പിക്കേണ്ടിവരും. അപ്പോൾ വായനക്കാർക്ക് അത്തരം കാര്യങ്ങൾ ഉൾക്കൊള്ളാൻ വൈമനസ്യം ഉണ്ടാകും. സിയാവുദ്ദീൻ സർദാറിന്റെ പുസ്തകം (സ്വർഗം തേടി: ഒരു മുസ്‌ലിം സന്ദേഹിയുടെ യാത്രകൾ) വീട്ടിൽ ആരും കാണാതെ വായിച്ച വായനക്കാരുണ്ട് ഞങ്ങൾക്ക്. ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഏറ്റവും അണ്ടർറെയ്റ്റഡ് എന്ന് പറയാവുന്ന ഒന്നാണ് അജയ് ശേഖർ എഴുതിയ സഹോദരൻ അയ്യപ്പന്റെ ഇംഗ്ലീഷിലുള്ള ജീവചരിത്രം. പക്ഷേ, അധികമാരും വായിക്കുന്നില്ല എന്നതിനേക്കാൾ ആളുകൾ പിൽക്കാലത്ത് എപ്പോഴെങ്കിലും സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഒരു ഡിസ്‌കോഴ്‌സ്, അല്ലെങ്കിൽ ബഹുവ്യവഹാരങ്ങൾ, ഞങ്ങൾക്ക് ആ പുസ്തകത്തിലൂടെ അവതരിപ്പിക്കാനായി.

അദർ ബുക്‌സും ഈ രംഗത്തുള്ള മറ്റ് സ്വതന്ത്ര/ ബദൽ പ്രസാധകരും വിഷയങ്ങൾ കണ്ടെത്തുന്നതിൽ മാത്രമല്ല അത് ഭംഗിയുള്ള ലേ ഔട്ടിൽ, എഡിറ്റിങ്ങിലൂടെ അവതരിപ്പിക്കുന്നതിലും ശ്രദ്ധയൂന്നുന്നുണ്ട്. അപ്പോൾ പ്രത്യേകിച്ച് പറയേണ്ട ഒരു കാര്യം, പുതിയ ജനുസ്സുകൾ അവതരിപ്പിക്കാനുള്ള വെല്ലുവിളി കൂടി ഏറ്റെടുക്കേണ്ടി വരും എന്നതാണ്. അല്ലെങ്കിൽ ഒരു ജഡികത്വം (Plateu) സംഭവിക്കും. ഒരു കോമിക്‌സ് ഫാൻ എന്ന നിലയ്ക്ക് പറയാനുള്ളത്, എന്തുകൊണ്ടാണ് മലയാളത്തിൽ മികച്ച കോമിക്‌സുകൾ ഇല്ലാത്തത് എന്നതാണ്. കലാകാരന്മാർക്കും ആശയങ്ങൾക്കും പഞ്ഞമൊന്നുമില്ല ഇവിടെ. കാരണം, സൂത്രനും ഷേരുവും ഇവിടെ മുതിർന്നവർക്കിടയിൽ പോലും ജനകീയമാണ്. എന്നാൽ പ്രസാധനരംഗത്ത് കോമിക്‌സുകൾ ഗൗരവത്തോടെ ആരും സമീപിച്ചിട്ടില്ല, കേരളത്തിൽ. ചരിത്രത്തെ കോമിക്‌സിന്റെ ഫോർമാറ്റിൽ പുനരവതരിപ്പിക്കാനുള്ള ആലോചനയിലാണിപ്പോൾ ഞങ്ങൾ.

എടുത്തുപറയേണ്ട ഒരു പ്രധാനപ്പെട്ട കാര്യം മനുഷ്യവിഭവശേഷിയെക്കുറിച്ചാണ്. മലയാളത്തിൽ പുസ്തകമെഴുതിയോ പരിഭാഷപ്പെടുത്തിയോ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എഡിറ്റർ എന്നാൽ നാം മനസിലാക്കുന്നത് വ്യാകരണപ്പിശക് കണ്ടെത്തുന്ന ആൾ എന്നാണ്. ആ അർഥത്തിൽ തുച്ഛമായ വേതനമാണ് അവർക്ക് നൽകുന്നത്. വളരെ മികച്ച ഒരു കവർ രൂപകൽപന ചെയ്താലും രണ്ടായിരമോ മൂവായിരമോ കിട്ടിയാലായി. ഇത്തരം ധാരണകൾ നിലനിൽക്കുമ്പോൾ കൊഗ്‌നീറ്റീവും ക്രിയേറ്റീവുമായ തലത്തിൽ വളരെയധികം പരിശ്രമങ്ങൾ ആവശ്യമുള്ള ഈ മേഖലകളിലേയ്ക്ക് കഴിവുള്ളവർ കടന്നുവരാൻ അറച്ചുനിൽക്കും. അദർ ബുക്‌സിനെ സംബന്ധിച്ച്​ ഈ ഒരു പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതും അത്യാവശ്യമാണ്. എങ്കിൽ മാത്രമേ നൂതനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും പുതിയ ഴോനറുകൾ അവതരിപ്പിക്കാനും കഴിയൂ.

സ്വതന്ത്ര പ്രസാധനാലയങ്ങളെയും ചെറുകിടക്കാരെയും അകറ്റിനിർത്തുകയോ വിഴുങ്ങുകയോ ചെയ്യുന്ന കുത്തക പ്രസാധകരുടെ നിയന്ത്രണത്തിലും മേൽകോയ്മയിലുമാണ് പലപ്പോഴും കാര്യങ്ങൾ നടക്കുന്നത്.

അദർ ബുക്‌സിൽ സ്ഥിരം തൊഴിലെടുക്കുന്നവരായി രണ്ടോ മൂന്നോ പേരേ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം വിപുലമായ ഒരു നെറ്റ് വർക്കിന്റെ ഭാഗമാണ്. അവരിൽ പലരും വേറെ തൊഴിൽ ചെയ്യുന്നു. പലപ്പോഴും കൂടെയിരിക്കുന്നു. ആശയങ്ങൾ പങ്കുവെക്കുന്നു. കാര്യങ്ങൾ നടന്നുപോകുന്നു എന്ന് വേണമെങ്കിൽ പറയാം. സമാന്തര പ്രസാധകരും സമാനമായ സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നുപോകുന്നത് എന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഈയൊരു സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. കൂടുതൽ വിറ്റഴിക്കാനായി കേവലമായ ജനപ്രിയതയിൽ ഊന്നുന്നതിനുപകരം, മാർക്കറ്റിന്റെ തന്ത്രങ്ങളിൽ വീഴാതെ മാർക്കറ്റിനെ തന്നെ നൈതികമായും സാംസ്‌കാരികമായും സജീവമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.

നല്ല പുസ്തകങ്ങൾ പുറത്തിറക്കിയതുകൊണ്ടു മാത്രമായില്ല, ഓരോ പുസ്തകവും അതർഹിക്കുന്ന വായനസമൂഹത്തിലേക്ക് എത്തിച്ചേരുന്നതിൽ പല ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട്. അതിൽ നിരൂപണങ്ങൾക്കും, പ്രകാശനച്ചടങ്ങുകൾക്കും, പുസ്തകമേളകൾക്കും, ഗ്രന്ഥശാലാസംഘവും ലൈബ്രറി കൗൺസിലും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾക്കും വലിയ പങ്കുവഹിക്കാനുണ്ട്. എന്നാൽ, സ്വതന്ത്ര പ്രസാധനാലയങ്ങളെയും ചെറുകിടക്കാരെയും അകറ്റിനിർത്തുകയോ വിഴുങ്ങുകയോ ചെയ്യുന്ന കുത്തക പ്രസാധകരുടെ നിയന്ത്രണത്തിലും മേൽകോയ്മയിലുമാണ് പലപ്പോഴും കാര്യങ്ങൾ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയുളള പ്രചാരണത്തിലും സഹൃദയരായ വായനക്കാർ പങ്കുവെക്കുന്ന നിരൂപണക്കുറിപ്പുകളിലും മാത്രം പലപ്പോഴും ചെറുകിട പ്രസാധകരുടെ മാർക്കറ്റിങ് പരിമിതപ്പെട്ടുപോകുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ വാർഷിക പുസ്തകമേളകളിലൊന്നിൽ, കോഴിക്കോട്ടെ സ്വതന്ത്ര പ്രസാധകരെ കൂട്ടിയിരുത്താൻ ഒരു ശ്രമം നടത്തുകയുണ്ടായി. ദിലീപ് രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ആ യോഗത്തിൽ സ്വതന്ത്ര പ്രസാധകർക്ക് സബ്സിഡി അനുവദിക്കുക, സർക്കാർ വിലാസം ലൈബ്രറികൾക്കുള്ള ഗ്രാന്റിൽ നിശ്ചിത ശതമാനം തുക സ്വതന്ത്ര പ്രസാധകരുടെ പുസ്തകങ്ങൾ വാങ്ങാനായി നീക്കിവെപ്പിക്കുക തുടങ്ങിയ നയരൂപീകരണങ്ങളിലേക്ക് സർക്കാർതലത്തിൽ സമ്മർദം ചെലുത്തണമെന്ന ആശയം ഉയർന്നുവന്നുവെങ്കിലും പിന്നീട് അതിൽ മുൻകൈയെടുത്ത് ഒന്നും ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല എന്നുകൂടി പറയട്ടെ. ആയതുകൊണ്ട്, സ്വതന്ത്ര പ്രസാധനാലയങ്ങളുടെ നിലനിൽപ് സ്വതന്ത്രചിന്തയുടെയും പുതിയ ആശയങ്ങളുടെയും നവീന വ്യവഹാരങ്ങളുടെയും വികാസത്തിന് അനിവാര്യമാണെന്നാണ് മനസ്സിലാകുന്നത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഔസാഫ്​ അഹ്​സൻ

അദർ ബുക്​സ്​ മാനേജിങ്​ എഡിറ്റർ. ഓറൽ മെഡിസിൻ ആൻറ്​ റേഡിയോളജി പ്രൊഫസർ.

Comments