നൗഷാദ്

പാപ്പിയോൺ കാലം

മേൽക്കൂരയില്ലാത്ത മിഠായിത്തെരുവിലെ വെയിലിന് നല്ല ചൂടുണ്ടായിരുന്നു. ചിതറിയ ചില ആശയങ്ങളും ആഗ്രഹങ്ങളും മാത്രമാണ് കൈയിലുള്ളത്. മൂലധനവും പുസ്തകങ്ങളും എങ്ങനെ കണ്ടെത്തും?

രു വർഷവും ഏഴുമാസവും നീണ്ടുനിന്ന ‘മൾബറിക്കാല'ത്തിനുശേഷം ഷെൽവിയോട് വിടപറഞ്ഞ് ആര്യഭവൻ ഹോട്ടലിന്റെ ഇരുപത്തഞ്ചാം നമ്പർ മുറിയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ രണ്ടു തീരുമാനങ്ങളിലായിരുന്നു മനസ്​. ഇനിയൊരിക്കലും ആരുടെ കീഴിലും ജോലിചെയ്യരുത്. സ്വന്തമായി ചെറിയൊരു പ്രസാധനാലയം തുടങ്ങണം.

1997-ലെ ഒരു ഉച്ചയായിരുന്നു.
മേൽക്കൂരയില്ലാത്ത മിഠായിത്തെരുവിലെ വെയിലിന് നല്ല ചൂടുണ്ടായിരുന്നു. ചിതറിയ ചില ആശയങ്ങളും ആഗ്രഹങ്ങളും മാത്രമാണ് കൈയിലുള്ളത്.
മൂലധനവും പുസ്തകങ്ങളും എങ്ങനെ കണ്ടെത്തും?

പുസ്തകപ്രസിദ്ധീകരണം കവിതയെഴുത്തുപോലെ ഒരു ആവിഷ്‌കാരമായി സ്വീകരിച്ച ഒരു മനുഷ്യന്റെ ജീവിചരിത്രം കൂടിയായിരുന്നു ‘മൾബെറി’

‘മൾബെറി’ ബുക്‌സിലെ ഷെൽവിക്കൊപ്പമുള്ള ജീവിതം ആഹ്ലാദകരവും ഒപ്പം സംഘർഷഭരിതവുമായിരുന്നു. ചെറിയ കാര്യങ്ങളുടെ ചിലന്തിവലയിൽ സ്വയം കുരുങ്ങുന്ന പ്രകൃതമായിരുന്നു ഷെൽവിയുടേത്. പുസ്തകപ്രസിദ്ധീകരണം കവിതയെഴുത്തുപോലെ ഒരു ആവിഷ്‌കാരമായി സ്വീകരിച്ച ഒരു മനുഷ്യന്റെ ജീവിചരിത്രം കൂടിയായിരുന്നു ‘മൾബെറി’. പുതിയ പുസ്തകാശയങ്ങളിലും അതിന്റെ പിറവിയുടെ പുഴയിലും മുഴുകിയിരുന്ന ഒരു നാർസിസിസ്റ്റിന്റെ ദുരന്തമായിരുന്നു ഷെൽവിയുടേത്. പ്രിൻറ്​ ഓൺ ഡിമാൻറ്​, ഇ- ബുക്ക്, ഓഡിയോ പുസ്തകങ്ങളുടെ ഈ കാലത്ത് ഷെൽവി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകാറുണ്ട്.
അലച്ചിലിന്റെ ആ കാലത്താണ് ബാലൻ വേങ്ങര അവന്റെ പ്രിയ സുഹൃത്ത് ടി.എം. മുഹമ്മദാലിയെ പരിചയപ്പെടുത്തി തരുന്നത് (ബാലന്റെ ആദ്യ കഥാസമാഹാരം- പെൻഗ്വിനുകൾ പറന്നുയരുന്നു- ‘മൾബെറി’ പ്രസിദ്ധീകരിച്ചിരുന്നു). പ്രസാധനം എന്ന എന്റെ സ്വപ്നത്തിന്റെ കൂടെ നിൽക്കാമെന്ന് മുഹമ്മദാലി സമ്മതിച്ചു. അന്ന് മുഹമ്മദാലി പ്രവാസിയായിരുന്നു. ഉപ്പയുടെ പെൻഷൻ തുകയിൽ നിന്ന് നൽകിയതും ഭാര്യ സാജിത തന്നതും ചേർത്തുവെച്ച് സ്വന്തം വിഹിതം ഞാൻ സ്വരൂപിച്ചു. മുഹമ്മദാലിയും ഞാനും ചേർന്നുള്ള ഒരു പാട്ണർഷിപ്പ് സ്ഥാപനമായി രജിസ്റ്റർ ചെയ്തു. എന്തായിരിക്കണം പബ്ലിക്കേഷന്റെ പേര് എന്ന അന്വേഷണം എത്തിചേർന്നത് ഹെൻറി ഷാരിയറുടെ പ്രസിദ്ധമായ ആത്മകഥയിലാണ് - പാപ്പിയോൺ (Pappillon എന്നാൽ ഫ്രഞ്ചിൽ ചിത്രശലഭം). മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഇതിഹാസമാണ് പാപ്പിയോൺ. കോഴിക്കോട് അരവിന്ദ് ഘോഷ് റോഡിലെ നളന്ദ ഹോട്ടലിന് സമീപത്തുള്ള മാനാഞ്ചിറ ടവറിന്റെ മൂന്നാം നിലയിലായിരുന്നു ഓഫീസ്.

ഷെൽവിയോടൊപ്പം മൾബെറി ബുക്‌സിൽ

എം.ടി. വാസുദേവൻ നായരുടെ ‘വാക്കുകളുടെ വിസ്മയം’, ടി.പത്മനാഭന്റെ ‘കാലവർഷം’, എം.എൻ. വിജയന്റെ ‘മരുഭൂമികൾ പൂക്കുമ്പോൾ’, ഖലീൽ ജിബ്രാന്റെ ‘ദൈവം പ്രണയം സംഗീതം’, ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ‘കടൽ മരുഭൂമിയിലെ വീട്’ എന്നിവയായിരുന്നു ആദ്യ പുസ്തകങ്ങൾ. പുസ്തകങ്ങൾ നന്നായി സ്വീകരിക്കപ്പെട്ടു. പുസ്തകപ്രകാശനങ്ങളും സംവാദങ്ങളും വായനക്കാരുടെ ഇടയിൽ ഇടം നേടിത്തന്നു. അപ്പോഴേക്കും ബാങ്കിലെ പണം മുഴുവനും തീർന്നിരുന്നു. പുസ്തകം വിൽക്കാൻ ഏൽപ്പിച്ച പുസ്തകശാലകളിൽ നിന്ന് മടങ്ങിവരുന്ന ചെറിയ തുകകൾ ദൈനംദിന പ്രശ്‌നങ്ങളുടെ പരിഹാരങ്ങളായി എരിഞ്ഞുതീരുകയാണ്. ഓൺലൈൻ- സോഷ്യൽ മീഡിയ വിൽപനസാധ്യതകൾ ഇല്ലാതിരുന്ന കാലം. പുസ്തകോത്സവത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ചെറിയ ആശ്വാസം. പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഇനിയും പണം കണ്ടെത്തണം. പുസ്തക വിൽപ്പന വർധിപ്പിക്കുന്നതിനായി റെയിൽവേ ലിങ്ക് റോഡിലെ വികാസ് ബിൽഡിങ്ങിലേയ്ക്ക് ഓഫീസ് മാറ്റി. താഴത്തെ നിലയിൽ മറ്റു പ്രസാധകരുടെയും പുസ്തകങ്ങൾ ലഭിക്കുന്ന പുസ്തകശാലയും തുടങ്ങി. മൾബെറി വിട്ടുപോയി സ്വന്തമായി മേൽവിലാസമുണ്ടാക്കിയ അക്ബറിന്റെ ലിപി ബുക്‌സും വികാസ് ബിൽഡിങ്ങിലായിരുന്നു.

ഷെൽവി, നൗഷാദ്

കടം വാങ്ങാതെ രക്ഷയില്ല. സർഗാത്മകമായി സഹായിച്ചുകൊണ്ട് സുഹൃത്തുക്കളുടെ ഒരു സംഘം എന്നും ഒപ്പമുണ്ടായിരുന്നു (ഒ.പി. സുരേഷ്, എ.വി. ഷെറിൻ, അർഷാദ് ബത്തേരി, ഫസൽ, താജുദ്ദീൻ, സന്ദീപ് തുടങ്ങി എത്ര പേരോട് കടപ്പെട്ടിരിക്കുന്നു അക്കാലം). കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഒപ്പം നിന്നത് മൊയ്തു കണ്ണങ്കണ്ടിയാണ്. കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും മിംസ് ആശുപത്രിയുടെ ആദ്യകാല ഡയറക്ടറുമായിരുന്നു അദ്ദേഹം. പേപ്പർ കടം വാങ്ങിയ പേപ്പർമാർട്ടിൽ നിന്നും പ്രസ്സുകളിൽ നിന്നും തിയ്യതി തെറ്റിയതിന്റെ അമർഷത്തിൽ ഫോൺ വിളികൾ വരുമ്പോൾ മൊയ്തുക്ക സഹായവുമായെത്തിയിരുന്നു.

കടത്തിന്റെ കടൽജലം കാലിൽ വന്നുതൊടാൻ തുടങ്ങിയിരുന്നു. പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി പലിശക്കാരെയും കൂട്ടുപിടിച്ചു. ഷെൽവിയെ അപൂർവമായി മാത്രം കാണാറുണ്ടായിരുന്നു. പാപ്പിയോണിന്റെ പുതിയ ഷോറൂമിൽ ഒരു വൈകുന്നേരം സന്ദർശകനായി വന്നുപോയിരുന്നു.

‘മൾബെറി’യെ മാതൃകയാക്കി സെൽഫ് പബ്ലിഷിങ്ങ് പാപ്പിയോൺ തുടങ്ങിയിരുന്നു. എഴുത്തുകാർ പണം മുടക്കി പ്രസാധകർ വഴി പുസ്തകം പ്രസിദ്ധീകരിക്കുന്ന പദ്ധതിക്ക് പ്രസാധന ചരിത്രത്തോളം പഴക്കമുണ്ട്. എന്നിട്ടും ഷെൽവി അതു ചെയ്തപ്പോൾ പാപം ചെയ്തതുപോലെ പലരും ‘മൾബെറി’ക്കുനേരെ കല്ലെറിഞ്ഞു. പിടിച്ചുനിൽക്കാനുള്ള ഒരു പ്രസാധകന്റെ പിടച്ചിലായി ആരും അതിനെ കണ്ടില്ല. ഇന്ന് സെൽഫ് പബ്ലിഷിങ്, ആഘോഷവും വലിയ സാധ്യതയുമാണ്.
എസ്. സിതാര, വീരാൻകുട്ടി, വി.എച്ച്. നിഷാദ്, വി. ദിലീപ്, അജയ് പി. മങ്ങാട്ട് , ശ്യാം സുധാകർ എന്നിവരുടെ ആദ്യ പുസ്തകങ്ങൾ പാപ്പിയോൺ പ്രസിദ്ധീകരിച്ചു. ‘നന്ദിതയുടെ കവിതകൾ’ എന്ന പുസ്തകം അക്കാലത്ത് കാമ്പസുകൾ ആഘോഷിച്ച പാപ്പിയോൺ പുസ്തകമായിരുന്നു. എം.എൻ. കാരശ്ശേരിയുടെ ‘ചേകന്നൂരിന്റെ രക്തം’ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് വലിയ ഇടപെടൽ നടത്തിയ പുസ്തകമായിരുന്നു.

2001 സെപ്തംബർ 11-നുശേഷമുള്ള മാസങ്ങളിൽ കേരളത്തെ അതിശയപ്പെടുത്തിയ സന്ദർശനമായിരുന്നു നോം ചോംസ്‌കിയുടേത്. അദ്ദേഹമെത്തുന്ന വലിയ ആൾക്കൂട്ടത്തിലേക്ക് ഞങ്ങൾ ചെന്നത് ഒരു പുസ്തകവുമായിട്ടാണ്. നോം ചോംസ്‌കിയുടെ ‘ഭീകരതയുടെ യുദ്ധവും യുദ്ധത്തിന്റെ ഭീകരതയും’. സംഘാടകനായ എം.എം. ബേബി വഴി ഒരു പുസ്തകം ചോംസ്‌കിയുടെ കൈയിൽ എത്തിച്ചു. ചോംസ്‌കി ചിരിച്ചു: ഇത് എന്റെ ഏത് പുസ്തകം?
ഇന്റർനെറ്റിലെ z മാഗസിനിൽ വന്ന ലേഖനങ്ങൾ സമാഹരിച്ചതായിരുന്നു ആ പുസ്തകം. അബ്ബാസ് പനക്കൽ ആയിരുന്നു പരിഭാഷകൻ. ആയിരത്തിലധികം കോപ്പികൾ അന്ന് അവിടെ വിറ്റഴിഞ്ഞു!

ഷെൽവി, നൗഷാദ്‌, കഥാകൃത്ത് ഫാസിൽ

അഡോൾഫ് ഹിറ്റ്‌ലറുടെ ആത്മകഥ ‘മെയ്ൻ കാംഫ്’, കെ.വി. സുരേന്ദ്രനാഥിന്റെ ‘മാവൂർ സമരചരിത്രം’, പി.കെ. പ്രകാശിന്റെ ‘ആദിവാസി ഭൂമി പ്രശ്‌നം’, കമൽറാം സജീവിന്റെ ‘ആഞ്ഞുകൊത്തുന്ന അനുഭവങ്ങൾ’, ഖലീൽ ജിബ്രാൻ പരിഭാഷകൾ, മഴപ്പുസ്തകം അടക്കമുള്ള ധാരാളം പുസ്തകങ്ങൾ വിൽപ്പനയിലും മുൻപേ പറന്നവയായിരുന്നു. ആ പാപ്പിയോൺ പുസ്തകങ്ങളിൽ പലതും കൈവശം ഇല്ലാത്തതുകൊണ്ട് ഓർമയിൽ നിന്ന് എടുത്ത് എഴുതുകയാണ്.

കടത്തിന്റെ കടൽജലം കാലിൽ വന്നുതൊടാൻ തുടങ്ങിയിരുന്നു. പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനായി പലിശക്കാരെയും കൂട്ടുപിടിച്ചു. ഷെൽവിയെ അപൂർവമായി മാത്രം കാണാറുണ്ടായിരുന്നു. പാപ്പിയോണിന്റെ പുതിയ ഷോറൂമിൽ ഒരു വൈകുന്നേരം സന്ദർശകനായി വന്നുപോയിരുന്നു. കോട്ടയത്തു നടന്ന പബ്ലിഷേഴ്‌സ് മീറ്റിങ്ങിന് അക്ബറിന്റെ കാറിലായിരുന്നു ഷെൽവിക്കൊപ്പമുള്ള യാത്ര. അതിനിടയിൽ ഒരു ദിവസം തിരുവനന്തപുരത്തുവെച്ച് ഷെൽവിക്ക് ഹൃദ്രോഗബാധയുണ്ടായതും അറിഞ്ഞു. ബിയറും വിൽസുമായിരുന്നു മൂപ്പരുടെ പ്രിയങ്ങൾ. അതു രണ്ടും ഡോക്ടർ വിലക്കിയിരുന്നു.

2003 ആഗ്‌സ്ത് 23-ന് ആ വാർത്ത വന്നു: ഷെൽവി ആത്മഹത്യ ചെയ്തു.
കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെ സിമൻറ്​ ടേബിളിൽ ഒരു ലുങ്കി തുണിയും ഷർട്ടുമണിഞ്ഞ് ഉറങ്ങുന്നതുപോലെ കിടക്കുന്ന ഷെൽവിയെ പോയികണ്ടു. എങ്ങനെ ഷെൽവിക്ക് ധൈര്യം വന്നു എന്ന് ആലോചിക്കുകയായിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു മരണത്തിനെ. ടി.വി. കൊച്ചുബാവ കൊഴിഞ്ഞുവീണ ആ ദിവസങ്ങളിലെ ഷെൽവിയെ ഓർത്തുപോയി. ഷെൽവിയുടെ മരണത്തിൽ നടുങ്ങിവന്നവർ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ.
പെട്ടെന്ന് ഇന്ത്യാവിഷന്റെ ഓമ്‌നി വാൻ മോർച്ചറിക്കുമുന്നിൽ വന്നുനിന്നു. പുറത്തേക്കിറങ്ങിയ പി.ടി. നാസർ ഉറക്കെ വിളിച്ചു ചോദിച്ചു: ഇനി നീ എന്നാണ് ആത്മഹത്യ ചെയ്യുക? ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


നൗഷാദ്​

മൾബറി, പാപ്പിയോൺ, ഒലീവ്​ എന്നീ സംരംഭങ്ങളിലൂടെ മലയാളത്തിൽ​ ശ്ര​ദ്ധേയനായ പ്രസാധകൻ. ഇപ്പോൾ മാതൃഭൂമി ബുക്സിന്റെ സീനിയർ പബ്ലിഷിങ്​മാനേജർ.

Comments