വി.സി. തോമസ്

പ്രസാധകരുടെ വിൽപ്പനച്ചരക്കാകുന്ന എഴുത്തുകാർ

ചെറുകിട പ്രസാധകർ കണ്ടെടുക്കുന്ന മുത്തുകൾ കുത്തകയുടെ മടിശീലയിൽ പതിക്കുന്ന ജാലവിദ്യ- അതാണ് ചുരുക്കിപ്പറഞ്ഞാൽ മലയാള പുസ്തക പ്രസാധനം.

കേരളത്തിലെ പുസ്തക പ്രസാധന മേഖലയിൽ സമീപകാലത്ത് വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഉൽപാദകന് നേരിട്ടുതന്നെ, ഉപഭോക്താവിന് തന്റെ ഉത്പന്നം കുറഞ്ഞ സമയത്ത് കുറഞ്ഞ ചെലവിൽ, ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ എത്തിക്കാൻ സാധിക്കുന്ന സാഹചര്യം ഇവിടെ സംജാതമായിട്ടുണ്ട്. അത് പുസ്തക വിൽപനയിലും സംഭവിച്ചു എന്നതാണ്, പ്രധാന മാറ്റങ്ങളിൽ ഒന്ന്. പ്രസാധകർ സ്വന്തം റീടെയിൽ ആൻഡ് ഹോൾസെയിൽ ശൃംഖലയിലൂടെ കുത്തകയാക്കി വച്ചിരുന്ന പുസ്തക വിപണി ആമസോണിലൂടെയും മറ്റു നിരവധി ഓൺലൈൻ / സോഷ്യൽ മീഡിയ കൂട്ടായ്മകളിലൂടെയുമുള്ള തുറന്ന പുസ്തകവിൽപ്പനക്ക് വഴിമാറി.
കോവിഡ്കാല അടച്ചിരുപ്പ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കലിന്റെ അനന്തരഫലമാണിത്. ഇത് എല്ലാ മേഖലകളിലുമെന്നതുപോലെ പ്രസാധന മേഖലയിലും പ്രതിഫലിച്ചു. ഓൺലൈൻ പുസ്തക വില്പനയുടെ തോത് വലിയൊരളവുവരെ വർധിച്ചു. വിപുലമായ ചില്ലറ വിൽപനശാലകളുള്ള പ്രസാധകർ പോലും സ്വന്തം ഓൺലൈൻ സ്റ്റോർ പ്രൊമോട്ട് ചെയ്യുന്നതിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്.

ഇന്ത്യയിൽ മൊത്തത്തിലുള്ള ജനറൽ ഇംഗ്ലീഷ് പുസ്തകങ്ങളുടെ 70 ശതമാനത്തിലധികം വിൽക്കപ്പെടുന്നത് ഓൺലൈൻ ആയാണ്. ഹിന്ദി, മറാത്തി, ഗുജറാത്തി പോലുള്ള ഭാഷകളിലെ പുസ്തക വിൽപനയും വലിയൊരളവുവരെ ഓൺലൈൻ ആണ്. ഇത്​ ഇന്ന് മലയാളത്തിലുമായി. അതോടൊപ്പം, മികച്ച സേവനം ലഭ്യമാക്കിപ്പോന്നിരുന്ന പുസ്തകക്കടകൾ തങ്ങളുടെ കച്ചവടം മെച്ചമാക്കിയിട്ടുമുണ്ട്.

വാരാന്ത ചായപ്പീടികയിൽ വെച്ച് 'കനലാടി' ഡോ. ജൈനിമോൾക്ക് കൈമാറുന്ന ഷുക്കൂർ പെടയങ്ങോട് / Photo:  Shukkur Pedayangode, Fb
വാരാന്ത ചായപ്പീടികയിൽ വെച്ച് 'കനലാടി' ഡോ. ജൈനിമോൾക്ക് കൈമാറുന്ന ഷുക്കൂർ പെടയങ്ങോട് / Photo: Shukkur Pedayangode, Fb

ഇന്ന് പുസ്തകം വിൽക്കാൻ എ.സി ഷോറൂമുകളോ മാളുകളിലെ പുസ്തകശാലയുടെ സാന്നിധ്യമോ ആവശ്യമില്ല. പുസ്തകം വാങ്ങി വായിക്കുന്ന ഒരാളിലേക്കെത്താനുള്ള വഴികൾ ഇന്ന് എന്നത്തേക്കാളും എളുപ്പമാണ്. വളരെ കാലമായി ലഭ്യമല്ലാതിരുന്ന തോമസ് പാലായുടെ ‘അടി എന്നടി കാമാച്ചി' എന്ന ഹാസ്യ നോവൽ വീസീ ബുക്സ് പ്രസിദ്ധീകരിച്ചപ്പോൾ, ജനപ്രിയ സാഹിത്യതൽപരരുടെ ഒരു ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് നൂറുകണക്കിന് കോപ്പികൾ വിറ്റത്. സമാന്തര പുസ്തക വിൽപ്പനയുടെ വിജയം കുറിച്ച നല്ലൊരുദാഹരണം പറയട്ടെ. കണ്ണൂർ ജില്ലയിൽ ഇരുട്ടിക്കടുത്ത്​ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഷുക്കൂർ പെടയങ്ങോട് കവിയും നോവലിസ്റ്റുമാണ്. ‘വരാന്ത ചായപ്പീടിക' സാഹിത്യചർച്ചയുടെ സംഘാടകനും. പുസ്തകം എടുത്ത് നടന്നു വിൽക്കലാണ് പ്രധാന വരുമാനമാർഗം. കഴിഞ്ഞവർഷം അവസാനം പ്രസിദ്ധീകരിച്ച കനലാടി എന്ന തന്റെ നോവലിന്റെ 400 കോപ്പികൾ ഒരു മാസം കൊണ്ട് ഷുക്കൂർ കൊണ്ടുനടന്നുവിറ്റു.
തൃശ്ശൂരിലുള്ള ഭിന്നശേഷിക്കാരനായ അജിത്കുമാർ എന്ന ചെറുപ്പക്കാരൻ വീട്ടിലിരുന്ന് സോഷ്യൽ മീഡിയ വഴി ആയിരക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് ഓരോ ആഴ്ചയും വിൽക്കുന്നത്.

സമീപകാലത്തുണ്ടായ മാറ്റങ്ങൾ, മലയാള പുസ്തക പ്രസാധനത്തിലെ ‘മോണോപോളി'യുടെ അന്ത്യത്തിനിടയാക്കുമെന്ന് ആധികാരികമായി പറയാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

എഴുത്ത്​; ഏറ്റവും കുറവ്​ പ്രതിഫലം ലഭിക്കുന്ന പണി

ഇത്തരം മാറ്റങ്ങൾ, മലയാള പുസ്തക പ്രസാധനത്തിലെ ‘മോണോപോളി'യുടെ അന്ത്യത്തിനിടയാക്കുമെന്ന് ആധികാരികമായി പറയാൻ കഴിയുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണസംഘം പുസ്തക പ്രസാധനരംഗത്ത് വിപണി പിടിച്ചടക്കിയത് എഴുത്തുകാർക്ക്​ ഏറ്റവും മികച്ച പ്രതിഫലം നൽകിക്കൊണ്ടാണ്. എന്നാൽ, പിന്നീട്
മികച്ച വില്പന മാർഗങ്ങൾ, ഉപാധികൾ, തന്ത്രങ്ങൾ എന്നിവയെല്ലാം കൈവശമുള്ളവർ പ്രസാധനത്തിലെ മുമ്പന്മാരായി. പ്രസാധനത്തിലെ മുഖ്യഘടകങ്ങളായ, മികച്ച കൃതികളുടെ തിരഞ്ഞെടുപ്പോ അവയുടെ എഡിറ്റിംഗോ മികച്ച നിർമിതിയോ പിന്തള്ളപ്പെട്ടു. ഒപ്പം എഴുത്തുകാരും നിസ്സാരരാക്കപ്പെട്ടു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുതന്നെ എഴുത്തുകാരോട്​ ചെയ്യുന്ന വലിയ ഔദാര്യമായി മാറി. എഴുത്ത് ഒരിക്കലും ഒരു ജീവനോപാധിയായി സ്വീകരിക്കാൻ പറ്റാത്തത്ര തരത്തിൽ, അത്ര കുറവ് പ്രതിഫലം ലഭിക്കുന്ന പണിയായി മാറി. അത് പിൽക്കാല എഴുത്തിനെ, എഴുത്തിന്റെ എണ്ണത്തേയും വണ്ണത്തെയും ബാധിച്ചു എന്ന് പറയാതെ തരമില്ല.

രണ്ടാംകിടക്കാർക്കായുള്ള കാമ്പയിൻ

മലയാളത്തിലെ പ്രമുഖ പ്രസാധകർ പലരും എഴുത്തിന്റെ മെറിറ്റിൽ അല്ല, മറിച്ച്, എഴുത്തുകാരന്റെ ‘സെയ്‌ലബിലിറ്റി' ആണ് പ്രസാധനത്തിന് മാനദണ്ഡമാക്കുന്നത്. അതുകൊണ്ടാണ് എഴുത്തിനപ്പുറം, എഴുത്തുകാർ കൊണ്ടാടപ്പെടുന്നത്. അതുകൊണ്ടാണ് രണ്ടാംകിട എഴുത്തുകാരെയും മുൻതലമുറയിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരോടൊപ്പം പ്രതിഷ്ഠിക്കാനുള്ള ക്യാമ്പയിൻ തന്നെ ഇവിടെ നടക്കുന്നത്. എഴുത്തിന്റെ മേന്മക്കപ്പുറം എഴുത്തിനും എഴുത്തുകാർക്കും ചുറ്റും മിത്തുകൾ നിർമിക്കുന്നത്. എവിടെയെങ്കിലും ആരെങ്കിലും നൽകുന്ന അവാർഡ്, അല്ലെങ്കിൽ ഒരു പരിഭാഷ, അംഗീകാരം അതാണ് ഒറിജിനൽ ഭാഷയിലെ പ്രസാധരുടെ മാനദണ്ഡം. അല്ലാതെ സ്വയം മാനദണ്ഡങ്ങൾ സൃഷ്ടിക്കാനുള്ള, എഴുത്തുകാരെ കണ്ടെത്താനുള്ള മിടുക്ക് പ്രസാധകർക്ക് ​കൈമോശം വന്നുപോയിരിക്കുന്നു. ചെറുകിട പ്രസാധകർ കണ്ടെടുക്കുന്ന മുത്തുകൾ കുത്തകയുടെ മടിശീലയിൽ പതിക്കുന്ന ജാലവിദ്യ- അതാണ് ചുരുക്കിപ്പറഞ്ഞാൽ മലയാള പുസ്തക പ്രസാധനം.

പ്രസാധന മേഖലയുടെ കുത്തകവത്കരണം എഴുത്തുകാരെ നിസ്സാരരാക്കി. പുസ്തകം പ്രസിദ്ധീകരിക്കുന്നതുതന്നെ എഴുത്തുകാരോട് ചെയ്യുന്ന വലിയ ഔദാര്യമായി മാറി. എഴുത്ത് ഒരിക്കലും ഒരു ജീവനോപാധിയായി സ്വീകരിക്കാൻ പറ്റാത്തത്ര തരത്തിൽ, അത്ര കുറവ് പ്രതിഫലം ലഭിക്കുന്ന പണിയായി മാറി.
പ്രസാധന മേഖലയുടെ കുത്തകവത്കരണം എഴുത്തുകാരെ നിസ്സാരരാക്കി. പുസ്തകം പ്രസിദ്ധീകരിക്കുന്നതുതന്നെ എഴുത്തുകാരോട് ചെയ്യുന്ന വലിയ ഔദാര്യമായി മാറി. എഴുത്ത് ഒരിക്കലും ഒരു ജീവനോപാധിയായി സ്വീകരിക്കാൻ പറ്റാത്തത്ര തരത്തിൽ, അത്ര കുറവ് പ്രതിഫലം ലഭിക്കുന്ന പണിയായി മാറി.

പ്രബുദ്ധവർഗം ചൂഷണം ചെയ്യപ്പെടുന്നു

മികച്ച രചനകൾക്കും എഴുത്തുകാർക്കും വേണ്ടിയുള്ള ഒരു അന്വേഷണമാണ് എന്റേത്. എഴുത്തുകാർക്കായി പുസ്തത്തിന്റെ ലാഭം പങ്കിടുന്ന പദ്ധതിയാണ് മറ്റൊന്ന്. സ്വന്തം എഴുത്തിൽ വിശ്വാസമുള്ള, കൃത്യമായ വായനക്കാരുടെ പിന്തുണയുള്ള എഴുത്തുകാർക്ക് ഈ പദ്ധതി പ്രയോജനപ്പെടും. ബിജു ടി. കോലോത്തിന്റെ ‘ജീവിതം നിർമിക്കുമ്പോൾ' അത്തരത്തിൽ പ്രസിദ്ധീകരിച്ച് വിജയം കണ്ട ഒരു പുസ്തമാണ്.

പ്രസാധന രംഗത്ത് ഞാൻ കണ്ട വിചിത്രമായ ഒരു സംഗതി, ഏറ്റവും അവസാനം പ്രതിഫലം ലഭിക്കുന്ന (അങ്ങനെ ഒന്ന് കൊടുക്കാൻ പാകത്തിൽ ഉണ്ടെന്ന് പ്രസാധകൻ സമ്മതിക്കുന്നെങ്കിൽ) അവസാനത്തെ കണ്ണി എഴുത്തുകാരാണ്. എന്നാലോ അവരുടെ കൃതിയാണ് പ്രസാധനത്തിന്റെ ആധാരവും. അവർ എഴുതിക്കൊടുത്ത കൃതിയാണ് പ്രസാധനത്തിന്റെ പ്രക്രിയ തുടങ്ങിവയ്ക്കുന്നത്. എല്ലാ കച്ചവടങ്ങളിലും ഉള്ള ‘റിസ്‌ക് ഫാക്റ്റർ' ഇവിടെയുമുണ്ട്. എല്ലാ ബിസിനസിലെയും പോലെ ഉൽപാദകർക്കാണ് ഏറ്റവും കുറച്ചു പ്രതിഫലം ലഭിക്കുന്നത്. അവരാണ് ഏറ്റവും അസംഘടിതരും. പ്രസാധനത്തിൽ സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അടങ്ങിയൊരു പ്രബുദ്ധ വർഗമാണ് ഇങ്ങനെ ചൂഷണത്തിനും കുറഞ്ഞ പ്രതിഫലത്തിനും വിധേയരാക്കപ്പെടുന്നത് എന്നതാണ് വിരോധാഭാസം. എഴുത്തുകാരോട് നീതി പുലർത്തുന്ന ഒരു പ്രസാധനാന്തരീക്ഷം ഇവിടെ വളർന്നുവരേണ്ടതുണ്ട്.

പ്രസാധകർ അവർക്ക് കോപ്പിറൈറ്റ് കാലാവധി മുഴുവനും -പ്രിൻറ്​ മാത്രമല്ല, മറ്റു അനുബന്ധ അവകാശങ്ങളും- ലഭിക്കാൻ പാകത്തിൽ ഏകപക്ഷീയമായി തയ്യാറാക്കിയ പ്രീ പ്രിന്റഡ് കോൺട്രാക്ടിൽ ഒപ്പിട്ടു കുടുങ്ങിപ്പോയ നിരവധി എഴുത്തുകാരെ എനിക്കറിയാം.

വിപണത്തിന്റെ, കച്ചവടത്തിലെ റീറ്റെലിന്റെ മികവ് ഒന്നുമാത്രമാണ് ഇ- ട്രേഡ് ബുക്ക് മാർക്കറ്റിലെ മുമ്പന്മാർക്ക് പറയാനുള്ളത്. പുസ്തകം എഡിറ്റ് ചെയ്ത് മികച്ച രീതിയിൽ രൂപകൽപന ചെയ്ത് നിർമിക്കുന്നതിൽ അമ്പേ പരാജയമാണ് അവർ. കൂടുതൽ വിൽപന- കൂടുതൽ പണം എന്ന പ്രലോഭനത്തിൽ വീണുപോകുന്നവരാണ് എഴുത്തുകാർ. മറ്റൊന്ന്, എഴുത്തുകാർക്കിടയിലെ കോപ്പിറൈറ്റ് നിയമങ്ങളുടെ അജ്ഞതയാണ്. പ്രസാധകർ അവർക്ക് കോപ്പിറൈറ്റ് കാലാവധി മുഴുവനും -പ്രിൻറ്​ മാത്രമല്ല, മറ്റു അനുബന്ധ അവകാശങ്ങളും- ലഭിക്കാൻ പാകത്തിൽ ഏകപക്ഷീയമായി തയ്യാറാക്കിയ പ്രീ പ്രിന്റഡ് കോൺട്രാക്ടിൽ ഒപ്പിട്ടു കുടുങ്ങിപ്പോയ നിരവധി എഴുത്തുകാരെ എനിക്കറിയാം. ഭൂമിമലയാളത്തിലെ സകല വിവാദങ്ങളിലും പ്രസ്താവന ഇറക്കുന്ന ഇവരെ, സ്വന്തം അവകാശ ധ്വംസനത്തിനെതിരെ പ്രതികരിക്കാൻ അശക്തരാക്കുന്ന ആ ഘടകം എന്തെന്ന് ഒരു ഗവേഷണത്തിനു തന്നെ വിഷയമാക്കേണ്ടതാണ്.

മലയാള പുസ്തക വിപണി ഇന്നൊരു matured market ആയി പരിണമിച്ചിട്ടുണ്ട്. ഒരു matured book marketൽ അവശ്യം വേണ്ട ഒരു ഘടകം ലിറ്റററി ഏജൻറ് ആണ്. എഴുത്തുകാരുടെ എജൻറ്​ / പ്രതിനിധി. എഴുത്തുകാർക്കുവേണ്ടി അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വിപണനം ചെയ്യാനും കെൽപ്പുള്ളയാൾ. മലയാളത്തിൽ ലിറ്റററി ഏജന്റുമാരുണ്ടായിരുന്നുവെങ്കിൽ ഇവിടെ ഒരു ആരോഗ്യകരമായ പുസ്തക വിപണി ഉണ്ടാകുമായിരുന്നു. നമ്മുടെ എഴുത്തുകാർ എന്നേ ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടേനെ. എന്നാൽ, എല്ലാ ‘അനുബന്ധ റൈറ്റുകളും' എഴുത്തുകാരിൽനിന്ന് വാങ്ങിവയ്ക്കുകയും അത് ഏതെങ്കിലും തരത്തിൽ ‘ട്രാൻസാക്റ്റ്' ചെയ്യാതിരിക്കുകയും ചെയ്യുന്നതിലൂടെ എഴുത്തുകാർ മലയാളത്തിൽ മാത്രമായി ഒതുക്കപ്പെട്ടു . ഫ്രഞ്ച് പോലുള്ള ബുക്ക് മാർക്കറ്റിൽ പ്രസാധന ശാലകൾക്ക് സുശക്തമായ foreign rights ഡിപ്പാർട്ടുമെന്റുകളുണ്ടാവും. പ്രസാധന ശാല എഴുത്തുകാരിൽനിന്ന് വാങ്ങിന്ന വിവിധ അവകാശങ്ങൾ, പ്രത്യേകിച്ചും വിവർത്തനാവകാശങ്ങൾ, ഈ ഫോറിൻ റൈറ്റ്‌സ് ഡിപ്പാർട്‌മെൻറ്​ വിജയകരമായി വിനിമയം ചെയ്യുന്നു. അതിവിടെ ഉണ്ടായിട്ടുമില്ല.

ഈ അടുത്ത് ആരംഭിച്ച പല പ്രസാധക വിപണന സംരംഭങ്ങളും പുസ്തകവഴിയിലെ പുതിയ പ്രവണതകളിലേക്ക് വിരൽചൂണ്ടുന്നു. അതിൽ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സംവിധാനമാണ് കോഴിക്കോട്ടുള്ള ‘ബുകാർട്ട്’. വായനക്കാരുടെ മനസ്സറിഞ്ഞ് പുസ്തകങ്ങൾ ക്യൂറേറ്റ് ചെയ്യുന്നു അവർ. പുസ്തക വിപണനത്തിലെ വർഷങ്ങളുടെ പരിചയവും ഇഷ്ടങ്ങളറിയാനുള്ള പരന്നവായനയും ഇവരുടെ USP കളാണ്. ഉള്ളടക്കത്തിൽ ആത്മവിശ്വാസമുള്ള പ്രസാധകർക്ക് വിൽപനയിലെ വൈതരണികൾ നേരിടാൻ ഇതു സഹായിക്കുന്നു. ചില കുത്തകകൾ പുസ്തകശാലകൾ കംപ്യൂട്ടറൈസ് ചെയ്ത് കുറഞ്ഞ കൂലിക്ക് സെയിൽസ്മാനെ ഏർപ്പാട് ചെയ്തപ്പോൾ, കട വിട്ട് ഇറങ്ങിപ്പോയവർ വീണ്ടെടുത്ത / കണ്ടെടുത്ത സ്‌പേസ് ആണ് ‘ബുകാർട്ട്’ എന്നും പറയാം.

മാറിയ ചുറ്റുപാടിൽ ചെറുകിട പ്രസാധകരുടെ പുസ്തക വിപണനത്തിനു മാത്രമായുള്ള ഒരു കൂട്ടായ്മയാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്. കൂട്ടായ ഓൺലൈൻ സ്റ്റോർ, സോഷ്യൽ മീഡിയ കാമ്പയിനുകൾ, കൂടാതെ ലൈബ്രറി കൗൺസിൽ പോലുള്ള മേളകളിൽ കൂട്ടായ പങ്കാളിത്തം തുടങ്ങിയവ. മറ്റൊരു പ്രധാന കാര്യം കൂടി. സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകൾ ഇപ്പോൾ പുസ്തക വിൽപന വർധിപ്പിക്കാനും ചെറുകിട പ്രസാധകരെ പ്രോത്സാഹിപ്പിക്കാനും നൽകിവരുന്ന പല ഗ്രാന്റുകളും അനർഹരാണ് നേടിയെടുക്കുന്നത്. ആ സ്ഥിതി മാറാൻ പുതിയൊരു കൂട്ടായ്മ അനിവാര്യമാണ്. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി.സി.​ തോമസ്​

പ്രസാധകൻ- വി.സി. തോമസ് എഡിഷൻസ്. പബ്ലിഷിംഗ് / റൈറ്റ്​സ്​ കൺസൽട്ടൻറ്. 25 വർഷമായി മലയാള പുസ്തക പ്രസാധന വിപണന രംഗത്ത് പ്രവർത്തിക്കുന്നു. 2005 ലെ ഫ്രാങ്ക്ഫുർട് ഇന്റർനാഷണൽ എഡിറ്റോറിയൽ ഫെല്ലോഷിപ്പ് ലഭിച്ചു. ഫോറിൻ റൈറ്റ്​സിൽ ജർമനിയിലെ പ്രമുഖ പുസ്​തക പ്രസിദ്ധീകരണ ശാലയായ റോവോൾട് ഫർലാഗിൽ (ഹാംബുർഗ്) പരിശീലനം നേടി. 2017 ലെ സേവ് ബിർജ്ജർ ജെറുസലേം ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെലോ ആണ്.

Comments