ഉംബർട്ടോ എക്കോ (1932-2016) മിലാനിലുള്ള തൻറെ വീട്ടിലെ ലെെബ്രറിയിൽ. 50,000-ത്തോളം പുസ്തകങ്ങളാണ് ശേഖരത്തിലുള്ളത് / Photo: Giovanna Silva

നോൺ- ഫിക്ഷനാണ് കോവിഡുകാലത്തിന്റെ പുസ്തകം

ഫിക്ഷനുകളെക്കാൾ യാഥാർഥ്യബോധത്തോടെ പ്രശ്‌നങ്ങളെയും പരിഹാരമാർഗ്ഗങ്ങളേയും ആരായുന്ന നോൺഫിക്ഷനുകളെ പുതിയ ലോകക്രമത്തിന്റെ പെരുമാറ്റച്ചട്ടങ്ങളായി അനുമാനിക്കുന്നതിൽ തെറ്റ് പറയാനാവില്ല.

ഒന്ന്: കാലത്തിന് അഭിമുഖം

ങ്ങനെയാണ് പുസ്തകങ്ങൾ സ്ഥല- കാലങ്ങളെ അഭിസംബോധന ചെയ്യേണ്ടതെന്ന തീർത്തും പൊതുവായ ചോദ്യത്തിന് സുനിശ്ചിതമായ ഉത്തരം കണ്ടുപിടിക്കാൻ പ്രയാസമാണ്. വ്യത്യസ്ത സ്ഥല-കാലങ്ങളിലേക്ക് നയിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന വായന ഭാവനാപൂർണവും കാലികവിഷയങ്ങളോട് സംവദിക്കാൻ ത്രാണിയുണ്ടാക്കുന്നതുമാവണം എന്നതിൽ തർക്കമില്ല. വായിച്ച പുസ്തകങ്ങളെക്കാൾ വായിക്കാത്ത പുസ്തകങ്ങളുടെ നടുവിലാണ് നാം ജീവിക്കുന്നതെന്ന് ഉംബെർട്ടോ എക്കോ വരെ സമ്മതിച്ച സംഗതിയാണ്.
മനുഷ്യരെയും അവരുടെ ആശയങ്ങളെയും അതിർത്തികൾ കടന്നും സഞ്ചരിപ്പിക്കാൻ പുസ്തകങ്ങൾ കാരണമായിട്ടുണ്ട്/കാരണമാകുന്നുണ്ട് എന്നത് അതിശയോക്തിപരമായ പ്രസ്താവനയല്ല. മറ്റൊരുവിധത്തിൽ അവതരിപ്പിക്കുകയാണെങ്കിൽ, ഓരോ പുസ്തകവും ഓരോ ആശയമാണ്. ലോകത്തെ മാറ്റിമറിക്കാനോ കുറഞ്ഞൊരു പക്ഷം സ്പർശിക്കാനോ ഉള്ള ചാലകശക്തി പുസ്തകത്തിനുണ്ട്. കാലങ്ങൾ മുന്നോട്ടുപോകുന്നതിനനുസൃതമായി പുസ്തകങ്ങളുടെ രൂപത്തിലും വായനയുടെ രീതിക്കും ഒരുപാട് പരിണാമങ്ങൾ കണ്ടേക്കാം. എങ്കിലും വായനയിലൂടെ ഉരുത്തിരിയുന്ന മൗലികമായ സങ്കൽപരൂപങ്ങൾക്ക് മാറ്റം ഉണ്ടാവുകയില്ല എന്ന വിശ്വാസം രൂഢമൂലമാണ്. സാങ്കൽപ്പിക സന്ദർഭങ്ങൾ, ഭാവനയിൽ മെനത്തെടുത്ത കഥാപാത്രങ്ങൾ എന്നിവയിലൂടെ ഉരുവപ്പെടുന്ന ഫിക്ഷനുകളെക്കാൾ യാഥാർഥ്യബോധത്തോടെ പ്രശ്‌നങ്ങളെയും പരിഹാരമാർഗ്ഗങ്ങളേയും ആരായുന്ന നോൺഫിക്ഷനുകളെ പുതിയ ലോകക്രമത്തിന്റെ പെരുമാറ്റച്ചട്ടങ്ങളായി അനുമാനിക്കുന്നതിൽ തെറ്റ് പറയാനാവില്ല. ആധികാരികമായ ജ്ഞാനചരിത്രങ്ങളും വൈജ്ഞാനിക ആഖ്യാനങ്ങളും ശാസ്ത്രത്തിന്റെയും സമൂഹവിജ്ഞാനത്തിന്റെയും ശൈലീവിശേഷങ്ങളും നവലോകചിന്താപദ്ധതിയിൽ എങ്ങനെയെല്ലാമാണ് സ്ഥാനം വഹിക്കുന്നതെന്നു അറിയാൻ കാൽപനികഗ്രന്ഥങ്ങൾ സഹായിക്കില്ലെന്ന് ഉറപ്പാണ്.

2011-ൽ ഹീബ്രു ഭാഷയിൽ പ്രസിദ്ധീകരിച്ച സാപിയൻ‌സിന്റെ ആദ്യ പതിപ്പിന്റെ കവർ / Photo: WIkimedia Commons

യുവാൻ നോവാ ഹരാരിയുടെ സാപിയൻസ് എന്ന ഗ്രന്ഥം ലോകമെമ്പാടും സൃഷ്ടിച്ച വായനയുടെ വിപ്ലവത്തെ ഇവിടെ പരാമർശിക്കാതെ തരമില്ല. മാനവരാശിയുടെ ജ്ഞാനവിപ്ലവത്തിന്റെയും കാർഷികവിപ്ലവത്തിന്റെയും വ്യവസായവിപ്ലവത്തിന്റെയും ചരിത്രം പറയുന്ന സാപിയൻസ് 70,000 വർഷം മുമ്പുതൊട്ടുള്ള മനുഷ്യരുടെ ചരിത്രത്തെയാണ് അനാവരണം ചെയ്യുന്നത്. അത്രയുംകൊല്ലം മുന്നേ ആഫ്രിക്കയിൽ നിന്നാരംഭിച്ച പലായനത്തിന്റെ നാൾവഴികളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പലായനചരിത്രം വിശദീകരിച്ച് സമകാലത്തെ കുടിയേറ്റത്തിന്റെയും അതിർത്തി ഭേദിക്കലിന്റെയും ഗഹനതകളിലേക്ക് ഗ്രന്ഥകർത്താവ് എത്തിച്ചേരുന്നു. മനുഷ്യർക്ക് ഇന്നലെയോ നാളെയോ ജീവിക്കാനാവില്ലെന്നും ഇന്നുമാത്രമേ ജീവിതമുള്ളുവെന്ന ലളിതതത്വത്തെ ഊട്ടിയുറപ്പിച്ച് ഹരാരി സംസാരിക്കുകയാണ്. ചരിത്രത്തിന്റെ ഇന്നലെകളിലൂടെ മാത്രമേ ഇന്നത്തെ ജീവിതത്തിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യാനാവൂ. നാളെയെന്ന ഭാവി ഉരുവം കൊള്ളുന്നത് ഇന്നിന്റെ സ്ഥിതിവിവരപ്പട്ടിക വെച്ചുകൂടിയാണ്. ഇതിന്റെ തുടർച്ചയെന്നോണം, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രപുരോഗതിയെ കുറിച്ചും പരീക്ഷണങ്ങളെ കുറിച്ചും അൽപമെങ്കിലും അവബോധം ഉണ്ടാവണം എന്ന് വായനക്കാർ കരുതുകയും പ്രസ്തുതവിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ അവർ തേടുകയും ചെയ്യും. എങ്കിലും സാമൂഹിക-രാഷ്ട്രീയ ധാരകളെ തീർച്ചപ്പെടുത്തുകയും സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും ഉറപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ കൂടുതൽ ശ്രദ്ധയിലേക്ക് വരുകയാണ്.

ഇക്കാലത്ത്, ഏറ്റവും പ്രസക്തമായ സാമൂഹികവിഷയങ്ങളെ എഴുത്തിലൂടെ എങ്ങനെയാണ് പരിചരിക്കുന്നത് എന്ന് തെരയുന്നത് കൗതുകകരം കൂടിയാണ്. സ്വാഭാവികമായും കുടിയേറ്റവും പലായനവുമായി അനുബന്ധിച്ചുള്ള വിഷയങ്ങൾ ഇക്കൂട്ടത്തിൽപ്പെട്ടതിൽ അതിശയമില്ല.

ചരിത്രബോധത്തോടും രാഷ്ട്രീയബോധ്യത്തോടും കൂടെ സമകാലത്തെ അഭിമുഖീകരിക്കാൻ സഹായിക്കുവെന്നതാണ് നോൺ-ഫിക്ഷൻ പുസ്തകങ്ങളുടെ ഒരു ലക്ഷ്യമെന്നത് ഉറപ്പിച്ചുപറയാം. ഭാവിയെ കരുതലോടുകൂടി കാണാനോ ലോകത്തെ സൂക്ഷ്മതലത്തിൽ അവലോകനം ചെയ്യാനോ എന്നതിനൊക്കെ ഉപരിയായി, ജീവിക്കുന്ന ചുറ്റുപാടുകളുടെ രാഷ്ട്രീയനിലപാടുകളും ഭൂമിശാസ്ത്രപരവും ശാസ്ത്രപരവും ആയ ഘടകങ്ങളുടെ സാന്നിധ്യവും മനുഷ്യരുടെയും പൊതുസമൂഹത്തിന്റെയും വ്യവസ്ഥാപിതമായ സമസ്യകളെ ആഴത്തിൽ മനസിലാക്കാനും നമ്മെ സഹായിക്കുന്നത് വിവിധ വിഷയങ്ങളിൽ എഴുതപ്പെടുന്ന നോൺ- ഫിക്ഷനുകളാണ്. ഇക്കാലത്ത്, ഏറ്റവും പ്രസക്തമായ സാമൂഹികവിഷയങ്ങളെ എഴുത്തിലൂടെ എങ്ങനെയാണ് പരിചരിക്കുന്നത് എന്ന് തെരയുന്നത് കൗതുകകരം കൂടിയാണ്. സ്വാഭാവികമായും കുടിയേറ്റവും പലായനവുമായി അനുബന്ധിച്ചുള്ള വിഷയങ്ങൾ ഇക്കൂട്ടത്തിൽപ്പെട്ടതിൽ അതിശയമില്ല.

രണ്ട്: ജാതിയുടെയും നിറത്തിന്റെയും അതിരുകൾ

ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവരെ അതിനു പ്രേരിപ്പിക്കുന്നത് പല സംഗതികളാണ്. സാമ്പത്തികമായ അസമത്വവും പരാധീനതകളും അതിജീവനവും കുടിയേറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. എന്നാൽ വിശേഷാവകാശമുള്ളവരുടെ(തദ്ദേശീയരുടെ) കൂട്ടം ഇങ്ങനെ കുടിയേറി വരുന്നവരോട് സൗഹൃദമനോഭാവത്തോടെയല്ല മിക്കവാറും പെരുമാറുന്നത്. പൊതുസമൂഹത്തിന്റെ ഈ അമ്പരിപ്പിക്കുന്ന സ്വഭാവത്തിന്റെ സൈദ്ധാന്തികതലത്തെ പഠിക്കുന്ന പുസ്തകമാണ് പോളിഷ് സാമൂഹികശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ബോമാൻ രചിച്ച Strangers at our Door (2016). രാഷ്ട്രീയവും സ്വാർത്ഥപരവുമായ ലാഭങ്ങൾക്കുവേണ്ടി സദാചാരബോധത്തെ തന്നെ മനഃപൂർവം തകിടം മറിച്ചു കൊണ്ടുള്ള പൊതുസമൂഹത്തെ ഈ പുസ്തകത്തിലൂടെ സിഗ്മണ്ട് ബോമാൻ തുറന്നു കാണിക്കുന്നു. ബോമാൻ ചൂണ്ടിക്കാണിച്ച അസഹിഷ്ണുതയുടെ രൂപ- ഭാവ- ഭേദങ്ങൾ കൃത്യമായി പുനരവതരിപ്പിക്കുന്ന നോൺഫിക്ഷനുകൾ ഗൗരവകരമായ വായന ആവശ്യപ്പെടുന്നു. അതിജീവനത്തിനായി അതിരുകൾ ഭേദിച്ച് വിദേശങ്ങളിൽ എത്തുന്നവരുടെ വ്യഥയെ ആധാരമാക്കിയുള്ള പുസ്തകങ്ങൾ പ്രതിനിധീകരിക്കുന്നത് രാഷ്ട്രീയമായ കൃത്യതക്കുറവുള്ള നിലപാടുകൾക്കെതിരെയാണ്. പുറംദേശങ്ങളിൽ നിന്നെത്തുന്നവരെ അകറ്റി നിർത്തുന്നത് നൈതികതയല്ല എന്ന വിശ്വാസം ഉറപ്പിക്കാനെന്നോണം ധാരാളം നോൺഫിക്ഷനുകൾ ഇതേ വിഷയം ചുറ്റിപ്പറ്റി പ്രസിദ്ധീകരിക്കപ്പെടുന്നു. അരികുജീവിതത്തിന്റെ സങ്കീർണതകളും മുഖ്യധാരാസമൂഹത്തിൽ നിന്ന് വിട്ട് താമസിക്കുന്നവർ അനുഭവിക്കുന്ന വൈഷമ്യങ്ങളും ശക്തമായി ആവിഷ്‌കരിക്കുന്ന ഇത്തരം പുസ്തകങ്ങൾ ശ്രദ്ധേയമാണ്.

സിഗ്മണ്ട് ബോമാൻ / Photo: WIkimedia Commons

2020ൽ പുറത്തിറങ്ങിയ Minor Feelings: An Asian American Reckoning എന്ന പുസ്തകം രചിച്ചിരിക്കുന്നത് കൊറിയക്കാരിയായ Cathy Park Hong ആണ്. മനഃക്ഷോഭവും പിരിമുറുക്കവും കാരണം വിഷാദരോഗത്തിനടിപ്പെട്ട ചികിത്സ തേടുന്ന കൊറിയൻ വംശജയായ Cathy Park Hong ഏഷ്യ- അമേരിക്ക കുടിയേറ്റത്തിന്റെ പരിണതഫലമായ സംഘർഷങ്ങളെ അപഗ്രഥിക്കുന്നു. അമേരിക്കയിലേക്ക് കുടിയേറിയ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന അനേകം പുസ്തകങ്ങളിൽ ഒന്നാണിത്. ഏഷ്യയിൽ നിന്ന് അമേരിക്കയിൽ എത്തിപ്പെട്ടവർക്ക് നേരിടേണ്ടി വരുന്ന വംശീയവിവേചനത്തിന്റെ തീവ്രത കുറഞ്ഞുവെന്ന് ഇന്നും പറയാറായിട്ടില്ല എന്നാണ് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നത്.
യാഥാർഥ്യത്തിന്റെ അംശങ്ങൾ ഒരു ഫിക്ഷനിൽ അവതരിപ്പിക്കുന്നതിനേക്കാൾ തീക്ഷ്ണമെന്നിരിക്കെ, അനുഭവവ്യാഖ്യാനങ്ങൾ ഫിക്ഷന്റെ ചട്ടക്കൂട്ടിൽ മെനഞ്ഞെടുക്കുന്നതിൽ അർത്ഥമില്ല. ചരിത്രത്തിലെ ചില അഭിശപ്തനിമിഷങ്ങളുടെ ഓർമ അലട്ടലായി മാത്രം അവശേഷിക്കുന്നില്ല

എന്നാണ് വെളുത്തവരല്ലാത്തവർ അമേരിക്കയിൽ അനുഭവിക്കുന്ന സ്ഥിതി.

9/11 നു ശേഷം മുസ്‌ലിം നാമധാരികൾക്കും ഏഷ്യൻ വംശജർക്കും സംബോധന ചെയ്യേണ്ടിവരുന്ന കാലുഷ്യങ്ങൾക്ക് കണക്കില്ല. വർണവിവേചനത്തിന്റെ പ്രാകൃതനിയമങ്ങൾ വീണ്ടും കെട്ടുപൊട്ടിച്ചിറങ്ങിയോ എന്ന സംശയം ബലപ്പെടുത്തുന്ന വിധത്തിലാണ് പൊതുസമൂഹത്തിന്റെ വ്യവഹാരങ്ങൾ. അമേരിക്കയിലേക്ക് കുടിയേറിയ ഇതരവംശജരുടെ സാഹചര്യങ്ങളും അവർക്ക് അനുഭവിക്കേണ്ടി വന്ന അപമാനങ്ങളും അധിക്ഷേപങ്ങളും സമാനമാണ്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള കുടിയേറ്റക്കാരുടെ അനുഭവക്കുറിപ്പുകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. വർണവെറിയുടെ കറുത്ത അധ്യായം ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ കലാശിച്ചത് നാം കണ്ടതാണ്. തൊലിയുടെ കറുപ്പും വെളുപ്പുമായുള്ള അന്തരം അമേരിക്കയുടെ വിവിധയിടങ്ങളിൽ സംഘർഷം ജനിപ്പിക്കുന്നതിന്റെ സൂചനകൾ തന്നെയാണ് Isabel Wilkerson എഴുതിയ കഴിഞ്ഞ വർഷത്തെ ശ്രദ്ധേയകൃതിയായ Caste: The Origins of Our Discontents മുന്നോട്ടുവെക്കുന്നത്. ജാതി/നിറം എന്നിവ സൃഷ്ടിക്കുന്ന അതിരുകൾ എത്ര മാത്രം ഭയാശങ്കകളാൽ ഉരുവം കൊള്ളുന്നതാണെന്ന് പല പുസ്തകങ്ങളും സ്ഥാപിക്കുകയാണ്. മനുഷ്യരെ വർഗീകരിക്കുകയും വംശീയതയുടെ അടിസ്ഥാനത്തിൽ വിഭജിക്കുകയും ചെയ്യുന്ന നവലോകവ്യവസ്ഥയിൽ അതിജീവനത്തിനായി യത്‌നിക്കുന്നവരുടെ രാഷ്ട്രീയമൂല്യത്തെ പ്രതിനിധീകരിക്കുന്ന യത്‌നങ്ങളായി ഈ പുസ്തകങ്ങളെ കാണാൻ കഴിയും. തൊലിയുടെ നിറം നിശ്ചയിക്കുന്ന സുരക്ഷിതത്വവും സമാധാനവും എത്രകണ്ട് ശിഥിലമാണെന്ന ചിന്തയാണ് കുടിയേറ്റക്കാരുടെ ജീവിതകഥ സ്ഥാപിക്കുന്നത്.

ഇസബെൽ വിൽകഴ്സൺ / Photo: Wikimedia Commons

പ്രത്യക്ഷത്തിൽ അപരത്വവും പ്രാന്തവൽക്കരണവും സംജാതമാക്കുന്ന തരത്തിലുള്ള വിഭാഗീയതയുടെ ഉള്ളറകൾ വിശദമാക്കുന്നുണ്ട് Caste എന്ന പുസ്തകത്തിൽ. ജാതിയും വംശവും പരസ്പരധാരണയോടെ വ്യവഹാരം ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയുണ്ട്. ഇസബെൽ വിൽക്കഴ്‌സന്റെ നിരീക്ഷണത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ജാതിയുടെ അദൃശ്യവലയത്തിൽ പ്രവർത്തിക്കുന്ന സംവർഗ്ഗമാണ് വംശം (Race). ജാതിയുടെ കാർക്കശ്യവും ദൃഢതയും വംശം/വർഗത്തിനു ഉണ്ടാവണമെന്നില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു. ജാതിയുടെ ഘടനയെ കുറിച്ചുള്ള പഠനത്തിൽ പ്രധാനമായും മൂന്ന് അന്വേഷണങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്. നാസിജർമനിയിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥയും ഇന്ത്യയിലെ ഇപ്പോഴും നിലനിൽക്കുന്ന ജാതിയുടെ ചട്ടക്കൂടും അമേരിക്കയിലെ വംശീയത നിറഞ്ഞ ജാതീയ പരിസരത്തെയാണ് ഇസബെൽ വിശദമായി പഠിക്കുന്നത്. ഭാഷയിൽ വ്യാകരണം എന്നതുപോലെയാണ് ജാതിയുടെ സമവാക്യങ്ങൾ. സംവേദനം ചെയ്യേണ്ടതിന്റെ നിയമസംഹിത വ്യാകരണം പ്രദാനം ചെയ്യുന്നതിന് സമമായി പൊതുസമൂഹത്തിന്റെ അധികാരശ്രേണി ജാതിയിൽ അധിഷ്ഠിതമാണ് എന്ന് ഇസബെൽ പറയുന്നതിനോട് യോജിക്കാതെ നിവൃത്തിയില്ല. ജാതീയതയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന ഒരു സന്ദർഭത്തെ സവിശേഷപൂർവം പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

യു.എസിലെ ആഫ്രിക്കൻ അമേരിക്കൻ വംശജർ നേരിടുന്ന അടിച്ചമർത്തൽ വംശീതയെന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ലെന്ന് പുലിസ്റ്റർ ജേതാവ് ഇസബെൽ CASTE: The Origins of Our Discontents എന്ന പുസ്തകത്തിൽ പറയുന്നു. അമേരിക്കയിലെ ജാതിയുടെ അദൃശ്യവലയത്തിൽ പ്രവർത്തിക്കുന്ന സംവർഗ്ഗമാണ് വംശം എന്ന് വിൽകഴ്സൺ നിരീക്ഷിക്കുന്നു

1959ൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ഇന്ത്യയിലെ സന്ദർശനവുമായി ബന്ധപ്പെട്ടാണിത്. ഒരു തീർത്ഥാടനം പോലെ ഇന്ത്യയിൽ എത്തിയ അദ്ദേഹം അതീവ താല്പര്യത്തോടെ ഇന്ത്യയെ അറിയാൻ ശ്രമിച്ചു. പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം പിന്നാക്കവിഭാഗത്തിൽ പെട്ട ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ഒരു പരിപാടിയിൽ പങ്കെടുത്തു. അദ്ദേഹത്തെ പരിചയപ്പെടുത്തി പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് മാർട്ടിൻ ലൂഥർ കിംഗ് അക്ഷരാർത്ഥത്തിൽ തകർന്നുപോയി. നിങ്ങളെപ്പോലെ തന്നെ അധഃകൃതനായ, അമേരിക്കയിൽ നിന്നുള്ള ഒരാളെയാണ് ഞാൻ ഇവിടെ അവതരിപ്പിക്കുന്നത് എന്നായിരുന്നു പ്രധാനാധ്യാപകൻ പ്രസംഗിച്ചത്. അമേരിക്കൻ നീഗ്രോ എന്ന സ്വത്വബോധത്തെ അടിച്ചമർത്തുന്ന വിധത്തിലുള്ള പെരുമാറ്റം ലഭിച്ച മാർട്ടിൻ ലൂഥർ കിങ്ങിന് താനും അസ്പൃശ്യൻ ആണെന്ന തോന്നൽ ഉണ്ടായിട്ടുണ്ടാവും. ഈ അപമാനം നേരിട്ട അദ്ദേഹം ഒടുവിൽ ഇങ്ങനെ ആത്മഗതം ചെയ്തുവത്രേ: ""ശരിയാണ്. ഞാൻ ഒരു അസ്പൃശ്യനാണ്. നീഗ്രോകൾ അമേരിക്കൻ ഐക്യനാനാടുകളിൽ തൊട്ടുകൂടാത്തവരാണ്.'' ജാതിവ്യവസ്ഥയുടെ മാനങ്ങൾ ഇന്ത്യയിലും അമേരിക്കയിലും ഒരേഭാവം പുലർത്തുന്നത് അദ്ദേഹം കണ്ടറിയുകയായിരുന്നു. ഇതിന്റെ സമകാലികമായ മറ്റൊരു അവസ്ഥയാണ് സൂരജ് യെങ്‌ഡെ Caste Matters എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.

ജാതിയും തൊട്ടുകൂടായ്മയായും ഇന്നലത്തെ അനുഭവങ്ങൾ അല്ലെന്നും അത് യഥാർത്ഥവും ഇന്ന് നടക്കുന്നതുമാണ് എന്നുമാണ് Caste Matters എന്ന സൂരജിന്റെ പുസ്തകം ശക്തമായി സ്ഥാപിക്കുന്നത്.

ജാതി പൂർണമായും ഇല്ലാതാവുന്നത് വരെ ജാതിയുടെ ഇടപെടലുകൾ നേരിട്ടും അല്ലാതെയും തുടർന്ന് കൊണ്ടിരിക്കും എന്ന് സൂരജ് യെങ്‌ഡെ പറയുമ്പോൾ ഇന്നത്തെ സാഹചര്യത്തിൽ അത് തീർച്ചയായും ശരിയാണ്. മഹാരാഷ്ട്രയിൽ ഒരു ദളിത് കുടുംബത്തിൽ ജനിച്ച സൂരജ് ജാതിയുടെ വിവേചനം അനുഭവിച്ചാണ് വളർന്നത്. ഇപ്പോൾ അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആണ്. Caste Matters എന്ന സൂരജിന്റെ പുസ്തകം ജാതിയുടെയും വിവേചനത്തിന്റെയും സമകാലിക അന്തരീക്ഷത്തെ വ്യക്തമായി പഠിക്കുന്നു. വിദേശസ്ഥലങ്ങളിൽ ജാതിയെ കുറിച്ച് സംസാരിക്കുമ്പോളൊക്കെ അദ്ദേഹത്തോട് ആളുകൾ, "ജാതി എങ്ങനെയാണ് തിരിച്ചറിയുക?' എന്ന ചോദ്യമാണ് സൂരജിനോട് ചോദിച്ചിരുന്നത്.

ഡോ. സൂരജ് യെങ്ഡെ / Photo: Wikimedia Commons

ഒരു ദളിത് കോളനിയിൽ, ടൊയോട്ട മിനിബസിന്റെ വലിപ്പമുള്ള മുറിയിൽ അച്ഛനും അമ്മയും സഹോദരങ്ങളും അമ്മൂമ്മയും ഒരു സീറോ വാട്ട് ബൾബിന്റെ പ്രകാശത്തിൽ രാത്രികൾ തള്ളി നീക്കിയിരുന്ന സൂരജിന് ആ ചോദ്യത്തിന്റെ മറുപടി എന്താണെന്ന് കൃത്യമായി അറിയാം. അമ്മൂമ്മ വീട്ടുജോലി ചെയ്തിരുന്ന വീട്ടിൽ, അവർ കഴുകി വൃത്തിയാക്കിയ കക്കൂസിൽ ഒരിക്കൽ മൂത്രമൊഴിച്ചതിനു അയാളും അമ്മൂമ്മയും അപമാനിതരായതിനെ പറ്റി പുസ്തകത്തിൽ പറയുന്നുണ്ട്. അധികാരം ജാതിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്നുള്ള തിരിച്ചറിവ്, ഉടമ-അടിമ ബന്ധത്തിന്റെ ആശാസ്യകരമല്ലാത്ത അടരുകൾ, തൊട്ടുകൂടായ്മയുടെ വൃത്തികെട്ട മുഖം ഇവയെല്ലാം ഒളിപ്പിച്ചുവെച്ചാലും ദൈനംദിന ജീവിതദൃശ്യങ്ങൾ അവ സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു. ദളിതർ നേരിടുന്ന metaphysical futurism സൂരജ് ചൂണ്ടിക്കാണിക്കുന്നു. അതായത് ഭാവിയെ മുൻകൂട്ടിക്കണ്ട് ജീവിതം പരുവപ്പെടുത്തണോ അതോ ചരിത്രത്തിലെ പഴയ കണക്കുപുസ്തകത്തിലെ താളുകളിൽ രേഖപ്പെടുത്തിയതുപോലെ തന്നെ ജീവിക്കണോ എന്ന സന്ദേഹമാണ് അവർക്ക് മുന്നിലുള്ളതെന്നു സൂരജ് വിരൽചൂണ്ടുന്നു. ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന ‘പ്രതീക്ഷകൾ' ദളിതരുടെ വിവേചനത്തിന്റെ മോചനമായി വർത്തിക്കുന്നില്ല.

2006ൽ നാഗ്പൂരിന് അടുത്ത് സുരേഖ ഭോത്മംഗേ എന്ന നാല്പതുകാരിയായ ദളിത് സ്ത്രീയെയും പതിനേഴുകാരിയായ അവരുടെ മകളെയും പട്ടാപ്പകൽ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും പുറംലോകം അത് വേണ്ടവിധം അറിയാത്തതും പ്രതികരിക്കാത്തതും സൂരജ് അപലപിക്കുന്നു. ജാതിയും തൊട്ടുകൂടായ്മയായും ഇന്നലത്തെ അനുഭവങ്ങൾ അല്ലെന്നും അത് യഥാർത്ഥവും ഇന്ന് നടക്കുന്നതുമാണ് എന്നുമാണ് എഴുത്തുകാരൻ ശക്തമായി സ്ഥാപിക്കുന്നത്. Being a Dalit എന്ന ഒന്നാമത്തെ അധ്യായത്തിൽ സാമൂഹികവും ആത്മീയവും മാനസികവുമായ മരണഭീതിയെ മറികടന്നുകൊണ്ട് മുന്നോട്ടു പോകുന്ന ദളിതരുടെ ആത്മവിശ്വാസത്തെയാണ് വിവരിക്കുന്നത്. ഉടമ-അടിമ ബന്ധത്തിന്റെ രീതിശാസ്ത്രം ജാതികളിൽ പകർന്നാട്ടം നടത്തുന്നതിനെ കുറിച്ചാണ് രണ്ടാം അധ്യായം. ജാതി, അടിച്ചമർത്തൽ, വെല്ലുവിളികൾ, നീതി എന്നിങ്ങനെയുള്ള ഘടകങ്ങളിലൂടെയുള്ള വിവിധതരം ദളിതത്വത്തെ പറ്റിയാണ് അടുത്ത അധ്യായം. ദളിത് മധ്യവർഗ്ഗത്തെ കുറിച്ചും അവരുടെ ചിന്തകളെ കുറിച്ചുമാണ് വേറൊരു അധ്യായം. ഒരു തൊഴിലാളിക്ക് ഉണ്ടാവുന്ന മൂല്യം ദളിതന് ഉണ്ടാവുന്നില്ല എന്നും മൂലധനവ്യവസ്ഥയിൽ ദളിതന്റെ ചിത്രത്തിന് അപഭ്രംശം സംഭവിക്കുന്നുവെന്നോ എന്ന് പരിശോധിക്കുന്നതാണ് ഈ പുസ്തകത്തിലെ Dalit Capitalism എന്ന അധ്യായം. ഏറ്റവും അവസാനത്തെ അധ്യായം പ്രധാനപ്പെട്ടതാണ് (Brahmins against Brahminism). ഇന്ത്യയിൽ ബ്രാഹ്‌മണന്മാരാണ് ജാതിവ്യവസ്ഥ നിലനിർത്തുന്നതെന്ന വാദം ഇതിൽ ഉന്നയിക്കക്കപ്പെടുന്നു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വരേണ്യവ്യവസ്ഥയുടെ കാവലാളുകൾ അധികാരവർഗവുമായി കൈകോർത്തുനിൽക്കുന്നതിന്റെ കാഴ്ചയാണ് ജാതിയിൽ അധിഷ്ഠിതമായ വിഭാഗങ്ങൾ സൃഷ്ടിച്ചത് എന്ന് ഇവിടെ വിശദീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ജാതീയമായ ഭിന്നത ബഹുവിധത്തിൽ നടമാടുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് മേൽസൂചിപ്പിച്ച പുസ്തകങ്ങളിൽ വിശദീകരിക്കുന്നത്.

ജനാധിപത്യമെന്ന രീതിയെ പാടെ മറന്ന് ഫാഷിസത്തിന്റെ വിത്തുകൾ പാകിയ ചരിത്രത്തിന്റെ നാൾവഴികൾ ശ്രദ്ധാപൂർവം അവതരിപ്പിക്കുന്ന കൃതികളുടെ പ്രസക്തി കൂടി വരികയാണ്.

മൂന്ന്: ഫാസിസത്തിന്റെ വിത്തുകൾ

ഓർമയുടെ വ്യവഹാരങ്ങൾ രാഷ്ട്രീയമായി പരിണമിക്കുന്നത് വ്യക്തിഗത ചിത്രങ്ങൾ പൊതു സാമൂഹിക കാഴ്ചപ്പാടുകളിൽ സന്നിവേശിക്കുമ്പോഴാണ്. ഓർമയുടെ പ്രാഥമികവും ദ്വിതീയവുമായ തലത്തിലുള്ള അടരുകൾ ഒരുപാടുകാലം ചേർത്തുവെച്ചതിനു ശേഷം സ്വയംപ്രവർത്തിത ക്രമീകരണമെന്ന പോലെ രൂപം കൊള്ളുന്ന ഓർമയെഴുത്തിനെ ശക്തമായ രാഷ്ട്രീയപ്രമാണം പോലെ കരുതണം. ഓർമ എന്നത് സ്വകീയമായ വിഷയം എന്നതിലുപരിയായി സ്വതന്ത്രമായ വീക്ഷണങ്ങളുള്ള ആസ്തി ആവുകയാണ്. രാഷ്ട്രത്തലവന്മാരുടെയും സ്വാതന്ത്ര്യ/പുരോഗമനാശയ പ്രവർത്തകരുടെയും സാധാരണക്കാരുടെയും ആത്മകഥാപരമായ പുസ്തകങ്ങൾ. ഹോളോകോസ്റ്റിന്റെയും ഗുലാഗിന്റെയും മറ്റും തീവ്രാനുഭവങ്ങളെ ആവിഷ്‌കരിക്കുന്ന പുസ്തകങ്ങൾ രാഷ്ട്രീയ ഡോക്യുമെന്റുകൾ കൂടെയാണ്. ഇരകളുടെ അനുഭവങ്ങളിലൂടെയും രാഷ്ട്രീയസിദ്ധാന്തങ്ങളുടെ സഹായത്തോടെയും പ്രായോഗികദർശനങ്ങളുടെ ഊന്നലോടെയും ഏകാധിപതിയുടെ ക്രൂരതകളെ വെളിച്ചത്ത് കൊണ്ടുവരുന്ന ജീവിതചരിത്രങ്ങൾ വേറിട്ടുനിൽക്കുന്നു. ജനാധിപത്യമെന്ന രീതിയെ പാടെ മറന്ന് ഫാഷിസത്തിന്റെ വിത്തുകൾ പാകിയ ചരിത്രത്തിന്റെ നാൾവഴികൾ ശ്രദ്ധാപൂർവം അവതരിപ്പിക്കുന്ന കൃതികളുടെ പ്രസക്തി കൂടിവരികയാണ്. പ്രത്യക്ഷവും പരോക്ഷവുമായ അനുഭവതലങ്ങൾ, ചരിത്രത്തിന്റെ ഇന്നലെകളും ഇന്നും, മനുഷ്യരുടെ അവസ്ഥകളെ സ്വത്വപരമായ പ്രതിസന്ധികളുമായി കൂട്ടിവായിക്കൽ എന്നിങ്ങനെയുള്ള അടുക്കുകളിലൂടെ ദുരന്തങ്ങളെ പുനഃനിർമിക്കുകയും വിശകലനം ചെയ്യുകയുമാണ് അത്തരം കൃതികളിൽ.

ജനാധിപത്യധ്വംസനങ്ങളെയും ഹിറ്റ്‌ലറുടെ നികൃഷ്ട പ്രവൃത്തികളെയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ് Benjamin Carter Hett എഴുതിയ The Death of Democracy: Hitler's Rise to Power and the Downfall of the Weimar Republic / Photo: Wikimedia Commons

Benjamin Carter Hett എഴുതിയ The Death of Democracy: Hitler's Rise to Power and the Downfall of the Weimar Republic ജനാധിപത്യധ്വംസനത്തിന്റെയും ഹിറ്റ്‌ലറുടെ നികൃഷ്ട പ്രവൃത്തികളെയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതിയാണ്. 2018ൽ പ്രസിദ്ധീകൃതമായ ഈ പുസ്തകം, സമകാലത്തും ഹോളോകോസ്റ്റിന്റെ ക്രൂരതകളെ സംബന്ധിച്ച എഴുത്തുകളിൽ എഴുത്തുകാർക്കും വായനക്കാർക്കും താത്പര്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. കെട്ടകാലത്തെ വിറങ്ങലിച്ച സ്മരണകളെയും ഇടപഴക്കങ്ങളെയും ഉറ്റുനോക്കിക്കൊണ്ട് പ്രത്യയശാസ്ത്രങ്ങളുടെ അപചയത്തെ ആഴത്തിൽ പരിശോധിക്കാൻ ഇവ്വിധം സാധിക്കും.
നോൺഫിക്ഷനുകളുടെ വായനയിൽ (വിൽപ്പനയിലും) ഓർമയെഴുത്തുകൾക്ക് കൈവന്ന വർധിച്ച പ്രചാരം എടുത്തുപറയണം. ഫിക്ഷനെന്ന പോലെ അവ വായിച്ചുപോകാമെന്നും അതോടൊപ്പം അവയിൽ അന്തർലീനമായ രാഷ്ട്രീയ വകതിരിവുകളുടെ സത്യസന്ധമായി തെളിഞ്ഞുനിൽക്കുന്നുവെന്നും ഇതിനുള്ള കാരണങ്ങളാവാം.

എഴുത്തുകാരുടെ ഓർമകൾ രാഷ്ട്രങ്ങളുടെ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും സ്വകാര്യചരിത്രങ്ങൾ കൂടെയാണ്. ഓർമകളെ മനഃപൂർവം മായ്ചുകളയുന്നത് നീതിയല്ല. ഓർമകളെ മടക്കിക്കൊണ്ടു വരാൻ പുസ്തകങ്ങളിലൂടെ ശ്രമിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഇരുൾ മൂടിയ യാഥാർഥ്യങ്ങൾക്ക് പ്രകാശം കൊടുക്കുകയാണ്. വിഖ്യാത ജർമൻ എഴുത്തുകാരനായ ഡബ്ലിയു.ജി. സെബാൾഡ് നോവലുകളിലൂടെ നിർവഹിച്ചത് ഈ ഒരു കർമമാണ്. തന്റെ അടുത്ത ബന്ധുവിന്റെ മരണത്തിനു ശേഷം അവരുടെ സ്വകാര്യമായ ഓർമകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരിയെയാണ് In Memory of Memory ൽ കാണാൻ സാധിക്കുന്നത്. മരിയ സ്റ്റെപ്പനോവയുടെ ഈ പുസ്തകത്തെ ഫിക്ഷനായി കണക്കാക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ ഓർമകളെ അടുക്കുകകളായി വെച്ചിരിക്കുന്ന കൂമ്പാരമാണിത്. അതുവഴി സ്റ്റാലിന്റെ റഷ്യയിലെ ഉപജാപങ്ങളിലേക്ക് ചൂണ്ടുവിരൽ നീട്ടുന്നു. ഫോട്ടോഗ്രാഫുകളിലൂടെയും പോസ്റ്റുകാർഡുകളിലൂടെയും ഓർമകളെ പ്രതിഫലിപ്പിക്കുന്ന ആഖ്യാനമാണ് മരിയ സ്റ്റെപ്പനോവയുടേത്. ഓർമയെ രൂപകമാക്കുകയോ എഴുത്തിനുള്ള കരുവാക്കുകയോ ചെയ്തുകൊണ്ടുള്ള രചനാരീതി ഒട്ടൊക്കെ പഴയതാണെങ്കിലും ‘ഓർമ'യെ ഉദ്ദീപിപ്പിക്കാൻ ആഖ്യാനത്തിൽ സ്വീകരിക്കുന്ന അച്ചിനാണ് (Template) ഇവിടെ പ്രാധാന്യം.

നിക്ഷിപ്തതാല്പര്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി അധികാരവർഗം ജനങ്ങളെ ദ്രോഹിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ലോകമെമ്പാടും കാണാം. സങ്കൽപ്പത്തിൽ അല്ലാതെ യഥാർത്ഥത്തിൽ തഴയ്​ക്കപ്പെട്ട സമാനമുഹൂർത്തങ്ങളെ നോൺഫിക്ഷനുകളിൽ കൂടുതൽ തീവ്രമായി പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നു.

വ്യക്തികളുടെ ഓർമയിൽ നിന്ന്​ ചരിത്രം നിർമിക്കപ്പെടുന്നതിനെ കുറിച്ചാണ് 2015ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ച് എഴുതിയിട്ടുള്ളത്. സാധാരണക്കാർ കണ്ട ക്രൂരതയുടെ മുഖം അവർ തന്നെ നേരിട്ടുപറയുന്ന വിധത്തിലാണ് സ്വെറ്റ്‌ലാനയുടെ Second Hand Time എന്ന കൃതിയുടെ ഘടന. നേരിട്ട് തിക്തതകൾ അനുഭവിച്ചവരുടെ കാഴ്ചകളും പുറത്തുനിന്നു അത് പഠിക്കുന്നവരുടെ വീക്ഷണവയും തമ്മിലുള്ള വ്യതിരിക്തതയെ പറ്റി അവർ ബോധവതിയത്രേ. വൈകാരികമായ ഓർമകളുടെ ശേഖരമാവുന്ന ഈ പുസ്തകം യുദ്ധത്തിന്റെ അനന്തരഫലത്തെ വസ്തുനിഷ്ഠമായി വിവരിക്കുന്നു. ഈ പുസ്തകത്തിലൊരിടത്ത് ഒരു സ്ത്രീ ഇങ്ങനെ പറയുന്നുണ്ട്. ‘ഒരുപാട് കാര്യങ്ങൾ ഞാൻ ഓർക്കുന്നില്ല. ഞാൻ അവ ഓർക്കാനും ആഗ്രഹിക്കുന്നില്ല.അറിയാത്തതായ പല പേടിപ്പെടുത്തുന്ന സംഗതികളും ഉണ്ടാകാം. അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും ഒരു ടോർച്ച് കയ്യിൽ കരുതാറുണ്ട്'.

സോവിയറ്റ് യൂണിയന്റെ പതനത്തെ, 'നോവൽ ഇൻ വോയിസസ്' എന്ന തന്റെ ആഖ്യാന രീതി ഉപയോഗിച്ച്, ജനങ്ങളുടെ വിവരണങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയാണ് നോബേൽ ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ച് second hand time-ലൂടെ / Photo: Wikimedia Commons

ഓർമയുടെ ഭീകരതയെ സൂചിപ്പിക്കുന്ന ഈ വാക്യം മനുഷ്യർ കടന്നുപോകുന്ന ദുരിതപർവത്തെ അടയാളപ്പെടുത്തുകയാണ്. അധികാരത്തിന്റെ ചിഹ്നങ്ങളെയും പീഡനത്തിന്റെ വേദനയെയും ആവാഹിക്കുന്ന രൂപകമായി ഓർമ പരിണമിക്കുകയും കാലങ്ങൾ കഴിഞ്ഞിട്ടും വ്യക്തികൾക്കും സമൂഹത്തിനും അത് പേടിസ്വപ്നമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നിക്ഷിപ്തതാല്പര്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി അധികാരവർഗം ജനങ്ങളെ ദ്രോഹിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ലോകമെമ്പാടും കാണാം. അങ്ങനെയുള്ള സാഹചര്യങ്ങളെ ലോകത്തിന്റെ നാനാവിധം ഭാഷകളിൽ നിന്നുള്ള നോവലുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ സങ്കൽപ്പത്തിൽ അല്ലാതെ യഥാർത്ഥത്തിൽ തഴയ്​ക്കപ്പെട്ട സമാനമുഹൂർത്തങ്ങളെ നോൺഫിക്ഷനുകളിൽ കൂടുതൽ തീവ്രമായി പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നു. സഹജമായ താൽപര്യത്തോടെ അത്തരം കൃതികൾ വായിക്കാനുള്ള ചായ്​വ്​, സമകാലത്ത് പ്രകടവുമാണ്. തുർക്കിയിലെ എഴുത്തുകാരനും പത്രപ്രവർത്തകനും ഭരണകൂടത്തിന്റെ കണ്ണിലെ കരടുമായ അഹ്‌മെത് അൽത്താനെ തടവറയിൽ പാർപ്പിച്ചത് നാലുകൊല്ലത്തിനു മുകളിലാണ്: ""ഞാൻ എഴുന്നേറ്റു. വാതിൽമണി മുഴങ്ങിക്കൊണ്ടിരുന്നു. എന്റെ അടുത്തുള്ള ഡിജിറ്റൽ ക്ലോക്കിൽ ഞാൻ നോക്കി. അക്കങ്ങൾ മിന്നിക്കൊണ്ടിരുന്നു. സമയം രാവിലെ 5:42 am. അത് പൊലീസാണ്. ഈ രാജ്യത്തെ എല്ലാ വിമതരെപ്പോലെ ഞാനും ഉറങ്ങാൻ പോകുന്നത് അതിരാവിലെ പൊലീസിന്റെ വിളി ഉണ്ടാകുമെന്നു കരുതിത്തന്നെയാണ്. അങ്ങനൊരു ദിവസം എത്തിച്ചേരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ ദിവസവും വന്നെത്തി.''

അഹ്‌മെത് അൽത്താൻ

അഹ്‌മെത് എഴുതിയ അനുഭവക്കുറിപ്പായ I Will Never See the World Again ആരംഭിക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം ജയിൽമോചിതനായ അഹ്‌മെത് ചെയ്ത കുറ്റം ഏകാധിപത്യത്തിന്റെ പാതയിലൂടെ ചരിക്കുന്ന ഏതൊരു ഭരണകൂടവും വിമതവർഗത്തിനെതിരെ കെട്ടിച്ചമയ്ക്കുന്ന കുറ്റങ്ങൾ മാത്രമാണ്. കൃത്യം നാല്പത്തിനാലുവർഷം മുമ്പ് അഹ്‌മെതിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതും ഇതേപോലൊരു പ്രഭാതത്തിലായിരുന്നു. ഫാസിസത്തിനെതിരെ പൊരുതുന്നവരെ പീഡിപ്പിക്കുക എന്ന നയം രാഷ്ട്രഭേദമെന്യേ ഭരണകൂടങ്ങളുടെ രീതിയായിത്തീർന്നു. മ്യാൻമാറിലും തുർക്കിയിലും സിറിയയിലും സ്ഥിതിഗതികൾ ഒരേപോലെയാണെന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അധികാരത്തിന്റെ തുറസ്സിൽ അവഗണനകൾ ഏറ്റുവാങ്ങേണ്ടി വരുന്നവരുടെ അനുഭവങ്ങളുടെ ചിത്രീകരണം കൂടുതൽ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ഒരുപക്ഷെ എഴുതാൻ വിട്ടുപോയ ഭാഗമുണ്ടെങ്കിൽ പൂരിപ്പിക്കാൻ വായനക്കാർക്ക് സാധിക്കുന്നവിധത്തിൽ സാദൃശ്യമുള്ള രംഗങ്ങളാണ് പലയിടത്തും നടമാടുന്നത്.

നാല്: രേഖകളില്ലാത്ത കുടിയേറ്റക്കാർ

അഭയാർത്ഥികൾ അപരരാവുന്ന ചുറ്റുപാട് സാർവലൗകികമാണ്. സ്വന്തം രാജ്യത്തെ മണ്ണിലുറച്ചുനിൽക്കാൻ സമ്മതിക്കാതെ കരയും കടലും വിട്ടോടേണ്ടി വരുന്നവരുടെ സുരക്ഷാമതിലുകൾ കെട്ടിയുയർത്തേണ്ട ഉത്തരവാദിത്തം ആരും സ്വമേധയാ എടുത്തില്ലെങ്കിൽ അപരത്വത്തമെന്ന തീരാശാപവും പേറി അഭയാർത്ഥികൾ നടക്കേണ്ടിവരും. പൂർവകാല ജീവിതം ബോസ്‌നിയയിലെ സരയേവൊയിലും യുദ്ധത്തെ തുടർന്ന് അവിടെ നിന്ന് പലായനം ചെയ്യേണ്ടി വരുകയും ചെയ്ത അലക്സാണ്ടർ ഹെമോന്റെ ഓർമകൾ The Book of my Lives ൽ നിറഞ്ഞുനിൽക്കുന്നു. കുഞ്ഞുന്നാളിൽ കൂട്ടുകാരന്റെ പിറന്നാൾ പാർട്ടിക്ക് പോയ ഒരു സന്ദർഭം എഴുത്തുകാരൻ ഓർമിച്ചെടുക്കുന്നുണ്ട്. അതുവരെ കാണാത്ത തരത്തിൽ, മൃദുവായ രോമക്കുപ്പായമൊക്കെ അണിഞ്ഞുകൊണ്ടു നിൽക്കുന്ന ചങ്ങാതിയോട് എവിടെനിന്നു വാങ്ങിയാണ് ആ കുപ്പായം എന്ന് ഹെമോൻ ചോദിക്കുന്നു. തുർക്കിയിൽ നിന്നാണ് എന്ന മറുപടി കേട്ടപാടെ ‘അപ്പോൾ നീ ഒരു തുർക്കിക്കാരനാണ് അല്ലെ?' എന്ന് നിഷ്‌കളങ്കമായി ചോദിക്കുന്ന ഹെമോൻ ആഘോഷരാവിനെ മ്ലാനമാക്കുകയാണ്. ബോസ്‌നിയയിലെ മുസ്​ലിംകളെ സംബന്ധിച്ച്​ തുർക്കിക്കാർ എന്ന സംബോധന വംശീയം അധിക്ഷേപമാണ് എന്ന് അയാൾക്ക് മനസിലായത് പിന്നീടാണ്. നിങ്ങൾ ഒരാളെ അപരനായി കാണുന്നമാത്രയിൽ സ്വയം അപരനാകുകയാണ് എന്ന ലളിതയുക്തി ഗ്രഹിക്കുന്ന എഴുത്തുകാരൻ ഇവിടത്തെ ഞങ്ങളും(Us- Here) അവിടത്തെ ഞങ്ങളും (Us-There) എന്ന മൗലികവ്യത്യാസത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇവിടെയുള്ള ‘ഞങ്ങൾ' എന്ന വിഭാഗം, ഇപ്പോഴത്തെ ‘ഞങ്ങളെ' ഭൂതകാലത്തെ ‘ഞങ്ങളു'മായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമം തുടരുന്നത് പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കുകയാണ്.

ഇക്വഡോറിൽ നിന്ന് നാലുവയസ്സായപ്പോൾ അമേരിക്കയിൽ എത്തി, രേഖകളില്ലാത്ത കുടിയേറ്റക്കാരിയായിത്തന്നെ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം എടുത്ത Karla Cornejo Villavicencio എഴുതിയ തന്റെ അനുഭവപാഠങ്ങളുടെ പുസ്തകമാണ് The Undocumented Americans

സോഷ്യൽ സെക്യൂരിറ്റി നമ്പർ ഇല്ലാതെ അമേരിക്കയിൽ ജീവിക്കേണ്ടി വരുന്ന കുടിയേറ്റക്കാരുടെ അങ്കലാപ്പുകൾ പറയുകവയ്യ. ഇക്വേഡോറിൽ നിന്ന് നാലു വയസ്സായപ്പോൾ അമേരിക്കയിൽ എത്തിച്ചേർന്ന Karla Cornejo Villavicencio ഹാർവാർഡ് സർവകലാശാലയിലെ തന്നെ ആദ്യത്തെ രേഖകളില്ലാത്ത കുടിയേറ്റക്കാരിയായ ബിരുദധാരിയാവണം. അവർ എഴുതിയ അനുഭവപാഠങ്ങളുടെ പുസ്തകമാണ് The Undocumented Americans. മാനസികമായ അല്ലലുകളും ആഘാതങ്ങളും സഹിച്ച്​ അമേരിക്കയിൽ അതിജീവനം ചെയ്യുന്ന കാർല കുടിയേറ്റക്കാരായ കുഞ്ഞുങ്ങളുടെ പ്രതിസന്ധികൾ അവരുടെ മാതാപിതാക്കൾക്ക് കൂടെ ബാധകമാണെന്ന് വിശ്വസിക്കുന്നു. 2016ലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനെ തുടർന്ന് ട്രംപ് വിജയിയാവുമെന്നു ഏതാണ്ട് ഉറപ്പിച്ച സമയത്ത് അനധികൃതയായി വസിക്കുന്ന കാർലയെ അറിയുന്നവരും പരിചയക്കാരും വലിയ സമ്മർദം ചെലുത്തി. They're trying to Anne Frank me എന്നാണ് ഇതിനെ കാർല വിശേഷിപ്പിച്ചത്.

ഇറാനിലെ വിപ്ലവത്തീയിൽ നിന്ന് ലോസ്ഏഞ്ചൽസിലേക്ക് ഓടിരക്ഷപ്പെട്ട (പൊറൊചിസ്റ്റ ഖാക്‌പോർ) Porochista Khakpour നു നഷ്ടമായതാകട്ടെ
‘പേർഷ്യ'ക്കാരി എന്ന സ്വത്വമായിരുന്നു. ‘എന്താണ് പേർഷ്യൻ? നിങ്ങൾ ഇറാനിൽ നിന്നുള്ള ആളല്ലേ?' എന്ന ‘ശ്രുതിമധുര'മായ ചോദ്യത്തിന് മുന്നിൽ വേരുകൾ വെട്ടിമാറ്റപ്പെടുന്ന ദുരന്തത്തിലേക്ക് പതിക്കുന്ന ഈ എഴുത്തുകാരിയെയായാണ് Brown Album എന്ന ഗ്രന്ഥത്തിൽ വായിക്കാൻ പറ്റുന്നത്.

പൊറൊചിസ്റ്റ ഖാക്‌പോർ

കുടിയേറ്റത്തിന്റെ ചരിത്രത്തിനു കാലങ്ങളുടെ പഴക്കം ഉണ്ടെങ്കിലും അതിന്റെ രാഷ്ട്രീയമാനങ്ങളുടെയും സ്ഥാനചലനങ്ങളുടെയും സ്വാർഥതാല്പര്യങ്ങളുടെയും അദ്ധ്യായങ്ങൾ അന്നും ഇന്നും നിലനിൽക്കുന്നത് ഒരേദിശയിലാണെന്നു പറയാനാവില്ല. എന്നാൽ ഈ വിഷയത്തിൽ എഴുതപ്പെടുന്ന ഫിക്ഷൻ/ നോൺ-ഫിക്ഷൻ പുസ്തകങ്ങൾ പ്രാധാന്യം നേടുകയാണ്. ഭവനരഹിതരെ സൃഷ്ടിച്ച, കിരാതവാഴ്ചയുടെ സംസ്‌കാരം വാഴുന്ന നാളുകളിൽ കലാകാരന്മാർ സ്വയം അലഞ്ഞുതിരിയുന്നവരായിത്തീരുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്ന ഈയിടെ അന്തരിച്ച സാഹിത്യനിരൂപകൻ ജോർജ് സ്‌റ്റൈനെറുടെ നിരീക്ഷണം അങ്ങേയറ്റം ശരിയായിത്തീർന്നു. എല്ലാ മേഖലയിലുമുള്ള പാശ്ചാത്യസാഹിത്യം ‘പ്രാദേശികത'യുമായി യാതൊരു ബന്ധവുമില്ലാത്തതായി മാറിയെന്നും അദ്ദേഹം പറയുന്നു. പ്രാദേശികവികാരങ്ങളെ മറന്നുകൊണ്ട് പലായനത്തിന് ഒരുംപെടേണ്ടി വരുന്നവരെ എണ്ണമറ്റ മനുഷ്യരുടേതാണ് സമകാലലോകം. പലായനത്തിന്റെ കാലുഷ്യങ്ങളെ കുറിച്ച് ആഴത്തിൽ അപഗ്രഥനം നടത്തിയ എഡ്വാർഡ് സൈദ് മുന്നോട്ടുവെയ്ക്കുന്ന ഒരു വാദത്തെ ഇവിടെ സൂചിപ്പിക്കാമെന്നുതോന്നുന്നു. ഭിന്നിച്ചു ചിതറിയ ജനതയാണ് ദേശീയത എന്ന ആശയത്തിനു പലപ്പോഴും തിരി കൊളുത്തുന്നത്. ഒരിക്കൽ പല വഴിക്കായ ജനങ്ങൾ, പിന്നീട് ഐക്യപ്പെടുന്നതിന്റെ ഫലമായാണ് അമേരിക്കയിലെ സ്വാതന്ത്ര്യവും, ജർമനിയുടെയും ഇറ്റലിയുടെയും ഏകീകരണവും എല്ലാം ഇങ്ങനെ സംഭവിച്ചതാണ്. എന്നാൽ മുറിഞ്ഞുപോയ ജീവിതബന്ധങ്ങളുമായി പലായനം ചെയ്യുന്നവർക്ക് ഭൂതകാലത്തെ മറന്നുകൊണ്ട് ഭാവി സ്വപ്നം കാണാൻ പോലും സാധിക്കുന്നില്ല. തേജസില്ലാത്ത ഛായാപടത്തിലെ നിറമില്ലാത്ത ചിത്രങ്ങൾപോലെയാണ് അവരുടെ അവസ്ഥ.

ബഹിഷ്‌കൃതരുടെ ഭൂപടവും അധികാരം കയ്യാളുന്നവരുടെ ഭൂപടവും തമ്മിലുള്ള അന്തരം മായ്ക്കാനും മാറ്റിവരയ്ക്കാനും പ്രയാസമാണ്.

അഭയാർത്ഥികളും കുടിയേറ്റക്കാരും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒറ്റനോട്ടത്തിൽ ഒരേ തരത്തിലുള്ള അർത്ഥമാണ് പ്രകാശിപ്പിക്കുന്നതെങ്കിലും അവകാശങ്ങളുടെ കാര്യത്തിൽ രണ്ടുകൂട്ടർക്കും തമ്മിൽ കാതലായ അന്തരമുണ്ട്. നുഴഞ്ഞുകയറ്റക്കാരായും ‘അനൗദ്യോഗിക' പൗരരായും കണക്കാക്കിക്കൊണ്ട് കുടിയേറ്റക്കാരുടെ രേഖകൾ ചില ഘട്ടങ്ങളിൽ അസാധുവാക്കപ്പെടുന്നു. മുതിർന്നവർക്ക് രാഷ്ട്രീയാഭയം നൽകുകയും കൂടെയുള്ള കുട്ടികളെ മറ്റൊരിടത്ത് പാർപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അമേരിക്കയുടെയും -മെക്‌സിക്കോയുടെയും അതിർത്തികളിൽ സ്ഥിരം നടന്നുവരുന്നത്. അച്ഛനും അമ്മയും ഒരിടത്തും മകനോ മകളോ ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള ക്യാംപിലുമാവും വസിക്കേണ്ടി വരികയെന്നത് കഷ്ടമാണ്. മാത്രമല്ല, കാണാതാവുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. വേലിക്കെട്ടുകൾ ഭേദിച്ചുകൊണ്ട് അന്യരാജ്യത്തെത്തുന്നവർക്ക് അവിടം ‘വാഗ്ദത്തഭൂമി' ആവണമെന്നില്ല.

ടെക്‌സാസിലെ മകല്ലെൻ ഡിറ്റൻഷൻ ഫെസിലിറ്റിയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ / Photo: Wikimedia Commons

യൂറോപ്പിലെ പല രാഷ്ട്രങ്ങളും കുടിയേറ്റത്തിനെതിരെ കർശനമായ നിലപാടാണ് എടുത്തിരിക്കുന്നത്. ഹംഗറി, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ നയങ്ങൾ പൂർണമായും കുടിയേറ്റത്തിനു എതിരെയാണെന്നു തോന്നത്തക്ക വിധത്തിലാണ് രൂപീകരിക്കുന്നത്. ബഹിഷ്‌കൃതരുടെ ഭൂപടവും അധികാരം കയ്യാളുന്നവരുടെ ഭൂപടവും തമ്മിലുള്ള അന്തരം മായ്ക്കാനും മാറ്റിവരയ്ക്കാനും പ്രയാസമാണ്. ഇന്നത്തെ വികസിതരാഷ്ട്രങ്ങളിൽ മിക്കതും വലിയതോതിൽ അധിനിവേശം നടത്തിയിരുന്നു. ഒരുകാലത്തു കോളനികളായിരുന്ന രാജ്യങ്ങളിലെ ആളുകൾ അധിനിവേശം ചെയ്ത് സമ്പദ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് പതിവുകാഴ്ചയായിത്തീർന്നു. കോളനികളിലെ പരിസ്ഥിതിയെയും ജനതയെയും എല്ലാത്തരത്തിലും ചൂഷണം ചെയ്തുജീവിച്ച അധിനിവേശശക്തികളുടെ അതിർത്തികൾ നേരായ വഴിക്കും അല്ലാതെയും ഭേദിക്കാനുള്ള ശ്രമങ്ങൾക്ക് "പഴയ' കോളനിവാസികളിൽ പലരും മുൻകൈ എടുക്കാറുണ്ട്.

ലോകജനതയുടെ 3.4% ജനങ്ങൾ താമസിക്കുന്നത് അവരുടേതല്ലാത്ത രാജ്യങ്ങളിലാണ് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത് അനുദിനം വർധിച്ചുകൊണ്ടിരിക്കുകയും സമകാലത്തെ വലിയ കുടിയേറ്റങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിർവചിക്കുന്ന പ്രതിഭാസമായി മാറിയേക്കാനും സാധ്യതയുണ്ട്. ചില രാജ്യങ്ങൾക്കിടയിൽ നിർമിക്കപ്പെട്ട യഥാർത്ഥവും എന്നാൽ മറ്റു പലയിടങ്ങളിലുമുള്ള അദൃശ്യവുമായ മതിലുകൾ ഈ പലായനത്തെ ഇല്ലാതാക്കുന്നില്ല. അമേരിക്കയുടെയും മെക്‌സിക്കോയുടെയും അതിർത്തികൾ വേർതിരിച്ചുകൊണ്ടുള്ള രണ്ടായിരം മൈൽ നീളുന്ന വേലിക്കെട്ടിൽ, പസിഫിക്ക് സമുദ്രത്തോട് ചേർന്ന് സാൻഡിയാഗോയ്ക്കും റ്റിജുവാനയ്ക്കും ഇടയിലുള്ള ഒരു ചെറിയ സ്ഥലത്ത് ഒരു ‘സൗഹൃദപാർക്ക്' സ്ഥാപിച്ചിട്ടുണ്ട്. അനൗദ്യോഗിക രേഖകളുമായി അമേരിക്കയിലേക്ക് നുഴഞ്ഞുകയറി, അധികൃതരുടെ പിടിയിലായവർക്ക് ഉറ്റവരെ കാണുന്നതിനുള്ള സൗകര്യം സൃഷ്ടിക്കാനായിരുന്നു ഈ പാർക്ക് സ്ഥാപിച്ചത്.

'ഈ ഭാഗത്തും സ്വപ്‌നങ്ങളുണ്ട്.' യു.എസ്-മെക്‌സിക്കോ അതിർത്തിയിലെ ഫ്രണ്ട്ഷിപ് പാർക്കിൻറെ ഭാഗം / Photo: Wikimedia Commons

1971-ൽ നിലവിൽ വന്ന ഈ പാർക്കിന്റെ നിയമാവലിയിൽ പിന്നീടുള്ള അമേരിക്കയിലെ ഭരണകൂടങ്ങൾ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. 2009-ൽ ബാരക് ഒബാമ അമേരിക്കയുടെ വശങ്ങളിലൂടെയുള്ള പ്രവേശനാനുമതി എടുത്തുകളഞ്ഞു. അതിനുശേഷം 2012-ൽ രണ്ടാമതൊരു വേലിക്കെട്ടു കൂടി ഇരുരാജ്യങ്ങൾക്കും മധ്യേ നിർമിക്കുകയും ചെയ്തു. പാർക്കിലെ വാതിലിലൂടെ രണ്ടുവശങ്ങളിൽ നിൽക്കുന്നവർക്ക് ആലിംഗനം ചെയ്യാനും കഴിഞ്ഞിരുന്നു. പരമാവധി മൂന്നുമിനുട്ടാണ് ആലിംഗനം ചെയ്യാനായി അനുവദിക്കപ്പെട്ട സമയം. ഇവിടെവെച്ചു രണ്ടു രാജ്യങ്ങളിലായി ജീവിക്കുന്ന കമിതാക്കളുടെ വിവാഹവും നടന്നിരുന്നു. അതിർത്തികളും മതിലുകളും നിയന്ത്രണങ്ങളും വേർപാടും എത്രകണ്ട് വിഷമകരമാണെന്നു ഇതിലൂടെ വ്യക്തമാണ്.

ആഗോളീകരണത്തിന്റെ കാലത്തും അത് കഴിഞ്ഞും ഒരു വ്യക്തിയുടെ അന്തസ്സും അവകാശവും നിർണയിക്കുന്നത് അയാളുടെ/അവരുടെ പാസ്‌പോർട്ട് ആണെന്ന് ഇന്ത്യൻ വംശജനായ എഴുത്തുകാരൻ സുകേതു മെഹ്ത അഭിപ്രായപ്പെടുന്നുണ്ട്. അമേരിക്കയുടെയോ യൂറോപ്യൻരാജ്യങ്ങളുടെയോ പാസ്‌പോർട്ട് കൈവശമുള്ള ഒരാൾക്ക് ലഭിക്കുന്ന പരിഗണന അന്യരാജ്യങ്ങളിലുള്ളവർക്ക് കിട്ടിക്കൊള്ളണമെന്നില്ല.

സുകേതു മെഹ്ത

ഗുജറാത്തിൽ വേരുള്ള സുകേതു മെഹ്ത അമേരിക്കയിലാണ് വസിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിച്ച അദ്ദേഹം കുടിയേറ്റം എന്ന വിഷയത്തെ ഉറ്റുനോക്കുന്നതിന്റെ ഫലമായി എഴുതിയതാണ് This Land is Our Land- An Immigrant's Manifesto എന്ന പുസ്തകം. മേൽഖണ്ഡികയിൽ പറഞ്ഞ നിരീക്ഷണങ്ങൾ എഴുത്തുകാരൻ നേരിട്ട് അന്വേഷിക്കുകയും വിശകലനം ചെയ്തതിന്റെയും ഭാഗമായി രൂപപ്പെട്ടതാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സ്വന്തം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ സ്വയം ഒരു പ്രവാസിയായി അദ്ദേഹം കരുതുന്നുവെന്ന് പറയാം. അമേരിക്ക എന്ന വാഗ്ദത്തഭൂമിയിലേക്കുള്ള വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റമാണ് അദ്ദേഹം മുഖ്യമായും ഈ പുസ്തകത്തിൽ പഠിക്കുന്നത്. എങ്കിലും കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും രാഷ്ട്രീയത്തെയും സമ്പദ്ശാസ്ത്രത്തെയും അദ്ദേഹം കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്. ഇന്നോളമുണ്ടായിട്ടുള്ള അധിനിവേശത്തിന്റെ ബാക്കിപത്രമാണ് സമകാലത്തെ കുടിയേറ്റം എന്ന ആശയം എഴുത്തുകാരൻ പങ്കുവെക്കുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും തീരെ ദൃഢതയില്ലാത്ത രാജ്യങ്ങളെ ചരിത്രത്തിലേക്ക് എഴുതിച്ചേർത്തുവെച്ചുകൊണ്ടാണ് അധിനിവേശം പലപ്പോഴും അവസാനിക്കുന്നത്. നിങ്ങൾ അന്ന് അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ന് അവർ ഇവിടെയെത്തിയതെന്ന വാദം മുന്നോട്ടുവെക്കാനും എഴുത്തുകാരൻ മടി കാണിക്കുന്നില്ല.

ആഗോളീകരണത്തിന്റെ ബലതന്ത്രങ്ങൾക്ക് ക്ഷയം സംഭവിക്കുന്നു എന്ന സംശയം നിലനിൽക്കുകയും തദ്ദേശീയമായ ക്രയവിക്രയങ്ങൾ ഊർജ്ജിതമാവുകയും ചെയ്യുന്നു.

ദേശീയതയുടെ അടിസ്ഥാനത്തിൽ മനുഷ്യത്വത്തിന്റെ അളവുകോലുകൾക്ക് വ്യതിയാനം സംഭവിക്കുന്ന വിധത്തിലാണ് ലോകം പെരുമാറുന്നത്. അമേരിക്ക-മെക്‌സിക്കോ അതിർത്തി പോലെ തന്നെ കലുഷിതവും എന്നാൽ പ്രാധാന്യമുള്ളതുമാണ് തെക്കൻ സ്‌പെയിനിനെ വടക്കേ മൊറോക്കോയുമായി വിഭജിക്കുന്ന ജലയിടുക്കുകൾ. ഇവിടം സന്ദർശിച്ചതിന്റെ അനുഭവം സുകേതു മെഹ്ത പങ്കുവെക്കുന്നുണ്ട്. മുപ്പത്തിമൂന്നു വർഷത്തിന് ശേഷം ആഫ്രിക്കൻ യൂണിയനിൽ വീണ്ടും ചേർന്ന മൊറോക്കോ നുഴഞ്ഞുകയറ്റുകാരെ കൈമാറുന്നതിന് വേണ്ടിയുള്ള ഒരുടമ്പടിയിൽ സ്‌പെയിനുമായി ഒപ്പുവെച്ചിരുന്നു. മൊറോക്കൊയിലെ പട്ടണമായ ടാൻചിയറിൽ വെച്ച് സുകേതു പരിചയപ്പെടുന്ന ഖലീൽ എന്ന ഇരുപത്താറുകാരന്റെ പരിസരം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഭാര്യയും അമ്മയും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന ഖലീലിന്റെ കുടുംബം അയാളുടെ കുഞ്ഞിന് ഒരു വയസ്സാകാൻ വേണ്ടി കാക്കുകയാണ്. സുരക്ഷിതമായൊരു ഇടം തേടിയുള്ള യാത്രയ്ക്ക് വേണ്ടി അവർ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചെറിയ മോട്ടോർ ബോട്ട് വാങ്ങി യൂറോപ്പിലേക്ക് കടക്കാൻ തീവ്രമായി ആഗ്രഹിക്കുന്ന ഖലീലിന്റെ സഹോദരി, എങ്ങനെയെങ്കിലും യൂറോപ്പിലെത്തി ചേർന്നാൽ ഭരണകൂടസംവിധാനങ്ങൾ സാമ്പത്തികമായി സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത്.

അഞ്ച്: ക്ഷയിക്കുന്ന ആഗോളീകരണം

ഭൂപടങ്ങളെ രൂപപ്പെടുത്തുന്നതിലൂടെ പുതിയ ‘ലോകം' സൃഷ്ടിക്കാമെന്ന വ്യാമോഹത്തിനു തിരിച്ചടിയെന്നോണം വിഭജനങ്ങളിലൂടെ ഉരുവംകൊണ്ട രാജ്യങ്ങൾ തമ്മിലുള്ള സ്പർധയും വർധിച്ചു. ആഗോളീകരണത്തിന്റെ വെല്ലുവിളികൾ വർധിക്കുകയും ആഗോളീകരണത്തിനെതിരെയുള്ള പ്രവണതകൾ പ്രസക്തമാവുകയും ചെയ്യുന്നതും ഇതേ കാലയളവിലാണ്. ഇന്ന് നോക്കിക്കാണുമ്പോൾ ആഗോളീകരണം സുസ്ഥിരമായ ഒരു പദ്ധതിയല്ലായെന്നു വിശകലനം ചെയ്യുന്ന പഠനങ്ങളുണ്ട്. അതിരുകളില്ലാത്ത ലോകമെന്നത് മിഥ്യയായി മാത്രം അവശേഷിക്കുകയും ട്രംപ് ഭരണകൂടത്തിന്റെ നീക്കുപോക്കുകൾ പ്രാദേശികത്വത്തിന്റെ ബാലപാഠങ്ങൾ സ്വീകരിക്കേണ്ടി വരുമോ എന്ന ജാഗ്രത സമ്പദ്‌വ്യവസ്ഥയ്ക്ക് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആഗോളീകരണത്തിന്റെ ബലതന്ത്രങ്ങൾക്ക് ക്ഷയം സംഭവിക്കുന്നു എന്ന സംശയം നിലനിൽക്കുകയും തദ്ദേശീയമായ ക്രയവിക്രയങ്ങൾ ഊർജ്ജിതമാവുകയും ചെയ്യുന്നു. അതുപോലെ ആഗോളീകരണത്തിനു എതിരെയുള്ള വാദമുഖങ്ങൾ നിരത്തിക്കൊണ്ടുള്ള പുസ്തകങ്ങളും വിപണിയിലെത്തി. ഇസ്രായേലിലെ പ്രമുഖപത്രപ്രവർത്തകനായ നാദവ് ഇയാൽ രചിച്ച Revolt: The Worldwide Uprising Against Globalization എന്ന പുസ്തകം ഇത്തരുണത്തിൽ പ്രത്യേകമായ ശ്രദ്ധ അർഹിക്കുന്നു.

കറുത്തവർഗത്തിനും വെളുത്ത വർഗത്തിനും ഇടയിലുള്ള വംശീയമായ യാഥാസ്ഥിതികത്വം അമേരിക്കയിൽ വലിയ രീതിയിലുള്ള പോർവിളിയായിക്കഴിഞ്ഞിട്ടു കാലങ്ങളായി. ഒബാമയുടെ ഭരണം അതിന്റെ തീവ്രതയെ ക്ഷീണിപ്പിക്കുന്നതിൽ വിജയിച്ചു എന്ന് പറയാൻ സാധിക്കുകയില്ല. കറുത്ത മുഖാവരണം അണിഞ്ഞ വെളുത്ത വർഗക്കാരനാണ് ഒബാമ എന്ന് കൽക്കരിഖനി തൊഴിലാളികൾ പറയുന്നതിനെ കുറിച്ച് ഇയാൽ സൂചിപ്പിക്കുന്നു. ജനാധിപത്യ സിദ്ധാന്തത്തിലും ദേശീയതയിലും ഊന്നിക്കൊണ്ടുള്ള തരംഗം പല ഭാഗത്തും സമകാലത്ത് കരുത്താർജിക്കാൻ തുടങ്ങി എന്ന് കാണാതെ പോകരുത്. ബ്രസീലിലും ഇറ്റലിയിലും ഹംഗറിയിലും വീശുന്ന ഈ കാറ്റ് ആഗോളീകരണത്തിനെതിരെയാണെന്നാണ് ഇദ്ദേഹം സൂക്ഷ്മനിരീക്ഷണം ചെയ്യുന്നത്. ആഗോളീകരണത്തിന്റെ "ഗുണഫലം' അനുഭവിച്ചെന്നു സാമ്പ്രദായികാർത്ഥത്തിൽ അനുമാനിക്കുന്ന മധ്യവർഗ്ഗത്തിലെ ഒരു വിഭാഗം അസംതൃപ്തരാണെന്നുള്ള പരോക്ഷ സൂചന ഈ പുസ്തകത്തിൽ വായിച്ചെടുക്കാം. സാമ്പത്തിക/സാംസ്‌കാരിക/സാർവലൗകിക മൂല്യസംവിധാനമായി ആഗോളീകരണത്തെ കാണാൻ കഴിയുകയില്ല എന്നുചുരുക്കം. മധ്യവർഗകുടുംബങ്ങളുടെ മണ്ണിലേക്ക് ഉറച്ച വേരുപടലമെന്ന നിലയിൽ ആവിഷ്‌കരിക്കപ്പെട്ട ആഗോളീകരണത്തെ എതിർത്തുകൊണ്ട് റാഡിക്കൽ സ്വഭാവം പുലർത്തുന്നവരും അരാജകവാദികളും ഒരുവശത്തും മത-മൗലികവാദികൾ മറുവശത്തുമായി നിരന്നുനിൽക്കുന്ന സ്ഥിതിയാണ് ഇന്ന് പൊതുവേയുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ ചെയ്തികൾ അത്തരമൊരു നീക്കത്തെ ബലപ്പെടുത്തി. യൂറോപ്യൻയൂണിയനിൽ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്റെ തീരുമാനം, യൂറോപ്പിലെ വലതുപക്ഷശക്തികളുടെ വികാസം, മതമൗലികവാദികളുടെ വളർച്ച തുടങ്ങിയ ഘടകങ്ങൾ ആഗോളീകരണത്തെ പിന്നോട്ടടിച്ചു. ഇക്കൂട്ടർ കാണുന്ന ആഗോളീകരണഭൂപടത്തിൽ സുരക്ഷിതത്വം, സ്വത്വബോധം, ഉപജീവനമാർഗ്ഗം എന്നിവ ‘വംശനാശഭീഷണി' നേരിടുന്ന സംവർഗങ്ങളാണ്. ഇതിന്റെ ആക്കംകൂട്ടിക്കൊണ്ടുള്ള കൊവിഡ്-19 സാഹചര്യം കൂടെ കണക്കിലെടുക്കാതെ തരമില്ല. തീവ്രവാദം, വിഘടനപ്രവർത്തനം, ലാഭേച്ഛയുള്ള അധികാരം മുതലായ വിഷയങ്ങൾ കൃത്യതയാർന്ന ജനക്ഷേമ/രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുരടിപ്പുണ്ടാക്കുകയും പൊതുസമൂഹത്തിനു ഉത്കണ്ഠകൾ ബാക്കിയാക്കുകയും ചെയ്യുന്നു.

രാഷ്ട്രീയധ്രുവീകരണം രൂപപ്പെടുന്നതിന്റെ സന്നിഗ്ധമായ വഴികൾ ഓരോ രാജ്യത്തിന്റെയും ആന്തരികവ്യവഹാരമാണ്. രാജ്യാതിർത്തിക്ക് പുറത്തുനിന്നുകൊണ്ട് എല്ലാ അന്തർധാരകളും വ്യക്തതയോടെ അറിഞ്ഞുകൊള്ളണമെന്നില്ല. സോവിയറ്റു യൂണിയന്റെ തകർച്ചയും ബെർലിൻ മതിലിന്റെ വീഴ്ചയും പോളണ്ടിന്റെ നയങ്ങളും നിശിതമായ വിമർശനങ്ങളും ഒക്കെ സൂക്ഷ്മമായി ഗ്രഹിക്കണമെങ്കിൽ വിശദമായ പഠനങ്ങൾ ആവശ്യമാണ്. പോളണ്ടിൽ വേരുകളുള്ള ആൻ ആപ്പിൾബാം ഗവേഷണബുദ്ധിയോടെ അധികാരതന്ത്രങ്ങളുടെ കെട്ടഴിക്കുന്നതും ശക്തമായ രാഷ്ട്രീയപ്രവർത്തനമാണ്. Twilight of Democracy: The Seductive Lure of Authoritarianism എന്ന അവരുടെ കൃതി ജനാധിപത്യതിന്റെ സമകാലപ്രവണതകളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നു.

രാഷ്ട്രങ്ങളുടെ തന്മയെ സ്വാംശീകരിക്കാൻ വായനയിലൂടെ സാധ്യമാണോ എന്ന ആരായാൽ അതിശയോക്തിപരമാണ്. എങ്കിലും ഗതിവിഗതികളുടെ ചില ഇലയനക്കങ്ങൾ, മേൽക്കൈകളും പ്രവണതകളും എന്നുതുടങ്ങി ലോകത്തിന്റെ ചെറിയ സ്പന്ദനം അറിയാനുള്ള മാർഗങ്ങളാണ് നോൺ-ഫിക്ഷനുകൾ. അവയിലൂടെ നെയ്തുവരുന്ന നയങ്ങൾ പക്ഷങ്ങളില്ലാതെ ബോധ്യപ്പെടുക എന്നത് വായനക്കാരുടെ ഉത്തരവാദിത്തമാണ്. പരിസ്ഥിതിയും കാലാവസ്ഥയും പോലെ തന്നെ രാഷ്ട്രീയവും പ്രതിസന്ധികളും അത്തരം വായനയിൽ ഭാഗഭാക്കാവുകയുകയാണ്. അങ്ങനെ വരുമ്പോൾ ആന്ത്രോപ്പോസിൻയുഗത്തെ (Anthropocene) കുറിച്ചുള്ള ബോധ്യങ്ങൾ രാഷ്ട്രീയ കൃത്യത കൂടിയാണെന്ന നിഗമനത്തിൽ കഴമ്പുണ്ട്.

സംസ്‌കാരമെന്നത് പുസ്തകങ്ങളുടെയും മറ്റു നഷ്ടപ്പെട്ട വസ്തുക്കളുടെയും ശവപ്പറമ്പാണെന്നാണ് ഉംബെർട്ടോ എക്കോയുടെ വാദം. ഓർമകളെ കേടുകൂടാതെ കോൾഡ് സ്റ്റോറേജുകളിലെന്ന പോലെ സൂക്ഷിച്ചുവെയ്ക്കാൻ പുസ്തകങ്ങളും ലൈബ്രറികളും സഹായകമാവും.

സ്വതന്ത്രാവശ്യങ്ങളെയും സ്വകാര്യാഗ്രഹങ്ങളെയും റദ്ദുചെയ്ത് സ്റ്റേറ്റിന്റെ അധികാരവർഗം അനുശാസിക്കുന്ന ആശയങ്ങളെ പിന്തുടരുന്ന ആധുനികരായ അടിമകളുടെ സംഗ്രഹമാണ് കാലികചരിത്രമെന്നു പറയാം. റോഹിൻഗ്യൻ മുസ്‌ലിംകളും സിറിയക്കാരായ അഭയാർത്ഥികളും മെക്‌സിക്കോയിലൂടെ അമേരിക്കൻ വൻകരയിലേക്ക് എത്തിപ്പെടുന്നവരും ജീവിക്കുക എന്ന ഏറ്റവും ‘നിസ്സാരമെന്നു' തോന്നുന്ന ഇച്ഛയുടെ സാക്ഷാത്കാരത്തിന്റെ പ്രായോഗികവശങ്ങൾ തേടിയിറങ്ങിയവരാണ്. ഇത്തരം പലായനങ്ങൾ സംസ്‌കൃതിയുടെ നവീനമായ അടയാളങ്ങളായി മാറുന്നു. അതുപോലെ ഇവയെ യഥാതഥവും സർഗാത്മകവുമായി രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ കാലത്തിന്റെ ആവശ്യമാണ്. സംസ്‌കാരമെന്നത് പുസ്തകങ്ങളുടെയും മറ്റു നഷ്ടപ്പെട്ട വസ്തുക്കളുടെയും ശവപ്പറമ്പാണെന്നാണ് ഉംബെർട്ടോ എക്കോയുടെ വാദം. ഓർമകളെ കേടുകൂടാതെ കോൾഡ് സ്റ്റോറേജുകളിലെന്ന പോലെ സൂക്ഷിച്ചുവെയ്ക്കാൻ പുസ്തകങ്ങളും ലൈബ്രറികളും സഹായകമാവും. വിജ്ഞാനത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും മുഖപ്പുകളെ ആവാഹിക്കുന്ന നോൺഫിക്ഷൻ പുസ്തകങ്ങൾക്ക്, ഈ പശ്ചാത്തലത്തിൽ വിശേഷാവകാശം ഉണ്ടെന്നത് പ്രത്യേകം പരാമർശിക്കണം. ▮


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments