എത്ര മുതിർന്നാലും നാം ഓരോരുത്തരും ഉള്ളിൽ ഒരു കാട് സൂക്ഷിക്കുന്നു. ഏതു പട്ടണത്തിരക്കിലും ഒരു പച്ചപ്പു കണ്ടാൽ, എവിടെയെങ്കിലും ഒരു കിളിയുടെ കൂവൽ കേട്ടാൽ നമ്മുടെ കാടോർമകൾ ഉണരുന്നു. നാം മനസുകൊണ്ട് മനുഷ്യവംശത്തിന്റെ തന്നെ ബാല്യത്തിലേക്കു തിരിച്ചുപോകുന്നു. നാം താമസിക്കുന്ന ഏതു വീടിനും ആദിമമായ ഒരു ഗുഹയുടെ സ്വഭാവമുണ്ട്. അഥവാ നമ്മുടെ വീടിനുപോലും ഗുഹയുടെ ഓർമകളുണ്ട്. ഏത് ആവാസവ്യവസ്ഥയിൽ ആയിരിക്കുമ്പോഴും നമ്മൾ കാടരികുജീവികളാണെന്ന് ഓർമിപ്പിക്കുകയാണ് ജെ. ദേവികയുടെ ‘ഒരു കാടരികുകഥ’ എന്ന കുഞ്ഞുനോവൽ.
കാട്ടിലും മലയുടെ താഴ്-വാരത്തിലും വേട്ടയാടിയപ്പോഴും പുൽമേടുകളിൽ കാലിമേയ്ച്ചു നടന്നപ്പോഴും നമ്മൾ മനുഷ്യർ ഭൂമിയിലെ ജന്തുസാമാന്യത്തിൽ ഒന്നു മാത്രമായിരുന്നു. അലച്ചിൽ മതിയാക്കി ഒരിടത്തുതന്നെ താമസിച്ചു കൃഷിചെയ്തു പുലർന്നപ്പോൾ പോലും കാടുമായുള്ള ജൈവബന്ധം നാം കൈവിട്ടില്ല. എങ്കിലും കൃഷി നമ്മെ കാടരികിലേക്കു മാറ്റി. മറ്റു ജീവികളിലൊന്നായി തുടർന്നുകൊണ്ടുതന്നെ നമ്മൾ വിത്തു വിതയ്ക്കുകയും കൊയ്യുകയും ചെയ്തു. മഴ തരുന്ന മേഘത്തോടും വെയിൽ തരുന്ന സൂര്യനോടും വിളവു നന്നാവാൻ പ്രാർത്ഥിച്ചു. മനുഷ്യർക്കു പല മതങ്ങളുണ്ടായി; ഭാഷകളുണ്ടായി. ഭൂമി പങ്കിട്ടെടുത്തപ്പോൾ ആവാസവ്യവസ്ഥകളുണ്ടായി. മനുഷ്യസംസ്കാരവുമുണ്ടായി. മറ്റു ജീവജാലങ്ങളിൽ ഒന്നായിരിക്കെത്തന്നെ ഒന്നു വേറിട്ടുള്ള ഈ മനുഷ്യനിലയെപ്പറ്റി ഒട്ടനേകം ദർശനങ്ങളുമുണ്ടായി. അപ്പോൾപോലും പ്രകൃതിയുടെ ഭാഗമാണെന്ന ബോധ്യം നമുക്കുണ്ടായിരുന്നു. എന്നാൽ അതിലൊന്നുമൊതുങ്ങാതെ നാം പ്രകൃതിക്കെതിരെ തിരിയുന്ന ഒരു ഘട്ടവുമുണ്ടായി. ജൈവികമായ പ്രകൃതിയെ ഓരത്തേക്കു തള്ളി നാം യന്ത്രങ്ങളുടെ ഒരു പ്രകൃതിതന്നെ നിർമിക്കുകയും അതു നമ്മെ പ്രലോഭിപ്പിക്കുകയും ചെയ്തതോടെ അതുവരെയില്ലാത്ത കുഴപ്പങ്ങളും ആരംഭിച്ചു.

വികസനത്തെയും അധികാരത്തെയും പ്രകൃതിചൂഷണത്തെയുമൊക്കെ സംബന്ധിച്ച ആ പ്രതിസന്ധികളുടെ ഇങ്ങേത്തലക്കൽ നിന്നുകൊണ്ടാണ് ജെ. ദേവിക ‘ഒരു കാടരികുകഥ’ എന്ന മനോഹരമായ ആഖ്യാനം നിർവഹിക്കുന്നത്. ഒട്ടൊന്നു മാറിനിൽക്കുമ്പോൾത്തന്നെ പ്രകൃതിയിൽനിന്നു വേറിടാത്ത ഒന്നായി മനുഷ്യജീവിതത്തെ അടയാളപ്പെടുത്താൻ കാടരികിനെയാണു നോവലിസ്റ്റ് തിരഞ്ഞെടുക്കുന്നത്. ഇത് എത്രയോ അർത്ഥവത്താണെന്നു മേൽപറഞ്ഞ ലഘുചരിത്രം തന്നെ തെളിവുതരുന്നുണ്ടല്ലോ.
പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സങ്കീർണബന്ധത്തെപ്പറ്റിയും മനുഷ്യർക്കിടയിൽ തന്നെയുള്ള അധികാരബന്ധത്തെപ്പറ്റിയും ആഴത്തിൽ ഉൾക്കാഴ്ചകളുള്ള ചിന്തകയാണു ജെ. ദേവികയെന്ന് നമുക്കറിയാം. ഈ വിഷയങ്ങളെ സംബോധന ചെയ്യാൻ മൗലികമായ സങ്കൽപനങ്ങൾ നിർമിക്കുകയും സവിശേഷമായ ചിന്തനരീതി വികസിപ്പിക്കുകയും ചെയ്തിട്ടുള്ള ദേവികയുടെ മറ്റൊരു സിദ്ധി ‘ഒരു കാടരികുകഥ’ പോലുള്ള കൃതികളിൽ നാം കാണുന്നു. ഭാവനാപൂർണമായ സർഗ്ഗശേഷിക്കും കാവ്യാത്മകമായ ആഖ്യാനകലയ്ക്കും മികച്ച മാതൃകകളാകുന്നുണ്ട് കുട്ടികളുടെ വായനക്കായി അവർ എഴുതിയ ‘കുഞ്ഞുതീ’, ‘കുഞ്ഞിമാക്കാച്ചി’, ‘ഒരു കാടരികുകഥ’ മുതലായ നോവലുകൾ. സാമൂഹികബോധവും സർഗ്ഗപരതയും വ്യത്യസ്തശേഷികളല്ല എന്ന് ഈ നോവലുകൾ ആവർത്തിച്ച് ഉറപ്പിക്കുന്നു; അവ തമ്മിൽ വൈരുധ്യമല്ല, പാരസ്പര്യമാണുള്ളതെന്ന് അടിവരയിടുന്നു.
‘ഒരു കാടരികുകഥ’യിലാകട്ടെ, നനവും നിലാവും നിഴലും അനുഭവിപ്പിക്കാൻ പോന്ന മൊഴിയഴകിനൊപ്പം പലപ്പോഴും നർമവും കുസൃതിയും ഇഴ ചേരുന്നുണ്ട്. ചിലപ്പോഴത് കനൽച്ചൂടിലേക്കു പരിവർത്തനപ്പെടുകയും ചെയ്യുന്നു. കാരണം ഈ നോവലിന്റെ പ്രമേയം അങ്ങനെയൊന്നാണ്. ആർത്തിമൂർത്തിപ്പിശാചിനു പിന്നാലെ രാജാവായ ഭാരങ്കരപ്പിശാചിന്റെ ഭരണകാലം. വയലുകളുടെ നെഞ്ചിൽ കെട്ടിടങ്ങളുയർത്തിയും പുഴയുടെ വായിൽ വിഷമൊഴിച്ചും കുന്നുകൾ തുരന്നു റോഡ് പണിതും വികസനം നടപ്പാക്കുന്ന നാട്ടുവാഴ്ച. അക്കാലത്ത് പട്ടണത്തിൽനിന്നു കാടരികിലെ വീട്ടിൽ, കാടിന്റെ മണമറിയുന്ന അപ്പനോടൊപ്പം താമസിക്കാനെത്തിയ, അമ്മ നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ കഥയാണിത്.

സന്തോഷക്കാരിയായ ഫീലിക്കും പേടിക്കാരിയായ ഫോബിക്കും തുടക്കത്തിൽ കാടിന്റെ മണം അറിയാനാവുന്നില്ല. ഭാരങ്കരന്റെയും കിങ്കരന്മാരുടെയും ഭരണത്തിൽനിന്ന് ആ ഇടത്തിനും മോചനമില്ല. ഒറ്റയ്‌ക്കൊറ്റയ്ക്കു ഭാരം ചുമന്ന്, ഒരുമിക്കാനാവാതെ തമ്മിൽ സംശയിച്ചും കലഹിച്ചും കാലം കഴിക്കുന്ന ദുരിതജീവിതത്തിലേക്ക് മനുഷ്യരെയും മൃഗങ്ങളെയും എത്തിച്ചത് ഭാരങ്കരന്റെ ഭരണതന്ത്രമാണ്. കാടരികിനെയും കീഴ്‌പ്പെടുത്തിയ നാട്ടുഭരണത്തിൽനിന്ന് ആ കുട്ടികളെയും കുടുംബത്തെയും സഹായിക്കാനെത്തുകയാണ് ജിമ്മൻ എന്ന നായ. വെറുപ്പിനെ സ്‌നേഹമാക്കി മാറ്റാനും ഒറ്റപ്പെട്ടവരെ ഒരുമിപ്പിക്കാനുമുള്ള ജിമ്മന്റെ സിദ്ധിയെയും ഭരണാധികാരി മൂലം വിവേകം നഷ്ടപ്പെട്ട നാട്ടുകാർ സംശയിക്കുന്നു. ഒരു ക്രിസ്മസ് രാത്രിയിൽ കാണാതാകുന്ന ജിമ്മനെ അന്വേഷിച്ചുള്ള കുട്ടികളുടെ യാത്രയിലെ അത്ഭുതകരമായ സംഭവങ്ങളാണ് നോവലിൽ ആകർഷകമായ ശൈലിയിൽ ആഖ്യാനംചെയ്യുന്നത്.
Read: കുട്ടിക്കാലം കഴിഞ്ഞവർ
കുട്ടികൾക്കായി വരയ്ക്കുമ്പോൾ
ചെർണോബിൽ ആണവദുരന്തം പോലെ സമീപകാലത്ത് മനുഷ്യവംശം തന്നെ നേരിട്ട ദുരന്തങ്ങളും അവയുടെ മുറിവുണക്കാൻ ശേഷിയുള്ള ആതുരാലയവുമൊക്കെ കുട്ടികളുടെ അനുഭവലോകത്തേക്കു കടന്നുവരുന്നു. കാടിന്റെ സിദ്ധി നഷ്ടപ്പെടാത്ത മൃഗങ്ങളും പക്ഷികളും കാടിന്റെ ഭാഷയിലെഴുതുന്ന കവികളും പല കാലങ്ങളിൽ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം വിനിമയം ചെയ്ത മഹദ് വ്യക്തികളും പുരാണകഥാപാത്രങ്ങളുമെല്ലാം സവിശേഷമായ മൂല്യങ്ങളുടെ പ്രതിനിധാനങ്ങളായി നോവലിലുടനീളം അണിനിരക്കുന്നുണ്ട്. ഇവരിൽനിന്നെല്ലാം പാഠമുൾക്കൊണ്ടുകൊണ്ട് അതിജീവനത്തിനായി പൊരുതുന്ന മനുഷ്യർ ഒരു വശത്തും അവർക്കെതിരെ ഭിന്നിപ്പിക്കൽ എന്ന തന്ത്രത്തിലൂടെ പ്രതിരോധങ്ങളെ ദുർബ്ബലമാക്കുന്ന സ്വേച്ഛാധികാരം മറുവശത്തുമായി സംഘർഷങ്ങൾ അവിരാമം തുടരുന്നു. സർവ്വപരിധികളും ലംഘിച്ചുകൊണ്ട് ചൂഷണം മേൽക്കൈനേടുമ്പോൾ അതിനിരയാകുന്ന പ്രകൃതിതന്നെ ഒടുവിൽ അധികാരത്തിനെതിരേ തിരിയുന്നു. ചരാചരസ്നേഹത്തിന്റെയും ഒരുമയുടെയും സാധ്യതകൾ ധ്വനിപ്പിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
സമകാലികസന്ദർഭത്തിൽ ഏറെ പ്രസക്തമായ ഈ പ്രമേയം ആയാസരഹിതമായ കൈയടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതാണ് ഒരു കാടരികുകഥയുടെ മേന്മ. കുട്ടികളുടെ ഭാവനയെയും അവരുടെ പ്രവർത്തനശേഷിയെയും പ്രചോദിപ്പിക്കുന്ന ഒട്ടേറെ ഭാഗങ്ങൾ ഈ നോവലിലുണ്ട്. ഇതിൽ ആകമാനമുള്ള മാജിക്കൽ അന്തരീക്ഷവും കാവ്യാത്മകമായ വിവരണവും വായനയിൽ അവരെ പിടിച്ചിരുത്തും എന്നു തീർച്ച. വൈരക്കൽക്കൊട്ടാരത്തെ ഒന്നിച്ചു മിന്നുന്ന ലക്ഷക്കണക്കിനു മിന്നാമിന്നികളായി തിരിച്ചറിയുന്ന മാസ്മരികമായ അനുഭവം, തുടർന്ന് കൊട്ടാരത്തിന്റെ ജനാലകളിൽ തെന്നിക്കളിക്കുന്ന ചിലന്തിപ്പട്ടുനൂൽ തിരശ്ശീലകളുടെയും നിലത്തു വിരിച്ച പായൽപ്പച്ച പരവതാനികളുടെയും അതിശയക്കാഴ്ചകൾ ഇവയെല്ലാം അവരെ അതിരുകളില്ലാത്ത ഭാവനയുടെ ലോകത്തിലേക്ക് ആനയിക്കും.

കൊട്ടാരത്തെ മൃഗങ്ങളുടെയും മരത്തിന്റെയും വെള്ളത്തിന്റെയും വായുവിന്റെയും മണ്ണിന്റെയും മുറിവുണക്കുന്ന ഹോസ്പിറ്റലായി മനസിലാക്കുന്നിടത്ത് ആ ഭാവന മൂല്യവത്തായിത്തീരുകയും ചെയ്യുന്നു. അണുപ്രസരണത്തിൽനിന്നു ചെർണോബിലിനെ വീണ്ടെടുക്കുന്നത് കുമിളുകളാണെന്നും മനുഷ്യർക്കു കേൾക്കാനാവാത്ത ആനകളുടെ ഭാഷയിൽ ആനക്കുട്ടിക്കു മറ്റൊരു പേരുണ്ടെന്നും മറ്റുമുള്ള അറിവുകൾ, മൃഗശാലയെ ജന്തുജയിൽ എന്നു വിളിക്കുന്ന വിമർശനാത്മകമായ പരിഹാസം എന്നിങ്ങനെ കുട്ടികളെ അവരുടെ ലോകത്തെ നിശിതമായി മനസിലാക്കാൻ പ്രേരിപ്പിക്കുന്ന നിരവധി സന്ദർഭങ്ങൾ നോവലിലുണ്ട്. തന്റെ കൃഷിയിടം തഴയ്ക്കുന്നത് തേനീച്ച വളർത്തുന്നതുകൊണ്ടാണെന്നും കാടിനെ മുറിവേൽപ്പിക്കാതെ പലതും ചെയ്യുന്നതുകൊണ്ടാണെന്നുമുള്ള പ്രാഞ്ചിയുടെ ബോധ്യവും ഇവയോടൊപ്പംചേർക്കാം. പക്ഷിമൃഗാദികളുടെ ജീവിതത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് മനുഷ്യർക്കും സഹജീവനത്തിനുതകുന്ന വിധത്തിലുള്ള കാട്ടറിവുകൾ നോവൽ പങ്കുവയ്ക്കുന്നു.
കൃഷിയിടത്തിനു ചുറ്റും തേനീച്ചക്കൂടുകൾ കൊണ്ടുവേലികെട്ടാൻ പറ്റുമെന്ന് പ്രാഞ്ചിയെ ഓർമിപ്പിക്കുന്ന ജിമ്മൻ, കുഞ്ഞന്മാരുടെ കൂടെക്കൂടിയാൽ വമ്പന്മാരെ തടുത്തുനിർത്താം എന്നൊരു പാഠവും പകർന്നു തരുന്നുണ്ട്. പ്രകൃതിയെയും തങ്ങളുടെജീവിതത്തെയും വിഴുങ്ങുന്ന ഇരപിടിയന്മാരിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങളാകട്ടെ, അമേരിക്കയിൽ നിന്നു വന്ന ചിന്നീ ചിക്കഡീയിൽ നിന്നാണു കാടരികുമനുഷ്യർ മനസിലാക്കുന്നത്. ഭാരങ്കരകിങ്കരന്മാരുടെ മനസു മാറ്റാൻ പോന്ന മുദിത, കരുണ എന്നീ ധാർമികമൂല്യങ്ങൾ ബൗദ്ധ-യോഗദർശനങ്ങളിൽനിന്ന് ഡോ. അംബേദ്കർ സമകാലികലോകത്തിലേക്ക് ആനയിച്ചതാണെന്നു നമുക്കറിയാം. നോവലിൽ നിറഞ്ഞുനിൽക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം രൂപപ്പെടുന്നത് ഈ മൂല്യങ്ങളിൽനിന്നാണ്. കൂടാതെ ഇന്ത്യൻ മിഥോളജിയിൽനിന്ന് ത്യാഗത്തിന്റെ സന്ദേശവുമായി ജീമൂതവാഹനനും ക്രൈസ്തവ ചരിത്രത്തിൽ നിന്ന് സകല ജീവജാലങ്ങളിലും ദൈവസ്‌നേഹം ദർശിച്ച അസീസിയിലെ ഫ്രാൻസിസ് പുണ്യവാളനും ഈ കൃതിയിലെ കാടിന്റെ മണത്തോട് സ്വാഭാവികമായി ഇണങ്ങിച്ചേരുന്നു.
കുട്ടികളുടെ നോവൽ മുതിർന്നവർക്കെഴുതാൻ എളുപ്പമല്ല. അതിനായി കുട്ടികളുടെ ലോകത്തു ജീവിക്കേണ്ടതുണ്ട്; അങ്ങനെ സംവേദനത്തിന്റെ ആദിമനില വീണ്ടെടുക്കേണ്ടതുണ്ട്. കഥ പറയുന്നയാളും കേൾക്കുന്നയാളും ഒന്നാകുന്ന മാന്ത്രികഭാഷയിലേക്കു മടങ്ങേണ്ടതുണ്ട്. കുട്ടികളെ സംബോധന ചെയ്യുന്ന ഒരു കാടരികുകഥയിൽ ജെ. ദേവിക അനായാസമായി ചെയ്യുന്നത് അതാണ്.
