ഏതാണ്ട് രണ്ടുവർഷം മുമ്പ്, ജെ. ദേവികയുടേതായി 'കുഞ്ഞുതീ' എന്ന പേരിൽ കുട്ടികൾക്കായൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ വളരെ കൗതുകത്തോടെയാണ് അതു വായിക്കാനെടുത്തത്. ചരിത്രം, സമൂഹം, സ്ത്രീ, സംസ്കാരം, അധികാരം, വികസനം, സാഹിത്യം, ശാസ്ത്രം, പ്രകൃതി എന്നിങ്ങനെ പലപല ഗൗരവമേഖലകളെ നിതാന്തജാഗ്രതയോടെ നിരീക്ഷിക്കുകയും അതിനെയെല്ലാം കുറിച്ച് ഗഹനമായി എഴുതിപ്പോരുകയും ചെയ്യുന്ന ഒരാൾ എങ്ങനെയാവും കുട്ടികൾക്കായുള്ള എഴുത്തിൽ വ്യാപരിയ്ക്കുക എന്ന ആകാംക്ഷയെ കാറ്റിൽ പറത്തിക്കളഞ്ഞു ആ പുസ്തകം. തന്നെയുമല്ല ആ പുസ്തകത്തിലെ, എഴുത്തുകാരിയെക്കുറിച്ചുള്ള ചെറുകുറിപ്പിൽനിന്ന് പണ്ടേയ്ക്കുപണ്ടേ കുട്ടികൾക്കായുള്ള കുഞ്ഞുവലിയ എഴുത്തിൽ വ്യാപരിച്ചയാളാണു ദേവികയെന്ന പുതുഅറിവും കിട്ടി.
കുട്ടികളാരും തന്നെ എഴുത്താളുടെ വലിപ്പമോ മാഹാത്മ്യമോ അവർക്ക് കിട്ടിയ അവാർഡുകളുടെ പേരുവിവരമോ മനസ്സിൽ വച്ചല്ല ഒരു പുസ്തകത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്. അവർക്ക്, അവർ കൈയിലെടുത്ത പുസ്തകത്തിലെ ലോകവുമായി അവരവരെ ചേർത്തുവയ്ക്കാനാകണം, അവരുടെ ഉള്ളിലേക്ക് പുസ്തകത്തിലെ കഥയും പാട്ടും ചിരിയും ചിന്തയും അനായാസേന ഒഴുകിയിറങ്ങണം. അവർ നിരൂപണങ്ങളോ വലിയവരുടെ ശുപാർശകളോ കാര്യമായെടുക്കില്ല. പുസ്തകത്തിലെ ലോകം, അവരെ സ്വയം വിരൽ നീട്ടി തൊടണം, അവർക്കാ അക്ഷരത്തുമ്പുകളിൽ വിരൽ കോർത്ത് തനിയേ നടക്കാനാകണം, അവർക്കതിലെ മധുരവും കയ്പും നുണഞ്ഞിരുന്ന് അവരെ തൊട്ടതും തൊടാത്തതുമായ എന്തെല്ലാമോ കാര്യങ്ങളെക്കുറിച്ച് ചില അലസമൂലകളിലിരുന്ന് ഓർത്തുനോക്കാനാവണം. ഓർത്തോർത്തിരുന്നങ്ങനെ അവരുടെ ഭാവനയും ചിന്തയും ചിരിയും വലുതാകണം.
റാറ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച ജെ. ദേവികയുടെ പുസ്തകം, ഒരു കാടരികുകഥ ഓഡർ ചെയ്യാം
ഒന്നുണ്ട്, കുട്ടികളുടെ ലോകത്തേക്ക് കുറുക്കുവഴികളില്ല. അവിടെ വെട്ടിപ്പിടിക്കലുകൾ നടക്കില്ല. അവർക്ക് തന്നെ തോന്നണം ഈ പുസ്തകത്തിൽ നിന്ന് അവരെ തൊടാനായി ഒരു വിരൽ നീണ്ടുവരുന്നുണ്ടെന്ന്. ആ വിരലിൽ പിടിച്ച് ഒന്നിത്തിരി ചുറ്റിക്കറങ്ങിവന്നാൽ അതിലൊരു രസമുണ്ടല്ലോ എന്ന്.
ഒരേ പുസ്തകവുമായി, തങ്ങളുടെ മുന്നോട്ടുള്ള ഓരോ വയസ്സിലും കുഞ്ഞുങ്ങൾക്ക് ചുറ്റിക്കറങ്ങാനാവുന്നുവെങ്കിൽ, അതാണ് ഒരു ബാലസാഹിത്യപുസ്തകത്തിന്റെ യഥാർത്ഥവിജയം. ഇത്തരം ഓരോ ചുറ്റിക്കറങ്ങലിന്റെ നേരത്തും അവരാ പുസ്തകത്തിൽ കാണുന്ന ലോകത്തിന് പുതുപുതു ചിറകുകൾ മുളയ്ക്കുന്നുവെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ, അതിൽപ്പരം ഒരവാർഡ് ആ പുസ്തകത്തിന് കിട്ടാനില്ല. വലിയവർക്കും ആ ചുറ്റിക്കറങ്ങൽ ഒരു കീറ് ജാലകവെളിച്ചമായി അനുഭവപ്പെടുന്നുവെങ്കിൽ, ആ പുസ്തകം സാർത്ഥകമായി എന്നു പറയാം.
ദേവികയുടെ 'കുഞ്ഞുതീ' അങ്ങനൊരു പുസ്തകമായിരുന്നു. കുഞ്ഞുങ്ങൾക്ക് ഒരു ലളിതതലം, വലിയവർക്ക് ഒരു ഗൗരവതലം.
'ഒരു കാടരികുകഥ' എന്ന ദേവികയുടെ 2026-ലെ ബാലസാഹിത്യപുസ്തകവും ഒരേ സമയം ലളിതവും ഗൗരവതരവുമാണ്. വെറുതെ ഒരു കഥയേയല്ല 'ഒരു കാടരികുകഥ'. ഇത് ജീവന്റെ പാട്ടാണ്. പ്രകൃതിയോട് ചേർന്നു ചേർന്നു നടന്നാലേ മുറിവുണങ്ങൂ എന്ന വെളിച്ചം വീശലാണ്. ഇതൊരു 'മുറിവുണക്കി'പ്പുസ്തകവും കൂടിയാണ്.

പ്രാഞ്ചി എന്ന ഒരു കാടരികുമനുഷ്യൻ. മഴയെ, മൃഗങ്ങളെ, കാട്ടിൽ മരങ്ങൾ പൂക്കുന്നതിനെ ഒക്കെ മണത്താലറിയാൻ പൂർവ്വികരിൽനിന്നു പഠിച്ചെടുത്ത ആളാകയാൽ 'മണപ്രാഞ്ചി'. അയാൾക്ക് രണ്ട് മക്കൾ. അപ്പന്റെ വീട് കൃഷിയിടത്തിലാണ് എന്നു പറയണോ അതോ കൃഷിയിടമാണ് അപ്പന്റെ വീടെന്നു പറയണോ എന്നു സംശയിക്കുന്നു ഫീലിയും ഫോബിയും. കൊച്ചീല് പോയി ഫ്ലാറ്റില് താമസിച്ച് ഇടയ്ക്ക് കാറോടിച്ച് വന്ന് ഇവിടമൊന്ന് കണ്ടിട്ടുപോവും എന്നു പറയുന്ന ഫീലി. മുയലിനെയും അണ്ണാനെയും മുതൽ കാടിനെ വരെ ഭയക്കുന്ന ഫോബി. കാടിന്റെ മണമറിയുന്ന സൂത്രവിദ്യ, തന്റെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാനാവണേ എന്ന സ്വപ്നത്തിനു പുറകേ സഞ്ചരിക്കുന്ന അപ്പനാണ് പ്രാഞ്ചി.
കാടരികുദേശക്കാരൊക്കെ ഭാരങ്കരപ്പിശാച് എന്ന രാജാവിന്റെ കിരാതഭരണത്തിൻകീഴെ ഞെരിഞ്ഞമരുന്ന കാലത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വെയിലിനു ചൂടു കൂടിയ, കാട്ടിനുളളിൽപോലും ഉരുൾ പൊട്ടുന്ന, കാട്ടുമൃഗങ്ങൾ തിന്നാനൊന്നുമില്ലാതായി നാട്ടിലെ കൃഷിയിടത്തിലേക്കും ചവറുകൂനയിലേക്കും വരെ നടന്നുകേറി ആഹാരത്തിനായി വലഞ്ഞുനടക്കുന്ന പെരുംദുരിതക്കാലം. കുട്ടികൾക്ക് കൂട്ടായി ഒരു നായ വന്നു ചേരുന്നു, അവരവനെ ജിമ്മനെന്നു വിളിച്ച് കൂട്ടത്തിൽ കൂട്ടുന്നു. ജിമ്മൻ സാത്താനാണോ എന്ന് ജനസംശയം. മനുഷ്യരും ജീവികളും തമ്മിലുള്ള പാലമായി മണ്ണിന്റെയും വെള്ളത്തിന്റെയും കാടിന്റെയും മുറിവുകളുണക്കാനായി പഴയ കഥയിൽ നിന്നിറങ്ങിവന്ന ജീമൂതവാഹനനെന്ന രാജകുമാരനാണ് ജിമ്മൻ എന്ന് ക്രമേണ കുട്ടികളറിയുന്നു. ജിമ്മൻ ആര്, എന്ത് എന്നു തീർച്ചയില്ലെങ്കിലും ജിമ്മനെ അംഗീകരിക്കാൻ നാട്ടുകാരും പതിയെ തയ്യാറാവുന്നു.
കാടരികുദേശത്തിലെ പച്ചപ്പും കുളിർമ്മയും ഒരുമയും ഭാരമില്ലായ്മയും കഴിഞ്ഞകാല സ്വപ്നംപോലെ, കൈയെത്താദൂരത്തിലാകുന്നത് ഭാരങ്കരന്റെയും കിങ്കരസമൂഹത്തിന്റെയും അധികാരത്തോടും ധനത്തിനോടുമള്ള തീർത്താൽ തീരാത്ത ആർത്തിമൂലമാണ്. എല്ലാവരും, ഭാരം ഭാരമെന്നു നിലവിളിയ്ക്കുന്ന കാലത്തിലേക്ക് ജനത്തെ എത്തിക്കുന്ന ഭാരങ്കരൻ. പങ്കിട്ടാൽ കുറയുന്നതാണ് ഏതു ഭാരവുമെന്ന പരിചിതസത്യമൊന്നോർത്തെടുക്കാൻ പോലും കഴിയാതെ, മലകൾ തുരന്നും പാടം നികത്തിയും കാട് വെട്ടിത്തെളിച്ചും പുഴകളെ മായ്ച്ചുകളഞ്ഞും പണിതുകൂട്ടിയിരിക്കുന്ന കനത്ത റോഡുകൾക്കും കൂറ്റൻ കെട്ടിടങ്ങൾക്കും ആണവാലയങ്ങൾക്കും ഇടയിലൂടെ കാടിന്റെ മണം അകന്നകന്നുപോകുന്നു.
കുട്ടികളാരും തന്നെ എഴുത്താളുടെ വലിപ്പമോ മാഹാത്മ്യമോ അവർക്ക് കിട്ടിയ അവാർഡുകളുടെ പേരുവിവരമോ മനസ്സിൽ വച്ചല്ല ഒരു പുസ്തകത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്നത്. അവർക്ക്, അവർ കൈയിലെടുത്ത പുസ്തകത്തിലെ ലോകവുമായി അവരവരെ ചേർത്തുവയ്ക്കാനാകണം, അവരുടെ ഉള്ളിലേക്ക് പുസ്തകത്തിലെ കഥയും പാട്ടും ചിരിയും ചിന്തയും അനായാസേന ഒഴുകിയിറങ്ങണം.
പ്രാഞ്ചിയുടെ കൃഷിയിടം മാത്രം വിഭവസമൃദ്ധമാകുമ്പോൾ ചുറ്റുപാടും അസൂയ കൂടുകൂട്ടുന്നു. തേനീച്ചക്കൂടു വളർത്തൽ, മണ്ണിനെ മുറിവേൽപ്പിക്കാതിരിക്കൽ, മുദിതച്ചെടിയും കരുണച്ചെടിയും വളർത്തൽ, അരിപ്പൂച്ചെടി പിഴുതുകളയൽ, ആദിവാസിക്കൂട്ടുകാരുടെ കൃഷിരീതികൾ പിന്തുടരൽ ഇതൊക്കെയാണ് തന്റെ മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നതെന്നു പ്രാഞ്ചി ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും സംശയക്കാർ അതൊന്നും ഉൾക്കൊള്ളുന്നതേയില്ല. ഭാരം ചുമന്നുവലയുന്നവർക്ക് എന്തിലും ഏതിലും സംശയങ്ങളല്ലേ കാണൂ എന്ന് കഥയിൽ.

കാടരികുദേശത്തിനും ഭാരങ്കരപ്പിശാചിനും ജിമ്മനും ഫീലിയ്ക്കും ഫോബിയ്ക്കും ഒക്കെ കഥയ്ക്കപ്പുറം, നമ്മളൊക്കെ ജീവിച്ചുപോരുന്ന ഈ കാലവുമായും ദേശവുമായും കനത്ത സാമ്യങ്ങളുണ്ട്. ഇന്ന് എന്ന അവസ്ഥയ്ക്കു മുന്നിൽ ഒരു കുഞ്ഞുകണ്ണാടി വച്ചതുപോലെ, ഭാരങ്കരപ്പിശാചിന്റെയും കിങ്കരന്മാരുടെയും അവർക്കുകീഴെ ഞെരിഞ്ഞമർന്ന് കാടരികിൽ ജീവിക്കുന്ന ഒരു പറ്റം ആളുകളുടെയും കഥ. ഇന്നിന്റെ തെറ്റുകളെ തൊട്ടുതൊട്ട് കാണിച്ചുകൊണ്ട്, നാളെയുടെ ശരികളിലേക്കുള്ള വഴികളിൽ എല്ലാവരും ഒത്തുചേർന്ന് പാകേണ്ടുന്ന കല്ലുകളെക്കുറിച്ചുള്ള ധാരണ അവിടവിടെയായി വിതറിവിതയ്ക്കുകയാണ് പ്രാഞ്ചിയും ജിമ്മനും ഡോക്ടർ ചെന്നായോവും ഡോക്ടർ വുൾഫീനയും മിസ് ആനയും ചിക്കഡീ കിളിയും...
കിളിയും കാറ്റും പൂവും മിന്നാമിന്നിയും കുമിളുകളും മുറിവുണക്കികളാകുന്ന നാളുകളിലേക്ക്, മനുഷ്യരും മൃഗങ്ങളും സ്നേഹത്തോടെ കഴിയുന്ന കാലത്തിലേക്ക് ഇനിയും ഒരു തിരിച്ചുപോക്ക് സാധ്യമാണെന്ന ശുഭസൂചന തന്ന് കഥ തീരുന്നതിനിടെ ഫ്രാൻസിസ് പുണ്യാളനും ഡോക്ടർ അംബേദ്കറും ചെങ്കുറിഞ്ഞിമുത്തശ്ശിയും ബേത്തിമാരനും ജീമൂതവാഹനനും ഒക്കെ കഥയിൽ മായികമായി പ്രത്യക്ഷപ്പെടുന്നു.
കുഞ്ഞുങ്ങൾ സത്യങ്ങൾ തിരിച്ചറിയുന്ന, ജീവന്റെ ജാഥയായി അണിനിരക്കുന്ന കാലത്തിലേക്ക് ചെറുദൂരം മാത്രമെന്ന് ഈ പുസ്തകത്തെ ശുഭാപ്തിവിശ്വാസമായി അടയാളപ്പെടുത്താം. ഫീലിയും ഫോബിയും, കരുണയും മുദിതയുമായി പേരുമാറുന്ന കാലം, അതിനെ പ്രത്യാശയുടെ കാലമെന്നല്ലാതെ മറ്റെന്താണു വിളിയ്ക്കുക?
നീർക്കുമിളകളാൽ തീർത്ത ഇരിപ്പിടങ്ങളും ചിലന്തിപ്പട്ടുനൂൽ കർട്ടനുകളും പച്ചപ്പായൽ പരവതാനിയും മിന്നാമിന്നി വിളക്കുകളുള്ള സ്വീകരണമുറിയും കഥവായനക്കാരായ കുഞ്ഞുങ്ങളുടെ ഭാവനയെ തൊട്ടുണർത്തുന്നതിനൊപ്പം 'സൂ അഥവാ മൃഗശാല എന്നുവച്ചാൽ ജന്തുജയിൽ എന്നല്ലേ ശരിക്കുള്ള അർത്ഥം?' എന്നൊരു ചോദ്യത്തിന്റെ മുനകൂർപ്പിയ്ക്കലും മനുഷ്യന് കേൾക്കാനാവാത്ത ഭഷയുണ്ട് ജീവികൾക്കോരോന്നിനും അവരുടെ സ്വന്തം ഭാഷയിൽ അവർക്കെല്ലാം സ്വന്തമായി പേരുകളുമുണ്ട് എന്നൊരു അറിവിന്റെ മനോഹരമായവിത്തുപാകലും ഒക്കെ കഥയിലൂടെ സാധിച്ചെടുക്കുന്നുണ്ട് ദേവിക.
സഹ്യനെന്ന കൂട്ടുകാരന്റെ കൈ പിടിച്ചേ മഴ വരൂ എന്ന്, സഹ്യനെ ദ്രോഹച്ചൂടിലാഴ്ത്തി പനി പിടിപ്പിച്ച് കൊല്ലാക്കൊല ചെയ്താൽ നീ പണിതുകൂട്ടിയതിനെയെല്ലാം മഴ ഉഗ്രശക്തിയോടെ തച്ചുടയ്ക്കും, വെള്ളം അതിന്റെ പഴയവഴികളോർത്ത് വച്ച് ഒഴുകിത്തിമർക്കും പെരുവെള്ളമാവും എന്ന് ചെങ്കുറിഞ്ഞി മുത്തശ്ശി ഭാരങ്കരനോട് പറയുമ്പോൾ, കുട്ടികൾ നമ്മുടെ വെള്ളപ്പൊക്കകാലങ്ങൾ ഓർത്തെടുക്കാതിരിക്കില്ല. അഴുക്കുനിറഞ്ഞു ശ്വാസംമുട്ടിപ്പോയ നീർച്ചാലുകൾ, വിഷം കലർന്ന പുഴ, മണൽക്കള്ളന്മാർ തുരന്നു മെലിഞ്ഞുപോയ മണൽത്തിട്ടകൾ ഇവയെല്ലാം കാട്ടിൽനിന്നുള്ള ജീവന്റെ ജാഥയിൽ ചേർന്നു എന്നും ആ ജാഥയങ്ങനെ ഭാരങ്കരരാജധാനിയുടെ പടിക്കലെത്തി എന്നും കഥയിലെ ഏടുകൾ മറിയുമ്പോൾ, പലപല ഇടങ്ങളിൽ നിന്നായി വന്ന് കൂട്ടം ചേർന്നിരുന്ന് നമ്മുടെ തലസ്ഥാനനഗരിയിൽ ജെൻസി കുട്ടികൾ ഉച്ചത്തിലുച്ചത്തിൽ എതിർശബ്ദമായി പരിണമിയ്ക്കുന്ന ഈ കാലത്തെ ഓർക്കാതിരിക്കാനാവില്ല. നിന്റെ പാട്ടുകൾ ഭാരങ്കരന്റെ വിഷം കലർന്ന വാക്കുകൾക്ക് മറുമരുന്നാവട്ടെ എന്ന് ബേത്തിമാരനോട് ചെങ്കുറിഞ്ഞി മുത്തശ്ശി പറയുമ്പോഴാണോ, നമ്മുടെ കുട്ടികൾ അങ്ങ് ദൂരെയിരുന്ന് 'സകലതും ഓർത്തുവയ്ക്കപ്പെടും', 'ഹം ദേഖേംഗെ' എന്നിങ്ങനെ പാടുന്നതെന്നും വിചാരിക്കാവുന്നതാണ്. സത്യത്തിൽ ഇക്കഥ സത്യമായതുപോലെയില്ലേ നമ്മളിന്നു ജീവിച്ചുപോരുന്ന ചുറ്റുപാടുകളിലേക്ക് കണ്ണും കാതും കൂർപ്പിയ്ക്കുമ്പോൾ?

കഥയുടെ മിഠായിപ്പൊതിയിൽ ആദ്യം ഭാവനയുടെ മധുരപ്പാളി, പിന്നെ ആ പാളിയ്ക്കുള്ളിൽ സമകാലികമായ ശാസ്ത്രസത്യങ്ങളും പ്രസക്തപ്രമേയങ്ങളും ചേർത്ത് എന്നാലോ ഒട്ടും തന്നെ കല്ലുകടിക്കാത്തവണ്ണം ഒരുൾപ്പാളി. ഒറ്റവായനയിൽ മധുരമാവും കുഞ്ഞുങ്ങളുടെ നാവിൽ തടയുക. പക്ഷേ വായനയ്ക്കുശേഷം പുസ്തകമടച്ചുവച്ച് അലസമൂലയിൽ ഏതോ നേരത്ത് ഇരിയ്ക്കുമ്പോൾ ഉൾപ്പാളികളിലെ കാമ്പും സത്തയും അവരറിയാതിരിക്കില്ല എന്ന പ്രതീക്ഷയാണ് ഈ പുസ്തകം.
കുഞ്ഞുങ്ങൾ സത്യങ്ങൾ തിരിച്ചറിയുന്ന, ജീവന്റെ ജാഥയായി അണിനിരക്കുന്ന കാലത്തിലേക്ക് ചെറുദൂരം മാത്രമെന്ന് ഈ പുസ്തകത്തെ ശുഭാപ്തിവിശ്വാസമായി അടയാളപ്പെടുത്താം. ഫീലിയും ഫോബിയും, കരുണയും മുദിതയുമായി പേരുമാറുന്ന കാലം, അതിനെ പ്രത്യാശയുടെ കാലമെന്നല്ലാതെ മറ്റെന്താണു വിളിയ്ക്കുക?

