photo: pexels

‘പ്രാണന്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ’

അച്ചടി പുസ്തകങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളാണ് ഡിജിറ്റൽ പുസ്തകങ്ങളിലേയ്ക്ക് എന്നെയെത്തിക്കുന്നത്. കിൻഡലിൽ ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ അല്ലെങ്കിൽ മാഗസിനുകൾ യാത്രകളിൽ ഉപയോഗപ്രദമാണ്. ഒരുപാട് പുസ്തകങ്ങളുടെ ഭാരം യാത്രകളിൽ സാധ്യമല്ലാത്തതിനാൽ ഡിജിറ്റൽ വായന അത്തരം സമയങ്ങളിൽ ഏറെ ഉപകാരപ്രദമാണ്.

The smell of a freshly printed book is the best smell in the world.- Karl Lagerfeld, German artist, Creative director.

ഗംഗ. ഭാഗീരഥി. പുരാണങ്ങളിലെ പുണ്യനദി. ആധുനികതയുടെ ജീവധാര. ഭാരതത്തിന്റെ സ്വന്തം സ്വന്തമായ പവിത്രനദി. താൻ അതിലേയ്ക്ക് ആഴ്ന്നാഴ്ന്നു പോവുന്നു. ഒന്നു മുങ്ങുംവരെ കുളിരു തോന്നി. മരവിപ്പ്. പിന്നെയോ? അനിർവചനീയമായ ഒരു സുഖം- സ്വച്ഛത ആത്മാവിനെയും ശരീരത്തെയും തഴുകിനീങ്ങുന്നു. അതുവരെയുള്ള കർമ്മബന്ധങ്ങൾ എല്ലാം അറ്റതുപോലെ, സ്വതന്ത്രമായതുപോലെ, അപ്പോൾപ്പിറന്ന കുഞ്ഞിനെപ്പോലെ. - അഗ്‌നിസാക്ഷി (ഒന്നാം അദ്ധ്യായം), ലളിതാംബിക അന്തർജ്ജനം.

ണ്ടായിരത്തിന്റെ ആദ്യത്തിലെപ്പോഴോ ഗൗരവപരമായ വായനയിലേക്ക് കൈകളിലെത്തിയ പുസ്തകം. തുലാമാസത്തിലെ അതിശക്തമായ മഴയുള്ളൊരു വൈകുന്നേരം, ഉമ്മറത്തിണ്ണയിലിരുന്ന് നേർത്ത തണുപ്പിന്റെ വശ്യതയിലേയ്ക്ക് തീക്ഷ്ണമായൊരു കഥ എന്റെയുള്ളിലേയ്ക്കാഴ്ന്നിറങ്ങിയത് സ്മൃതികളിൽ വ്യക്തമാണ്. ആ പുസ്തകത്തിന്റെ ഗന്ധം പോലും ഇന്നുമനുഭവിക്കുന്നു. ഓരോ താളുകളും ഒരു യാത്രയിലെന്ന പോലെ കൂടെപ്പോരുന്നു, ഇടയ്ക്കിടെ താളുകൾ പിറകോട്ട് വീണ്ടും മറിച്ചും ഇനിയെത്രത്തോളം വായിക്കാനുണ്ടെന്നുമൊക്കെ നോക്കി അലസതയോടെയും ആനന്ദത്തോടെയും നിറഞ്ഞുനിന്ന പുസ്തകവായനയുടെ സമയങ്ങൾ ഓർമകളുടെ വസന്തമാണ്.

തുലാമാസത്തിലെ അതിശക്തമായ മഴയുള്ളൊരു വൈകുന്നേരം, ഉമ്മറത്തിണ്ണയിലിരുന്ന് നേർത്ത തണുപ്പിന്റെ വശ്യതയിലേയ്ക്ക് തീക്ഷ്ണമായൊരു കഥ എന്റെയുള്ളിലേയ്ക്കാഴ്ന്നിറങ്ങിയത് സ്മൃതികളിൽ വ്യക്തമാണ്.
തുലാമാസത്തിലെ അതിശക്തമായ മഴയുള്ളൊരു വൈകുന്നേരം, ഉമ്മറത്തിണ്ണയിലിരുന്ന് നേർത്ത തണുപ്പിന്റെ വശ്യതയിലേയ്ക്ക് തീക്ഷ്ണമായൊരു കഥ എന്റെയുള്ളിലേയ്ക്കാഴ്ന്നിറങ്ങിയത് സ്മൃതികളിൽ വ്യക്തമാണ്.

ചിന്തകളെ നങ്കൂരമിട്ടുറപ്പിക്കാൻ പുസ്തകങ്ങൾക്ക് കഴിയുന്നു. പുസ്തകത്തിന്റെ ഭൗതികമായ സാന്നിധ്യം വായനയെ പ്രസരിപ്പുള്ളതാക്കുന്നു. വായനയിലുടനീളം കഥാപാത്രങ്ങളും വൈകാരികതയും വായനയെ കൂടുതൽ ഗാഢമാക്കുകയും ചെയ്യുന്നു. പുതിയ പുസ്തകം കയ്യിൽ കിട്ടിയാൽ ആദ്യമവയുടെ ഗന്ധത്തെയറിയും. എന്നാൽ പഴയ പുസ്തകങ്ങൾ ഗന്ധത്തെ മാത്രമല്ല, എന്തുകൊണ്ടിപ്പോഴും ഇവ വായിക്കപ്പെടുന്നു എന്ന ആകാംക്ഷയേറ്റുന്നു. ഞാനെന്ന വായനക്കാരി അച്ചടിപുസ്തകങ്ങളുടെ ആരാധികയാണ്. വായനയ്ക്ക് ഏറെ എളുപ്പവും സുഖകരവുമായി തോന്നുന്നതും അവയാണ്. അതിലേറെ അവ മനസ്സിലേക്കെത്തിക്കുന്ന കഥയും കഥാപാത്രങ്ങളുമൊക്കെ വിശകലനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. ഒരു പുസ്തകത്തെ തൊട്ടറിയുന്നതിന്റെ വൈകാരികത കാലത്തിന്റെ നിഗൂഡതയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുകയോ വിസ്തരിക്കപ്പെടുകയോ ചെയ്യുന്നില്ല.

ഇനിയങ്ങോട്ട് ആരും വായിക്കുകയില്ലെന്ന, തെറ്റായ പ്രസ്താവന നൽകിയ സ്റ്റീവ് ജോബ്‌സിന്റെ ആപ്പിൾ ഉപകരണങ്ങളിലൂടെത്തന്നെ ഇന്ന് ജനങ്ങൾ ഡിജിറ്റൽ വായന നടത്തുന്നു.

നൂറോളം വർഷങ്ങൾക്കുമുൻപ് തോമസ് എഡിസൺ പ്രവചിച്ചിട്ടുണ്ട്, അച്ചടിപുസ്തകങ്ങൾക്ക് ബദലായി മറ്റൊരു സാങ്കേതികത വരുമെന്ന്. നമ്മളിപ്പോൾ ആ യുഗത്തിലാണ്. ഡിജിറ്റൽ വായന അത്രയേറെ സാധാരണമാകുന്നൊരു കാലം. ആപ്പിൾ, കിൻഡൽ പോലുള്ള ഉപകരണങ്ങളും ഇ-ബുക്സും പുസ്തകം എന്നതിനെ ഡിജിറ്റൽ പുസ്തകം അല്ലെങ്കിൽ ഡിജിറ്റൽ വായന എന്നതിലേക്ക് എത്തിച്ചിരിക്കുന്നു. ഡിജിറ്റൽ പുസ്തകങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടും അച്ചടിപുസ്തകങ്ങൾ ഇന്നും ഏറ്റവും പ്രിയപ്പെട്ടവയായി മുന്നേറുന്നതിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഡിജിറ്റൽ വായനയ്ക്കുള്ള ഉപകരണങ്ങളുടെ വില, അത് നിരന്തരം ചാർജ്ജ് ചെയ്യേണ്ടതിന്റെ ആവശ്യകത, കണ്ണുകൾക്കുണ്ടാകുന്ന ക്ഷീണം എന്നിവ ഇ- റീഡിംഗിനെ പരിമിതപ്പെടുത്തുന്നുണ്ട്.

ലാപ്‌ടോപ്പ്, കിൻഡൽ, ഫോൺ പോലുള്ളവയിൽ നിന്നുള്ള വെളിച്ചം കണ്ണുകളെയും ഉറക്കത്തെയും കൂടുതൽ മോശമായി ബാധിക്കുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഡിജിറ്റൽ വായനയിൽ ഒരേ ഇരിപ്പിൽ വായന തുടരുന്നത് വായനാസുഖം നഷ്ടപ്പെടുത്തുന്നുണ്ട്. അമേരിക്കൻ എഴുത്തുകാരനായ റേ ബ്രാഡ്ബറി പറഞ്ഞതുപോലെ ‘കമ്പ്യൂട്ടറിന് ഗന്ധമില്ല' എന്നത് പുസ്തകത്തിന്റെ ഇ-റീഡിങ് വായനയെക്കുറിച്ചുള്ള ഏറ്റവും വലിയ വിമർശനമാണ്.

ഒരാളുടെ സൗകര്യങ്ങൾക്കനുസരിച്ച് പല രീതികൾ വായനക്കുണ്ട് എന്നത് സന്തോഷകരമാണ്.
ഒരാളുടെ സൗകര്യങ്ങൾക്കനുസരിച്ച് പല രീതികൾ വായനക്കുണ്ട് എന്നത് സന്തോഷകരമാണ്.

ഇനിയങ്ങോട്ട് ആരും വായിക്കുകയില്ലെന്ന, തെറ്റായ പ്രസ്താവന നൽകിയ സ്റ്റീവ് ജോബ്‌സിന്റെ ആപ്പിൾ ഉപകരണങ്ങളിലൂടെത്തന്നെ ഇന്ന് ജനങ്ങൾ ഡിജിറ്റൽ വായന നടത്തുന്നു. കഥകളോ നോവലുകളോ ഡിജിറ്റൽ പുസ്തകങ്ങളായി വരുമ്പോൾ വായനയോടുള്ള ഇഷ്ടം അല്ലെങ്കിൽ ആകാംക്ഷ തീരെ കുറയുന്നുണ്ട്. മടുപ്പിക്കുന്നൊരു സാന്നിധ്യം അത് നൽകുന്നു. ചെറിയ രചനകൾ വായിക്കുന്നതാകട്ടെ ഡിജിറ്റൽ വായനയിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കുന്നുമില്ല. പെ​ട്ടെന്ന് വായിക്കാൻ തോന്നുന്ന നിമിഷങ്ങളിൽ ഒരു പുസ്തകം കയ്യിലെടുക്കുന്ന ലാഘവത്തോടെ ഒരു കിൻഡലോ ലാപ്‌ടോപ്പോ തുറന്ന് വായിക്കാൻ കഴിയുകയില്ല. വായനക്കാരിയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും പുസ്തകവായനയ്ക്ക് ഡിജിറ്റലും അച്ചടി പുസ്തകങ്ങളും ഉപയോഗിക്കുന്ന വ്യക്തിയാണ്. എന്നാൽ, അച്ചടി പുസ്തകങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളാണ് ഡിജിറ്റൽ പുസ്തകങ്ങളിലേയ്ക്ക് എന്നെയെത്തിക്കുന്നത്. കിൻഡലിൽ ഡൗൺലോഡ് ചെയ്ത പുസ്തകങ്ങൾ അല്ലെങ്കിൽ മാഗസിനുകൾ യാത്രകളിൽ ഉപയോഗപ്രദമാണ്. ഒരുപാട് പുസ്തകങ്ങളുടെ ഭാരം യാത്രകളിൽ സാധ്യമല്ലാത്തതിനാൽ ഡിജിറ്റൽ വായന അത്തരം സമയങ്ങളിൽ ഏറെ ഉപകാരപ്രദമാണ്. കഴിയുന്നതും മാഗസിനുകൾ മാത്രമാണ് ഡിജിറ്റൽ വായനയിലുള്ളത്, പുസ്തകങ്ങൾ ഒരു സാന്നിധ്യമായി കൂടെയുണ്ടാകണം എന്നുതന്നെയാണ് താത്പര്യം.

ഡിജിറ്റൽ വായനയിൽ പുസ്തകങ്ങൾ ഓർമകളെ നിലനിർത്തുന്നില്ല, എഴുത്തുകാരനെയോ പുസ്തകത്തിന്റെ ആസ്വാദനത്തെയോ തീവ്രമായി നമ്മിലേക്കെത്തിക്കുന്നില്ല.

ചൂടാതെ പോയ്​ നീ നിനക്കായ് ഞാൻ ചോര- ചാറിചുവപ്പിച്ചൊരെൻ പനീർപ്പൂവുകൾ കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ- പ്രാണന്റെ പിന്നിൽക്കുറിച്ചിട്ട വാക്കുകൾ- ആനന്ദധാര, ബാലചന്ദ്രൻ ചുള്ളിക്കാട്.

കാൽപ്പനികതയുടെ വസന്തത്തിലാകെ പ്രണയപ്രപഞ്ചം തീർത്ത ഈ കവിത ഒരു കാലത്തിന്റെ പ്രസരിപ്പാർന്ന യൗവനത്തെ നമുക്ക് മുന്നിലേക്കെത്തിക്കുന്നു. ആ കവിതാപുസ്തകം എവിടെനിന്ന് വാങ്ങി, എപ്പോഴൊക്കെ വായിച്ചു, വരികളുടെയത്രയും ഇഷ്ടത്തോടെ ആ പുസ്തകത്തെയും എഴുത്തുകാരനെയും അറിയുന്നു എന്നതെല്ലാം അതിഗാഢമായൊരു നെടുവീർപ്പുകൂടിയാണ്. പുസ്തകത്തിന്റെ സാന്നിധ്യത്തിന് അങ്ങനെയൊരു ശീലമുണ്ട്. അത് നമ്മുടെ കയ്യിലേക്കെത്തിയ സമയത്തെയും പരിസരത്തെയുമൊക്കെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഡിജിറ്റൽ വായനയിൽ പുസ്തകങ്ങൾ ഓർമകളെ നിലനിർത്തുന്നില്ല, എഴുത്തുകാരനെയോ പുസ്തകത്തിന്റെ ആസ്വാദനത്തെയോ തീവ്രമായി നമ്മിലേക്കെത്തിക്കുന്നില്ല. മാഗസിനുകളുടെ വായനയ്ക്കാകട്ടെ ഡിജിറ്റൽ ഉപകരണങ്ങൾ ഏറെ ഉപയോഗപ്രദവുമാണ്.

ഒരുപാട് പുസ്തകങ്ങളുടെ ഭാരം യാത്രകളിൽ സാധ്യമല്ലാത്തതിനാൽ ഡിജിറ്റൽ വായന അത്തരം സമയങ്ങളിൽ ഏറെ ഉപകാരപ്രദമാണ്.
ഒരുപാട് പുസ്തകങ്ങളുടെ ഭാരം യാത്രകളിൽ സാധ്യമല്ലാത്തതിനാൽ ഡിജിറ്റൽ വായന അത്തരം സമയങ്ങളിൽ ഏറെ ഉപകാരപ്രദമാണ്.

ഏതാണ്ട് മുപ്പത് വർഷങ്ങൾക്കുശേഷം കുട്ടികളുടെ ബാഗിൽ എല്ലാമുൾക്കൊള്ളുന്ന ഏതെങ്കിലും ഡിജിറ്റൽ ഉപകരണമുണ്ടായിരിക്കുമെന്ന് 1998ൽ ആദ്യത്തെ ഇ- ബുക്ക്​സൃഷ്ടാവായ മൈക്കേൽ ഹാർട് പറഞ്ഞിരുന്നു. ഇന്ന് കുട്ടികളുൾപ്പെടെ എല്ലാവരിലും ഇ- ബുക്ക്​ എത്തിയിരിക്കുന്നു. പഠനവും റിസർച്ചും തുടങ്ങി ഒട്ടുമിക്കതും ഡിജിറ്റൽ ലോകത്തേയ്ക്ക് മാറിയതോടെ പുസ്തകങ്ങളോടുള്ള ഇഷ്ടം വായനക്കാർക്ക് കൂടിയിരിക്കുകയാണ് എന്നുവേണം കരുതാൻ. പുസ്തകത്തേക്കാൾ ഭാരമേറിയ ഡിജിറ്റൽ ഉപകരണങ്ങൾ തുടർച്ചയായി പിടിക്കുന്നതുമൂലം കൈകൾക്കുണ്ടാകുന്ന വേദനയും സ്‌ക്രീൻ വെളിച്ചം കണ്ണുകൾക്കുണ്ടാക്കുന്ന അസൗകര്യങ്ങളും പുസ്തകത്തിന്റെ മൂല്യത്തെ നിലനിർത്തുന്നുണ്ട്.

പുസ്തക വായനയ്ക്ക് ഏതൊക്കെ ഉപകരണങ്ങൾ ഡിജിറ്റൽ രംഗത്ത് വന്നാലും അച്ചടിപുസ്തകങ്ങളുടെ ജനപ്രീതി ഒട്ടും കുറയുകയില്ല. എങ്ങനെ വായിക്കുന്നു എന്നതിനേക്കാൾ, വായിച്ചുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം.

പൊതുവിദ്യാലയങ്ങളിൽ നിന്ന്​ അച്ചടിപുസ്തകങ്ങൾ പൂർണമായും ഇല്ലാതാകുമെന്ന തോമസ് എഡിസന്റെ ഊഹം പക്ഷെ പൂർണമായും തെറ്റായ വിലയിരുത്തലായിരുന്നു എന്ന് പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിൽ എന്നത്തേക്കാളും കൂടുതലായി നിറഞ്ഞുനിൽക്കുന്ന പുസ്തകങ്ങൾ നമ്മളോട് പറയുന്നു. 2020ൽ വിൽക്കപ്പെട്ട എല്ലാത്തരം പുസ്തകങ്ങളുടേയും കണക്കുകൾ നോക്കുമ്പോൾ, അച്ചടിപുസ്തകങ്ങൾ ഏറെ മുന്നിലാണ്. അമേരിക്ക, യു.കെ, സ്‌പെയിൻ എന്നിവിടങ്ങളിൽ അച്ചടിപുസ്തകങ്ങൾ വിൽക്കപ്പെട്ടത് ഏതാണ്ട് 44%, 48%, 49% നിരക്കിലാണെങ്കിൽ ഇ- ബുക്ക്​ യഥാക്രമം 22%, 20%, 14% എന്നീ നിരക്കിലാണ്. ഉദാഹരണം മാത്രമാണിത്. പൊതുവായനശാലകളിലും വിദ്യാലയങ്ങളിലും ഏറ്റവും കൂടുതൽ പ്രിയതരമായി മുന്നിട്ട് നിൽക്കുന്നതും അച്ചടിപുസ്തകങ്ങളാണ്.

എന്റെ വീട്ടിലെത്തുന്ന ഒരു സുഹൃത്തിന് പുസ്തക അമാരയിലോ അലക്ഷ്യമായി മറ്റെവിടെയെങ്കിലുമോ ഉള്ള പുസ്തകം തുറന്ന് നോക്കാം, എഴുത്തുകാരെയോ ആ പുസ്തകത്തിന്റെ കവർചിത്രത്തിന്റെ ആകർഷണീയതയെക്കുറിച്ചോ ഉള്ളടക്കത്തെക്കുറിച്ചോ ആകാംക്ഷയോടെ അന്വേഷിക്കാം, ചർച്ച ചെയ്യാം. പുസ്തകത്തിന്റെ കാഴ്ച മറ്റൊരാളുടെ വായനയ്ക്ക് പ്രചോദനവുമാകുന്നു. എന്നാൽ, ഇ- ബുക്ക്​ അത്തരത്തിൽ ഒരു പ്രചോദനവും ഉണ്ടാക്കുന്നില്ല. പുസ്തകങ്ങളുടെ കവർപേജുകളുടെ ഭംഗി അല്ലെങ്കിൽ കൗതുകം physical touch ൽ മാത്രമാണ് അതിന്റെ മൂല്യത്തെ നിലനിർത്തുന്നത്. ഡിജിറ്റൽ വായന പെ​ട്ടെന്ന് വായനക്കാരെ മറ്റൊന്നിലേക്ക് വ്യതിചലിപ്പിക്കുന്നു എന്നതും ഒരു ന്യൂനതയാണ്.

പുസ്തക വായനയ്ക്ക് ഏതൊക്കെ ഉപകരണങ്ങൾ ഡിജിറ്റൽ രംഗത്ത് വന്നാലും അച്ചടിപുസ്തകങ്ങളുടെ ജനപ്രീതി ഒട്ടും കുറയുകയില്ല. എങ്ങനെ വായിക്കുന്നു എന്നതിനേക്കാൾ, വായിച്ചുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം. ഒരാളുടെ സൗകര്യങ്ങൾക്കനുസരിച്ച് പല രീതികൾ വായനക്കുണ്ട് എന്നത് സന്തോഷകരവുമാണ്. ഡിജിറ്റൽ രേഖകൾ ഏതുനിമിഷവും മാഞ്ഞുപോയേക്കാം. എന്നാൽ ഒരിക്കൽ പ്രിൻറ്​ ചെയ്ത ഒരു പുസ്തകം എവിടെയെങ്കിലും ഏതുകാലത്തും വലിയൊരു തെളിവായി നിലനിൽക്കും. എന്റെ പുസ്തകവായനയ്ക്ക് ഞാനെപ്പോഴും ആശ്രയിക്കുന്നത് അച്ചടി പുസ്തകങ്ങളെയാണ്. വായനയുടെ ഗൗരവത്തെ അത് മികവുറ്റതാക്കുന്നു. മാഗസിനുകൾ, ചെറുലേഖനങ്ങൾ, കവിതകൾ എന്നിവയ്ക്ക് ഡിജിറ്റൽ വായനയും ഏറെ ഉപകാരപ്പെടുന്നു. പുസ്തകങ്ങൾ നാഗരികതയുടെ കൂട്ടുകാരാണ്. പുസ്തകങ്ങളുടെ സാന്നിധ്യം അറിവിന്റെ, പ്രചോദനത്തിന്റെ, സൗഹൃദത്തിന്റെ ലക്ഷണങ്ങളാണ്. അതൊരു ഡിജിറ്റൽ ഉപകരണം തുറക്കുന്ന സമയത്തിലേയ്ക്ക് കാത്തുനിൽക്കേണ്ടതല്ല, ഏതൊരാളിലേയ്ക്കും പകർന്നു കൊടുക്കപ്പെടേണ്ട അതിതീവ്രമായ ആനന്ദമാണ്. ▮


പ്രിയ ഉണ്ണികൃഷ്​ണൻ

കവി, കഥാകാരി, എഴുത്തുകാരി. അമേരിക്കയിലെ ടെക്​സസിൽ താമസിക്കുന്നു. സൗണ്ട്​ പ്രൂഫ്​, പ്രണയം വിപ്ലവം വീക്ഷണം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments