എഴുത്തുകാരുടെ പുതിയ പുസ്തകം, കൊട്ടിഘോഷിക്കപ്പെടുന്ന ഒരു സാഹിത്യോത്സവത്തിലേക്കുള്ള ‘എൻട്രി പാസ്' മാത്രമായി ചുരുങ്ങുന്നു. എന്നിരുന്നാലും എഴുത്തുകാർ ഹാപ്പിയാണ്. എന്നാൽ, വായനക്കാർ ഒരിക്കലുമല്ല. അതാണ് വിവർത്തന കൃതികളിലേക്ക് വായനക്കാർ ഉറ്റുനോക്കുന്നത്.
കെ. കണ്ണൻ: കോവിഡുകാലത്താണ്, ആഗോള പുസ്തകവിപണിയിൽ, പ്രൊഡക്ഷന്റെയും വായനയുടെയും റീഡിംഗ് പ്ലാറ്റ്‌ഫോമുകളുടെയും കാര്യത്തിൽ ഒരു ഷിഫ്റ്റ് എന്നുതന്നെ പറയാവുന്ന വിധത്തിൽ മാറ്റം സംഭവിച്ചത് എന്നു പറയാം. അതിൽ ഏറ്റവും പ്രധാനം ഇ- ബുക്സ്, ഓഡിയോ ബുക്സ് അടക്കമുള്ള പുതിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള മാറ്റവും വിഷ്വലൈസേഷൻ അടക്കമുള്ളവയിൽ സ്വീകരിച്ച പുതിയ സാങ്കേതികതകളുമായിരുന്നു. മലയാളത്തിലും ഇത് ദൃശ്യമായി. ഇത്തരം ടെക്നോളജിക്കൽ മാറ്റങ്ങൾ, അച്ചടി പുസ്തക മേഖലയെ എങ്ങനെയാണ് സ്വാധീനിച്ചത്? പ്രിന്റിൽ അതിനനുസരിച്ചു വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
വി.സി. തോമസ്: കോവിഡ്, അച്ചടിച്ച പുസ്തകങ്ങളുടെ വിതരണത്തെ കാര്യമായി ബാധിച്ചു. അത് ഓഡിയോ, ഇ- ബുക്ക് എന്നിവയുടെ വിപണിയെ വളർത്തി. കോവിഡുകാലം ഇ- ബുക്ക്, ഓഡിയോ ബുക്ക് എന്നിവ അച്ചടിച്ച പുസ്തകങ്ങൾക്ക് പകരമാണെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും ദീർഘകാലത്തെ അടച്ചിരിപ്പിനുശേഷം വായനക്കാർ ആവേശത്തോടെ അച്ചടിപ്പുസ്തകങ്ങളിലേക്കു മടങ്ങുകയാണുണ്ടായത്. അച്ചടിച്ച പുസ്തകങ്ങളുടെ വിപണിയും ഇ-ബുക്ക്, ഓഡിയോ ബുക്ക് വിപണിയും ഒന്നല്ല എന്നതാണ് വാസ്തവം.
ഇ-ബുക്ക് / ഓഡിയോ ബുക്ക് റോയൽറ്റി ശതമാനം അന്താരാഷ്ട്ര നിലവാരത്തിലും വളരെ താഴെയാണ് മലയാളത്തിൽ. അതിനാൽ, ഇ-ബുക്ക് / ഓഡിയോ ബുക്ക് അവകാശങ്ങൾ കൈമാറാത്ത പല പ്രമുഖ എഴുത്തുകാരും മലയാളത്തിലുണ്ട്.
ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വസ്തുത, ഇ- ബുക്കിന്റെയും ഓഡിയോ ബുക്കിന്റെയും വില്പനയെ സംബന്ധിച്ച കണക്കുകളുടെ സുതാര്യതയില്ലായ്മയാണ്. മറ്റൊന്നുകൂടിയുണ്ട്. ഇ-ബുക്ക് / ഓഡിയോ ബുക്ക് എന്നിവയിൽ നിന്നുള്ള റോയൽറ്റി ശതമാനം അന്താരാഷ്ട്രനിലവാരത്തിലും വളരെ താഴെയാണ് മലയാളത്തിലുളള എഴുത്തുകാർക്ക് ലഭിക്കുന്നത്. അതിനാൽ, ഇ-ബുക്ക് / ഓഡിയോ ബുക്ക് അവകാശങ്ങൾ കൈമാറാത്ത പല പ്രമുഖ എഴുത്തുകാരും മലയാളത്തിലുണ്ട്.
പുസ്തകങ്ങളുടെ പ്രിന്റിംഗ് കാര്യമായി കുറഞ്ഞു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. പേപ്പർ ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവ് ഈ കഴിഞ്ഞ മാസങ്ങളിൽ പുസ്തകനിർമാണത്തെ കാര്യമായി ബാധിച്ചു. ‘പ്രിൻറ് ഓൺ ഡിമാൻഡ്' അച്ചടിരീതി വ്യാപകമായി.
മലയാളത്തിലും ധാരാളം ‘നോൺ- ട്രെഡീഷനൽ’ പബ്ലിഷർമാരുണ്ടാകുന്നുണ്ട്. അവരുടെ ‘സെല്ലിംഗ് പോയൻറ്' എന്താണ്? മലയാളത്തിൽ ഇന്നിറങ്ങുന്ന ഒരു പുസ്തകം, ഉപഭോക്താവ് എന്ന നിലയ്ക്കുകൂടി വായനക്കാരോട് നീതി പുലർത്തുന്നുണ്ടോ, വിലയുടെയും പ്രൊഡക്ഷൻ ക്വാളിറ്റിയുടെയും പാരായണക്ഷമതയുടെയുമൊക്കെ കാര്യത്തിൽ? പ്രിൻറ് ബുക്സിന്റെ പ്രൊഡക്ഷനിൽ ചില പ്രസാധകർ സ്വീകരിക്കുന്ന ‘ഗിമ്മിക്കു'കളെക്കുറിച്ച് എന്താണ് അഭിപ്രായം.
പുസ്തക പ്രസാധനരംഗത്തേക്ക് കൂടുതൽ പേർ കടന്നുവരുന്നുണ്ട്. പല ഘടകങ്ങളാണ് അതിനു പിന്നിൽ. മികവുറ്റ ക്യൂറേഷൻ, നല്ല പ്രൊഡക്ഷൻ, അനുയോജ്യവും കംഫർട്ടബിളുമായ ഏരിയ ഓഫ് പബ്ലിഷിംഗ്- ഇവയൊക്കെയാണ് നോൺ ട്രഡീഷണൽ പ്രസാധകരുടെ മുഖമുദ്ര. എഴുത്തുകാർ ഒരു ‘Catch 22' അവസ്ഥയിൽ ആണുള്ളത് - ‘നിങ്ങളുടെ കൃതിക്ക് വായനക്കാരുണ്ടെങ്കിൽ പ്രസിദ്ധീകരിക്കാം.’ എന്നാൽ പ്രസിദ്ധീകരിച്ചാലല്ലേ വായനക്കാരുണ്ടാകൂ. ഒരു കൃതിയുടെ മെറിറ്റ് മനസിലാക്കാനുള്ള ക്ഷമയോ ബുദ്ധികൗശലമോ വിപണന മികവോ മുഖ്യധാരാ പ്രസാധകർക്കില്ല. അതിനാൽത്തന്നെ, മികച്ച സംവേദന നിലവാരം കൈമുതലായ നോൺ ട്രഡീഷണൽ പ്രസാധകർ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. എന്നാൽ, ശ്രദ്ധേയരായ എഴുത്തുകാരാകുന്നതോടെ വിപണി അവരെ കൊണ്ടാടുകയും ചെയ്യുന്നു. പ്രസാധന രംഗത്ത് പിടിച്ചുനിൽക്കുകയും ലാഭകരമായി മുമ്പോട്ടുപോവുകയും ചെയ്യുക എന്നതാണ് പുതിയ പ്രസാധകർ നേരിടുന്ന വെല്ലുവിളി.
എഴുത്ത് എഴുത്തുകാരുടെ പ്രധാന തൊഴിൽ / വരുമാന സ്രോതസ്സ് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു - 1960കളിലൊക്കെ. അന്ന് എഴുത്തുകാർ ‘പബ്ലിഷിംഗ് എക്കോസിസ്റ്റത്തിലെ' പ്രധാന കണ്ണിയായിരുന്നു. ഇന്ന് എഴുത്തുകാർക്ക് ആ സ്റ്റാറ്റസ് നഷ്ടമായിരിക്കുന്നു. മിക്കവർക്കും സ്വന്തം രചനയുടെ മൂല്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിൽ വിപണി ആധിപത്യം ഏറ്റെടുത്തിരിക്കുന്നു- ‘നിന്റെ എഴുത്തിന്റെ മൂല്യം എന്റെ വില്പനയുടെ മിടുക്കാണ്' എന്ന തരത്തിൽ. എഴുത്തുകാർ ഒപ്പിട്ടുകൊടുക്കുന്ന അച്ചടിച്ച പ്രസാധന ഉടമ്പടി വായിച്ചാൽ ഈ കാര്യം മനസിലാകും. അതിനാൽത്തന്നെ പ്രതിഭയുണ്ടായിരിക്കെ എഴുത്തിനെ മികവിലെത്തിക്കാനുള്ള ഊർജം എഴുത്തുകാർക്ക് പലപ്പോഴും നഷ്ടമാകുന്നു. എഴുത്തുകാരുടെ പുതിയ പുസ്തകം, കൊട്ടിഘോഷിക്കപ്പെടുന്ന ഒരു സാഹിത്യോത്സവത്തിലേക്കുള്ള ‘എൻട്രി പാസ്' മാത്രമായി ചുരുങ്ങുന്നു. എന്നിരുന്നാലും എഴുത്തുകാർ ഹാപ്പിയാണ്. എന്നാൽ, വായനക്കാർ ഒരിക്കലുമല്ല. അതാണ് വിവർത്തന കൃതികളിലേക്ക് വായനക്കാർ ഉറ്റുനോക്കുന്നത്.
ഒരു കൃതിയുടെ മെറിറ്റ് മനസിലാക്കാനുള്ള ക്ഷമയോ ബുദ്ധികൗശലമോ വിപണന മികവോ മുഖ്യധാരാ പ്രസാധകർക്കില്ല. അതിനാൽത്തന്നെ, നോൺ ട്രഡീഷണൽ പ്രസാധകർ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു.
കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ചില പുസ്തകക്കടകളിൽ അറിയപ്പെടുന്ന എഴുത്തുകാരുടെ കൃതികൾ എയർപോർട്ട് എഡിഷൻ എന്ന പേരിൽ വിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് .അവയ്ക്ക് അതേ പുസ്തകത്തിന്റെ സാധാരണ പതിപ്പുകളിൽനിന്ന് നൂറും ഇരുന്നൂറും രൂപ വില കൂടുതലുണ്ട്. ഈ പതിപ്പുകൾക്ക് വ്യത്യസ്തമായ കവർ (പേപ്പർബാക്ക് തന്നെ) ഡിസൈനുണ്ട് എന്നതൊഴിച്ചാൽ, പേപ്പറിന്റെ ഗുണമേന്മയിലോ അച്ചടിയിലോ ബയന്റിംഗിലോ യാതൊരു വ്യത്യാസവുമില്ല. എല്ലാവരും പിഴിയുന്ന പ്രവാസിയെ പിഴിയാൻ മറ്റൊരു കണ്ടുപിടുത്തം എന്നല്ലാതെ ഇതിനെ എന്തുപറയാൻ?
പരിഭാഷയുടെ മേന്മ, എഡിറ്റിംഗ്, പ്രൂഫിങ്, ലേഔട്ട്, കവർ ഡിസൈൻ എന്നീ മേഖലകളിൽ മലയാള പുസ്തകങ്ങൾ ബഹുദൂരം സഞ്ചരിക്കാനുണ്ട്. ▮