നെരൂദ, ചിലി ഏകാധിപത്യത്തിന്റെ ചേരികളിൽനിന്ന് ഒരനുഭവക്കുറിപ്പ്

പ്രവാസം, പലായനം, നാടുകടത്തപ്പെടൽ എന്നീ വാക്കുകളുടെ ആഴവും വ്യംഗ്യാർത്ഥവും അനുഭവങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഇസബെൽ അല്ലെൻഡയുടെ പുതിയ നോവൽ 'A Long Petal Of The Sea' മുറിപ്പാടുകളുടെ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ഉദ്യമമാണ്. ചിലി എന്ന രാജ്യത്തിന്റെ രാഷ്ട്രീയവായനക്കൊപ്പം പലായനത്തിന്റെ ദുരിതങ്ങളും ചേർത്തുവെച്ച നോവലിന്റെ വായന

Listen!
If stars are lit
It means there is someone who needs it,
It means someone wants them to be,
That someone deems those specks of spit
Magnificent!

Vladimir Mayakovsky, Listen!

വീടുനഷ്ടപ്പെട്ടവരുടെ വികാരവും ദേശം അന്യമായവരുടെ വിലാപവും ചരിത്രത്തിന്റെ അടരുകളിലെ ഒപ്പാനാകാത്ത കണ്ണീരണ്. ഒരുപടി കൂടെ കടന്ന്, രാജ്യം വിടുന്നവരുടെ ഓർമയും, ഭയവും, വിദ്വേഷവും, നഷ്ടങ്ങളും, അനിവാര്യമായ ‘പുതിയ' വേരുകളുറപ്പിക്കലും ചരിത്രരേഖാശേഖരണത്തിന്റെ ദിശകളെ നിർവചിക്കുകയും പുനർനിർണയിക്കുകയും ചെയ്‌തേക്കാം. മടക്കമില്ലാത്ത യാത്രയിൽ, കൈവിട്ടുപോകുന്നതിനെ തിരികെ കിട്ടില്ലെന്ന ചിന്ത പലായനം ചെയ്യുന്നവരുടെ അഗാധവിഷാദത്തിലകപ്പെടുത്തുന്നു.
എന്നിലിതിന് മറിച്ചു ഒരുവാദം കൂടെ മുന്നോട്ടുവെയ്ക്കാമെന്നു തോന്നുന്നു.

ഓർമയുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്ന ഒന്നാണത്. ഭൂതകാലത്തെ വീട് ഓർമയിൽ ഉള്ളിടത്തോളംകാലം അതിനെ നഷ്ടപ്പെടാൻ സാധ്യത ഇല്ലെന്ന ആശയം കാൽപനികമാവാം; പക്ഷെ ആശ്വാസപ്രദമാണ്. പോളണ്ടിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ എഴുത്തുകാരിയായ ഇവാ ഹോഫ്മാന്റെ പ്രസിദ്ധ ആത്മകഥയായ Lost in Translation: A Life in a New Languageൽ പലായനത്തിന്റെ തിക്തതകൾക്ക് വേറിട്ട ചില വിചാരങ്ങൾ നൽകുന്നുണ്ട്. ഗൃഹാതുരതയെ കുറിച്ച് തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടാണ് അതിൽ പ്രധാനം.

വിശ്വാസ്യതയും കവിതയും വിഷാദപാരവശ്യവുമായി ഗൃഹാതുരതയെ നോക്കിക്കാണുന്ന ഇവാ പോളണ്ടിന്റെ ചിത്രങ്ങളെ ഗർഭത്തിൽ വഹിച്ച് കാനഡയിലെ തെരുവോരങ്ങളിലൂടെ നടന്നത് ഓർത്തെടുക്കുന്നു. ഗൃഹാതുരതയിൽ ഉരുകിയുറച്ച ബിംബമായി വീട് തെളിഞ്ഞുവരുന്നതിനെ കുറിച്ചും അവർ പറയുന്നു. ജീവിതത്തിന്റെ ആഴമില്ലായ്മയെ പ്രതിരോധിക്കാൻ വിസ്മൃതമായ ചരിത്രത്തെ കൂട്ടുപിടിക്കുന്നത് വൈകാരികതയെ മുറുകെപ്പിടിക്കുന്നവരാവും.

അധികാരത്തിന്റെ ആൾരൂപങ്ങൾ

ഭാവിയെ പ്രത്യാശയോടെ കാണുന്നവരാകട്ടെ ഭൂതകാലത്തെ ബാധ്യതയായി കാണാനും ഇടയുണ്ട്. തിക്തതകൾ നിറഞ്ഞ പോയകാലത്തിന്റെ അതിരുകൾ താണ്ടി ശാശ്വതവും സമാധാനപൂർണവുമായ മറ്റൊരുജീവിതം നിർമിക്കുന്നതിന് വെല്ലുവിളി പലതാണ്. സ്വരാജ്യം എന്നന്നേക്കുമായി ഉപേക്ഷിക്കുന്നത് ആരും സ്വമനസ്സാലെ ചെയ്യുമെന്ന് കരുതുന്നില്ല. അന്തഃച്ഛിദ്രങ്ങളും അരക്ഷിതാവസ്ഥയും അധികാരവും ചേർന്ന് സാധാരണക്കാരെ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിക്കുകയാണ്. ഇതുപോലൊരു ചുറ്റുപാടിൽ ഇസബെൽ അല്ലെൻഡെയുടെ പുതിയ നോവലിന്റെ പ്രസക്തി വലുതാണ്.

പ്രവാസം, പലായനം, നാടുകടത്തപ്പെടൽ എന്നീ വാക്കുകളുടെ ആഴവും വ്യംഗ്യാർത്ഥവും അനുഭവങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഇസബെൽ അല്ലെൻഡയുടെ പുതിയ നോവലായ A Long Petal Of The Sea മുറിപ്പാടുകളുടെ ചരിത്രം രേഖപ്പെടുത്താനുള്ള ഉദ്യമമാണ്.

'A Long Petal Of The Sea' കവർ
'A Long Petal Of The Sea' കവർ

സ്വന്തം രാജ്യത്തുനിന്നുള്ള ‘നിർബന്ധിതമായ' ഒഴിഞ്ഞുപോകൽ, മരവിച്ച ശരീരത്തെയും ചിന്തയെയും ഊർജപ്പെടുത്തിക്കൊണ്ടുള്ള പുതിയ ജീവിതം കെട്ടിയുയർത്തൽ, അതികഠിനമായ തണുപ്പിൽ ഉറഞ്ഞുകൂടിയ മനസിനെ തീകൂട്ടിക്കൊണ്ട് ജീവിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായ മറ്റൊരു പലായനം എന്നിങ്ങനെ നിശ്ചയമില്ലാത്ത ദശകളിലൂടെയുള്ള സഞ്ചാരമാണ് മനുഷ്യന്റെ സ്വത്വത്തെ വേർതിരിക്കുന്നത്. ഇതിന്റെ നേർചിത്രമാണ് സ്‌പെയിനിൽ നിന്ന് അഭയാർഥികളായി ചിലിയിൽ എത്തിപ്പെട്ട വിക്ടറിലൂടെയും റോസറിലൂടെയും ഈ നോവലിൽ വരച്ചിടുന്നത്.

നെരൂദ എന്ന കവിയുടെ രാഷ്ട്രീയത്തെ അല്ലെൻഡെയുടെ നോവലിലൂടെ നാം കൂടുതൽ മനസിലാക്കുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെക്കാൾ മൗനം വേവുന്ന സന്ദിഗ്ധമുഹൂർത്തങ്ങളാണ് സംഘർഷഭരിതം. അതുപോലെ പലായനം ചെയ്യുക എന്ന തീരുമാനമെടുക്കലാണ് അതിർത്തികളുടെ വേലിക്കെട്ടുകൾ മറികടക്കുന്നതിനേക്കാൾ ക്ലേശകരമെന്നു തോന്നുന്നു. ആഴമേറിയ ജലാശയത്തിൽ, ഒരു ചെറുകല്ലെറിയുമ്പോൾ അനവധി ഓളങ്ങൾ ഉണ്ടാകാറുണ്ട്. അതിനുസമാനമായി അധികാരത്തിന്റെ ആൾരൂപങ്ങൾ ചമയ്ക്കുന്ന തിരക്കഥയിൽ പല വിധത്തിലുള്ള സ്ഥാനഭ്രംശങ്ങൾ സാധാരണക്കാർക്ക് വരുന്നത് നേരിൽ കാണുന്ന അവസ്ഥയിലാണ് നമ്മൾ ഇന്ന്. പഞ്ചേന്ദ്രിയങ്ങളിലോരോന്നും അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും സ്ഥാപിതലക്ഷ്യങ്ങൾക്കുമുന്നിൽ അടിയറ വെക്കാതിരിക്കാനുള്ള മനുഷ്യരുടെ ചെറുത്തുനിൽപ്പുകളും ശ്വാസംമുട്ടലും, അവരിലൊരാളായി സൂക്ഷ്മദർശിനിയിലൂടെ കാണുന്ന എഴുത്തുകാരിയാണ് ഈ നോവലിനുപിന്നിൽ.

നെരൂദ എന്ന കഥാപാത്രം

ഭാഷ മാറാം, സംസ്‌കാരം വേറെയാകാം; എങ്കിലും നൈരാശ്യത്തിന്റെയും ഉൽകണ്ഠയുടെയും ഭാരം അഴിച്ചുവെച്ച്, പ്രതീക്ഷയുടെ തുറമുഖത്തിലെത്തുന്ന അഭയാർഥികളുടെ കണ്ണിലെ തിളക്കം സാർവ്വജനീനമാണ്. ആകാശത്തിലെ എണ്ണമറ്റ നക്ഷത്രത്തിളക്കം പോലെ പുതുജീവിതത്തിലേക്ക് നങ്കൂരമിടുന്ന അവരുടെ താപനിലയ്ക്ക് സ്ഥലകാലഭേദങ്ങളുണ്ടാവുന്നില്ല. ഫ്രാൻസിസ്‌കോ ഫ്രാൻകോ എന്ന ഏകാധിപതി രംഗപടമെഴുതിയ സ്പാനിഷ് ആഭ്യന്തരയുദ്ധത്തെ തുടർന്ന് രാജ്യം വിടേണ്ടി വന്ന വിക്ടറിന്റെ കുടുംബത്തെയാണ് നോവലിൽ പ്രാഥമികമായി അവതരിപ്പിക്കുന്നത്.

ഫ്രാൻകോയുടെ പട്ടാളം റിപ്പബ്ലിക്കൻ സൈന്യത്തെ തുരത്തി സ്‌പെയിൻ പിടിച്ചെടുക്കുകയായിരുന്നു. പിയാനിസ്റ്റ് ആയ റോസർ വിക്ടറിന്റെ കുടുംബത്തിലായിരുന്നു വളർന്നത്. അയാളുടെ സഹോദരനിൽ നിന്ന് ഗർഭം ധരിച്ച അവർക്കും കാമുകന്റെ അമ്മയ്ക്കും ഒരുഘട്ടത്തിൽ സ്‌പെയിനിൽ നിന്ന് പലായനം ചെയ്യേണ്ടത് അനിവാര്യമായിത്തീർന്നു.

കലാപത്തിൽ സജീവമായി പങ്കെടുത്ത അയാൾ മരിച്ചു എന്നറിയാതെയായിരുന്നു അമ്മയും റോസറും വിക്ടറിന്റെ സുഹൃത്തായ ഇബാരയുടെ സഹായത്തോടെ രാജ്യം വിടാൻ ശ്രമിച്ചത്. ഈ യാത്രക്കിടയിൽ അമ്മയെ കാണാതായെങ്കിലും ഇബാരയുടെ സഹായത്തോടെ റോസർ ഫ്രാൻസിലെത്തുകയും അവിടെ വെച്ച കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു.

കലാപത്തിൽ പരിക്കേറ്റവരെയും അംഗഭംഗം വന്നവരെയും പരിചരിക്കുന്ന വൈദ്യസംഘത്തിന്റെ സഹായിയായി രാപ്പകൽ ഭേദമെന്യേ ജീവിതം അർപ്പിച്ച വിക്ടറും ഫ്രാൻസിലെത്തുകയാണ്. വിക്ടറിന്റെയും റോസറിന്റെയും ജീവിതത്തെ വലയം ചെയുന്ന സവിശേഷമുഹൂർത്തങ്ങളെ അനാവരണം ചെയ്യുകവഴി ‘നാടുകടത്ത'പ്പെടലിന്റെ തീക്ഷ്ണതകളെയാണ് നോവലിസ്റ്റ് ശ്രദ്ധയിൽകൊണ്ടുവരുന്നത്.

ഒരുപക്ഷെ ചിലിയിലെ രാഷ്ട്രീയസാഹചര്യം ഇസബെൽ അല്ലെൻഡെ എന്ന വ്യക്തി നേരിട്ട വിധത്തിന്റെ സ്വാധീനം ഈ നോവലിലുണ്ടാകാം. അസ്വാസ്ഥ്യത്തിന്റെ അലുക്കുകളിൽ സ്വന്തം ഇടത്തെ ഏകാധിപത്യത്തിന്റെ ചേരികളിലേക്ക് എറിഞ്ഞു കൊടുക്കേണ്ടി വരുന്ന ഓരോരുത്തരുടെയും വൈയക്തികമായ അനുഭവക്കുറിപ്പു കൂടിയായി മാറുമ്പോഴാണ് A Long Petal Of The Sea ശ്രദ്ധേയമാവുന്നത്.

പ്രത്യക്ഷമായ സർഗ്ഗാത്മകതുടിപ്പിൽ നിന്ന് അകലംപാലിച്ച് രാഷ്ട്രീയത്തിന്റെ നേരുകളിൽ വ്യവഹാരം നടത്തുന്ന നെരൂദ നോവലിലെ കരുത്തുറ്റ ഒരു കഥാപാത്രമാണ്. ചിലിയുടെ അടരുകൾ കൂടുതൽ സൃഷ്ടിപരവും വികാസനോന്മുഖവുമാക്കാൻ യത്‌നിച്ച നെരൂദയുടെ മുഖമാണ് ഇവിടെ ദൃശ്യമാവുന്നത്. ഏതാണ്ട് രണ്ടായിരത്തോളം അഭയാർത്ഥികളെ, ഒരു കപ്പലിൽ ഫ്രാൻസിൽ നിന്ന് ചിലിയിലേക്ക് കൊണ്ടുവരുന്ന നെരൂദയുടെ രൂപം യഥാതഥമായി നോവലിൽ ചിത്രീകരിച്ചിരിക്കുന്നു.

ചിലിയിലേക്ക് അഭയാർത്ഥികളെ കൊണ്ടുപോകാൻ നെരൂദ വിന്നിപെഗ് എന്ന കപ്പലും മറ്റുസൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു. കുടുംബങ്ങൾക്കാണ് ആ യാത്രയിൽ മുൻഗണന കൊടുത്തിരുന്നത്. ചിലിയിലേക്ക് പോകാൻ സാഹചര്യവശാൽ, വിവാഹം അനിവാര്യമായിത്തീർന്ന വിക്ടറും റോസറും വിന്നിപെഗിലെ യാത്രികരായി. സ്‌പെയിനിൽ നിന്ന് ഫ്രാൻസ് വഴി ചിലിയിൽ എത്തിപ്പെട്ട അനേകം പേരോടൊപ്പം പുതിയ ഒരുജീവിതത്തിനു അവർ തുടക്കം കുറിച്ചു. നിർഭാഗ്യമെന്നുപറയട്ടെ, വിന്നിപെഗ് ചിലിയിൽ നങ്കൂരമിട്ട അന്നു തന്നെയാണ് രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

സ്​പെയിനിൽനിന്ന്​ ചിലിയിലേക്ക് അഭയാർത്ഥികളെ കൊണ്ടുപോകാൻ നെരൂദ ഏർപ്പാടാക്കിയ  വിന്നിപെഗ്  എന്ന കപ്പൽ (1939)
സ്​പെയിനിൽനിന്ന്​ ചിലിയിലേക്ക് അഭയാർത്ഥികളെ കൊണ്ടുപോകാൻ നെരൂദ ഏർപ്പാടാക്കിയ വിന്നിപെഗ് എന്ന കപ്പൽ (1939)

അഭിമുഖം നടത്തി നെരൂദ തെരഞ്ഞെടുത്ത രണ്ടായിരത്തോളം വരുന്ന അഭയാർത്ഥികളിൽ കലാകാരന്മാരും, പത്രലേഖകരും, രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും ഉൾപ്പെട്ടിരുന്നു. ചിലി എന്ന അപരിചിത രാജ്യത്തേക്കുള്ള യാത്ര ആരംഭിക്കുന്ന നാൾ , ശിരസ്സ് മുതൽ കാൽപ്പാദം വരെ നീണ്ടുകിടക്കുന്ന വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് പത്‌നീസമേതനായി കപ്പലിന്റെ മേൽത്തട്ടിൽ പ്രത്യക്ഷപ്പെട്ട നെരൂദക്ക് ദിവ്യപരിവേഷം അനുഭവപ്പെട്ടിരുന്നു. കപ്പൽ കൺമറയത്തുനിന്ന് മറയുന്നതുവരെ ഒരു തൂവാല വീശി പുതിയ ജീവിതത്തിന്റെ ആനന്ദത്തിലേക്ക് ഒരുകൂട്ടം നിരാശ്രയരെ ആനയിച്ച നെരൂദ പിന്നീട് അതിനെ പറ്റി ഇങ്ങനെ എഴുതി; ‘നിരൂപകർ ആഗ്രഹിച്ചാൽ ഒരുപക്ഷെ, അവർക്ക് എന്റെ കവിതയെല്ലാം മായ്ചുകളയാൻ സാധിച്ചേക്കും. എന്നാൽ, ഇന്ന് ഞാൻ എഴുതിയ ഈ ജീവിതകാവ്യം അനന്തമായി നിലനിൽക്കുക തന്നെ ചെയ്യും'.

നെരൂദ പുറത്തേക്ക്​

അഭയമരുളിയ രാഷ്ട്രം എന്നതിലുപരിയായി സൗഹൃദങ്ങളുടെയും ആശയങ്ങളുടെയും പെരുക്കപ്പട്ടിക വിക്ടറിന്റെയും റോസറിന്റെയും ജീവിതത്തിലേക്ക് ചേർത്തുവെച്ച വികാരമായി മാറുകയായിരുന്നു ചിലി. അപ്പോഴേക്കും ജോർഡി മോളിനെ എന്ന മുതിർന്ന സുഹൃത്തുമായി കൂടി, വിന്നിപെഗ് എന്ന പേരിൽ ഒരു ഹോട്ടൽ വിക്ടർ ആരംഭിച്ചിരുന്നു. പിന്നീട് ഭരണം കയ്യാളിയ സാൽവദോർ അല്ലെൻഡയുമായുള്ള വിക്ടറിന്റെ സൗഹൃദം, അദ്ദേഹവുമായിട്ടുള്ള ചെസ്സ് കളി, ഫെലിപ്പിന്റെ കുടുംബവുമായുള്ള ബന്ധം, ഫെലിപ്പിന്റെ സഹോദരി ഓഫെലിയയുമായി വിക്ടറിനുള്ള ആസക്തി നിറഞ്ഞ പ്രണയവും വിരഹവും എന്നിങ്ങനെയുള്ള അദ്ധ്യായങ്ങൾ തുറന്നു തുടങ്ങി.

ആകാശക്കാറുകൾ നീക്കിക്കൊണ്ട് നക്ഷത്രക്കാഴ്ചകളായി ഭവിക്കുന്ന ചിത്രങ്ങളുടെ ഊടുംപാവും നെയ്യുന്ന ദമ്പതികളായി, ജീവിതം വാർത്തെടുക്കുകയായിരുന്നു പ്രസിദ്ധനായ ഹൃദ്രോഗവിദഗ്ധനായി പരിണമിച്ച വിക്ടറും, രാജ്യമറിയുന്ന പിയാനിസ്റ്റായിത്തീർന്ന റോസറും. 1948ൽ, പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് നെരൂദയ്ക്ക് ഒളിവിൽ പോകേണ്ടി വന്നപ്പോൾ, വേണ്ട സഹായം ചെയ്തുകൊടുത്ത്​ അദ്ദേഹത്തോടുള്ള കടം വീട്ടാൻ വിക്ടറിന് കഴിഞ്ഞു.

അങ്ങനെ ആരോരുമറിയാതെ വിക്ടറിന്റെ വീട്ടിൽ താമസിച്ച നെരൂദ Canto General ന്റെ പണിപ്പുരയിലായിരുന്നു. അയാളോടുള്ള നന്ദി പ്രകടിപ്പിക്കാനെന്നോണം സ്വതേയുള്ള ആർദ്രശബ്ദത്തിൽ അദ്ദേഹം കവിതകൾ ഉറക്കെ ചൊല്ലിക്കൊടുത്തിരുന്നു. പിന്നീട് അർജന്റീനയിലേക്കുള്ള കവിയുടെ രക്ഷപ്പെടലിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്തവും വിക്ടറിൽ നിക്ഷിപ്തമായി. തുടർന്ന്, എഴുത്തുകാരനായ മിഗുൽ അസ്തുറിയാസിന്റെ പാസ്സ്പോർട്ട് ഉപയോഗിച്ചുകൊണ്ട് നെരൂദ അർജന്റീനയിൽ നിന്ന് പുറത്തുകടന്നു.

My Country in Darkness

ഒരാളുടെ ജീവിതം അയാൾ മാത്രമായി-ജനനം മുതൽ മരണം വരെ- ജീവിക്കുന്ന ഒരു കഥയാവില്ലല്ലോ. മറിച്ച് അയാൾ അഭിമുഖീകരിക്കുന്ന (അയാളുമായി അടുപ്പമുള്ളവരും) രാഷ്ട്രീയ, സാമൂഹിക, ഗാർഹിക, വൈയക്തിക അനുഭവപരിസരങ്ങൾ കൂടിയാണ് അത്. ഒട്ടൊക്കെ വിരസവും അന്യഥാ ഏകാന്തവും ആകുന്ന , ഇലകൊഴിയും കാലം തളിർക്കുന്നതും പൂക്കുന്നതും ഇത്തരം ആവരണങ്ങളിലൂടെയാണ്. നെരൂദയുടെ ഓർമ്മക്കുറിപ്പിലെ (Memoirs), My Country in Darkness എന്ന അധ്യായത്തിൽ പറയുന്നത് ഇവിടെ പരാമർശിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു.

‘സ്വദേശത്താണ് ഒരാൾ ജീവിക്കേണ്ടത്. എനിക്ക് എന്റെ രാജ്യത്തു മാത്രമേ ജീവിക്കാനാവൂ. എന്റെ കൈകാലുകൾ അതിൽ പതിക്കാതെയും ചെവി അതിനോട് ചേർത്തുവെയ്ക്കാതെയും അതിലെ ജലത്തിന്റെ ഇരമ്പത്തോടും നിഴലുകളുടെ സ്പർശത്തോടും വേരുകളുടെ ആഴത്തോടും സംവദിക്കാതെ എനിക്ക് പൂർണതയുണ്ടാവില്ല' എന്ന നെരൂദയുടെ വാക്കുകൾ സ്ഥാനഭ്രംശം സംഭവിക്കുകയും ഇടങ്ങൾ തേടിയലയുകയും ചെയ്യുന്ന മനുഷ്യരുടെ പൊതുവിചാരമാണ്.

ആയിടയ്ക്ക്, എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ വിക്ടറിന്റെ അമ്മയുടെ കത്ത് ലഭിച്ചതോടെ പുനഃസമാഗമത്തിന് വേദിയൊരുങ്ങി. ഇതിനിടയിൽ റോസറിന്റെ മകൻ മാർസൽ ഖനനം പഠിച്ചുകൊണ്ട് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇത്തരത്തിൽ എല്ലാം സമാധാനത്തോടെ മുന്നോട്ട് നീങ്ങുകയും പ്രവാസത്തിനുശേഷം നെരൂദ ചിലിയിൽ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ, സന്തോഷത്തിന്റെ ദിനങ്ങൾ ഏറെക്കാലം നീണ്ടുനിന്നില്ല.

അല്ലെൻഡെയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനം അരക്ഷിതാവസ്ഥയ്ക്കും അരാജകത്വത്തിനും വഴിയൊരുക്കി. നെരൂദയും അല്ലെൻഡെയും ആയുള്ള ബന്ധത്തെ മുൻനിർത്തി വിക്ടറിനെ പിനോഷെയുടെ പട്ടാളം അറസ്റ്റ് ചെയ്തു. ‘അർദ്ധരാത്രിയിൽ ഞാൻ എന്നോട് ഭീതിയോടെ ചോദിക്കാറുണ്ട്. എന്ത് സംഭവിക്കും ചിലിക്ക്, എന്റെ പാവപ്പെട്ടതും ഇരുണ്ടതുമായ മാതൃരാജ്യം എന്തായിത്തീരും' എന്ന ആശങ്ക കവിതയിലൂടെ പങ്കുവെച്ച (Insomnia) നെരൂദയുടെ ഉൽകണ്ഠ ശരിവെച്ച് പിനോഷെയുടെ പട്ടാളഭരണം ചിലിയിൽ ചുവടുറപ്പിച്ചു.

കമ്യൂണിസ്​റ്റുകാരെ ഇല്ലാതാക്കിക്കൊണ്ടുള്ള ശുദ്ധീകരണപ്രക്രിയയ്ക്കാണ് പുതിയ ഭരണകൂടം ലക്ഷ്യമിട്ടത്. ഏതാണ്ടിതേ സമയത്താണ് നെരൂദ മരിച്ചത്. ‘സഖാവ്' എന്ന വാക്കിന്​ വിലക്കുവന്ന ഈ കലുഷകാലത്ത് പീഡനമുറികളും കോൺസെൻട്രേഷൻ ക്യാമ്പുകളും രാജ്യത്തിന്റെ പല ഭാഗത്തും ഉയർന്നു. ഭീകരമായ ഭേദ്യമുറകൾ പ്രയോഗിച്ച പട്ടാളം ക്രൂതയുടെ അതിരുകൾ ഭേദിച്ചു. പട്ടികളെ കൊണ്ട് അവർ സ്ത്രീകളെ ബലാത്സംഗം ചെയ്യിക്കാനും തുടങ്ങി.

ഏകാധിപത്യത്തിന്റെ വിത്തുകൾ വിളയുന്ന ഭൂമി

അടുക്കും ചിട്ടയും ഇല്ലാത്ത, തീർത്തും ക്രമരഹിതമായ സ്ഥിതിയിലേക്ക് വീഴുവാനുള്ള ത്വര പൊതുവെ ലോകത്തിലുണ്ട് . സ്വസ്ഥത നഷ്ടപ്പെട്ട ജീവിതവും പേറിക്കൊണ്ട് അലയുന്നതും ഇതിന്റെ ഭാഗം തന്നെയാവണം. അഭയം നൽകുന്ന രാജ്യം വൈകാരികമായി അകന്നുനിൽക്കുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. പക്ഷെ ചിലിയുടെ കാര്യത്തിൽ സ്‌പെയിനിൽ നിന്നുവന്നവർക്ക് പക്ഷപാതപരമായ വ്യത്യാസം ഒന്നും തോന്നിയിരുന്നില്ല.

എന്നാൽ ഏകാധിപത്യത്തിന്റെ വിത്തുകൾ വിളയുന്ന ഭൂമിയായി അതുമാറിത്തുടങ്ങിയപ്പോൾ അവിടെനിന്ന്​ രക്ഷപ്പെടേണ്ട അവസ്ഥയാണ് സംജാതമായത്. പതിനൊന്നു മാസത്തെ തടവിനുശേഷം പുറത്തുവന്ന വിക്ടർ ശാരീരികമായും മാനസികമായും ക്ഷീണിതനായിരുന്നു. വീണ്ടുമൊരിക്കൽ കൂടെ ‘നാട്' വിടാൻ വിക്ടറും റോസറും. നിർബന്ധിതരായി.

1964 സപ്​തംബർ അഞ്ചിന്​ അല്ലെൻഡെക്ക്​ അനുകൂലമായി ചിലിയിൽ നടന്ന പ്രകടനം
1964 സപ്​തംബർ അഞ്ചിന്​ അല്ലെൻഡെക്ക്​ അനുകൂലമായി ചിലിയിൽ നടന്ന പ്രകടനം

വെനിസ്വെലയിലേക്കാണ് വിക്ടറും കുടുംബവും മാറിത്താമസിച്ചത്. മാനവശരാശിയുടെ മുഖമുദ്രയായി അലച്ചിൽ മാറിയതിനെ ശരിവെക്കുന്ന സന്ദർഭമാണിത്. സ്വതവേ ശാന്തമായ ജീവിതത്തെ ഇളക്കിമറിച്ചു കൊടുങ്കാറ്റു വീശുന്നത് പോലെ, അഭയം അർത്ഥിച്ചു കൊണ്ട് വെനിസ്വെലയിലേക്ക് വിക്ടറും റോസറും നീങ്ങി. എങ്കിലും, How can I live so far from what I lived, from what I love എന്ന നെരൂദയുടെ വരിയെ അന്വർത്ഥമാക്കുന്ന തരത്തിൽ ചിലിയിലേക്ക് മടങ്ങിയെത്താനുള്ള വെമ്പൽ വിക്ടർ കാണിച്ചിരുന്നു.

പ്രശ്‌നങ്ങൾ ഒട്ടൊന്നു അവസാനിപ്പിച്ചപ്പോൾ വിക്ടറും കുടുംബവും ചിലിയിലേക്ക് മടങ്ങി. എന്നാൽ രാഷ്ട്രീയതടവുകാരനായിരുന്ന അയാൾക്ക് ചിലിയിലെ ആശുപത്രി അധികൃതർ ജോലി നിഷേധിച്ചു. ഒടുവിൽ സാന്റിയാഗോയുടെ പ്രാന്തപ്രദേശത്തുള്ള പുറമ്പോക്കുകളിലെ മനുഷ്യരുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവാൻ വിക്ടർ തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള പ്രസ്തുത പ്രദേശത്തെ മറയ്ക്കുവാനെന്നോണം വലിയ മതിലുകൾ കെട്ടി വിഭജനങ്ങൾ ഉണ്ടാക്കിയിരുന്നു.

മടക്കമില്ലാത്ത തിരിച്ചുപോക്ക്​

ദരിദ്രരെ അദൃശ്യരാക്കുന്ന അധികൃതവർഗ്ഗത്തിന്റെ ചെയ്തികൾക്ക് ലോകത്ത് എല്ലായിടത്തും ഒരേ തലമാണെന്നു ഇതിലൂടെ വ്യക്തമാണ്.
അധികാരസ്ഥാപനങ്ങളുടെ കുൽസിതവ്യവഹാരങ്ങൾ ഹതാശരാക്കുന്ന ജനതയുടെ നില സാർവലൗകികമായ വിഷയമാണ്. അറ്റകുറ്റപ്പണികൾക്ക് പോലും വിധേയമാകാത്ത വിധത്തിൽ, ഭരണകൂങ്ങളെ ഗ്രസിക്കുന്ന സ്വാർത്ഥതാൽപര്യങ്ങൾ ജനാധിപത്യവ്യവസ്ഥയുടെ ബലം കുറയ്ക്കുന്ന പ്രവണതയാണ്. ചുരുക്കത്തിൽ, ചിലി എന്ന രാജ്യത്തിന്റെ രാഷ്ട്രീയവായനയ്‌ക്കൊപ്പം പലായനത്തിന്റെ ദുരിതങ്ങളും ചേർത്തുവെച്ചിരിക്കുന്ന നോവലാണ് ഇസബെൽ എഴുതിയിരിക്കുന്നതെന്നു നിസ്സംശയം പറയാം.

ഭൂതകാലത്തെ ഗൃഹാതുരമായി കാണുക എന്നത് പ്രായോഗികജീവിതത്തിൽ ഇപ്പോഴും സാധ്യമാവണമെന്നില്ല. മറ്റൊരു വിധത്തിൽ ‘ഭൂതകാലത്തെ' ഓർമകളായി മാത്രമേ അടയാളപ്പെടുത്താൻ കഴിയൂ. ഫ്രാൻകോയുടെ മരണശേഷം സ്‌പെയിൻ സന്ദർശിക്കുന്ന വിക്ടറിനും റോസറിനും ഭൂതകാലത്തെ തിരികെകൊണ്ടുവരാൻ സാധിച്ചില്ല. നഷ്ടപ്പെട്ടതിന്റെ മൂല്യം മടക്കിക്കൊണ്ടുവരുന്നത് എളുപ്പമല്ലല്ലോ.

ഒരിക്കൽ നാടുകടത്തപ്പെട്ടവർക്ക് പിന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങിയാലും അവിടം അന്യമായി തീരുന്നുവെന്നത് ദുഃഖകരമാണ്; പക്ഷെ, അത് കാലം കാത്തുവെച്ച അനിവാര്യത കൂടിയാവുകയാണ്. പിറന്ന നാടിന്റെ സിരകളുടെ പിടച്ചിൽ ‘ശ്വസിക്കാനാവാതെ' അവർ തിരിച്ചുപോകുകയാണ്. ഇനിയൊരു മടക്കമില്ലാത്ത തിരിച്ചുപോക്കായിരുന്നു അത്.


പലായനം പ്രമേയമാക്കിയ കൃതികളുടെ വായനകൾ


Summary: പ്രവാസം, പലായനം, നാടുകടത്തപ്പെടൽ എന്നീ വാക്കുകളുടെ ആഴവും വ്യംഗ്യാർത്ഥവും അനുഭവങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന ഇസബെൽ അല്ലെൻഡയുടെ പുതിയ നോവൽ 'A Long Petal Of The Sea' മുറിപ്പാടുകളുടെ ചരിത്രത്തെ രേഖപ്പെടുത്താനുള്ള ഉദ്യമമാണ്. ചിലി എന്ന രാജ്യത്തിന്റെ രാഷ്ട്രീയവായനക്കൊപ്പം പലായനത്തിന്റെ ദുരിതങ്ങളും ചേർത്തുവെച്ച നോവലിന്റെ വായന


രാഹുൽ രാധാകൃഷ്ണൻ

എഞ്ചിനീയർ. ഐ. ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ എഴുതുന്നു.

Comments