കരിംപച്ചനിറമുള്ള ചട്ടയിലെ
​സച്ചിദാനന്ദനും നെരൂദയും

വിവരിക്കാനാവാത്ത സന്തോഷത്തോടെ ആ പുസ്തകവും കൈയിൽപ്പിടിച്ച് മിണ്ടാനാവാതെ ഇരുന്നപ്പോൾ സച്ചിദാനന്ദൻ മാഷുടെ ഭാര്യ ബിന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇത്രയും കാലം രശ്മിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഈ പുസ്തകം.'

പുസ്തകങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ഓർമയിൽ ഏറ്റവും തിളക്കത്തോടെ നിൽക്കുന്നത് രണ്ടുവീടുകൾക്കപ്പുറത്തുള്ള ചെറിയച്ഛന്റെ വീട്ടിലെ കറങ്ങുന്ന ബുക്ക്‌ഷെൽഫാണ്. ഒന്നു തൊടുമ്പോഴേക്കും തിരിഞ്ഞുതുടങ്ങുന്ന, മരയഴികൾ മനോഹരമായി പിടിപ്പിച്ച ആ ഷെൽഫിലെ പുസ്തകങ്ങളാണ് കറക്കം നിർത്തി എന്റെയൊപ്പം പോരാറുണ്ടായിരുന്നത്, എന്നെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തത്, അത്ഭുതങ്ങളുടെ ലോകം തുറന്നു തന്നത്.

ബുക്ക്‌ഷെൽഫ് ഇല്ലാത്ത ഞങ്ങളുടെ വീട്ടിൽ മേശപ്പുറത്തും ട്രങ്കുപെട്ടിക്കുള്ളിലുമായിരുന്നു പുസ്തകങ്ങളുടെ സ്ഥാനം. റഷ്യൻ നാടോടിക്കഥകളും, മഞ്ഞും, അച്ഛന്റെ ആദ്യ പുസ്തകമായ സ്‌നേഹത്തിന്റെ മുഖങ്ങളും പെട്ടിയിൽ നിന്ന്​ മേശപ്പുറത്തേക്കും തിരിച്ചും സവാരി ചെയ്തു. ഞാൻ ജനിക്കുന്നതിനും മുൻപ് വീട്ടിലെത്തിയ മഞ്ഞിൽ നിന്നുമാണ് അച്ഛനെനിക്ക് പേര് കണ്ടുപിടിച്ചത്.

ചാരനിറത്തിലുള്ള പരുക്കൻ ചട്ടയോടുകൂടിയ റഷ്യൻ നാടോടിക്കഥകളാകണം കുട്ടികളായിരുന്ന ഞങ്ങൾ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പുസ്തകം.

ചാരനിറത്തിലുള്ള പരുക്കൻ ചട്ടയോടുകൂടിയ റഷ്യൻ നാടോടിക്കഥകളാകണം കുട്ടികളായിരുന്ന ഞങ്ങൾ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പുസ്തകം. നോക്കിനോക്കിയിരിക്കെ അതിന്റെ ചട്ടയിൽ അഴുക്കുപിടിക്കുകയും പേജുകൾ പിന്നിത്തുടങ്ങുകയും പിന്നീട് ഒരതിശയമെന്ന പോലെ അത് അപ്രത്യക്ഷമാവുകയും ചെയ്തു. എവിടെപ്പോയി, ആരുകൊണ്ടുപോയി എന്നുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടാതെ ഞങ്ങൾ സങ്കടപ്പെടുകയും എന്നെങ്കിലുമൊരിക്കൽ അത് പോയതുപോലെ തിരിച്ചുവരുമെന്ന് മോഹിക്കുകയും ചെയ്തു. എങ്കിലും ഒരിക്കലും തിരിച്ചുവരാതെ പോയവരുടെ കൂട്ടത്തിലായിരുന്നു ആ പുസ്തകവും. അവിടുന്നങ്ങോട്ട് എത്രയോ കാലം എത്രയോ പുസ്തകക്കടകളിൽ കയറുകയും അതുപോലൊരു പുസ്തകം തിരയുകയും ചെയ്‌തെങ്കിലും അങ്ങിനെയൊന്ന് കണ്ണിൽപ്പെടുകയുണ്ടായില്ല. മിനുസം വന്ന കാലത്തിന്റെ പുറംചട്ടകളിൽ ഒരു പരുക്കൻ കാലത്തിന്റെ ഓർമ്മകളെ തിരയുന്ന വിഡ്ഡിത്തമോർത്ത് ചിരിച്ചിരുന്നു അപ്പോഴെല്ലാം.

ചാരനിറത്തിലുള്ള പരുക്കൻ ചട്ടയോടുകൂടിയ റഷ്യൻ നാടോടിക്കഥകളാകണം കുട്ടികളായിരുന്ന ഞങ്ങൾ ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ള പുസ്തകം/ photo: pinterest

കുട്ടിക്കാലവും കൗമാരവും പിന്നിട്ടശേഷമാണ് ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. ഒട്ടും വലിപ്പമില്ലാത്ത സ്വീകരണമുറിയുടെ ഒരു ചുവരിൽ പുസ്തകങ്ങൾക്കിരിക്കാൻ ഒരിടമുണ്ടായതിൽ അന്ന് ഞങ്ങൾ സന്തോഷിച്ചു. ആ ചെറിയ ഷെൽഫിൽ കാലക്രമേണ പുസ്തകങ്ങൾ നിറഞ്ഞു. രൂപത്തിലും ഭാവത്തിലും പുതുമയുമായി അവ വന്നുകൊണ്ടിരുന്നു. എൻ. ബി. എസിലെ ശ്രീധരേട്ടൻ ചിരിച്ചുകൊണ്ട് കവറിലിട്ടുതരുന്ന പുസ്തകങ്ങൾ, പ്രഭാത് ബുക് ഹൗസിന്റെ പ്രദർശനത്തിൽ നിന്നും കുറഞ്ഞ വിലനോക്കി വാങ്ങുന്ന പുസ്തകങ്ങൾ, ഇടയ്‌ക്കെല്ലാം അച്ഛന് കൂട്ടുകാർ സമ്മാനിക്കുന്ന പുസ്തകങ്ങൾ, എല്ലാം ആ തുറന്ന ഷെൽഫിൽ അടക്കത്തോടെയിരുന്നു.

എൺപതുകളുടെ അവസാനത്തിലാണ് കരിംപച്ച നിറമുള്ള കവറുമായി ഒരു പുസ്തകം ഞങ്ങളുടെ അലമാരയിലെത്തുന്നത്. കവി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് മൾബെറി ബുക്‌സ് പ്രസിദ്ധീകരിച്ച നെരൂദയുടെ തിരഞ്ഞെടുത്ത കവിതകൾ ആയിരുന്നു അത്.

ലളിതമായ, എഴുത്തുകാരുടെ പടമില്ലാത്ത പുസ്തകച്ചട്ട എന്ന രീതിയിൽ നിന്ന്​പരീക്ഷണങ്ങളുടെയും മാറ്റങ്ങളുടെയും ലോകത്തിലേക്ക് പുസ്തകങ്ങൾ എത്തിപ്പെട്ടിരുന്ന എൺപതുകളുടെ അവസാനത്തിലാണ് കരിംപച്ച നിറമുള്ള കവറുമായി ഒരു പുസ്തകം ഞങ്ങളുടെ അലമാരയിലെത്തുന്നത്. കവി സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് മൾബെറി ബുക്‌സ് പ്രസിദ്ധീകരിച്ച നെരൂദയുടെ തിരഞ്ഞെടുത്ത കവിതകൾ ആയിരുന്നു അത്. പുസ്തകത്തിന്റെ കവറിനുനടുവിൽ ഇടതുഭാഗത്തായി സച്ചിദാനന്ദന്റെ പടവും മുകളിൽ വലതുഭാഗത്ത് ഒരു ശില്പത്തിനരികിലായി നിൽക്കുന്ന നെരൂദയുടെ പടവുമുണ്ട്. ‘മലയാളത്തിൽ വളരെ അപൂർവ്വമായ ഒരു രീതിക്ക് ഞങ്ങളീ പുസ്തകത്തിലൂടെ തുടക്കം കുറിക്കുന്നു’ എന്നു തുടങ്ങുന്ന കുറിപ്പുള്ള ആ പുസ്തകത്തിൽ കവിതകളുടെ ദൃശ്യവ്യാഖ്യാനം എന്ന പുതിയൊരു അവതരണശൈലിയുണ്ടായിരുന്നു. ധൻരാജ് ഭഗത്തിന്റെയും രാം കിങ്കറിന്റെയും ശില്പങ്ങളുടെ ചിത്രങ്ങളുമായിറങ്ങിയ ആ പുസ്തകത്തിന് പുതുമയുടെ മണമായിരുന്നു, മൾബെറിയുടെ കുറിപ്പിൽ പുസ്തകപ്രസാധനത്തിൽ പുതിയ സാധ്യതകളെ കണ്ടെത്തുന്നതിന്റെ ഉറപ്പും വിശ്വാസവുമുണ്ടായിരുന്നു.

സച്ചിദാനന്ദൻ എഡിറ്റു ചെയ്​ത നെരൂദയുടെ തെരഞ്ഞെടുത്ത കവിതകൾ

യൗവനത്തിലേക്ക് കടന്ന രണ്ടുപെൺകുട്ടികൾ ഇടക്കിടയ്ക്ക് ആ പുസ്തകം കൈയിലെടുക്കുകയും അതിലെ കവിതകൾ ഉറക്കെ വായിക്കുകയും ചെയ്തു. അവർ സ്‌പെയിനിന്റെ വരണ്ടമുഖവും മാച്ചൂപീച്ചുവിന്റെ ഉയരങ്ങളും ജെറേനിയം പുഷ്പങ്ങളും കണ്ടു. ഒരു പുസ്തകത്തിൽ നിന്ന്​ അന്നവർക്ക് പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു അത്.

ആ അലമാരയും പുസ്തകങ്ങളും വിട്ട് അതിലൊരു പെൺകുട്ടി അന്യദേശത്തേക്ക് യാത്രയായി. കൃത്യമായി വർഷത്തിലൊരിക്കൽ നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴെല്ലാം അലമാരയിൽ പുതുതായി സ്ഥാനം പിടിച്ച പുസ്തകങ്ങൾ കണ്ട് അവളുടെ ഉള്ള് കുളിർത്തു. പുതിയ എഴുത്തുകാർ, അതിശയിപ്പിക്കുന്ന കവറുകൾ, വായനയുടെ പുത്തൻമണങ്ങൾ. പുസ്തകങ്ങൾ പുതിയ വഴിയിലൂടെ നടക്കാൻ തുടങ്ങുന്നതറിഞ്ഞ ആ ദിവസങ്ങളിലേതിലോ ആണ് അവൾ വീണ്ടും ആ കവിതാപ്പുസ്തകം അലമാരയിൽ തപ്പാൻ തുടങ്ങിയത്. എത്ര തിരഞ്ഞിട്ടും കാണാതായപ്പോഴാണ് അതിശയം പോലെ അതും അപ്രത്യക്ഷമായിരിക്കുന്നു എന്ന വിവരം മനസ്സിലാക്കുന്നത്. മനുഷ്യരിൽ നിന്നും ഓർമകളിൽ നിന്നും ഓടിയകന്നുകൊണ്ടിരുന്ന അച്ഛന് അതാര് കൊണ്ടുപോയെന്നോ എവിടെപ്പോയെന്നോ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പുതിയ കോപ്പികൾ ഇറങ്ങിത്തുടങ്ങിയോ എന്ന് കണ്ടെത്തുന്നതിനു മുൻപ് അവൾക്ക് തിരിച്ചുപോകേണ്ട സമയമായിരുന്നു.

കാലങ്ങൾക്കപ്പുറത്തുനിന്ന്​ കാണാതായ ഒന്നിനെ കാതങ്ങൾക്കിപ്പുറത്തുനിന്ന്​ കണ്ടെടുത്തപ്പോൾ, പഴക്കം ചുളിവുകൾ വരുത്തിയ ആ കവറിൽ വിരലുകളോടിച്ചപ്പോൾ ആ രണ്ടുപെൺകുട്ടികളെ ഓർമ വന്നു.

നാട്ടിൽ നിന്ന് മാത്രമേ അവൾ വിട്ടുനിന്നിരുന്നുള്ളു, പുസ്തകങ്ങൾ എന്നും കൂടെയുണ്ടായിരുന്നു. നാട്ടിൽ നിന്നും തിരിച്ചുപോരുമ്പോൾ സാധനങ്ങൾ കുത്തിനിറക്കുന്ന പെട്ടിക്കുള്ളിൽ എപ്പോഴും നാലോ അഞ്ചോ പുസ്തകങ്ങൾ സ്ഥലം കണ്ടെത്തി. ഡൽഹിയിലെ ഉത്സവപ്രതീതിയുള്ള പുസ്തകമേളകളിൽ സന്ധ്യയാകുന്നതുവരെ അലഞ്ഞുതിരിയുകയും ജനങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റോളുകളിലേക്ക് നുഴഞ്ഞുകയറി പുസ്തകങ്ങൾ നോക്കിനിൽക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുമ്പോഴെല്ലാം ഇനിയും എല്ലാകാലത്തും മനുഷ്യർ പുസ്തകങ്ങൾ വാങ്ങുകയും വായിക്കുകയും ചെയ്യുമെന്ന ഉറച്ച ധാരണയ്ക്കവൾ അടിപ്പെട്ടുകൊണ്ടിരുന്നു. ഇടയ്‌ക്കെല്ലാം നാട്ടിലേക്ക് വിളിച്ച് കളഞ്ഞുപോയ നെരൂദക്കവിതകൾ കിട്ടിയോ എന്നും അന്വേഷിച്ചു. പക്ഷെ അതൊരിക്കലും കണ്ടെത്തുകയുണ്ടായില്ല.

പുസ്തകമേളകളിൽ സന്ധ്യയാകുന്നതുവരെ അലഞ്ഞുതിരിയും, ജനങ്ങൾ തിങ്ങിനിറഞ്ഞ സ്റ്റോളുകളിലേക്ക് നുഴഞ്ഞുകയറി പുസ്തകങ്ങൾ നോക്കിനിൽക്കും.

2013ലെ ഒരു മഞ്ഞുകാലത്തിന്റെ അവസാനത്തിലാണെന്നുതോന്നുന്നു, കൂട്ടുകാരിയുമൊത്ത് ആദ്യമായി കവി സച്ചിദാനന്ദന്റെ ‘ബോധി'യിലെത്തുന്നത്. കവിതയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ കാണാതായ ആ നെരൂദക്കവിതകളുടെ പുസ്തകത്തെക്കുറിച്ചും മാഷിനോട്​സൂചിപ്പിച്ചു. കവിതയിലേക്ക് നടക്കാൻ ആ പുസ്തകവും ഒരു കാരണമായിരുന്നുവെന്നും കരിംപച്ച നിറമുള്ള ചട്ടയോടുകൂടിയ ആ പുസ്തകം കാണാതായിപ്പോയെന്നും സങ്കടത്തോടെ പറഞ്ഞപ്പോൾ മാഷ് ഒന്നും മിണ്ടാതെ എഴുന്നേറ്റ് അകത്തേക്ക് പോയി. അല്പം കഴിഞ്ഞ് കൈയിലൊരു പുസ്തകവുമായാണ് തിരിച്ചുവന്നത്. പുസ്തകം നീട്ടിക്കൊണ്ട് മാഷ് പറഞ്ഞു, ‘അവസാനത്തെ കോപ്പിയാണ്, പിന്നീടിറങ്ങിയ എഡിഷനിലെ കവർ വേറെയായിരുന്നു.'

കുറച്ചുനേരം ഒന്നും പറയാനാവാതെ ആ പുസ്തകത്തിലേക്കുതന്നെ നോക്കിയിരുന്നു പോയി. അതേ കരിംപച്ച നിറമുള്ള കവർ, വെളുത്ത അക്ഷരങ്ങൾ. മുകളിൽ വലതുഭാഗത്ത് നെരൂദയും നടുവിൽ ഇടതുഭാഗത്ത് സച്ചിദാനന്ദനും. വിവരിക്കാനാവാത്ത സന്തോഷത്തോടെ ആ പുസ്തകവും കൈയിൽപ്പിടിച്ച് മിണ്ടാനാവാതെ ഇരുന്നപ്പോൾ മാഷുടെ ഭാര്യ ബിന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു, ‘ഇത്രയും കാലം രശ്മിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഈ പുസ്തകം.'

ഒരിക്കൽ ഡൽഹി പുസ്തകമേളയിൽ വെച്ച് എം. മുകുന്ദന്റെ പ്രവാസം എന്ന നോവൽ കണ്ടപ്പോൾ അതെടുത്ത് കവറിലേക്ക് തന്നെ നോക്കിനിന്നു പോയതോർമയുണ്ട്. വൈക്കോൽത്തുണ്ടുകൾ ഉപയോഗിച്ച് Hay Art എന്ന ആശയത്തോടെ രൂപകല്പന ചെയ്ത ഒരു കവർ ആദ്യമായിട്ടായിരുന്നു കാണുന്നത്.

ചുമന്നുകൊണ്ടു നടക്കാവുന്ന സവിശേഷതയുള്ള അത്ഭുതങ്ങളാണ് പുസ്തകങ്ങളെന്ന് ആരോ പറഞ്ഞിട്ടുണ്ട്. മാഷുടെ കൈയൊപ്പുള്ള ആ പുസ്തകവും കൈയിലെടുത്ത് തിരിച്ചുപോരുമ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ അത്ഭുതമായിരുന്നു. കാലങ്ങൾക്കപ്പുറത്തുനിന്ന്​ കാണാതായ ഒന്നിനെ കാതങ്ങൾക്കിപ്പുറത്തുനിന്ന്​ കണ്ടെടുത്തപ്പോൾ, പഴക്കം ചുളിവുകൾ വരുത്തിയ ആ കവറിൽ വിരലുകളോടിച്ചപ്പോൾ ആ രണ്ടുപെൺകുട്ടികളെ ഓർമ വന്നു. കാലം മാറ്റങ്ങൾ വരുത്തിയിട്ടും ഇപ്പോഴും അവർക്കേറ്റവും പ്രിയപ്പെട്ടത് പുസ്തകങ്ങളാണല്ലോ എന്നഭിമാനിച്ചു.

പുതിയ സാങ്കേതികവിദ്യയുടെ മടിത്തട്ടിൽ കിടന്ന് പുസ്തകങ്ങൾ വളർന്നു കൊണ്ടിരുന്നു. ലിപി, ഡിസൈൻ, പേജുകൾ എന്നിങ്ങനെ എല്ലാത്തിലും പുതിയ കാലത്തിന്റെ ഭാവങ്ങളുമായി അവ പുറത്തുവന്നു. ഒരിക്കൽ ഡൽഹി പുസ്തകമേളയിൽ വെച്ച് എം. മുകുന്ദന്റെ പ്രവാസം എന്ന നോവൽ കണ്ടപ്പോൾ അതെടുത്ത് കവറിലേക്ക് തന്നെ നോക്കിനിന്നുപോയതോർമയുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നു അത്. വൈക്കോൽത്തുണ്ടുകൾ ഉപയോഗിച്ച് Hay Art എന്ന ആശയത്തോടെ രൂപകല്പന ചെയ്ത ഒരു കവർ ആദ്യമായിട്ടായിരുന്നു കാണുന്നത്. പുസ്തകരംഗം അപ്പാടെ മാറ്റങ്ങൾക്ക് വിധേയമാവുന്ന ഒരു സമയത്താണ് സ്വന്തം കവിതകളുടെ ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമുണ്ടായതും ചിന്ത പബ്ലിഷേഴ്‌സ് വഴി അത് പുറത്തിറങ്ങിയതും. അതുവരെ എഴുതിയ കവിതകളടങ്ങുന്ന ഒരു കുഞ്ഞുപുസ്തകം. കവറിൽ നീണ്ട പാവാടയിട്ട, കൈകൾ നീട്ടി നിൽക്കുന്ന ഒരു കടലാസുപാവ. പുസ്തകം കണ്ടവരെല്ലാം നല്ല കവർ എന്നഭിപ്രായപ്പെട്ടപ്പോൾ അത് രൂപപ്പെടുത്തിയ ആളെ പരിചയമില്ലല്ലോ എന്നോർക്കുകയും, കവറിന് നന്ദി പറയാനായി അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഒരു പുസ്തകം രൂപപ്പെടുന്നതിനു പിന്നിൽ എത്രയോ പേരുടെ അദ്ധ്വാനവും കഴിവും മിടുക്കുമുണ്ടെന്ന് വീണ്ടും വിചാരപ്പെട്ടത് അപ്പോഴാണ്. ആ കവറിനുപിന്നിൽ ഒരു കുഞ്ഞുകഥയുണ്ടെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞപ്പോൾ അതെന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സിൽ. ആ കഥ കേട്ടുകഴിഞ്ഞപ്പോൾ അതിശയപ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

കവിതാസമാഹാരത്തിനുള്ള കവർ വരയ്ക്കാൻ ചിന്ത പബ്ലിഷേഴ്‌സിൽ നിന്ന്​ മാറ്റർ കിട്ടിക്കഴിഞ്ഞ് എന്താണ് വരയ്‌ക്കേണ്ടതെന്നാലോചിച്ചുകൊണ്ട് കസേരയിലിരിക്കുകയായിരുന്നു അയാൾ. അന്നേരം തൊട്ടടുത്തിരുന്ന് അയാളുടെ മകൾ ഒരു കടലാസുപാവയെ ഉണ്ടാക്കുകയായിരുന്നു. ‘കരുതൽ', കുട്ടികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്, ഒഴുക്കിനെതിരെ നീന്താനും, രക്തം ചവിട്ടാതെ തെരുവിൽ നടക്കാനും അവർക്ക് കഴിയട്ടെ എന്ന പ്രാർത്ഥന. മകളുണ്ടാക്കിയ, കൈകൾ നീട്ടിനിൽക്കുന്ന ആ പാവയുടെ കണ്ണിൽ ആ നിമിഷം അയാൾ കണ്ട പ്രാർത്ഥനയാണ് എന്റെ പുസ്തകത്തിന്റെ കവറായി രൂപപ്പെട്ടത്. ആ പാവയെ അതേപടി ഫോട്ടോയെടുത്ത് ലളിതവും മനോഹരവുമായ ഒരു പശ്ചാത്തലത്തിലേക്ക് പകർത്തുകയായിരുന്നു അയാൾ.

അയാളോടും ആ കൊച്ചു പെൺകുട്ടിയോടും കടപ്പാടറിയിക്കുവാനുള്ള വാക്കുകൾ അന്നേരം എന്റെ ശേഖരത്തിലുണ്ടായിരുന്നില്ല. ഒരു പുസ്തകത്തിന്റെ കവർ രൂപപ്പെടുന്നതിനുപിന്നിൽ ഇതുപോലെ ആർക്കുമറിയാത്ത എത്രയെത്ര കഥകളുണ്ടാവും?

വായനയുടെ ആ സുവർണകാലത്തിൽ നിന്ന്​ നവീന സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകത്തിലേക്കുള്ള ദൂരത്തിനിടയിൽ പുസ്തകവായന കൈമോശം വന്നിട്ടില്ല എന്നുതന്നെയാണ് പറയാൻ തോന്നുന്നത്.

കടലാസിന്റെ കൊതിപിടിപ്പിക്കുന്ന ഗന്ധത്തിൽ നിന്ന്​ വായനയുടെ തലങ്ങൾ പുതുമണങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയിരിക്കുന്ന ഒരു കാലത്തിലിരുന്ന് പുസ്തകങ്ങൾ പുറപ്പെട്ടുപോന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, വായനയുടെ ആ സുവർണകാലത്തിൽ നിന്ന്​ നവീന സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകത്തിലേക്കുള്ള ദൂരത്തിനിടയിൽ പുസ്തകവായന കൈമോശം വന്നിട്ടില്ല എന്നുതന്നെയാണ് പറയാൻ തോന്നുന്നത്. വായിക്കുന്നവർ എപ്പോഴും വായിച്ചുകൊണ്ടേയിരിക്കും എന്ന വാദം പരിശോധിക്കുകയാണെങ്കിൽ ഏറെക്കുറെ ആ വാദം ശരിയാണെന്നുതന്നെ സമ്മതിക്കേണ്ടിവരും. വായിക്കാൻ ഇ-ബുക് റീഡറുകളും ഓൺലൈൻ മാധ്യമങ്ങളും എല്ലാമുണ്ടെങ്കിലും ഒപ്പത്തിനൊപ്പം പുസ്തകങ്ങളുമുണ്ട്, പുസ്തകവായനയുമുണ്ട്.

വായിക്കാൻ ഇ-ബുക് റീഡറുകളും ഓൺലൈൻ മാധ്യമങ്ങളും എല്ലാമുണ്ടെങ്കിലും ഒപ്പത്തിനൊപ്പം പുസ്തകങ്ങളുമുണ്ട്, പുസ്തകവായനയുമുണ്ട്.

വായിക്കുന്ന ഒരു സമൂഹം വായിക്കാത്തവരെ വെറുക്കാൻ പാടില്ല. പക്ഷെ പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾക്ക് പുസ്തകങ്ങളെ വെറുക്കുന്നവരോട് ഇഷ്ടക്കേട് കാണിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇതിനുദാഹരണമായ ഒരു കാര്യം സംഭവിക്കുന്നത് നാലഞ്ചുവർഷങ്ങൾക്ക് മുൻപാണ്. ഡിസംബറിലെ തണുപ്പിൽ ഡൽഹിയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. പിറ്റേദിവസം തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മലയാള കവിതാദിനത്തിന്റെ പരിപാടിയുണ്ട്. അവിടെവെച്ചുതന്നെ ഒ. വി. ഉഷച്ചേച്ചിയുടെ ഒരു പുസ്തകപ്രകാശനവുമുണ്ട്.

വായിച്ചുകൊണ്ടിരുന്ന നോവൽ മടക്കിവെച്ചപ്പോൾ അടുത്തിരുന്നയാൾ സംസാരിക്കാൻ തുടങ്ങി. എങ്ങോട്ടാണ് പോകുന്നതെന്നും എന്തിനാണ് പോകുന്നതെന്നുമൊക്കെ ചോദിച്ചറിഞ്ഞപ്പോൾ, നിങ്ങൾക്കവിടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടോ എന്നതായി അടുത്ത ചോദ്യം. ബന്ധുക്കളില്ല, പക്ഷെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ അച്ഛനും അമ്മയും അവിടെയുണ്ടെന്നും തിരുവനന്തപുരത്തുപോകുമ്പോൾ അവരുടെ വീട്ടിലാണ് താമസിക്കാറുള്ളതെന്നും പറഞ്ഞപ്പോൾ അയാളുടെ അത്ഭുതം കൂടി. അതിൽ അത്ഭുതപ്പെടാനായി എന്തെങ്കിലുമുണ്ടായിരുന്നോ എന്ന് ഇന്നും നിശ്ചയമില്ല. കൂട്ടുകാരിയുടെ ഭർത്താവും എന്റെ ഭർത്താവും ഇരുപതു വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്നത് ഒരേ കമ്പനിയിൽ, ഞങ്ങൾ താമസിക്കുന്നത് ഒരേ കെട്ടിടത്തിൽ മുകളിലും താഴെയുമായി. ഒരുപാടു തവണ കൂടെ വന്നു താമസിച്ചിട്ടുള്ളവരാണ് ആ അച്ഛനുമമ്മയും. അടുത്തിരിക്കുന്നയാളുടെ ചിന്ത പിടികിട്ടാൻ അധികസമയം വേണ്ടിവന്നില്ല. ഡൽഹിയിൽ നിന്ന്​ ഒരു സ്ത്രീ ഒറ്റയ്ക്ക് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു, അതും കവിതയ്ക്ക് വേണ്ടി, അവർ ഫ്ലൈറ്റിൽ ഭക്ഷണം വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. രണ്ടുദിവസം കഴിഞ്ഞ് അവർ ഒറ്റയ്ക്ക് സ്വന്തം നാടായ കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയും തിരിച്ച് ഡൽഹിയിലേക്ക് പറക്കുകയും ചെയ്യും. അല്പസമയം കഴിഞ്ഞപ്പോൾ നിങ്ങൾ എഴുതുമോ എന്നായി അയാളുടെ അടുത്ത ചോദ്യം. കുറച്ചൊക്കെ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എന്തൊക്കെ എന്നതായി അടുത്ത ചോദ്യം. അധികം വിശദീകരണങ്ങൾ നൽകാതെ ബാഗിനുള്ളിലുണ്ടായിരുന്ന കവിതാസമാഹാരം പുറത്തെടുത്ത്, ആദ്യത്തെ സമാഹാരമാണ് സമയം കിട്ടുമ്പോൾ വായിക്കൂ എന്ന് കുറച്ചൊരഭിമാനത്തോടെ പറഞ്ഞ് അയാൾക്ക് നേരെ നീട്ടി. അയാളത് വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നതും, തുറന്നുനോക്കുന്നതും കണ്ടു. പിന്നീട് ആ പുസ്തകം കൈയിൽ വെച്ചിരുന്നതല്ലാതെ അയാളൊന്നും സംസാരിച്ചില്ല.

വായിക്കുന്ന ഒരു സമൂഹം വായിക്കാത്തവരെ വെറുക്കാൻ പാടില്ല. പക്ഷെ പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾക്ക് പുസ്തകങ്ങളെ വെറുക്കുന്നവരോട് ഇഷ്ടക്കേട് കാണിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഫ്ലൈറ്റ് ലാൻഡ് ചെയ്ത വിവരം ഡൽഹിയിലേക്ക് വിളിച്ചുപറഞ്ഞ് മുകളിലെ ഹാൻഡ് ബാഗേജെടുത്ത് പുറത്തിറങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോൾ സീറ്റിൽ ഒന്നും മറന്നിട്ടില്ലല്ലോയെന്ന് കണ്ണുപായിച്ചപ്പോഴാണ് അയാളിരുന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആ പുസ്തകം കണ്ടത്. കൈകൾ നീട്ടിനിൽക്കുന്ന ആ കടലാസുപാവയെ വാരിയെടുത്ത് ബാഗിലിടുമ്പോൾ പുസ്തകങ്ങളെ വെറുക്കുന്നവരോടുള്ള ഒരിഷ്ടക്കേട് ഉള്ളിലെവിടെയോ ഉറഞ്ഞുകൂടുന്നതറിഞ്ഞു. ലഗ്ഗേജ് ബെൽറ്റിനരികിൽ നിൽക്കുമ്പോൾ ദൂരെ അയാൾ നടന്നുനീങ്ങുന്നത് കണ്ടു. അയാളെപ്പോലെ സ്വതന്ത്രമായി നടക്കാനും സംസാരിക്കാനും പഠിപ്പിച്ചുതന്ന ഒരു കൂട്ടം പുസ്തകങ്ങളോട് അപ്പോൾ എന്തെന്നില്ലാത്ത സ്‌നേഹമാണ് തോന്നിയത്. മരയഴികളുള്ള ഒരലമാരയിൽ നിന്നും കറക്കം നിർത്തി ഒരായിരം പുസ്തകങ്ങൾ അപ്പോൾ പിറകെ വരുന്നുണ്ടായിരുന്നു. ഡൽഹി- തിരുവനന്തപുരം യാത്രയേക്കാൾ വൈകുന്നേരങ്ങളിൽ രണ്ടു വീടുകൾക്കപ്പുറത്തുള്ള ആ അലമാര തേടി ഞാൻ താണ്ടിയ 200 മീറ്ററായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദൂരം. ▮


രശ്​മി കിട്ടപ്പ

കവി, കഥാകാരി, വിവർത്തക. കരുതൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഗള്ളിവറുടെ യാത്രകൾ, കാടിന്റെ വിളി, പൂർവ്വികരുടെ നാട്, മോബിഡിക്ക്, പൂർണ തുടങ്ങിയവ വിവർത്തനങ്ങൾ. ഉത്തർപ്രദേശിലെ ഇന്ദിരാപുരത്ത് താമസം.

Comments