കാലാകാലങ്ങളായി സഞ്ചരിക്കുന്ന പരിചിതപാതകളുപേക്ഷിച്ച് അജ്ഞാതദേശങ്ങളിലേക്ക് ഇറങ്ങിനടക്കുന്നവരാണ് ഇന്ന് മിക്ക സ്ത്രീകളും. അത്തരം സ്ത്രീകളുടെ മനസ്സിലൂടെ യാത്രചെയ്യുന്ന എഴുത്തുകാരിയാണ് ജിസ ജോസ്. മുദ്രിതയെന്ന അവരുടെ പുതിയ നോവലും ഇത്തരം അപരിചിതയാത്രകളെയാണ് വലംവെക്കുന്നത്. ക്രൈംഫിക്ഷൻ മട്ടിൽ ചടുലമായ ആഖ്യാനസ്വഭാവത്തിലാരംഭിക്കുന്ന ഈ നോവൽ, സ്‌ത്രൈണാനുഭവങ്ങളുടെ വളവുതിരിവുകൾ കടന്നുകയറുകയും മുൻകൂറായി നാം കരുതിപ്പോരുന്ന ആഖ്യാനഘടനകളെ അതിവർത്തിക്കുകയും ചെയ്യുന്നു.
സ്ത്രീജീവിതത്തിന്റെ അടരുകളെ സൂക്ഷ്മമായി പിന്തുടരുക എന്നതാണ് ജിസ ജോസിന്റെ എഴുത്തിന്റെ പൊതുസ്വഭാവം. അതേസമയം പുരുഷവിദ്വേഷം അതിന്റെ താത്പര്യമാകുന്നുമില്ല. സ്ത്രീയവസ്ഥകൾ സംബന്ധിച്ച ശക്തമായ നിലപാടുകൾ തന്റെ കഥകളിൽ അവർ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ നോവലീകരണം കൂടിയാകുന്നു മുദ്രിത. അതുകൊണ്ടുതന്നെ വ്യത്യസ്ത ജീവിതാനുഭവങ്ങളിലുടെ കടന്നുപോകുന്ന കുറേ സ്ത്രീകളെയും ചിതലരിച്ചുകൊണ്ടിരിക്കുന്ന ഒരു പുരുഷനെയും ചുറ്റിയാണ് ഈ നോവൽ ഉയിർക്കൊള്ളുന്നത്.
ഓരോ അധ്യായത്തിലും ‘സ്ത്രീകളുടെ ദുരിതജീവിതത്തിന്റെ രക്തക്കറകൾ' കാണാം.
അവിവാഹിതനും തൊഴിൽരഹിതനുമായ അനിരുദ്ധനിലൂടെയാണ് നോവലും മുദ്രിത എന്ന കഥാപാത്രവും പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകൾക്കു മാത്രമായി സംഘടിപ്പിക്കുന്ന ഒരു യാത്രക്കുവേണ്ടി ഒന്നിച്ചു കൂടുന്ന പത്ത് സ്ത്രീകളുടെ ജീവിതമാണ് നോവൽ പങ്കുവെക്കുന്നത്. നേരിൽ കണ്ടിട്ടേയില്ലാത്ത, കൂടുതൽ വിവരങ്ങൾ അറിയാത്ത, പേരുപോലും താൻ വിചാരിക്കുന്നതാണെന്ന് ഉറപ്പില്ലാത്ത ഒരു സ്ത്രീയുടെ തിരോധാനത്തെക്കുറിച്ച് വിവരം നൽകാൻ ശ്രമിക്കുന്ന അനിരുദ്ധൻ എന്ന ചെറുപ്പക്കാരനിലാണ് നോവൽ തുടങ്ങുന്നത്. മുദ്രിത എന്ന സ്ത്രീയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ ചെന്ന് അനിരുദ്ധൻ പരാതി കൊടുത്തപ്പോൾ കേവലം മാൻമിസിംഗ് കേസായേ സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത എന്ന പൊലീസുകാരി അതിനെ പരിഗണിക്കുന്നുള്ളു. അൻപതുവയസിനു മുകളിൽ പ്രായമായ ഒരു സ്ത്രീയുടെ തിരോധാനത്തിനപ്പുറം മറ്റു സവിശേഷതകളൊന്നും ആ സംഭവത്തിന് ചാർത്തപ്പെടുന്നില്ല. വാസ്തവത്തിൽ, പരാതി കൊടുക്കുകയായിരുന്നില്ല, ഇങ്ങനെയൊരു സംഭവമുണ്ടെന്ന് പൊതുസമൂഹത്തെ അറിയിക്കുക മാത്രമാണ് അനിരുദ്ധന്റെ ലക്ഷ്യം. അതൊരു തിരോധാന കേസായി പൊലീസ് സ്വീകരിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ നൽകാൻ അയാൾ ബാധ്യസ്ഥനാകുന്നു. എന്നാൽ മുദ്രിതയെ സംബന്ധിച്ച കാര്യങ്ങളൊന്നും അയാൾക്കൊട്ടറിയുകയില്ല താനും.
മുദ്രിതയെ തേടിയുള്ള വനിതയുടെ അന്വേഷണം സർവരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാനാരായണി, ബേബി, വെണ്ണില, ഹന്ന, ശാശ്വതി, മരിയനളിനി, മധുമാലതി എന്നീ ഒൻപതു സ്ത്രീകളിലേക്ക് എത്തിനിൽക്കുന്നതോടെ നോവലിന്റെ ആഖ്യാനവും ഭാവവും ഗതിമാറുന്നു. വ്യത്യസ്തജീവിതങ്ങളും അനുഭവങ്ങളുമായിരിക്കെത്തന്നെ പുരുഷകേന്ദ്രീകൃതമായ സമൂഹത്തോട് കലഹിക്കാൻ അവർ കാത്തിരിക്കുകയായിരുന്നു എന്നുമനസിലാക്കാം. അത്തരം ചില ആന്തരികചലനങ്ങൾ കൂടിയാണ് അവരെ ഒരു യാത്രയിൽ ഒരുമിപ്പിക്കുന്നത്. അവരെ ഒരുമിപ്പിച്ച ആളില്ലാതെ തന്നെ.
ഓരോ സ്ത്രീയും ഏകാന്തയാത്രികരാണ്. പുറമെ നിന്നൊരാൾക്ക് മനസ്സിലാക്കാൻ കഴിയാത്ത, അടുക്കും തോറും അകലുന്ന, ഒരിക്കലും പിടികിട്ടാത്തൊരു നിഴലായി മാറുന്നു ഒരോ സ്ത്രീയും.
‘മുദ്രിത'; അവരുടെ പേര് അങ്ങനെയല്ലെന്നാണ് അവരെ അറിയാവുന്നവർ പറയുന്നത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി അനിരുദ്ധൻ നൽകിയ ഐ.ഡി.പ്രൂഫിന്റെ പകർപ്പ്, കാണാതെ പോയ സ്ത്രീയുടെ പേര് മുദ്രിതയെന്നാണ് വ്യക്തമാക്കുന്നത്. ഒരു ബിസിനസ് ഡീലിന്റെ ഭാഗമായാണ് മുദ്രിത എന്ന സ്ത്രീയെ ആറുമാസങ്ങൾക്ക് മുൻപ് താൻ ബന്ധപ്പെട്ടതെന്നും നാൽപത്തഞ്ചു ദിവസത്തോളം അവരുമായി നിത്യവുമെന്നപോലെ കോൺടാക്ടുണ്ടായിരുന്നതായും അനിരുദ്ധൻ വനിതയോട് പറയുന്നു. അക്കാലത്ത് ഒരിക്കൽ പോലും മുദ്രിതയെ അനിരുദ്ധൻ നേരിൽ കണ്ടിട്ടില്ല. ഫോൺകോളുകളും പിന്നെ അവരയച്ച രണ്ടു ദീർഘമായ മെയിലുകളും മാത്രമാണ് ആ ബന്ധത്തിന്റെ തെളിവായുള്ളത്. അതിനുശേഷം പെട്ടെന്ന് അവരെ കാണാതാകുന്നു.
ഒരു ടൂർ ഓപ്പറേറ്റ് ചെയ്യാനുള്ള ആവശ്യപ്രകാരമാണ് മുദ്രിത അനിരുദ്ധനെ കോൺടാക്ട് ചെയ്തത്. ഒറീസയിലേക്ക് ഒരു വിനോദയാത്ര, പത്തുപേരുള്ള ഒരു സംഘം, പത്തും സ്ത്രീകൾ. വിചിത്രവും കർക്കശവുമായ ചില നിബന്ധനകൾ മുദ്രിതയ്ക്ക് തങ്ങളുടെ യാത്രയെകുറിച്ചുണ്ടായിരുന്നു. അത്തരം കാര്യങ്ങൾ സംസാരിക്കാനാണ് മുദ്രിത പലപ്പോഴും അനിരുദ്ധനെ വിളിച്ചിരുന്നത്. ആ സംഘത്തിലെ മറ്റൊരാളുമായും അനിരുദ്ധന് കോൺടാക്ട് ഇല്ലായിരുന്നു. വർഷങ്ങൾക്ക് മുൻപ് ടൂർ ഓപ്പറേറ്ററായിരുന്ന അയാൾ ആറുമാസം മുൻപ് മുദ്രിതയുടെ യാത്ര ഏറ്റെടുത്തു. യാത്ര തുടങ്ങേണ്ട നവംബർ 24ന് റെയിൽവേ സ്റ്റേഷനിൽ നാലുമണിക്കെത്തുമെന്നായിരുന്നു മുദ്രിത പറഞ്ഞിരുന്നത്. സംഘത്തിലെ മറ്റുള്ളവർ എത്തിയിട്ടും മുദ്രിതയെ കണ്ടില്ല. അത് ഒരാളുടെ മാത്രം യാത്രയായിരുന്നില്ല. അനിരുദ്ധനടക്കം പതിനൊന്നു പേരുടെ സ്വപ്നയാത്രയായിരുന്നു. ടീം ലീഡർ ഇല്ലാതെതന്നെ അവർ യാത്ര തുടർന്നു, ചില്ലറ പ്രതിസന്ധികളുണ്ടായെങ്കിലും.
യാത്ര കഴിഞ്ഞും അനിരുദ്ധൻ അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. മെയിൽ ഐ.ഡിയാവട്ടെ ഇൻവാലിഡ് കാണിച്ചുകൊണ്ടിരുന്നു. യഥാർത്ഥത്തിൽ മുദ്രിതയുമായി അനിരുദ്ധന് ഒരു ബന്ധവുമില്ല. മുദ്രിത മിസിങ് ആണെങ്കിൽ തന്നെ അതയാളെ ബാധിക്കുന്നതല്ല. അവർ തമ്മിലുള്ള ഒരേ ഒരു ബന്ധം ബിസിനസ് കോൺട്രാക്ട് ആയിരുന്നു. യാത്ര അവസാനിച്ചതോടെ അതുമവസാനിച്ചു. യാത്രയ്ക്കാവശ്യമായ പണം മുൻകൂറായി അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തിരുന്നു. പക്ഷെ, മൊത്തം കണക്കുകൾ ഓഡിറ്റ് ചെയ്തപ്പോൾ പതിനായിരത്തോളം രൂപ ബാക്കി വന്നു. അതു തിരിച്ചു നൽകാൻ വേണ്ടിയാണ് അനിരുദ്ധൻ യാത്ര കഴിഞ്ഞതിനു ശേഷം മുദ്രിതയെ കോൺടാക്റ്റ് ചെയ്തത്. യാതൊരു വിവരവും ലഭിക്കാത്തതിനാലാണ് ആ സ്ത്രീ മിസ്സിങ് ആണെന്ന പരാതിയുമായി അനിരുദ്ധൻ പൊലീസ് സ്റ്റേഷനിൽ എത്തുന്നത്.
മുദ്രിതയെ അന്വേഷിക്കാൻ യാത്രയുടെ ഒരുക്കങ്ങളെക്കുറിച്ച് എഴുതിയിട്ടുള്ള നോട്ട് ബുക്കും, മുദ്രിത അയച്ച മെയിലുകളും വനിതയ്ക്ക് അനിരുദ്ധൻ നൽകുന്നു. പിന്നീട് ആ അന്വേഷണം യാത്രാസംഘത്തിലെ ഒൻപതു സ്ത്രീകളിലേക്ക് എത്തുകയായിരുന്നു. മുദ്രിതയെ ആ സ്ത്രീകൾക്കൊന്നും നേരിട്ടു പരിചയമുണ്ടായിരുന്നില്ല. ഏതോ ഗ്രൂപ്പിലെ മെമ്പേഴ്‌സ് എന്ന നിലയിൽ പരിചയപ്പെട്ടതാണവർ. എങ്കിൽ പോലും മുദ്രിത വരാത്തത്തും അവരെ വിളച്ചിട്ട് കിട്ടാത്തതും അവരുടെ മനസിലും കരിനിഴൽ പരത്തിയിരുന്നു. അവരുടെ പേര് മുദ്രിത, അങ്ങനെ അല്ലെന്നാണ് അവരെ അറിയാവുന്നവർ പറയുന്നത്, എന്നാൽ അവർക്ക് മുദ്രിതയെന്നല്ലാത്തെ മറ്റൊരു പേരും ചേരാത്തതുപോലെയുണ്ട്. ദൂരേയിരുന്ന് പലരുടെയും മനസ്സിൽ മുദ്ര പതിപ്പിച്ചവൾ, സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും പ്രണയത്തിന്റെയും മുദ്രകൾ അവശേഷിപ്പിച്ചു മറഞ്ഞവൾ. ഒടുക്കം, അതൊക്കെയും തന്നിൽ തന്നെ അടയാളപ്പെടുത്തിയവൾ.
ഓരോ സ്ത്രീയും ഏകാന്തയാത്രികരാണ്. പുറമെ നിന്നൊരാൾക്ക് മനസ്സിലാക്കാൻ കഴിയാത്ത, അടുക്കും തോറും അകലുന്ന, ഒരിക്കലും പിടികിട്ടാത്തൊരു നിഴലായി മാറുന്നു ഒരോ സ്ത്രീയും. അവരുടെ സന്തോഷങ്ങൾ, വേദനകൾ, ഏകാന്തതകൾ എല്ലാം അവരുടേതുമാത്രമാണ്. നോവലിൽ കടന്നുവരുന്ന എല്ലാ സ്ത്രീകളും മുറിവേൽപ്പിക്കപ്പെട്ടവരാണ്. വീടും കുടുംബവും, ഭർത്താവും മക്കളുമെല്ലാം ഒരു പരിധിവരെ അതിന് കാരണമാകുന്നു. അതുകൊണ്ടാണ് തങ്ങൾക്ക് അപരിചിതരായവരുടെ കൂടെയായിരുന്നിട്ടും, അപരിചിത സ്ഥലത്തേക്കായിട്ടും ഒന്നിച്ചു യാത്ര ചെയ്യാൻ അവർ തീരുമാനിച്ചത്. ജീവിതത്തിൽ അപമാനിക്കപ്പെട്ട സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യം തേടുന്നത് ആ യാത്രയിലാണ്. സ്ത്രീകൾക്കുമാത്രം സാധ്യമാകുന്ന ഗാഢമായ വിനിമയങ്ങൾ അവർക്കിടയിലും നടക്കുന്നു. പത്തുപേരും സാധാരണ സ്ത്രീകൾ, ആരും തിരഞ്ഞെത്താനില്ലാത്തവർ, ദുർഘടവഴികളിലൂടെ സഞ്ചരിച്ചവർ, ജീവിതത്തിന്റെ മുറിവുകൾക്കു മുകളിലൊരു ലേപനമായി അവർ കണ്ട യാത്രയ്ക്കായി അവർ കൊതിക്കുന്നു. തയ്യാറെടുക്കുന്നു.
പത്തു സ്ത്രീകൾ ഒരുമിക്കുന്ന ആ യാത്ര ലക്ഷ്യങ്ങളില്ലാത്ത ഒന്നായിരുന്നു. ഒന്നും കീഴടക്കാനില്ലാത്ത യാത്ര. ആരെയും സന്ദർശിക്കാനില്ലാത്ത യാത്ര. അത്രമേൽ ശുദ്ധമായ ഒന്ന്. അവരൊക്കെയും നീതികിട്ടാത്തവരാണ്. എണ്ണ വറ്റിയ മണ്ണെണ്ണ വിളക്കിന്റെ തിരി കത്തുമ്പോഴുള്ള പുകമണം പൊതിഞ്ഞ പോലുള്ള ജീവിതങ്ങളാണവരുടേത്; ശ്വാസം മുട്ടിക്കുന്നത്. എന്നാൽ ഊതിക്കെടുത്താൻ സ്വയമേവ ധൈര്യമില്ലാത്തവരാണവർ.
നോവലിലെ സ്ത്രീകളെല്ലാം അന്യോന്യം അറിയാത്തവർ, എന്നിട്ടും അവർക്ക് പരസ്പരം അറിയാം. ഒൻപതു സ്ത്രീകളുടെയും ജീവിതത്തിലെ വിനിമയങ്ങൾ എഴുത്തുകാരിക്ക് പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.
അവർ ഒരുമിക്കുന്നത് അഗ്‌നിപൂർണിമ എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ കൂടിയാണ്. ഒഡിഷയിൽ മഞ്ഞുകാലത്തിന്റെ അവസാനം കുറിക്കുന്ന ചടങ്ങാണ് അഗ്‌നിപൂർണിമ. യാത്രയുടെ ആദ്യ പ്ലാനിങ് മുഴുവനായും മുദ്രിതയുടേതായിരുന്നു. മറ്റുള്ളവർക്ക് അതിനെ പറ്റി വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. മുദ്രിത ആദ്യം പ്ലാൻ ചെയ്തിരുന്നത് ഒറീസയിലെ ഗ്രാമങ്ങളിലുടെയുള്ള യാത്രയും ട്രെക്കിങ്ങും ചിത്രോൽപലയിലൂടെയുള്ള ബോട്ടിങ്ങുമൊക്കെയായിരുന്നു. മുദ്രിതയില്ലാതെ അവിടെ എത്തിയപ്പോൾ ഗാങ് ലീഡറില്ലാത്ത യാത്രാസംഘം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും അവർ നേരിട്ടു.
നോവലിന്റെ അവസാനഭാഗത്ത് എത്തുമ്പോൾ മുദ്രിതയെ തേടിയുള്ള അന്വേഷണത്തിനോടുവിൽ മുദ്രിതയെ താൻ ഒരിക്കലും കാണില്ല, കണ്ടുകിട്ടില്ല എന്ന ബോധത്തിലേക്ക് വനിത എത്തുന്നു. അതിവൈകാരിക അനുഭവങ്ങളെയെല്ലാംതന്നെ തൊഴിലിന്റെ ഭാഗമായാർജ്ജിച്ച കാർക്കശ്യത്തോടെ നോക്കികാണുന്ന വനിതയ്ക്ക് മുദ്രിതയുടെ കേസ് വ്യക്തിപരമായി തന്നെ വിഷമിപ്പിക്കുന്നതിൽ ലജ്ജ തോന്നുകയുണ്ടായി. മുദ്രിത എവിടെയെന്നറിയാതെ അമ്പരന്ന് ഒടുക്കം അവരുടെ അകന്നബന്ധു എന്ന നിലയിൽ ഡോക്ടർക്കുസമീപമെത്തിയ വനിത, മുല്ലപറമ്പിന്റെ ചരിത്രം മുഴുവൻ കേൾക്കണ്ടി വരുകയും മുദ്രിതയെ കുറിച്ച് കാര്യമായ വിവരം ലഭിക്കാതെ മടങ്ങണ്ടിവരുകയും ചെയ്യുന്നു. ഡോക്ടറിൽ നിന്ന് വനിത പിന്നീട് ഒരു അദ്ധ്യാപക ബന്ധുവിലേക്കും മുദ്രിതയെ അന്വേഷിച്ചെത്തിച്ചേരുന്നു. എന്നാൽ ആർക്കും മുദ്രിതയെകുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ സാധിച്ചില്ല.
നോവലിലെ സ്ത്രീകളെല്ലാം അന്യോന്യം അറിയാത്തവർ, എന്നിട്ടും അവർക്ക് പരസ്പരം അറിയാം. ഒൻപതു സ്ത്രീകളുടെയും ജീവിതത്തിലെ വിനിമയങ്ങൾ എഴുത്തുകാരിക്ക് പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു. വിലക്കുകൾക്കും പരിമിതികൾക്കും ഇടയിലായിരിക്കുന്ന ഒരു പറ്റം സ്ത്രീകളെ അവരുടെ സ്വപ്നങ്ങളിലേക്ക് നയിക്കാനും ആ സ്വപ്നം സഫലമാക്കാനും സമാനഹൃദയമുള്ളരെ കൂട്ടിചേർക്കാനും അനിരുദ്ധനെ പോലെ ചോർന്നൊലിക്കുന്ന പുരുഷനിൽ മാറ്റമുണ്ടാക്കാനും കഴിഞ്ഞ ഒരുവളാണ് മുദ്രിത. ആ യാത്ര പോലും അനിരുദ്ധനെ സംബന്ധിച്ച് മുദ്രിത നൽകിയ ഉപഹാരമായിരുന്നു. ഒടുക്കം അവരെവിടെപ്പോയി മറഞ്ഞുവെന്ന് അനിരുദ്ധനെ പോലെ കഥയിലെ എല്ലാ കഥാപാത്രങ്ങളും വ്യാകുലപ്പെടുന്നു. മുദ്രിതയെ കണ്ടെത്തുക അനിരുദ്ധന്റെ മാത്രം ആവശ്യമായിരുന്നില്ല, നോവലിന്റെ ഭാഗമായ എല്ലാ കഥാപാത്രങ്ങളുടെയും നോവൽ വായിക്കുന്ന വായനക്കാരുടെയും ആവശ്യമാണ്. അത്ര സ്വാധീനം മുദ്രിത ഓരോ കഥാപാത്രത്തിലും വായനക്കാരിലും ചെലുത്തുന്നു.
മുദ്രിത ആരാണെന്ന് ആർക്കും അറിയില്ല. അങ്ങനെയൊരാളുണ്ടായിരുന്നില്ലെന്ന് പറയാനും കഴിയില്ല. എല്ലാ സ്ത്രീകളിലും ഏറിയും കുറഞ്ഞും മുദ്രിതയുടെ അംശം ഉണ്ടെന്ന് മനസിലാക്കാം. ഈ അംശത്തിലൂടെ, പത്തു സ്ത്രീകളുടെയും ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലുമ്പോൾ പെണ്ണകങ്ങളിലേക്കുള്ള ഒരു നീണ്ട യാത്രയായി നോവൽ പരിണമിക്കുന്നു. ആന്തരികമായ ആ യാത്രയാണ് നോവലിനെ തപിപ്പിച്ചു നിർത്തുന്നതും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.