സി.കെ. ജാനു

മുന്നണികളുടെ
വഞ്ചനയും ആദിവാസികളുടെ
അധികാര പ്രാതിനിധ്യവും

‘‘തങ്ങളെ ആരാണോ പുറംതള്ളിയത് അവരെക്കൊണ്ടുതന്നെ അധികാരസ്ഥാനത്ത് അവരോധിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനമായിക്കൂടി സി.കെ. ജാനുവിന്റെ യു.ഡി.എഫ് പ്രവേശനത്തെ കാണാവുന്നതാണ്’’. ഇ.കെ. ദിനേശന്റെ ‘അടിമമക്ക’ വായനയുടെ അവസാന ഭാഗം.

സി.കെ. ജാനുവിന്റെ
UDF പ്രവേശനവും
‘അടിമമക്ക’യിലെ
രാഷ്ട്രീയജീവിതവും
ഭാഗം 2

മൂന്ന്: ആദിവാസി പോരാട്ടങ്ങളും
പോലീസും

ലോകത്തെല്ലായിടത്തും പോലീസ് ഭരണകൂടത്തിന്റെ മർദ്ദക ഉപകരണമാണ്. സാമാന്യമായി അതിനോടുള്ള പൊതുപ്രതിരോധത്തിന് തയ്യാറാവുന്നത് സമൂഹത്തിലെ സംഘടിത വിഭാഗങ്ങളാണ്. സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഭരണകൂടത്തിന്റെ ഈ മർദ്ദക സംവിധാനത്തോട് പ്രതികരിക്കാൻ കഴിയുന്നതിന് പല കാരണങ്ങളുണ്ട്. പോലീസിനകത്തും പുറത്തും സാമൂഹ്യ അംഗീകാരമുള്ള മനുഷ്യരുണ്ട്. അവർ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ അംഗീകരിക്കുന്നവരാണ്. എന്നാൽ ലോകത്തെല്ലായിടത്തുമുള്ള വംശീയ അതിക്രമങ്ങളും ഇന്ത്യയിൽ നിലനിൽക്കുന്ന ദലിത്- പിന്നാക്ക- മർദ്ദിത ന്യൂനപക്ഷങ്ങളുടെ പുറന്തള്ളലിലും ഭരണകൂട ഭാഗത്തുനിന്നുള്ള ആശങ്കകളില്ല. ഇത് വേട്ടയാടൽ എളുപ്പക്കുന്നു.

ഭരണകൂടത്തിന്റെ ഉപകരണം എന്ന രീതിയിൽ മാത്രമല്ല പോലീസ് ആദിവാസികളോട് പെരുമാറുന്നത്. അതിനു തെളിവായി സ്വന്തം ജീവിതത്തെ ജാനു ‘അടിമമക്ക’യിൽ അവതരിപ്പിക്കുന്നുണ്ട്.

READ : സി.കെ. ജാനുവിന്റെ
UDF പ്രവേശനവും
‘അടിമമക്ക’യിലെ
രാഷ്ട്രീയജീവിതവും ഭാഗം 1

എല്ലാക്കാലത്തും ഭരണകൂട സംവിധാനങ്ങൾ സവർണജന്മിത്ത വ്യവസ്ഥയോട് നിരുപാധികം സന്ധിചെയ്യപ്പെട്ടവരാണ്. അതിനു കാരണം, വ്യവസ്ഥിതിയുടെ നടത്തിപ്പുകാരും അതിനെ നിയന്ത്രിക്കുന്നതും സവർണ്ണ സമ്പന്ന വിഭാഗങ്ങളാണ് എന്നതാണ്. എന്നാൽ ഈ സാമൂഹ്യ പദവി ഇല്ലാത്തവരാണ് ആദിവാസി ഉൾപ്പെടെയുള്ള പ്രാന്തവൽകൃതവിഭാഗങ്ങൾ. ഇവർക്കിടയിൽ ചൂഷണത്തിനും ക്രൂരതയ്ക്കും മുൻകൂർ അനുവാദം ആവശ്യമില്ല. വയനാട്ടിലെ ഇരവേട്ട എങ്ങനെയാണ് സംഭവിച്ചത് എന്ന് ‘അടിമമക്ക’ സംശയാതീതമായി ചൂണ്ടിക്കാട്ടുന്നു:
‘‘ആണുങ്ങളെ വയലിൽ കാവൽ നിൽക്കാൻ രാത്രി പറഞ്ഞു വിട്ടിട്ട് ജന്മി കുടിലുകളിൽ വന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് പതിവായിരുന്നു. അങ്ങനെ അവിവാഹിതരായ അമ്മമാരും അച്ഛനില്ലാത്ത കുട്ടികളും ഉണ്ടായി. ആ സമയത്തെല്ലാം മറ്റുള്ളവരെ കാണുന്നതുപോലും നമ്മളെ ആളുകൾക്ക് ഭയമായിരുന്നു. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും വലിച്ചിഴച്ചു കൊണ്ടുപോയി ചെറിയ പെൺകുട്ടികളടക്കമുള്ള സ്ത്രീകളുടെ മനസ്സും ആത്മാഭിമാനവും ജീവനുമെല്ലാം ഇവർ കവർന്നെടുത്തു. അപ്പോഴത്തെ സാഹചര്യത്തിൽ ഇതിനെതിരെ പ്രതികരിക്കാൻ അവർക്ക് പേടിയായിരുന്നു. ബലാത്സംഗം ചെയ്താലും ഉപദ്രവിച്ചാലും ഇതെല്ലാം സഹിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു’’.
അവർ തുടർന്ന് എഴുതുന്നു:

"തിരുനെല്ലി പഞ്ചായത്തിലൊക്കെ അവിവാഹിതരായ അമ്മമാരുടെ എണ്ണം വർദ്ധിച്ചത് നക്സലൈറ്റുകളെ പിടിക്കാൻ പോലീസ്, സി ആർ പി ക്യാമ്പ് നടത്തിയപ്പോഴാണ്."

മുത്തങ്ങ സമരകാലത്ത് ജോഗിയെ വെടിവെച്ചു കൊന്ന പോലീസ് എം. ഗീതാനന്ദനെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നുവെന്ന് ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞത് ജാനു എഴുതുന്നുണ്ട്.

മുത്തങ്ങ സമരകാലത്ത് സിവിൽ സമൂഹത്തിന് ആദിവാസികളെ ആക്രമിക്കാനും ദ്രോഹിക്കാനുമുള്ള അനുവാദം പോലീസ് നൽകിയതായി അക്കാലത്ത് വിമർശനം ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് സമീപകാലത്ത് ഒരു അഭിമുഖത്തിൽ ഗിതാനന്ദൻ തുറന്നുപറയുന്നുണ്ട്. അതായത് ഭരണകൂട ഉപകരണം തന്നെ പൊതുസമൂഹത്തെ ഒപ്പം നിർത്തി ആദിവാസി വേട്ട നടത്തുന്ന ഒരു രീതി കേരളത്തിലും നിലനിന്നു എന്നതാണ് സത്യം. ഇത്തരമൊരനുഭവം സി.കെ. ജാനു എഴുതുന്നു.

ഭരണകൂടത്തിന്റെ ഉപകരണം എന്ന രീതിയിൽ മാത്രമല്ല പോലീസ് ആദിവാസികളോട് പെരുമാറുന്നത്. അതിനു തെളിവായി സ്വന്തം  ജീവിതത്തെ ജാനു ‘അടിമമക്ക’യിൽ  അവതരിപ്പിക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ ഉപകരണം എന്ന രീതിയിൽ മാത്രമല്ല പോലീസ് ആദിവാസികളോട് പെരുമാറുന്നത്. അതിനു തെളിവായി സ്വന്തം ജീവിതത്തെ ജാനു ‘അടിമമക്ക’യിൽ അവതരിപ്പിക്കുന്നുണ്ട്.

1995 മാർച്ചിൽ പനവല്ലി സമരവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ശക്തമായി പ്രതികരിച്ചു എന്നവർ ഓർക്കുന്നു. സമരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഏറ്റവും കൂടുതൽ എതിർത്തത്. ഇത്തരം അതിക്രമങ്ങളോട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും മുഖം തിരിഞ്ഞുനിന്നു എന്ന വിമർശനം എക്കാലത്തും ഉയർന്നിട്ടുണ്ട്:
''1990-ലും 92- ലും മാനന്തവാടി ടൗണിൽ വച്ച് ഞങ്ങൾ എല്ലാ പത്രങ്ങളും കത്തിച്ചു. അതിനുശേഷമാണ് കുറച്ചെങ്കിലും പത്രവാർത്തകൾ വരാൻ തുടങ്ങിയത്’’ എന്ന് അവർ എഴുതുന്നു. അന്ന് ജാനുവിനെയും ഗീതാനന്ദനെയും കയ്യിൽ കിട്ടിയപ്പോൾ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് അവർ എഴുതുന്നു:

‘‘കൈയിൽ കിട്ടിയപ്പോൾ ഗീതാനന്ദനെയും എന്നെയും തേനീച്ച പൊതിയുന്നതുപോലെയാണ് പോലീസുകാർ മർദ്ദിച്ചത്. എവിടെ നിന്നെല്ലാമാണ് അടി വരുന്നതെന്ന് കാണാൻ പോലും കഴിഞ്ഞില്ല. ആൺപോലീസാണ് അടിച്ചതും ഉപദ്രവിച്ചതും. സ്റ്റാർട്ടാക്കി നിർത്തിയ വണ്ടിയിലേക്ക് റോഡിൽ നിന്ന് ഒറ്റച്ചവിട്ടിന് ഞങ്ങളെ കയറ്റി. നമ്പികൊല്ലിയിൽ നിന്ന് സുൽത്താൻബത്തേരിയിലേക്ക് നേരിട്ട് നല്ല റോഡ് ഉണ്ടായിട്ടും കല്ലൂർ റോഡ് വഴി നാലുതവണ ചുറ്റിയടിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറുകളോളം ഏതൊക്കെയോ വഴികളിലൂടെ ഞങ്ങളെ കൊണ്ടുപോയി. പോലീസ് ബസ്സിന് മുകളിലെ കമ്പിയിൽ രണ്ട് കൈയും പിടിച്ചു തൂങ്ങി നിന്നാണ് ഞങ്ങളെ തൊഴിച്ചത്. തലമുടിയോടുകൂടി ചുരട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയിൽ തുടരെ ഇടിച്ചു എൻ്റെ തുടയിൽ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തിൽ നിന്ന് ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന വേദനയായിരുന്നു. ബൂട്ട് കൊണ്ടും കൂട്ടമർദ്ദനമായിരുന്നു. കാലിൽമേൽ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോൾ പ്രാണൻ പോകുന്ന പോലെയായിരുന്നു. കണ്ണിൻ്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി.

ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. ബൂട്ടിട്ട് അടിവയറ്റിൽ തൊഴിച്ചു.ആ തൊഴിയിൽ ഞാനറിയാതെ മൂത്രം ഒഴിച്ചു പോയി. അടിവയറ്റിൽ തൊഴികൊണ്ട് ശരീരത്തിൽ നിന്ന് കറുപ്പുരക്തം വരാൻ തുടങ്ങി. എന്നെ കൊല്ലാൻ പോവുകയാണെന്ന് തന്നെ കരുതി. അപ്പോഴും മനസ്സിൽ ആദിവാസികൾക്ക് ഭൂമി നേടിയെടുക്കാനുള്ള സമരം വിജയത്തിൽ എത്താതെ മരിക്കേണ്ടി വരുമോ എന്നായിരുന്നു ചിന്ത. ആദിവാസികൾക്ക് ഭൂമി കിട്ടാൻ മരിക്കാൻ തയ്യാറുള്ള ഞാൻ ഈ മർദ്ദനത്തെയൊന്നും കാര്യമാക്കിയില്ല. ഇവരുടെ മുമ്പിൽ മുട്ടുമടക്കാനും തയ്യാറായിരുന്നില്ല".

അടിയന്തരാവസ്ഥക്കുശേഷം കേരളത്തിൽ ഇത്ര ഭീകരമായ രാഷ്ട്രീയ മർദ്ദനം സംഭവിക്കാൻ സാധ്യതയില്ല. അതും എല്ലാ രീതിയിലും ദുർബലമായ ഒരു ജനസമൂഹത്തിൻ്റെ പ്രതിനിധിയെ, സംഘടിതമായ സാമൂഹിക സംഘടനാ പിൻബലമോ അധികാര കേന്ദ്രങ്ങളിൽ ഏതെങ്കിലും അർത്ഥത്തിലുള്ള സ്വാധീനമോ ഇല്ലാത്ത വിഭാഗത്തെ, ഇത്രമാത്രം ക്രൂരമായി അമർച്ച ചെയ്യാനുള്ള കാരണം, ഭരണകൂടവും അതിൻ്റെ മർദ്ദന ഉപകരണങ്ങൾക്കും അടിത്തട്ട് മനുഷ്യരുടെ ചെറിയൊരു ഉണർവിനെ പോലും അനുവദിച്ചു കൊടുക്കാൻ കഴിയില്ല എന്നതിൻ്റെ തെളിവാണ്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ വലിയ ശതമാനം മാധ്യമങ്ങളും പിന്തുടർന്നത്. അതിനൊരു മാറ്റമുണ്ടായത് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ജയിൽ സന്ദർശത്തിനുശേഷമാണെന്ന് സി.കെ. ജാനു എഴുതുന്നുണ്ട്.

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...

‘അടിമമക്ക’യിൽ വിവരിക്കുന്ന ഈ അനുഭവങ്ങൾ ഇനിയും വേണ്ട രീതിയിൽ കേരളീയ സമൂഹം ചർച്ച ചെയ്തിട്ടില്ല. കേരളത്തിലെ ആദ്യകാല രാഷ്ട്രീയ നേതാക്കൾ അനുഭവിച്ച ജയിൽമർദ്ദനങ്ങളെ കുറിച്ച് ഇപ്പോഴും അണികൾ ആഘോഷിച്ചു പാടുമ്പോൾ, ഇക്കാലത്ത് അവർ വായിക്കേണ്ടതും പറയേണ്ടതും മുത്തങ്ങ സമരത്തിലെ പോരാളികൾ അനുഭവിച്ച കൊടും പീഡനങ്ങളെക്കുറിച്ചാണ്. മുത്തങ്ങ സമരത്തെ സ്റ്റേറ്റ് ക്രൂരമായി അടിച്ചമർത്തിയപ്പോഴും അതുണ്ടാക്കിയ നേട്ടത്തെക്കുറിച്ച് സി.കെ. ജാനു എഴുതുന്നുണ്ട്:
‘‘സമരത്തിനുശേഷമാണ് ഇവിടെ കുറച്ചു കുടുംബങ്ങൾക്ക് ഒരേക്കർ വെച്ച് ഭൂമി പതിച്ചു നൽകിയത്. ചീയമ്പം, 73 പ്ലാൻ്റഷനിൽ 312 കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്തു. ആദിവാസികളെ പുനരധിവസിപ്പിക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് 19600 ഏക്കർ ഭൂമി ലഭിച്ചത് മുത്തങ്ങ സമരത്തിലൂടെയാണ്. 25,000 ഹെക്ടർ ഭൂമിയാണ് കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അതിൽ 19,600 ഏക്കർ പൂർണമായി ആദിവാസികൾക്ക് വിതരണം ചെയ്തിട്ടില്ല. മുത്തങ്ങ സമരം വേദനിപ്പിക്കുന്ന അനുഭവങ്ങൾ തരുന്നുവെങ്കിലും ആ സമരത്തിന്റെ ഫലം വൻവിജയമായിരുന്നു".

കേരള ചരിത്രത്തിൽ ഒരു കാലത്തും കാണാത്ത തരത്തിലുള്ള പോരാട്ടങ്ങൾക്കാണ് സി.കെ. ജാനു ഈ കാലഘട്ടത്തിൽ നേതൃത്വം നൽകിയത്. അതിനവർക്ക് കിട്ടിയതോ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിൻ്റെ കൊടിയ മർദ്ദനവും. അപ്പോഴും അവർ ധീരമായി പറയുന്നത് ആദിവാസികൾക്ക് വേണ്ടിയാണ്. അതിപ്പോഴും തുടരുകയാണ്. അതിനിടയിൽ സംഭവിച്ച രാഷ്ട്രീയ മാറ്റം സമീപഭൂതകാലത്തെ ദുരന്തങ്ങളെ മറന്നു കൊണ്ടല്ല. മറിച്ച്, മാറിയ കാലത്ത് തങ്ങളുടെ ജനതയുടെ സാമൂഹ്യവളർച്ചയും രാഷ്ട്രീയ അധികാരവും നേടിയെടുക്കേണ്ടതിന്റെ അനിവാര്യമായ തിരിച്ചറിവിലൂടെയാണെന്ന് വേണം ധരിക്കാൻ.

മുത്തങ്ങയിൽ സമരത്തിന്റെ ഭാഗമായി ആദിവാസികൾ കെട്ടിയ കുടിലുകൾക്ക് പൊലീസ് തീയിടുന്നു / Photo: Ajeeb Komachi
മുത്തങ്ങയിൽ സമരത്തിന്റെ ഭാഗമായി ആദിവാസികൾ കെട്ടിയ കുടിലുകൾക്ക് പൊലീസ് തീയിടുന്നു / Photo: Ajeeb Komachi

നാല്: ആദിവാസി പ്രശ്നങ്ങളിലെ
ഇടതു- വലതു സമീപനങ്ങൾ

ആദിവാസി വിഷയങ്ങളിൽ ഇടത്- വലത് മുന്നണികൾ ഒരേ രീതിയിലാണ് സഞ്ചരിച്ചത്. ഈയൊരു നിരീക്ഷണത്തെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ സമ്മതിച്ചുതരില്ല. അവർ പരസ്പരം അവകാശവാദങ്ങളും ഉന്നയിക്കും. വിതരണം ചെയ്ത ഭൂമിയും അതിനു നൽകിയ പട്ടയവും വീടുനിർമ്മാണവുമൊക്കെ ഈ കണക്കിനുള്ളിലാണ് എണ്ണപ്പെടുക.

യഥാർത്ഥത്തിൽ ആദിവാസികളുടെ പ്രശ്നം ഇതിനപ്പുറമുള്ള അവർക്ക് അവകാശപ്പെട്ട ഭൂമിക്ക് മേലുള്ള അധികാരമാണ്. അതിനോട് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമീപനം എന്താണ് എന്നത് ഇപ്പോഴും നിലനിൽക്കുന്ന ചോദ്യമാണ്. ഈ ചോദ്യം നിലനിൽക്കെയാണ് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്ന പുതിയ സംഘടനാ രൂപീകരണം. അത് യു ഡി എഫിന്റെ ഭാഗമാകുന്നതോടുകൂടി നേരത്തെ ഉന്നയിച്ച ചോദ്യങ്ങൾ അപ്രസക്തമാകുമോ? പ്രത്യേകിച്ചും മുത്തങ്ങ സമരത്തിന് നേതൃത്വം നൽകിയ ഒരു സംഘടന അന്നത്തെ ഭരണകക്ഷി മുന്നണിയുടെ സംവിധാനത്തിലേക്ക് തിരിച്ചു പോകുമ്പോൾ. ഇതിനെ അനുഭവസ്ഥരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ എല്ലാക്കാലത്തും പുറത്തുനിന്നുള്ള ചെറുത്തുനിൽപ്പല്ല ആവശ്യമെന്നും അധികാര സ്ഥാനത്തേക്കുള്ള കടന്നുകയറ്റമായിരിക്കണമെന്ന രാഷ്ട്രീയ തിരിച്ചറിവ് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മൾ ഭരണസമുദായമാകണമെന്ന ഡോ. ബി.ആർ. അബേദ്ക്കറുടെ വാക്കുകൾ ഇവിടെയാണ് പ്രസക്തമാകുന്നത്. തങ്ങളെ ആരാണോ പുറംതള്ളിയത് അവരെക്കൊണ്ടുതന്നെ അധികാരസ്ഥാനത്ത് അവരോധിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനമായിക്കൂടി ഈ മുന്നണി മാറ്റത്തെ കാണാവുന്നതാണ്. അതേസമയം, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ചെറുതും വലുതുമായ ആദിവാസി പോഷക സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.

എന്നാൽ ഈ സംഘടകളൊന്നും ആദിവാസികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. മുത്തങ്ങ സമരകാലത്ത് അതിൻ്റെ ദൃഷ്ടാന്തങ്ങൾ കേരളീയ സമൂഹം കണ്ടതാണ്. മാത്രമല്ല, ചെങ്ങറയിലെയും അരിപ്പയിലെയും തുടർന്ന് നിരവധി ഭൂസമരങ്ങളിൽ ഇരുമുന്നണികളും ആദിവാസികളുടെ ഭൂമിപ്രശ്നത്തെ വഞ്ചനാപരമായിട്ടാണ് നേരിട്ടത്. മാത്രമല്ല, യു.ഡി.എഫിനുശേഷം അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ എടുത്ത നിലപാടിനെയും ജാനു വിമർശിക്കുന്നുണ്ട്:

2014 ലെ നിൽപ്പുസമരത്തിൽ അവർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്ന് കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുക എന്നതായിരുന്നു. അത്തരം വിവരങ്ങൾ ‘അടിമമക്ക’ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്:
2014 ലെ നിൽപ്പുസമരത്തിൽ അവർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്ന് കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുക എന്നതായിരുന്നു. അത്തരം വിവരങ്ങൾ ‘അടിമമക്ക’ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്:

‘‘അന്നത്തെ പ്രതിപക്ഷ നേതാവ് ഞങ്ങളെ ജയിലിൽ സന്ദർശിച്ചിരുന്നു. പ്രധാനമായും അദ്ദേഹം പറഞ്ഞത്, ‘നിങ്ങൾ പേടിക്കണ്ട ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട്, കേസിന്റെ ആവശ്യത്തിനു വക്കീലിനെ ഏർപ്പെടുത്തി തരാം’ എന്നെല്ലാമാണ്. എന്നാൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ യു ഡി എഫ് ചാർജ് ചെയ്യാതെ വെച്ചിരുന്ന മൂന്ന് കേസ് കൂടി ഞങ്ങളുടെ പേരിൽ ചാർജാക്കി. അതിൽ കുറേ പുതിയ പ്രതികളും വന്നു. ജോഗിയുടെ കുടുംബത്തിന് ധനസഹായം നൽകിയതും മകൾ സീതക്ക് സർക്കാർ ജോലി കൊടുത്തതും ഇടതുപക്ഷം നന്നായി പ്രചരിപ്പിച്ചിരുന്നു. മുത്തങ്ങ സമരത്തിൻ്റെ സി ഡി കോളനികളിൽ പ്രചരിപ്പിച്ച് വോട്ടുപിടിച്ചാണ് ഇവർ അന്ന് അധികാരത്തിൽ വന്നത്. മുത്തങ്ങയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർക്ക് ഇതൊക്കെ ചെയ്യാൻ ബാധ്യതയുണ്ട്. അതൊന്നും വലിയ ഔദാര്യമായി ഞങ്ങൾ കണക്കാക്കുന്നില്ല. കൊടുത്ത ജോലിയുടെ പോസ്റ്റ് ചെറുതായിപ്പോയി എന്നാണ് എൻ്റെ അഭിപ്രായം."

ഈ നിലപാട് മുന്നോട്ടുവയ്ക്കാൻ കഴിയുന്നത് അവർ നടത്തിയ പോരാട്ടത്തിന്റെ രാഷ്ട്രീയ പിൻബലത്തിലാണ്. എന്നാൽ അതിനെ ഇടത് വലതുമുന്നണികൾ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. 1996-ലെ ‘പെസ’ നിയമത്തിന്റെ പരിധിയിലേക്ക് ഇപ്പോഴും കേരളത്തിലെ ആദിവാസി ഭൂമി എത്തിയിട്ടില്ല എന്നാണ് സി.കെ. ജാനു പറയുന്നത്.

2014 ലെ നിൽപ്പുസമരത്തിൽ അവർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിൽ ഒന്ന് കേരളത്തിൽ ‘പെസ’ നിയമം നടപ്പിലാക്കുക എന്നതായിരുന്നു. അത്തരം വിവരങ്ങൾ ‘അടിമമക്ക’ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്:

''കേരളത്തിലെ പെസ നിയമം നടപ്പിലാക്കേണ്ട പ്രദേശങ്ങൾ: ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലയിൽ ആറളം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, പാലക്കാട് ജില്ലയിലെ അഗളി ഗ്രാമപഞ്ചായത്ത്, പുത്തൂർ ഗ്രാമപഞ്ചായത്ത്, ഷോളയൂർ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ലയിലെ അമരമ്പലം, വഴിക്കടവ് കരുളായി, വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളായ തിരുനെല്ലി, നൂൽപുഴ, മേപ്പാടി, മുള്ളൻകൊല്ലി, മുട്ടിൽ, നെന്മേനി, അമ്പലവയൽ, മൂപ്പനാട്, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, പുൽപ്പള്ളി, പനമരം, പടിഞ്ഞാറേത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി, ഇടവക, തൊണ്ടനാട്, തരിയോട്, തവിഞ്ഞാൽ, ഇപ്പോൾ നഗരസഭകളായ സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, മുനിസിപ്പാലിറ്റി. 31 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസ നഗരസഭകളും ഉൾപ്പെടുന്ന 2445 ആദിവാസി ഊരുകൾ " പെസ പരിധിയിൽ വരേണ്ട മേഖലകളാണ്. കേരള സർക്കാർ തയ്യാറാക്കിയ മാർഗരേഖ കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നു."

യഥാർത്ഥത്തിൽ ആദിവാസികളുടെ പ്രശ്നം ഇതിനപ്പുറമുള്ള അവർക്ക് അവകാശപ്പെട്ട ഭൂമിക്ക് മേലുള്ള അധികാരമാണ്. അതിനോട് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമീപനം എന്താണ് എന്നത് ഇപ്പോഴും നിലനിൽക്കുന്ന ചോദ്യമാണ്.
യഥാർത്ഥത്തിൽ ആദിവാസികളുടെ പ്രശ്നം ഇതിനപ്പുറമുള്ള അവർക്ക് അവകാശപ്പെട്ട ഭൂമിക്ക് മേലുള്ള അധികാരമാണ്. അതിനോട് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമീപനം എന്താണ് എന്നത് ഇപ്പോഴും നിലനിൽക്കുന്ന ചോദ്യമാണ്.

1970 ഫെബ്രുവരി 18ന് വർഗീസിനെ പിടികൂടിയതും കാട്ടിൽവച്ച് വെടിവെച്ചു കൊന്നതുമൊക്കെ ഓർക്കുന്നതിനിടയിൽ 1970 വരെ ആദിവാസികൾകളെ അടിമക്കച്ചവടത്തിന് വിട്ടുകൊടുത്തതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിരുത്തരവാദപരമായ സമീപനത്തെയും ‘അടിമമക്ക’ ചോദ്യം ചെയ്യുന്നുണ്ട്:
‘‘1957-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് അധികാരത്തിൽ വന്നെങ്കിലും അടിമത്തവും അടിമ കച്ചവടവും അടിമപ്പണിയും അവസാനിച്ചിരുന്നില്ല. തൊഴിലാളി വർഗ്ഗത്തിൻ്റെ പാർട്ടിയെന്ന് അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ തന്നെ അടിമത്തം അവസാനിപ്പിക്കേണ്ടതായിരുന്നു. 1970- ൽ കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് അനുസരിച്ചാണ് അടിമക്കച്ചവടം അവസാനിക്കുന്നത്. ഒരു ജന്മി ആളുകളെ മറ്റൊരു ജന്മിക്ക് വിൽക്കുന്ന അടിമക്കച്ചവടം അവസാനിച്ചെങ്കിലും അടിമത്തവും അടിമപ്പണിയും അവസാനിച്ചിരുന്നില്ല. അതൊരു തുടർക്കഥ പോലെ നീണ്ടുനിന്നു. കമ്മ്യൂണിസ്റ്റു ഗവൺമെൻറ് കൃത്യമായിട്ടുള്ള ഇടപെടലും നിലപാടും തീരുമാനവും ഈയൊരു കാര്യത്തിൽ എടുത്തിരുന്നില്ല എന്ന് ഇതിലൂടെ തന്നെ കൃത്യമായി ബോധ്യപ്പെടും. കൃത്യമായ തീരുമാനമെടുത്തിരുന്നുവെങ്കിൽ 1970 വരെ അടിമ കച്ചവടം നിലനിൽക്കില്ലായിരുന്നു. 1970കൾക്ക് ശേഷവും അടിമത്വവും അടിമപ്പണിയും തുടർന്നുകൊണ്ടിരുന്നു. ഞാനെല്ലാം അടിമപ്പണിയാണ് എടുത്തത്’’.

ഇന്ത്യയിലാകെ പരിശോധിച്ചാലും ആദിവാസി ഗോത്ര സമൂഹങ്ങളോടുള്ള സമീപനം സമാനമായിരിക്കും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംസ്കാരിക പശ്ചാത്തലത്തിൽ ആദിവാസി സമൂഹം നേരിടുന്ന വിവേചനത്തെ രാഷ്ട്രീയമായി പരിഹരിക്കാൻ ഏഴ് പതിറ്റാണ്ടായി കഴിഞ്ഞിട്ടില്ല. അതാണ് കേരളത്തിലെ കോളനിജീവിതം ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നത്. അത്തരം ജീവിതങ്ങളെ മുഖ്യധാരയിലെത്തിക്കാൻ ജാനുവിന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് കഴിയേണ്ടതുണ്ട്. അപ്പോഴാണ് ആദിവാസി സമൂഹം അനുഭവിക്കുന്ന വിഷയങ്ങളെ കേരളീയ പൊതുമണ്ഡലത്തിൽ സംവാദകമായി ഉയർന്നു വരികയുള്ളൂ.

(അവസാനിച്ചു).


Summary: "C.K. Janu's entry into the UDF can also be seen as a political decision to put those who threw them out in power." The last part of the reading of C.K. Janu's 'Adimahaka'. Ek Dineshan writes.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments