മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള

Picture Gandhi (ഗാന്ധിജിയെ കാണൂ) - സന്ധ്യാ റാവു

ഏറ്റവും മികച്ച മൂന്നു പുസ്തകങ്ങൾ

ന്ത്യയിൽ ഏറ്റവും കൂടുതൽ ജീവിതചരിത്രങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് മഹാത്മാ ഗാന്ധിയെക്കുറിച്ചാണ്. പാഠപുസ്തകങ്ങളിലെ ഒന്നാം സാന്നിധ്യം എന്നതിനുപരിയാണിത്. കുട്ടികൾ ഏറ്റവും കൂടുതൽ വായിച്ച ജീവിതകഥകളും ബാപ്പുജിയെക്കുറിച്ചുള്ളതാവും. ഗാന്ധിജിയെക്കുറിച്ചുള്ള മൂന്നു പുസ്തകങ്ങൾ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. ഗാന്ധിജിയെക്കുറിച്ച് ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച പുസ്തകങ്ങളാണിവ എന്നാണ് എന്റെ അഭിപ്രായം. കുട്ടികൾക്ക് ഗാന്ധിജിയിലേക്ക് വഴി കാട്ടുന്ന പുസ്തകങ്ങൾ.

സന്ധ്യ റാവു

ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രതിഭാധനയായ ബാലസാഹിത്യകാരിയാണ് സന്ധ്യ റാവു. ഗാന്ധിജിയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ബാലസാഹിത്യമെല്ലാം ഏതാണ്ട് മഹത്വപ്രഘോഷണങ്ങൾ മാത്രമാണ്. അതിൽ നിന്ന് വഴിമാറാൻ ആദ്യമായി നടത്തുന്ന ഒരു ശ്രമമാണ് ഈ പുസ്തകം.

പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതു പോലെ ഗാന്ധിജിയെ വായിക്കുന്നതിനെക്കാളും കാണുകയാണ് ഈ പുസ്തകത്തിൽ. ഗാന്ധിജിയുടെ ജീവിതത്തിലെ ഓരോ ഫോട്ടോകൾ നല്കി, അതിനു വിശദീകരണമെന്നോണമാണ് ഓരോ പുറത്തെയും വിവരണം. ഏതാണ്ടൊരു ചിത്രകഥ. പോർബന്ദറിൽ ഗാന്ധിജി ജനിച്ച വീടിന്റെ ഫോട്ടോ ആണ് ആദ്യ പുറത്തു നല്കിയിരിക്കുന്നത്.

അടുത്ത പുറത്ത് ഏഴു വയസ്സുകാരനായ ഗാന്ധിജിയുടെ ചിത്രവും ഒപ്പം ഗാന്ധിജിയുടെ മാതാപിതാക്കളുടെ ചിത്രവും. ഫോട്ടോകൾക്കൊപ്പം വരച്ച ചിത്രങ്ങളുടെ ഒരു തലവും ഓരോ പുറത്തും ഉണ്ട്. ഗാന്ധിജി ആത്മകഥയിലെഴുതിയ വാക്കുകളും ഉദ്ധരണിയായി ഒരോ പേജിലും നല്കിയിരിക്കുന്നു.

പതിനാറുകാരിയായ കസ്തൂറിന്റെ പടത്തിനൊപ്പം പതിനാലുകാരനായ മോഹൻദാസിന്റെയും പടം കൊടുത്തിട്ട് പറയുന്നത് ഇങ്ങനെയാണ്, ""എപ്പോൾ വേണമെങ്കിലും കളിക്കാൻ ഒരു കൂട്ടു കിട്ടിയതിൽ അവനു സന്തോഷമായി. അവൾ സ്‌കൂളിൽ പോയിട്ടില്ല, അവൻ പോയിട്ടുണ്ട്. അതിനാൽ അവളെ എപ്പോഴും ഉപദ്രവിക്കാമെന്ന് അവൻ വിചാരിച്ചു. പക്ഷേ, അവൾ അത് വകവയ്ക്കില്ല. അവളുടേതായ സ്വന്തം വിചാരം ഒക്കെ ഉള്ള ഒരു കുട്ടി ആയിരുന്നു അവൾ. അവൾക്കിഷ്ടമുള്ളത് അവൾ ചെയ്തു.''

""ഒരു ദിവസം ഹെന്റി പോളക് എന്ന സുഹൃത്ത് ഗാന്ധിക്ക് ഒരു പുസ്തകം വായിക്കാൻ കൊടുത്തു. ജോൺ റസ്‌കിൻ എഴുതിയ Unto This Last ആയിരുന്നു ആ പുസ്തകം. ഗാന്ധി ആ പുസ്തകത്താൽ വല്ലാതെ സ്വാധീനിക്കപ്പെട്ടു. റസ്‌കിൻ എഴുതിയ പോലെ ജീവിക്കാൻ ഗാന്ധിജി തീരുമാനിച്ചു. ഒരു കമ്യൂൺ ആയി. സ്വന്തം കൈകൊണ്ട് ഭൂമിയിൽ പണിയെടുത്ത്. എല്ലാ കാര്യങ്ങളും സ്വയം ചെയ്ത്. ഇങ്ങനെയാണ് ഗാന്ധിയും കുറച്ചു പേരും ദർബനടുത്തുള്ള ഫീനിക്‌സ് സെറ്റിൽമെന്റിൽ താമസം ആരംഭിക്കുന്നത്.

അവരുടെ കക്കൂസ് അടക്കം എല്ലാം വൃത്തിയാക്കുന്നത് അവർ തന്നെയായിരുന്നു. അവർ പഴങ്ങളും പച്ചക്കറിയും ഒക്കെ വളർത്തി. ഒരു പത്രം പ്രസിദ്ധീകരിച്ചു. അത് ലളിതമായ ജീവിതം ആയിരുന്നു. ഗാന്ധിജിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം കുട്ടികളെ പഠിപ്പിച്ചു, അദ്ദേഹം പഠിക്കുകയും ചെയ്തു. കസ്തൂർബ എല്ലാവർക്കും അമ്മയായിരുന്നു, അവരെ അവർ ബാ എന്നു വിളിച്ചു.

എന്നാലും ജീവിതം ദുഷ്‌കരമായിരുന്നു. തന്റെ ഭർത്താവ് അത്യധ്വാനം ചെയ്യുന്നുവെന്ന് ബാ കണ്ടു. ഓരോ പ്രശ്‌നങ്ങൾ കൊണ്ട് അദ്ദേഹം എത്ര കുഴങ്ങുന്നുവെന്നും. അദ്ദേഹത്തെ സഹായിക്കുന്ന ചുമതലയും അവർക്കുണ്ടായി. അതിനിടയിൽ 1897ൽ രാമദാസും 1900ൽ ദേവദാസും ജനിച്ചു. പ്രസവം എടുക്കുന്നത് ഗാന്ധിജി പഠിച്ചു. ദേവദാസിനെ കസ്തൂർബ പ്രസവിക്കുന്നതിൽ സഹായിച്ചത് ഗാന്ധി ആയിരുന്നു.''

ഇങ്ങനെ തുടരുന്ന ഈ പുസ്തകത്തിന്റെ ഒരു സവിശേഷത ഗാന്ധിജിയുടെ ഇംഗ്ലണ്ടിലെയും ആഫ്രിക്കയിലെയും ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരണം ഉണ്ടെന്നതാണ്. പുസ്തകത്തിന്റെ പകുതിയിലേറെയും ഇന്ത്യയിലേക്കു തിരിച്ചു വരുന്നതിനുമുമ്പുള്ള എം.കെ ഗാന്ധിയുടെ ജീവിതമാണ്.

പിൽക്കാല ജീവിതം എല്ലാവർക്കും സുപരിചിതമാണ് എന്നതിനാലാവാം ഇത്.
ഗാന്ധിജിയെ വെടിവച്ചു കൊന്നതാണ് എന്ന് ഈ പുസ്തകത്തിന്റെ ഒടുവിൽ പറയുന്നുണ്ട്. പക്ഷേ, ആര്, എന്തിന് എന്നതും കൂടെ പറയാമായിരുന്നു എന്നാണ് എനിക്കു തോന്നിയത്.

ഗാന്ധിജിയെ കാണൂ എന്ന പേരിൽ ഈ പുസ്തകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

My Gandhi Story-Rajesh Chaitya Vangad, Nina Sabnani, Ankit Chadha

ഗാന്ധിജിയെ കാണുന്നതിന് ഓരോരുത്തർക്കും ഓരോ രീതിയുണ്ടല്ലോ. ഒരു വർളി ചിത്രകാരനും ഒരു ദാസ്താൻഗോയി കഥപറച്ചിൽകാരനും ചേർന്ന് ഗാന്ധിജിയെ കാണുന്നത് എങ്ങനെ ആയിരിക്കും?

അങ്കിത് ഛദ്ധ / Photo: Facebook

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് രാജേഷ് ചൈത്യ വാങ്കഡ് എന്ന വാർളി ചിത്രകാരനും അങ്കിത് ഛദ്ധ എന്ന ദാസ്താൻഗോയി കഥ പറച്ചിൽകാരനും നീന സബ്‌നാനി എന്ന പ്രഖ്യാത ഡിസൈനറും ചേർന്നു തയ്യാറാക്കിയ ഈ പുസ്തകം. രാജേഷിന്റെ ഗാന്ധിജിയെക്കുറിച്ചുള്ള വർളി ഗോത്ര ചിത്രരചനാ ശൈലിയിലുള്ള ചിത്രങ്ങളാൽ പ്രചോദിതമായി തയ്യാറാക്കിയ ഈ പുസ്തകവും Picture Gandhi പോലെ ഗാന്ധിജിയെ കാണുന്നതിനുള്ള ഒന്നാണ്.

രാജേഷ് ചൈത്യ വാങ്കഡ്

ഫോട്ടോകൾക്കു പകരം വർളി ചിത്രങ്ങളിലൂടെ. അതിനൊപ്പം കഥപറച്ചിലിന്റെ ശൈലിയിൽ ചോദ്യോത്തരങ്ങളുടെ രൂപത്തിൽ അങ്കിത് എഴുതിയ ഗാന്ധിജിയെക്കുറിച്ചുള്ള വിവരണവും.

ഒരു ദിവസം ഗ്രാമത്തിലെ വർളി ചിത്രകാരോട് ഏതെങ്കിലും ഒരു മഹാത്മാവിന്റെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതിൽ ഒരാൾ വരച്ചത് ഗാന്ധിജിയുടെ ജീവിതമാണ്. ഗാന്ധിജി? അതെന്താ? എന്നു തുടങ്ങുന്ന ചോദ്യങ്ങൾ ഗാന്ധിജി എന്തു ജോലിയാണ് ചെയ്തത്? സ്‌കൂളിലും ഗാന്ധിജി മിടുക്കനായിരുന്നോ? ഗാന്ധിജിക്ക് ഇംഗ്ലണ്ട് ഇഷ്ടമായിരുന്നോ? എത്ര കാലമാണ് ഗാന്ധിജി ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നത്? ഗാന്ധിജിക്ക് ടിക്കറ്റ് ഇല്ലാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചു വന്നോ? അതുകൊണ്ടാണോ ഗാന്ധിജി ഇംഗ്ലീഷ് വസ്ത്രധാരണം ഉപേക്ഷിച്ചത്? ഗാന്ധിജിയും ഒരു ഗ്രാമത്തിലാണോ ജീവിച്ചത്?

അദ്ദേഹം എങ്ങനെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്? അദ്ദേഹം എങ്ങനെയാണ് സമാധാനപൂർണമായി സമരം ചെയ്തത്? എന്തുകൊണ്ട് ഉപ്പ്? ഗാന്ധിജി വേറെ എന്തിനൊക്കെ വേണ്ടിയാണ് സമാധാനസമരം ചെയ്തത്? ജയിലിൽ പോകാൻ ഗാന്ധിജിക്ക് പേടിയുണ്ടായിരുന്നില്ലേ? എങ്ങനെയാണ് ഒരാൾ ബ്രിട്ടീഷുകാരെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചത്? എന്നിങ്ങനെയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് ഈ പുസ്തകത്തിൽ.

ഗാന്ധിജിയെക്കുറിച്ചുള്ള വിവരങ്ങളുടെ സമഗ്രത കൊണ്ടല്ല, ഗാന്ധിജിയെക്കുറിച്ചൊരു വ്യത്യസ്ത വീക്ഷണം എന്ന നിലയിലാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്.

ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നുള്ള കഥകൾ (Stories From Bapu's Life- Uma Shankar Joshi, Illustrations - Mickey Patel)

""അന്നു രാത്രിയിൽ മോഹൻ ആകെ പേടിച്ചിരിക്കുകയായിരുന്നു. മോഹന് എപ്പോഴും ഭൂതങ്ങളെ പേടിയായിരുന്നു. ഇരുട്ടത്ത് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ഒരു പ്രേതം എവിടെ നിന്നെങ്കിലും ചാടി വീണ് തന്നെ ആക്രമിക്കുമെന്ന് മോഹൻ പേടിച്ചിരുന്നു. സ്വന്തം കൈ പോലും കാണാനാവാത്ത വിധം ഇരുട്ടായിരുന്നു അന്ന്.'' ഇങ്ങനെ ഒരു കുട്ടിയുടെ മനസ്സിന്റെ ശ്രദ്ധ പൂർണമായും പിടിച്ചെടുക്കുന്ന വിധത്തിൽ, ഒരു അപസർപ്പകകഥയുടെ ഭാഷയിലാണ് ഉമാ ശങ്കർ ജോഷിയുടെ "ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നുള്ള കഥകൾ' ആരംഭിക്കുന്നത്. ഇത് ഗാന്ധിജിയെക്കുറിച്ചുള്ള അനക്‌ഡോക്ട്‌സിന്റെ ഒരു സമാഹാരമാണ്.

മോഹൻ ഒരു നാണം കുണുങ്ങിയായിരുന്നു എന്നു പറഞ്ഞാണ് അടുത്ത കഥ ആരംഭിക്കുന്നത്. സ്‌കൂളിൽ പരിശോധകൻ വന്നപ്പോൾ മോഹൻ Kettle എന്ന വാക്ക് തെറ്റിച്ചെഴുതിയതിനെക്കുറിച്ചുള്ള സുപ്രസിദ്ധ കഥയാണ് അടുത്തത്. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി വന്നപ്പോൾ കോൺഗ്രസിന്റെ ഒരു യോഗം ബോംബെയിൽ നടക്കുകയായിരുന്നു. കാക്കാ സാഹെബ് കാലേൽക്കർ ആയിരുന്നു ഗാന്ധിജിയുടെ ഒപ്പം സഹായി ആയിട്ടുണ്ടായിരുന്നത്.

ഒരു ദിവസം ഗാന്ധിജി തന്റെ മേശക്കു ചുറ്റും എന്തോ ഉദ്വേഗത്തോടെ തിരയുന്നതു കണ്ട കാക്കാ സാഹിബ്, എന്താണ് നോക്കുന്നതെന്ന് ഗാന്ധിജിയോടു ചോദിച്ചു. ""എന്റെ പെൻസിൽ കാണാനില്ല, ഇത്ര മാത്രം വലിപ്പമുള്ള ഒന്നായിരുന്നു.'' ഗാന്ധിജി ഒരു പെൻസിലിനു വേണ്ടി സമയം കളയുന്നതു കണ്ട കാക്കാ സാഹെബിന് വിഷമമായി. അദ്ദേഹം തന്റെ പെൻസിൽ എടുത്ത് ഗാന്ധിജിക്ക് നീട്ടി. ""അല്ലല്ല, എനിക്കെന്റെ കുഞ്ഞുപെൻസിൽ വേണം,'' ഗാന്ധിജി ഒരു കുട്ടിയെപ്പോലെ പിടിവാശിക്കാരനായി.

""ശരി, തല്ക്കാലം ഈ പെൻസിൽ ഉപയോഗിക്കൂ, അപ്പോഴേക്കും ഞാൻ ആ പെൻസിൽ നോക്കിയെടുക്കാം. ഇപ്പോൾ അതു തപ്പി സമയം കളയാതെ,'' എന്നായി കാക്കാ സാഹെബ്. ""അല്ലല്ല, നിങ്ങൾക്കത് മനസ്സിലാവുന്നില്ല. മദ്രാസിൽ വച്ച് നടേശന്റെ കുഞ്ഞുമകൻ എനിക്ക് വളരെ സ്‌നേഹപൂർവം നല്കിയതാണ് ആ പെൻസിൽ. എനിക്ക് അത് വളരെ പ്രധാനപ്പെട്ടതാണ്.'' കാക്കാ സാഹെബ് പിന്നെ തർക്കിച്ചില്ല. അദ്ദേഹം കൂടെ പെൻസിൽ തെരയാനാരംഭിച്ചു. ഒടുവിൽ രണ്ടിഞ്ചു നീളമുള്ള ആ പെൻസിൽ കിട്ടിയപ്പോൾ ഗാന്ധിജിയുടെ സന്തോഷം കാണണമായിരുന്നു. ഇത്തരത്തിലുള്ള ഒമ്പത് കഥകളാണ് ഈ പുസ്തകത്തിൽ.

ജ്ഞാനപീഠപുരസ്‌കാരം നേടിയ ഗുജറാത്തി എഴുത്തുകാരൻ ഉമാ ശങ്കർ ജോഷി ഗുജറാത്തിയിൽ എഴുതിയ Stories from Bapu's Life ആയിരിക്കണം കുട്ടികൾക്കായി ഗാന്ധിജിയെക്കുറിച്ചുള്ള കഥകളുടെ ആദ്യസമാഹാരം.

ഉമാ ശങ്കർ ജോഷി

ഇന്ത്യയിലെയും വിദേശത്തെയും നിരവധി ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ട ഈ പുസ്തകം ഗാന്ധിയെക്കുറിച്ച് ഇന്ന് നിലവിലുള്ള സങ്കല്പം നിർമിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മഹാത്മാ ഗാന്ധിയുടെ സമകാലികനായ ഒരു എഴുത്തുകാരന്റെ ഈ പുസ്തകം ഇന്ത്യയിലെ വിവിധ ഭാഷകളിലെ പാഠപുസ്തക നിർമാണത്തിനും കഥകളുടെ ഉറവിടമായി ഭവിച്ചു. അന്നത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രകാരനായ മിക്കി പട്ടേൽ അതിമനോഹരമായി ചിത്രങ്ങളും വരച്ചു. ആദ്യ ഇംഗ്ലീഷ് പതിപ്പ് 1973ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകത്തിന്റെ മലയാളപരിഭാഷയും നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പുസ്തകങ്ങൾ കൂടാതെ എൻബിടി തന്നെ രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ബാപ്പു എന്ന പുസ്തകവും വളരെ പ്രധാനമാണ്. എഫ്സി ഫ്രീറ്റസ് എഴുതുകയും വരയ്ക്കുകയും ചെയ്ത് 1970ൽ ആദ്യ പതിപ്പ് ഇറങ്ങിയ ഈ പുസ്തകം "ബാപ്പുവിന്റെ ജീവിതത്തിലെ കഥകൾ' പോലെ നിരവധി ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ലോകമെങ്ങും പരക്കുകയും ചെയ്ത ഒന്നാണ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ കോളണി സ്ഥാപിക്കുന്നതു മുതൽ ഇന്ത്യയ്ക്ക് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരത്തിലൂടെ സ്വാതന്ത്ര്യം നേടുന്നതു വരെയുള്ള ചരിത്രം ഈ പുസ്തകം വിവരിക്കുന്നു. 12 വയസ്സനിനു മുകളിലുള്ള കുട്ടികൾക്കായി രചിച്ച ഈ പുസ്തകവും തലമുറകളെ സ്വാധീനിച്ചു. മലയാളത്തിലും ലഭ്യമാണ്.

ബഹുരൂപീ ഗാന്ധിയിലെ ആർ.കെ ലക്ഷ്മണിന്റെ ഗാന്ധി കാരിക്കേച്ചറുകളിലൊന്ന്‌

അവസാനമായി പറയാനുള്ളത് "ബഹുരൂപി ഗാന്ധി' എന്ന പുസ്തകത്തെക്കുറിച്ചാണ്. എൻ.സി.ആർ.ടി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിൽ തർജമ ചെയ്തു. അനു ബന്ദ്യോപാധ്യായ എഴുതിയ ഈ പുസ്തകത്തിന്റെ ഒരു സവിശേഷത ആർ.കെ ലക്ഷ്മണിന്റെ സുപ്രസിദ്ധ ഗാന്ധി കാരിക്കേച്ചറുകളാണ്.

ഗാന്ധിജി ചെയ്ത വിവിധ തൊഴിലുകളിലൂടെ അദ്ദേഹത്തെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണിവിടെ. ബാരിസ്റ്റർ, തയ്യൽക്കാരൻ, അലക്കുകാരൻ, ക്ഷുരകൻ, തോട്ടിപ്പണിക്കാരൻ, ചെരുപ്പുകുത്തി, ഭൃത്യൻ, പാചകക്കാരൻ, ഡോക്ടർ, നഴ്‌സ്, അധ്യാപകൻ, നെയ്ത്തുകാരൻ, കച്ചവടക്കാരൻ, കർഷകൻ, ലേലക്കാരൻ, യാചകൻ, കൊള്ളയടിക്കാരൻ, തടവുപുള്ളി, ജനറൽ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, പാമ്പാട്ടി, പ്രസാധകൻ, പുരോഹിതൻ എന്നിങ്ങനെ ഗാന്ധിജിയുടെ ബഹുരൂപങ്ങളെ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.

പക്ഷേ, ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല. ഗാന്ധിജിയെക്കുറിച്ച് ഇത്രയും പുസ്തകങ്ങൾ ഉണ്ടായിട്ടും ഗാന്ധിജി എന്ന രാഷ്ട്രീയ നേതാവ്, കോളണി വിരുദ്ധ ചിന്തകൻ എന്നീ നിലകളിൽ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന പുസ്തകം ഇനിയും ഉണ്ടാവേണ്ടി തന്നെയാണിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസക്തി അവയാണല്ലോ. ഇന്നത്തെ കാലം ആവശ്യപ്പെടുന്നതും അത്തരമൊരു പുസ്തകം ആണ്.▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments