മുതലാളിത്തത്തെക്കുറിച്ച്

കുട്ടികൾക്ക് രണ്ടു പുസ്തകങ്ങൾ

ന്താണ് മുതലാളിത്തമെന്ന്​ കുട്ടികളോടു സംസാരിക്കുന്ന രണ്ടു പുസ്തകങ്ങളെക്കുറിച്ചാണ് ഇത്തവണ പറയാനുദ്ദേശിക്കുന്നത്. ഗ്രീസിലെ ധനകാര്യമന്ത്രി ആയിരുന്ന യാനിസ് വാരുഫാകിസ് എഴുതിയ Talking to My Daughter - A Brief History of Capitalism ആണ് ആദ്യത്തേത്. പന്ത്രണ്ടു വയസ്സെങ്കിലും ആയ കുട്ടികൾക്കു വായിക്കാവുന്ന പുസ്തകമാണിത്. സിഡ്‌നിയിൽ താമസിക്കുന്ന പതിനഞ്ചുകാരിയായ മകൾക്കായി എഴുതിയ പുസ്തകമാണിത്. തന്റെ ആദ്യഭാര്യയിലെ മകൾ. Capital എന്ന പേരിൽ ലിസ്ബണിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങൾ മാത്രമുള്ള പുസ്തകമാണ് രണ്ടാമത്തേത്. അൽഫോൺസോ ക്രൂസ് ആണ് അതെഴുതിയത്.

സമ്പദ് വ്യവസ്ഥ സാമ്പത്തികശാസ്ത്രജ്ഞർക്കു മാത്രമായി വിട്ടുകൊടുക്കാനാവാത്തത്ര മർമപ്രധാനമാണ് എന്നു പറഞ്ഞുകൊണ്ടാണ് യാനിസ് തന്റെ പുസ്തകം ആരംഭിക്കുന്നത്. എന്നിട്ട് ഓരോ അധ്യായങ്ങളിലായി എന്തുകൊണ്ടാണ് ഇത്രയും അസമത്വം, കമ്പോള സമ്പദ് വ്യവസ്ഥയുടെ ഉത്ഭവം (മുതലാളിത്തം എന്നതിനു പകരം കമ്പോള സമ്പദ് വ്യവസ്ഥ എന്ന പ്രയോഗമാണ് യാനിസ് ഉപയോഗിക്കുന്നത്.) കടവും ലാഭവും തമ്മിലുള്ള കല്യാണം, ബാങ്കിംഗിന്റെ കൺകെട്ടു വിദ്യ, രണ്ട് ഈഡിപ്പൽ കമ്പോളങ്ങൾ, ഭൂതാവിഷ്ടമായ യന്ത്രങ്ങൾ, അരാഷ്ട്രീയമായ പണം എന്ന അപകടകരമായ ഭ്രമം, മണ്ടൻ വൈറസുകൾ എന്നീ കാര്യങ്ങളാണ് വിശദീകരിക്കുന്നത്.

യാനിസ് വാരുഫാകിസ്

""എല്ലാ കുട്ടികളും നഗ്‌നരായി ജനിക്കുന്നു. എന്നാൽ അവരിൽ ചിലർ ഉടനെ തന്നെ ഏറ്റവും മികച്ച ബൂട്ടിക്കുകളിൽ നിന്നു വാങ്ങിയ വിലപിടിപ്പുള്ള ഉടുപ്പുകളിടുന്നു. പക്ഷേ, ഭൂരിപക്ഷവും പഴന്തുണിയുടുക്കുന്നു. അവർ കുറച്ചു വളരുമ്പോൾ ബന്ധുക്കളും അപ്പൂപ്പന്മാരും അമ്മൂമ്മമാരും എപ്പോഴും കൂടുതൽ കൂടുതൽ പുതിയ ഉടുപ്പുകൾ കൊണ്ടു വരുമ്പോൾ അവർക്ക് ദേഷ്യം വരും. കാരണം ഉടുപ്പുകളല്ല പുതിയ ഐഫോൺ പോലുള്ള സമ്മാനങ്ങളാണ് അവർക്കു വേണ്ടത്. പക്ഷേ, അതേസമയം ഓട്ട വീഴാത്ത ഒരു ഷൂസിട്ട് സ്‌കൂളിൽ പോകുന്നതിനെക്കുറിച്ച് സ്വപ്നം കാണുകയായിരിക്കും മറ്റു കുട്ടികൾ. ഇത്തരം അസമത്വമാണ് നമ്മുടെ ലോകത്തെ നിർണയിക്കുന്നത്. കുഞ്ഞായിരുന്നപ്പോഴേ നീ ഇതിനെക്കുറിച്ച് ബോധവതിയായിരുന്നു, നിത്യജീവിതത്തിൽ നീയത് അനുഭവിച്ചിരുന്നില്ലെങ്കിലും. സത്യം പറഞ്ഞാൽ, അക്രമവും ദാരിദ്ര്യവും അനുഭവിക്കാൻ വിധിക്കപ്പെട്ട കുട്ടികൾ (ലോകത്തെ മഹാഭൂരിപക്ഷം കുട്ടികളും ഇതിൽ പെടുന്നു.) പോകുന്ന തരം സ്‌കൂളിലേക്കല്ല നിന്നെ വിട്ടത്. നീ ഈയിടെ എന്നോടു ചോദിച്ചു, എന്താ അച്ഛാ ഇത്രയും അസമത്വം? മനുഷ്യരാശി അത്രയും സ്റ്റുപിഡ് ആണോ? എന്റെ മറുപടി നിനക്ക് തൃപ്തികരമായില്ല, എനിക്കും. അതുകൊണ്ട് ഞാൻ വേറെ ഒരു രീതിയിൽ ശ്രമിച്ചു നോക്കട്ടെ, ഒരല്പം വ്യത്യാസമുള്ള ചോദ്യവുമായി.'' ഇങ്ങനെ ഒരു കുട്ടിയുടെ മനസ്സിലേക്ക് നേരെ സംവദിക്കുന്ന കാര്യങ്ങളുമായാണ് യാനിസ് തന്റെ പുസ്തകം ആരംഭിക്കുന്നത്. ഇത്ര ലളിതമായി, ഒരു ബാലസാഹിത്യത്തിന്റെ ലാഘവത്തോടെ മതലാളിത്തത്തെക്കുറിച്ച് യാനിസിന് സംസാരിക്കാനാവുന്നത് ഈ വിഷയത്തിലുള്ള ആഴത്തിലുള്ള ധാരണയും വ്യക്തതയും കൊണ്ടാണ്.

ആമുഖത്തിൽ അദ്ദേഹം പറയുന്നുമുണ്ട്, ""സമ്പദ് വ്യവസ്ഥയെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ നിങ്ങൾക്കു വിശദീകരിക്കാനാവുന്നില്ല എങ്കിൽ നിങ്ങൾക്കും അത് ഒരു പിടിയും ഇല്ല എന്നതാണ് വസ്തുത എന്ന് ഒരു സാമ്പത്തിക ശാസ്ത്ര അധ്യാപകനെന്ന നിലയിൽ എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്.''
ഗ്രീസിന്റെ കടക്കെണി ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയർന്ന 2015ൽ യാനിസ് വാരോഫാകിസ് ഹ്രസ്വകാലം ഗ്രീസിന്റെ ധനകാര്യ മന്ത്രി ആയിരുന്നു. 2015 ജനുവരി മുതൽ ജൂലൈ വരെ. ഗ്രീസിലെ റാഡിക്കൽ കക്ഷിയായ സിരിസയ്ക്കു പോലും ആതൻസ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ യാനിസിന്റെ വീക്ഷണങ്ങളോട് ഒത്തു പോവാനായില്ല. കടം അടയ്ക്കില്ല, ഉപരോധം നേരിടും എന്നു പറഞ്ഞ യാനിസിന് ഒടുവിൽ രാജി വയ്‌ക്കേണ്ടി വന്നു. 2018ൽ യാനിസ് സ്ഥാപിച്ച MeRA 25 (യൂറോപ്യൻ റിയലിസ്റ്റിക് ഡിസ്ഒബീഡിയൻസ് ഫ്രണ്ട്.) എന്ന ഇടതുപക്ഷ കക്ഷിയുടെ ജനറൽ സെക്രട്ടറി ആണ് അദ്ദേഹം.
ഇത്തരം ഒരു ചെറു പംക്തിയിൽ ഈ പുസ്തകം കൂടുതൽ വിശദമായി പരിചയപ്പെടുത്തുന്നതിന് സ്ഥലപരിമിതിയുണ്ട്. എന്നാലും ഈ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ വിവരിച്ചു പോകാം.

ആസ്‌ട്രേലിയൻ ആദിമർ എന്തുകൊണ്ടാണ് ഇംഗ്ലണ്ട് കീഴടക്കാത്തത്? എന്ന ചോദ്യമാണ് യാനിസ് മകളോട് അടുത്തതായി ചോദിക്കുന്നത്. സിഡ്‌നിയിൽ ജീവിക്കുന്ന മകൾ പാഠപുസ്തകങ്ങളിൽ ആസ്‌ട്രേലിയൻ ആദിമരോട് വെള്ളക്കാർ ചെയ്ത കൊടുമകളെക്കുറിച്ച് ഒരുപാട് കേട്ടുകാണുമല്ലോ എന്നു പറഞ്ഞുകൊണ്ടാണ് ഉത്തരം ആരംഭിക്കുന്നത്. മാർക്കറ്റും സമ്പദ് വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം, സംസാരശേഷി നേടിയത്, കൃഷി വന്നത്, എഴുത്ത് വികസിച്ചത്, കടം, പണം, ഭരണകൂടം, ഉദ്യോഗവൃന്ദം, പട്ടാളം, പുരോഹിതർ, സാങ്കേതികവിദ്യ, ജീവരാസവസ്തുയുദ്ധം എന്നിവയെല്ലാം വിശദീകരിച്ച ശേഷം ആസ്‌ട്രേലിയൻ ആദിമർ എന്തുകൊണ്ട് ഇംഗ്ലണ്ടിനെ കീഴടക്കിയില്ല എന്ന ചോദ്യത്തിലേക്കു തന്നെ വരുന്നു.

കമ്പോള സമൂഹത്തിന്റെ ഉത്ഭവം എന്ന അധ്യായത്തിൽ ഒരു വസ്തുവും ചരക്കും തമ്മിലുള്ള വ്യത്യാസം എന്താണെന്നു പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. എല്ലാ കാര്യങ്ങളുടെയും ചരക്കുവല്ക്കരണം, കമ്പോളത്തിന്റെ യുക്തിക്ക് പുറത്തുള്ള ലോകം, (ട്രോജൻ യുദ്ധകാലത്തെ ചരക്കുകളല്ലാത്ത മൂല്യങ്ങളെക്കുറിച്ച് ഹോമറിന്റെ കൃതികളിൽ നിന്ന് ഉദാഹരണങ്ങൾ നിരത്തിയാണ് ഈ ഭാഗം യാനിസ് വിവരിക്കുന്നത്.), കമ്പോള സമൂഹത്തിന്റെ ആരംഭം, ആഗോള വ്യാപാരം, ഫാക്ടറികൾ- ചരിത്രത്തിന്റെ ഇരുണ്ട പരീക്ഷണശാലകൾ, മഹാവൈരുദ്ധ്യം, പണം ലോകത്തെ കറക്കുന്നു എന്നിവയാണ് ഈ അധ്യായത്തിൽ വിവരിക്കപ്പെടുന്ന കാര്യങ്ങൾ.

കടവും ലാഭവും തമ്മിലുള്ള കല്യാണം എന്ന അധ്യായത്തിൽ സമ്പത്തും മത്സരവും ഒക്കയാണ് പരാമർശിക്കുന്നത്. മാർക്‌സിന്റെ കൃതികളും മറ്റുമാണ് തന്റെ രചനയ്ക്കാധാരം എന്ന് ആമുഖത്തിൽ പറയുന്ന യാനിസ് ഒട്ടനവധി സാഹിത്യകൃതികളോടുമുള്ള കടപ്പാട് പറയുന്നുണ്ട്. ഈ പുസ്തകത്തിലാകെ ഉദാഹരണങ്ങൾ നിരത്താൻ വരണ്ട വസ്തുതകളല്ല, സാഹിത്യത്തിൽ നിന്നുള്ള കഥകളാണ് ഉപയോഗിക്കുന്നത്. ഇത്രയും ലളിതവും സുന്ദരവുമായി ഇത്രയും സങ്കീർണമായ ഒരു വിഷയം വിവരിക്കാൻ വേറെ എന്താണ് വഴി!
ബാങ്കിംഗിന്റെ കൺകെട്ടുവിദ്യ എന്ന അധ്യായം പറയുന്നത് സമയാത്രക്കാരായ സംഭരകർ, ബാങ്കർമാരെന്ന ട്രാവൽ ഏജന്റുമാർ, ഭരണകൂടത്തിന്റെ പങ്ക്, ബാങ്കർമാരും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ ബന്ധം, അടയ്ക്കാനാവാത്ത കടങ്ങൾ, ഒഴിവാക്കാനാവാത്ത പരാദം, പൊതുകടം എന്ന യന്ത്രത്തിലെ ഭൂതം എന്നിവയൊക്കെയാണ്.

അൽഫോൺസോ ക്രൂസ്

പുസ്തകം അവസാനിപ്പിച്ചുകൊണ്ട് യാനിസ് ഒരു ചോദ്യോത്തരം കൂടെ നല്കുന്നു, ""അപ്പോൾ, എങ്ങനെയാണ് ഈ ഭരണാധികാരികൾ, ഭൂരിപക്ഷത്തിന്റെ എതിർപ്പ് ഒന്നും ഉണ്ടാവാതെ, തോന്നിയപോലെ മിച്ചം വിതരണം ചെയ്ത് അധികാരത്തിൽ തുടരുന്നത്? ഉത്തരം ഇതാണ്, ""തങ്ങളുടെ ഭരണാധികാരികൾക്കേ ഭരിക്കാനുള്ള അധികാരമുള്ളൂ എന്ന് ബഹുഭൂരിപക്ഷം ജനങ്ങളുടെയും ഹൃദയത്തിൽ ആഴത്തിലുള്ള വിശ്വാസമുളവാക്കുന്ന പ്രത്യയശാസ്ത്രം വളർത്തിയെടുത്തുകൊണ്ടാണ് അവരിതു ചെയ്യുന്നത്.''

ഇത്തരമൊരു പുസ്തകം ആരെങ്കിലും മലയാളത്തിൽ എഴുതുക എന്നത് അമിതപ്രതീക്ഷ ആണ്, എഴുത്തച്ഛനിൽ നിന്നും പൂന്താനത്തിൽ നിന്നും ബഷീറിൽ നിന്നും തകഴിയിൽ നിന്നും ഉദാഹരണങ്ങൾ സ്വീകരിച്ച് സമ്പദ് വ്യവസ്ഥയെക്കുറിച്ച് കുട്ടികളോടു സംസാരിക്കാനുള്ള ശേഷിയുള്ളവർ നമ്മുടെ ഇടയിലില്ല. പക്ഷേ, ആരെങ്കിലും ഇത് മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചെങ്കിൽ!

Capital എന്ന രണ്ടാമത്തെ പുസ്തകത്തിൽ വാക്കുകളില്ല. അതിനാൽ ഏത് ഭാഷയിലെ പുസ്തകം എന്നു പറയാനാവില്ല. ലിസ്ബണിൽ നിന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നതിനാൽ പോർച്ചുഗീസ് പുസ്തകം എന്നു പറയാം. അൽഫോൺസോ ക്രൂസ് ആണ് ഇത് വരച്ചിരിക്കുന്നത്. ഒരു കുട്ടിക്ക് മുതലാളി ലക്ഷണമുള്ള ഒരാൾ ഒരു പണക്കുടുക്ക കൊടുക്കുന്നതു മുതലാണ് കഥ ആരംഭിക്കുന്നത്. പിന്നെ കുട്ടിയും കുടുക്കയും മുഖാമുഖം വരുന്നു. കുടുക്കയും അടുത്തു വച്ചാണ് കുട്ടി ഉറങ്ങുന്നതു പോലും. കുട്ടി അതിൽ നാണയത്തുട്ടുകളിടുന്നു. കുട്ടി കളിക്കുന്നതുപോലും ഈ പണക്കുടുക്കയോടൊപ്പമാണ്. കുട്ടി വലുതാകുമ്പോഴും ഈ കുടുക്കയുമെടുത്തു നടക്കുന്നു. കുടുക്കയിൽ നാണയങ്ങളിടാൻ ആയാസപ്പെടുന്നു.

പട്ടിയെ നടത്തിക്കാൻ പോകുന്നപോലെ കുടുക്കയുമായി പോകുമ്പോഴാണ് ഒരു പെൺകുട്ടിയെ കാണുന്നത്. അവളുമായുള്ള വിവാഹവേളയിലും വളർന്നു വലുതായ കുടുക്കയാണ് പയ്യന്റെ കയ്യിൽ. പിന്നെ കുടുക്കയിലെ പണം കെട്ടിടങ്ങളാകുന്നു. ഒടുവിൽ അവൻ കുടുക്കയ്ക്കു വായിലാക്കാൻ ആളുകളെത്തന്നെ കൊടുക്കുന്നു. കുടുക്കയിലേക്ക് ഒരു കൺവേയർ ബെൽറ്റിൽ നിന്ന് ആളുകൾ വന്നു വീഴാൻ തുടങ്ങിയപ്പോഴും അവൻ പുറന്തിരിഞ്ഞു നിന്നു. അവനൊപ്പമുള്ള സ്ത്രീ നിലവിളിക്കുമ്പോഴും അവൻ കുടുക്കയ്ക്കു പിന്നാലെ പായുകയായിരുന്നു. ഒടുവിൽ കുടുക്ക സ്വയം ഒരു ഗ്രഹമായി മറ്റു ഗ്രഹങ്ങളോടൊപ്പം ചുറ്റുന്നതാണ് നമ്മൾ കാണുന്നത്.

പണം, മുതലാളിത്തം എന്നിവ നമ്മളെ എങ്ങനെ അമാനവീകരിക്കുന്നു എന്നു വിവരിക്കുന്ന ഈ രണ്ടു പുസ്തകങ്ങളും യൂറോപ്പിലെ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളായ ഗ്രീസ്, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നാണ് വന്നത് എന്നത് കൗതുകകരമാണ്.▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments