ഒരു വ്യക്തി ധാരാളം വായിക്കുന്നു എന്നുള്ളത് അയാളുടെ / അവളുടെ എന്തെങ്കിലും തരത്തിലുള്ള ഒരു ക്വാളിറ്റിയായി ഞാൻ കാണുന്നതേയില്ല. അത് ആ വ്യക്തിയിൽ എത്രമാത്രം പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പ്രധാനം. നിങ്ങളെ എൻലൈറ്റൻഡ് ആക്കാൻവായന കുറച്ചെങ്കിലും സഹായിക്കുന്നുണ്ടോ? നിങ്ങളെ അത് കുറച്ചുകൂടി ഭേദപ്പെട്ട വ്യക്തിയാക്കുന്നുണ്ടോ? ഈയൊരാംഗിളിലാണ് ഞാൻ വായനക്ക് എന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നത്. അല്ലെങ്കിൽ അത് ഒരാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എനിക്ക് ഭക്ഷണം കഴിക്കാനിഷ്ടമാണ്, നിങ്ങൾക്ക് വായിക്കാനിഷ്ടമാണ്, അത്രയേ ഉള്ളൂ. അല്ലാതെ അതൊരു ആനക്കാര്യമൊന്നുമല്ല.
വായനയിൽനിന്ന് ഒരു വ്യക്തിക്ക് എന്താണ് കിട്ടുന്നത്?
സന്തോഷം? മനസ്സുനിറയുന്ന അവസ്ഥ?
എന്നെ സംബന്ധിച്ച് എനിക്ക് വായന പോലെതന്നെ ഇതൊക്കെ തരുന്ന വേറേയും പലകാര്യങ്ങളുണ്ട്. ഒരു ലോകകപ്പ് ഫുട്‌ബോൾ മാച്ചിനോ റോജർ ഫെഡററുടെ മാച്ചിനോ മുന്നിൽ എനിക്ക് വായന രണ്ടാമതേ വരൂ. അതുപോലെ യാത്ര, തെണ്ടിത്തിരിയൽ, സൗഹൃദം, പാചകം...ഇതൊക്കെ എനിക്ക് വായനക്കൊപ്പമോ അതിനപ്പുറമോ സന്തോഷം തരുന്ന കാര്യങ്ങളാണ്. ഒരു കുന്തവും ഇന്നേവരെ വായിക്കാത്ത, എന്നാൽ അസാമാന്യമാംവിധം ജ്ഞാനവും അകക്കണ്ണുമുള്ള പല മനുഷ്യരെയും കണ്ടിട്ടുണ്ട്. വായിക്കുന്ന മനുഷ്യർ ഒരിക്കലും എന്നിലുണ്ടാക്കാത്ത ബഹുമാനവും സ്‌നേഹവും ഇത്തരം മനുഷ്യർ എന്നിലുണ്ടാക്കിയിട്ടുണ്ട്. വളരെയധികം വായിക്കുന്ന പല മനുഷ്യരും വല്ലാത്ത ‘ലിമിറ്റഡ്' മനുഷ്യരാണെന്ന തോന്നൽ പലപ്പോഴും ഉളവാക്കിയിട്ടുണ്ടുതാനും.
ഒരു പുസ്തകം വായനക്കാരിലേക്കെത്തുന്നതിൽ ആദ്യ ഘട്ടത്തിൽ പ്രസാധകരുടെ പിന്തുണക്ക് വലിയ റോളുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ആ പിന്തുണ അവർക്കു താൽപ്പര്യമുള്ള, അല്ലെങ്കിൽ വിപണിക്കു താൽപ്പര്യമുള്ളവരായി അവർ കണക്കാക്കിവച്ചിരിക്കുന്ന ചുരുക്കം എഴുത്തുകാരിലേക്കൊതുങ്ങുന്നു
വായന എന്നാൽ പൊതുവെ ഫിക്ഷൻ വായന എന്നാണല്ലോ നമ്മൾ ഉദ്ദേശിക്കുന്നത്. ഞാൻ ഫിക്ഷനേക്കാൾ നോൺഫിക്ഷൻ വായിക്കുന്ന, ഫോളോ ചെയ്യുന്ന ആളാണ്. ചരിത്രവും, രാഷ്ട്രീയവുമാണ് ഞാൻ സാഹിത്യത്തേക്കാൾ വായിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നെ സംബന്ധിച്ച് വായനയുടെ വ്യാഖ്യാനം എന്നത് പുസ്തകവായനയെക്കാൾ ഒരു അറിവുസമ്പാദനപ്രക്രിയ എന്നതാണ്. ഇൻഫർമേഷൻ റവല്യൂഷന്റെ ഈ കാലത്ത് വായനയുടെ പലപല എക്സ്റ്റന്റഡ് ശാഖകളുണ്ടല്ലോ. നമുക്കിപ്പോൾ ഇവിടെയിരുന്നുതന്നെ ന്യൂയോർക്ക് ടൈംസും ഗാർഡിയനും വായിക്കാം. അതുപോലെ ഇന്റർനെറ്റ് ആർക്കൈവ് പോലെയുള്ള സൈറ്റുകൾ പൊതുവെ എളുപ്പം ലഭ്യമല്ലാത്ത-ലഭ്യമാണെങ്കിൽപ്പോലും വലിയ പൈസമുടക്കുള്ള- അറിവിന്റെ അക്ഷയഖനിയാണ്. അതുപോലെ നമ്മൾ കാണുന്ന ഇന്റർവ്യൂകളും ഡോക്യുമെന്ററികളും എന്തിന്, വ്ലോഗുകൾ പോലും എക്‌സ്റ്റന്റഡ് വായനയാണ്. പലപ്പോഴും പുസ്തകങ്ങളേക്കാൾ അറിവു നൽകുന്നവയുമാണ്. സാഹിത്യവായന മാത്രം ഉള്ളവർക്കാണ് വായന ഇപ്പോഴും പുസ്തകവായന മാത്രമാകുന്നത് എന്നാണ് തോന്നുന്നത്.
ഞാനൊരു പോപ്പുലർ റൈറ്ററോ ബെസ്റ്റ്‌സെല്ലിംഗ് ഓതറോ അല്ല. വിപണി മുന്നോട്ടു വക്കുന്ന പുസ്തകങ്ങൾക്കുപിറകേ പോകുന്ന വായനക്കാർ എന്റെ പുസ്തകം വായിക്കേണ്ടതുമില്ല. (ഇവിടെ, കിട്ടാത്ത മുന്തിരിങ്ങക്കഥയൊന്നുമില്ല...കാരണം എത്രയോ വർഷങ്ങളായി മാദ്ധ്യമരംഗത്തുള്ള എനിക്കറിയാം, ഇത് വളരെ എളുപ്പത്തിൽ കിട്ടബിൾ ആയിട്ടുള്ള ഒരു മുന്തിരിങ്ങയാണെന്ന്. തന്നെയുമല്ല എഴുത്ത് എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യമേയല്ല.) മരിയ വെറും മരിയ വായിച്ചതിനുശേഷം വലിയ അത്ഭുതത്തോടെ ഒത്തിരിപ്പേർ എന്നോടുചോദിച്ചിട്ടുണ്ട്, ‘എന്തുകൊണ്ട് ഈയൊരു പുസ്തകത്തെപ്പറ്റി ഞങ്ങളിതുവരെ കേട്ടില്ല' എന്ന്. മരിയയെ പബ്ലിഷേഴ്സ് അവഗണിക്കുന്നു എന്ന രീതിയിലും ചോദ്യങ്ങളും പറച്ചിലുകളുമുണ്ടായി. ഒരു രീതിയിലുള്ള മാർക്കറ്റിംഗും പ്രൊമോഷനും മരിയയുടെ കാര്യത്തിൽ ഉണ്ടായില്ല എന്നത് സത്യമാണ്. അത് വളരെ പതുക്കെ വായിച്ചവർ പറഞ്ഞുകേട്ടുമാത്രം ആളുകളിലേക്കെത്തിയ പുസ്തകമാണ്.
എനിക്ക് ജെയിൻ ഓസ്റ്റിനെ ഇഷ്ടമാണ്. ജെയിൻ ഓസ്റ്റിനെ ഇഷ്ടമാവുന്നത് എന്തോ ഒരു മാതിരി നാണക്കേടുതോന്നേണ്ട കാര്യം പോലെയാണ് 'നല്ല' വായനക്കാരുടെ പ്രതികരണം.
ഒരു പുസ്തകം വായനക്കാരിലേക്കെത്തുന്നതിൽ ആദ്യ ഘട്ടത്തിൽ പ്രസാധകരുടെ പിന്തുണക്ക് വലിയ റോളുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ആ പിന്തുണ അവർക്കു താൽപ്പര്യമുള്ള, അല്ലെങ്കിൽ വിപണിക്കു താൽപ്പര്യമുള്ളവരായി അവർ കണക്കാക്കിവച്ചിരിക്കുന്ന ചുരുക്കം എഴുത്തുകാരിലേക്കൊതുങ്ങുന്നു. യഥാർത്ഥമൂല്യമുള്ള പുസ്തകം കണ്ടെത്താനോ വായനക്കാർക്കു പരിചയപ്പെടുത്താനോ ഉള്ള താൽപ്പര്യം പബ്ലിഷർമാർക്കില്ല, അതല്ലെങ്കിൽ അവർക്കതുമനസ്സിലാക്കാനുള്ള കഴിവില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അത് കാമ്പുള്ള വായനക്കാരോട് ചെയ്യുന്ന കടുത്ത അനീതി കൂടിയാണ്.
ഇങ്ങനെ പറയുമ്പോൾത്തന്നെ നല്ല വായന, മോശം വായന എന്നൊന്നുണ്ടോ? പലപ്പോഴും അത് സാഹിത്യരംഗത്തെ എലൈറ്റ് ക്ലാസ് ആറ്റിറ്റ്യൂഡായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, എനിക്ക് ജെയിൻ ഓസ്റ്റിനെ ഇഷ്ടമാണ്. ജെയിൻ ഓസ്റ്റിനെ ഇഷ്ടമാവുന്നത് എന്തോ ഒരു മാതിരി നാണക്കേടുതോന്നേണ്ട കാര്യം പോലെയാണ് 'നല്ല' വായനക്കാരുടെ പ്രതികരണം. 'ജെയിൻ ഓസ്റ്റിനോ!!!' എന്നൊരു മറു ചോദ്യം വരും. എനിക്ക് വളരെ തമാശ തോന്നുന്ന ഒരു പ്രതികരണമാണത്. എന്തേ, എനിക്ക് ജെയിൻ ഓസ്റ്റിനെ ഇഷ്ടപ്പെട്ടുകൂടേ? എനിക്ക് ഏതു ലോകോത്തര സാഹിത്യവും ആസ്വദിക്കാൻ പറ്റുന്നതുപോലെതന്നെ ജെയിൻ ഓസ്റ്റിനേയും ആസ്വദിക്കാൻ പറ്റും. പ്രൈഡ് ആൻഡ് പ്രെജുഡിസും പെർസ്വേഷനും എന്നിലെ പ്രണയത്തെ എല്ലാക്കാലത്തും അതിഭയങ്കരമായി ഉത്തേജിപ്പിക്കാറുണ്ട്.
പറഞ്ഞുവരുന്നത് നല്ല വായന, മോശം വായന എന്നൊന്നും ഞാനോ നിങ്ങളോ വേർതിരിക്കേണ്ടതില്ല. അതൊരു ഇഷ്യൂ ആകുന്നത് നല്ല പുസ്തകം, ബെസ്റ്റ് സെല്ലർ എന്നൊക്കെ പറഞ്ഞ് പ്രസാധകർ വായനക്കാരെ വഴിതെറ്റിക്കുമ്പോഴാണ്. ഇന്നിപ്പോൾ കുറച്ചു പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ അന്തംവിട്ട മാതിരി എഡീഷനുകൾ ഇറങ്ങിയപ്പോഴാണ് വായനയുടെ കച്ചവടവത്കരണം എന്നൊക്കെ സാഹിത്യരംഗത്തുള്ളവർ പറയാൻ തുടങ്ങിയത്. അതൊരുമാതിരി ആഢ്യസാഹിത്യപ്രശ്‌നമാണ്. ഇതേ മാർക്കറ്റിംഗും പ്രൊമോഷനും എത്ര മോശം പുസ്തകമാണെങ്കിൽപ്പോലും പ്രമുഖ, പരമ്പരാഗത എഴുത്തുകാർക്കുകൊടുക്കുമ്പോൾ ആരും നെറ്റി ചുളിച്ചിരുന്നില്ല എന്നത് കൗതുകകരമാണ്.
വായിക്കാത്ത
പുതുതലമുറ
എത്രയൊക്കെ വായനാവാരങ്ങളും വായനാമത്സരങ്ങളും കുട്ടികൾക്കിടയിൽ നടത്തിയാലും വായന പൊതുവെ അങ്ങനെ അവരെ സ്വാധീനിക്കുന്ന കാര്യമായി എനിക്കു തോന്നിയിട്ടില്ല. ഇഷ്ടമില്ലാത്ത എത്രയോ കാര്യങ്ങൾ കരിക്കുലത്തിന്റെ ഭാഗമായി ചെയ്യേണ്ടിവരുന്നതുപോലെ ഒന്നായി മാത്രമേ അവരീ നിർബന്ധിത വായനയെയും കാണുകയുള്ളൂ. ജോലിയുടെ ഭാഗമായും അല്ലാതെയും വളരെയധികം യംഗ്‌സ്‌റ്റേർസിനോട് ഇടപഴകുന്ന ആളാണ് ഞാൻ. അവരൊക്കെതന്നെയും വായനയില്ലാത്തവരാണ്. ഉണ്ടെങ്കിൽത്തന്നെ ലൈറ്റ് റീഡിംഗിന്റെ ആളുകളാണ്. പക്ഷേ കഴിഞ്ഞ തലമുറയിലെ കൊടും വായനക്കാർക്കൊന്നും ഒരിക്കലും അച്ചീവ് ചെയ്യാൻ പറ്റാത്ത വളരെ പോസിറ്റീവായ സാമൂഹികവീക്ഷണവും വ്യക്തിത്വ വികസനവും ജെൻഡർ ഇക്വാളിറ്റി കാഴ്ചപ്പാടുമൊക്കെഅവരിൽ മിക്കവർക്കും ഉണ്ട്. ഈ തലമുറ അത് ഉണ്ടാക്കിയെടുത്തത്, അല്ലെങ്കിൽ അവരിലത് ഉണ്ടായത് വായനയിലൂടെയല്ല, ഇന്റർനെറ്റ് തുറന്നുകൊടുത്ത ആ വിശാലമായലോകം കണ്ടതുവഴിയാണ്.
ഇനി പുസ്തകചർച്ചകളിലേക്ക് വരികയാണെങ്കിൽ, ഞാൻ എഴുതാൻ തുടങ്ങുന്നതിനുമുമ്പും അതിനുശേഷവും ഇതുപോലത്തെ ചർച്ചകളിലൊന്നും പങ്കെടുക്കാത്ത ആളാണ്. അതുകൊണ്ട് അവ വായനയെ എങ്ങനെ സ്വാധീനിക്കും എന്നൊന്നും എനിക്കറിഞ്ഞുകൂടാ. സാഹിത്യവായനയും എഴുത്തുമൊക്കെ വളരെ മൈന്യൂട്ടായ ഒരു മൈനോറിറ്റിയെ മാത്രം ബാധിക്കുന്ന കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. സാഹിത്യത്തിനും എഴുത്തിനും സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നില്ല.