Photo: sharjah24.ae

ഷാർജാ പുസ്തകോത്സവം; അക്ഷരപ്പകലിരവുകള്‍

നാൽപ്പത്തിരണ്ടാമത് പുസ്തകോത്സവത്തിന്റെ ആധാരവിഷയം ‘We Speak Books’ എന്നതായിരുന്നു. നൂറ്റിയെട്ട് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവത്തിൽ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങൾ എത്തിച്ചേർന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും നിറസാന്നിദ്ധ്യം ഷാർജ പുസ്തകോത്സവത്തിൽ ദൃശ്യമാണ്. അവരിൽ പലരുടേയും പുസ്തകങ്ങൾ ഇക്കൊല്ലം റൈറ്റേർസ് ഫോറത്തിൽ പ്രകാശിതമായിരുന്നു.

ഒരു അറേബ്യൻ 'ഇരിഞ്ഞാൽഡുൽസവം'

പത്തു ദിവസ്സങ്ങളിൽ രാപകലില്ലാതെ നിറഞ്ഞു നിൽക്കുന്ന മാസ്മരികതയാണ് കുട്ടിക്കാലം മുതലേ എനിക്ക് ഇരിഞ്ഞാലക്കുട ഉത്സവം. പ്രിയ സൗഹൃദങ്ങളുമൊത്ത് തിമിർത്താഘോഷിക്കുന്ന പത്തു ദിവസങ്ങൾ ഞങ്ങൾ ഇരിഞ്ഞാലക്കുടക്കാർ 'ഇരിഞ്ഞാൽഡുൽസവം'ന്ന് പറയും. ശൈശവത്തിലെ കൗതുകത്തിൽ തുടങ്ങി കൗമാരത്തിലും യൗവ്വനത്തിലും കത്തിക്കയറി വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുമ്പോഴും 'മ്മടെ ചങ്കോളായിട്ട്ള്ള അർമാദിക്കല്... അതൊര് വികാരാണ്....'അതിനു സമാനമായ ഒരു മാസ്മരികതയാണ് എല്ലാ വർഷവും ഷാർജാ പുസ്തകോത്സവത്തിന്റെ പന്ത്രണ്ടു ദിവസങ്ങളും നൽകുന്ന അനുഭവം... അതെ.. അതും 'ഒരുത്സവമാണ്.. ഒരു വികാരണ്...'. ഷാർജയിലെ ചങ്കുകൾ അക്ഷര സൗഹൃദങ്ങളാണെന്ന വ്യത്യാസം മാത്രം.

ഇരിഞ്ഞാലക്കുടയിൽ ആറാട്ടു ദിവസം കൊട്ടിക്കലാശം ഒക്കെ കഴിഞ്ഞ് കൊടിയിറങ്ങിക്കഴിഞ്ഞാൽ ഉള്ളിൽ വല്ലാത്തൊരു വിങ്ങലാണ്. സമാനമായി ഷാർജാ പുസ്തകോത്സവത്തിലെ ഹാൾ ഏഴിലെ റൈറ്റേർസ് ഫോറത്തിൽ പന്ത്രണ്ടാം ദിവസം പത്തരമണിയോടെ അവസാനത്തെ പുസ്തകപ്രകാശനച്ചടങ്ങും കഴിഞ്ഞ് ഒരു കൊട്ടിക്കലാശം ഉണ്ട്. പൊട്ടിക്കരച്ചിലുകളും സ്‌നേഹാശ്ലേഷണങ്ങളുമെല്ലാം സമൃദ്ധമായി കാണാവുന്ന പരിസമാപ്തി. പുസ്തകോത്സവം തീരുന്നല്ലോ എന്ന സത്യം ഏറെ സന്താപത്തോടെ, മനസില്ലാ മനസോടെ സ്വീകരിക്കാൻ നിർബന്ധിതമാകുന്ന അക്ഷര സൗഹൃദങ്ങളുടെ വിടവാങ്ങൽ.

ഷാർജാ പുസ്തകോൽസവത്തില്‍ നിന്നും
ഷാർജാ പുസ്തകോൽസവത്തില്‍ നിന്നും

ചുടു മണലിലെഴുതിയ ചരിത്രകഥ

1982ലാണ് ഷാർജാ പുസ്തകോത്സവത്തിന് ഷാർജാ ഭരണാധികാരി ഷേയ്ക്ക് സുൽത്താൻ ബിൻ അഹമ്മദ് അൽ-ഖാസിമി തുടക്കം കുറിച്ചത്. തീരെ കുറച്ച് പ്രസാധകർ, അധികവും അറബി ഭാഷയിലുള്ള പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് അന്ന് പങ്കെടുത്തിരുന്നത്. അവിടെ നിന്നാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്ന് എന്ന ഇന്നത്തെ നിലയിലേക്കുള്ള വളർച്ച. ഇതിൽ തന്നെ ഏറ്റവും അഭൂതപൂർവ്വമായ വളർച്ച മലയാള ഭാഷയുടെ വിഭാഗത്തിനാണെന്നത് ഏറെ ആഹ്ലാദം.

ഇക്കഴിഞ്ഞ (2023) നാൽപ്പത്തിരണ്ടാമത് പുസ്തകോത്സവത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ പ്രസാധകർ ഉണ്ടായിരുന്നത് മലയാളത്തിൽ നിന്നാണ് എന്നത് നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. ഏഴാം നമ്പർ ഹാളിന്റെ പകുതിയിലധികം ഭാഗം പ്രത്യേകമായി തിരിച്ച് മലയാളത്തിനായി നീക്കി വെച്ചിരുന്നു.

പുസ്തകപ്രകാശനങ്ങൾക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന റൈറ്റേർസ് ഫോറം ഹാൾ ഏഴിൽ തന്നെയാണ്. മലയാളത്തിലെ മുൻനിര പ്രസാധകർ എല്ലാവരും തന്നെ ഷാർജാ പുസ്തകോത്സവത്തിൽ എല്ലാക്കൊല്ലവും സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത്തവണ നമ്മുടെ കൂടെ കാലച്ഛുവടും, കിഴക്കു പതിപ്പകവും അടക്കം നാല് തമിഴ് പ്രസാധകർ പേരിനും, പിന്നെയൊരു ജമൈക്കൻ പുസ്തകശാലയും... കവിതയെഴുതുന്ന വിരലുമായി ചുരുണ്ട മുടിയിഴകൾക്കു പിറകിൽ ഒരുവളിരുന്നു... അവൾക്കരികിൽ കാപ്പിയുടെയും കാസർഗോഡൻ ചായയുടെയും ഗന്ധമുയർന്നു.

റൈറ്റേർസ് ഫോറത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സ്
റൈറ്റേർസ് ഫോറത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സ്

അറുന്നൂറോളം പുസ്തകങ്ങളുടെ പ്രകാശനമാണ് ഇക്കഴിഞ്ഞ പുസ്തകോത്സവത്തിൽ നടന്നത്. അതിൽ അഞ്ഞൂറ്റി അറുപതോളം മലയാളത്തിൽ നിന്നാണ് എന്ന വസ്തുതയിൽ ഏറ്റവും സന്തോഷം, അഭിമാനം. ഔദ്യോഗികമായ കണക്കുകൾ ഇങ്ങിനെയൊക്കെ ആണെങ്കിലും, അനൗദ്യോഗികമായി പ്രസാധകരുടെ സ്റ്റാളുകളിൽ നടക്കുന്ന പുസ്തക പ്രകാശനങ്ങളും നിരവധിയാണ്. മലയാളത്തിന് ഷാർജാ പുസ്തകോത്സവത്തിൽ കിട്ടുന്ന പ്രാധാന്യത്തിന് പുസ്തകോത്സവത്തിന്റെ അമരക്കാരിൽ പ്രധാനിയായ പയ്യന്നൂർക്കാരൻ ശ്രീ പി വി മോഹൻ കുമാറിന് സ്തുത്യർഹമായ പങ്കുണ്ടെന്നത് എടുത്തു പറയട്ടെ.

'മ്മടെ തള്ള് ബുക്കോളണ്ഷ്ടാ..'

നാൽപ്പത്തിരണ്ടാമത് പുസ്തകോത്സവത്തിന്റെ ആധാരവിഷയം ‘We Speak Books’ എന്നതായിരുന്നു. നൂറ്റിയെട്ട് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം പ്രസാധകർ പങ്കെടുത്ത പുസ്തകോത്സവത്തിൽ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം പുസ്തകങ്ങൾ എത്തിച്ചേർന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സാഹിത്യത്തിനുപരിയായി പുസ്തകോത്സവം ഒരു സാംസ്കാരികോത്സവം എന്ന നിലയിൽ കൊണ്ടാടാനാണ് അധികൃതർ ശ്രമിക്കുന്നത്. മദ്ധ്യസ്ഥസമിതി ചർച്ചകൾ (Panel Discussions), ദൃശ്യാവതരണങ്ങൾ (Performances), പരിശീലനക്കളരികൾ (workshops) മുതലായവ പുസ്തകോത്സവത്തിന്റെ ഭാഗമായി ഷാർജയിൽ സംഘടിപ്പിക്കുന്നുണ്ട്. കുക്കറിഷോകൾ പലരാജ്യത്തിലെ രുചിയും മണവും നിറച്ചു. പലരാജ്യ ഭക്ഷണശാലകൾ, കുട്ടികൾക്കുള്ള ഷോകൾ, കുട്ടിക്കളിയിടങ്ങൾ മുതലായവ പുസ്തകങ്ങളെ  കൂടുതലായി കുട്ടികളിലേക്ക് അടുപ്പിച്ചു. കുട്ടിവരകളും കുത്തിവരകളും കാരിക്കേച്ചർ വരകളും ഉണ്ടായിരുന്നു. നിറങ്ങളും പെൻസിലുകളും വർണ്ണപുസ്തകങ്ങളും വാക്കിനൊപ്പം മിന്നി. സോഷ്യൽ മീഡിയ സ്റ്റേഷനുകളും ബുക്ക് സൈനിങ്ങ് കൗണ്ടറുകളും വേറെ.  ഒപ്പം നിരവധി പുരസ്കാരങ്ങളും.

വിശിഷ്ടാതിഥികളും രാജ്യങ്ങളും

വിശിഷ്ടാതിഥികളായി മനുഷ്യർ മാത്രമല്ല രാജ്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്ന ഇടമാണ് ഷാർജാ. സൗത്ത് കൊറിയ ആയിരുന്നു ഇത്തവണത്തെ വിശിഷ്ട അതിഥി രാജ്യം. കഴിഞ്ഞ കൊല്ലം ഇറ്റലിയും അതിനു മുമ്പ് സ്‌പെയിനും അതിഥികളായി.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഗ്ലോബൽ ഇൻഫ്ലുവൻസേഴ്സിൻറെ സാന്നിദ്ധ്യമാണ്. നോബൽ ജേതാവ് വോളെ സോയിങ്ക, ബഹിരാകാശ യാത്രിക സുനിത വില്ല്യംസ്, ബോളിവുഡ് താരങ്ങളായ കരീന കപൂർ, കാജോൾ തുടങ്ങിയവർ ഇക്കൊല്ലം പങ്കെടുത്തിരുന്നു. കഴിഞ്ഞവർഷം ഷാറൂഖ് ഖാനും.

ഷാർജയിലെ കേരളം

കേരളത്തിലെ നിരവധി മുൻനിര എഴുത്തുകാരുടെ സാന്നിദ്ധ്യം ഷാർജാ പുസ്തകോത്സവത്തിൽ ഉണ്ടാവാറുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരെ നേരിൽ കാണാനും, അവരുമായി സംവദിക്കാനും ഉള്ള അവസരം അക്ഷരസ്‌നേഹികളായ പ്രവാസികൾക്ക് ഈ പുസ്തകോത്സവം തരുന്നുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും നിറസാന്നിദ്ധ്യം ഷാർജ പുസ്തകോത്സവത്തിൽ ദൃശ്യമാണ്. അവരിൽ പലരുടേയും പുസ്തകങ്ങൾ ഇക്കൊല്ലം റൈറ്റേർസ് ഫോറത്തിൽ പ്രകാശിതമായിരുന്നു.

ഷാർജാ പുസ്തകോത്സവം എനിക്കെന്താണ്?

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിൽ കൈവിട്ടു പോയ, തീരെ ഇല്ലാതായി എന്നുതന്നെ പറയാവുന്ന 'വായന'യെ തിരിച്ചു പിടിക്കാനായി സഹായിച്ച രാസത്വരകം... അതിലുപരി ആദ്യപുസ്തകത്തിന്റെ പ്രകാശനത്തിന് വേദിയൊരുക്കിയ അക്ഷരമാമാങ്കം. ഒരെഴുത്തുകാരൻ അല്ലെങ്കിൽ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചയാൾ എന്ന മുദ്ര ചാർത്തിക്കിട്ടിയത് ഷാർജാ പുസ്തകോത്സവത്തിൽ വെച്ചാണ്. ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിട്ടാണ് ഞാനതിനെ കാണുന്നത്.

പരന്ന വായനയായിരുന്നു കുട്ടിക്കാലം മുതൽ യൗവ്വനാരംഭം വരെ. ഔദ്യോഗികമായ തിരക്കുകളും കുടുംബപ്രാരാബ്ധങ്ങളും എല്ലാമായി അറിയാതെ തന്നെ വായന പതുക്കെപ്പതുക്കെ അകന്നു പോയി എന്നതാണ് വാസ്തവം. 2013-ൽ ഷാർജാ പുസ്തകോത്സവം നടക്കുന്ന നവംബറിൽ തന്നെയാണ് ഔദ്യോഗിക ആസ്ഥാനം ബാംഗ്ലൂർ നിന്ന് ദുബൈയായി മാറുന്നതും അറേബ്യൻ ഐക്യനാടുകളിലേക്ക് ചേക്കേറുന്നതും. നവംബർ എന്നത് തികച്ചും യാദൃച്ഛികമെങ്കിലും സൂചിപ്പിച്ചെന്നു മാത്രം.

നാൽപ്പത്തി രണ്ടാമത് ഷാർജാ പുസ്തകോൽസവത്തിൽ അമ്മു വള്ളിക്കാട്ടിന്റെ യാത്രാവിവരണം  'ഹൈറോഗ്ലീഫിക്സ്' പ്രകാശിതമാകുന്നു
നാൽപ്പത്തി രണ്ടാമത് ഷാർജാ പുസ്തകോൽസവത്തിൽ അമ്മു വള്ളിക്കാട്ടിന്റെ യാത്രാവിവരണം 'ഹൈറോഗ്ലീഫിക്സ്' പ്രകാശിതമാകുന്നു

ഷാർജാ പുസ്തകോത്സവം ഷാർജയിൽ നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ആദ്യമായി സന്ദർശിച്ചത് 2017-ലാണ്. ഇടയ്ക്കുള്ള ഏതെങ്കിലും അവധി ദിവസങ്ങളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ പോകുക, മലയാളം പുസ്തകങ്ങൾക്കിടയിൽ മുങ്ങുക, കുറച്ചു പുസ്തകങ്ങൾ വാങ്ങുക, വാങ്ങിയവ വലിയ താമസമില്ലാതെ വായിച്ചു തീർക്കുക എന്നതായിരുന്നു രീതി. ഔദ്യോഗികമായി ഒരുപാട് യാത്രകൾ ഉള്ളതുകൊണ്ട് യാത്രകൾക്കിടയിലായിരുന്നു വായന അധികവും.

2019-ലാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിപ്പുകൾ എഴുത്തിത്തുടങ്ങിയത്. എഴുത്തിനു കിട്ടിയ സ്വീകാര്യത ഏറ്റവും പ്രോത്സാഹകജനകമായിരുന്നു. അറേബ്യൻ ഐക്യനാടുകളിലെ, മാത്രമല്ല, മദ്ധ്യപൂർവേഷ്യയിലെ തന്നെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്‌കാരികപ്രവർത്തകരുടെയും ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ 'അക്ഷരക്കൂട്ട'ത്തിന്റെ സഹയാത്രികനാവാൻ സാധിച്ചതും ആ കാലഘട്ടത്തിൽ തന്നെയാണ്. അക്ഷരക്കൂട്ടത്തിൽനടക്കുന്ന പ്രതിവാര പുസ്തകച്ചർച്ചകളും കൂടിച്ചേരലുകളും മറ്റു പ്രവർത്തനങ്ങളും അംഗങ്ങൾക്ക് കൂടുതൽ എഴുതാനും കൃതികൾ പ്രസിദ്ധീകരിക്കാനും ഏറെ പ്രോത്സാഹനജനകമായിരുന്നു.

ഷാർജാ പുസ്തകോത്സവത്തിൽ ഏറെ ആർജ്ജവത്തോടെ സജീവമായി പങ്കെടുക്കുന്ന കൂട്ടായ്മയാണ് പ്രിയപ്പെട്ട 'അക്ഷരക്കൂട്ടം'. കൂട്ടായ്മയിലെ നിരവധി അംഗങ്ങളുടെ പുസ്തകങ്ങൾ എല്ലാ വർഷവും പ്രകാശിതമാകാറുണ്ട്. ആദ്യന്ത്യം കൂട്ടത്തിലെ അംഗങ്ങളുടെ പിന്തുണ ഈ സന്ദർഭങ്ങളിൽ ആഹ്ലാദകരമാണ്. പുസ്തകത്തിന്റെ മുഖചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതു മുതൽ പുസ്തകപ്രകാശനത്തിന്റെ ചടങ്ങിൽ പങ്കെടുത്ത് പ്രോത്സാഹിപ്പിക്കാനും, പുസ്തകം സജീവമായി ചർച്ച ചെയ്യാനും 'അക്ഷരക്കൂട്ടം' അംഗങ്ങൾ ആവേശത്തോടെ മുന്നിട്ടിറങ്ങും. പ്രതിഫലേച്ഛ കൂടാതെ ചിത്രങ്ങളെടുക്കാനും വിതരണം ചെയ്യാനും മികച്ച ക്യാമറകളുമായി ചങ്കുകൾ തയ്യാർ. പുസ്തകോത്സവം തുടങ്ങുന്നതിനു മുമ്പു തന്നെ അക്ഷരസൌഹൃദങ്ങളുടെ സാമൂഹ്യമാദ്ധ്യമ താളുകളിൽ പുസ്തക പ്രകാശനങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നിറയും. വല്ലാത്തൊരു ഉന്മാദാവസ്ഥയിലേക്കുള്ള പ്രയാണം തുടങ്ങുകയായി.

'പ കാ ചി മ' അഥവാ 'പല കാലങ്ങളിൽ ചില മനുഷ്യർ'

രണ്ടായിരത്തി ഇരുപത്തിയൊന്നാമാണ്ടിൽ, നാൽപ്പതാം ഷാർജാ പുസ്തകോത്സവത്തിൽ, ആണ് 'പ കാ ചി മ'' എന്ന് ഞാനും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ വിളിക്കുന്നഎന്റെ പുസ്തകം 'പല കാലങ്ങളിൽ ചില മനുഷ്യർ', ഓർമ്മക്കുറിപ്പുകളുടെ സമാഹാരം, പ്രകാശിതമാകുന്നത്. ഷാർജാ പുസ്തകോത്സവം ഇല്ലായിരുന്നെങ്കിൽ 'പ കാ ചി മ' പ്രസിദ്ധീകരിക്കപ്പെടില്ലായിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ കുത്തിക്കുറിയ്ക്കാറുണ്ടെങ്കിലും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലായിരുന്ന എന്നെ ഇക്കാര്യത്തിൽ പ്രോത്സാഹിപ്പിച്ചതും പിന്തുണച്ചതും സുഹൃത്തുക്കളാണ്. ചുരുങ്ങിയ സമയത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാമെന്നേറ്റത് മാക്ബത്തിന്റെ ഷഹനസാണ്. പ്രിയപ്പെട്ട അശോകേട്ടനും (അശോകൻ ചരുവിൽ), കുട്ടേട്ടനും (അഷ്ടമൂർത്തി) പുസ്തകത്തിന് പിൻ കുറിപ്പുകൾ തന്നു സ്‌നേഹത്തോടെ ചേർത്തുനിർത്തി .

'പല കാലങ്ങളിൽ ചില മനുഷ്യർ' പ്രകാശനം - നാൽപ്പതാം ഷാർജാ അന്തർദേശീയ പുസ്തകോൽസവത്തിൽ വെച്ച് (2021)
'പല കാലങ്ങളിൽ ചില മനുഷ്യർ' പ്രകാശനം - നാൽപ്പതാം ഷാർജാ അന്തർദേശീയ പുസ്തകോൽസവത്തിൽ വെച്ച് (2021)

നേരത്തെ അപേക്ഷിക്കാത്തതുകൊണ്ട് 'പ കാ ചി മ'യ്ക്കു സ്വന്തമായി സ്ലോട്ട് ഇല്ലായിരുന്നു. അവസാനദിവസം (നവംബർ 13ന്) രാത്രി പത്തു മുതൽ പത്തര വരെയുള്ള അവസാനത്തെ സ്ലോട്ടിൽ സുഹൃത്ത് അമ്മു വള്ളിക്കാട്ടിന്റെ കവിതാ സമാഹാരം 'പെൺ വിക്രമാദിത്യം' പ്രകാശനം ചെയ്യുതിനോടൊപ്പം 'വാഴ നനയുമ്പോൾ ചീര നനയുക' എമ്പ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം' എന്നീ പ്രയോഗങ്ങൾ അന്വർത്ഥമാക്കും വണ്ണം 'പ കാ ചി മ' യും പ്രകാശിതമായി. കൂടെ നിന്ന എല്ലാ സുഹൃത്തുക്കളെയും ഏറെ സ്‌നേഹത്തോടെ ഓർക്കുന്നു.

അക്ഷരക്കൂട്ടത്തിലെ എഴുത്തുകാരായ സൗഹൃദങ്ങളോട് 'നിങ്ങളൊക്കെ തേങ്ങ ചിരണ്ടുമ്പോൾ നമ്മളൊരു ചിരട്ടയെങ്കിലും ചിരണ്ടണ്ടേ?'എന്ന് അന്ന് ഞാൻ ചോദിച്ചിരുന്നു. അടുത്ത പുസ്തകങ്ങളും ഒരുമിച്ച് പ്രകാശിതമാകണം എന്ന് അമ്മുവുമായി ഒരു ധാരണ അന്നുണ്ടാക്കിയെങ്കിലും, അമ്മുവിന്റെ പുതിയ പുസ്തകം 'ഹൈറോഗ്ലിഫിക്‌സ്' ഇക്കൊല്ലം പ്രകാശിതമായിരുന്നു. ട്രൂ കോപ്പി തിങ്കിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്ന ഈജിപ്റ്റ് യാത്രാവിവരണം ആണ് 'ഹൈറോഗ്ലിഫിക്‌സ്'. ഇത്തവണ നനയാൻ വാഴ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം.

ഷാർജാ പുസ്തകോൽസവത്തിലെ കലാലയ സ്പർശങ്ങൾ

നാൽപ്പത്തി രണ്ടാമത് ഷാർജാ പുസ്തകോൽസവത്തിൽ വ്യക്തിപരമായി എന്നെ കൂടുതൽ സന്തോഷിപ്പിച്ച കാര്യം പഠിച്ചിറങ്ങിയ രണ്ടു കലാലയങ്ങളുടെ സജീവ സാന്നിദ്ധ്യമായിരുന്നു. തൃശ്ശൂർ എൻജിനിയറിങ് കോളേജിന്റെ കയ്യൊപ്പുള്ള മൂന്നു പുസ്തകങ്ങൾ ഒരേ വേദിയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു എന്നതാണ് ഒരു സന്തോഷം. 'ഓർമ്മകളിലെ വി കെ എൻ മേനോൻ', 'ആർ പി ആർ സുഹൃത്തും വഴികാട്ടിയും' എന്ന പുസ്തകങ്ങൾ പ്രിയ ഗുരുനാഥൻമാർക്കുള്ള ഗുരുദക്ഷിണയാണെങ്കിൽ മൂന്നാമത്തെ പുസ്തകം സുഹൃത്തും പ്രവാസിയുമായ പൂർവ്വവിദ്യാർഥി റെജി കളത്തിലിന്റെ 'മഴവില്ലിനു പുറകെ' എന്ന കലാലയ ഓർമ്മകൾ കൂടി ഉൾപ്പെടുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ്. ചടങ്ങു ഭംഗിയാക്കുന്നതിൽ കോളേജിന്റെ അറേബ്യൻ ഐക്യനാടുകളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയായ TRACE വഹിച്ച സ്തുത്യർഹമായ പങ്ക് എടുത്ത് പറയേണ്ടതാണ്.

രണ്ടാമത്തെ സന്തോഷം പ്രീ-ഡിഗ്രിക്കു പഠിച്ച കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവ. കോളേജുമായി ബന്ധപ്പെട്ട് പുസ്തകോൽസവത്തിൽ നടന്ന പ്രവർത്തനങ്ങൾ ആണ്. കോളേജിന്റെ ലൈബ്രറി വിപുലീകരിക്കാനുള്ള പുസ്തക ശേഖരണത്തിൽ ഭാഗഭാക്കാകാൻ കഴിഞ്ഞു എന്നതിൽ ഏറ്റവും ആഹ്ലാദം. പ്രസാധകരും എഴുത്തുകാരും അകമഴിഞ്ഞ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കോളേജിന്റെ തന്നെ പൂർവ്വവിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും അതുപോലെ തന്നെ കോളേജുമായി അടുത്തു ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവരുടെയും ഓർമകുറിപ്പുകളും, മറ്റു കലാസൃഷ്ടികളും അടങ്ങുന്ന ഒരു സമാഹാരം അടുത്ത ഷാർജാ പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇക്കൊല്ലത്തെ പുസ്തകോത്സവത്തിൽ വെച്ച് നടത്താൻ കഴിഞ്ഞു. കോളേജിന്റെ അറേബ്യൻ ഐക്യനാടുകളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയാണ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. പുസ്തകം തയ്യാറാക്കുന്നതിന്റെ എഡിറ്റോറിയൽ ഉത്തരവാദിത്തം ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അടുത്ത ഷാർജാ പുസ്തകോൽസവത്തിൽ വെച്ച് പ്രകാശനം ചെയ്യാനുള്ള കെ കെ ടി എം ഗവ. കോളേജിൻറെ ഓർമ്മപ്പുസ്തകത്തിൻറെ  പ്രവർത്ത നോത്ഘാടനം
അടുത്ത ഷാർജാ പുസ്തകോൽസവത്തിൽ വെച്ച് പ്രകാശനം ചെയ്യാനുള്ള കെ കെ ടി എം ഗവ. കോളേജിൻറെ ഓർമ്മപ്പുസ്തകത്തിൻറെ പ്രവർത്ത നോത്ഘാടനം

ആദാനപ്രദാനങ്ങൾ സമന്വയത്തിന്റെ ശക്തി

ഷാർജാ പുസ്തകോത്സവത്തിൽ വെച്ചു പ്രകാശനം എന്ന പ്രേരണയാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ പരിശ്രമിച്ച് അത് നടപ്പിൽ വരുത്തിയ നിരവധി സുഹൃത്തുക്കൾ ഉണ്ട്. തീരെ ചെറിയ കുട്ടികൾ മുതൽ ഏറെ പ്രായമായവർവരെയുള്ള പുതിയ എഴുത്തുകാർക്ക് വലിയ പ്രോത്സാഹനവും ഊർജ്ജവും ആണ് ഷാർജാ പുസ്തകോത്സവം. അക്ഷരസുഹൃത്തുക്കൾ അന്വോന്യവും അതോടൊപ്പം പുതിയ എഴുത്തുകാരെയും ഏറ്റവും സന്തോഷത്തോടെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതും പിന്താങ്ങുന്നതും ഏറെ ആഹ്ലാദമുളവാക്കുന്ന അനുഭവമാണ്. ആദാനപ്രദാനങ്ങളിലൂടെയുള്ള സമന്വയവും, തൽഫലമായുള്ള ശാക്തീകരണവും പുസ്തകോത്സവത്തിലെ പ്രത്യേക പരമർശമർഹിക്കുന്ന വസ്തുതയാണ്. പ്രസാധകരും ഇക്കാര്യത്തിൽ വളരെ നല്ല രീതിയിൽ പിന്തുണക്കുന്നതായാണ് കാണുന്നത്. പ്രസാധകർക്കിടയിലുള്ള ഐക്യം എടുത്തു പറയേണ്ടതാണ്. ഒരു പ്രസാധകന്റെ പുസ്തകപ്രകാശനത്തിന്റെ ചടങ്ങിൽ മറ്റൊരു പ്രസാധകൻ അവതരണം ഏറ്റെടുക്കുന്നതും, എല്ലാ കാര്യങ്ങളിലും പരസ്പരം പിന്തുണക്കുന്നതും കൗതുകമുള്ള കാഴ്ചകളാണ്.

ഷാർജാ പുസ്തകോൽസവത്തിന്റെ നേതൃത്വത്തിലെ മലയാളി സാന്നിദ്ധ്യം - പയ്യന്നൂർ സ്വദേശി പി വി മോഹൻ കുമാർ
ഷാർജാ പുസ്തകോൽസവത്തിന്റെ നേതൃത്വത്തിലെ മലയാളി സാന്നിദ്ധ്യം - പയ്യന്നൂർ സ്വദേശി പി വി മോഹൻ കുമാർ

സുഹൃത് സംഗമങ്ങൾ.... സ്‌നേഹം ചേർത്തു കടുപ്പിച്ച ചുക്കു കാപ്പിയും മറ്റും മറ്റും

സംവാദങ്ങൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, പുസ്തക പ്രകാശനങ്ങൾ എന്നിവയ്ക്കു പുറമെ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന ഘടകം സുഹൃത്ത് സംഗമങ്ങളാണ്. എഴുത്തു സുഹൃത്തുക്കൾക്ക് പുറമെ, മികച്ച അവതാരകൻമാർ, പ്രഭാഷകർ, പ്രസാധകർ, മാദ്ധ്യമ പ്രതിഭകൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി സുഹൃത്തുക്കളെ ഷാർജാ പുസ്തകോത്സവം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരോടൊത്തുള്ള സെൽഫികളുടെയും, തേയില സൽക്കാരങ്ങളുടെയും സമയം കൂടിയാണ് ഷാർജാ പുസ്തകോത്സവം...

അക്ഷരങ്ങളുടെ മാത്രമല്ല, ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവം കൂടിയാണത്. എല്ലാവർക്കുമായി സ്‌നേഹം ചേർത്തു കടുപ്പിച്ച ചുക്ക് കാപ്പിയും, കടിയുമായി (പരിപ്പ് വടയോ ഉണ്ണിയപ്പമോ എന്തുമാവാം) ഏഴാം നമ്പർ ഹാളിൽ എന്നുമെത്തുന്ന പ്രിയ ദമ്പതിസുഹൃത്തുക്കൾ ഷാജിയും ബബിതയും നൽകുന്ന സന്ദേശവും അതു തന്നെയാണ്. സ്‌നേഹമാണഖില സാരമൂഴിയിൽ.

നാൽപ്പത്തി മൂന്നാം ഷാർജാ പുസ്തകോത്സവത്തിന്നായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. സ്‌നേഹം... സന്തോഷം...


Summary: SHARJAH BOOK FAIR EXPERIENCE BY MANOJ RADHAKRISHNAN


മനോജ് രാധാകൃഷ്ണൻ

ദുബായില്‍ വിവരസാങ്കേതിക മേഖലയില്‍ ജോലി ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലെ സജീവസാന്നിധ്യം. ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്ത 'പല കാലങ്ങളില്‍ ചില മനുഷ്യര്‍' എന്ന പുസ്തകം എഴുതി

Comments