എന്തുകൊണ്ടാണ് ഒരു പുസ്തകോത്സവം ഇത്രമേൽ ജനപ്രിയമാവുന്നത്, ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ളവർ ഒരൊറ്റയിടത്തിലേക്ക് ഒഴുകിയെത്തുന്നത് ? പുസ്തക പ്രേമികളെയും വായനാപ്രേമികളെയും കൊണ്ട് ഒരു നഗരം നിറയുന്ന മാസമാണ് നവംബർ
അക്ഷരാർത്ഥത്തിൽ എങ്ങും ഉത്സവ പ്രതീതി. പുസ്തകങ്ങളെ അത്രയേറെ പ്രണയിക്കുന്ന ഒരു ഭരണാധികാരിയുടെ സമ്മാനമായി നമുക്കിതിനെ കാണാം. ഒരു രാജ്യം മുഴുവൻ 11ദിനരാത്രങ്ങൾ അതിനായി നമുക്ക് മുന്നിൽ ഒരുക്കിവയ്ക്കുന്നു.
അറിഞ്ഞും കേട്ടും ഒരുപാട് കാണണമെന്നാഗ്രഹിച്ച ഒന്നായിരുന്നു ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ. പത്ര മാധ്യമങ്ങളിൽ കൂടിയും മറ്റും കണ്ടറിഞ്ഞ ,കേട്ടറിഞ്ഞ ബുക്ക് ഫെയർ അക്ഷരങ്ങളെ സ്നേഹിക്കുന്ന, ശ്വസിക്കുന്ന ഒരുവൾ എന്ന നിലയിൽ എന്റെയും സ്വപ്നമായിരുന്നു ,
ഒരിക്കൽ എങ്കിലും ആ പുസ്തക മാമങ്കത്തിന്റെ ഭാഗമാകണം എന്നത്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ പുസ്തകമേള യാണ് sibf.
യുവതലമുറയുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 1982 ഇൽ ആരംഭിച്ച ഷാർജ പുസ്തകൊത്സവം ഇന്ന് 2 മില്യണിൽ ഏറെ സന്ദർശകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരൊറ്റ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരുന്ന ഒരു പുസ്തകമേളയായി മാറി കഴിഞ്ഞു എന്നതിൽ ഷാർജ ഭരണാധികാരികൾക്കും അതിന്റെ പിന്നിൽ അഹോരാത്രം പണിയെടുക്കുന്നവർക്കും അഭിമാനിക്കാം കാരണം , എഴുത്തുകാരുടെ ,പ്രസാധകരുടെ വിപണനക്കാരുടെ വിദ്യാർത്ഥികളുടെ കുട്ടികളുടെ ഒക്കെ ഒരുമിച്ചു ചേരലിന്റെ വേദിയായി ഈ സാംസ്‌കാരിക പരിപാടി മാറിക്കഴിഞ്ഞു. 11 ദിനരാത്രങ്ങൾ പുസ്തക ലഹരിയിൽ ഒരു ജനത. . വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ
എല്ലാത്തരം പുസ്തകങ്ങളും ലഭ്യമാകുന്ന ഒരു വല്യ പുസ്തക കൂടാരം. അക്ഷരപ്രേമികളുടെ ഉത്സവകാലമെന്നു നമുക്ക് ഇതിനെ വിളിക്കാം.
മേളയോടനുബന്ധിച്ചു മറ്റു സാംസ്‌കാരിക പരിപാടികളും അഭിമുഖങ്ങളും കുട്ടികൾക്ക് വേണ്ടിയുള്ള സെഷനുകളും ഒക്കെ ആയി ഓരോ വർഷവും പുതുമ തേടുകയാണ് ഭരണകൂടവും സംഘടകരും. അവധിക്കാലം പോലും ഇതിനനുസൃതമായി ക്രമപ്പെടുത്തുന്ന പ്രവാസികൾ പോലും ഏറെയുണ്ടെന്നത് മേളയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
2018 ഇൽ ഷാർജ പുസ്തക കൂടാരത്തിലേക്കു ആദ്യമായി പ്രവേശിക്കുമ്പോഴനുഭവിച്ച
കൗതുകവും സന്തോഷവും വർണ്ണനാതീതമാണ്.
ഷാർജ പുസ്തകൊത്സവം ഒരു ലഹരിയാണ് എന്ന് തന്നെ പറയാം
പ്രത്യേകിച്ച് അക്ഷരങ്ങൾ പ്രാണനായവർക്ക് .
അവിടം സാധാരണ പുസ്തക മേളകളിൽ നിന്നും വിഭിന്നമാകുന്നതും അതുകൊണ്ട് തന്നെയാണ് ....പുതിയ പുസ്തകത്താളുകളുടെ ഗന്ധം പരക്കുന്നിടം. . അക്ഷരങ്ങൾ പൂക്കുന്നിടം ...മനസ്സ് നിറഞ്ഞു കണ്ണുകൾ പുസ്തക കാഴ്ചകളിൽ അഭിരമിക്കുന്നിടം .... പുതിയ സൗഹൃദ ക്കൂട്ടങ്ങൾ ഉണ്ടാകുന്നിടം അങ്ങനെയ ങ്ങനെ sibf വ്യത്യസ്ത അനുഭവങ്ങൾ ഓരോ പ്രവാസിക്കും ഓരോ അക്ഷരപ്രേമികൾക്കും സമ്മാനിക്കുന്നു. അവിടെയുള്ള തിക്കും തിരക്കും നാട്ടിലേ ഉത്സവ കാലങ്ങളെ ഓർമ്മിപ്പിക്കും വിധമാണ് .
പുസ്തക നഗരിയിൽ എത്തി പുസ്തക പ്രകാശനങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോ ഉള്ളിൽ കയറിക്കൂടിയ ഒരു കുഞ്ഞു വല്യ മോഹമായിരുന്നു
ആ പ്ലാറ്റ് ഫോമിൽ ഒരു പുസ്തകം പ്രകാശിപ്പിക്കുക എന്നത് . ദൈവാനുഗ്രഹത്താൽ 2019ഇൽ ആ ആഗ്രഹം സഫലമായി. പിന്നീട് 3 പുസ്തകങ്ങൾ കൂടി ആ സ്വപ്ന വേദിയിൽ പ്രകാശിപ്പിക്കാനായി എന്നതും അഭിമാനത്തോടെ ഓർമ്മിക്കുന്നു. D c books പബ്ലിഷ് ചെയ്ത “ഒറ്റ മുറി(വ്) ” എന്ന പുസ്തകമായിരുന്നു ആ സ്വപ്നതുല്യമായ വേദിയിൽ വച്ചു എനിക്കാദ്യം പ്രകാശിപ്പിക്കാനായത്. പിന്നീട് macbeth പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭവും ”സ്വപ്ന സാക്ഷാൽ ക്കാരത്തിനുള്ള നിയോഗമായി മാറി.
സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ സമൂന്നതരായവരുടെ സാന്നിധ്യത്തിൽ അത് സാധ്യമായി എന്നതും നന്ദിപൂർവം സ്മരിക്കുന്നു. ഒട്ടേറെ എഴുത്തുകാരെ പരിചയപ്പെടാൻ ഇക്കാലയളവിൽ പുസ്തകമേളയിലൂടെ കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. ഒട്ടനവധി പുതിയ എഴുത്തുകാരെ ഓരോ പുസ്തകമേളയും നമുക്ക് നൽകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരിടത്തിൽ തന്റെ പുസ്തകങ്ങൾ പ്രകാശിപ്പിക്കപെടുക എന്നത് ഏതൊരു എഴുത്തുകാരന്റെയും സ്വപ്നമായിരിക്കും. ഷാർജ ബുക്ക് ഫെയർ അതിനുള്ള വേദി കൂടിയാവുന്നു എന്നതും ഏറെ ശ്രെദ്ധേയമാണ്.
ഓരോ പുസ്‌തകമേളയും ഒന്നിനൊന്നു മെച്ചപ്പെടുത്താൻ ഷാർജ ഗവണ്മെന്റ് ന്റെ പരിശ്രമങ്ങൾ എടുത്ത് പറയേണ്ടതാണ്
അതിലുപരി sibf ന്റെ അമരക്കാരൻ ശ്രീ മോഹൻ കുമാർ എന്ന വ്യക്തിയുടെ കൃത്യതയാർന്ന ആസൂത്രണവും ലോകത്തിനു മുന്നിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയെ വേറിട്ട അനുഭവമാക്കുന്നു. എല്ലായിടങ്ങളിൽ നിന്നും പുസ്തകങ്ങളെ സ്നേഹിക്കുന്നവർ ഒരു കുടക്കീഴിൽ അണി ചേരുമ്പോൾ പുസ്തകമേള യുടെ നിർവചനവും മാറുന്നു. ഓരോ പുസ്തകൊത്സവം
കഴിയുമ്പോഴേക്കും അടുത്ത പുസ്തക മാമാങ്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നത് തന്നെ എടുത്തു പറയേണ്ട ഒന്നാണ്.
കൂട്ടുകൂടലിന്റെ ,ഒത്തു ചേരലിന്റെ ,പാരസ്പര്യത്തിന്റെ ,വായനയുടെ , അറിവിന്റെ സ്നേഹത്തിന്റെ, ഒരുമയുടെ ഒക്കെ ഒറ്റ തലക്കെട്ടായി ഷാർജ അന്താരാഷ്ട്ര പുസ്തകമേള മാറുമ്പോൾ വായനയിലൂടെ വളരുന്ന ഒരു പുതു തലമുറ ജാതി മത വർണ്ണ വർഗ്ഗ ഭേദമില്ലാത്ത ഒരു മനുഷ്യസമൂഹത്തിന്റെ ഉയിർപ്പിന് നമുക്കും ആത്മാർഥമായി ആഗ്രഹിക്കാം. നമ്മുടെ കുഞ്ഞുങ്ങൾ വായിച്ച് വളരട്ടെ ... അക്ഷരങ്ങൾ ശ്വസിച്ചു അറിവിന്റെ പ്രകാശം പരത്തട്ടെ. .
ഒരു പുതു യുഗം പിറക്കട്ടെ !
“ഒരു വായനക്കാരൻ മരിക്കുന്നതിനുമുമ്പ് ആയിരം ജീവിതങ്ങൾ ജീവിക്കുന്നു . . . ഒരിക്കലും വായിക്കാത്ത ഒരാൾ ഒരിക്കൽ മാത്രമേ ജീവിക്കുന്നുള്ളൂ“എന്ന വരികൾ ഓർത്തു കൊണ്ട് അറിവിനാൽ സമ്പന്നമായ ഒരു നല്ല നാളെക്ക് വേണ്ടി നമുക്ക് വരും തലമുറയെ പാക പെടുത്താം. ഒരു രാജ്യം ഒരു ഭരണാധികാരി അതിനായി ചെയ്ത പരിശ്രമങ്ങളെ അഭിമാനത്തോടെ ഓർമ്മിക്കാം. അക്ഷരങ്ങളുടെ തെളിച്ചത്തിലും വെളിച്ചത്തിലും നിറയുന്ന ഒരു പുതു ലോകവും പുതു തലമുറയും പിറക്കാൻ ആഗ്രഹിക്കാം
നെഞ്ചോടു ചേർത്ത് വക്കാം . വരും വർഷങ്ങളിൽ മികച്ച പുതുമകളോടെ പുസ്തകൊത്സവം കൊണ്ടാടപെടട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കാം.