ജോൺ എബ്രഹാമും രാജ് ദൂത്‌ ബൈക്കും

ജോൺ എബ്രഹാമിനൊപ്പം

സംവിധായകൻ ജോൺ എബ്രഹാമിനെയും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രനെയും പരസ്പരം ബന്ധിപ്പിച്ച പ്രധാന ഘടകം, ശോഭീന്ദ്രന്റെ രാജ്ദൂത് ബൈക്കായിരുന്നു. ആ ബൈക്കിൽ ജോണും ശോഭീന്ദ്രനും നടത്തിയ അതിരില്ലാ യാത്രകളുടെ ഓർമപ്പുസ്തകത്തിൽനിന്നുള്ള ചില ഭാഗങ്ങളാണിത്. ജോണിന്റെ സിനിമാജീവിതവും അലച്ചിലുകളും അരാജകത്വവുമെല്ലാം കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ പരമ്പരകളുടെ കാണാക്കാഴ്ചകളാണ്. മൂന്നുപതിറ്റാണ്ടിനുശേഷം ശോഭീന്ദ്രൻ മാഷ് ഇവയെല്ലാം ഓർത്തെടുക്കുകയാണ്.

കലക്ടേഴ്‌സ് ബംഗ്ലാവിലെ രാത്രികൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമ്മ അറിയാൻ സിനിമയുടെ ഷൂട്ടിംഗിന് അനുമതി തേടി രാത്രി പതിനൊന്നുമണിക്ക് കലക്ടറുടെ ബംഗ്ലാവിലേക്കുപോകാൻ ജോൺ കണ്ടെത്തിയ ന്യായം ഇതായിരുന്നു: ജില്ലാ കലക്ടർ ഉറങ്ങാൻ പാടില്ല.

ജോൺ ഒരിക്കലും സമയകാലങ്ങളുടെ തടവറകളിലായിരുന്നില്ല.
കാവ്യാത്മകമായ ഒരു പ്രയോഗം മാത്രമായി ഇതു വായിക്കുന്നവർക്ക് ഒരു പക്ഷെ തോന്നിയേക്കാം.

ചിത്രീകരണം: ദേവപ്രകാശ്

ജോണിനൊപ്പമുണ്ടായിരുന്ന അനുഭവത്തിന്റെ ഇന്നലെകൾ അത്രമേൽ അസാധാരണമായിരുന്നതുകൊണ്ട് എനിക്ക് അങ്ങനെ പറയാനാണ് തോന്നുന്നത്. കേരളത്തിലുടനീളം ജോണിന് സുഹൃത്തുക്കളുണ്ടായിരുന്നു. ദീർഘകാലം ജോണുമായി അടുത്തിടപഴകുകയും സഞ്ചരിക്കുകയും ചെയ്ത എത്രയോ പേരുണ്ടാവും. അവരും എന്നെക്കാൾ കൂടുതലായി ജോണിനെ മനസ്സിലാക്കുകയും ഓർമകളിലൂടെ കടന്നുപോവുകയും ചെയ്തിട്ടുണ്ടാവും. എന്നെങ്കിലും ജോണിനെക്കുറിച്ചുള്ള ഓർമകൾ എഴുത്തുകളായി രൂപപ്പെടുമെങ്കിൽ, ഞാൻ ഉറപ്പിച്ചു പറയുന്നു ഇതിനേക്കാൾ എത്രയോ അവിശ്വസനീയമായ അനുഭവകഥകൾ അതിലൊക്കെയും നിങ്ങൾക്ക് കാണാം. ഒരു മനുഷ്യൻ ഓർക്കുന്തോറും പ്രതിഭാസമായി വളർന്നു വരുന്നതിന്റെ ദൃഷ്ടാന്തമാണ് ജോൺ എബ്രഹാം.

അമ്മ അറിയാൻ ഷൂട്ടിംഗിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ കാലത്ത് ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ഒഡേസയുടെ ഓഫീസായ അയോദ്ധ്യയിലിരിക്കുകയായിരുന്നു.

ഫോർട്ടുകൊച്ചി, തൃശൂർ, കുറ്റിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ വച്ചുള്ള ഷൂട്ടിംഗ് കഴിഞ്ഞ് രണ്ടാം ഷെഡ്യൂളിനുള്ള കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ആസൂത്രണങ്ങളിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചില രംഗങ്ങൾ ഷൂട്ട് ചെയ്യാനുണ്ട്. കോളജ് പ്രിൻസിപ്പലിനോട് അനുമതി തേടിയെങ്കിലും അതു നിരസിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് കിട്ടിയാൽ സാമ്പത്തിക ചെലവിന് ഒരാശ്വാസമാകും എന്ന പ്രതീക്ഷയിലേക്ക് വർത്തമാനം ഇടയ്‌ക്കെപ്പോഴോ വഴിമാറി.
ജോൺ ചോദിച്ചു.ഒന്നുകൂടി പോയി ചോദിച്ചുനോക്കിയാലോ?
അമ്മദ് ഉറപ്പിച്ചു പറഞ്ഞു; വേണ്ട അത് കിട്ടില്ല. ഇനിയും അതിന്റെ പിറകെ പോയിട്ട് കാര്യമില്ല.

ഇത് ജനകീയ സിനിമയാണ്. ജനങ്ങളുടെ പണം. ജനങ്ങളുടെ സിനിമ. അതു പറഞ്ഞാൽ മനസ്സിലാകേണ്ടതല്ലേ? ആരോ പറയുന്നു.ഒന്നും നടക്കില്ല. നമുക്ക് മറ്റെവിടെയെങ്കിലും നോക്കാം, അമ്മദ് പറഞ്ഞു.കളക്ടർ വിചാരിച്ചാൽ വല്ലതും നടക്കുമോ? സംഘത്തിൽ നിന്ന് ആരോ ഒരാൾ അതിനിടയിൽ ഒരാശയം മുന്നോട്ട് വച്ചു.കലക്ടർ വിചാരിച്ചാൽ നടക്കുമെങ്കിൽ നമ്മൾ കലക്ടറെ കാണും അത്രതന്നെ. ജോണിന്റെ ശബ്ദം ഉയർന്നു വരുന്നു.
ജോൺ എന്നോട് പറഞ്ഞു; മാഷെ ഒരപേക്ഷ തയാറാക്ക്.
ഞാൻ വെള്ളക്കടലാസിൽ എഴുതി.
ജില്ലാ കലക്ടർ
കോഴിക്കോട്
താഴെ ജോണിനോട് ഒപ്പു വയ്ക്കാൻ പറഞ്ഞു.
ജോൺ അതിൽ ഒപ്പുവച്ചു.എന്നാ നമുക്ക് പോകാം. ജോൺ എഴുന്നേറ്റു.
എല്ലാവരും അതു കേട്ട് അമ്പരന്നു. ഇപ്പോൾ സമയം രാത്രി പതിനൊന്ന് മണിയായിരിക്കുന്നു.
എല്ലാവരും വാച്ചിലേക്ക് നോക്കി. അതെ, പതിനൊന്നു മണി.
എല്ലാവരും ഒരുപോലെ പറഞ്ഞു.ജോണെ നാളെ പോകാം. ഈ അസമയത്ത് ചെല്ലുന്നത് ഒട്ടും ശരിയല്ല.
ജോൺ ചുമരിലെ ക്ലോക്കിൽ നോക്കുന്നു. പതിനൊന്നു മണി.
ജോൺ പുതുതായി ഒരു യുക്തി കണ്ടെത്തുന്നു.
കലക്ടർ ഇരുപത്തിനാലു മണിക്കൂറും ജോലിചെയ്യേണ്ടവനാണ്. ഉറക്കത്തിൽ നിന്നുപോലും എഴുന്നേറ്റുവന്ന് കാര്യങ്ങൾ ചെയ്യേണ്ടവനാണ്.
ജില്ലാ കലക്ടർ ഉറങ്ങാൻ പാടില്ല. അതുകൊണ്ട് പോകുന്നതിൽ ഒരു കുഴപ്പവുമില്ല.
എല്ലാവരും ഉള്ളിൽ ചിരിക്കുന്നു.
ബെസ്റ്റ്, ഡയലോഗ് നന്നായിട്ടുണ്ട്.
പക്ഷെ, ഷോട്ടും ഫ്രെയിമും അപ്പാടെ പാളും.
അത്ര ആത്മവിശ്വാസമാണെങ്കിൽ ജോൺ പോയി വരട്ടെ.
ഉള്ളിൽ നടക്കുന്ന ചിന്തകൾ ഈവിധത്തിലായിരുന്നു.

ഫോട്ടോ: റസാഖ് കോട്ടക്കൽ

വാതിൽക്കലേക്ക് നടന്നുകൊണ്ട് ജോൺ എന്റെ പേരു വിളിച്ചു.
മാഷ് വണ്ടിയെടുക്ക്.
അതുകേട്ടപ്പോൾ എല്ലാവരും ആകാംക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.
എന്റെ മറുപടിയിലാണ് തീരുമാനം എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
ഞാൻ ഉറപ്പിച്ചു പറഞ്ഞു. ഞാൻ വരാം. ഇപ്പോഴല്ല നാളെ. അതോടൊപ്പം ഇതുകൂടി പറഞ്ഞു. കലക്ടറെ പോലുള്ള ഒരാളെ കാണാൻ അതിന്റേതായ രീതികളുണ്ട്.
ജോൺ വഴങ്ങുന്നില്ല. ആരും വന്നില്ലെങ്കിൽ ഞാൻ തനിച്ചുപോകും അത്രതന്നെ. കടലാസ് കയ്യിൽ മടക്കിപ്പിടിച്ച് ജോണിറങ്ങി. ഒറ്റയ്ക്ക് പോവുന്നത് തീരെ പന്തിയല്ല. അതുകൊണ്ട് ജോണിന്റെ കൂടെ ഞാനും ഇറങ്ങി. വെസ്റ്റ്ഹിൽ എത്തുന്നതുവരെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ജോണിനെ എങ്ങനെയെങ്കിലും തിരിച്ചുകൊണ്ടുവരാമെന്ന്. എന്നാൽ ജോണിനാകട്ടെ കലക്ടറെ കാണുന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല.

സിനിമാക്കഥകളിലെ ഒരു ധീരോദാത്ത നായകനെപ്പോലെ ജോൺ കലക്ടറുടെ ബംഗ്ലാവിന്റെ വാതിൽക്കൽ ചെന്നു നിന്നു. ഞാനാണെങ്കിൽ അങ്ങേയറ്റം മടിയോടെ ജോണിന്റെ തൊട്ടുപിറകിൽ മറഞ്ഞും ഒതുങ്ങിയും നിന്നു

ബൈക്ക് കണ്ണൂർ റോഡിലൂടെ മുന്നോട്ടുപോകുന്നു. റോഡ് വിജനമായിരുന്നു. വെസ്റ്റ്ഹില്ലിൽ കളക്ടേഴ്‌സ് ബംഗ്ലാവിലേക്കുള്ള വഴിയിലേക്ക് ഞങ്ങൾ തിരിഞ്ഞു. ഇനി ഒരു പ്രതീക്ഷ മാത്രം. അടച്ചിട്ട ഗേറ്റിനു മുന്നിൽ ചെന്ന് തിരിച്ചുവരുന്നു. അതാണ് സത്യം. ഞാൻ അങ്ങനെ വിചാരിച്ച് സമാധാനിച്ചു. ഗേറ്റിനു മുന്നിലെത്തിയപ്പോൾ എന്തൊരാശ്വാസം. ഗേറ്റടച്ചിട്ടുണ്ട്. ഞാൻ ജയിച്ചതുപോലെ മനസ്സിൽ കരുതി വണ്ടി തിരിക്കാൻ തുടങ്ങി. പക്ഷെ ജോൺ അതിന് സമ്മതിക്കുന്നില്ല. ജോൺ ബൈക്കിൽ നിന്നിറങ്ങി ഗേറ്റിനടുത്തേക്ക് ചെല്ലുന്നു. ഞാനത് ആകാംക്ഷയോടെ നോക്കി നിന്നു. ഗേറ്റു ലോക്കു ചെയ്തിട്ടുണ്ടായിരുന്നില്ല. എന്നെ നോക്കി ഒരു ചിരിച്ച് ജോൺ ഗേറ്റിന്റെ ഓടാമ്പൽ നീക്കി. ഗേറ്റു തുറന്നശേഷം എന്നെ അകത്തേക്ക് ക്ഷണിച്ചു. പാറാവുകാരൻ എവിടെ? ഞാൻ അയാളെ തിരയുകയായിരുന്നു. സന്ദർശകർക്കുള്ള മുറിയുടെ അടുത്തെത്തി. അവിടെ ആരെയും കണ്ടില്ല. ഒട്ടും ശുഭകരമല്ല എന്ന തിരിച്ചറിവോടെത്തന്നെ ഞാൻ ജോണിനോടൊപ്പം ഓരോ ചുവടും മുന്നോട്ടു വച്ചു.

പ്രൊഫ. ടി. ശോഭീന്ദ്രൻ

ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞാൻ മനസ്സിൽ കണ്ടു. പാറാവുകാരൻ ഞങ്ങളെ കാണും. രണ്ടുപേരോടും ഒച്ചവച്ചുകൊണ്ട് പുറത്തുപോകാൻ പറയും. സംഭവിക്കാൻ പോകുന്ന അപകടത്തെ കാത്തിരുന്നുതന്നെ ഞാൻ ജോണിനൊപ്പം നടന്നു. സെക്യൂരിറ്റി തടഞ്ഞുവച്ചാൽ ജോണെന്തു ചെയ്യും? ബഹളമുണ്ടാക്കുമോ? അത്തരമൊരു ഭീതിയാണ് മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്. അങ്ങനെയായാൽ മര്യാദകേട് കാണിച്ചതിന് രണ്ടുപേരും പ്രതിക്കൂട്ടിലാവും. ജോണിന് എന്തും ആവാം. ജോണിന് മുന്നും പിന്നുമില്ലല്ലോ. കാര്യം വഷളായാൽ ഒരു പക്ഷെ നാളെ പത്രത്തിലൊരു വാർത്തയുമുണ്ടാകും. മോഷണശ്രമത്തിനിടയിൽ രണ്ടുപേർ പൊലീസ് പിടിയിൽ. അല്ലെങ്കിൽ കലക്ടേഴ്‌സ് ബംഗ്ലാവിൽ രണ്ടുപേർ അതിക്രമിച്ചു കയറി അങ്ങനെയാവാം. പക്ഷെ ജോണിന്റെ മനസ്സിൽ ഇത്തരം ആകുലതകളൊന്നും ഉണ്ടായിരുന്നില്ല. ജോൺ വളരെ കൂളായി ഒരു ഭാവഭേദവുമില്ലാതെ നടന്നുപോവുന്നു. കലക്ടർ താമസിക്കുന്ന ബംഗ്ലാവിന്റെ വരാന്തയിൽ വെളിച്ചമുണ്ടായിരുന്നു. മുൻവാതിൽ അപ്പോഴും തുറന്നുകിടന്നിരുന്നു. സിനിമാക്കഥകളിലെ ഒരു ധീരോദാത്ത നായകനെപ്പോലെ ജോൺ കലക്ടറുടെ ബംഗ്ലാവിന്റെ വാതിൽക്കൽ ചെന്നു നിന്നു. ഞാനാണെങ്കിൽ അങ്ങേയറ്റം മടിയോടെ ജോണിന്റെ തൊട്ടുപിറകിൽ മറഞ്ഞും ഒതുങ്ങിയും നിന്നു. അകത്തെ വിശാലമായ മുറിയിൽ പങ്കക്കറക്കത്തിന് താഴെ ഫയലുകൾക്കിടയിൽ മുഖം പൂഴ്ത്തി ഒരാളിരിക്കുന്നു.

ജോൺ എന്നോട് ചോദിച്ചു. അയാളല്ലേ കലക്ടർ
ഞാൻ പതുക്കെ പറഞ്ഞു. അതെ.
ഇതിനിടയിൽ കലക്ടർ വാതിൽക്കൽ രണ്ടു രൂപങ്ങൾ നിൽക്കുന്നത് കണ്ടു. അദ്ദേഹം ഞെട്ടിയോ?
ജോൺ അകത്തേക്ക് കടന്നു.
കലക്ടർ അന്തം വിട്ട് ഞങ്ങളെത്തന്നെ നോക്കി നിന്നു.
എന്നിട്ട് ചോദിച്ചു. ആരാണ് നിങ്ങൾ?
ജോൺ കത്ത് കയ്യിൽക്കൊടുത്ത് സ്വയം പരിചയപ്പെടുത്തി.അമ്മ അറിയാൻ സിനിമയെക്കുറിച്ച് കലക്ടറെ ധരിപ്പിച്ചു.
അപേക്ഷ വായിച്ചശേഷം അദ്ദേഹം പറഞ്ഞു: ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിന് എനിക്ക് പരിമിതിയുണ്ട്. എങ്കിലും എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അന്വേഷിക്കട്ടെ.
ജോൺ കലക്ടറെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു. ഞാനാണെങ്കിൽ അനിഷ്ടമായതൊന്നും സംഭവിച്ചില്ലല്ലോ എന്ന സമാധാനത്തിലും. അങ്ങനെ അന്നു ഞങ്ങൾ മടങ്ങി.

നിങ്ങൾ രാത്രിഞ്ചരന്മാരാണോ? അതുകേട്ട് ജോൺ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ചിരിയോടെത്തന്നെ ഇപ്രകാരം പറഞ്ഞു. അല്ല സാർ. ഞാൻ ജോൺ എബ്രഹാമാണ്. രാത്രിയും പകലും സഞ്ചരിക്കുന്നവനാണ്.

അങ്ങനെയൊരു രാത്രി സാധാരണഗതിയിൽ അവിടം കൊണ്ട് അവസാനിക്കേണ്ടതാണ്. പക്ഷെ, അതവസാനിച്ചിരുന്നില്ല. അതേപോലൊരു രാത്രി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വന്നുചേർന്നു.
വടകരനിന്ന് ഞാനും ജോണും കോഴിക്കോട്ടേക്ക് വരികയായിരുന്നു. വെസ്റ്റ്ഹിൽ എത്തിയപ്പോൾ ജോൺ ചോദിച്ചു.
കലക്ടറുടെ ബംഗ്ലാവ് ഇവിടെയല്ലേ?
ഞാൻ പറഞ്ഞു: അതെ.
എന്നാൽ അങ്ങോട്ടുപോവാം.
ഞാനൊന്നു ഞെട്ടി. അന്നുപോയതിന്റെ ക്ഷീണം ഇപ്പോഴും മനസ്സിൽ ബാക്കിയാവുന്നു. ഞാൻ പറഞ്ഞു.
സമയം പതിനൊന്നര കഴിഞ്ഞു. അന്ന് പോയതിനേക്കാൾ
വൈകി. അതുകൊണ്ട് നാളെ നമ്മൾ അവിടേക്ക് പോകുന്നു.
ജോൺ അതുകേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
കലക്ടമാർ ഉറങ്ങാറില്ല. അതുകൊണ്ടു എപ്പോൾ വേണമെങ്കിലും പോകാം. അന്നത്തെ അതിക്രമം ഒന്നുകൂടി ആവർത്തിക്കാനുള്ള പുറപ്പാടിലായിരുന്നു ജോൺ.
ഒരു നിവൃത്തിയുമില്ലാത്തുകൊണ്ടുമാത്രം അന്നർദ്ധരാത്രിയിലും ബൈക്ക് കലക്ടേഴ്‌സ് ബംഗ്ലാവിന്റെ ഗേറ്റിനു മുന്നിലെത്തി.

കഴിഞ്ഞ ആഴ്ചയിൽ ഭയപ്പെട്ടതും സംഭവിക്കാത്തതുമായ കാര്യങ്ങൾ ഒരു പക്ഷെ ഇന്നാണ് സംഭവിക്കാൻ യോഗമുളളത്. ഞാൻ അങ്ങനെ ഉറപ്പിച്ചുകൊണ്ടു ജോണിന്റെ കൂടെ നടന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും മനസ്സു എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. വരാനുള്ളത് വന്നേ തീരൂ. അത് വഴിയിൽ തങ്ങില്ല.
സന്ദർശകരുടെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. സെക്യൂരിറ്റിയെ കാണുന്നുണ്ടായിരുന്നില്ല... കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ അതേപോലെ ആവർത്തിക്കുന്നു.
വാതിൽപ്പടിയിൽ നിന്നുകൊണ്ട് ജോൺ പരിചയഭാവത്തോടെ വിളിച്ചു ചോദിച്ചു.മേ ഐ കമിംഗ് സാർ.
അർദ്ധരാത്രിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട ജോണിനെ കണ്ട് കലക്ടർ ഇക്കുറിയും അന്തംവിട്ടു നോക്കി.
കലക്ടർ എന്തെങ്കിലും പറയുന്നതിന് മുമ്പായി ജോൺ ചോദിച്ചു. മെഡിക്കൽ കോളജിന്റെ കാര്യം അറിയാൻ വന്നതാണ് സാർ.
കലക്ടർ പറഞ്ഞു.അതുനടക്കില്ല. ബുദ്ധിമുട്ടാണ്.
അത്ഭുതത്തോടെ രണ്ടുപേരെയും മാറി മാറി നോക്കിയശേഷം ഇതുകൂടി പറഞ്ഞു.
നിങ്ങൾ രാത്രിഞ്ചരന്മാരാണോ? അതുകേട്ട് ജോൺ പൊട്ടിപ്പൊട്ടിച്ചിരിച്ചു. ചിരിയോടെത്തന്നെ ഇപ്രകാരം പറഞ്ഞു.അല്ല സാർ. ഞാൻ ജോൺ എബ്രഹാമാണ്. രാത്രിയും പകലും സഞ്ചരിക്കുന്നവനാണ്. ഈ നേരത്താവുമ്പോൾ സാറിനെ നല്ല സൗകര്യത്തോടെ കാണാമെന്നു വിചാരിച്ച് വന്നതാണ്.

ഫോട്ടോ: റസാഖ് കോട്ടക്കൽ

ജോണിന്റെ മറുപടി കേട്ട് കലക്ടറും ഒന്നൂറിച്ചിരിച്ചു. രണ്ടുചിരികൾക്കിടെയിൽ നിന്ന് രണ്ടകലങ്ങൾ തമ്മിൽ ഒന്നായി മാറുന്നത് ഞാനവിടെ കണ്ടു. കേൾക്കാനും പറയാനുമുള്ള സന്ദർഭങ്ങൾ അവർക്കിടയിൽ ഉണ്ടായിത്തീരുന്നതിന്റെ വലിയൊരു വിസ്മയത്തിന് ഞാനന്നു സാക്ഷിയാവുകയും ചെയ്തു.
കുറച്ച് കഴിഞ്ഞ് പിരിയാൻ നേരം ഫയൽനോട്ടത്തിനിടയിലെ വിരസതയും രാത്രി പിന്നിട്ടതിന്റെ ഉറക്കക്ഷീണവും മാറിയതിന്റെ പുതിയൊരുന്മേഷത്തോടെ കലക്ടർ ഞങ്ങളെ യാത്രയാക്കി.
ബൈക്കിന് പിന്നിലിരുന്ന് ജോൺ എന്നോട് ചോദിച്ചു.നിങ്ങൾ രാത്രിഞ്ചരന്മാരാണോ?
അതിൽ സംശയിക്കാനില്ല. സമയം പന്ത്രണ്ടുമണി കഴിഞ്ഞല്ലോ. ജോൺ പൊട്ടിച്ചിരിക്കുന്നു.രാത്രിഞ്ചരന്മാർക്ക് രാത്രിയിൽ എവിടെയും ചെല്ലാം. മനസ്സിലായോ?
ജോണിന്റെ ഉച്ചത്തിലുള്ള ചിരിയിൽ ഞാനും പങ്കുചേർന്നു. രാത്രിയുടെ നിശബ്ദതയിൽ മറ്റൊരു ചിരി ദൂരെ ആകാശത്തും കാണാമായിരുന്നു.
രണ്ടു രാത്രിഞ്ചരന്മാർ നിദ്രയെ വകവയ്ക്കാതെ ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റേതോ ഒരിടത്തേക്ക് രാത്രി മുറിച്ചു കടന്നുപോവുന്നു. അത് കാണാൻ അന്നേരം വഴിവക്കുകളിൽ മനുഷ്യരാരും അവശേഷിച്ചിരുന്നില്ല. നിദ്രയില്ലാതെ അലഞ്ഞു തിരിയുന്ന തെരുവുപട്ടികളും ദൂരെയാകാശവും മാത്രം ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

വിദ്യാർത്ഥികളെ ഇതിലേ ഇതിലേ- ഒരു കലുങ്കനുഭവം

കലുങ്കിൽ വെറുതെയിരുന്ന് സമയം പാഴാക്കുന്ന കുട്ടികൾക്ക് കളിക്കാൻ ബാറ്റും ബോളും വാങ്ങിക്കൊടുക്കാൻ സ്വന്തം സിനിമയുടെ ഒരു പ്രദർശനത്തിന്റെ പണം മാറ്റിവെക്കാൻ ആഗ്രഹിച്ച സംവിധായകൻ

അമ്മ അറിയാൻ എഡിറ്റിംഗിന്റെ ആദ്യദിവസമാണ്. ജോൺ എഡിറ്റിംഗ് മുറിയിൽ ചെന്നു. ബീനപോൾ കാബിനിലിരിക്കുന്നുണ്ടായിരുന്നു. ക്യാമറമാൻ വേണുവിന്റെ ഭാര്യയാണ് ബീന. അമ്മ അറിയാൻ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വന്നതുകൊണ്ട് ബീനയെ അറിയാമായിരുന്നു. അവർ സന്തോഷത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തു. സീനുകളുടെ നമ്പർപ്രകാരം ബീന ഫിലിം ഓടിക്കുന്നു. ദ്യശ്യങ്ങൾ സ്‌ക്രീനിൽ തെളിയുന്നു. ജോണിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഷോട്ടുകളെ മുറിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ജോണും ബീനയും തമ്മിലുള്ള ആശയസംവാദങ്ങൾക്ക് മാത്രമേ അവിടെ പ്രസക്തിയുള്ളൂ. അതൊക്കെ കണ്ടും മനസ്സിലാക്കിയും കുറച്ചു നേരം അവരോടൊപ്പം ചെലവഴിച്ച ശേഷം വെറുതെയൊന്നു പുറത്തിറങ്ങി നടക്കാൻ തോന്നി.
പവിത്രന്റെ കൂടെ അരവിന്ദൻ നടന്നുവരുന്നു.
പവിത്രൻ എന്നെയും കൂടെ വിളിച്ചു. ഞാൻ ചെന്നു.

ജോൺ എബ്രഹാം

പവിത്രന്റെ സിനിമയുടെ വർക്കുകൾ ഏകദേശം പൂർത്തിയായി കഴിഞ്ഞിരുന്നു. അരവിന്ദന്റെ നിർദേശങ്ങൾ കൂടി കേട്ടു അവസാനത്തെ മിനുക്കു പണികൾ കൂടി നടത്തുകയാണ്. അരവിന്ദൻ ഓരോ സീനും ശ്രദ്ധയോടെ വീക്ഷിക്കുന്നു. ചിലയിടങ്ങളിൽ ശബ്ദത്തിന്റെ ഇഫക്ടുകൾ ചേർക്കാൻ ആവശ്യപ്പെടുന്നു. ചില അഭിപ്രായങ്ങൾ പറയുന്നു. ഉച്ചയൂണിനുള്ള സമയമായപ്പോൾ എല്ലാവരും എഴുന്നേറ്റു. അരവിന്ദൻ എഴുന്നേറ്റു നിന്നുകൊണ്ട് ഒരുകുപ്പി വായിലേക്ക് കമിഴ്ത്തി. വെള്ളം ചേർക്കാത്ത ലഹരി തൊണ്ടക്കുരലിലൂടെ ഇറങ്ങിപ്പോകുന്ന ശബ്ദത്തിന്റെ ഇഫക്ട് എനിക്ക് കേൾക്കാമായിരുന്നു.

ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ ജോണും കൂടെ വന്നു. അരവിന്ദനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വലിയ ശരീരത്തെ ജോണിന്റെ ദുർബലമായ കൈകൾകൊണ്ട് ചുറ്റിവരിഞ്ഞു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുകയും അതിനേക്കാൾ കൂടുതൽ നേരം ഞങ്ങൾ ഭാഷണത്തിലേർപ്പെടുകയും ചെയ്തു. ചരിത്രങ്ങളിൽ ഇനിയൊരിക്കലും ആവർത്തിക്കാത്തവിധം ആ ദിവസം അങ്ങനെ കടന്നുപോയി. അന്നിരുന്നുണ്ട് പലതും പറഞ്ഞു ചിരിച്ച മൂന്നുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും ആ ദിനത്തിന്റെ ഏകസാക്ഷിയായി തിരശ്ശീലയിലേക്ക് ഓർമ്മകളെ പ്രകാശിപ്പിച്ചുകൊണ്ട് എന്റെ മനസ്സ് ഒന്നു കൂടി അതൊക്കെ കണ്ടു കടന്നുപോവുന്നു.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വരുമ്പോൾ ഇവളൊരു പൂച്ചക്കുട്ടിയായിരുന്നു. ആദ്യമായി അവിടെയെത്തിയപ്പോൾ ഞാനിവളെ റാഗു ചെയ്തിട്ടുണ്ട്.
അതു പറഞ്ഞ് ജോൺ പൊട്ടിപ്പൊട്ടി ചിരിക്കും. ബീനയും ഞാനും ആ ചിരികണ്ട് തമ്മിൽ നോക്കി ചിരിക്കും

ചിത്രാഞ്ജലിയിൽ എഡിറ്റിംഗ് ജോലികൾക്കിടയിൽ ബീന പറയും മാഷെ നമുക്കൊരു ചായ കുടിച്ചാലോ
ജോൺ പറയും. എനിക്ക് ചായ വേണ്ട.
ജോണിന് വേണ്ടതെന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാമായിരുന്നു. എങ്കിലും അതും പറഞ്ഞു ജോൺ ഞങ്ങളുടെ കൂടെ വരും. ഇടയ്ക്കു പറയും.ഇവൾ എന്റെ സഹപാഠിയാണ്. മാഷിനതറിയുമോ ?
ഞാൻ പറഞ്ഞു. ഇല്ല.പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വരുമ്പോൾ ഇവളൊരു പൂച്ചക്കുട്ടിയായിരുന്നു. ആദ്യമായി അവിടെയെത്തിയപ്പോൾ ഞാനിവളെ റാഗു ചെയ്തിട്ടുണ്ട്.
അതു പറഞ്ഞ് ജോൺ പൊട്ടിപ്പൊട്ടി ചിരിക്കും.
ബീനയും ഞാനും ആ ചിരികണ്ട് തമ്മിൽ നോക്കി ചിരിക്കും.
പല ദിവസങ്ങളിലും ബീന ഇതുപോലെ കാന്റീനിൽ ചായയും പലഹാരങ്ങളും കൊണ്ട് ഞങ്ങളെ ഊട്ടിയിട്ടുണ്ട്. ഞങ്ങളാകട്ടെ കൈയിലുള്ള പണം കൊണ്ട് ആദ്യത്തെ ഒന്നു രണ്ടു ദിവസം മാത്രമാണ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചത്. അവിടത്തെ നിരക്ക് വളരെ കൂടുതലായിരുന്നു. അത് താങ്ങാനുള്ള ശേഷി അന്ന് ഞങ്ങൾക്കുണ്ടായിരുന്നില്ല. ചിത്രാഞ്ജലിയുടെ ഗേറ്റിനു പുറത്ത് ഒരു പെട്ടിക്കടയുണ്ടായിരുന്നു. ഉച്ചയ്ക്കും രാത്രിയിലും അവിടെയുണ്ടായിരുന്നത് തട്ടുദോശയും ചമ്മന്തിയുമായിരുന്നു. വിശക്കുമ്പോൾ അവിടെ ചെന്ന് കിട്ടുന്നത് വാങ്ങിക്കഴിക്കും. തിരുവനന്തപുരത്തുണ്ടായിരുന്ന ചില നേരങ്ങളിൽ ജോണിന്റെ അടുത്ത സിനിമാസുഹൃത്തുക്കളെ കാണാനായി ഞങ്ങൾ ബൈക്കിൽ ഇറങ്ങിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, കെ.ജി. ജോർജ്, ടി.വി.ചന്ദ്രൻ, പി.ഭാസ്‌കരൻ, ഫാസിൽ, നെടുമുടി വേണു, ഫിലിം ആർക്കൈവ്‌സ് മാനേജർ പി.കെ നായർ, ചിന്ത രവി എന്നിവരുമായി അടുത്തിടപഴകി കടന്നുപോന്ന ദിനങ്ങളും ഇന്നോർക്കുന്നു.

ഫോട്ടോ: വേണു

ചിത്രാഞ്ജലിയിൽ ജോലികൾക്കിടയിൽ വൈകുന്നേരമാവുമ്പോൾ ജോൺ പറയും. മാഷെ വണ്ടിയെടുക്ക്.
ഇത്തിരി ദൂരമപ്പുറത്ത് ഒരു ചാരായക്കടയുണ്ട്. അവിടേക്കാണ് പോകുന്നത്. അഞ്ചോ പത്തോ രൂപ വാങ്ങി ജോൺ ചാരായക്കടയിലേക്ക് പോകും. ബൈക്കിൽ ഞാൻപുറത്ത് കാത്തിരിക്കും. ക്ഷണവേഗത്തിൽ ജോൺ ചുണ്ടുകൾ തുടച്ച് ഒരു ചെറുചിരിയോടെ തിരിച്ചുവരും.
എന്നും പോകുന്നതിനും വരുന്നതിനുമിടയിൽ ചാരായക്കടയുടെ അടുത്തായി ഒരു കലുങ്കിലിരിക്കുന്ന പതിനാറ് പതിനേഴ് വയസ്സുള്ള കുട്ടികളെ ജോൺ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു ദിവസം ജോൺ എന്നോട് പറഞ്ഞു :ഈ കുട്ടികൾ എന്താ ഇങ്ങനെ വെറുതെയിരിക്കുന്നത്.
ഞാനും അവരെ എന്നും കാണാറുണ്ടായിരുന്നു.
ജോൺ അവരുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
നിങ്ങളിവിടെ എന്തുചെയ്യുന്നു.
അവർ പറഞ്ഞു : ഒന്നുമില്ല. വെറുതേയിരിക്കുന്നു. വെറുതെയോ? വെറുതെയിരുന്നിട്ട് എന്തു കാര്യം.
ജോൺ ഒരു പുരോഹിതനാവുന്നു.
കുട്ടികൾ പരസ്പരം മുഖാമുഖം നോക്കി.
നീണ്ട മുടിയിഴകളും ഒതുക്കാത്ത താടിരോമങ്ങളുമായി മുന്നിൽ വന്ന് ഉപദേശിക്കുന്നത് ആര് എന്നർത്ഥത്തിൽ അവർ പരസ്പരം നോക്കി.വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമ സ്‌കൂൾ മുറ്റത്ത് ഒരു കോംപൗണ്ടിൽ സ്ഥാപിച്ച പ്രതിമ കുട്ടികൾ കളിക്കുന്നതിനിടയിൽ തകരുന്നതും കുട്ടികൾ പണം പിരിച്ചെടുത്ത് അതു നന്നാക്കിയെടുക്കുന്നതുമാണ്. കളിമാത്രമല്ല. കളികൾക്കിടയിലും അവശേഷിക്കേണ്ടുന്ന കാര്യഗൗരവത്തെക്കുറിച്ചുള്ള സാമൂഹികബോധ്യം ജോണിനുണ്ടായിരുന്നു.
ജോൺ കുട്ടികളോട് പറഞ്ഞു.ഞാൻ നിങ്ങളെപ്പോലുള്ള കുട്ടികളെ വച്ചു ഒരു സിനിമ ഉണ്ടാക്കിയിട്ടുണ്ട് അറിയുമോ?
ജോൺ സിനിമയുടെ പേര് പറഞ്ഞു.
അവർ പറഞ്ഞു. അറിയില്ല.
ജോൺ അവരോട് അടുത്ത ചോദ്യം ചോദിച്ചു.
ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്
എന്തിനാണെന്നറിയുമോ ?
അവരൊന്നടങ്കം പറഞ്ഞു.ഇല്ല.ഇതുവഴി പോകുമ്പോൾ ഞാൻ നിങ്ങളെ എന്നും കാണാറുണ്ട്. നിങ്ങൾക്ക് ഇതുപോലെ എന്നും ഒത്തു കൂടാൻ കഴിയുന്നുണ്ടെങ്കിൽ ഈ വൈകുന്നേരങ്ങളെ ഒരു കളിയിലൂടെ ആസ്വദിച്ചു നോക്കൂ.
ഒരുവൻ പറഞ്ഞു: ഞങ്ങൾ കളിക്കാറുണ്ട് മാഷെ.
അതുകേട്ട് ജോൺ പറഞ്ഞു.
ഫൈൻ. അതു പറയാനാണ് വന്നത്.
നമുക്ക് കാണാം. ഓ.കെ.
വണ്ടി മുന്നോട്ടെടുക്കുമ്പോൾ ഞാനവരെ നോക്കി ഒരു ചെറുചിരിചിരിച്ചു.
അവർക്ക് ഞങ്ങളെ വെറുമൊരു ശല്യക്കാരായ ഉപദേശികളായി തോന്നിയോ? തോന്നിയത് എന്തെങ്കിലുമാവട്ടെ. പിറ്റേന്നും അവരവിടെ ഉണ്ടായിരുന്നു. ജോൺ അവരുടെ നേരെ കൈകൾക്കാട്ടി. ഹലോ എന്നു പറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും അവരോടുള്ള പരിചയം പുതുക്കിക്കൊണ്ടിരുന്നു.
ഒരു ദിവസം കോഴിക്കോട്ട് നിന്ന് അമ്മദ് ചിത്രാഞ്ജലിയിൽ എത്തിയപ്പോൾ ജോൺ അമ്മദിനോടായി പറഞ്ഞു.അമ്മദേ, ഇവിടെ അടുത്ത് കുറേ കുട്ടികൾ കലുങ്കിൽ വെറുതെയിരുന്ന് നശിച്ചുപോവുന്നു. അവർക്ക് കളിക്കാനുള്ള ബാറ്റും ബോളും മറ്റും സാധനങ്ങളുമൊക്കെ വാങ്ങിക്കൊടുക്കണം.
അമ്മദ്. കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
അതു കണ്ട് ജോൺ പറഞ്ഞു.
നമ്മുടെ സിനിമയുടെ ഒരു പ്രദർശനത്തിന്റെ പണം
കൊണ്ട് അതു ചെയ്യണം.

ഫോട്ടോ: വേണു

ഏത് കലുങ്ക്, ഏത് കുട്ടികൾ, എന്ത് കളി അമ്മദിന് ഒന്നും അറിയില്ലായിരുന്നു. അമ്മദ് എന്നെ ഒന്നു നോക്കി. കുടിയുടെ പുറത്ത് പറയുന്നതാണോ എന്ന അർത്ഥത്തിൽ.
ഞാൻ പറഞ്ഞു. ജോൺ പറയുന്നത് ശരിയാണ്. നമുക്കത് ചെയ്യാൻ കഴിയുന്നതേയുള്ളൂ.
അതു കേട്ടപ്പോൾ ജോണിന് സമാധാനമായി.
ജോണിന്റെ മനസ്സിന്റെ വെള്ളിത്തിരയിൽ സിനിമയിലെ സ്‌കൂൾ മുറ്റവും അവിടെ പന്തുകളിയിലേർപ്പെടുന്ന കുട്ടികളുടെ തിമർപ്പുകളും അപ്പോൾ ഒരു സ്വപ്നംപോലെ തെളിഞ്ഞു വന്നിട്ടുണ്ടാകണം. ജീവിതത്തിന്റെ കളികൾക്കിടെയിൽ പലതും തകർന്നു പോയേക്കാം. എത്രതന്നെ തകർന്നാലും അതിനേക്കാൾ മനോഹരമായി പുനർനിർമ്മിക്കാനുള്ള മനസ്സാണ് ബാക്കിയുണ്ടായിരിക്കേണ്ടതെന്ന് ജോൺ അപ്പോഴൊക്കെയും കരുതിയിട്ടുണ്ടാകുമോ ആവോ?

അമ്മ അറിയാൻ ഇന്ത്യൻ പനോരമയിൽ

"മാർക്‌സിസത്തിന് വന്ന അപചയത്തിന്റെ പ്രധാനകാരണം സ്ത്രീകൾക്ക് മുൻഗണന നൽകിയില്ല എന്നതാണ്. ഏതൊരു വിപ്ലവവും സാക്ഷാത്കരിക്കേണ്ടത് സ്ത്രീകളിലൂടെയാണ്. അതുകൊണ്ടാണ് ഞാൻ എന്റെ സിനിമയ്ക്ക് അമ്മ അറിയാൻ എന്ന പേരിട്ടത്'

അമ്മ അറിയാൻ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു എന്നറിഞ്ഞത് മുതൽ സിനിമയ്‌ക്കൊപ്പം പ്രവർത്തിച്ചവരെല്ലാം വളരെയധികം സന്തോഷത്തിലായിരുന്നു. ജോണിനും അതിന്റേതായ ഉത്സാഹമുണ്ടായിരുന്നു. അമ്മ അറിയാൻ ആദ്യമായി ഒരു ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയാണ്. അതുകൊണ്ടാവാം ജോൺ രണ്ടു ദിവസം മുമ്പെ ഡൽഹിയിലെത്തിച്ചേർന്നിരുന്നു.
ഞാനും അമ്മദും മദിരാശിയിലേക്ക് വണ്ടി കയറി. മദിരാശിയിൽനിന്ന് ഡൽഹിലേക്ക് ഗ്രാൻഡ് ട്രങ്ക് എക്പ്രസിൽ രണ്ട് രാത്രിയും ഒരു പകലും പിന്നിട്ട് ഡൽഹിയിലെത്തി. അവിടെ അശോക ഹോട്ടലിലായിരുന്നു ജോണുണ്ടായിരുന്നത്. രാജകീയ പ്രൗഢിയോടു കൂടിയ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ. ജോൺ ഞങ്ങളെ മുറിയിലേക്ക് കൊണ്ടുപോയി. ജോണിന്റെ കൂടെ തൃശൂരുകാരനായ ഒരു സുഹൃത്തും ഉണ്ടായിരുന്നു. വിസ്താരവും ഭംഗിയുളളതുമായ ഒരു മുറി. ഇരിക്കാനും കിടക്കാനുമൊക്കെ വേണ്ടത്ര സൗകര്യങ്ങൾ. ലോകസിനിമയെ പ്രതിനിധീകരിക്കുന്നവരുടെ ഒരു ലോകമായി അശോക മാറി.

പ്രഭാതഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ല. ജോൺ ഫോൺ കറക്കി മൂന്നുപേർക്കുള്ള ബ്രേക്ക്ഫാസ്റ്റിന് ഓർഡർ ചെയ്തു. റൂംബോയി പെട്ടെന്നുതന്നെ ഭക്ഷണവുമായി വന്നു. ഒപ്പം ഒരു വെള്ള പോർസലെയ്ൻ ജഗ്ഗിൽ നല്ല ചൂടു ചായയുമുണ്ടായിരുന്നു. നിത്യദാരിദ്ര്യത്തിൽ നിന്ന് ഇന്ന് ആഡംബരത്തിന്റെ ആ പറുദ്ദീസയിലിരുന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. അതിനിടയിൽ ചിത്രാഞ്ജലിക്കു പുറത്തുള്ള തമിഴന്റെ തട്ടുകടയെ കുറിച്ചു വെറുതെ ഞാനോർത്തു. തട്ടുകടയിൽ നിന്ന് അശോകയിലേക്കുള്ള ദൂരവും അതോടൊപ്പം ഒന്നോർത്തുപോയി.
ഇനി വല്ലതും വേണോ. ജോൺ ചോദിക്കുന്നു.
വേണ്ട എന്നു മറുപടി. എല്ലാവർക്കും മതിയായിരുന്നു.
പെട്ടിക്കടയിലെ തട്ടുദോശയുടെ അത്ര രുചി ഇതിനില്ലെന്ന് പറഞ്ഞ് ജോൺ എഴുന്നേറ്റു പോയി.

ഫിലിം ഫെസ്റ്റിവലിന്റെ ബ്രോഷർ മേശമേൽ കിടക്കുന്നു. ജനുവരി 10 മുതൽ 24 വരെയാണ്. ഫെസ്റ്റിവലിൽ മലയാളത്തിൽ നിന്ന് ആ വർഷം മൂന്നിലധികം ചിത്രങ്ങൾ പ്രദർശത്തിലുണ്ടായിരുന്നു. പവിത്രന്റെ ഉപ്പും അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയും കൂട്ടത്തിലുണ്ട്. അരവിന്ദനും പവിത്രനും ഡൽഹിയിലെത്തിയോ എന്നറിയില്ല. ഇതുവരെയും തമ്മിൽ കണ്ടുമുട്ടിയിട്ടില്ല.

ബ്ലാങ്കറ്റു വിരിച്ചുവച്ച് പഞ്ഞിത്തൂവൽ പോലുള്ള മെത്തയിൽ വേണമെങ്കിൽ ഇത്തിരിനേരം കിടക്കാം. ടി.വിയിൽ പരിപാടികളുണ്ട് അത് കണ്ടിരിക്കാം. അതുമല്ലെങ്കിൽ ഈ ഏഴുനില മാളികയുടെ കണ്ണാടിജാലകങ്ങളിലൂടെ ദൂരെക്കാഴ്ചകളിലേക്ക് കൺതുറന്നു വയ്ക്കാം.
ഇതിനിടയിൽ റൂംബോയ് വന്ന് വാതിലിൽ മുട്ടി.
അവൻ കയ്യിൽ ഒരു ബില്ല് ഏൽപിച്ചു.
ഇന്നലെ രാവിലെ മുതൽ കഴിച്ച ഭക്ഷണം, അതിനു പുറമെ ബാറിൽചെന്ന് വാങ്ങിക്കുടിച്ച മദ്യത്തിന്റേതടക്കമുള്ള ബില്ല്.
അത് ഭയങ്കരമായ ഒരു ബില്ലു തന്നെയായിരുന്നു.
ഒരു പഞ്ചനക്ഷത്ര ബില്ല്.
ഞാൻ അവനോട് പറഞ്ഞു.
അരേ ഭായ് ഹം ഗസ്റ്റ് ഹേ. ഹമേ പൈസ ദേനേ കി സരൂരത്
നഹി ഹേന. ബിൽ ഞങ്ങൾ നൽകേണ്ടതില്ലല്ലോ എന്നാണ് ചോദിച്ചത്. അവൻ ഭാവഭേദമൊന്നുമില്ല. അവൻ പറഞ്ഞു. സാർ
ആപ്പ് കോ സിർഫ് റൂം മിലേംഗേ. ബാക്കി സബ് കേ ലിയേ പൈസ ദേനാ ഹോഗാ. (സർ താങ്കൾക്ക് റൂം മാത്രമേ അനുവദിക്കപ്പെട്ടിട്ടുളളൂ. മറ്റുള്ളതിന് പണം കൊടുക്കണം.) ഞാൻ ബില്ലും നോക്കി കുറച്ചുനേരം നിന്നു. എന്റെ മുഖഭാവം കണ്ട്
ഓരോരുത്തരായി വന്ന് ആ വെളുത്ത കടലാസിലേക്ക്
എത്തിനോക്കി. പിന്തിരിഞ്ഞു നടന്നു.
ഒടുവിൽ അമ്മദ് അത് കയ്യിൽ നിന്ന് വാങ്ങി.
ജോണിന്റെ സുഹൃത്തു പറഞ്ഞു:ഹോ. ഇതുകുറച്ച് കടുപ്പമായിപ്പോയി.അബദ്ധം പറ്റിയതാണെന്ന് എങ്ങനെ പറയും. പൈസ കയ്യിലില്ലെങ്കിൽ അടിവസ്ത്രം വരെ ഊരിക്കൊടുക്കേണ്ടി വരുമായിരുന്നു. അതുകേട്ട് ചിരിച്ചുകൊണ്ട് ജോൺ സുഹൃത്തിനോട് ചോദിച്ചു.അടിവസ്ത്രം ഇല്ലാത്തവരെന്ത് ചെയ്യും. എന്തൂരിക്കൊടുക്കുമെടോ. പറയ്.
അവൻ പറഞ്ഞു.

ഫോട്ടോ: വേണു

പ്രശ്‌നത്തിൽ നിന്ന് ഊരണമെങ്കിൽ എന്തും ഊരിക്കൊടുക്കേണ്ടിവരും. അത്രതന്നെ.

ഉച്ച കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ ആരും തിടുക്കം കാട്ടിയില്ല. സമയമേറെ വൈകിയപ്പോൾ എല്ലാവരും കൂടി പുറത്തേക്കിറങ്ങി. ഗെയ്റ്റിന് കുറച്ചകലെയായി ഒരു പെട്ടിക്കട. അവിടെ കുറെയാളുകൾ ഇരുന്നും നിന്നും കൊണ്ട് വിശപ്പടക്കുന്നു. ചപ്പാത്തിയും ദാലും വിളമ്പി. മെലിഞ്ഞു നീണ്ട പ്രായംചെന്ന ആ മനുഷ്യന്റെ കയ്യിൽ പണം വച്ചുകൊടുത്തപ്പോൾ തന്നെ ഒരു സന്തോഷം. വിശപ്പു മാറ്റാൻ വേണ്ടി വിശക്കുന്നവർക്കു വേണ്ടി ജീവിക്കുന്ന ഒരു പാവം. അന്ന് സന്ധ്യയാവോളം നഗരക്കാഴ്ചകൾ കണ്ടു നടന്നു. തിരിച്ചു അശോകയിലേക്ക് വരുമ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. മഫ്‌ളർ ധരിച്ച് ആളുകൾ നടന്നു പോകുന്നത് കണ്ടപ്പോൾ തോന്നി. സ്വെറ്റർ ബാഗിലുണ്ടായിരുന്നു. എടുത്തിരുന്നെങ്കിൽ എത്ര നന്നായേനെ. തണുത്ത് വിറച്ച് ഞങ്ങൾ തിരിച്ചെത്തി. ഒരു ചൂടു ചായ വേണം. അതേ പെട്ടിക്കടയുടെ മുന്നിൽ ചെന്നു നിന്നു. അയാൾ കസേര നീട്ടി വച്ച് ഇരിക്കാൻ പറഞ്ഞു.

ചൂടുചായ കൈവെള്ളയിൽ അമർത്തിപ്പിടിച്ചു നിൽക്കുമ്പോൾ വല്ലാത്തൊരു സുഖം. അയാൾ ഞങ്ങൾക്ക് അതോടൊപ്പം റൊട്ടിയും ദാലും വിളമ്പി . ജോൺ വിറയ്ക്കുന്നുണ്ടായിരുന്നു.
വിറച്ചുകൊണ്ടു തന്നെ പറഞ്ഞു.
എന്റെ വിറകെടുത്താൻ ചായ മതിയാവും എന്നു തോന്നുന്നില്ല. നിർമ്മാതാവ് അമ്മദ് കനിയണം.
അമ്മദ് തന്റെ പോക്കറ്റിൽ നിന്ന് ബില്ലെടുത്തു. ഒന്നു കൂടി അത് കാണിച്ചുകൊടുത്തു.
കടക്കാരൻ ചോദിച്ചു. ആപ്പ് ലോഗ് മദ്രാസി ഹെ.
ഞാൻ പറഞ്ഞു.ഹാം ജി. യെ ആദ്മി ബടാ ഫിലിം മേക്കർ ഹേ.
അശോക രാത്രിയിൽ ദീപാലംങ്കാരങ്ങളാൽ വലിയൊരു കൊട്ടാരം പോലെ കാണപ്പെട്ടു.
ജോൺ പറഞ്ഞു. അടുത്ത മുറിയിൽ പി.കെ നായരുണ്ട്. നമുക്കങ്ങോട്ടേക്ക് പോകാം. ഞങ്ങളെയും കൂട്ടി ജോൺ അടുത്ത മുറിയിലേക്ക് ചെന്നു. അദ്ദേഹം അന്ന് നാഷണൽ ഫിലിം ആർക്കേവ്‌സ് ഡയറക്ടറായിരുന്നു. ഒഡേസയെപ്പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. ഫോണെടുത്ത് ചായ വേണമെന്ന് വിളിച്ചു പറഞ്ഞു. ഞങ്ങളെ അദ്ദേഹത്തിന് സൽക്കരിക്കണം എന്നു തോന്നിയതാവുമോ? ഒരു ചായ നേരത്തെ കുടിച്ചതാണെങ്കിലും നല്ലതണുപ്പായതുകൊണ്ട് ചായ വേണ്ടെന്ന് പറയാൻ തോന്നിയില്ല. അതേസമയം ഒരു ഞെട്ടലോടെ മനസ്സ് പറയുന്നുണ്ടായിരുന്നു. ദൈവമേ. ഈ ചായയുടെ ചൂടും കടുപ്പത്തേക്കാളും പതിന്മടങ്ങ് രൂക്ഷമായിരിക്കുമല്ലോ ഇതിന്റെ ബില്ല്.

ലോകപ്രശസ്തരായ സിനിമാസംവിധായകർ സാധാരണക്കാരെപ്പോലെ ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ജോൺ എന്നത്തേയും പോലെ ഉച്ചത്തിൽ സംസാരിച്ചും പൊട്ടിച്ചിച്ചും കെട്ടിപ്പിടിച്ചും അവിടെയെല്ലാം ആളുകളുടെ ശ്രദ്ധാകേന്ദ്രമായി

അശോകയിലെ രാത്രി.
ഞങ്ങൾ കിടക്കാനൊരുങ്ങിയപ്പോൾ ജോൺ എഴുന്നേറ്റ് മെല്ലെ തറയിൽ ചെന്ന് ചുരുണ്ടു കിടന്നു. ജോണിന് നൽകപ്പെട്ട പഞ്ചനക്ഷത്ര സത്രത്തിലും ജോണിന് കിടക്കാൻ ഇടം വേണ്ട. മുറിയിൽ സോഫയുണ്ടായിരുന്നു. കട്ടിലിലല്ലെങ്കിൽ അതിൽ കിടക്കാമായിരുന്നു. എല്ലാവർക്കും നന്നായി കിടക്കാനുള്ള ഇടമുണ്ടായിട്ടും ജോൺ വെറും നിലത്ത് തന്നെ കിടന്നു.
ജോൺ തറയുടെ പാരുഷ്യം കൂടി ഇഷ്ടപ്പെടുന്നോ?
ഉറക്കമെന്നത് സുഖകരമായ വിശ്രമം എന്നതിനപ്പുറത്ത് പരുക്കനായ ഒരനുഷ്ഠാനമാണെന്ന് ജോൺ ഇതിലൂടെയൊക്കെ സ്വയം വെളിപ്പെടുത്താൻ ശ്രമിക്കുകയാണോ?
പതിനൊന്നാമത് അന്തർദേശീയ ഫിലിം ഫെസ്റ്റിവലിന്റെ വേദികളിൽ എല്ലാ ദിവസവും ഞങ്ങൾ പോവുകയും വരികയും ചെയ്യുന്നു. ചില സിനിമകൾ കണ്ടും പലതും കാണാതിരുന്നും ഇടയ്ക്കിടെ മൈതാനങ്ങളിൽ ചെന്നിരുന്നും വെറുതെ വർത്തമാനങ്ങൾ പറഞ്ഞും ഞങ്ങൾ അവിടങ്ങളിലൂടെ നടന്നു. ഓരോ ദിവസം കഴിയുന്തോറും പരിചിതരായ ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു. വഴികളും തീയേറ്ററും ഏറെ പരിചിതമായി. സിനിമാപ്രേമികളായ കുറെ മലയാളികളെ കണ്ടുമുട്ടി. ലോകപ്രശസ്തരായ സിനിമാസംവിധായകർ സാധാരണക്കാരെപ്പോലെ ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ജോൺ എന്നത്തേയും പോലെ ഉച്ചത്തിൽ സംസാരിച്ചും പൊട്ടിച്ചിച്ചും കെട്ടിപ്പിടിച്ചും അവിടെയെല്ലാം ആളുകളുടെ ശ്രദ്ധാകേന്ദ്രമായി. അമ്മദ് മറ്റൊരു ഭാഗത്ത് ഡോക്യുമെന്ററി സംവിധായകരെ പലരെയും പരിചയപ്പെടുന്നു. കേരളത്തിൽ ഫിലിം സൊസൈറ്റികൾ വഴി സിനിമ കാണിക്കണം. അതിനുള്ള അനുമതി തേടുകയാണ്.

അമ്മ അറിയാൻ സിനിമയുടെ പ്രദർശനത്തിന്റെ ദിവസം വന്നുചേർന്നു. പനോരമയിലെത്തുന്നതു വരെ അനുഭവിച്ച ദുരിതങ്ങളും ദുഃഖങ്ങളും എല്ലാം ഇപ്പോൾ വിസ്മരിക്കപ്പെടുന്നു. സിനിമ കാണാൻ ആളുകളേറെയുണ്ടായിരുന്നു. വ്യത്യസ്തദേശങ്ങളിൽ നിന്ന് വന്നവർ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ. അമ്മദും ഞാനും ജോണുമെല്ലാം സ്‌ക്രീനിൽ പ്രതീക്ഷയോടെ നോക്കി നിന്നു. സബ് ടൈറ്റിലോടു കൂടി സിനിമ സ്‌ക്രീനിലൂടെ കടന്നുപോയി. കരഘോഷത്തോടെ സിനിമ അവസാനിച്ചു. ഓപ്പൺ ഫോറത്തിൽ പലചോദ്യങ്ങളും വന്നു. ജോൺ കാച്ചിക്കുറുക്കിയ വാക്കുകൾകൊണ്ട് തന്റെ സിനിമയെ വ്യാഖ്യാനിച്ചു.മാർക്‌സിസത്തിന് വന്ന അപചയത്തിന്റെ പ്രധാനകാരണം സ്ത്രീകൾക്ക് മുൻഗണന നൽകിയില്ല എന്നതാണ്. സമൂഹത്തിലെ ബന്ധങ്ങളുടെ കേന്ദ്രീകരണം സ്ത്രീയിലാണ്. അതുകൊണ്ടുതന്നെ ഏതൊരു വിപ്ലവവും സാക്ഷാത്കരിക്കേണ്ടത് സ്ത്രീകളിലൂടെയാണ്. സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് ഒരു സാമൂഹികമുന്നേറ്റവും ഉണ്ടാക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ എന്റെ സിനിമയ്ക്ക് അമ്മ അറിയാൻ (A Report to Mother) എന്ന പേരിട്ടത്. ജോൺ പറഞ്ഞവസാനിപ്പിക്കുമ്പോൾ സിനിമ കണ്ടതിനേക്കാൾ കയ്യടി ഉയരുന്നുണ്ടായിരുന്നു. ഫെസ്റ്റിവലിൽ റഷ്യൻ ചിത്രമായ ഫെയർവെൽ ഗ്രീൻ സമ്മർ (Farewell Green Summer) എന്ന സിനിമ സുവർണ്ണമയൂരം അവാർഡ് നേടി. സ്ത്രീചിന്തകൾ മലയാളസിനിമയിൽ പലരും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ പ്രത്യക്ഷജീവിതത്തിലെന്നതുപോലെ പ്രത്യയശാസ്ത്രപക്ഷത്തു കൂടി നിന്നുകൊണ്ടുള്ള ഒരു വ്യാഖ്യാനം ഈ സിനിമയിലൂടെ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന വിലയിരുത്തൽ അമ്മ അറിയാൻ സിനിമയുടെ മുന്നോട്ടുള്ള വഴികളെ പ്രതീക്ഷാനിർഭരമാക്കി.

അവന് കാവലാൾ ഞാനല്ല ദൈവമേ

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ ടി.വിയിലൂടെ ജോണിനെ കാണുന്നതാണ്. കുറച്ചൊരു ഭംഗിയിൽ പോണം. ജോൺ പച്ച ഷർട്ടിട്ടു. വിരലുകൾകൊണ്ട് മുടിയൊന്നു വകഞ്ഞൊതുക്കി. രണ്ടു കൈപ്പത്തികളും ചേർത്തു മുഖത്ത് നിന്ന് താടിയിലേക്ക് ഒന്നുഴിഞ്ഞു. കണ്ണാടിയിൽ നോക്കി ഒന്ന് തിരിഞ്ഞുനിന്നുകൊണ്ട് എന്നോട് ചോദിച്ചു; കൊള്ളാമോ ?

രു ദിവസം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ സുഹൃത്തുക്കൾ വന്ന് ജോണിനോട് പറഞ്ഞു.
ജോണിന്റെ ഒരഭിമുഖം വേണം.
ജോൺ പറഞ്ഞു : ആവാലോ എപ്പൊഴാ വേണ്ടത്.
അവർ ഒരു തീയതി കുറിച്ചുകൊടുത്തു.വണ്ടി അയയ്ക്കണോ അല്ലെങ്കിൽ ജോണവിടെ എത്തുമോ ?
ജോൺ എന്നെ ഒന്നു നോക്കി. എന്നിട്ട് പറഞ്ഞു.
വണ്ടി വേണ്ട. ഞാൻ മാഷിന്റെ ബൈക്കിൽ വന്നോളാം.
പോകുന്നതിനു മുമ്പ് അവരെന്നോട് പറഞ്ഞു.
മാഷ് ഒന്ന് ഓർമ്മിപ്പിച്ചേക്കണേ. കൈകൊടുത്തു പിരിയുമ്പോൾ ഞാൻ അവർക്ക് ഉറപ്പുകൊടുത്തു ഞങ്ങൾ അവിടെ എത്തിക്കോളും.
ഇന്റർവ്യൂ ദിവസം രാവിലെ ഞാൻ പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾ ടി.വിയിലൂടെ ജോണിനെ കാണുന്നതാണ്. കുറച്ചൊരു ഭംഗിയിൽ പോണം. ജോൺ പച്ച ഷർട്ടിട്ടു. വിരലുകൾകൊണ്ട് മുടിയൊന്നു വകഞ്ഞൊതുക്കി. രണ്ടു കൈപ്പത്തികളും ചേർത്തു മുഖത്ത് നിന്ന് താടിയിലേക്ക് ഒന്നുഴിഞ്ഞു. കണ്ണാടിയിൽ നോക്കി ഒന്ന് തിരിഞ്ഞുനിന്നുകൊണ്ട് എന്നോട് ചോദിച്ചു.
കൊള്ളാമോ ?
എനിക്ക് ചിരിവന്നു. ഞാൻ പറഞ്ഞു കൊള്ളാം. എന്നത്തേയും പോലെ ഇന്നും കൊള്ളാം.
അപ്പറഞ്ഞതു കേട്ട് ജോണിനും ചിരിവന്നു. മേശപ്പുറത്ത് വച്ചിരുന്ന പൗഡർ ടിൻ കയ്യിലെടുത്ത് ഒരു തട്ട്. അത് പിന്നെ വാരി മുഖത്ത് തേച്ചു .
ഇപ്പോഴോ?
ഇപ്പോൾ ഇത്തിരി വ്യത്യാസം വന്നിട്ടുണ്ട്.

ഫോട്ടോ: വേണു

താടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൗഡർ തോർത്തു കൊണ്ട് തുടച്ചുകൊടുത്തു. ഞങ്ങൾ ചിത്രാഞ്ജലി സ്റ്റുഡിയോ ഹോസ്റ്റലിൽ നിന്നിറങ്ങി.
ബൈക്ക് കുടപ്പനക്കുന്നിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോൾ കാന്റീനിൽനിന്ന് പ്രഭാതഭക്ഷണം. രാവിലെ ഒരു കാലിച്ചായ കുടിച്ചതല്ലാതെ ഞങ്ങളൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. ദൂരദർശന്റെ സ്വീകരണമുറിയിൽ പിന്നെയും ഞങ്ങളിരുന്നു. നീണ്ടുമെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. കാലങ്ങൾക്കിപ്പുറം കുറച്ച് നല്ല സിനിമകൾ നൽകി മലയാളത്തെ അനുഗ്രഹിച്ച ഇന്നത്തെ ശ്യാമപ്രസാദിന്റെ ചെറുപ്രായമായിരുന്നു അത്.
ശ്യാമപ്രസാദുമായി തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വച്ച് എനിക്ക് പരിചയമുണ്ട്. ഒരു മാസക്കാലത്തെ തീയേറ്റർ പ്രാക്ടീസ് കോഴ്സിന് ചെന്ന സമയത്തുള്ള ശ്യാം അന്നവിടത്തെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായിരുന്നു.
കണ്ടയുടനെ മാഷെ എന്നു വിളിച്ച് ശ്യാമപ്രസാദ് സ്നേഹം പ്രകടിപ്പിച്ചു. പിന്നീട് ജോണിനോടായി പറഞ്ഞു:
ജോണേട്ടാ നമുക്ക് അഭിമുഖം സ്റ്റുഡിയോയ്ക്ക് പുറത്തു വച്ചാക്കാം. അവർ അഭിമുഖത്തിന്റെ പശ്ചാത്തലം നേരത്തെത്തന്നെ കണ്ടു വച്ചിരുന്നു. ദൂരദർശൻ കേന്ദ്രത്തിലേക്ക് മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് റോഡുണ്ടാക്കിയ സമയമായിരുന്നു അത്. അതിന്റെ യന്ത്രനഖക്ഷതങ്ങളേറ്റുവാങ്ങിയ മൺമതിലുകളുടെ പശ്ചാത്തലത്തിൽ ജോണും ശ്യാമപ്രസാദും മുഖാമുഖമിരുന്നു.
ക്യാമറകൾ റോൾ ചെയ്തു.
ജോൺ വാക്കുകളുടെ തീവണ്ടി കയറി പൂനെയിലേക്ക് പോയി.
എൽ.ഐ.സിയിലെ ജോലി ഉപേക്ഷിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ. പിന്നെ ആദ്യത്തെ ചിത്രം. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, മറ്റു സിനിമകളിലേക്ക്. സിനിമയെന്ന കലാരൂപത്തിന്റെ ആവിഷ്‌കാരപരമായ സാധ്യതകളും പുതുമകളും വീക്ഷണങ്ങളും നിറഞ്ഞ വഴികളിലൂടെ ജോണും ശ്യാമും മണിക്കൂറുകളോളം കടന്നുപോയി. അമ്മ അറിയാൻ പ്യൂപ്പയ്ക്കുള്ളിൽ ഒരു ചിത്രശലഭമായി പുറത്തുവരുന്നതിന്റെ പ്രതീക്ഷാനിർഭരത. അഭിമുഖം കഴിഞ്ഞു പിരിയുമ്പോൾ സുഹൃത്തുക്കൾ ജോണിന്റെ കയ്യിൽ ഒരു കവർ കൊടുത്തു.
ജോൺ ചോദിച്ചു. ഇതെന്താ ?
അവർ പറഞ്ഞു ചെക്കാണ്. ബാങ്കിൽ നിന്ന് മാറിയാൽ മതി.
ജോണത് തിരിച്ചും മറിച്ചും നോക്കി.
തനിക്കാരും ഇതുവരെയും ഒരു ചെക്ക് തന്നിട്ടില്ല എന്ന്
ജോൺ പറയുന്നു. ആ കവർ അവർക്ക് തന്നെ തിരിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു:
ജീവിതത്തിൽ ഇതുവരെയും സ്വന്തമായി ഒരെക്കൗണ്ടില്ലാത്തവനാണ് ഞാൻ. എനിക്ക് ഇതുകൊണ്ട് ഒരുപകാരവും ഇല്ല. ഇത് നിങ്ങൾത്തന്നെ വച്ചോ.
സുഹൃത്തുക്കൾ അപ്പോൾതന്നെ അവിടത്തെ അക്കൗണ്ട് സെക്ഷനുമായി ബന്ധപ്പെട്ട് പണമടങ്ങിയ ഒരു കവറുമായി തിരിച്ചു വന്നു. ജോണിന്റെ കയ്യിൽ ഏൽപിച്ചു. ബൈക്കിൽ ഞങ്ങൾ തിരിച്ചുവരുമ്പോൾ ജോൺ പറഞ്ഞു:പെട്രോൾ പമ്പിലേക്ക് വിട്. നമുക്കാദ്യം ബൈക്കിന്റെ ടാങ്ക് നിറയ്ക്കാം.
പെട്രോൾ പമ്പിലെത്തിയപ്പോൾ ജോൺ കവറ് എന്റെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു.ഇത് മാഷുടെ പോക്കറ്റിൽ വയ്ക്ക്.
ഞാനത് തുറന്നു നോക്കി. നൂറിന്റെ എട്ടു നോട്ടുകളുണ്ടായിരുന്നു. കുറച്ചു ദിവസത്തേക്ക് ഇനി ഇതുമതിയല്ലോ. ഞാൻ മനസ്സിൽ വിചാരിച്ചു. ജോണിനോട് ചോദിച്ചു ഇനി ചിത്രാഞ്ജലിയിലേക്കല്ലേ.
ജോൺ പറഞ്ഞു : അല്ല.
ഏറ്റവും മുന്തിയ ഒരു ബാറിലേക്കാണ് നമ്മൾ പോവുന്നത്.
ജോൺ സാധാരണ പറയാത്ത കാര്യമാണ്. മുന്തിയതൊന്നും ജോണിന് അത്ര പഥ്യമല്ല. സാധാരണ അതൊഴിവാക്കാൻ എപ്പോഴും ശ്രമിക്കാറുള്ളതാണ്. ഇത്രയും പണം കയ്യിൽ കിട്ടിയ സന്തോഷം ചിലപ്പോൾ മനുഷ്യരുടെ ചിന്തയിൽ ചില പരിണാമങ്ങൾ വരുത്തുന്നുണ്ടായിരിക്കണം. അങ്ങനെ ചിന്തിച്ചിരിക്കെ ഞങ്ങൾ ബാറിലെത്തി.
ജോൺ ഏതോ ഒരു ബ്രാൻഡിന്റെ പേരു പറഞ്ഞു.
മനോഹരമായ വടിവുകളോടു കൂടിയ ചില്ലു ഗ്ലാസ് ചുണ്ടോടു ചേർത്തു. അതു നുണയുന്നതിനിടയിൽ എന്നോട് ഇപ്രകാരം പറഞ്ഞു. മാഷ് നല്ല തണുത്ത ഡിംപിൾ കഴിച്ചോളൂ. മധുരം നരുയുന്ന ഒരു തണുത്ത കുപ്പി ജോണിന്റെ ഓർഡറിൽ മേശമേൽ വന്നു. ഞാൻ അതും നുണഞ്ഞിരുന്നു.
കൗണ്ടറിൽ ബില്ലടക്കുന്നതിനിടയിൽ ജോൺ ഓർമ്മിപ്പിച്ചു.
മാഷെ ബാക്കിയുള്ള നൂറിന്റെ നോട്ടുകളുടെ ചില്ലറകൾ വേണം. പത്തു രൂപയുടെ.
മാനേജർ പരതിയെടുത്ത് എങ്ങനെയോ പത്തുരൂപകളുടെ ചില്ലറകൾ മുഴുമിപ്പിച്ചു തന്നു. ജോൺ ആ ചില്ലറകൾ എന്റെ കയ്യിൽ നിന്നും വാങ്ങി. ഞാൻ മനസ്സിൽ കരുതി. പത്തു രൂപയുടെ ചില്ലറകൾ എന്തിനായിരിക്കും. ഒരു പക്ഷെ ഓരോ നേരവും ചാരായംകുടിക്കാനായിരിക്കും. ഒരു കണക്കിന് അത് നന്നായി. കുറച്ചു ദിവസത്തേക്കെങ്കിലും ഇനി ആരുടെ മുന്നിലും കൈനീട്ടണ്ടല്ലോ. ജോൺ മുന്നോട്ടേക്കുള്ള വഴി പറഞ്ഞുതരുന്നു. ഒരിടത്തെത്തിയപ്പോൾ പറഞ്ഞു മാഷെ ഇവിടെ നിർത്ത്വാ.
ജോണിറങ്ങി തെരുവിലേക്ക് നടക്കുന്നു.
വഴിയരികിൽ വെയിൽച്ചൂടിൽ ഭിക്ഷാപാത്രങ്ങൾ നീട്ടിനിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലുന്നു. അവരോട് ചിരിക്കുന്നു. എന്തോ പറയുന്നു. കയ്യിൽ നിന്ന് പത്തു രൂപയുടെ നോട്ടുകളെടുത്ത് അവർക്ക് കൊടുക്കുന്നു. തികഞ്ഞ നിർവൃതിയോടെ തിരിച്ചു വരുന്നു. ഞാൻ പുതിയൊരു ജോണിനെ കാണുന്നു. ജോണിന് ഇനിയും കണ്ടെത്താത്ത ഒരു പാട് മുഖങ്ങളുണ്ടെന്ന് എനിക്ക് തോന്നി. സാഹചര്യങ്ങളിൽ നിന്ന് ജോൺ തന്റെ ആത്മസത്തയെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഫോട്ടോ: എൻ. എൽ. ബാലകൃഷ്ണൻ

ഇതുവരെ ഇരന്നു നടന്നവൻ. ഇന്ന് ഇരക്കുന്നവരുടെ അടുത്തേക്ക് ഒരു കുബേരനെപ്പോലെ നടക്കുന്നു.
ബൈക്കിലിരിക്കുമ്പോൾ എന്നോട് പറഞ്ഞു, വാ കീറിയ ദൈവം ഇരകൊടുക്കും എന്ന് കേട്ടിട്ടില്ലേ ?
ഞാൻ പറഞ്ഞു : കേട്ടിട്ടുണ്ട്.
ജോൺ വിശദീകരിക്കുന്നു.അതു സത്യമാണ്. ഈ ഭൂമിയിൽ എല്ലാവർക്കും വിശക്കാതെ ജീവിക്കാനുള്ളതെല്ലാം ഈ മണ്ണിലുണ്ട്. പക്ഷെ ഒരാളുടെ ആർത്തിയെപ്പോലും തൃപ്തിപ്പെടുത്താനുള്ളതൊന്നും ഇവിടെ ഇല്ല.
ഞാൻ പറഞ്ഞു: അതു കൊള്ളാലോ.
ജോൺ പൊട്ടിച്ചിരിച്ചു.ഞാൻ പറഞ്ഞതല്ല. ഗാന്ധിജി പറഞ്ഞതാണ്.
ഞാൻ പറഞ്ഞു : ഗാന്ധിജിക്ക് കൃത്യവും മാനുഷികവുമായ ഒരു സാമ്പത്തിക വീക്ഷണമുണ്ട്.
ഇതിനിടയിൽ ഞാൻ ചോദിച്ചു. ഇനി ചിത്രാഞ്ജലിയിലേക്ക് പോകാം അല്ലേ ?
ഉച്ചയ്ക്ക് എത്തിച്ചേരാമെന്ന് അമ്മദിനോട് പറഞ്ഞിട്ടുണ്ട്. ബീന എഡിറ്റിംഗിന് കാത്തു നിൽക്കും. ഇങ്ങനെ രണ്ടു മൂന്ന് കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിച്ചു.
അതെ നമുക്ക് വേഗം പോകാം. ഒന്നു രണ്ട് സ്ഥലങ്ങൾ കൂടിയുണ്ട്. അമ്പലത്തിന്റെ പരിസരത്തെത്തിയപ്പോൾ മരച്ചുവട്ടിലിരുന്ന കൈനോട്ടക്കാരിയും ആലംബഹീനരും വൃദ്ധരുമായ മനുഷ്യരുടെ അടുത്തേക്ക് കൂടി ജോൺ ചെന്നു. പത്തു രൂപനോട്ടുകൾ ഓരോരുത്തരുടെയും കയ്യിൽ വച്ചുകൊടുത്തു. തത്തയെ കൂട്ടിലടച്ച് ഭാവി പറയുന്ന മുക്കൂത്തിയണിഞ്ഞ ഒരമ്മ. ഉച്ചഭക്ഷണത്തിനുള്ള വകയും ഭാഗ്യവും തേടി ആരെയോ കാത്തിരിക്കുകയായിരുന്നോ? ജോൺ അവർക്കും പത്തു രൂപയുടെ നോട്ടു കൊടുത്തു.
അവർ ജോണിനെ ഒന്നനുഗ്രഹിച്ചു. മോനേ നീ നന്നായി വരും.
ജോൺ അവരുടെ കാൽപ്പാദങ്ങളിൽ തൊട്ടു വന്ദിച്ചു.
യാത്ര തുടരുമ്പോൾ ജോൺ പറഞ്ഞു.
ആ അമ്മ ഞാൻ നന്നായി വരും എന്നു പറഞ്ഞു. നന്നായാലും നന്നായാലും ഇത്ര എന്നില്ലേ. അല്ലേ? ജോൺ സ്വയം ചിരിക്കുന്നു. ചിരിക്കു ശേഷം പറഞ്ഞു. ഇതൊക്കെയും നമ്മുടെ നാട്ടിലെ അമ്മമാരാണ്. നമ്മുടെ അച്ഛനമ്മമാർ. നമ്മുടെ സഹോദരങ്ങൾ. വീടും കൂടുമില്ലാതെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങളും പേറി വഴിവക്കുകളിൽ ഇതുപോലെ അശരണരായിരുന്ന് എന്നും ആരെയൊക്കെയോ ഇവർ കാത്തിരിക്കുന്നു. ചില ദിവസങ്ങളിൽ ആരെങ്കിലും എന്തെങ്കിലും കൊടുക്കും. ചില ദിവസങ്ങളിൽ ഒന്നും കിട്ടുന്നുമുണ്ടാവില്ല. ജീവിതത്തിൽ സന്തോഷമെന്തെന്നറിയാതെ ഒരു ദിവസം അവശരായി മരിച്ചുപോകുന്നു. മരണത്തിന്റെ ശാന്തിക്കു മുന്നിലെ ജീവിതം എത്രമാത്രം വേദനകൾ നിറഞ്ഞതാണ്.
ഞാൻ തത്വചിന്തകനായ ജോണിനെ കേൾക്കുന്നു.അമ്മ അറിയാൻ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്നീ സിനിമകളിലൂടെ അധികാരത്തിന്റെ പുറത്ത് താഴെത്തട്ടിൽ നിൽക്കുന്ന മനുഷ്യനേറ്റുവാങ്ങുന്ന വേദനയും രോഷവും അതിജീവനശ്രമവുമാണ് ജോൺ അവതരിപ്പിച്ചിരുന്നതെന്ന് ഞാനോർത്തു.
പള്ളിവളപ്പിലിരിക്കുന്ന ചിരി മാഞ്ഞുപോയ മനുഷ്യരുടെ അടുത്തേക്കും ജോൺ ചെന്നു.
ബാക്കിയുള്ള പത്തു രൂപയുടെ നോട്ടുകൾ കൊടുത്തു തീർന്നതോടെ ജോൺ ആത്മനിർവൃതിയോടെ മടങ്ങി. ഉള്ളവന്റെ കയ്യിലെ പണം ഒന്നും ഇല്ലാത്തവന്റെ കയ്യിലാണ് ആദ്യം എത്തേണ്ടത്. എന്നാലെ പണം കൊണ്ട് ഈ ലോകത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകൂ.
ഒരു സാമ്പത്തികശാസ്ത്ര പ്രൊഫസറെ ജോൺ പുതിയൊരു സാമ്പത്തികശാസ്ത്രം പഠിപ്പിച്ചു തരുന്നു.
മാഷിനറിയുമോ ഇവരൊക്കെയും എന്നും അന്തിയുറങ്ങുന്നത് ഇതേ തെരുവുകളിലാണ്. മഞ്ഞിലും മഴയിലും ചൂടിലും അവർ ഈ തെരുവിൽ സുഖമായി കിടന്നുറങ്ങുന്നു. അതൊരു വല്ലാത്ത സുഖം തന്നെയാണ്. മാഷനതറിയുമോ ?
ഇടത്താവളങ്ങളില്ലാത്ത യാത്രകളിൽ, മുറികൾ തുറന്നു തരാനില്ലാത്ത നീണ്ട യാത്രകൾക്കിടയിൽ അങ്ങനെ നമ്മൾ പലപ്പോഴും ഉറങ്ങിയിട്ടുണ്ടല്ലോ.
ജോൺ ചിരിച്ചു. ഒരു സംഭവം വിവരിച്ചു. ഒരു രാത്രിയിൽ മന്ത്രി മന്ദിരങ്ങൾക്ക് അടുത്തുള്ള ഒരു തെരുവിൽ കുറേപ്പേർക്കിടെയിൽ ഞാനും ഉറങ്ങുകയായിരുന്നു. തമിഴന്മാരും ഭിക്ഷക്കാരും അമ്മമാരും കുട്ടികളുമൊക്ക അക്കൂട്ടത്തിലുണ്ടായിരുന്നു. അർദ്ധരാത്രിയിലാവണം പൊലീസുകാർ വന്നു. ഉറങ്ങുന്നവരെ പൊതിരെ തല്ലി. എല്ലാവരെയും അവിടെ നിന്നും കണ്ണെത്താദൂരത്തോളം ഓടിപ്പിച്ചു. അവർ ചോദിച്ചത് തെണ്ടികളെ, നിങ്ങൾക്ക് വേറെ സ്ഥലമൊന്നുമില്ലേ എന്നാണ്. തെണ്ടി എന്ന പദം മനുഷ്യവംശത്തിന്റെ ആദ്യത്തെയും അവസാനത്തെയും നിയോഗമാണെന്ന് ഈ തെണ്ടികൾക്ക് അറിയില്ലല്ലോ.
ജോൺ പൊട്ടിച്ചിരിച്ചു. അതൊരു സാധാരണചിരിയായിരുന്നില്ല. ഒരുപാട് അർത്ഥങ്ങൾ ഒളിപ്പിച്ചുവച്ച ഒരു ശബ്ദസാഗരമായി ഇപ്പോഴും അത് മനസ്സിൽ മുഴങ്ങുന്നു.
ചിത്രാഞ്ജലിയിലെ അന്നത്തെ പണികൾക്കിടെ സന്ധ്യാനേരത്തോടടുത്തപ്പോൾ ജോൺ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. മാഷെ ഒരു പത്തു രൂപ താ.
ജോണിന്റെ മുഖത്ത് ഒരു ജാള്യതയുമുണ്ടായിരുന്നില്ല.
ഞാൻ പത്തു രൂപ എടുത്തു കൊടുത്തു.
മാഷും എന്റെ കൂടെ വരൂ എന്നായി.
ഞാൻ ബൈക്കെടുത്ത് ജോണിന്റെ കൂടെച്ചെന്നു.
ജോൺ ചാരായക്കടയിലേക്ക് നടക്കുന്നു.
പടിഞ്ഞാറൻ കടലിലേക്ക് ചായുന്ന കുങ്കുമസൂര്യനെപ്പോലെ ജോൺ ചാരായത്തിന്റെ സ്ഫടികജലത്തിലേക്ക് ഇതാ അസ്തമിക്കാൻ പോകുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത ഞാനോർത്തു.ഇവനെ ഞാനറിയുന്നില്ല ദൈവമേ. ഇവനു കാവലാൾ ഞാനല്ല ദൈവമേ.▮

(ഡോ. ദീപേഷ് കരിമ്പുങ്കര തയാറാക്കിയ പ്രൊഫ. ടി. ശോഭീന്ദ്രന്റെ ഓർമക്കുറിപ്പുകളടങ്ങിയ "മോട്ടോർ സൈക്കിൾ ഡയറീസ്- ജോണിനൊപ്പം' എന്ന പുസ്തകം മാതൃഭൂമി ബുക്‌സ് ഉടൻ പ്രസിദ്ധീകരിക്കും)


ഡോ. ദീ​പേഷ്​ കരിമ്പുങ്കര

എഴുത്തുകാരൻ, അധ്യാപകൻ. വിജയൻമാഷ് ഓർമ്മ പുസ്തകം, ഇലകൾ പച്ച പൂക്കൾ മഞ്ഞ, മലയാളികളുടെ മാർക്കേസ്, കഥപറഞ്ഞു പറഞ്ഞ് കഥയായൊരാൾ, തിരകാഴ്ചയിലെ പുതുലോകങ്ങൾ, മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം, മരുഭൂമിയിലെ മറുജീവിതങ്ങൾ, മൊളക്കാൽമുരുവിലെ രാപകലുകൾ എന്നിവ പ്രധാന പുസ്തങ്ങൾ

പ്രൊഫ. ടി. ശോഭീന്ദ്രൻ

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, അധ്യാപകൻ. അമ്മ അറിയാൻ (1986) ഷട്ടർ (2013), എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

Comments