ആരതിയുടെ സുഹൃത്തും അധ്യാപികയും രക്ഷകർത്താവും എല്ലാമായ പ്രൊഫ. ഇമ്രാന ഖദീറാണ് രേവതി ലോളിന്റെ ‘അനാട്ടമി ഓഫ് ഹേറ്റ്'വായിക്കാൻ നിർദേശിക്കുന്നത്. രേവതി ലോളിനെ നേരിട്ടല്ലെങ്കിലും എൻ.ഡി. ടി.വി.റിപ്പോർട്ടർ എന്ന നിലയിൽ അറിയാമായിരുന്നു. ഗുജറാത്തിന്റെ അനുഭവങ്ങളാകട്ടെ പല ഘട്ടങ്ങളിലും കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും,‘‘ലോകം മുഴുവൻ തകർന്ന് തരിപ്പണമാകാൻ പോവുകയാണ് എന്നതിന്റെ സൂചനകൾ പലതും അബ്ദുൽ മജീദിന് ലഭിച്ചിരുന്നുവെങ്കിലും ‘കിച്ചഡി'യാണ് അത് പൂർണമായും ഉറപ്പിച്ചത്’’എന്ന ആദ്യ വരിയിൽ നിലംപരിശായി. സുരേഷിന്റെയും ദൻഗറിന്റെയും പ്രണവിന്റെയും ഫർസാനയുടെയും അബ്ദുൽ മജീദിന്റെയും ജീവിതം കൺമുന്നിലൂടെ സഞ്ചരിച്ചു. പലപ്പോഴും കൺനിറഞ്ഞ് വായന തടസപ്പെട്ടു. ചിലപ്പോൾ ക്ഷോഭം കൊണ്ട് തളർന്നു. ചിലപ്പോൾ അസഹ്യമായി വേദനിച്ചു. അവസാനം ഇര എന്ന നിലയിലുള്ള അവരുടെ ജീവിതത്തിന്റെ അവസ്ഥകളും അനുഭവങ്ങളും പലകുറി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് അബ്ദുൽ മജീദിനെ പോലുള്ളവർ തളർന്നു. വീണ്ടും ഇതേ കഥകൾ അന്വേഷിച്ച് വരുന്നവരോട് അവർക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.
‘ഞങ്ങൾക്കുനേരെ നോക്കണ്ട. ഞങ്ങൾക്കിനി ഒന്നും പറയാനില്ല. അവർക്ക് നേരെ നോക്കൂ.'എന്ന വരിയിലെത്തിയപ്പോൾ അസാധാരണമായ ഒരു വ്യക്തത വന്നു. ഇതാണ് ചെയ്യേണ്ടത്. അവരുടെ നേരെ നോക്കണം. ബി.ജെ.പി.യ്ക്ക് വോട്ടുചെയ്ത സൈക്കിൾ റിക്ഷക്കാരനെ മനസിലാകണമെങ്കിൽ അവർക്കുവേണ്ടി കലാപത്തിൽ പങ്കെടുക്കുന്ന മനുഷ്യരുടെ ജീവിതം കാണണം. നമ്മുടെ നിരാശകളിൽ നിന്ന് കണ്ണാടി മാറ്റി അവരുടെ ജീവിതത്തിലേയ്ക്ക് നോക്കണം. എന്താണ് അവരെ നിർമിക്കുന്നത്? രേവതി ലോൾ പറയുന്നത് അതാണ്. അതാണ് ഈ പുസ്തകം.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമാണ് ഗുജറാത്ത് വംശഹത്യയും അതിനെ തുടർന്നുള്ള രാഷ്ട്രീയനീക്കങ്ങളും. 21-ാം നൂറ്റാണ്ടിലേയ്ക്ക് ഇന്ത്യ പ്രവേശിച്ചത് ആ വെറുപ്പിന്റെ വ്യാപനത്തോടെയാണ്. അതിന്നും കൂടുതൽ വളർച്ചയോടെ തുടരുന്നു. എതിർരാഷ്ട്രീയങ്ങൾ അപ്രസക്തമാകുന്ന തരത്തിൽ അതിതീവ്ര ഹൈന്ദവതയുടെ രാഷ്ട്രീയ പദ്ധതി വിജയിക്കുന്ന കാലത്ത് നാം ആദ്യം അറിയേണ്ടത് അതിന്റെ അണികളെ തന്നെയാണ് എന്നുള്ളതിൽ ഒരു സംശയവുമില്ല. ഗുജറാത്തിൽ ഒരോ തവണ പോകുമ്പോഴും നരോദപാട്യയും ഗുൽബർഗ ഹൗസിങ് സൊസൈറ്റിയും സന്ദർശിക്കുമ്പോഴും ജംഗ്പൂരയിലും മറ്റും ഇപ്പോഴും കഴിയുന്ന ഇരകളെ കാണുമ്പോഴും അവർക്ക് നീതി നേടിക്കൊടുക്കാൻ ചെറുവിരൽ അനക്കാൻ കഴിയാത്ത നമ്മുടെ ജീവിതം എന്താണ് എന്ന ചോദ്യം കുറ്റബോധമായി ഉയരാറുണ്ട്. അതുകൊണ്ടുതന്നെ വെറുപ്പിന്റെ വ്യാപനം കൊണ്ട് അവർ വലയിലാക്കുന്ന മനുഷ്യരാരാണ് എന്ന കാഴ്ച അതീവ പ്രാധാന്യം അർഹിക്കുന്നതാണ്.
ഗുജറാത്ത് വംശഹത്യാക്കാലത്ത് ഹന്ന ആരെന്റിന്റെ ‘ബനാലിറ്റി ഓഫ് ഈവ്ൾ' എന്ന ആശയത്തെക്കുറിച്ച് അറിയില്ലായിരുന്നു. വർഷങ്ങൾക്കുശേഷമാണ് ഹിറ്റ്ലറുടെ ജൂത കൂട്ടക്കൊലയ്ക്ക്, ‘ഹൊളോകോസ്റ്റി'ന്, നേതൃത്വം വഹിച്ചവരിൽ ഒരാളായ അഡോൾഫ് ഐഖ്‌മന്റെ വിചാരണയെക്കുറിച്ച് എഴുതി ബനാലിറ്റി ഓഫ് ഈവ്ൾ അഥവാ ‘തിന്മയുടെ സർവസാധാരണത്വം' എന്ന എന്ന ആശയം ഹന്ന ആരെൻറ് വിശദീകരിക്കുന്നത് വായിക്കുന്നത്. ലക്ഷക്കണക്കിന് ജൂതരെ കൊല്ലുന്നതിനും പീഡിപ്പിക്കുന്നതിനുമായി കോൺസെട്രേഷൻ കാമ്പുകളിലേയ്ക്ക് എത്തിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന നാസി ഓഫീസറാണ് ഐഖ്മൻ. ഹിറ്റ്ലറുടെ മരണത്തിനും നാസി ജർമനിയുടെ വീഴ്ചയ്ക്കും ശേഷം ഒളിവിൽ താമസിച്ചിരുന്ന ഐഖ്മനെ പിടികൂടി വിചാരണ നടത്തുമ്പോൾ താൻ വെറുമൊരു ഓഫീസറായിരുന്നുവെന്നും കൃത്യമായും മേലധികാരികളുടെ നിർദേശം അനുസരിക്കുക മാത്രമായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. കുട്ടികളോടൊത്ത് കളിക്കുന്ന, കുടുംബത്തിനും നാട്ടുകാർക്കും വേണ്ടപ്പെട്ട ആളായ, നന്നായി ജോലി ചെയ്യുന്ന, ദൈവഭയമുള്ള ഒരാളായിരുന്നു ഐഖ്മൻ. ജൂതരെയും സ്വവർഗാനുരാഗികളെയും രോഗികളെയും കമ്യൂണിസ്റ്റുകാരെയും ഭിന്നശേഷിക്കാരെയും ജിപ്‌സികളെയും അടക്കം ദശലക്ഷക്കണക്കിന് മനുഷ്യരെ കൊല്ലാനായി തിരഞ്ഞെടുത്ത് കൊണ്ടുപോയിരുന്ന മനുഷ്യൻ തിന്മയുടെ മൂർത്തിയോ ക്രൂരതകളുടെ സമ്മേളന ഇടമോ അല്ല. കൃത്യമായി ജോലിക്കു പോകുന്ന, കുടുബത്തിനൊത്ത് ബാക്കി സമയം ചെലഴിക്കുന്ന ഒരാളായിരുന്നു. എങ്ങനെയാണ് അത്തരത്തിൽ ഒരു സാധാരണക്കാരൻ ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയുടെ നടത്തിപ്പുകാരനാകുന്നത്?
ഇന്ത്യയിലിന്ന് നമ്മൾ ചുറ്റും നോക്കുമ്പോൾ ഏറ്റവുധികം കാണുന്നത് ‘ബനാലിറ്റി ഓഫ് ഈവ്ൾ'ആണ്, മുഷിപ്പിക്കുന്ന വിധം സർവസാധാരണമായ തിന്മ. പോലീസ് പിന്തുടർന്ന് പോയി വെടിവെച്ച് കൊന്നിട്ട ദരിദ്രനും അസഹായനുമായ ഒരു മുസ്ലിമിന്റെ ശരീരത്തിനുമേൽ ചാടിത്തുള്ളുന്ന ഒരു ഫോട്ടോ ജേണലിസ്റ്റ് നമ്മുടെ വീട്ടിലും കുടുംബത്തിനും ഹൗസിങ് കോളനിയിലും ഗ്രാമത്തിലും സൗഹൃദസംഘങ്ങളിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സർവസാധാരണക്കാരാനായുണ്ട്. നരോദപാട്യയിലെ കൊലപാതങ്ങൾക്ക് മേൽനോട്ടം വഹിച്ച മായാ കോട്‌നാനി ആ പ്രദേശത്തുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെ ഭൂമിയിലേയ്ക്ക് പ്രവേശിപ്പിക്കാൻ ഇടനില നിന്ന ഗൈനക്കോളജിസ്റ്റായിരുന്നു. നാട്ടുകാർക്ക് സുപരിചിതയായ ഡോക്ടർ. അഥവാ ഹന്ന ആരെൻറിനെ ഇക്കാലത്ത് വീണ്ടും വിശദീകരിക്കുകയാണ് രേവതി ലോൾ അനാട്ടമി ഓഫ് ഹേറ്റിലൂടെ.
ഒരു നൂറ്റാണ്ടിനപ്പുറത്തുള്ള ഹിന്ദുത്വയുടെ പ്രവർത്തനം പഠിക്കുമ്പോൾ, ഏഴരവർഷത്തോളമായുള്ള അവരുടെ ഫാസിസ്റ്റ് ഭരണം കാണുമ്പോൾ, രേവതി ലോളിന്റെ വാക്കുകളുടെ കനം കൂടിക്കൂടി കൂടി വരും. ‘അക്രമാസക്തമായ ആൾക്കൂട്ടങ്ങളെക്കു റിച്ചുള്ള ഏറ്റവും ഭയാനകമായ കാര്യം, അവരുടെ പ്രവർത്തനരീതി നമുക്കറിയില്ല എന്നതല്ല; നമുക്കറിയാം എന്നതാണ്.'
‘വെറുപ്പിന്റെ ശരീരഘടന’ എന്ന പുസ്തകത്തിലെ ആദ്യ അധ്യായം
ലോകം മുഴുവൻ തകർന്ന് തരിപ്പണമാകാൻ പോവുകയാണ് എന്നതിന്റെ സൂചനകൾ പലതും അബ്ദുൽ മജീദിന് ലഭിച്ചിരുന്നുവെങ്കിലും ‘കിച്ച്ഡി'യാണ് അത് പൂർണമായും ഉറപ്പിച്ചത്. 2002 ഫെബ്രുവരി 28-ന് ഉച്ചതിരിഞ്ഞ നേരമായിരുന്നു അത്. ഒരു വൻ ജനകൂട്ടം നരോദാപാട്യ വളഞ്ഞുകഴിഞ്ഞിരുന്നു. ഒരു വീടിന്റെ മുകളിൽ ഒളിച്ചിരിക്കുമ്പോഴാണ് ജയ് ഭവാനി അവനെ കണ്ടുപിടിച്ച് സംസാരിക്കാൻ വന്നത്.
‘മജീദ് ഭായ്'- അവൻ പറഞ്ഞു; ‘‘നിങ്ങളാരും രാവിലെ മുതൽ ഒന്നും കഴിച്ചുകാണില്ലല്ലോ. താഴെയിറങ്ങി വന്ന് നിങ്ങടെ അടുക്കളേന്ന് കറിയുണ്ടാക്കുന്ന വലിയ പാത്രങ്ങളെടുത്തിട്ട് വാ. ഞാൻ നിങ്ങൾക്കുവേണ്ടി നല്ല തൈരിന്റെ ‘കിച്ച്ഡി' ഉണ്ടാക്കിത്തരാം.''
‘‘തൈരിന്റെ കിച്ച്ഡിയോ? തൈരിന്റെ കിച്ച്ഡി! '' ചാടിയെഴുന്നേറ്റ് മജീദ് ചോദിച്ചു, ‘‘അത് ശവമടക്കിനല്ലേ ഉണ്ടാക്കുക?''- അവനപ്പോഴേയ്ക്കും പെട്ടെന്ന് ഉടലാകെ വിറയ്ക്കുന്ന ഒരു പേടി തോന്നി.
‘‘അതേ'', ജയ് ഭവാനി പറഞ്ഞു, ‘‘നീയെല്ലാം ചാവാൻ പോവുകയാണ്''.
മജീദ് പടികളിറങ്ങി ഓടി. ഭാര്യയെയും കുഞ്ഞുങ്ങളെയും ഭാര്യയുടെ അമ്മയെയും വീടിന്റെ തൊട്ടുപുറകിലുള്ള അമ്പലത്തിൽ അടച്ചിട്ടായിരുന്നു അവനിവിടെ വന്നിരുന്നത്. അവിടെയാകുമ്പോൾ ജയ്ഭവാനിക്ക് അവരെ സുരക്ഷിതരാക്കാനാകുമെന്നായിരുന്നു അവന്റെ പ്രതീക്ഷ. നല്ല ബന്ധത്തിലുള്ള അയൽപക്കബന്ധങ്ങളെ വിശ്വസിക്കാമെന്നാണ് അവൻ കരുതിയത്.
അവരെ അവിടെ നിന്ന് മജീദ് വെപ്രാളപ്പെട്ട് രക്ഷപ്പെടുത്തി, അവരൊരുമിച്ച് ഓടാൻ തുടങ്ങി. വേറിട്ടും. ആ തെളിഞ്ഞ പകൽവെളിച്ചത്തിലും സർവതും ഇരുട്ടിലായി. തീസ്ര കുവാ, അഥവാ മൂന്നാം കിണറിനടുത്ത് ഒരു കൂനയ്ക്ക് മുകളിലാണ് മജീദ് കിടന്നിരുന്നത്. അവന്റെ തലക്കുപുറകിൽ വാൾ പോലെയെന്തോ തറച്ചിരിക്കുന്നുണ്ടായിരുന്നു. ബോധത്തിനും അബോധത്തിനും ഇടയിൽ അടുത്തുള്ള പാർക്കിൽ നിന്ന് മോള് ‘അബ്ബാ... അബ്ബാാാാാ' എന്നുകരഞ്ഞ് വിളിക്കുന്നത് അയാൾ കേട്ടു. എഴുന്നേറ്റ് അവളുടെ അരികിൽ മജീദ് എത്തിയപ്പോഴേയ്ക്കും അവളുടെ ഉടൽ മരവിച്ചിരുന്നു. ആറ് മക്കൾ, ഗർഭിണിയായ ഭാര്യ, ഭാര്യയുടെ അമ്മ എന്നിവരെ മജീദിനന്ന് നഷ്ടപ്പെട്ടു. തിരിഞ്ഞുനോക്കുമ്പോൾ, ആ ദിവസത്തിന് തലേന്നേ സൂചനകൾ ഉണ്ടായിരുന്നുവെന്നും താനത് മനസിലാക്കാതിരുന്നതാണെന്നും മജീദിനറിയാം.
സൂചനകളുണ്ടായിരുന്നു. മെയ്ൻ റോഡിലെ ബസുകളുടെ ഇരമ്പുന്ന ശബ്ദത്തിൽ നിന്നകന്ന്, തെരുവിന്റെ മൂലയിൽ ഓട്ടോ ഡ്രൈവർമാരും കച്ചവടക്കാരും അഹമ്മദാബാദിന്റെ ഈ പ്രദേശത്ത് അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നത് അവൻ യദൃശ്ചയാ കേട്ടതാണ്. വിശ്വഹിന്ദു പരിഷദ് അഥവാ വി.എച്ച്.പി.യുടെ 59 വോളണ്ടിയർമാർ തീവണ്ടിയിൽ ചുട്ടെരിക്കപ്പെട്ടതിന്റെ പ്രതികാരം ഗുജറാത്തിലുടനീളം തീപോലെ പടരുകയാണെന്ന് അവൻ കേട്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഗോധ്രയിലാണ് തീവണ്ടിയുടെ ബോഗിക്ക് തീപിടിച്ചത്. ഗോധ്ര വളരെ ദൂരയാണെന്ന് -അഹമ്മദാബാദിന്റെ വ്യാവസായിക പുറംപോക്കായ നരോദാപാട്യയിൽ നിന്ന് 130 കിലോമീറ്ററോളം അകലെ- മജീദിനോടാരോ പറഞ്ഞു. അതുകൊണ്ട് തന്നെ, കാര്യം ഇതുമൊരു മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഇടമാണെങ്കിലും, ഈ ഭയപ്പാടൊക്കെ വെറുതെയാണെന്നാണ് മജീദ് കരുതിയത്. പക്ഷേ, ഹിന്ദുക്കൾ കൊല്ലപ്പെട്ടു എന്ന വസ്തുതയെക്കുറിച്ചും അവൻ പിന്നെയാലോചിച്ചു. മുസ്ലിംകളെ എല്ലായിടത്തും ഒരു പാഠം പഠിപ്പിക്കാനുള്ള സമയമായെന്ന് അവർ തീരുമാനിച്ചാലെന്തു ചെയ്യും? സൂചനകളെ എങ്ങനെ വായിക്കണം എന്നതിനെക്കുറിച്ച് മജീദിന് ഉറപ്പില്ലായിരുന്നുവെങ്കിലും ഉച്ചയ്ക്കുശേഷമുള്ള വാർത്തകൾ കാര്യങ്ങൾ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനിലെ സ്റ്റാളുകളിൽ വിൽക്കുന്ന ഗുജറാത്തി പത്രം‘സന്ദേശി’ന്റെതലക്കെട്ട് ‘ചോരയ്ക്ക് ചോര' എന്ന് ആേക്രാശിച്ചു.
അന്നുരാത്രി തന്റെ പലചരക്ക് കടയുടെ, ഉച്ചത്തിൽ കരയുന്ന ഇരുമ്പ് ഷട്ടർ വലിച്ച് താഴ്ത്തുന്നതിനിടെ മുപ്പത്തഞ്ച് ലിറ്ററിന്റെ വലിയ ബാരൽ ജയ്ഭവാനി കഷ്ടപ്പെട്ട് ചുമന്ന് കൊണ്ടുപോകുന്നത് മജീദ് കണ്ടു.
‘ചാരായമാണോ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നേ', മജീദ് ചോദിച്ചു.
‘അല്ല ഭായീ, ഇത് ശരിക്കും പെട്രോളാണ്’, ജയ് ഭവാനി മറുപടി പറഞ്ഞു.
അത് തീർച്ചയായും കൃത്യമായ അപായസൂചനയായിരുന്നു. അത്രമാത്രം പെട്രോൾ അയാളെന്തിന് കൊണ്ടുപോകണം? പക്ഷേ, പിറ്റേദിവസത്തെ ‘കിച്ച്ഡി'യാണ് കാര്യങ്ങൾ കൃത്യമായും മനസിലാക്കി തന്നത്. ജയ് ഭവാനിയും സുഹൃത്തുക്കളും മജീദിന്റെ കുടുംബത്തെ കൊന്ന് തീസ്ര കുവായിൽ മൃതദേഹം വലിച്ചെറിഞ്ഞ് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ‘അവർ മദ്യവും ലഘുഭക്ഷണങ്ങളുമായി തയ്യാറെടുപ്പോടെയാണ് വന്നത്'- പിന്നീട് മജീദ് ഓർത്തെടുത്തു. പതിനഞ്ച് വർഷത്തിലേറെ ആവർത്തിച്ച് പറഞ്ഞ് പറഞ്ഞ് മജീദിന്റെ വിവരണങ്ങൾക്ക് ഇപ്പോൾ മൃതദേഹങ്ങളുടെ മരവിപ്പാണുള്ളത്. ഭാര്യയുടെ അമ്മയുടെ പൊളിയിസ്റ്റർ സാരി തീയിൽ എങ്ങനെയാണ് ഉരുകിപ്പോയതെന്നും രണ്ട് പെൺമക്കൾ- അഫ്രീൻ ബാനുവും ഷഹീൻ ബാനുവും- അവരുടെ അമ്മൂമ്മയെ കെട്ടിപ്പിടിച്ചിട്ടായിരുന്നു കരിഞ്ഞ് കരിക്കട്ടയായ നിലയിലും കിടന്നിരുന്നത് എന്നും മറ്റുമുള്ള വിവരണങ്ങൾ നിർവികാരമായിരുന്നു.
അതേ ദിവസം തീസ്ര കുവായ്ക്കരികിൽ കൗസർബീയെയും ആൾക്കൂട്ടം വളഞ്ഞു. ഏത് ദിവസവും പ്രസവിക്കാൻ പാകത്തിന് നിറഗർഭിണിയായിരുന്നതിനാൽ കൗസർബീയ്ക്ക് ഓടാനായില്ല. അവളുടെ ഭർത്താവ് ഫിറോസ് ഭായ് റോഡിന്റെ മറ്റേ വശത്തായിരുന്നു. തീയും ഭ്രാന്തുപിടിച്ച ആൾക്കൂട്ടവും നിറഞ്ഞ റോഡ് കടന്നിപ്പുറം വരുന്നത് അസാധ്യവുമായിരുന്നു. പിന്നീട് ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ പോയപ്പോഴാണ്, മുടന്തൻ സുരേഷും ബാബു ബജ്രംഗിയും ജയ് ഭവാനിയും ഗുഡ്ഡു ബാരയും ചേർന്ന് അവളെ കൊന്നതും വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനെയും വാളുകൊണ്ട് വെട്ടിക്കൊന്നതുമെല്ലാം ഫിറോസ് അറിഞ്ഞത്. കൗസർബീയുടെ മൃതദേഹം കണ്ടാൽ തന്നെ ഈ വിവരണങ്ങളൊക്കെ ശരിയായിരുന്നുവെന്ന കാര്യത്തിൽ സംശയമുണ്ടാകില്ലായിരുന്നു. പോരാത്തതിന്, കുറച്ചപ്പുറം മൃതദേഹങ്ങളുടെ ഒരു കൂമ്പാരത്തിൽ മരിച്ചപോലെ കിടപ്പുണ്ടായിരുന്ന, അവരുടെ 14 വയസുള്ള മരുമകൻ ജാവേദ് എല്ലാം കണ്ടിരുന്നു. എട്ടുവർഷത്തിന് ശേഷം അവനതെല്ലാം കോടതിയിൽ വിശദീകരിച്ചു.
അന്നുമുതൽ ഫിറോസ് ഭായ് എല്ലാദിവസവും സ്വപ്നത്തിൽ കൗസർബീയോട് സംസാരിക്കുന്നുണ്ട്. ‘ഞങ്ങൾ രണ്ടുപേരും ഒരേപോലെയിരുന്നു, ശരിക്കും ഒരേ പോലുള്ള മനുഷ്യർ'- ഫിറോസ് പറയുന്നു. അന്ന് മുതലെല്ലാ വർഷവും കൗസർബീയുടെ ഖബറ് ഫിറോസ് പൂകൊണ്ട് അലങ്കരിക്കും. ചുവന്ന റോസാ പൂക്കൾ. വിവാഹത്തിന്റന്ന് അവൾ ധരിച്ചിരുന്നത് അതിമനോഹരമായ ചുവന്ന സൽവാർ കമ്മീസ് ആയിരുന്നു.
28-ന്റെ അക്രമം അതീജീവിച്ചവരിൽ ഒരാൾക്ക് പതിമൂന്ന് വർഷമെടുത്തു താനുമൊരു ഇരയായിരുന്നുവെന്ന് മനസിലാക്കാൻ. അവളുടെ ആരും അന്ന് അക്രമത്തിൽ മരിച്ചിരുന്നില്ല. അവൾ യഥാർത്ഥത്തിൽ അക്രമിക്കൂട്ടങ്ങളിലൊരാളുടെ ഭാര്യയായിരുന്നു. അബ്ദുൽ മജീദിന്റെ കുടുംബത്തെയും കൗസർബീയെയും കൊന്ന ആൾക്കൂട്ടത്തിലൊരാളുടെ. അയാളുടെ പേര് സുരേഷ് ജഡേജ എന്നായിരുന്നു. ഒരു കാലിന് സ്വാധീനക്കുറവുള്ളതുകൊണ്ടുതന്നെ ആ പ്രദേശങ്ങളിലയാൾ അറിയപ്പെട്ടിരുന്നത് സുരേഷ് ലംഗഡാ അഥവാ മുടന്തൻ സുരേഷ് എന്നാണ്.
അക്രമങ്ങളുടെ തലേദിവസം, സുരേഷിന്റെ ഭാര്യയ്ക്ക് പനിയായിരുന്നു. പരിസരങ്ങളിലുള്ള ഒരു ഡോക്ടറുടെ ക്ലിനിക്കിൽ നിൽക്കുമ്പോഴാണ് സബർമതി എക്‌സ്പ്രസിന്റെ എസ് 6 കോച്ച് കത്തിയ വിവരം അവരറിയുന്നത്. ഉത്തർപ്രദേശിൽ ഒരു മതപ്രചാരണത്തിന് പോകുന്ന ഹിന്ദുക്കളായിരുന്നു- മിക്കവാറും പേർ വി.എച്ച്.പി.ക്കാർ- ആ കോച്ചിലുണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷ പട്ടണമായ ഗോധ്രയിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആരോ തീവണ്ടിയുടെ അപായ ചങ്ങല വലിച്ച് വണ്ടി നിർത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ അതേ ചൊല്ലി ഒരു സംഘർഷം ഉണ്ടാവുകയും എസ് 6 ബോഗി ആരോ തീയിടുകയും ചെയ്തു.
ആ ഡോക്ടറുടെ ഭാര്യയും മകളും അതേ ട്രെയിനിലുണ്ടായിരുന്നു. തീപിടിച്ച കമ്പാർട്ട്‌മെന്റിലല്ല ഉണ്ടായിരുന്നത് എന്നത് എത്ര ഭാഗ്യമായി എന്നവർ വിവരിച്ചു. കണ്ട കാഴ്ചകളുടെ ഒരിക്കലും ഉണങ്ങാത്ത വൃണങ്ങളെ കുറിച്ചവർ പറഞ്ഞു. കരിഞ്ഞ മൃതദേഹങ്ങളെപ്പറ്റിയും അതിന്റെ ദുർഗന്ധത്തെപ്പറ്റിയും പറഞ്ഞു. അപ്പോഴുണ്ടായ ഭയപ്പാടിനെക്കുറിച്ചും ജീവനും കൊണ്ട് ഓടിയതിനെക്കുറിച്ചും.
ക്ലിനിക്കിൽ നിന്ന് തിരികെ പോകുമ്പോൾ സുരേഷ് ദേഷ്യം കൊണ്ട് ജ്വലിക്കുകയായിരുന്നു. മുസ്ലിംകളാണ് ഇത് ചെയ്തതെങ്കിൽ അവരെ ഞാൻ വെറുതെ വിടില്ല- ഭാര്യയോടയാൾ പറഞ്ഞു.
‘തീയിൽ പെട്ട് മരിച്ചുപോയ മനുഷ്യരെ കുറിച്ചാലോചിക്ക്, കൊന്നവരെ കുറിച്ചല്ല'- സുരേഷിന്റെ ഭാര്യ പേടിച്ച് വിറച്ചുകൊണ്ട് മറുപടി പറഞ്ഞു. അവളുടെ പേര് ഫർസാന ബാനു എന്നായിരുന്നു, അവൾ മുസ്ലിമാമായിരുന്നു.
തിരികെ വീട്ടിലെത്തിയ ഉടനെ അയൽക്കാരനും ഇളയച്ഛനുമായ ജയന്തിഭായിയോട് തന്റെ ക്ഷോഭം സുരേഷ് പങ്കിട്ടു. ‘നീ വെറുതെ ഇതിലൊന്നും പോയി തലയിടണ്ട, കുടംബം നോക്കി വീട്ടിലിരി', സുരേഷിന്റെ കോപം തണുപ്പിക്കാൻ ഇളയച്ഛൻ ഒരു വൃഥാശ്രമം നടത്തി.
അടുത്ത ദിവസം രാവിലെ പ്രാതലിന് റൊട്ടിയുണ്ടാക്കാനായി ഗോതമ്പുപൊടി വാങ്ങാൻ ഫർസാന പുറത്തിറങ്ങി. ഒൻപതുമണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. മിക്കവാറും കടകൾ ഒന്നുകിൽ തുറന്നിട്ടില്ല, അല്ലെങ്കിൽ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വി.എച്ച്.പി. ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്, ആരും അതിനെ ലംഘിക്കാൻ ധൈര്യപ്പെടുന്നില്ല. കുറച്ചുദൂരെ ആൾക്കൂട്ടം വലുതായി വലുതായി വരുന്നത് ഫർസാന കണ്ടു. ഒരു കടക്കാരൻ അവളെ കണ്ട് അത്ഭുതപ്പെട്ടുകൊണ്ട് വിളിച്ചുപറഞ്ഞു: ‘‘വേഗം വീട്ടിൽ പോ. പ്രശ്‌നമുണ്ടാകാൻ പോവുകയാണ്.'' തിരികെ വീട്ടിലേയ്‌ക്കോടിയെത്തി സുരേഷിനോട് കണ്ടതെല്ലാം അവൾ പറഞ്ഞു. ‘‘നീ ഇവിടെ തന്നെ നിൽക്ക്, ഞാൻ പോയി നോക്കിയിട്ട് വരാം'' -സുരേഷ് പറഞ്ഞു. മക്കളോട് രണ്ടുപേരോടും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് പറഞ്ഞ് അവൾ, വീടിന്റെ നേരെ എതിര് താമസിക്കുന്ന, ജയന്തിഭായിയുടെയും ഭാര്യ രാധാ ബെന്നിന്റെയും വീട്ടിലേയ്‌ക്കോടി. എല്ലാവരും രാധാ ബെന്നിന്റെ ധാബയുടെ മുകളിൽ കേറി നിന്ന് അപ്പുറം തെരുവിൽ നടക്കുന്നതെന്താണെന്ന് വ്യക്തമായി കാണാൻ തീരുമാനിച്ചു. റോഡിന്റെ മറുവശത്ത് നിന്ന് സുരേഷിന്റെ അനുജൻ രാജുവിന്റെ മേൽ ഒരു സോഡാകുപ്പി വന്നുവീഴുന്നത് ഫർസാന കണ്ടു. അവന്റെ നെറ്റി മുറിഞ്ഞു. ജയന്തി ബെൻ മരുമകനെ രക്ഷിക്കാൻ വേഗം റോഡിലേയ്ക്ക് ഓടി.
ഫർസാന റോഡിൽ നിന്ന് കണ്ണെടുത്തില്ല. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു വലിയ മുളവടിയുമായി സുരേഷ് പ്രത്യക്ഷപ്പെടുന്നതും ഒരു ഓട്ടോറിക്ഷ തല്ലി തകർക്കുന്നതും അവൾ കണ്ടു. അപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു കൂട്ടം മുസ്ലിം പെൺകുട്ടികൾ അവരുടെ ദിശയിലേയ്ക്ക് ഓടി വരുന്നത് അവളുടെ ശ്രദ്ധയിൽപെട്ടത്. നെഞ്ചത്ത് ഖുറാൻ അടുക്കിപിടിച്ച് അണച്ചും ദാഹിച്ചും ഭയന്നും അവർ ജയന്തി ഭായിയുടെ വീട്ടിലേയ്ക്ക് ഓടിവരികയായിരുന്നു. അതിരാവിലെ ഖുറാൻ ക്ലാസിനടുത്തുള്ള മദ്രസയിൽ പോയതാകും അവരെന്ന് ഫർസാന ഈഹിച്ചു. അടുത്ത വീട്ടിൽ സുരക്ഷിതരായിരിക്കുന്ന മകൾ റിച്ചി*യുടെ അതേ പ്രായമായിരിക്കും- ഒൻപത് വയസ്- അവർക്കെന്നും അവളോർത്തു. അവൾ മുകളിൽ നിന്ന് ചാടിയിറങ്ങി രാധാ ബെന്നിനൊപ്പം ആ കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു.
ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് സുരേഷ് തിരിച്ച് വരുന്നതുവരെ അവരവിടെ ഇരുന്നു. അയാളുടെ ഷർട്ട് വിയർപ്പിൽ കുതിർന്നിരുന്നു. ‘കുറേ പേർ മരിച്ചു. കുറേ പേരെ തീ കൊളുത്തി'-ഫർസാനയോട് പറഞ്ഞ് തുടങ്ങിയപ്പോഴാണ് സ്ക്കൂൾ കുട്ടികൾ അയാളുടെ ശ്രദ്ധയിൽപെട്ടത്. ‘ഇതുങ്ങളെ അരിഞ്ഞ് തള്ളണം'- അയാൾ പൊട്ടിത്തെറിച്ചു. പക്ഷേ അമ്മാവന്റെ വീടായതുകൊണ്ട് അയാൾക്കൊന്നും ചെയ്യാനായില്ല. ജയന്തി ഭായ് ഉടനെ തന്നെ ചുറ്റുമതിലിന് എതിർവശത്തുള്ള സംസ്ഥാന പോലീസിന്റെ കരുതൽ പോലീസ് സേന ക്വാർട്ടേഴ്സിന്റെ സുരക്ഷയിലേയ്ക്ക് കുട്ടികളെ കൊണ്ടുപോയി.
സുരേഷ് തികച്ചും വ്യത്യസ്തമായ ഒരു ഭാവത്തിൽ ഫർസാനയെ നോക്കി. ‘നീ വേഗം പോയി ഒരു വലിയ സിന്ദൂരം നെറ്റിയിൽ തൊടണം, മനസിലായോ?' മുസ്ലിമായ ഭാര്യ ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുമോ എന്ന വേവലാതിയുള്ള ഭർത്താവായി അയാൾ മാറി. മുസ്ലിമായിരിക്കും അവൾ; അത് രണ്ടാമതാണ്. ആദ്യത്തേത് ഭാര്യയാണ് എന്നുള്ളതാണ്. ഭാര്യയ്ക്ക് നിർദേശം നൽകിക്കഴിഞ്ഞ ഉടനെ സുരേഷ് വീണ്ടും ആൾക്കൂട്ടത്തിനൊപ്പം ചേരാൻ പുറത്തേയ്ക്ക് പോയി.
കുറച്ച് മണിക്കൂറുകൾക്കുശേഷം സ്വന്തം ചേരിയിൽ നിന്ന് ഒരു മഹാപ്രയാണം ഫർസാന കണ്ടു. ഇടറാത്ത ഒരു പ്രവാഹം പോലെ ആളുകൾ റോഡിനപ്പുറം പോയി ഉപേക്ഷിക്കപ്പെട്ട വീടുകളിൽ നിന്ന് ടി.വി.യും ഫ്രിഡ്ജും ഏറ്റവും ചുരുങ്ങിയത് ഓട്ടുരുളികളോ സ്റ്റീൽ പാത്രമോ എടുത്ത് തിരിച്ച് വീടുകളിലേയ്ക്ക് വരുന്നു. ഫർസാനയും അവർക്കൊപ്പം പോയി. പക്ഷേ പാതിവഴിയിൽ ഒരു കാഴ്ചകണ്ട് അവൾ തിരികെ വീട്ടിലേയ്ക്ക് ഓടി. ഉപേക്ഷിക്കപ്പെട്ട ഒരു സൈക്കിളിന്റെ ചക്രത്തിന്മേൽ ഒരു തല കുടുങ്ങി കിടക്കുന്നതാണ് അവൾ കണ്ടത്. ശരീരം ഇല്ലാത്ത ഒരു തല.
ഫർസാനയ്ക്കുണ്ടായ അതേ ഉൾപ്രേരണയാണ് പത്തുവയസുകാരൻ ഗുഡ്ഡുവിനും ഉണ്ടായത്. തെരുവിൽ എരിയുന്ന നരകാഗ്നി ടി.വി.യിൽ കണ്ട അമിതാഭ് ബച്ചൻ സിനിമ അഗ്നിപഥിലേതുമായി താരതമ്യപ്പെടുത്താൻ അവൻ ശ്രമിച്ചു. പക്ഷേ അത് വിജയിച്ചില്ല. ആൾക്കൂട്ടത്തിനെതിരെയുള്ള വശത്തേയ്ക്ക് അവൻ ഓടാൻ തുടങ്ങി. ഒരു ജനാലയ്ക്കുള്ളിൽ നിന്ന് തിരമാല പോലെ കട്ടിപ്പുക പുറത്തുവരുന്ന ദൃശ്യം കണ്ടാണ് അവൻ നിന്നത്. പുല്ലുമേഞ്ഞ, മണ്ണുകൊണ്ടുള്ള ഒരു കുടിലിന്റെ ജനാലയായിരുന്നു അത്. അതിനകത്ത് മരക്കാലിൽ ഒരു സ്ത്രീയുടെ കത്തുന്ന ശരീരം കെട്ടിയിട്ടുണ്ടായിരുന്നു. ആ സ്ത്രീ നിന്ന് കത്തുകയായിരുന്നു. പാദത്തിൽ നിന്ന് തീ ആളിക്കത്തുന്നു. സാരി കത്തിപ്പടരുന്നു. അവരുടെ കണ്ണ് തുറന്ന് തന്നെയാണ് ഇരുന്നത്. പക്ഷേ കനത്ത നിശ്ശബ്ദതയായിരുന്നു. അവരുടെ നിലവിളി ജീവനൊപ്പം നേരത്തേ നിലച്ചിരുന്നു. പക്ഷേ ആ കണ്ണുകൾ അവനെ തറച്ചുനോക്കി. അവൻ തിരികെ വീട്ടിലേയ്ക്ക് ഓടി.
ആ ദൃശ്യങ്ങൾ അവനെ പിന്തുടർന്നുകൊണ്ടിരുന്നു. അവ അവനെ ഉറങ്ങാൻ സമ്മതിച്ചില്ല. നിയന്ത്രണമില്ലാതെ അവൻ കരഞ്ഞുകൊണ്ടിരുന്നു. തെരുവിൽ നടന്ന അറുംകൊല അവന്റെ തെറ്റാണെന്നായിരുന്നു അവന് തോന്നിയത്. അവന്റെ അമ്മ വീടിന് പുറത്തിറങ്ങരുത് എന്നവനോട് പറഞ്ഞതായിരുന്നു, പക്ഷേ അവൻ കേട്ടില്ല. രണ്ടുവർഷം മുമ്പുണ്ടായ ഒരു മാനസികാഘാതത്തെ ഈ ദിവസത്തെ സംഭവങ്ങൾ വർധിപ്പിച്ചു. രണ്ടുവർഷം മുമ്പൊരു ദിവസം അവന്റെ അമ്മൂമ്മ ഗുഡ്ഡുവിനോട് വെള്ളം നിറച്ച മൺകൂജ കട്ടിലിനരികിലേയ്ക്ക് നീക്കിവയ്ക്കാൻ പറഞ്ഞു. അവൻ അതെടുത്തപ്പോൾ കൈയിൽ നിന്ന് തെന്നി നിലത്ത് വീണ് കൂജയും പൊട്ടി, വെള്ളവും പോയി. അന്ന് വൈകി അമ്മൂമ്മ മരിച്ചു. വീട്ടിൽ കൂടിയ മുതിർന്നവർ പറഞ്ഞു- ‘ഗുഡ്ഡു ആ കൂജ പൊട്ടിച്ചില്ലായിരുന്നുവെങ്കിൽ അവരിപ്പോഴും ജീവനോടെ ഉണ്ടായേനെ' എന്ന്.
അടുത്തുള്ള ചേരിയിൽ തന്റെ ഭയത്തെ എങ്ങനെയെങ്കിലും അടക്കാനുള്ള ശ്രമത്തിലായിരുന്നു ഫർസാന. അതോടൊപ്പം ഇതൊരു അവസരമായി കണക്കാക്കുന്ന സുരേഷിന്റെ വീട്ടുകാരുടെ ആവേശത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവൾക്കറിയില്ലായിരുന്നു. അന്നത്തെ കൊള്ളമുതലുമായി രാധാ ബെൻ വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഫർസാന തിരികെ ഓടിയതിനെ ഒന്ന് കളിയാക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ‘എന്തൊരു പേടിത്തൊണ്ടിയാണ്! ആ കണ്ടതൊന്നും ശ്രദ്ധിക്കാതെ പിന്നേം പോകേണ്ടതായിരുന്നു'. അവർ പറഞ്ഞു.
രാത്രി ഏതാണ്ട് പതിനൊന്നരയോടെയാണ് സുരേഷ് തിരികെ വീട്ടിലെത്തിയത്. അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. അസഹ്യമായ ദുർഗന്ധവുമുണ്ടായിരുന്നു. ഫർസാന അയാൾക്ക് റൊട്ടിയും ഉള്ളിയും തക്കാളിയും കൊണ്ടുള്ള കറിയും അത്താഴത്തിന് നൽകി. അത് കഴിച്ചുകൊണ്ടിരിക്കേ വീടിന് പുറത്തിറങ്ങിയതിന് അയാൾ അവളെ ചീത്തപറഞ്ഞുകൊണ്ടേയിരുന്നു. ‘നിന്നെയും അവർ ലക്ഷ്യം വയ്ക്കാമെന്ന് എന്താണ് നിന്റെ തലയിൽ കേറാത്തത്? ഇപ്പോ തന്നെ വി.എച്ച്.പി.ക്കാര് നിന്നെ അന്വേഷിക്കുന്നുണ്ട്.' സുരേഷ് ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് പറഞ്ഞു. ‘അവര് പറയുന്നത് എന്റെ വീട്ടിൽ ഒരു മുസ്ലിമുണ്ട് എന്നാണ്. നീ നമ്മളിലൊരാളാണ് ഇപ്പോ എന്ന് അവരോട് ഞാൻ പറഞ്ഞിട്ടുണ്ട്; നെറ്റിയിൽ സിന്ദൂരമൊക്കെയിട്ടാണ് എപ്പോഴും നടക്കുന്നത് എന്നും. അങ്ങനെയാണെങ്കിൽ നിന്നെ തൊടില്ല എന്നാ പറഞ്ഞിട്ടുള്ളത്.'
രാത്രി വളരെ വൈകിയിരുന്നു. ആ പ്രദേശത്തൊന്നും കറന്റുമില്ലായിരുന്നു.
ജയന്തി ഭായിയുടെ വീടിന്റെ മുകളിലെ വാടക മുറിയിലായിരുന്നു അവരപ്പോൾ താമസിച്ചിരുന്നത്. അവരുടെ വീടപ്പോൾ പുതുക്കി പണിയുകയായിരുന്നു. ഒരു മൺ വിളക്ക് കൊളുത്തിവച്ച് രാത്രി ഉറങ്ങാനുള്ള ശ്രമം ഫർസാന ആരംഭിച്ചപ്പോഴേയ്ക്കും അയാൾ പറഞ്ഞു, വീട്ടിലന്ന് രാത്രി താമസിക്കുന്നത് ബുദ്ധിയാകില്ല. സുരേഷിന്റെ അച്ഛനമ്മമാർക്കൊപ്പം ഫർസാനയും മക്കളും പുറത്തെ പാടത്ത് കിടന്നാൽ മതിയെന്ന്. രാത്രി മുസ്ലിംകൾ പ്രതികാരത്തിന് വന്നാലോ എന്ന് കരുതി ആ തെരുവിലാരും അന്ന് വീടുകളിൽ ഉറങ്ങിയിരുന്നില്ല.
പുറത്തേയ്ക്ക് പോകുന്നതിനുമുമ്പ് സുരേഷ് ഫർസാനയെ വീടിന്നകത്തേയ്ക്ക് വലിച്ച് കയറ്റി അവളുടെ മേലേയ്ക്ക് കയറി. ‘അയാളെ അപ്പോഴും വല്ലാതെ നാറുന്നുണ്ടായിരുന്നു': ആ രാത്രി ഓർത്തെടുത്തപ്പോൾ അവൾ മുഖംകോട്ടി.
അയാൾ മേലേയ്ക്ക് പടർന്ന് കയറിയപ്പോൾ മുഖം തിരിച്ച അവളോട് സുരേഷ് പറഞ്ഞു: ‘ആഹാ, നിനക്കിപ്പോൾ എന്നെ വേണ്ടാതായല്ലേ?'
‘അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല. പക്ഷേ ഇതിന്റെ എല്ലാം നടുവിലെങ്ങനെയാ? നമുക്ക് പെട്ടന്ന് പുറത്തേയ്ക്കിറങ്ങി ഓടേണ്ടി വന്നാലോ? ആരെങ്കിലും ഇടയ്ക്ക് കേറിവന്നാൽ നമ്മളെങ്ങനെയാണ് ഈ കോലത്തിൽ ഓടുക?'
അയാൾ ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞപ്പോൾ ഫർസാനയ്ക്ക് സുരേഷ് ഒരു കഠാരി കൊടുത്തു.
‘ഞാനൊരു പ്രാണിയെ പോലും കൊന്നിട്ടില്ല, ഇത് വച്ച് ഞാനെന്ത് ചെയ്യാനാണ്?'- അവൾ ചോദിച്ചു.
‘നിന്റെ പരിസരത്തേയ്ക്കു പോലും ഏതെങ്കിലും മുസ്ലിംകൾ വന്നാൽ ഇത് പള്ളേൽ കയറ്റിക്കോണം'- അയാൾ പറഞ്ഞു.
സ്തബ്ദയായി അവൾ നിൽക്കുമ്പോൾ ചെവിയിൽ പൊട്ടിച്ചിരികൾ മുഴങ്ങി. ഫർസാനയ്ക്ക് കത്തി നൽകിയത് ഭയങ്കര തമാശയായാണ് സുരേഷിന്റെ കുടുംബത്തിന് തോന്നിയത്. അവർ മുസ്ലിംകളെ കുറിച്ചുള്ള അവഹേളന വാക്ക് വിളിക്കുന്നത് കേട്ടു; ‘ഖാജി'. താത്ത!
‘‘താത്തയ്ക്ക് കത്തി പേടിയാണ്... ഹാ! ഹാ! ഹാ!''.
അവൾ അകത്തേയ്ക്ക് പോയി. അവിടെ മൊത്തം ഇരുട്ടായിരുന്നു.
ആൾക്കൂട്ടം ചെറുതായി ചെറുതായി ഒരു തുള്ളിപോലെ ആയ സമയത്താണ് റോഡിനപ്പുറം ജീവിച്ചിരുന്ന ഷേഖ് മോയുദ്ദീൻ ഒരു കാഴ്ച കണ്ടത്. അയാളുടെ തലയിൽ നിന്ന് ആ ദൃശ്യം ഒരുകാലത്തും മാഞ്ഞുപോയില്ല. അഞ്ചുവയസുള്ള നിലോഫറും ഷാരൂഖും ഷഹ്‌സാദും തെരുവിൻ ആൾക്കൂട്ടത്തിനിടയിൽ സുഹൃത്തുക്കൾക്കും കുറച്ച് മുതിർന്ന മനുഷ്യർക്കുമിടയിൽ നിന്ന് നൃത്തം ചെയ്യുന്നു. അവളുടെ മൊട്ടത്തല താലത്തിൽ വച്ചിരിക്കുന്ന തേങ്ങപോലെ ആടുന്നത് കാണാം. കഴിഞ്ഞ ആഴ്ചകളിൽ തീയേറ്ററിൽ കളിച്ചിരുന്ന പുതിയ സിനിമ -കഭി ഖുശി കഭി ഖം-യിലെ പാട്ട് ഹിന്ദുക്കൾ നടത്തിയിരുന്ന ധാബകളിൽ ഉച്ചത്തിൽ വച്ചിരുന്നു.
അഹമ്മദാബാദ് നഗരത്തിലുനീളം ഭ്രാന്ത് പിടിച്ചിരിക്കുമ്പോൾ ചില കുഞ്ഞുങ്ങളെ ഈ ആൾക്കൂട്ടം വെറുതെ വിടുന്നത് മനുഷ്യാതീതമായ എന്തോ ആണെന്ന് മോയുദ്ദീന് തോന്നി. അവിടെ ലോകത്ത് സംഭവിച്ചതിനെ കുറിച്ചൊന്നും ഒരു അറിവുമില്ലാതെ തീറ്റയും കുടിയും നടക്കുകയാണ്.
അക്രമിക്കൂട്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും ഭയാനകമായ കാര്യം
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 56 ൽ പ്രസിദ്ധീകരിച്ച് ലേഖനം