ജോർജ് പെരക്ക് / Photo : Wikimedia Commons

അമ്പരപ്പുകൾ നിറഞ്ഞ ഒരുപിടി കഥകളുടെ വലിയ പാർപ്പിടം

ആദ്യ വായനയിലും വർഷങ്ങൾക്കുശേഷമുള്ള പുനർവായനകളിലും അമേയമായ ഭാവനാപ്രപഞ്ചം കണ്ട കൃതികളിലൊന്നാണ്​ ഫ്രഞ്ച് നോവലിസ്റ്റായ ജോർജ് പെരക്കിന്റെ ‘ലൈഫ് എ യൂസേഴ്‌സ് മാനുവൽ'. തന്റെ പ്രിയ പുസ്​തകത്തെക്കുറിച്ചെഴുതുന്നു, നോവലിസ്​റ്റുകൂടിയായ ലേഖകൻ.

റ്റവും പ്രിയ നോവൽ എന്ന ഒരു കാര്യം എന്റെ ജീവിതത്തിൽ ഇല്ല, ഇഷ്ടങ്ങളിലെ ഏറ്റങ്ങൾ വേഗം മാറിമറിയുന്നതുമൂലമാണ്.

എന്നാൽ, ആദ്യ വായനയിലും വർഷങ്ങൾക്കുശേഷമുള്ള പുനർവായനകളിലും അമേയമായ ഭാവനാപ്രപഞ്ചം കണ്ട കൃതികളിലൊന്ന്​ ഫ്രഞ്ച് നോവലിസ്റ്റായ ജോർജ് പെരക്കിന്റെ ‘ലൈഫ് എ യൂസേഴ്‌സ് മാനുവൽ' (1978)ആണ്. പെരക്ക് തന്റെ രചനയെ നോവൽ എന്നല്ല, നോവലുകൾ എന്നാണ്​ വിശേഷിപ്പിച്ചത്. അമ്പരപ്പുകൾ നിറഞ്ഞ ഒരുപിടി കഥകളുടെ വലിയ പാർപ്പിടമാണ് ആ നോവൽ. (ഇംഗ്ലീഷ് പരിഭാഷ ഡേവിഡ് ബെല്ലോസ്). ഒരു പഴയ അപ്പാർട്ട്‌മെന്റിലെ വിവിധ ഫ്ലാറ്റുകളിൽ പല കാലങ്ങളിലായി ജീവിച്ചുപോയ വ്യത്യസ്തരായ മനുഷ്യരുടെ ജീവിതമാണ് ഓരോ കഥയായി പറയുന്നത്. ഇതിലെ ഭാവനയുടെയും ജ്ഞാനത്തിന്റെയും വ്യാപ്തി, ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, അപാരമാണ്, അസാധ്യമാണ്.

ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടയിലാണ് ഈ കഥ നടക്കുന്നത്. കോടീശ്വരനായ ഒരു ഇംഗ്ലീഷുകാരന്​ ചിത്രകല പഠിക്കാൻ അതിയായ മോഹമുണ്ടാകുന്നു. 10 വർഷം അയാൾ ജലച്ചായാ ചിത്രരചന ഒരു ചിത്രകലാ അധ്യാപകനെ വച്ച് പഠിക്കുന്നു. എന്നിട്ട് 20 വർഷം നീണ്ട കപ്പൽയാത്ര നടത്തുന്നു. ഓരോ തുറമുഖത്തും രണ്ടാഴ്ച ചെലവിട്ട് അയാൾ ഒരു ചിത്രം വരച്ച് അതു പാർസലാക്കി പാരിസിലേയ്ക്ക് അയയ്ക്കുന്നു. നാട്ടിൽ അയാളുടെ സെക്രട്ടറി ഈ ചിത്രങ്ങൾ ഓരോ ജിഗ്‌സോ പസിൽ ആക്കിമാറ്റുന്നു. ഇത്തരത്തിൽ 500 ജലച്ചായാചിത്രങ്ങൾ 500 പസിലുകളാക്കുന്നു. കപ്പൽയാത്ര കഴിഞ്ഞ്​ പാരിസിലെ അപാർട്ട്‌മെന്റിൽ തിരിച്ചെത്തിയ ഇംഗ്ലീഷുകാരൻ ശിഷ്ടകാലം ഈ പസിലുകൾ കൂട്ടിയോജിപ്പിച്ച് കഴിയുന്നതാണ് നോവലിന്റെ കഥാഘടനയെന്നുപറയാം.

ഈ ഘടനയ്ക്കകത്തുനിന്ന് പെരക്ക് പറയുന്ന കഥകളിലൊന്നിൽ പ്രത്യക്ഷപ്പെടുന്ന സിനോക് എന്നൊരു മനുഷ്യനുണ്ട്. ‘വേഡ് കില്ലർ' എന്നാണ് അയാൾ സ്വയം വിശേഷിപ്പിക്കുന്നത്. പ്രശസ്തമായ നിഘണ്ടു പ്രസാധകസ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു അയാൾ. പത്രാധിപസമിതിയിലെ മറ്റുള്ളവർ പുതിയ വാക്കുകൾ സമാഹരിക്കുമ്പോൾ, സിനോക് പുതിയ വാക്കുകൾക്ക് ഇടമൊരുക്കാൻ കാലഹരണപ്പെട്ട വാക്കുകൾ നിഘണ്ടുവിൽ നിന്നു നീക്കംചെയ്യുന്ന ജോലിയാണ്​ചെയ്തിരുന്നത്. 1965-ൽ 53 വർഷത്തെ സേവനത്തിനുശേഷം പിരിയുമ്പോൾ അയാൾ പതിനായിരക്കണക്കിനു വാക്കുകൾ നിഘണ്ടുവിൽനിന്ന്​നീക്കംചെയ്തുകഴിഞ്ഞിരുന്നു- ഉപകരണങ്ങൾ, സങ്കേതങ്ങൾ, വിശ്വാസങ്ങൾ, ചൊല്ലുകൾ, പാത്രങ്ങൾ, കളികൾ, കളിപ്പേരുകൾ, അളവുകൾ, തൂക്കങ്ങൾ എന്നിങ്ങനെ കാലഹരണപ്പെട്ട ഒരുപാടു കാര്യങ്ങൾ. ഡസൻകണക്കിനു ദ്വീപുകളെയും നൂറുകണക്കിനു നഗരങ്ങളെയും പുഴകളെയും ഭൂപടത്തിൽ നിന്നില്ലാതായ ആയിരക്കണക്കിനു പട്ടണങ്ങളെയും അയാൾ വെട്ടിനീക്കി. വിവിധയിനം പക്ഷികൾ, പ്രാണികൾ, പാമ്പുകൾ, മീനുകൾ, ചെടികൾ, പഴങ്ങൾ എന്നിവയും പുരോഹിതർ, എഴുത്തുകാർ, സേനാപതികൾ, ദൈവങ്ങൾ, പിശാചുക്കൾ എന്നിവരെയും അയാൾ നിഘണ്ടുവിനുപുറത്തേയ്ക്ക്, നിത്യമായ വിസ്മൃതിയിലേയ്ക്കു പറഞ്ഞുവിട്ടു.

ഒരു സ്‌നേഹിതൻ പറഞ്ഞു, ഇപ്പോൾ അധികമൊന്നും വായിക്കാൻ വയ്യ. ഏതെങ്കിലും ഒരു പുസ്തകം നിർദേശിക്കുമെങ്കിൽ, ഞാൻ അതുമാത്രം ശ്രദ്ധിച്ചുവായിക്കാം. നല്ല പ്രലോഭനമാണ്. ഒരു പുസ്തകം മാത്രം ശ്രദ്ധിച്ചുവായിക്കുക. അതുമാത്രം പിന്തുടരുക. പക്ഷേ, അതൊരുതരം മിഥ്യ കൂടിയാണ്.

ജോലിയിൽനിന്ന്​ വിരമിച്ചശേഷവും സിനോക് വെറുതെയിരുന്നില്ല. അധികമാരും വായിച്ചിട്ടില്ലാത്ത അരിസ്റ്റോട്ടിൽ, പ്ലിനി തുടങ്ങിയവരുടെ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ച് വായന ആരംഭിച്ചു. ആ രചനകളിൽ കാണുന്ന അപൂർവപദങ്ങൾ എഴുതിവയ്ക്കാനും തുടങ്ങി. വിസ്മൃതമായ വാക്കുകളുടെ ഒരു നിഘണ്ടു ഉണ്ടാക്കുകയായി അപ്പോൾ അയാളുടെ ലക്ഷ്യം. ഇത്തരത്തിൽ, സാധാരണക്കാരായ മനുഷ്യരുടെ അസാധാരണമായ പ്രവൃത്തികളാണ്​ ഫിക്ഷനെ ഉണ്ടാക്കുന്നതെന്ന എന്റെ വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു പെരക് ആ നോവലിൽ നിർമിച്ച ലോകം.

ആയിരത്തൊന്നു രാവുകളിലേതുപോലെ സാധാരണക്കാരായ മനുഷ്യർ, പക്ഷേ അവരുടെ വഴികൾ അവരെ വലിയ കഥകളിലേയ്ക്കാണ് എത്തിക്കുന്നത്. ലോകം ചിലപ്പോൾ നമുക്കു മൂടൽമഞ്ഞുപോലെ അനുഭവപ്പെടുന്നു. അടുത്ത നിമിഷം അത് വ്യക്തവും വിശാലവുമായി കാണപ്പെടുന്നു. ഒരു സ്‌നേഹിതൻ പറഞ്ഞു, ഇപ്പോൾ അധികമൊന്നും വായിക്കാൻ വയ്യ. ഏതെങ്കിലും ഒരു പുസ്തകം നിർദേശിക്കുമെങ്കിൽ, ഞാൻ അതുമാത്രം ശ്രദ്ധിച്ചുവായിക്കാം. നല്ല പ്രലോഭനമാണ്. ഒരു പുസ്തകം മാത്രം ശ്രദ്ധിച്ചുവായിക്കുക. അതുമാത്രം പിന്തുടരുക. പക്ഷേ, അതൊരുതരം മിഥ്യ കൂടിയാണ്.

വായനക്കാരുടെ ജീവിതം അവരുടെ വായനയില്ലായ്മ കൂടിയാണ്. പുസ്തകമില്ലാത്ത സമയം അവർ ചെയ്യുന്ന ജോലികൾ, കടന്നുപോകുന്ന സംഘർഷങ്ങൾ, ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ, അനുഭവിക്കുന്ന ആഹ്ലാദങ്ങൾ എന്നിവയെല്ലാം വായനയില്ലായ്മ എന്നയാഥാർഥ്യത്തെ നിർമിക്കുന്നു / Photo : unsplash.com

ബൽസാക്കിനെക്കുറിച്ചുളള കാർലോസ് ഫുവന്റസിന്റെ ലേഖനം ആരംഭിക്കുന്നത്, ‘ഞാൻ ബൽസാക്കിൽ വിശ്വസിക്കുന്നു' എന്ന പ്രഖ്യാപനത്തോടെയാണ്. ആ വാക്യം ഇങ്ങനെയാണ്- ‘സെർവാന്റസും ഫോക്‌നറും കഴിഞ്ഞാൽ ഞാൻ ബൽസാക്കിൽ വിശ്വസിക്കുന്നു'. മൂന്നു വിശ്വാസങ്ങൾ ഒന്നാകുന്ന ആ വാക്യം എനിയ്ക്ക് ഇഷ്ടമായി.

ഒരാൾ മറ്റൊരാളെ വിശ്വസിച്ചുതുടങ്ങുന്നത് അയാൾ തനിക്കൊപ്പമാണ് എന്ന ബോധ്യത്തിൽനിന്നാണ്. ദൈവം തനിക്കൊപ്പമുണ്ട് എന്ന ബോധ്യം പോലെ ഫിക്ഷൻ തനിക്കൊപ്പമുണ്ടെന്ന ബോധ്യവും ഒരാളെ മരണത്തെ അഭിമുഖീകരിക്കാൻ പ്രാപ്തനാക്കുന്നുണ്ട്. ഒരാൾ തന്റെ മരണത്തിനു തൊട്ടുമുൻപുവരെ പ്രാർഥിക്കുക മാത്രമല്ല വായിക്കുകയും ചെയ്യുന്നു.

ലൈഫ് എ യൂസേഴ്‌സ് മാനുവൽ എനിയ്ക്ക് കഥയുടെ അനുഭൂതി മാത്രമല്ല, എഴുത്തിന്റെ ഹരം കൂടി പകർന്നുതന്നു. ഒരൊറ്റക്കഥയല്ലാതെ, പലതരം കഥകളെ ഒരു പ്ലാറ്റ്‌ഫോമിലേയ്ക്കു കൊണ്ടുവന്ന് (നോവലിൽ ഈ പ്ലാറ്റ്‌ഫോം പഴയ ഒരു അപാർട്ട്‌മെന്റാണ്) പുതിയ ഒരു ജീവപ്രപഞ്ചം ഉണ്ടാക്കുന്നതിലെ അതിശയം ആയിരുന്നു അത്.

എന്നാൽ വായനക്കാർ, തങ്ങൾ വായിക്കുന്ന പുസ്തകം മാത്രമല്ലെന്നും നമുക്കറിയാം. വായനക്കാരുടെ ജീവിതം അവരുടെ വായനയില്ലായ്മ കൂടിയാണ്. വായനക്കാർ അവർ വായിച്ച പുസ്തകം അല്ലെന്നതുപോലെ, എഴുത്തുകാർ അവർ എഴുതിയ പുസ്തകവുമല്ല.

ഫിക്ഷൻ വായിക്കുന്ന ഒരാൾക്ക് ദുഃഖത്തെയോ സ്മരണകളെയോ പുറത്തിട്ട് അടയ്ക്കാനാവില്ല. ഒരു കഥാപാത്രത്തിന്റെ അനുഭവങ്ങൾ അയാൾക്ക് അകലെയായി തോന്നുകയില്ല, തനിക്കുള്ളിലാണ് അതു സംഭവിക്കുന്നതെന്ന് അവർ അറിയുന്നു. എന്തൊരു വലിയ യാഥാർഥ്യമാണത്. ഈ അനുഭൂതി മണ്ഡലമാണ് അവർക്ക്​പരമാനന്ദനം നല്കുന്നതെന്ന് എനിയ്ക്കു തോന്നുന്നു.

എന്നാൽ വായനക്കാർ, തങ്ങൾ വായിക്കുന്ന പുസ്തകം മാത്രമല്ലെന്നും നമുക്കറിയാം. വായനക്കാരുടെ ജീവിതം അവരുടെ വായനയില്ലായ്മ കൂടിയാണ്. പുസ്തകമില്ലാത്ത സമയം അവർ ചെയ്യുന്ന ജോലികൾ, കടന്നുപോകുന്ന സംഘർഷങ്ങൾ, ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ, അനുഭവിക്കുന്ന ആഹ്ലാദങ്ങൾ എന്നിവയെല്ലാം വായനയില്ലായ്മ എന്നയാഥാർഥ്യത്തെ നിർമിക്കുന്നു. ഈ സങ്കീർണതയെ ജയിക്കുകയാണോ നല്ല പുസ്തകം ചെയ്യുന്നത്? നല്ല വായനക്കാർ നല്ല മനുഷ്യരായിരിക്കുമെന്ന പ്രതീക്ഷ അങ്ങനെ ജനിക്കുന്നതാണ്.

വായനക്കാർ അവർ വായിച്ച പുസ്തകം അല്ലെന്നതുപോലെ, എഴുത്തുകാർ അവർ എഴുതിയ പുസ്തകവുമല്ല. ഒരിക്കൽ സൂസൻ സൊന്റാഗിനോട് ഒരാൾ ചോദിച്ചു, ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആരാണ്. സൊന്റാഗ് പറഞ്ഞു, ഒരു പേരു മതിയെങ്കിൽ, അത് ഷെയ്ക്‌സ്പിയർ ആണ്. ചോദ്യകർത്താവിന് ആ മറുപടി തൃപ്തിയായില്ല- നിങ്ങൾ ഷെയ്ക്‌സ്പിയർ എന്നു പറയുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല എന്ന് അയാൾ പറഞ്ഞു.
‘ദൈവമേ! അതെന്തുകൊണ്ടാണ്’, സൊന്റാഗ് ചോദിച്ചു.
കാരണം, അയാൾ പറഞ്ഞു, നിങ്ങൾ ഷെയ്ക്‌സ്പിയറെപ്പറ്റി ഒന്നും എഴുതിയിട്ടില്ല. ‘അപ്പോൾ ഞാൻ എഴുതിയതാണോ ഞാൻ?' എന്ന് സൂസൻ സൊന്റാഗ് അമ്പരന്നു. ‘സിംഗിൾനസ്' എന്ന പേരിൽ അവർ എഴുതിയ ഒരു ലേഖനം ഈ വിഷയമാണ്​ ചർച്ച ചെയ്യുന്നത്.

താനും താനെഴുതിയതും രണ്ടാണെന്ന് സൊന്റാഗ് പറയുന്നു. തന്നിലുള്ളതെല്ലാം എഴുത്തായി മാറുന്നില്ല. തനിക്കു കഴിയുന്നതുമാത്രമാണ്​ താനെഴുതുന്നത്.
ഒരു പുസ്തകം എഴുതിക്കഴിയുന്നതോടെ അത്​ പൂർണമാകുന്നു. എന്നാൽ എഴുതിയ ആളോ തുടരുന്നു. അയാൾ / അവൾ കൃതിയിൽനിന്ന് പുറത്തേയ്ക്കു വീണ്ടും സഞ്ചാരം തുടരുന്നു. ഒരാളുടെ സൃഷ്ടിയും അയാളും തമ്മിലുള്ള ഈ വേർപാട് പ്രശ്‌നപൂർണമാണെന്നു നമുക്കറിയാം. നിങ്ങൾ ഒരുവായനക്കാരൻ / വായനക്കാരി ആണെന്നോ എഴുത്തുകാരൻ / എഴുത്തുകാരി ആണെ​ന്നോ പറഞ്ഞ് മുഴുവൻ സമയം അടച്ചിരുന്നാൽ വീട്ടിൽനിന്നും നാട്ടിൽനിന്നും നിങ്ങൾ പുറത്താകും. അതുകൊണ്ട്​ കൃതിയോ ജീവിതമോ- രണ്ടിലൊന്ന്​ നിങ്ങൾ തിരഞ്ഞെടുക്കണമെന്നു പറഞ്ഞത് യേറ്റ്‌സാണ്. പറ്റില്ല, കൃതിയും ജീവിതവും, രണ്ടും കളയാനില്ലെന്നു നാം പറയും. രണ്ടും ബാലൻസ് ചെയ്യുകയല്ലേ നല്ലത് എന്നാണു മറ്റൊരു വാദം. എന്നാൽ ഒരാൾ, തന്റെ കൃതി മാത്രമാകുമ്പോൾ, അതിനുപുറത്ത് അവർക്കു കാലുപൊള്ളുമ്പോൾ എന്തു സംഭവിക്കും? കലാനുഭവത്തിന്റെ ആനന്ദത്തിൽ സ്വയം എരിഞ്ഞടങ്ങുന്ന മാർഗമാണത്.

വായിക്കുന്ന ഒരാൾക്ക് ദുഃഖത്തെയോ സ്മരണകളെയോ പുറത്തിട്ട് അടയ്ക്കാനാവില്ല. ഒരു കഥാപാത്രത്തിന്റെ അനുഭവങ്ങൾ അയാൾക്ക് അകലെയായി തോന്നുകയില്ല, തനിക്കുള്ളിലാണ് അതു സംഭവിക്കുന്നതെന്ന് അവർ അറിയുന്നു / Photo : xuanlocxuan, instagram

‘ലൈഫ് എ യൂസേഴ്‌സ് മാനുവലി'ൽ ഒരു ട്രപ്പീസു കലാകാരന്റെ കഥ പറയുന്നുണ്ട്. അയാളുടെ കലാഭ്യാസം കാണാൻ ജനക്കൂട്ടം തിങ്ങിക്കൂടുമായിരുന്നു. യൗവനത്തിൽ അയാൾ യൂറോപ്പിലെയും ഉത്തര ആഫ്രിക്കയിലെയും മധ്യ പൗരസ്ത്യ ദേശത്തെയും പ്രധാന നഗരങ്ങളിലെല്ലാം ട്രപ്പീസിൽ വിസ്മയങ്ങൾ കാട്ടി. ചെല്ലുന്നിടത്തെല്ലാം ജനക്കൂട്ടത്തെ രസിപ്പിച്ചു. എന്നാൽ പ്രായം ചെല്ലുന്തോറും അയാൾ ട്രപ്പീസിൽ ചെലവഴിക്കുന്ന സമയം വർധിച്ചു. കലാപ്രകടനം മതിയാവാത്ത അവസ്ഥ. തന്റെ പെർമോഫൻസ് പൂർണമായില്ലെന്ന തോന്നലിൽ അതുതുടർന്നുകൊണ്ടേയിരിക്കുക. ഭക്ഷണം കഴിക്കുന്നതും മുഖം മിനുക്കുന്നതും മയങ്ങുന്നുമെല്ലാം ട്രപ്പീസിലിരുന്നുതന്നെ. മറ്റു പരിപാടികൾ അരങ്ങിൽ നടക്കുമ്പോൾ വേദിയുടെ ഒരു മൂലയിൽ ട്രപ്പീസിൽ അയാളുണ്ടാകും. ഒടുവിലാകുമ്പോൾ അതിൽനിന്നിറങ്ങുന്നതും കാറിലേക്കോ റൂമിലേക്കോ തിരിച്ചെത്തുന്നതും അയാൾക്കു സഹിക്കാൻ കഴിയാത്ത കാര്യമായി. ഒരുനഗരത്തിലെ വേദിയിൽനിന്ന് മറ്റൊരു നഗരത്തിലേയ്ക്കു ചെന്നാൽ അയാൾ നേരെ ട്രപ്പീസിലേക്കാണു പോകുക. അവിടെ കഴിയുന്ന സമയം മാത്രം അയാൾ ഏറ്റവും സന്തോഷഭരിതനായി കാണപ്പെട്ടു. ഒരു ദിവസം ഷോ കഴിഞ്ഞിട്ടും അയാൾ ട്രപ്പീസിൽനിന്നിറങ്ങാൻ വിസ്സമ്മതിച്ചു. കാണികൾ ഓരോരുത്തരായി പുറത്തേയ്ക്കിറങ്ങുകയായിരുന്നു. മാനേജരും സഹപ്രവർത്തകരും ചെന്ന് എത്ര അപേക്ഷിച്ചിട്ടും അയാൾ വഴങ്ങിയില്ല. അതിനിടെ ട്രപ്പീസിൽനിന്നു താഴേയ്ക്കിറങ്ങാൻ ഉപയോഗിക്കുന്ന കയറും അയാൾ മുറിച്ചുകളഞ്ഞു. എന്നിട്ട് എല്ലാവരും അന്തം വിട്ടുനിൽക്കേ, നിർത്താതെയുള്ള അഭ്യാസം ആരംഭിച്ചു. പുറത്തേയ്ക്കുപോകുകയായിരുന്നവരിൽ ഒരു സംഘം അതു കാണാൻ തിരികെയെത്തി. രണ്ടുമണിക്കൂറോളം നീണ്ട ആ പ്രകടനം കണ്ട് കുറേപ്പേർ ബോധംകെട്ടുവീണ്ടു. ഒടുവിൽ പൊലീസ് എത്തി. അയാളെ താഴെയിറക്കാനായി ഒരു വലിയ ഏണി കൊണ്ടുവന്നു. ചിലർ അതു വിലക്കിയെങ്കിലും പൊലീസ് വകവച്ചില്ല. ലാഡറിലൂടെ ഒരാൾ കയറാൻ തുടങ്ങിയതും ട്രപ്പീസ് കലാകാരൻ തന്റെ കൈ വിട്ടു. നൂറടിയോളം ഉയരത്തിൽനിന്നു അയാൾ താഴേയ്ക്കുവീണുചിതറി.
കലയും കലാകാരനും തമ്മിലുള്ള വിഭജനം ഇല്ലാതാകുന്ന അപകടകരമായ നിലയെപ്പറ്റിയുള്ള പെരക്കിന്റെ ഈ കഥ യഥാർഥത്തിൽ നോവലിസ്റ്റ് കാഫ്കയിൽനിന്ന് എടുത്തതാണ്. ഒരു ഫേബിൾ എന്ന നിലയ്ക്ക്.

കാഫ്ക അവസാനമായി പ്രസിദ്ധീകരണത്തിന് ഒരുക്കിയ കഥാസമാഹാരമായ A Hunger Artist ൽ ഒരു കഥ ട്രപ്പീസിൽനിന്ന് താഴെയിറങ്ങാത്ത ഒരു കലാകാരനെപ്പറ്റിയാണ്. സർക്കസ് കാണാൻ വരുന്നവർ അങ്ങനെയൊരു മനുഷ്യൻ അരങ്ങിലുണ്ടെന്നു ക്രമേണ ശ്രദ്ധിക്കാതാവുന്നു. അങ്ങനെ കലാകാരൻ തിരസ്‌കൃതനായി, വിസ്മൃതനായി, എല്ലാവരുടെയും നടുവിൽ തന്നെ ഇല്ലാതാകുന്നു. പെരക്കിൽ ഈ മനുഷ്യൻ കലാസ്വാദകരുടെ കൺമുന്നിൽ ജീവനൊടുക്കുകയാണ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


അജയ് പി. മങ്ങാട്ട്

മാധ്യമപ്രവർത്തകൻ, നോവലിസ്റ്റ്, വിവർത്തകൻ. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments