പത്രവാർത്തകളിലൂടെയാണ് ലിബിയ എന്ന രാജ്യത്തെക്കുറിച്ച് ആദ്യം അറിഞ്ഞത്. വായിച്ച വാർത്തകൾ ഒട്ടും ശുഭകരവുമായിരുന്നില്ല. ലിബിയൻ തീരത്ത് നടക്കുന്ന ബോട്ടപകടത്തിന്റെ വാർത്തകളായിരുന്നു അവയെല്ലാം. അപകടം എന്ന രീതിയിലാണ് വാർത്തകൾ വന്നിരുന്നതെങ്കിലും അവയിൽ വലിയൊരു പങ്കും ആസൂത്രിത കൊലപാതകങ്ങളായിരുന്നു എന്നതാണ് വാസ്തവം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് മനുഷ്യക്കടത്തു നടത്തുന്ന നിരവധി സംഘങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങളിലൊന്നാണ് ലിബിയൻ തലസ്ഥാനമായ ട്രിപ്പോളി. മെഡിറ്ററേനിയൻ കടലിലൂടെ 355 കിലോമീറ്റർ സഞ്ചരിച്ചാൽ യൂറോപ്യൻ നഗരമായ മാൾട്ടയിലെത്താം എന്നതാണ് ഈ നാവിക പാതയുടെ പ്രത്യേകത. 2014 നു ശേഷം 18000 ലധികം അഭയാർത്ഥികൾ ഈ പാതയിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകൾ നല്കുന്ന കണക്ക്. ആഫ്രിക്കൻ അഭയാർത്ഥികളോട് മുഖം തിരിച്ചു നില്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ തീരസംരക്ഷണ സേനകളും ലിബിയൻ തീരസേനയും അഭയാർത്ഥികൾ സഞ്ചരിക്കുന്ന ബോട്ടുകൾ മുക്കിക്കളയുന്നത് പതിവെന്നാണ് ആരോപണങ്ങൾ. 15 വർഷമായി തുടരുന്ന അദ്ധ്യാപന ജീവിതത്തിൽ ഇന്നും ഓർത്തിരിക്കുന്ന വിദ്യാർത്ഥികളിലൊന്നുമായി ഈ സംഭവങ്ങൾക്ക് ഏറെ ബന്ധമുണ്ട് എന്നതിനാലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
ഒന്നാമത്തെ ക്ലാസിൽ തന്നെ യൂസഫ് എന്റെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. അതിന്റെ പ്രധാന കാരണം, ക്ലാസിൽ പുസ്തകത്തിനും പേനക്കും പകരം യൂസഫ് തന്റെ മുമ്പിലെ ഡെസ്‌കിൽ നിരത്തിവെച്ച രണ്ടു വസ്തുക്കളായിരുന്നു- രണ്ടു പാക്കറ്റ് റോത്ത്മാൻസ് സിഗരറ്റും ഒരു ലൈറ്ററും
ഉത്തര ആഫ്രിക്കയിലും അറബ് രാജ്യങ്ങളിലുമായി അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിനും നാലു വർഷങ്ങൾക്കു മുമ്പ് 2007 സപ്തംബറിലാണ് ഈ ലേഖകൻ, ലിബിയയിലെ ഒരു സർവ്വകലാശാലയിൽ അധ്യാപകനായി എത്തുന്നത്. ട്രിപ്പോളിക്കടുത്തുള്ള മറ്റൊരു നഗരമായ ഗരിയാനിലെ അൽ ജബൽ അൽ ഗർബ്ബി സർവകലാശാലയുടെ അൽ സിന്താനിലെ കാമ്പസിലായിരുന്നു നിയമനം. ക്ലാസ് മുറി, അധ്യാപകൻ വിദ്യാർത്ഥി തുടങ്ങിയവയെക്കുറിച്ച് അക്കാലം വരെയുള്ള സങ്കല്പങ്ങളെല്ലാം മാറ്റി മറിക്കുന്നതായിരുന്നു ലിബിയൻ അനുഭവങ്ങൾ. വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളായിരുന്നു. പുരുഷൻമാർക്കിടയിൽ 18 വയസ്സു മുതൽ 45, 50 വയസ്സുള്ളവർ വരെ വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപകനായതിനാൽ നമ്മുടെ കോളേജുകളിലെപ്പോലെ, വിവിധ വിഷയങ്ങൾ പഠിയ്ക്കുന്ന, നൂറുകണക്കിനു വിദ്യാർത്ഥികൾ ഒരുമിച്ചിരിക്കുന്ന ജനറൽ ക്ലാസുകളിൽ പഠിപ്പിക്കേണ്ടിയിരുന്നു. 140 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഒരു ക്ലാസ്, കോളേജിലെ ഭീമൻ ഓഡിറ്റോറിയത്തിൽ നടത്തിയത് ഇന്നലെയെന്നതു പോലെ ഓർക്കുന്നു.
പഠനത്തിൽ സജീവ താല്പര്യമുള്ള ഒരു ചെറു ന്യൂനപക്ഷത്തെ ഒഴിച്ചുനിർത്തിയാൽ, കോളേജ് ജീവിതം ആസ്വദിക്കാൻ വരുന്നവരായിരുന്നു വലിയൊരു ശതമാനം വിദ്യാർത്ഥികളും എന്നതാണ് സത്യം. വിശിഷ്യാ പെൺകുട്ടികളെ സംബന്ധിച്ച്കോളേജ് പഠന കാലമെന്നത്, ജീവിതത്തിൽ അന്നോളം ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യത്തിന്റെ കാലമാണെന്ന് പല വിദ്യാർത്ഥികളും സംഭാഷണങ്ങൾക്കിടയിൽ സൂചിപ്പിക്കാറുണ്ടായിരുന്നു. കോളേജുകളിൽ തന്നെയാണ് പലപ്പോഴും അനൗപചാരികമായ പെണ്ണുകാണൽ ചടങ്ങുകളൊക്കെയും നടന്നിരുന്നതും. വിവാഹ പ്രായമെത്തിയ പുരുഷന്മാർ, തങ്ങൾക്കു ചേർന്ന വധുക്കളെ അന്വേഷിച്ച്, ഏറ്റവും കമനീയമായ രീതിയിൽ വസ്ത്രം ധരിച്ച് കോളേജ് കാമ്പസിന്റെ മതിലുകൾക്കരികിൽ കാത്തു നില്ക്കും. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥിനികൾ ഒരു പരേഡിലെന്ന പോലെ കലാലയ മുറ്റത്ത് ഉലാത്തും. കൗതുകത്തോടെയാണ് ഈ കാഴ്ചകളൊക്കെയും കണ്ടിരുന്നത്.
2008 ൽ ബി.എ ഇംഗ്ലീഷ് കോഴ്‌സിന്റെ ട്യൂട്ടർ ചുമതല നിർവ്വഹിക്കേണ്ടി വന്നു. ആ വർഷമാണ് യൂസഫ് മുഹമ്മദ് അൽബലാസിയെ ഞാൻ ആദ്യമായി കാണുന്നത്. 18 വയസ്സ് പ്രായമുള്ള, സൗമ്യനും സുന്ദരനും അലസമായി വസ്ത്ര ധാരണം നടത്തുനവനുമായിരുന്നു യൂസഫ്. ഒന്നാമത്തെ ക്ലാസിൽ തന്നെ യൂസഫ് എന്റെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. അതിന്റെ പ്രധാന കാരണം, ക്ലാസിൽ വരുമ്പോൾ കൂടെക്കരുതേണ്ട അവശ്യം വസ്തുകളായ പുസ്തകത്തിനും പേനക്കും പകരം യൂസഫ് തന്റെ മുമ്പിലെ ഡെസ്‌കിൽ നിരത്തിവെച്ച മറ്റു രണ്ടു വസ്തുക്കളായിരുന്നു. രണ്ടു പാക്കറ്റ് റോത്ത്മാൻസ് സിഗരറ്റും ഒരു ലൈറ്ററും. വിദ്യാർത്ഥികൾക്കിടയിൽ പുകവലി വളരെ വ്യാപകമായി ഉണ്ടെന്നും കോളേജ് കാമ്പസിൽ തന്നെ അവർ പുകവലിക്കാറുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുത, ജോലിക്കു ചേർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ മനസ്സിലായിരുന്നെങ്കിലും, ക്ലാസിൽ ഒരു വിദ്യാർത്ഥി പുകവലി സാമഗ്രികളുമായി വരുന്നത് ആദ്യമായിരുന്നു. കുഴപ്പക്കാരനാണല്ലോ എന്നു മനസ്സിൽ കരുതിയെങ്കിലും മറ്റു ബുദ്ധിമുട്ടുകളൊന്നും യൂസഫിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്നു മാത്രമല്ല പാഠഭാഗങ്ങൾ ശ്രദ്ധിക്കുകയും കാര്യമാത്ര പ്രസക്തമായ സംശയയങ്ങൾ ചോദിക്കുകയും ചെയ്തതോടെ വളരെ ആശ്വാസം തോന്നി. ക്ലാസിനു ശേഷം ചില കുശലവർത്തമാനങ്ങൾക്കു ശേഷം മറ്റു വിദ്യാർത്ഥികൾ പിരിഞ്ഞു പോയതിനു ശേഷവും യൂസഫ് വരാന്തയിൽത്തന്നെ കാത്തു നില്പുണ്ടായിരുന്നു. അറബ് ചുവയുള്ള ഇംഗ്ലീഷിൽ വ്യക്തമായിത്തന്നെ സംസാരിക്കാൻ യൂസഫിനു കഴിഞ്ഞിരുന്നു. വളരെ കുറച്ചു വിദ്യാർത്ഥികൾക്കു മാത്രമാണ് ഇംഗ്ലീഷിൽ നേരാംവണ്ണം സംസാരിക്കാൻ കഴിഞ്ഞിരുന്നത്.
പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് പല തവണ അവനോട് സംസാരിച്ചുവെങ്കിലും ആ ശീലത്തിൽ നിന്ന് അവനെ മോചിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്താൻ കഴിഞ്ഞില്ലെന്നത് കുറ്റബോധത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ.
ആദ്യ സംഭാഷണത്തിൽ തന്നെ ഇന്ത്യയെക്കുറിച്ച് തനിക്കുള്ള സംശയങ്ങളും കേട്ടറിവുകളിലുമൊക്കെ വ്യക്തത വരുത്താനുള്ള ശ്രമമാണ് യൂസഫ് നടത്തിയത്. തനിക്ക് ഇനിയും കുറേ കാര്യങ്ങൾ പറയാനുണ്ടെന്നും വീണ്ടും സംസാരിക്കാമെന്നും പറഞ്ഞ് അവൻ യാത്ര പറഞ്ഞു പോയി. കൗതുകകരമായ കാര്യം, സംഭാഷണത്തിനിടയിൽ എനിയ്ക്ക് സിഗരറ്റ് വലിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒന്നെടുക്കൂ എന്നുപറഞ്ഞ് അവൻ സിഗരറ്റ് പെട്ടി എനിക്കു നീട്ടുകയും ചെയ്തു എന്നതാണ്. പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് പല തവണ അവനോട് സംസാരിച്ചുവെങ്കിലും ആ ശീലത്തിൽ നിന്ന് അവനെ മോചിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്താൻ കഴിഞ്ഞില്ലെന്നത് കുറ്റബോധത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. എങ്കിൽ കോളേജിൽ വരുമ്പോൾ സിഗരറ്റ് കൊണ്ടുവരുന്നതും കാമ്പസിൽ പുകവലിക്കുന്നതും അവൻ പൂർണമായി ഉപേക്ഷിച്ചു.
പിന്നീട് കാണുമ്പോഴൊക്കെയും യൂസഫ് വാതോരാതെ സംസാരിച്ചു. സിന്താനിലെ ഉൾപ്രദേശത്താണ് യൂസഫിന്റെ വീട്. ഒലീവ് കൃഷിയും ചെമ്മരിയാടു വളർത്തലുമായിരുന്നു യൂസഫിന്റെ അച്ഛന്റെ ജീവിതമാർഗം. അഞ്ച് ആൺ മക്കളും നാല് പെൺമക്കളുമടങ്ങുന്ന വലിയ കുടുംബത്തിലെ ഏഴാമത്തെ അംഗമായിരുന്നു യൂസഫ്. വയോധികനായ പിതാവിനെ കൃഷി കാര്യങ്ങളിൽ സഹായിക്കേണ്ടതിനാൽ പല ദിവസങ്ങളിലും യൂസഫ് ക്ലാസിൽ ഹാജരായിരുന്നില്ല. സിന്താനിലെ സർക്കാർ സ്‌കൂളിലാണ് പഠിച്ചതെങ്കിലും യൂസഫിന്റെ ഇംഗ്ലീഷ് പ്രാവീണ്യം മികച്ചതായിരുന്നു. സ്‌കൂളിനെക്കാളുപരി ഇക്കാര്യത്തിൽ യൂസഫിനെ ഏറെ സഹായിച്ചത് അവന്റെ സൗഹൃദങ്ങളിലൊന്നായിരുന്നു. യൂസഫിന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും ഏറെ മാറ്റിമറിച്ച ഒന്നായിരുന്നു ഈ സൗഹൃദം. യൂസഫിന്റെ വീടിനടുത്തുള്ള ഫർണിച്ചർ നിർമ്മാണശാലയിലെ ആശാരിയും, സുഡാൻ പൗരനുമായ അബ്ദുൾ കരീം എംബോസയായിരുന്നു യൂസഫിന്റെ ആ പ്രിയ സുഹൃത്ത്. ഇറ്റലിയടക്കം വിവിധ യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും ജോലി ചെയ്ത അബ്ദുൾ കരീം, ലോകത്തിലേക്ക് തുറന്ന ഒരു വിശാലമായ വാതിലായി യൂസഫിനെ ഏറെ സ്വാധീനിച്ചു. ഒരു രാജ്യത്തും ഉറച്ചു നില്ക്കുന്ന ശീലമില്ലാതിരുന്ന കരീം ഒരു നിരന്തര സഞ്ചാരിയും ആയിരുന്നു. ഒരു വർഷം പണി ചെയ്തു കിട്ടുന്ന തുക ഉപയോഗിച്ച് മൂന്നു മാസക്കാലം യാത്ര ചെയ്യുകയെന്നതായിരുന്നു കരീമിന്റെ ശൈലി. കരീമുമായുള്ള സൗഹൃദമാണ് യൂസഫിനെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ പര്യാപ്തനാക്കിയത്. അറബിക്ക് അറിയാവുന്ന കരീം, പക്ഷേ യൂസഫിനോട് ഇംഗ്ലീഷിൽ മാത്രമാണ് സംസാരിച്ചിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് ഏറെ ആഗ്രഹമുണ്ടായിരുന്ന യൂസഫിന് കരീമിന്റെ വിവരണങ്ങളിലൂടെ പുതിയൊരു ലോകം തുറന്നു കിട്ടിയതായി അവൻ പലപ്പോഴും പറയുകയുണ്ടായി. ഔദ്യോഗികമായ രേഖകളും അനുമതിയും എല്ലാമായി യാത്രകൾക്കു വേണ്ട ആവശ്യമായ അത്രയും പണം കൈയിൽ ഇല്ലാത്ത യൂസഫിന് മറ്റൊരു ബദൽ മാർഗ്ഗം പരിചയപ്പെടുത്തിക്കൊടുത്തതും കരീം തന്നെയായിരുന്നു. ഏറെ അപകടകരമാണ് ഈ മാർഗം എന്ന മുന്നറിയിപ്പും കരീം നല്കിയിരുന്നു. ട്രിപ്പോളിയിൽ നിന്നും യൂറോപ്പിലേക്ക് അനധികൃതമായി ബോട്ടിൽ ആളെക്കടത്തുന്ന സംഘങ്ങളെക്കുറിച്ചാണ് കരീം യൂസഫിന് പറഞ്ഞു കൊടുത്തത്. അധികൃതരുടെ കണ്ണുവെട്ടിച്ച് നടത്തുന്ന ഈ യാത്രകളിലൂടെ യൂറോപ്പിലേക്ക് പോകാനായി ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനു പേരാണ് ട്രിപ്പോളിയിൽ എത്തുന്നത്.
2009ലാണ് യൂറോപ്പിലേക്ക് പോകാനായുള്ള ഒരുക്കങ്ങൾ താൻ തുടങ്ങിയെന്നും ഉടനെ തന്നെ യാത്ര ഉണ്ടാകുമെന്നും യൂസഫ് എന്നോട് പറഞ്ഞത്. എത്ര ആവർത്തിച്ചു ചോദിച്ചിട്ടും യാത്രയുടെ വിശദാംശങ്ങൾ അവൻ പറഞ്ഞതേയില്ല. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ക്ലാസ്സിൽ വരാറുണ്ടായിരുന്ന യൂസഫിനെ ആഴ്ചകളോളം പലപ്പോഴും കാണാതായി. ചില ആഴ്ചകളിൽ ഒന്നോ രണ്ടോ ദിവസം മാത്രം അവൻ ക്ലാസ്സിൽ വന്നു. ഒലീവ് തോട്ടത്തിൽ ജോലിയുടെ തിരക്കുണ്ടെന്നും ഒഴിവുസമയങ്ങളിൽ ചേട്ടനോടൊപ്പം വെള്ളം വില്ക്കാനായി പോകാറുണ്ടെന്നും അവൻ സൂചിപ്പിച്ചു. ശുദ്ധജലത്തിന് ഏറെ ക്ഷാമമുള്ള സഹാറാ മരുഭൂമിയിലെ ആ രാജ്യത്തിൽ, വീട്ടാവശ്യങ്ങൾക്കുള്ള വെള്ളം, വലിയ ടാങ്കർ ലോറികളിൽ കൊണ്ടു വന്ന് വീടുകളിലെ ഭൂഗർഭ ടാങ്കുകളിൽ സംഭരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. പലപ്പോഴും ഈ ആവശ്യത്തിനായി യൂസഫിന്റെ സഹോദരനെ വിളിക്കാറുമുണ്ടായിരുന്നു. ക്ലാസിൽ വരുന്നതിൽ ഉപേക്ഷ കാണിച്ചെങ്കിലും പഠനത്തിൽ യൂസഫ് ഒട്ടും പിന്നിലായിരുന്നില്ല. പരീക്ഷകളെല്ലാം നല്ല രീതിയിൽ എഴുതുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. കഠിനാധ്വാനിയായ ആ ചെറുപ്പക്കാരൻ സ്വന്തം നിലയിൽത്തന്നെ പാഠഭാഗങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു എന്നു വേണം കരുതാൻ. സ്ഥിരമായി ക്ലാസിൽ വനിരുന്ന കുട്ടികളെക്കാളും വാചാ പരീക്ഷയിൽ അടക്കം മികച്ച പ്രകടനമായിരുന്നു യൂസഫിന്റേത്.
2009 ജൂലൈ അവസാനം പരീക്ഷകൾ പൂർത്തിയായി, അധ്യയന വർഷം അവസാനിച്ചു. ആഗസ്റ്റ് മാസത്തിലെ വാർഷികാവധിയ്ക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. നാട്ടിലേക്ക് പോകാനുള്ള വിസ ലഭിയ്ക്കാനുള്ള നിബന്ധനകളിൽ ഏറ്റവും പ്രധാനവും ദുഷ്‌കരമായ കാര്യങ്ങളിലൊന്ന്, നിരവധിയായ സർക്കാർ ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട എൻ. ഒ. സി ആയിരുന്നു. വെള്ളം, വൈദ്യുതി, ടെലിഫോൺ തുടങ്ങി നിരവധി ഓഫീസുകളിൽ കുടിശ്ശിക ഒന്നും ബാക്കിയില്ല എന്നു വ്യക്തമാക്കുന്ന ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കാനായി രണ്ടു മൂന്നു ദിവസം തുടർച്ചയായി അലയേണ്ടിവരാറുണ്ട്.
അത്തരത്തിൽ ഒരു ഓഫീസിൽ കാത്തിരിക്കുമ്പോഴാണ് യൂസഫിന്റെ ഫോൺ വന്നത്. താൻ അടുത്ത ദിവസം യൂറോപ്പിലേക്ക് പോവുകയാണെന്നും ട്രിപ്പോളിയിൽ നിന്നാണ് വിളിക്കുന്നതെന്നും യൂസഫ് പറഞ്ഞു. എങ്ങനെയാണ് പോവുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം യൂസഫ് നല്കിയില്ലെങ്കിലും ആവർത്തിച്ചു ചോദിച്ചപ്പോൾ ബോട്ടിലാണ് എന്നു മാത്രം പറഞ്ഞു. ബോട്ടിൽ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നതിന്റെ അപകടത്തെപ്പറ്റി പറയാൻ ശ്രമിച്ചെങ്കിലും അല്പം തിരക്കിലാണ് പിന്നെ വിളിക്കാം എന്നു പറഞ്ഞ് അവൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. ജൂണിലെ അതി കഠിനമായ സഹാറൻ ചൂടിൽ ഞാൻ വിയർത്തൊലിച്ചു. യൂസഫ്, ചെന്നുപെട്ടിരിക്കുന്ന അപകടത്തിന്റെ ഗൗരവത്തെക്കുറിച്ചാലോചിച്ചപ്പോൾ മനസ്സു ഭയന്നു വിറച്ചു. കുറച്ചു നേരത്തിനു ശേഷം യൂസഫിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
എന്താണ് ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ.
പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ട്രിപ്പോളി നഗരത്തിലെ തീരാപ്രദേശങ്ങളിലൊന്നിൽ പ്രവർത്തിക്കുന്ന മത്സ്യഫാക്ടറിയുടെ ഗോഡൗണിൽ നിന്ന് യൂസഫിനേയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരായ മറ്റു അറുപതോളം പേരേയും പൊലീസ് കണ്ടെത്തി
ഓഫീസിലെ പണി പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ ഞാൻ പുറത്തിറങ്ങി. ലിബിയയിൽ വന്ന കാലം മുതൽ യാത്രകളിൽ എല്ലാം കൂടെ വരാറുള്ള സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് ഫെന്നറിന്റെ കാറിലായിരുന്നു ആ ഓഫീസിലേക്കും പോയത്. പുറത്തു കാത്തു നിൽക്കുന്ന ഫെന്നറോട്, ഒരു കാപ്പി കുടിക്കാം എന്നു പറഞ്ഞ് ഞങ്ങൾ തൊട്ടടുത്തുള്ള ഒരു കഫേയിലേക്ക് കയറി. യൂസഫിന്റെ കാര്യം ഞാൻ ഫെന്നറോട് പറഞ്ഞു. അറബിക് മാത്രം സംസാരിക്കുന്ന ഫെന്നറോട് എനിക്കറിയാവുന്ന മുറിയറബിയിൽ ഞാൻ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. പക്ഷേ, എന്റെ വിദ്യാർത്ഥിയുടെ കൂടെ ഞാൻ യൂറോപ്പിലേക്ക് പോകുന്നു എന്നാണ് ഫെന്നർക്കു മനസ്സിലായത്. യൂറോപ്പ്, ഗംഭീരമാണെന്നും പക്ഷേ ബോട്ടിൽ പോകുന്നത് അപകടമാണെന്നും മൂപ്പർ മുന്നറിയിപ്പ് നല്കി. മാത്രവുമല്ല, ഇത്രയും നല്ല ജോലി ഇവിടെ ഉള്ളപ്പോൾ, ഇതുപേക്ഷിച്ച് എന്തിനാണ് യൂറോപ്പിലേക്ക് പോകുന്നതെന്നായി അടുത്ത ചോദ്യം. ഞാൻ പോകുന്നില്ല എന്നും യൂസഫാണ് പോകുന്നതെന്നും എങ്ങനെയൊക്കയോ വീണ്ടും ഞാൻ പറഞൊപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഫെന്നർക്കു ബോധ്യപ്പെട്ടു. പക്ഷേ ഈ ചെറുപ്പക്കാരനെ കണ്ടെത്തുക എളുപ്പമായിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോളാണ് യൂസഫിന്റെ സഹോദരന്റെ കാര്യം ഞാൻ ഓർത്തത്. വെള്ളം കൊണ്ടു വരാനായി വിളിക്കേണ്ടതിനാൽ അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൈവശമുണ്ടായിരുന്നു. ഞാൻ നമ്പർ, ഫെന്നർക്കു നല്കി സഹോദരനോട് സംസാരിക്കാനായി ആവശ്യപ്പെട്ടു. പരീക്ഷ കഴിഞ്ഞതിനാൽ, ബന്ധു വീട്ടിൽ താമസിക്കാറായി യൂസഫ് ട്രിപ്പോളിയിലേക്ക് പോയിട്ട് രണ്ടു ദിവസമായെന്നും കുറേ ദിവസങ്ങൾ കഴിഞ്ഞു മാത്രമേ തിരിച്ചു വരുള്ളൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
യൂസഫിന്റെ ഫോൺ വിളിയുടെയും യാത്രയുടെയും കാര്യങ്ങളെ സഹോദരനെ അറിയിച്ചു. ഫെന്നറുടെ സഹായത്തിൽ പോലീസിലും കാര്യങ്ങൾ അറിയിച്ചു. അപ്പോഴും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. വളരെ രഹസ്യമായി പ്രവർത്തിക്കുന്നവയാണ് മനുഷ്യക്കടത്ത് സംഘങ്ങൾ. എവിടെ നിന്നാണ് യാത്ര തുടങ്ങുന്നത് എന്നോ എവിടെയാണ് കേന്ദ്രമെന്നോ ഒന്നും മനസ്സിലാക്കുക എളുപ്പമായിരുന്നില്ല. അപ്പോളാണ് ഞാൻ കരീമിന്റെ കാര്യം ഓർത്തത്. യൂസഫും കരീമുമായുള്ള സൗഹ്യദത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചു. ഫർണിച്ചർ നിർമ്മാണ ശാലയിൽ യൂസഫ് എപ്പോഴും പോകാറുണ്ടെന്നും അവിടെ അവന് സുഹൃത്തുക്കൾ ഉണ്ടെന്നും യൂസഫിന്റെ സഹോദരനും അറിയാമായിരുന്നു. പോലീസിന്റെ സഹായത്തോടെ കരീമിനെ ചോദ്യം ചെയ്തപ്പോൾ ഈ മനുഷ്യക്കടത്തു സംഘത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഒരു ലിബിയൻ പൗരന്റെ നമ്പർ ലഭിച്ചു. വേറൊരാൾക്ക് വേണ്ടിയാണ് എന്ന വ്യാജേന കരീം അവരോട് സംസാരിച്ചു. പിറ്റേദിവസം രാവിലെ യാത്ര പോകുന്നതിനാൽ ഇനി പുതുതായി ആളെ എടുക്കാനാവില്ല എന്ന നിലപാടിലായിരുന്നു അയാൾ. സാധാരണത്തേക്കാളും അധികം തുക നല്കാമെന്ന വാഗ്ദാനത്തിൽ അയാൾ എത്തേണ്ട സ്ഥലത്തിന്റെ വിശദാംശങ്ങൾ കരീമിനോട് പങ്കു വെച്ചു. പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ട്രിപ്പോളി നഗരത്തിലെ തീരാപ്രദേശങ്ങളിലൊന്നിൽ പ്രവർത്തിക്കുന്ന മത്സ്യഫാക്ടറിയുടെ ഗോഡൗണിൽ നിന്ന് യൂസഫിനേയും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാരായ മറ്റു അറുപതോളം പേരേയും പൊലീസ് കണ്ടെത്തി. സ്ത്രീകളും കുട്ടികളും അടക്കം ഈ സംഘത്തിലുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലൊന്നിൽ ആശ്വാസത്തോടെ ഞാൻ നാട്ടിലേക്ക് പോന്നു.
ഈ കഥയിലെ രസകരമായ ചില വഴിത്തിരിവുകൾ സംഭവിയ്ക്കുന്നത് പിന്നീടാണ്. വാർഷികാവധിയ്ക്കു ശേഷം സപ്തംബർ ആദ്യം വീണ്ടും ലിബിയയിൽ തിരിച്ചെത്തി രണ്ടാമത്തെ ദിവസം വൈകുന്നേരം യൂസഫ് എന്നെ ഫോണിൽ വിളിച്ചു. ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിനു താഴെ അവൻ കാത്തു നില്ക്കുന്നുവെന്നും ഇപ്പോൾ കാണാൻ കഴിയുമോ എന്നും അന്വേഷിച്ചു. സന്തോഷത്തോടെ താഴേക്കു ചെന്ന എനിക്ക് എന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പാശ്ചാത്യ ശൈലിയിൽ മോടിയിൽ വസ്ത്രധാരണം ചെയ്ത്, ഒരു പുത്തൻ കാറിൽ യൂസഫ് കാത്തിരിയ്ക്കുന്നു. അവൻ കഥകൾ ഒന്നൊന്നായി പറഞ്ഞു. വലിയ ഒരപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചതിന് നന്ദിയറിച്ചു. ഒരു കുട്ട നിറയെ ഈന്തപ്പഴങ്ങളുമായാണ് യൂസഫ് വന്നത്. ഞാൻ നാട്ടിൽ നിന്ന് തിരിച്ചെത്തിയോ എന്നറിയാനായി കുറേ ദിവസങ്ങളായി വൈകുന്നേരം ഫോൺ ചെയ്യുന്നുണ്ടായിരുന്നു എന്ന് യൂസഫ് പറഞ്ഞു.
ഈ സാഹസം, യൂസഫിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. മനുഷ്യക്കടത്തിന്റെ ഭാഗമായി മറ്റൊരു രാജ്യത്തേക്ക് ഒളിച്ചു കടക്കുകയെന്നതിനെ ഗുരുതരമായ രാജ്യദ്രോഹ കുറ്റകൃത്യമായാണ് അന്നത്തെ ഗദ്ദാഫി ഭരണകൂടം കണ്ടിരുന്നത്. അത്തരം പ്രവർത്തികളിലേർപ്പെടുന്ന ലിബിയൻ പൗരന്മാർക്ക് കർശനമായ ശിക്ഷകൾ ലഭിച്ചിരുന്നു. യൂസഫിന്റെ കാര്യത്തിൽ മറ്റൊന്നാണ് സംഭവിച്ചത്. ആകസ്മികമായി സംഭവിച്ചതാണെങ്കിലും ട്രിപ്പോളിയിലെ പൊലീസ് മേധാവി, ഇക്കാര്യത്തെ പൊലീസ് ബോധപൂർവ്വം ആസൂത്രണം ചെയ്ത ഒരു ഓപ്പറേഷനായി ചിത്രീകരിച്ചു. ഓപ്പറേഷനിൽ ‘സാഹസികമായി' പങ്കെടുത്ത യൂസഫിന് സർക്കാർ വക പാരിതോഷികവും ഫെന്നർക്ക് ഇരട്ട ഉദ്യോഗക്കയറ്റവും ലഭിച്ചു. യൂസഫ് വന്ന പുത്തൻ കാർ ആ പാരിതോഷികത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. പൊലീസ് സ്റ്റേഷനിൽ റൈറ്റർ പദവിയിൽ ജോലി ചെയ്യുന്ന ഫെന്നർക്ക് ഒമ്പത് വർഷങ്ങൾക്കു ശേഷം മാത്രം ലഭിച്ചേക്കാവുന്ന ഉദ്യോഗക്കയറ്റമാണ് സമയോചിതമായ ചില ഇടപെടലുകളിലൂടെ ലഭിച്ചത്. യൂസഫ് നല്ല രീതിയിൽ പഠനം പൂർത്തിയാക്കി, അതിസാഹസങ്ങൾക്കൊന്നും മുതിരാതെ, അധ്യാപകനോ സർക്കാർ ഉദ്യോഗസ്ഥനോ ആയി സുഖമായി കഴിയുന്നുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കർശനമായ ഭരണകൂട നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഒരു ക്ഷേമരാഷ്ട്രമെന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുയും പൗരന്മാരുടെയും വിദേശികളുടെയും സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം ഉറപ്പു വരുത്തിയിരുന്നു ഗദ്ദാഫിയുടെ കീഴിൽ ലിബിയൻ ഭരണകൂടം .
‘ജനാധിപത്യ കയറ്റുമതി' എന്ന ആശയത്തിലൂന്നിയ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലിലൂടെ ആ രാജ്യം ഇന്ന് ഛിന്നഭിന്നമായിരിക്കുന്നു.
2011 ഫെബ്രുവരി മാസം അവസാനം, ലിബിയയിലെആഭ്യന്തര സംഘർഷങ്ങൾ ഉദ്യോഗം ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നുവെങ്കിലും ലിബിയയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖങ്ങളാണ് യൂസഫും ഫെന്നറും. ആകസ്മികതകളുടെ രാജകുമാരന്മാർ എന്നു രണ്ടുപേരെയും വിശേഷിപ്പിക്കാമെന്നു തോന്നുന്നു.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.