Illustration: ya_mination

മാധവിക്കുട്ടി കഥകളിലെ
സ്‌ത്രൈണകലാപങ്ങൾ

എം.ടി.വാസുദേവൻനായർ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ സാഹിതീയ -കലാപ്രവർത്തനങ്ങളോടു ചേർത്തു നിർത്തി, നായർ ആധുനികതയുടെ സവിശേഷതയായിരുന്ന പ്രഭുത്വത്തിന്റെയും പ്രാചീനതയുടെയും സങ്കൽപ്പനങ്ങൾ കമലാദാസിന്റെ രചനകളിൽ കണ്ടെത്താൻ കഴിയുമെന്ന നിരീക്ഷണത്തിന് എത്രമാത്രം സാംഗത്യമുണ്ട്?- മാധവിക്കുട്ടിയുടെ കഥകളുടെ വായന, വി. വിജയകുമാർ എഴുതുന്നു.

രുപതാം നൂറ്റാണ്ടിൽ, മലബാറിലെ നായർ വരേണ്യസമുദായത്തിന് ജാതിപദവിയിലും പൈതൃകഭൂമിയിലും ശ്രേഷ്ഠതാബോധത്തിലും മാതൃപാരമ്പര്യത്തിലും ഉണ്ടായ നഷ്ടത്തിന്റെ വഴികളെ ഗൃഹാതുരതയിൽ പുനരുജ്ജീവിപ്പിച്ച് സാർവത്രികാവസ്ഥയായി അവതരിപ്പിക്കുന്ന സൗന്ദര്യശാസ്ത്രത്തെയാണ് കമലാദാസ് പിന്തുടർന്നതെന്ന ഒരു നിരീക്ഷണം ദിലീപ് എം. മേനോൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.
നായർ ആധുനികതയുടെ സവിശേഷതയായിരുന്ന പ്രഭുത്വത്തിന്റെയും പ്രാചീനതയുടെയും സങ്കൽപ്പനങ്ങൾ കമലാദാസിന്റെ രചനകളിൽ കണ്ടെത്താൻ കഴിയുമെന്ന് അദ്ദേഹം എഴുതുന്നു. കമലാദാസിന്റെ രചനകളെ എം.ടി.വാസുദേവൻനായർ, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ സാഹിതീയ -കലാപ്രവർത്തനങ്ങളോടു ചേർത്തു നിർത്തുന്നു. കമലാദാസിന്റെ കാവ്യഭാഷ ക്ലാസിക് വൃത്തങ്ങളോടോ ശബ്ദാലങ്കാരങ്ങളോടോ ചേർന്നുനിൽക്കാതെ, ദ്വിഭാഷാപൈതൃകത്തിൽ നിന്ന് ഒരു ഭാഷണരീതി ഉണ്ടാക്കിയതായി എഴുതുന്നു. ഒരേസമയം പ്രാദേശികവും സാർവ്വലൗകികവുമായ ഒന്ന്. കവിതയിൽ ഔപചാരികവൃത്തങ്ങളും മറ്റും നിരസിക്കുന്നതിലുള്ള കമലാദാസിന്റെ ദൃഢത പ്രഭുത്വാനുമാനങ്ങളോട് ഒത്തുനിൽക്കുന്നതാണെന്ന് പ്രമുഖ നിരൂപകനായ ബ്രൂസ് കിങിനെ ഉദ്ധരിച്ചുകൊണ്ട് ദിലീപ്‌ മേനോൻ പറയുന്നു. അദ്ദേഹം രക്തം (Blood) എന്ന കവിതയിലെ വരികൾ ഉദ്ധരിക്കുന്നു.

She told us
That we had the oldest blood
My brother and she and I
The oldest blood in the world
A blood thin and clear and fine
While in the veins of the always poor
And in the veins
of the new-rich ones
Flowed a blood thick as gruel
And muddy as a ditch

അവൾ ഞങ്ങളോട് പറഞ്ഞു
ഏറ്റവും പഴക്കമുള്ള രക്തം ഞങ്ങളുടേതാണെന്ന്.
എന്റെ സഹോദരനും അവളും ഞാനും
ലോകത്തിലെ ഏറ്റവും പഴക്കമുള്ള രക്തമുള്ളവരാണ്.
നേർത്തതും തെളിഞ്ഞതും ശ്രേഷ്ഠവുമായ ഒരു രക്തം.
എപ്പോഴും ദരിദ്രരായിരിക്കുന്നവരുടെ സിരകളിലും
ഒപ്പം പുത്തൻ സമ്പന്നരുടെ സിരകളിലും
കുഴമ്പു പോലെയുള്ള
കിടങ്ങിലെ ചെളി പോലെയുള്ള
കട്ടിയുള്ള രക്തം ഒഴുകി.

കമലാദാസിന്റെ കൃതികളെ സാകല്യത്തിൽ നോക്കിയാൽ, പാരമ്പര്യത്തോടുള്ള പുച്ഛം കൂടി ഊറിനിൽക്കുന്നില്ലേ?
കമലാദാസിന്റെ കൃതികളെ സാകല്യത്തിൽ നോക്കിയാൽ, പാരമ്പര്യത്തോടുള്ള പുച്ഛം കൂടി ഊറിനിൽക്കുന്നില്ലേ?

രക്തത്തിന്റെ പവിത്രതയെ കുറിച്ചുള്ള ഈ ആഖ്യാനത്തെ നേർരേഖയിൽ വായിച്ചാൽ പ്രഭുത്വത്തിന്റെ അനുമാനങ്ങളെ സാധൂകരിക്കുകയാണെന്നു തോന്നും. ഒരു കവിയെന്ന നിലയിൽ കമലാദാസിന്റെ സ്വാഭാവിക പ്രതിഭയുടെ അടിസ്ഥാനമായി നായർപ്രഭുത്വത്തിന്റെ സങ്കൽപ്പനങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.

ഉണ്ടായിരിക്കാം, തീർച്ചയായും.
ഗൃഹാതുരതയെ ആഘോഷിക്കുന്നതെന്നു പറയാവുന്ന, ജീവിതകഥയുമായി ബന്ധിപ്പിക്കാൻ കഴിയുന്ന കുറേ കവിതകളും ബാല്യകാലസ്മരണകളും ഇതര ഓർമ്മക്കുറിപ്പുകളും കമലാദാസിന്റേതായിട്ടുണ്ടെന്നു തീർച്ച. എന്നാൽ, വലിയൊരു സാമാന്യവൽക്കരണത്തിനുതകുന്നതാണോ ഇതെന്നു സന്ദേഹിക്കാവുന്നതാണ്. ആ രചനകളിൽ പാരമ്പര്യത്തിൽ നിന്നും കുതറിമാറാനുള്ള ശ്രമങ്ങളുമില്ലേ?

കമലാദാസിന്റെ കൃതികളെ സാകല്യത്തിൽ നോക്കിയാൽ, പാരമ്പര്യത്തോടുള്ള പുച്ഛം കൂടി ഊറിനിൽക്കുന്നില്ലേ? 'ഇ.എം.എസ് കമ്മ്യൂണിസ്റ്റായാലെന്താ, ആഢ്യനല്ലേ?' എന്നു ചോദിക്കുന്ന വിവേചനശക്തി അവർക്കുണ്ടായിരുന്നല്ലോ? തന്നെക്കൂടിയും ഇ.എം.എസിന്റെ ഗണത്തിൽ പെടുത്തി കാണാൻ കഴിയുമെന്നും അവർഅറിഞ്ഞിരിക്കില്ലേ? വേനലിന്റെ ഒഴിവ്, ഒരു ദിവസം രാവിലെ എന്നിങ്ങനെ ചില കഥകളെ ഒഴിവാക്കിയാൽ ഗൃഹാതുരതയെ പുനരുജ്ജീവിപ്പിക്കുന്ന കഥകൾ മാധവിക്കുട്ടി എഴുതിയിട്ടില്ലെന്നു തന്നെ പറയണം.

ദിലീപ്‌ മേനോൻ
ദിലീപ്‌ മേനോൻ

രക്തം (Blood) എന്ന കവിതയിലെ വരികളെ സാമാന്യവൽക്കരിച്ച് ദിലീപ് മേനോൻ നൽകുന്ന വ്യാഖ്യാനത്തെ സന്ദിഗ്ദ്ധതയിൽ വായിക്കുന്നതാണ് ഉചിതം. ദിലീപ് മേനോൻ സൂചിപ്പിക്കുന്ന പ്രവണത ചില സവിശേഷകൃതികളിൽ കാണാൻ കഴിഞ്ഞേക്കുമെങ്കിലും അവരുടെ രചനകളുടെ അടിസ്ഥാനമോ സാമാന്യമോ ആയി അതിനെ കാണാൻ കഴിയില്ല. മറിച്ച്, മലയാളികളെങ്കിലും മാധവിക്കുട്ടിയെ വായിച്ചത് ഒരു കലാപകാരിയെന്ന നിലയ്ക്കാണ്. ഭാവസാന്ദ്രമായ കഥകളെയും കവിതകളെയും നഷ്ടപ്പെട്ടുപോയ നായർ ശ്രേഷ്ഠതാബോധത്തോടുള്ള ഗൃഹാതുരതയായി മാത്രം കണ്ടാൽ ആ രചനകളിലെ കലാപോത്സുകതയെ മറയ്ക്കുകയായിരുക്കും അതു ചെയ്യുക. മാധവിക്കുട്ടിയുടെ ചില പ്രധാനപ്പെട്ട കഥകളെ ആധാരമാക്കി ഈ കാര്യങ്ങളെ പരിശോധിക്കാനാണ് ശ്രമിക്കുന്നത്.

മാധവിക്കുട്ടി രചിച്ച ഏറ്റവും നല്ല കഥയായ 'ചന്ദനമരങ്ങളി’ൽ ദിലീപ് മേനോൻ സൂചിപ്പിക്കുന്ന പ്രവണതയുണ്ടോ? ഷീലയുടേയും കല്യാണിക്കുട്ടിയുടേയും ബാല്യ, കൗമാരകാല ജീവിതത്തിന്റെ ചിത്രണത്തിൽ നായർ പ്രഭുത്വത്തിന്റെ ഗൃഹാതുരതകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോപിക്കാവുന്നതാണ്. ഈ ഗൃഹാതുരതയെ ഷീല തന്റെ ജീവിതത്തിൽ സൂക്ഷിക്കുന്നുവെന്നും പറയാം. എന്നാൽ, ഈ കഥയുടെ സാകല്യത്തെ നിർണയിക്കുന്നതിൽ ഗൃഹാതുരതയുടെ മൂലകങ്ങൾ പ്രവർത്തിക്കുന്നതേയില്ല. മറിച്ച്, പ്രഭുത്വത്തിന്റെയോ പ്രഭുത്വനഷ്ടത്തിന്റെയോ ഗൃഹാതുരതകളിലുപരിയായി കല്യാണിക്കുട്ടിയുടെയും കഥാന്ത്യത്തിലെങ്കിലും ഷീലയുടെയും സ്വത്വബോധം സ്ഥാപിക്കപ്പെടുകയാണ്. കല്യാണിക്കുട്ടിയുമായുള്ള തന്റെ ബന്ധം എത്രമാത്രം സങ്കീർണ്ണവും തനിക്ക് ഒഴിവാക്കാൻ പറ്റാത്തതുമാണെന്ന് ഷീല സ്വയം തിരിച്ചറിയുന്ന കഥയിലെ അവസാന സന്ദർഭം പഴയകാലത്തിലേക്കുള്ള ഗൃഹാതുരമായ മടങ്ങിപ്പോക്കല്ല. പാരമ്പര്യത്തിന്റെ മിഥ്യാവിശ്വാസങ്ങളെ പൊളിക്കുന്ന സ്വയം കണ്ടെത്തലാണത്.

പാരമ്പര്യത്തിന്റെ ഭാരങ്ങൾ എഴുത്തുകാരിയിൽ പ്രവർത്തിക്കുന്നതേയില്ലെന്നു പറയേണ്ടതില്ല. അതിന്നപ്പുറത്ത്, ജീവിതത്തെ നിലനിർത്തുകയും സർഗാത്മകമാക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടെ മഹാലോകങ്ങളെ കഥാകാരി അനാവരണം ചെയ്യുന്നുവെന്നതാണ് പ്രധാനം.

'ഓ, എന്റെ ഓമനേ, ഞാനിനിയെങ്ങനെ ജീവിക്കും' എന്ന് അവൾ തന്നോടു തന്നെ പിറുപിറുക്കുന്നു. കൂട്ടുകാരിയെ ആലിംഗനം ചെയ്ത് അവളുടെ ചുംബനത്തിൽ നിർവൃതി തേടുന്ന ഒരു പെൺകിടാവു മാത്രമായി ഷീല രൂപാന്തരപ്പെടുന്നു. ഏറെനേരം കുളത്തിൽ നീന്തിയതിനാൽ കുളച്ചണ്ടിയുടെയും പായലിന്റെയും വെള്ളിലയുടെയും ആമ്പലിന്റെയും മണവും സ്വാദുമുള്ള കാമുകിയുടെ ശരീരസ്പർശത്തിൽഅനുഭൂതികൾ കണ്ടെത്തിയവളായി ഷീല വീണ്ടും മാറിത്തീരുന്നു. കല്യാണിക്കുട്ടിയെന്ന കൊടുങ്കാറ്റിനുശേഷം നിന്നിൽ പെയ്ത ചാറൽമഴ മാത്രമായിരുന്നു താനെന്ന ഭർത്താവിന്റെ വാക്കുകൾ അവളെ മാറ്റുകയും സ്വയം ലജ്ജിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാരമ്പര്യത്തിന്റെ മൂല്യങ്ങളിൽ നിന്നും അകന്നു നിന്നുകൊണ്ട് തന്റെ സ്വത്വത്തെ തിരിച്ചറിയുകയാണ്, അവർ.

പരമ്പരാഗതമായ ദാമ്പത്യബന്ധത്തെ ഷീല തെരഞ്ഞെടുക്കുന്നതും അതിനു കീഴ്‌പ്പെട്ട് വൃദ്ധനായ ഭർത്താവിനോടൊപ്പം അറപ്പോടെ ജീവിക്കുന്നതും പാരമ്പര്യത്തിന്റെ മൂലകങ്ങളെ ഗൃഹാതുരതകളോടെ സ്വീകരിക്കുന്നതു കൊണ്ടാണെന്നു പറയാമെങ്കിലും ഇതിന് എതിർദിശയിൽ ചരിക്കുന്ന കല്യാണിക്കുട്ടിയെ കഥയിലുടനീളം കാണാം. തന്റെ കാമനകളെയും ആത്മത്തെയും മറച്ചുകൊണ്ട് പാരമ്പര്യത്തിന്റെ മിഥ്യാവിശ്വാസങ്ങളെ പുൽകുകയും സ്വജീവിതത്തിന്റെ ആനന്ദത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഷീലയെ കല്യാണിക്കുട്ടി നിരന്തരം വാക്കുകൾ കൊണ്ടു പ്രഹരിക്കുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

'ഷീലാ, നീ അസത്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. ഒടുവിൽ നീ തന്നെ നിന്റെ നുണകൾ വിശ്വസിക്കുന്നു. നീയാവാൻ നിനക്കു ധൈര്യമില്ല. എന്നെ സ്‌നേഹിക്കുന്നുവെന്നു തുറന്നുപറയാൻ നീ ഒരിക്കലും ധൈര്യപ്പെട്ടിട്ടില്ല. എന്റെയൊപ്പം ജീവിക്കുമ്പോൾ മാത്രമേ നിനക്കു വിശ്രമവും ശാന്തിയും ആനന്ദവും ലഭിക്കുള്ളൂവെന്നു നിനക്കും അറിയാം. എന്നിട്ടും പരമ്പരാഗതമായ ആ വഴി നിനക്കായി തെരഞ്ഞെടുത്തു. ജീർണ്ണതയുടെ വഴി. നിന്റെ വിരൂപനായ ഭർത്താവിനെയും അയാളുടെ ശയ്യയെയും ജീർണിച്ച വചനങ്ങളെയും ഇഷ്ടപ്പെടുന്നുവെന്ന് നീ അഭിനയിച്ചു. ഒടുവിൽ നീ ആരുമില്ലാത്തവളായി.'

കല്യാണിക്കുട്ടിയോടൊപ്പം അവളുടെ ആദ്യ ഭർത്താവിന്റെ മകൾ അമ്മിണി എന്ന കഥാപാത്രത്തേയും കൂടി മാധവിക്കുട്ടി സൃഷ്ടിക്കുന്നുണ്ട്. മാധവിക്കുട്ടി ജീവിതത്തിലുടനീളം പ്രകടിപ്പിക്കുന്ന അനിശ്ചിതത്വങ്ങളും സന്ദിഗ്ദ്ധതകളും അവരുടെ എഴുത്തിന്റെ ലോകത്തും നന്നായി പ്രകടമാണ്. എഴുത്താളുടെ സർഗാത്മകതയും കൃതികളുടെ സൗന്ദര്യവുമായി മാറിത്തീരുന്നതും ഇതു തന്നെ. ഒരാൾക്ക് അയാളുടെ കാമനകൾ എത്രമാത്രം പ്രധാനമായിരിക്കണമെന്ന് മലയാളിയോട് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന കഥാകാരി അതുതന്നെയാണ് ഈ കഥയിൽ അത്യന്തം ഗൗരവത്തോടെയും സൗന്ദര്യാത്മകമായും നിർവ്വഹിക്കുന്നത്.

പാരമ്പര്യത്തിന്റെ ഭാരങ്ങൾ എഴുത്തുകാരിയിൽ പ്രവർത്തിക്കുന്നതേയില്ലെന്നു പറയേണ്ടതില്ല. അതിന്നപ്പുറത്ത്, ജീവിതത്തെ നിലനിർത്തുകയും സർഗാത്മകമാക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടെ മഹാലോകങ്ങളെ കഥാകാരി അനാവരണം ചെയ്യുന്നുവെന്നതാണ് പ്രധാനം. നമ്മുടെ സംസ്‌കാരത്തിൽ ഇരുട്ടു മൂടികിടക്കുന്ന പ്രദേശങ്ങളെ കഥാകാരി കാണുന്നു. പിതൃദായക്രമത്തിന്റെയും സവർണ്ണതയുടെയും അധികാരലോകങ്ങൾ ദമിതമാക്കിയിരുന്ന ഇടങ്ങളിലേക്കു ഈ കഥയുടെ കണ്ണുകൾ എത്തിച്ചേരുന്നു. കേരളീയ സാംസ്‌കാരികജീവിതപരിസരത്തിൽ ലെസ്ബിയൻ ബന്ധങ്ങളെ ഇത്രമേൽ സാർത്ഥകമായി പ്രതിഷ്ഠിക്കുന്ന രചന ആദ്യമായിട്ടാണെന്നു പറയണം*. ഷിലയുടേയും കല്യാണിക്കുട്ടിയുടേയും ജീവിതത്തിലെ നിരവധി സങ്കീർണ്ണസന്ദർഭങ്ങളെ എഴുതുന്ന കഥ ലളിതമായ ആഖ്യാനശൈലി സ്വീകരിക്കുന്നു.

ഭിന്നലൈംഗികതയെ കുറിച്ചുള്ള പ്രമേയങ്ങളോ ലൈംഗികതയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ഉത്തരാധുനികനിദർശനങ്ങളോ മലയാളത്തിൽ പ്രചരിതമാകുന്നതിനും മുന്നേ ഈ കഥ എഴുതപ്പെട്ടുവല്ലോ? പിൽക്കാലത്ത് വിമതലൈംഗികതയെ പ്രമേയമാക്കി പ്രമോദ് രാമൻ എഴുതിയ കഥകൾക്ക് ചന്ദനമരങ്ങൾ പ്രചോദകമായിട്ടുണ്ടാകണം.

കല്യാണിക്കുട്ടിയുടേയും ഷീലയുടേയും സ്വഭാവചിത്രണത്തിൽ മാധവിക്കുട്ടി പ്രകടിപ്പിക്കുന്ന മികവ് എടുത്തു പറയണം. കല്യാണിക്കുട്ടിയുടെ വിമതത്വവും ഷിലയുടെ പാരമ്പര്യത്തോടുള്ള ആശ്രിതത്വവും അവരുടെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും വാക്കിലും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഭർത്താവിനോടൊപ്പമുള്ള തന്റെ ജീവിതത്തെ കുറിച്ച് കല്യാണിക്കുട്ടിയുടെ വാക്കുകൾ: 'സമ്പന്നജീവിതം നയിക്കുവാൻ അയാൾ എന്നെ പഠിപ്പിച്ചു. സകലസുഖങ്ങളും എനിക്കു ലഭിച്ചു. പക്ഷേ, ഒരിക്കലും വിശക്കുവാൻ തരപ്പെടാതെ ജീവിക്കേണ്ടി വന്നതിൽ ഞാൻ ദുഃഖിതയായി. വിശപ്പില്ലെങ്കിൽ രുചിയെങ്ങനെ നിലനിർത്തും? ഒടുവിൽ അയാൾ മരിച്ചപ്പോൾ വീണ്ടും ഞാൻ സ്വതന്ത്രയായി. എന്റെ ദുഃഖങ്ങളിലേക്കു തീർത്ഥയാത്രകൾ നടത്തുവാൻ എനിക്കു സ്വാതന്ത്ര്യം ലഭിച്ചു.'

ജീവിതത്തിലെ പ്രാതികൂല്യങ്ങളിൽ വളർന്നവൾ അതിനെ തന്റെ ശക്തിയായി സ്വാംശീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു. എപ്പോഴും വിമതയായിരിക്കാൻ അവൾ ആഗ്രഹിക്കുന്നു. അതോടൊപ്പം ബാല്യകാലത്തിന്റെ നിഷ്‌ക്കളങ്കതയിലേക്കു പോകാനാഗ്രഹിക്കുന്നു. ഷീലയോ? അവൾ ആത്മവഞ്ചനയിലാണ്.
കഥയുടെ ആഖ്യാതാവു കൂടിയായ ഷീലയുടെ ചിന്തകൾ: 'സുഭഗനായ ഒരു പുരുഷന്റെ ആശ്ലേഷത്തിലൊതുങ്ങി രാത്രികാലം കഴിച്ചു കൂട്ടുന്ന സ്ത്രീകളോട് എനിക്ക് അസൂയ തോന്നി. അസൂയ ശാരീരികാസ്വാസ്ഥ്യം പോലെ എന്നെ തീരെ അവശയാക്കി. എന്റെ വായിൽ ഉമിനീർ വറ്റി.'

ഇങ്ങനെ, അസ്വാസ്ഥ്യത്തിലും അസൂയയിലും ജീവിക്കുന്നവളോട് നിനക്കു വേണ്ട പുരുഷനെ നീ കണ്ടുമുട്ടുമെന്ന് സ്വന്തം ഭർത്താവു തന്നെ പറയുമ്പോൾ അവളിൽ ഉണരുന്നത് പാരമ്പര്യത്തിന്റെ സദാചാരബോധമാണ്. 'നിങ്ങൾക്കു ലജ്ജയില്ലേ എന്നോട് ഇങ്ങനെ പറയാൻ. ഭാര്യ മറ്റൊരു പുരുഷനുമായി വേഴ്ച നടത്തുമെന്നു പറയാൻ നിങ്ങൾക്കു ലജ്ജയില്ലേ?' എന്നിങ്ങനെ ഷീല തന്റെ ഭർത്താവിനോടു ക്രോധിക്കുന്നു. എന്റെയും കല്യാണിക്കുട്ടിയുടെയും ബന്ധം പ്രകൃതിവിരുദ്ധമാണെന്ന് അമ്മ എന്നോടു പറഞ്ഞുവെന്നു കേഴുന്ന അമ്മിണിയിൽ നിന്ന് അകലാനാണ് ഷീല ശ്രമിക്കുന്നത്. അമ്മിണിയുടെ മുഖം തലോടാൻ നീട്ടിയ കൈകൾ അവൾ പിൻവലിക്കുന്നു. സന്തോഷിക്കുന്നതും സന്തോഷിപ്പിക്കുന്നതും മഹാപാപമാണോയെന്ന സന്ദേഹം - മാധവിക്കുട്ടി തന്റെ ജീവിതത്തിലും പലേ കൃതികളിലും നിരന്തരം ഉന്നയിക്കുന്ന സന്ദേഹം - ഈ കഥയിൽ അതിന്റെ മൂർത്തരൂപത്തിൽ അവതരിച്ചിരിക്കുന്നു. ഷീല സ്വയം അംഗീകരിക്കാൻ മടിച്ചിരുന്ന കാര്യം അവളുടെ ഭർത്താവ് മനസ്സിലാക്കുന്നുണ്ട്. അവളെ സ്വയം തുറക്കുന്നതിലേക്കു നയിക്കുന്നതും അയാളുടെ വാക്കുകളാണ്. നീ അവളെ സ്‌നേഹിക്കുന്ന കാലത്തോളം അവൾ നിന്നിലേക്കു മടങ്ങി വരാതിരിക്കില്ലെന്നു ഭർത്താവ് ഷീലയോടു പറയുമ്പോൾ അവൾ ഞെട്ടിയിട്ടുണ്ടാകണം. തങ്ങളുടെ മധുവിധുകാലത്തു പോലും അവളുടെ നിഴൽ നമുക്കിടയിലുണ്ടായിരുന്നുവെന്നു അയാൾ പറയുമ്പോൾഅവൾ കൂടുതൽ തുറന്നു കാട്ടപ്പെടുകയാണ്.

ആത്മകഥകൾ സൃഷ്ടിച്ച ഒച്ചപ്പാടുകൾക്കും സ്മരണകളുടെ മാസ്മരികതയ്ക്കും ഇടയിൽ മലയാളികളായ അനുവാചകർ മാധവിക്കുട്ടിയുടെ കഥകളെ സഗൗരവം കാണാൻ മറന്നുപോയെന്നു തോന്നുന്നു.

കഥാശീർഷകത്തിലല്ലാതെ, ചന്ദനമരങ്ങൾ എന്ന വാക്ക് കഥയിൽ പ്രത്യക്ഷപ്പെടുന്നത് ഷീലയുടേയും കല്യാണിക്കുട്ടിയുടേയും ഇടയിലെ സുഖശീതളമായ ബന്ധത്തെ സൂചിപ്പിക്കുവാനല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തനിക്കും ഭർത്താവിനുമിടയിൽ വളർന്നുനിന്ന മൗനം ചന്ദനമരം പോലെ സുഖദായകമായിരുന്നുവെന്ന് ഷീല എഴുതുന്ന സന്ദർഭമാണത്. കഥയിൽ ആ വാക്ക് ഉപയോഗിക്കപ്പെടുന്നതിന്റെ വിരുദ്ധോക്തിയിലാണ് പരസ്പരം ചന്ദനമരങ്ങളായിനിന്ന് സുഗന്ധവും സൗഖ്യവും പൊഴിച്ച കല്യാണിക്കുട്ടിയുടേയും ഷീലയുടേയും ജീവിതം നാം വായിച്ചെടുക്കേണ്ടത്. അത് മൗനമല്ല. 'പോ പെണ്ണേ' എന്നു പറഞ്ഞു വീണ്ടും ഷില തന്നെ ശകാരിക്കുമെന്ന കല്യാണിക്കുട്ടിയുടെ ആശയാണത്. കല്യാണിക്കുട്ടിയുടെ വായിന്റെ നനവും സ്വാദും തന്റേതാക്കിയ കാലത്തെ കുറിച്ചുള്ള ഷീലയുടെ ഓർമ്മയാണത്. പരസ്പരം സുഖദായകമായി സുഗന്ധം പരത്തി നിൽക്കുന്ന ചന്ദനമരങ്ങൾ അവർ തന്നെയാണ്.

കഥാശീർഷകത്തിലല്ലാതെ, ചന്ദനമരങ്ങൾ എന്ന വാക്ക് കഥയിൽ പ്രത്യക്ഷപ്പെടുന്നത് ഷീലയുടേയും കല്യാണിക്കുട്ടിയുടേയും ഇടയിലെ സുഖശീതളമായ ബന്ധത്തെ സൂചിപ്പിക്കുവാനല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കഥാശീർഷകത്തിലല്ലാതെ, ചന്ദനമരങ്ങൾ എന്ന വാക്ക് കഥയിൽ പ്രത്യക്ഷപ്പെടുന്നത് ഷീലയുടേയും കല്യാണിക്കുട്ടിയുടേയും ഇടയിലെ സുഖശീതളമായ ബന്ധത്തെ സൂചിപ്പിക്കുവാനല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആത്മകഥകൾ സൃഷ്ടിച്ച ഒച്ചപ്പാടുകൾക്കും സ്മരണകളുടെ മാസ്മരികതയ്ക്കും ഇടയിൽ മലയാളികളായ അനുവാചകർ മാധവിക്കുട്ടിയുടെ കഥകളെ സഗൗരവം കാണാൻ മറന്നുപോയെന്നു തോന്നുന്നു. മാധവിക്കുട്ടി എഴുതുന്ന വാക്കിന്റെ പ്രകോപനത്തിൽ മുങ്ങുന്നതിന്നിടയിൽ അതിന്റെ സൗന്ദര്യവും സൂക്ഷ്മതയും ശ്രദ്ധിക്കാൻ മലയാളത്തിലെ അധികം അനുവാചകർക്കും കഴിഞ്ഞിട്ടില്ല. 'നാവികവേഷം ധരിച്ച കുട്ടി' എന്ന കഥ ശ്രദ്ധിക്കുക. ആവശ്യമില്ലാത്തതെല്ലാം ചെത്തിക്കളഞ്ഞ് മൂർത്തമാക്കുന്ന ശിൽപ്പം പോലെ സന്ദർഭാനുസരണം അതീവ സൂക്ഷ്മതയിൽ വാക്കുകളെ ഉപയോഗിക്കുന്നത് ഈ കഥയിൽ നമുക്കു കാണാം. അതിഭൗതികത ആരോപിക്കാവുന്ന, ആദ്യ വായനയിൽ അവിശ്വസനീയമായി തോന്നുന്ന പ്രമേയമാണത്. മനഃശാസ്ത്രപരമായ സവിശേഷവിശകലനങ്ങൾക്കു വിധേയമാകേണ്ട ഒന്ന്. ഈ കഥ വായനക്കാരിൽ ഉണർത്തുന്ന ചോദ്യങ്ങളുടെ ഒരു പട്ടിക ഇവിടെ എഴുതാം.

ജീവിതയാഥാർത്ഥ്യത്തിന്റെ വ്യത്യസ്ത സ്ത്രീമുഖങ്ങളെ എഴുതുന്ന കഥാകാരി സ്ത്രീയുടെ ശരീരത്തിൽ ശിരസ്സു കൂടിയുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ഈ കഥകളുടെയെല്ലാം അടിയിൽ അതിസൂക്ഷ്മമായി വിമോചനപ്രത്യാശയെ സൂക്ഷിക്കുകയും ചെയ്യുന്നു.

മന്ത്രിയുടെ ബാല്യകാലത്തെ ഫോട്ടോയിൽ കുഞ്ഞമ്മിണി ആകൃഷ്ടയാകുന്നത് എന്തുകൊണ്ടാണ്?
നാവികവേഷം ധരിച്ച കുട്ടിയുടെ ഫോട്ടോ കുഞ്ഞമ്മിണിയുടെ ഭാവനകളുടെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കുകയാണോ?
നമ്മുടെ ധാരണകളും അനുഭവങ്ങളും രൂപപ്പെടുത്തുന്നതിൽ അബോധമനസ്സ് പ്രവർത്തിക്കുന്നുണ്ട്. അമ്മയ്ക്ക് തന്റെ അബോധത്തിൽ ഗർഭസ്ഥശിശുവിനെ കുറിച്ചുള്ള ആഗ്രഹങ്ങളുണ്ട്. കുഞ്ഞമ്മിണിക്ക് തന്റെ ഗർഭസ്ഥശിശുവിനെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും മന്ത്രിയുടെ ബാല്യകാലഫോട്ടോ ഉദ്ദീപിപ്പിക്കുന്നതാണോ? തന്റെ ഗർഭത്തിലെ കുഞ്ഞിനെ നേരിട്ടു കാണാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കാത്തിരിപ്പിന്റെയും പ്രതിഫലനം മാത്രമോ ഇത്? ഫോട്ടോയിലെ കുട്ടിയോടുള്ള മമത അവളുടെ ഗർഭത്തി്‌ന്റെ അനിശ്ചിതത്വത്തെ നേരിടാനുള്ള മാർഗമാണോ?
തന്റെ മകൻ എങ്ങനെയായിരിക്കുമെന്ന അവളുടെ സങ്കൽപ്പനങ്ങൾക്കും ഫോട്ടോയിലെ നാവികവേഷം ധരിച്ച കുട്ടിക്കും തമ്മിൽ സാമ്യങ്ങൾ ഉണ്ടായിരിക്കാം. ഇതു സൃഷ്ടിക്കുന്ന വൈകാരികപ്രതികരണമാണോ കുഞ്ഞമ്മിണി പ്രദർശിപ്പിക്കുന്നത്?
മന്ത്രി കുഞ്ഞമ്മിണിയോടു കാണിക്കുന്ന കീഴ്‌പ്പെടൽ മനോഭാവത്തിനും അധികാരിയായ അയാളുടെ മുന്നിൽ കുഞ്ഞമ്മിണിയുടെ കൂസലില്ലായ്മയ്ക്കും കാരണമെന്താണ്?
'എനിക്ക് ഇന്നലെ ആളെ മനസ്സിലായില്ല' എന്ന മന്ത്രിയുടെ കുമ്പസാരത്തിന്റെ അർത്ഥമെന്താണ്?
അവൾക്കും മന്ത്രിക്കുമിടയിലെ പൂർവ്വകാലത്തെ ലൈംഗികജീവിതത്തെയല്ലേ ഇതു സൂചിപ്പിക്കുന്നത്?
മുൻകാലജീവിതത്തിൽ മന്ത്രിയുടെ അമ്മ തന്നെയോ കുഞ്ഞമ്മിണിയെന്ന മെറ്റാഫിസിക്കൽ സന്ദേഹവും ഉയർത്താം. തിരിച്ച്, 'ഉണ്ണി' എന്ന കഥയിൽ ഭർത്താവിന്റെ പ്രതീകരൂപത്തിൽ സ്ത്രീയുടെ അടുത്തേക്ക് ഒരു കുട്ടി കടന്നുവരുന്നതു കാണാം.

ദാമ്പത്യബന്ധത്തിലെ പ്രശ്‌നപരിസരങ്ങളെ പല കോണുകളിൽ നിന്നും നോക്കിക്കാണുന്ന നിരവധി കഥകൾ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.
ദാമ്പത്യബന്ധത്തിലെ പ്രശ്‌നപരിസരങ്ങളെ പല കോണുകളിൽ നിന്നും നോക്കിക്കാണുന്ന നിരവധി കഥകൾ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.

ദാമ്പത്യബന്ധത്തിലെ പ്രശ്‌നപരിസരങ്ങളെ പല കോണുകളിൽ നിന്നും നോക്കിക്കാണുന്ന നിരവധി കഥകൾ മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. 'അമ്മു' എന്ന കഥയിൽ ദാമ്പത്യപ്രേമം വിജയിക്കുന്നതിന്റെ ചിത്രണമുണ്ട്. 'ആണുങ്ങളായാൽ കുറച്ചങ്ങനെയൊക്കെ ഉണ്ടാവില്ലേ' എന്നു ചോദിക്കുന്നവളെ ഈ കഥയിൽ മാധവിക്കുട്ടി എഴുതുന്നു. 'രാധയുടെ കത്തി'ൽ 'എന്റെ ഭർത്താവിന്റെ ആശ്ലേഷത്തിൽ ഞാൻ വീണ്ടും വ്യഭിചാരിണിയായി' എന്നു കരുതുന്നവളുണ്ട്. 'കോലാട്' എന്ന കഥയിലെ 'അയ്യോ! പരിപ്പ് കരിയ്ണ്ട്ന്ന് തോന്ന്ണൂ' എന്ന വാക്യം മലയാളിവീട്ടമ്മ വീടിനെ കുറിച്ച് എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഉൽക്കണ്ഠയെ (സ്ഥാനത്തെ) കുറിച്ചുള്ള നാട്ടുചൊല്ലായി ഇവിടെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വിക്‌ടോറിയൻ സദാചാരബോധം സ്ത്രീക്കു വേണ്ടി വരച്ച ലക്ഷ്മണരേഖകളെ അതിലംഘിച്ചു സഞ്ചരിക്കുന്നവരേയും മാധവിക്കുട്ടി എഴുതിയിരിക്കുന്നു.

ജീവിതയാഥാർത്ഥ്യത്തിന്റെ വ്യത്യസ്ത സ്ത്രീമുഖങ്ങളെ എഴുതുന്ന കഥാകാരി സ്ത്രീയുടെ ശരീരത്തിൽ ശിരസ്സു കൂടിയുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ഈ കഥകളുടെയെല്ലാം അടിയിൽ അതിസൂക്ഷ്മമായി വിമോചനപ്രത്യാശയെ സൂക്ഷിക്കുകയും ചെയ്യുന്നു. മാധവിക്കുട്ടിയുടെ ഏറ്റവും നല്ല കഥാഖ്യാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തേണ്ടുന്ന നുണകൾ, നെയ്പായസം, ചുവന്ന പാവാട എന്നീ കഥാഖ്യാനങ്ങളിൽ വീട്ടകങ്ങളിലേക്കു നോക്കുകയും രാഷ്ട്രശരീരത്തിലും സമൂഹത്തിലെമ്പാടും പ്രവർത്തിക്കുന്ന സ്വേച്ഛാധികാരവും ഹിംസയും സൂക്ഷ്മതലത്തിൽ പല രൂപങ്ങളിൽ കുടുംബത്തിനുള്ളിൽ ശക്തമായി പ്രവർത്തിക്കുന്നത് വിവൃതമാക്കുന്നതും നമുക്കു കാണാം. അച്ഛന്റെ നുണയിൽ നിർമ്മിക്കപ്പെടുന്ന തന്ത്രങ്ങളിലും അധികാരത്തിലും അപ്പുവിന്റെ സത്യം നഷ്ടമാകുന്നു. ആസൂത്രിതമായ നുണകൾ കൊണ്ടും അധികാരത്തിന്റെ നൃശംസമായ പ്രവർത്തനങ്ങളിലൂടെയും വിവിധ ദേശരാഷ്ട്രങ്ങളിലെ ജനതകളെ അടിച്ചമർത്തുകയും അവരിലെ സത്യത്തെ നിമഗ്നമാക്കുകയും സൈ്വരജീവിതത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളുടെ ഹ്രസ്വരൂപമായി 'നുണകൾ' എന്ന കഥയിലെ പിതൃഅധികാരം മാറിത്തീരുന്നതു കാണാം. 'അമ്മേ, കുതിരയെപ്പറ്റിയും പറഞ്ഞുകൂടെ?' എന്ന വാക്കുകളിൽ അച്ഛൻ നിർമ്മിക്കുന്ന നുണകളിൽ നിരാലംബനാകുന്ന കുട്ടിയായ അപ്പുവിന്റേതു മാത്രമല്ല, സ്വേച്ഛാധിപത്യ രാജ്യങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുഴുവനും ഇപ്പോൾ നാം കേൾക്കുന്നു. ഭരണഘടനയെ നശിപ്പിക്കുന്നവർ ഭരണഘടനയുടെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നതും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങുന്നിടത്തോളം ജനാധിപത്യമൂല്യങ്ങളുടെ അടിത്തറ വരെയും പിളർക്കുന്നവർ ജനാധിപത്യത്തെ കുറിച്ചു പ്രസംഗിക്കുന്നതും നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദിക്കുന്ന മനുഷ്യർ തുറുങ്കുകളിലടക്കപ്പെടുന്നതും അവിടെ കൊല്ലപ്പെടുന്നതും ഇന്ത്യൻ യാഥാർത്ഥ്യം കൂടിയാണല്ലോ?

മാധവിക്കുട്ടി മാതൃപാരമ്പര്യത്തിന്റെ ധനാത്മകമൂല്യങ്ങളെ ഉൾക്കൊള്ളുകയോ അതിനെ ഗൃഹാതുരതയോടെ ഏറ്റെടുക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തുവെന്ന ആരോപണത്തിന് സാംഗത്യമുണ്ടെങ്കിലും അത് ഇതര സവർണ്ണമൂല്യങ്ങളോടു സംഘർഷത്തിലാകുന്ന രീതിയിലാണ് അവരുടെ രചനകളിൽ ഏറെയും പ്രത്യക്ഷപ്പെടുന്നത്.

സമൂഹത്തിലെ കീഴാളരും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും അനുഭവിക്കുന്ന നിഷ്ഠൂരമായ വിവേചനങ്ങളും യാതനകളും മദ്ധ്യവർഗ്ഗകുടുംബങ്ങളുടെ ഉള്ളകങ്ങളിൽ കൂടി എങ്ങനെ ഊറിക്കൂടിയിരിക്കുന്നുവെന്ന് 'ചുവന്ന പാവാട' എന്ന കഥ പറഞ്ഞുവയ്ക്കുന്നുണ്ട്. വേലക്കാരിയായ രാധയോടും അവളോടു നല്ല മനസ്സുകൊണ്ടു പെരുമാറുന്ന യജമാനനോടും മാത്രമല്ല, വേലക്കാരിയെ ചേട്ടയെന്നു വിളിച്ചു കാരണങ്ങളേതുമില്ലാതെ ശകാരിക്കുകയും വേലക്കാരിയെ പ്രതി ഭർത്താവിനെ നോവിക്കുകയും ചെയ്യുന്നവളോടും നമുക്കു ദുഃഖം തോന്നുന്നു. എന്തു കൊണ്ടാണത്? ഇവർ എല്ലാവരും പാരതന്ത്ര്യത്തിലാണ്. നമ്മുടെ കുടുംബങ്ങൾ സദാചാരത്തിന്റെ സംരക്ഷണാർത്ഥം പാരതന്ത്ര്യത്തെ വരിച്ച് ജീവിക്കുന്ന ഇടങ്ങളാണെന്ന് മാധവിക്കുട്ടി പറയുന്നു. നമ്മുടെ സമൂഹം അനിവാര്യമെന്നോണം നിർമ്മിച്ചെടുക്കുന്ന മാതൃത്വം എന്ന മഹനീയ സങ്കൽപ്പനത്തെ പ്രശ്‌നവൽക്കരിക്കുകയാണ് 'നെയ്പായസം' എന്ന കഥയിൽ. അണുകുടുംബത്തിൽ അമ്മയുടെ അനിവാര്യതയെ, കുടുംബസത്തയായി അമ്മയെ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രകീർത്തിക്കുകയാണ് ഈ ആഖ്യാനം ചെയ്യുന്നതെന്നു തോന്നുമെങ്കിലും സൂക്ഷ്മതലത്തിൽ കുടുംബവ്യവസ്ഥയുടെ അനൈതികതയിലേക്ക് അത് വെളിച്ചം തരുന്നുണ്ട്. ഈ കഥകളിലൊന്നും ഭൂതകാലശ്രേഷ്ഠമൂല്യങ്ങളുടെ പുനരുജ്ജീവനത്തെ നമുക്ക് അഭിസംബോധന ചെയ്യേണ്ടി വരുന്നില്ല.

മലബാറിലെ നായർ വരേണ്യസമുദായത്തിന് നഷ്ടമായ ജാതിപദവിയും പൈതൃകഭൂമിയും ശ്രേഷ്ഠതാബോധവും സാഹിത്യകൃതികളിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്ന ദിലീപ് മേനോന്റെ വീക്ഷണം എം.ടി വാസുദേവൻനായരിലെന്ന പോലെ മാധവിക്കുട്ടിയിൽ പ്രവർത്തനക്ഷമമാകാത്തതിന്റെ പ്രധാന കാരണം പുരുഷാധിപത്യമൂല്യങ്ങളോട് ഇടഞ്ഞുനിൽക്കുന്ന മനസ്സ് അവരുടെ കഥകളിൽ നിരന്തരം ഇടപെടുന്നു എന്നതുകൊണ്ടാണ്. വരേണ്യ നായർ സമുദായത്തിന്റെ ജാതിപദവിയും പൈതൃകഭൂമിയും ശ്രേഷ്ഠതാബോധവുമെല്ലാം പുരുഷാധിപത്യത്തിന്റെ ഇതരരൂപങ്ങൾ തന്നെയായിരുന്നു. ദിലീപ് മേനോൻ സൂചിപ്പിക്കുന്ന മാതൃപാരമ്പര്യം പോലും പുരുഷാധികാരത്തിനു കീഴിലെ ക്രമീകരണം മാത്രമായിരുന്നു. മാധവിക്കുട്ടി മാതൃപാരമ്പര്യത്തിന്റെ ധനാത്മകമൂല്യങ്ങളെ ഉൾക്കൊള്ളുകയോ അതിനെ ഗൃഹാതുരതയോടെ ഏറ്റെടുക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തുവെന്ന ആരോപണത്തിന് സാംഗത്യമുണ്ടെങ്കിലും അത് ഇതര സവർണ്ണമൂല്യങ്ങളോടു സംഘർഷത്തിലാകുന്ന രീതിയിലാണ് അവരുടെ രചനകളിൽ ഏറെയും പ്രത്യക്ഷപ്പെടുന്നത്. ചിറളയത്തു നിന്ന് തന്റെ കുട്ടിയേയും കൊണ്ട് നാലാപ്പാട്ടേക്കു തിരിച്ചെത്തിയ അമ്മമ്മയുടെ അമ്മയാകാൻ ആഗ്രഹിക്കുന്നതിനെ കുറിച്ച് സ്മരണകളിൽ എഴുതുന്ന മാധവിക്കുട്ടി മാതൃപാരമ്പര്യത്തിന്റെ ധനാത്മകതയെ പുരുഷാധികാരത്തിനെതിരായ പോരിനു വേണ്ടിയുള്ള ഉപകരണമാക്കാനാണ് ശ്രമിക്കുന്നത്. ബഹുഭർത്തൃത്വം ഭൂതകാലയാഥാർത്ഥ്യമായിരുന്നുവെന്ന കാര്യത്തെ മാധവിക്കുട്ടിയുടെ ആഖ്യാനങ്ങൾ നിരന്തരം ചർച്ച ചെയ്യുന്നുണ്ടെങ്കിലും സമകാലത്തിന്റെ യാഥാർത്ഥ്യവുമായി അതു കണ്ണിചേർക്കപ്പെട്ട് പ്രതിരോധത്തിന്റെ പാഠങ്ങളിലേക്ക് എത്തിച്ചേരാൻ വെമ്പുന്നു. മാധവിക്കുട്ടിയുടെ കഥകളിലെ സ്ഥല-കാലരാശികൾ മലബാറിലെ വരേണ്യപ്രതാപത്തിന്റെ സ്ഥല-കാലരാശികളിൽ നിന്നും വിമുക്തമായി തീർന്നതും കൂടി ഒരു കാരണമാണ്. മാധവിക്കുട്ടിയുടെ പ്രധാനപ്പെട്ട കഥകളിൽ വളരെ കുറച്ചു മാത്രമേ മലബാറിന്റെ സ്ഥലപശ്ചാത്തലത്തിൽ വരുന്നുള്ളൂ. (എം.ടി തന്നെ പിൽക്കാലത്തു രചിക്കുന്ന 'ഷെർലക്ക്'എന്ന കഥയുടെ വ്യത്യസ്തമായ സ്ഥല-കാലരാശി നേരത്തെ സൂചിപ്പിച്ച നൊസ്റ്റാൾജിക് പുനരുജ്ജീവനത്തെ പിൻപറ്റുന്നില്ലെന്ന കാര്യവും സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്.) ഫ്യൂഡൽ സന്മാർഗ്ഗത്തിന്റെ അടിവേരുകൾ പൊട്ടുന്ന ശബ്ദമാണ് എം.എൻ. വിജയൻ മാധവിക്കുട്ടിയുടെ രചനകളിൽ നിന്നും കേട്ടതെന്നതു കൂടി ഇവിടെ പ്രസ്താവ്യമാണ്.

മരണത്തെ പുരുഷനോട് സദൃശകൽപ്പന ചെയ്യുന്ന കഥയാണ് 'പക്ഷിയുടെ മണം'.
മരണം പുരുഷനാണ്.
അപ്രതീക്ഷിതമായി കീഴടക്കുന്നത്, പുരുഷനെ പോലെ.
ഉയരമുള്ളത്, പുരുഷനെ പോലെ.
എപ്പോഴും പിന്തുടരുന്നത്, പുരുഷമൂല്യങ്ങളെ പോലെ.
നിസ്സംഗം പ്രതികരിക്കുന്നത്.
ക്ലേശിച്ചു ക്ഷീണിച്ചു നിലത്തു വീഴുന്ന കിളിയെ ചവിട്ടിയരയ്ക്കുന്നത്. ബീഭത്സമായ ആകർഷണശക്തിയുള്ള കൈവിരലുകളുള്ളത്.
ലഹരി പാനം ചെയ്യുന്നത്.
മരണത്തിനും പുരുഷനുമിടയിടയിലെ സാമ്യങ്ങൾ എഴുതുന്ന കഥാകാരി പുരുഷാധികാരത്തിനും അതിന്റെ മൂല്യവ്യവസ്ഥക്കും എതിരെ ഉയർത്തുന്ന വിമർശനസ്വരം നാം കേൾക്കുന്നു.
കഥയിലെ 'അവൾ' ജോലി തേടി എത്തിപ്പെടുന്ന സ്ഥലത്ത് സ്ത്രീകളെ കാണാനില്ല. പുരുഷന്മാർ നിറഞ്ഞിരിക്കുന്നിടത്താണ് അവൾ എത്തിപ്പെടുന്നത്. ജീവിതത്തിലണിയേണ്ട വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്നിടമെന്നു കരുതി അവൾ കയറിച്ചെല്ലുന്നത് മരണത്തിന്റെ മുറിയിലേക്കാണ്. അത് പുരുഷന്റെ മുറിയാണ്. മരണത്തിന് പക്ഷിയുടെ മണമാണെന്ന് മരണമുറിയിലെ പുരുഷൻ പറയുമ്പോൾ അതിനു പഴത്തോട്ടങ്ങളിൽ നിന്നു വരുന്ന മധുരത്തിന്റെ മണം കൂടിയുണ്ടെന്ന് അവൾ തന്റെ പൂർവ്വകാലജീവിതത്തിൽ നിന്നും ഓർത്തെടുക്കുന്നുണ്ട്. പുരുഷനും മരണവും മഞ്ഞക്കിളിയുടെയോ മധുരത്തിന്റെയോ മണവുമായി വരുന്നു. അവളുടെ കൈകൾ വിയർക്കുന്നു. മനസ്സിൽ ഉരുണ്ടുകൂടുന്ന ഉൽക്കണ്ഠയുടെ ചിഹ്നമായി വിയർക്കുന്ന കൈകൾ മാധവിക്കുട്ടിയുടെ ആഖ്യാനങ്ങളിൽ കടന്നുവരുന്നു. അവൾ പുരുഷന്റെ മരണമുറിയിൽ നിന്നും പുറത്തിറങ്ങുന്നെങ്കിലും മരണത്തിലേക്കു (പുരുഷമൂല്യങ്ങളിലേക്കു) തന്നെ നീങ്ങുന്നു. അകംലോകവും പുറംലോകവും പുരുഷാധികാരത്തിന്റേതു തന്നെ. സ്ത്രീജീവിതം പുരുഷാധിപത്യത്തിന്റെ ഭീകരവും ഭയാനകവുമായ ബന്ധനത്തിലാണെന്നു വ്യഞ്ജിപ്പിക്കുന്ന ആഖ്യാനമായി 'പക്ഷിയുടെ മണം' മാറിത്തീരുന്നു. മാധവിക്കുട്ടിയുടെ രചനകളിൽ കൽപ്പനാചാതുരി അതീവം തിളങ്ങിനിൽക്കുന്ന കഥയായി 'പക്ഷിയുടെ മണം' ഏറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ടല്ലോ?

നായർ വരേണ്യസമുദായത്തിന് നഷ്ടമായ ജാതിപദവിയും പൈതൃകഭൂമിയും ശ്രേഷ്ഠതാബോധവും സാഹിത്യകൃതികളിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്ന ദിലീപ് മേനോന്റെ വീക്ഷണം എം.ടി വാസുദേവൻനായരിലെന്ന പോലെ മാധവിക്കുട്ടിയിൽ പ്രവർത്തനക്ഷമമാകാത്തതിന്റെ പ്രധാന കാരണം പുരുഷാധിപത്യമൂല്യങ്ങളോട് ഇടഞ്ഞുനിൽക്കുന്ന മനസ്സ് അവരുടെ കഥകളിൽ നിരന്തരം ഇടപെടുന്നു എന്നതുകൊണ്ടാണ്.
നായർ വരേണ്യസമുദായത്തിന് നഷ്ടമായ ജാതിപദവിയും പൈതൃകഭൂമിയും ശ്രേഷ്ഠതാബോധവും സാഹിത്യകൃതികളിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്നു എന്ന ദിലീപ് മേനോന്റെ വീക്ഷണം എം.ടി വാസുദേവൻനായരിലെന്ന പോലെ മാധവിക്കുട്ടിയിൽ പ്രവർത്തനക്ഷമമാകാത്തതിന്റെ പ്രധാന കാരണം പുരുഷാധിപത്യമൂല്യങ്ങളോട് ഇടഞ്ഞുനിൽക്കുന്ന മനസ്സ് അവരുടെ കഥകളിൽ നിരന്തരം ഇടപെടുന്നു എന്നതുകൊണ്ടാണ്.

'കല്യാണി' എന്ന കഥയിൽ ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങളിലൊന്നായ പോലീസിനെ പുരുഷാധികാരവുമായി ബന്ധിപ്പിക്കുന്നതോ സദൃശകൽപ്പന ചെയ്യുന്നതോ കാണാൻ കഴിയും. അങ്ങനെയെങ്കിൽ, 'പക്ഷിയുടെ മണ'വും 'കല്യാണി'യും തമ്മിൽ ചില സമാനതകളുണ്ട്. ഭർത്താവിനെ ഓഫീസിൽ കൊണ്ടുചെന്നാക്കി കാറോടിച്ചു മടങ്ങിവരുന്ന അമ്മിണിയെ പോലീസുകാർ തടഞ്ഞു നിർത്തുന്നു. അവളെ ഒരു പോലീസ് താവളത്തിലേക്കു കൊണ്ടുപോകുന്നു. അവൾ കല്യാണിയെന്ന വേശ്യയാണെന്നും ഇപ്പോൾ തങ്ങൾ അറസ്റ്റു ചെയ്തിരിക്കയാണെന്നും ഔദ്യോഗിക വേഷങ്ങളില്ലാത്ത മേലധികാരി പറയുന്നു. താൻ അമ്മിണിയാണെന്ന് അവൾ ആവർത്തിച്ചു പറയുന്നുണ്ട്. അവളുടെ വാക്കുകളെ മേലധികാരി പുച്ഛിച്ചുതള്ളുന്നു. പോലീസ്താവളത്തിലെത്തുന്ന അമ്മിണിയുടെ ഭർത്താവും മേലധികാരിയുടെ വാക്കുകളാണ് ആവർത്തിക്കുന്നത്. വേശ്യയാണെന്നതിൽ വ്യസനിക്കേണ്ടതില്ലെന്നു പോലീസുകാരൻ അവളെ സാന്ത്വനപ്പെടുത്തുന്നു. കഥയിലെ അവസാനവാക്യങ്ങൾ:

'അവൾ പറഞ്ഞു: 'ഞാൻ കല്യാണിയല്ല, ഞാൻ അമ്മിണിയാണ്.'
'നി കല്യാണിയാണ്', അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു, 'നീ എന്നും എന്നും എന്റെ കല്യാണിയാണ്’.
ക്ഷീണം കൊണ്ട് അടഞ്ഞു തൂങ്ങുന്ന കണ്ണുകളോടെ അവൾ ആ രോമമില്ലാത്ത മുഖത്തേക്കു നോക്കി.
'ഞാൻ കല്യാണിയാണോ?' അവൾ ചോദിച്ചു.
'അതെ, നീ കല്യാണിയാണ്.'
അവൾ അസ്തപ്രജ്ഞയായി നിലംപതിച്ചു.'

ആവർത്തിക്കുന്ന ഗീബൽസിയൻ വചനങ്ങളും ഭർത്താവിന്റെ പെരുമാറ്റവും അമ്മിണിയെ കൂടി സന്ദേഹത്തിലേക്കു കൊണ്ടുപോകുന്നു. 'ഞാൻ കല്യാണിയാണോ?' എന്ന അവളുടെ ചോദ്യത്തിൽ സന്ദേഹത്തിന്റെയോ മറവിയുടെയോ ഉന്മാദത്തിൽ പെടുന്നതിന്റെയോ ലാഞ്ഛനകളുണ്ട്. പുരുഷാധികാരം കല്യാണി എന്ന വേശ്യയെ നിർമ്മിച്ചെടുക്കന്നതെങ്ങനെയെന്ന്, അലങ്കാരങ്ങളേതുമില്ലാതെ, നേർഭാഷയിൽ, ലളിതമായി കഥാകാരി എഴുതുന്നു. ഭാഷയുടെ ലാളിത്യം കൊണ്ട് ഒരു ക്രൂരബലാൽസംഗത്തിന്റെ കഥ ഹൃദയത്തെ കുത്തിപ്പിളർക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നത് 'സ്വയംവരം' എന്ന കഥയിലും വായിക്കാം. താൻ അവന്തി രാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തിയായ വൃദ്ധയാചകിയെ അവളുടെ സ്വയംവരത്തിനെത്തിയവരെന്ന് ധരിപ്പിച്ച് മൂന്നു രാജാക്കന്മാർ ബലാൽസംഗം ചെയ്തു കൊല്ലുന്ന കഥയാണിത്.

'നപുംസകങ്ങൾ' ആരംഭിക്കുന്നത് രാം കിങ്കരിയുടെ നേതൃത്വത്തിലുള്ള പാർപ്പിടങ്ങളുടെയും അവിടെ താമസിക്കുന്നവരുടെയും വിവരണങ്ങളോടെയാണ്. പത്തൊമ്പതു വർഷം മുന്നേ കാണാതായ തന്റെ മകളെയും അന്വേഷിച്ച് ആ പാര്‍പ്പിടത്തിലേക്ക് ഒരു സേഠാണി എത്തുന്നു. അവളെ കിട്ടാതെ മടങ്ങിപ്പോകില്ലെന്നു പറഞ്ഞ് സേഠാണി രാം കിങ്കരിയുടെ മുന്നിൽ ഇരിക്കുന്നു. മൂക്കുത്തിയണിഞ്ഞ രുഗ്മ തന്റെ മകളാണോയെന്ന് സേഠാണിക്ക് സംശയം തോന്നുന്നുണ്ട്. എന്നാൽ, തന്റെ മകൾ വെളുത്തതാണെന്നും രുഗ്മയ്ക്കു ഭൂമിയുടെ നിറമാണെന്നും മനസ്സിലാക്കി അവൾ തിരിച്ചു പോകുന്നു. രാമുഭാവുവിന്റെ സംഘം കുട്ടികളെ കട്ടു കൊണ്ടു പോകുന്നവരാണെന്ന പൊതുധാരണയിലാണ് സേഠാണി അവരുടെ കുടിയിലെത്തുന്നത്. ഞങ്ങൾ കുട്ടികളെ കക്കുന്നവരല്ലെന്ന്, വീട്ടുകാർ വിൽക്കുന്ന കുട്ടികളെ നല്ല വില കൊടുത്തുവാങ്ങുക മാത്രമേ ചെയ്യാറുള്ളൂവെന്ന്, ഞങ്ങൾക്ക് നിങ്ങളുടെ കൂട്ടരെക്കാളും നേരും നെറിയുമുണ്ടെന്ന് രാം കിങ്കരി സേഠാണിയോടു പറയുന്നുണ്ട്. മാധവിക്കുട്ടിയുടെ കഥ മൂന്നാം ലിംഗത്തിൽ പെട്ടവരോട് സഹഭാവം പ്രകടിപ്പിക്കുന്നു. കഥയുടെ ശൈലിയിലും പരിചരണത്തിലും ഉടനീളം അതു കാണാം. രാം കിങ്കരിയും രുഗ്മയും പറയുന്നത് സേഠാണിക്കു ബോദ്ധ്യമാകുന്നതും അവർ ഭൂമിയുടെ മക്കളാണെന്നു ഉറപ്പിക്കുന്നതും ഈ സഹഭാവത്തിന്റെ ലക്ഷണങ്ങളാണ്. ബഷീറിന്റെ 'ശബ്ദങ്ങ'ളെ പോലെ മൂന്നാം ലൈംഗികത പ്രമേയമായി വരുന്ന ആദ്യ മലയാളകഥകളിലൊന്നാണിത്. 'നപുംസകങ്ങൾ' എന്ന കഥാശീർഷകം മൂന്നാം ലൈംഗികതയെ അവഹേളിക്കുന്നതായി നമുക്കു തോന്നുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. രാംകിങ്കരിയേയും രുഗ്മയേയും ശക്കുഭായിയേയും പൊതുസമൂഹം എങ്ങനെയാണ് നോക്കിക്കണ്ടിരുന്നത് എന്നതിന്റെ ചരിത്രരേഖയായി ഈ കഥാശീർഷകം നിലനിൽക്കും. സപുംസകങ്ങൾ എന്ന വാക്കു നിർമ്മിക്കാൻ പ്രമോദ് രാമന് ഈ കഥയും പ്രേരകമായിട്ടുണ്ടാകും.

മാധവിക്കുട്ടിയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളോ ധാരണകളോ പ്രത്യയശാസ്ത്രങ്ങളുടെ ഇടുങ്ങിയ അതിർത്തികളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. അവയെ ഭേദിക്കാൻ വെമ്പൽ കൊള്ളുന്നതായിരുന്നു.

മാധവിക്കുട്ടിയുടെ കഥകൾ ദൈർഘ്യമേറിയവയല്ല. പറയേണ്ടതിനെ ചുരുക്കം വാക്കുകളിൽ സംക്ഷേപിക്കുന്ന ശൈലിയോട് സവിശേഷമായ മമത കഥാകാരി പ്രകടിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സൗന്ദര്യത്തെ ചൂണ്ടിക്കാണിച്ച് ഒരാളുടെ മനസ്സിലെ കളങ്കത്തെ ശമിപ്പിക്കുന്ന ഊമയായ ഒരു പെൺകുട്ടിയെ 'പ്രഭാതത്തിന്റെ രഹസ്യം' എന്ന കഥയിൽ മാധവിക്കുട്ടി എഴുതുന്നു: ‘‘...എത്രയോ വാരങ്ങൾക്കപ്പുറത്ത് മലഞ്ചെരിവിലെ മഞ്ഞിൽ നിന്ന് ഉദിച്ചുപൊങ്ങുന്ന സൂര്യനെ എനിക്കു കാട്ടിത്തന്നു. ചുവന്നതും പരിപൂർണ്ണവുമായ ഒരു വൃത്തം. അവളുടെ കണ്ണുകളുടെ തിളക്കം ഞാൻ ആ നിമിഷത്തിലാണ് ആദ്യം കണ്ടത്’’. സൂര്യന്റെ ആദ്യ പ്രകാശം മൂടൽമഞ്ഞിനെ ഭേദിച്ച് മലഞ്ചെരിവിനെ പ്രകാശിപ്പിക്കുന്ന കാഴ്ചയിൽ ആ പെൺകുട്ടി ആകർഷിതയായിരുന്നു. പുലർകാലത്ത് രോമസാൽവയും പുതച്ച് കുന്നിന്റെ ശിഖരങ്ങളിലേക്ക് അവൾ നടന്നു കയറുന്നത് മനോഹരമായ ആ സൗന്ദര്യദർശനത്തിനു വേണ്ടിയാണ്. പ്രഭാതത്തിന്റെ ശാന്തതയിൽ ഉദയസൂര്യൻ പ്രത്യാശയും നവീകരണവുമായി വരുന്നു. അത്ഭുതദായകമായ പ്രകൃതിദൃശ്യത്തിന്റെ ലളിതവും അഗാധവുമായ നിമിഷങ്ങളെ ചൂണ്ടുന്ന പെൺകുട്ടി അവളെ കീഴ്‌പ്പെടുത്താനായി വന്നവനെ പ്രകൃതിയുടെ സൗന്ദര്യത്തിലേക്കും ഗാംഭീര്യത്തിലേക്കും വിനയത്തിലേക്കും നയിച്ചുകൊണ്ട് പുതുക്കിയെടുക്കുന്നു. ഒരു താളിന്റെ ദൈർഘ്യം മാത്രമുള്ള ഈ കഥ മാധവിക്കുട്ടിക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കണം.

മാധവിക്കുട്ടിയുടെ രചനകളെ ചൂണ്ടി ദിലീപ് മേനോൻ മുന്നോട്ടുവയ്ക്കുന്ന സാമാന്യ നിരീക്ഷണങ്ങളെ ചെറുക്കുന്ന ഘടകങ്ങളെ അവരുടെ എഴുത്തുകളിൽ നിന്നും കണ്ടെത്താമെന്നു പറയുമ്പോൾ, മാധവിക്കുട്ടി നിരൂപകരുടെ എഴുത്തുകാരിയല്ലെന്ന പൊതുവായ ഒരു നിരീക്ഷണത്തെ കുറിച്ചു കൂടി ഓർക്കണം. മാധവിക്കുട്ടിയെ വായിച്ചുകൊണ്ട് 'തെമ്മാടി സുന്ദരനാണ്' എന്നെഴുതുന്ന കൽപ്പറ്റ നാരായണന്റെ വാക്കുകളെ ഉച്ച, കാമഭ്രാന്ത്, നഷ്ടപ്പെട്ട നീലാംബരി, രാജവീഥികൾ എന്നീ കഥകളെ ചൂണ്ടി നിരസിക്കാൻ കഴിയുമെന്ന് കെ. രാജൻ എഴുതുന്നുണ്ട്.

മാധവിക്കുട്ടിയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങളോ ധാരണകളോ പ്രത്യയശാസ്ത്രങ്ങളുടെ ഇടുങ്ങിയ അതിർത്തികളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. അവയെ ഭേദിക്കാൻ വെമ്പൽ കൊള്ളുന്നതായിരുന്നു. പിതൃത്വത്തെ രക്ഷിക്കാൻ മാത്രമായി അവതരിച്ച പ്രത്യയശാസ്ത്രങ്ങളെ നിരന്തരം പ്രതിരോധിക്കുന്നവൾ തന്നെയാണ് ഭർത്താവിനെയും കുടുംബത്തെയും കേന്ദ്രമാക്കി നിർത്തുന്ന കഥകളും എഴുതുന്നത്. അതുകൊണ്ട് ഓരോ പാഠങ്ങളും അവയ്ക്കുള്ളിൽ സാർത്ഥകമായിരിക്കുമ്പോൾ തന്നെ സാകല്യപരിശോധനയിൽ തെന്നി തെന്നി പോകുന്നത് കാണാൻ കഴിയുമായിരുന്നു. സ്‌ത്രൈണത്തെ കുറിച്ച് വീണ്ടും വീണ്ടും എഴുതുന്ന കഥാകാരി സ്ത്രീവാദത്തിന്റെ നിയതപദങ്ങളെ അവിശ്വസിച്ചിരുന്നുവെന്നു കൂടി കാണുക. ഫെമിനിസം നനഞ്ഞ കടലാസു പോലെ രുചിക്കുന്നു എന്ന വാക്കുകൾ അവരുടെ സ്വതന്ത്രധിഷണയുടെ ഇതരരൂപത്തിലുള്ള പ്രഖ്യാപനമായിരുന്നു. ആത്മാവബോധത്തിന്റെയും ആത്മനിന്ദയുടെയും വാക്കുകൾ ഒരേ നിമിഷത്തിൽ ഉച്ചരിക്കുകയും വിമർശനത്തിന്റെയും സ്വയംവിമർശനത്തിന്റെയും വഴികളിലൂടെ നിരന്തരം കടന്നുപോകുകയും ചെയ്യുന്നവൾ ഓരോ നിമിഷവും സ്വയം നവീകരിക്കുന്നുണ്ടായിരുന്നു. ആ രചനാലോകത്തിൽ മുന്നോട്ടും പിന്നോട്ടുമുള്ള നോട്ടങ്ങളും യാത്രകളുമുണ്ടായിരുന്നു.

കല്‍പ്പറ്റ നാരായണന്‍
കല്‍പ്പറ്റ നാരായണന്‍

'അവളുടെ ഉള്ളിൽ നിന്ന്, അറ്റമില്ലാത്ത ഒരു അഗാധതയിൽ നിന്ന് അതൃപ്തിയുടെ പിറുപിറുക്കലുകൾ ഉയർന്നുകൊണ്ടേയിരുന്നു. സ്വാതന്ത്ര്യം, അതു പറഞ്ഞു. എനിക്ക് ഇനിയുമിനിയും സ്വതന്ത്രമാവണം’. (പരുന്തുകൾ)

കുറിപ്പുകൾ:
*വി.ടി.നന്ദകുമാറിന്റെ 'രണ്ടു പെൺകുട്ടികൾ' എന്ന നോവൽ മാധവിക്കുട്ടിയുടെ 'ചന്ദനമരങ്ങൾ'ക്കുമുന്നേ പുറത്തിറങ്ങിയതാണ്.

അവലംബം:

1.'Death that awful thug' : Revisiting the late poems of Kamala Das - Dilip M Menon, Caravan, 01 Oct 2015.
2. മാധവിക്കുട്ടിയുടെ കഥകൾ - കറന്റ് ബുക്‌സ്, കോട്ടയം, 1985.
3. എന്റെ പ്രിയപ്പെട്ട കഥകൾ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 2023.
4. മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം - ഡി.സി ബുക്‌സ്, കോട്ടയം, 2018.
5. മാധവിക്കുട്ടിയുടെ നോവല്ലകൾ - ഡി.സി ബുക്‌സ്, കോട്ടയം, 2024.
6. നനഞ്ഞ മഴയിൽ തനിച്ചു നടന്നവൾ - എഡി: വി.യു. സുരേന്ദ്രൻ, പൂർണ്ണ പബ്‌ളിക്കേഷൻസ്, കോഴിക്കോട്, 2021.


Summary: v vijayakumar writes about madhavikutty;s shortstories


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments