ഫാന്റം, 'ഫാൻസുകാർ' നിങ്ങളെ കാത്തിരിക്കുന്നു

അനീതിയോട് മനസിൽ തോന്നുന്ന എതിർപ്പ് കടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന് നന്മയുടെ വിജയം ഉറപ്പാക്കുന്ന സൂപ്പർ ഹീറോ എന്ന നിലയിൽ ഫാന്റത്തോട് തോന്നുന്ന ആരാധനയും കുറച്ചൊന്നുമായിരുന്നില്ല.

ദ്യമായി അടിവസ്ത്രം പുറത്തിട്ട് നടന്നത് സൂപ്പർമാനല്ല.
​വസ്ത്രധാരണത്തിൽ അത്തരമൊരു തിരിമറി അവതരിപ്പിച്ചത് ഫാന്റമാണ്. അങ്ങനെ നോക്കിയാൽ സാധാരണക്കാരുടേതിനോട് സാമ്യമില്ലാത്ത വേഷവിധാനത്തോടെ വരുന്ന ആദ്യ സൂപ്പർ ഹീറോ തന്നെയാണ് ഫാന്റം. ഒരേ സൃഷ്ടാവിന്റെ രചന തന്നെയാണെങ്കിലും മാൻഡ്രേക്കിന്റെ വേഷവിധാനം സാധാരണക്കാരുടേതിൽ നിന്ന് ഇത്ര വ്യത്യസ്തമായിരുന്നില്ല. വേറിട്ടുനിന്ന ആ രീതികളിലൂടെത്തന്നെയാണ് ഫാന്റം തലമുറകൾ നീളുന്ന ഫാൻ ഫോളോവേഴ്‌സിനെ സൃഷ്ടിച്ചത്. ദിനപ്പത്രങ്ങളിൽ കോമിക് സ്ട്രിപ്പുകളായും ചിത്രകഥാ പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിരുന്നതുകൊണ്ട് ഒരു ജനകീയ സൂപ്പർ ഹീറോ തന്നെയായിരുന്നു ഫാന്റം. അതിമാനുഷിക ശക്തികളോ കൺകെട്ടുവിദ്യകളോ ഒന്നുമല്ല, ശക്തിയും കൂർമബുദ്ധിയും ആണ് ഫാന്റത്തിന്റെ വിജയങ്ങൾക്കു പിന്നിൽ.

പതിനാറാം നൂറ്റാണ്ടിൽ ആഫ്രിക്കൻ തീരമായ ബംഗല്ലയിൽ ഒരു കപ്പലിന്റെ അവശിഷ്ടത്തോടൊപ്പം ജീവനോടെ ഒരു യുവാവും വന്നടിഞ്ഞു. കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ കപ്പൽ തകരുക മാത്രമല്ല, അവന്റെ അച്ഛനുൾപ്പടെയുള്ളവർ കൊല്ലപ്പെടുകയും ചെയ്തു. അച്ഛന്റെ തലയോട്ടിയെടുത്തുവച്ച് അന്ന് ആ ഇരുപതുകാരൻ, ക്രിസ്റ്റഫർ വാക്കർ, ഒരു പ്രതിജ്ഞയെടുത്തു; "കടൽക്കൊള്ള, ക്രൂരതകൾ, അന്യായം, അത്യാർത്തി എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനാണ് ഇനിയെന്റെ ജീവിതം. എന്റെ മക്കളും അവരുടെ അനന്തരതലമുറകളും എന്റെ വഴി പിൻതുടരും.' ആ ബാലനാണ് ഫാന്റം ഒന്നാമൻ. കിറ്റ് വാക്കർ എന്ന ക്രിസ്റ്റഫർ വാക്കർ എന്ന, ഫാന്റം ഒന്നാമൻ.

ഫാന്റത്തിന്റെ ഒറിജിൻ സ്റ്റോറി. 1939 മെയ് 28ന് പ്രസിദ്ധീകരിച്ച സണ്ടേ സ്ട്രിപ്പിൽ നിന്നും / Photo: Wikimedia Commons

താനെത്തിച്ചേർന്ന ബംഗല്ല എന്ന സാങ്കല്പിക ദേശത്തുള്ള എല്ലാ ഗോത്രവർഗ്ഗക്കാരുമായി സൗഹൃദത്തിലായ ഫാന്റം തലയോട്ടിയുടെ ആകൃതിയുള്ള ഒരു ഗുഹയിലാണ് ജീവിക്കുന്നത്. പിന്നീടിങ്ങോട്ട് അനന്തര തലമുറകളൊക്കെത്തന്നെ അതാത് കാലത്ത് നേരിനുവേണ്ടി പോരാടി വിജയിച്ചവരാണ്. നടക്കുന്ന പ്രേതം എന്നും അറിയപ്പെടുന്ന ഫാന്റം നാനൂറിൽ അധികം കൊല്ലമായി ജീവിക്കുന്ന ആളാണെന്നും കരുതുന്നവരുണ്ട്. എന്നാൽ ഒരു ഫാന്റം പ്രായമായി വിരമിക്കുമ്പോൾ മകനായ അടുത്ത ഫാന്റം ചുമതലകൾ ഏറ്റെടുക്കുകയാണ് എന്നും കരുതപ്പെടുന്നുണ്ട്. പ്രായമായി മരിക്കുന്ന ഫാന്റത്തെ അടക്കുന്നതും തലയോട്ടി ഗുഹയിൽ തന്നെയാണ്. ഫാന്റമാകുന്ന ഓരോ പുതുതലമുറക്കാരനും ആദ്യ ഫാന്റത്തെപ്പോലെ ദൃഢപ്രതിജ്ഞയെടുത്താണ് ചുമതലയേൽക്കുന്നത്.

രണ്ടു മുദ്രമോതിരങ്ങൾ ആണ് ഫാന്റം അണിയാറ്. അതിൽ ഒന്നിലേത് സൗഹൃദത്തിന്റെ മുദ്രയാണ്. അത് പതിച്ചുകിട്ടിയവരുടെ സുരക്ഷയിൽ ഫാന്റത്തിന് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കും

ഈ കണ്ണിയിലെ ഇരുപത്തിയൊന്നാമത്തെ ഫാന്റമാണ് ഏറ്റവും പ്രശസ്തനും നമുക്കൊക്കെ ഫാന്റം എന്ന പേരുകൊണ്ട് അറിയുന്നതും. ഇദ്ദേഹത്തിന്റെയും യഥാർത്ഥ് പേര് പൂർവികരിൽ ഏറെപ്പേരുടെയും എന്നതുപോലെ കിറ്റ് വാക്കർ എന്ന് തന്നെയാണ്. ഈ പൂർവകഥകൾ അത്രയും മെനഞ്ഞിട്ട് ഇദ്ദേഹത്തെ നായകനാക്കിയാണ്, ലീ ഫോക് ഫാന്റം ചിത്രകഥാ സീരീസ് തുടങ്ങിയത്. മാൻഡ്രേക് ചിത്രകഥകൾ തുടങ്ങി അധികകാലം കഴിയുന്നതിനു മുൻപു തന്നെ അതിനു ലഭിച്ച സ്വീകാര്യത ഫാന്റം സീരീസ് തുടങ്ങാൻ പ്രചോദനമായി.

തലയിലും ശരീരത്തിലും ഒട്ടിച്ചേർന്നിരിക്കുന്ന പർപ്ൾ നിറമുള്ള വസ്ത്രവും- വാസാക്ക ഗോത്രക്കാരുടെ ദൈവത്തിന്റേതു പോലെയുള്ള നിറമാണത്- അരയിൽ ഇരുവശത്തും തോക്കുകൾ വയ്ക്കാവുന്ന ഗൺ ബെൽറ്റും കണ്ണിന്റെ ചുറ്റുപാടും മറയ്ക്കുന്ന കറുത്ത മുഖമൂടിയും ഉൾപ്പെടുന്നു ഫാന്റത്തിന്റെ കോസ്റ്റ്യൂം. ഫാന്റത്തിന്റെ കൃഷ്ണമണി കണ്ണിനു ചുറ്റുമുള്ള മാസ്‌ക് ഉപയോഗിച്ച് മറച്ചതിനെക്കുറിച്ച് ഒരു ടെലിവിഷൻ ഡോക്യുമെന്ററിയിൽ ലീ ഫോക് പറയുന്നുണ്ട്. ഗ്രീക്ക് പ്രതിമകളിൽ കാണുന്നതുപോലെ കൃഷ്ണമണിയില്ലാതെ വരച്ചതാണത്രേ ഫാന്റത്തിന്റെ കണ്ണുകൾ. ശരീരത്തിൽ ഒട്ടിയതുപോലെ ചേർന്ന വേഷമാകട്ടെ നാടകങ്ങളിൽ റോബിൻ ഹുഡ് എന്ന കഥാപാത്രത്തിന് ഉണ്ടാകാറുള്ള വേഷത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു വരച്ചതും.

രണ്ടു മുദ്രമോതിരങ്ങൾ ആണ് ഫാന്റം അണിയാറ്. അതിൽ ഒന്നിലേത് സൗഹൃദത്തിന്റെ മുദ്രയാണ്. അത് പതിച്ചുകിട്ടിയവരുടെ സുരക്ഷയിൽ ഫാന്റത്തിന് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കും. തലയോട്ടിയുടെ അടയാളമാണ് രണ്ടാമത്തെ മോതിരത്തിൽ. ഫാന്റത്തിന്റെ കൈക്കരുത്തറിയുന്ന ഇടിയോടൊപ്പം ശത്രുവിന് പതിഞ്ഞു കിട്ടുന്നതാണ് ആ അടയാളം.

ബംഗല്ലയിലെ ബന്ദാർ വർഗക്കാരുടെ ഭാഷപഠിച്ച ആദ്യ കിറ്റ് വാക്കറിന് അവരുടെ അവസ്ഥ മനസ്സിലായി. തങ്ങളേക്കാൾ ശാരീരിക ശേഷിയുള്ള വാസാക വർഗക്കാരുടെ അടിമകൾ ആയിരുന്നു ബന്ദാറുകൾ. കിറ്റിനെ കണ്ടെത്തി, കൂടെ കൂട്ടിയവർ വാസാക്ക ഗ്രാമത്തിൽ നിന്നും രക്ഷപെട്ടോടിയവരാണ്. കടലിൽ നിന്ന് വരുന്ന ഒരാൾ തങ്ങളുടെ രക്ഷകൻ ആകുമെന്ന ബന്ദാർ വിശ്വാസം സത്യമാകുകയായിരുന്നു കിറ്റ് വാക്കറിലൂടെ. വാസാക്കയുടെ ദൈവമായ ഉസ്സുക്കി എന്ന് തോന്നിപ്പിക്കുന്ന വേഷത്തിൽ കിറ്റും ഒപ്പം ബന്ദാറുകളും വാസാക്കയിൽ എത്തി. തങ്ങളുടെ ദൈവം തന്നെയാണ് വന്നതെന്ന് ധരിച്ച് അമ്പരന്ന വാസാക്കകളെ തോൽപ്പിക്കുക പ്രായേണ എളുപ്പമായിരുന്നു. വിജയിച്ച ബന്ദാറുകൾ കിറ്റിന് തലയോട്ടി ഗുഹയിൽ വാസം ഒരുക്കുകയായിരുന്നു. പിന്നീട് ഇങ്ങോട്ടു കിറ്റ്, ഫാന്റം എന്നറിയപ്പെട്ടു.

ഫാന്റത്തിന്റെ പിതാമഹരെക്കുറിച്ചും മറ്റുമുള്ള കഥകൾ പലപ്പോഴായി, അൽപ്പാൽപ്പമായി, ഫാന്റം ചിത്രകഥകളിൽ പലയിടത്തും വായിക്കാനാകും. അത്തരത്തിൽ 1969ൽ ഇറങ്ങിയ ഒരു കഥയിലാണ് ലീ ഫോക് നമ്മളോട് പറഞ്ഞത്, ഫാന്റം ആയിരുന്നത് ഓരോ തലമുറയിലെയും ആൺമക്കൾ മാത്രമല്ല എന്ന്. പതിനേഴാം ഫാന്റമായ കിറ്റിന്റെ ഇരട്ട സഹോദരിയായിരുന്നു ജൂലി. കിറ്റിന് അപകടംപറ്റി വിശ്രമിച്ചിരുന്നപ്പോഴും ദൂരയാത്രയിൽ ആയിരുന്നപ്പോഴും ജൂലിക്കായിരുന്നു ഫാന്റം എന്ന നിലയ്ക്കുള്ള ചുമതല.

നമ്മുടെ നായകനായ ഇരുപത്തിയൊന്നാം ഫാന്റത്തിന് ഒരുകൂട്ടുകാരിയുണ്ട്, ഡയാന പാമർ. അമേരിക്കയിലെ ക്ലാർക്‌സ്വില്ലെയിലുള്ള ഡയാനയെ, തന്റെ ആന്റിക്കൊപ്പം താമസിച്ചിരുന്ന വിദ്യാഭ്യാസകാലത്താണ് ഫാന്റം ആദ്യം കാണുന്നത്. ഡയാനയെ ആക്രമിച്ച കരിമ്പുലിയിൽ നിന്നും അവളെ രക്ഷിച്ചപ്പോൾ തുടങ്ങിയ കൂട്ടാണത്. കുട്ടിക്കാലത്തു നടന്ന ആ സംഭവത്തിന് ശേഷം വർഷങ്ങൾ പരസ്പരം കാണാതിരുന്ന അവർ പിന്നീട് കാണുന്നത് യൗവനത്തിൽ ആണ്. അപ്പോഴേക്കും കിറ്റ് എല്ലാ കായിക മത്സരങ്ങളിലും വിജയിയാകുന്ന ഒരു താരമായിക്കഴിഞ്ഞു. ഡൈവിങ്ങിൽ ആണ് ഡയാന മികവ് തെളിയിച്ചിരുന്നത്.

1977ൽ ഇവർ വിവാഹിതരായി. അതുമൊരു ഗംഭീര വിവാഹമായിരുന്നു. രണ്ടു ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രസിഡന്റുമാരും നമ്മുടെ മാൻഡ്രേക്കും ഒക്കെ പങ്കെടുത്തു വനത്തിനുള്ളിൽ നടന്ന ആ വിവാഹത്തിൽ. രണ്ടു കുട്ടികളുണ്ടായി ഫാന്റം ഡയാന ദമ്പതിമാർക്ക്. കിറ്റും ഹെലോയ്‌സും. യു.എന്നിൽ ഉദ്യോഗസ്ഥയായ ഡയാന ഒളിമ്പിക് മെഡൽ ജേതാവും കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഉള്ളയാളുമാണ്. ഏറ്റുമുട്ടലുകളിൽ ഒപ്പത്തിനൊപ്പം പിടിച്ചുനിൽക്കാൻ ഡയാനയ്ക്കും ആകുമെന്ന് സാരം.

ഫാന്റത്തിനൊപ്പം എപ്പോഴും ഉണ്ടാവുന്ന മെരുങ്ങിയ ചെന്നായയാണ് ഡെവിൾ. ഹീറോ എന്നു പേരുള്ള, ഒരു സുന്ദരൻ വെള്ളക്കുതിരപ്പുറത്താണ് ഫാന്റത്തിന്റെ യാത്ര. മനസ്സെത്തുന്നിടത്തു ശരീരമെത്താൻ ഫാന്റത്തിന് സാധ്യമാകുന്നത് ഹീറോയുടെ വേഗതകൊണ്ടാണ്. ജലയാത്രകൾ ആണെങ്കിൽ സോളമൻ എന്നും നെഫർറ്റിറ്റി എന്നും പേരുള്ള രണ്ടു ഡോൾഫിനുകൾക്ക് ഒപ്പമാണ്. പിഗ്മി ബന്ദർ വർഗക്കാരുടെ തലവനായ ഗുരാൻ ആണ് ഫാന്റത്തിന്റെ ഉറ്റ സുഹൃത്ത്. ഗോത്രവർഗ്ഗ രീതിയിൽ തന്നെ നടക്കുന്ന ഗുരാൻ രാജ്യാന്തര യാത്രകളിൽ പോലും കൂട്ടുകാരനൊപ്പം പോയിട്ടുണ്ട്.

ബംഗല്ല എന്ന സാങ്കല്പിക പ്രദേശം ഇന്ത്യയിലെ ബംഗാളിനടുത്തായും ബന്ദാറുകൾ എന്നാൽ ഹിന്ദിയിൽ ബന്ദർ എന്ന വാനരസേന എന്നുമായിരുന്നു ആദ്യ രചനയിൽ ലീ ഫോക് ചേർത്തതെങ്കിലും വൈകാതെ കഥാപരിസരത്തെ ആഫ്രിക്കയിലേക്ക് മാറ്റുകയാണുണ്ടായത്. പ്രധാന ശത്രുക്കളായി സിങ് സഹോദരന്മാരാണ് രംഗത്തെത്തുന്നത്. ആദ്യ ഫാന്റം ചിത്രകഥ ദ സിങ് ബ്രദർഹുഡ് എന്ന പേരിൽ തന്നെയായിരുന്നു.

ആദ്യ കഥയിൽ, ഒരു കടൽയാത്രക്കിടയിൽ ഡയാനയെ സിങ് സഹോദരന്മാരുടെ ആളുകൾ തട്ടിക്കൊണ്ടു പോയി. വിലയേറിയ തിമിംഗല നെയ്യ് എവിടെയാണുള്ളത് എന്നതിനെക്കുറിച്ച് ഡയാനയ്ക്ക് അറിയാം എന്നതിനാലാണ് തട്ടിക്കൊണ്ടു പോകൽ. എന്നാൽ അവളുടെ ധൈര്യവും കായികക്ഷമതയും ഫാന്റത്തിന്റെ അവസരോചിത ഇടപെടലും ഡയാനക്ക് രക്ഷയായി. പിന്നീടും പല അവസരങ്ങിലും സിങ് സഹോദരരുമായി ഏറ്റുമുട്ടി വിജയിച്ചിട്ടുണ്ട് ഫാന്റം. എല്ലാ കഥകളും വിജയകഥകൾ ആണെന്നിരിക്കെയും ഓരോ കഥയ്ക്കും ആകാംക്ഷയോടെ വായനക്കാർ കാത്തിരുന്നത് കഥകളുടെ വ്യത്യസ്തത കൊണ്ടാണെങ്കിലും അതു മാത്രമായിരുന്നില്ല കാരണം. അനീതിയോട് മനസിൽ തോന്നുന്ന എതിർപ്പ് കടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന സാധാരണക്കാരന് നന്മയുടെ വിജയം ഉറപ്പാക്കുന്ന സൂപ്പർ ഹീറോ എന്ന നിലയിൽ ഫാന്റത്തോട് തോന്നുന്ന ആരാധനയും കുറച്ചൊന്നുമായിരുന്നില്ല. പുറംലോകത്തിന് ഫാന്റം പലപ്പോഴും മിസ്റ്റർ വാക്കർ ആണ്. ഒരു വീരവ്യക്തിത്വം കൂടെ തനിക്കുണ്ട് എന്നത് തീർത്തും മറച്ചുവച്ചാണ് അപ്പോൾ നടപ്പ്. ഒരുനീളൻ കോട്ടും നീലപാന്റും കൂളിംഗ് ഗ്ലാസും ഒക്കെയായി തീർത്തും മറ്റൊരു രൂപം.

1989-ൽ റീഗൽ കോമിക്സ് പ്രസിദ്ധീകരിച്ച ഫാൻറം & ദ ഗുഡ് മാർക്കിൻറെ മലയാളം പതിപ്പ്

ലീഫോക് വരച്ച ഫാന്റം പിന്നീട് ഡി.സി, മാർവെൽ കോമിക്കുകളിലൂടെയൊക്കെ കടന്ന് ഫാന്റം 2040 എന്ന പുത്തൻ അവതാരം വരെ എത്തിനിൽക്കുന്നുണ്ട് എങ്കിലും ഇരുപത്തിയൊന്നാം ഫാന്റത്തിന്റെ പ്രഭാവത്തിൽ എത്താൻ ഇവർക്ക് ആർക്കും ആയിട്ടില്ല. അമേരിക്കയിൽ ആണ് ആദ്യം ഇറങ്ങിയതെങ്കിലും പിന്നീട് ഇറ്റലിയിലും സ്‌കാന്ഡിനേവിയൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ഇന്ത്യയിലും എന്നുവേണ്ട ലോകമൊട്ടാകെ ആരാധകരുണ്ടായി ലീഫോക്കിന്റെ ഫാന്റത്തിനും മാൻഡ്രേക്കിനും.

സ്‌പെഷ്യൽ എഫക്ടുകളുടെ ബഹളങ്ങളിലൂടെ സ്‌ക്രീനിൽ നിറയുന്ന പുതുതലമുറ സൂപ്പർ ഹീറോമാരുടെ ബാഹുല്യം ഇത്രയേറെ ആകുന്നതിനു മുൻപേ തലമുറകളുടെ ഉള്ളിൽ ഇടം നേടിയതാണ് ഫാന്റം. അതുകൊണ്ടുതന്നെ, നാമാവശേഷമാകാറായ ആ മധ്യവയസ്‌കരുടെ തലമുറയ്ക്ക് ഫാന്റവും മാൻ‌ഡ്രേക്കുമൊക്കെ പിന്നീട് വന്ന ആരെക്കാളും പ്രിയപ്പെട്ട നൊസ്റ്റാൾജിയ കൂടിയാണ്. ഭൂമിയുടെ രക്ഷകർ എന്നറിയപ്പെടുന്ന വീരപുരുഷന്മാരിലുൾപ്പെട്ട മാൻഡ്രേക്കും ഫാന്റവും ഒരു അടിയന്തിര സാഹചര്യത്തിൽ ലോകത്തിന്റെ രക്ഷയ്ക്കായ് വീണ്ടും എത്തിച്ചേരും എന്നു കരുതി കാത്തിരിക്കാം. ▮

Comments