നഗരസഭയും ബ്യൂറോക്രസിയും കൊളുത്തിവിട്ട കൊച്ചിയിലെ തീ

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംവിധാനങ്ങൾ പരാജയപ്പെടുന്ന അതേ കാലഘട്ടത്തിലാണ് ബ്രഹ്‌മപുരം പദ്ധതി നിലവിൽ വന്നത്. നിലവിലുള്ള പദ്ധതികളെക്കാളും മികച്ച സംവിധാനം വാഗ്ദാനം ചെയ്ത് നാട്ടുകാരുടെ എതിർപ്പുകളെയും പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകളെയും തൃണവൽഗണിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്‌കരണ പ്ലാന്റ് എന്ന നിലയിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നയിടം എന്ന നിലയിലേക്ക് അധഃപതിച്ചു.

ബ്രഹ്‌മപുരത്തെ മാലിന്യക്കൂമ്പാരം നിന്നു കത്തുകയാണ്. പ്ലാസ്റ്റിക്കുകളും മിശ്രിത നഗരമാലിന്യങ്ങളുമടക്കം ആളിക്കത്തിയതുമൂലം നഗരമെമ്പാടും വിഷപ്പുക നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ജില്ലാ ഭരണകൂടം സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും എല്ലാവരോടും വീടുകളിൽത്തന്നെ കഴിയാനായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കടമ്പ്രയാറിന്റെ ഡെൽറ്റപ്രദേശത്താണ് ബ്രഹ്‌മപുരം ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് എന്നാണ് വിളിക്കുന്നതെങ്കിലും അത് ഒരു മിശ്രിത മാലിന്യ കംപോസ്റ്റിംഗ് പ്ലാന്റ് ആണ്. അതായത് അവിടെയെത്തിക്കുന്ന മാലിന്യങ്ങളിൽ ജൈവമാലിന്യങ്ങളെ മാത്രമേ അതിന് കൈകാര്യം ചെയ്യാൻ കഴിയുകയുള്ളൂ. ബാക്കി വരുന്ന വിലകുറഞ്ഞ പ്ലാസ്റ്റിക്കുകൾ കുപ്പികൾ ലോഹങ്ങൾ കടലാസ്സുകൾ പിന്നെ വളരെ സാവധാനം മാത്രം വിഘടിക്കുന്ന തൊണ്ടുകൾ, മരച്ചില്ലകൾ, തുടങ്ങിയവയൊന്നും അവിടെ കൈകാര്യം ചെയ്യപ്പെടുന്നില്ല. അതു മുഴുവനും പ്ലാന്റിന്റെ പരിസരത്ത് കൂട്ടിയിടുകയാണ് പതിവ്. കൊച്ചി നഗരത്തിന്റെ മാത്രമല്ല തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റികളിലെയും മാലിന്യങ്ങൾ കൂടി ഈ യൂണിറ്റിലേക്ക് എത്തുന്നുണ്ട്. ഇതുകൂടാതെ അനധികൃതമായും മാലിന്യങ്ങൾ ഇവിടേക്ക് എത്തുന്നു.

നഗരത്തിൽ നിന്നും മാലിന്യങ്ങൾ ട്രക്കുകളിലാക്കി പ്ലാന്റിലേക്ക് എത്തിക്കുന്നത് കരാറുകാർ വഴിയാണ്. പ്രതിവർഷം വലിയൊരു തുക ഈയിനത്തിൽ ചെലവാക്കപ്പെടുന്നുണ്ട്. ഇത് വലിയൊരു അഴിമതി ഇടപാടാണ്. സ്ഥാപനങ്ങളിൽ നിന്നും വലിയ ഫ്‌ലാറ്റുകളിൽ നിന്നുമൊക്കെ വൻതുക ഈടാക്കി മാലിന്യങ്ങൾ ശേഖരിക്കുന്നവർ ഈ കരാറുകാർക്ക് മറിച്ചു കൊടുക്കുന്നുണ്ട്. എത്ര ട്രക്കുകൾ ഓടി എത്ര മാലിന്യം കൊണ്ടു വന്നു എന്നതിനൊന്നും കൃത്യമായ കണക്കുകളില്ല.

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംവിധാനങ്ങൾ പരാജയപ്പെടുന്ന അതേ കാലഘട്ടത്തിലാണ് ബ്രഹ്‌മപുരം പദ്ധതി നിലവിൽ വന്നത്. നിലവിലുള്ള പദ്ധതികളെക്കാളും മികച്ച സംവിധാനം വാഗ്ദാനം ചെയ്ത് നാട്ടുകാരുടെ എതിർപ്പുകളെയും പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകളെയും തൃണവൽഗണിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാനും വർഷങ്ങൾക്കുള്ളിൽ സംസ്‌കരണ പ്ലാന്റ് എന്ന നിലയിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നയിടം എന്ന നിലയിലേക്ക് അധഃപതിച്ചു.

Photo Credit: Environmental Justice Atlas

ആധുനിക മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യക്ക് പിന്നാലെ അലഞ്ഞ് കൊച്ചി നഗരസഭ തുലച്ചത് ഒന്നും രണ്ടും വർഷങ്ങളല്ല. കുറഞ്ഞത് 10 വർഷമെങ്കിലും പാഴാക്കിയിട്ടുണ്ട്. സാങ്കേതിക വിദ്യപഠിക്കാനായി എത്ര തവണയാണ് വിദേശത്തേക്ക് പോയത് എന്നു നോക്കിയാൽ മതി. ഏറ്റവുമൊടുവിൽ രാജ്യത്തെങ്ങും വിജയിക്കാത്ത വേസ്റ്റ് ടു എനർജി മാലിന്യങ്ങളെ കത്തിച്ച് അതിന്റെ ചൂടിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാനായി ശ്രമം. അതിനുവേണ്ടി കണ്ടെത്തിക്കൊണ്ടു വന്ന കമ്പനിയെക്കുറിച്ച് തുടക്കം മുതൽ സംശയങ്ങളും ആരോപണങ്ങളും ഉയർന്നു വന്നിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ ദുർവാശിക്കു വേണ്ടി ആ പദ്ധതിയുമായി മുന്നോട്ടു പോകുകയായിരുന്നു.

കൊച്ചിയിലെ മാലിന്യങ്ങൾ വേസ്റ്റ് ടു എനർജി പദ്ധതിക്ക് തികയില്ല എന്ന വിചിത്രമായ ആവശ്യം മുൻ നിർത്തി അയൽപക്കത്തുള്ള മുനിസിപ്പാലിറ്റികളോട് അവരുടെ മാലിന്യങ്ങൾ കൂടി ബ്രഹ്‌മപുരത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. കമ്പനി ആവശ്യപ്പെട്ട എല്ലാ തലതിരിഞ്ഞ കരാറുകളും ടിപ്പിംഗ് ഫീസടക്കം എല്ലാ എതിർപ്പുകളെയും മറി കടന്ന് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തിട്ടും ആ കമ്പനിക്ക് മുന്നോട്ടു പോകാനായില്ല. സംസ്ഥാനമൊട്ടാകെ സർക്കാർ സംഘടിപ്പിക്കുന്ന സെമിനാറുകളിൽ പദ്ധതിയെക്കുറിച്ച് വലിയ വീമ്പുപറച്ചിൽ നടത്തിയെന്നല്ലാതെ അവിടെ ഒന്നും ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞില്ല. സാങ്കേതികവിദ്യയോ, അനുഭവസമ്പത്തോ പണമോ ഇല്ലാത്ത ഒരു കമ്പനിക്ക് അത് ചെയ്യാനാവില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലായിട്ടും നമ്മുടെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം മനസ്സിലായില്ല.
ഒടുവിൽ 2021 ൽ അവരുമായുള്ള കരാർ സംസ്ഥാന സർക്കാർ റദ്ദാക്കി ആ കമ്പനിയെ ഒഴിവാക്കി. അപ്പോഴേക്കും ബ്രഹ്‌മപുരത്തെ മാലിന്യങ്ങൾ നിയന്ത്രണാതീതമായ അളവിലേക്ക് കൂനകൂടിയിരുന്നു.

Photo : Binu Mithran / Facebook

ജൈവമാലിന്യങ്ങൾ വലിയ അളവിൽ കുന്നുകൂടുമ്പോൾ അതിനുള്ളിൽ മീഥേയ്ൻ വാതകം ഉണ്ടാകും. ഇവ മാലിന്യക്കൂനകൾക്കിടയിലെ ചെറിയ ചെറിയ വിടവുകളിൽ നിറഞ്ഞ് നിൽക്കുകയും കുറേശ്ശേയായി പുറത്തേക്ക് പോവുകയും ചെയ്യും. ചിലപ്പോൾ മാലിന്യക്കൂനയുടെ ഭാരം നിമിത്തം പുറത്തേക്കുപോകുന്ന വിടവുകളൊക്കെയും അടഞ്ഞു പോവുകയും മിഥേയ്ൻ അതിനുള്ളിൽത്തന്നെ കുടുങ്ങുകയും ചെയ്യും. കമ്പോസ്റ്റിംഗിനു ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങൾക്കൊപ്പമെത്തുന്ന പ്ലാസ്റ്റിക്കുകളും മാലിന്യമലയെ പൊതിഞ്ഞിട്ടുണ്ടാവും. മാലിന്യങ്ങൾക്കൊപ്പം വലിയ അളവിലെത്തുന്ന പ്ലാസ്റ്റിക്ക് കവറുകളും അന്തരീക്ഷ താപനിലയേക്കാളും ഉയർന്ന ചൂട് മാലിന്യക്കൂനയിൽ നിലനിർത്തുന്നു.
പലപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങളുടെ അളവ് കുറക്കാൻ തീയിടുക പതിവാണ്. ഇങ്ങനെയിടുന്ന തീ പുറമേ അണഞ്ഞാലും അകത്ത് നിന്ന് പുക ഉയർന്നു കൊണ്ടിരിക്കും. പ്ലാന്റ് കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധമൂലം ഇത് വിട്ടുപോവുകയാണ് പതിവ്. ഇങ്ങനെ പുകയുന്നയിടങ്ങളിൽ നിന്നും തീ മീഥേയ്ൻ നിറഞ്ഞു നിൽക്കുന്ന അറകളിലേക്ക് എത്തിയാൽ തീ ആളിപ്പടരും. ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടിയാകുമ്പോൾ തീയുടെ ആക്കം കൂടും.

കഴിഞ്ഞ പത്തു വർഷത്തെ തലതിരിഞ്ഞ നയം മൂലം ബ്രഹ്‌മപുരത്ത് കൂട്ടിയിട്ട മാലിന്യങ്ങളെ ബയോമൈനിംഗ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ബയോ മൈനിംഗ് ചെയ്യുന്നവർ സാധാരണ ഇത്തരം പ്രദേശങ്ങളിലെ മീഥെയ്‌നിന്റെ സാന്നിധ്യത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ടത്ര മുൻകരുതലെടുത്തിട്ടുണ്ടാവും. മിഥേയ്ൻ നിയന്ത്രിതമായി കത്തിച്ചുകളയാനും മറ്റും സൗകര്യമൊരുക്കുകയും തീപിടുത്തമുണ്ടായാൽ അത് കെടുത്താനുള്ള സംവിധാനം ഒരുക്കിവയ്ക്കുകയും ചെയ്യേണ്ടതാണ്. അതൊക്കെ അവിടെ ചെയ്തിരുന്നോ എന്ന് അന്വേഷണത്തിലേ മനസ്സിലാകുകയുള്ളൂ.

സംസ്ഥാന ശുചിത്വ മിഷനും ഹരിതകേരളമിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിജയകരമായി നടപ്പാക്കി വരുന്ന വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയോട് മുഖം തിരിച്ചു നിന്നതാണ് നഗരസഭ ആദ്യം ചെയ്ത തെറ്റ്. വരാൻ പോകുന്ന ഒരു കേന്ദ്രീകൃത പദ്ധതിയുടെ പേരിൽ അനാവശ്യമായി ദീർഘകാലം ഒന്നും ചെയ്യാതെ കാത്തിരുന്നു. ആ സമയമത്രയും മാലിന്യങ്ങളെ ശേഖരിച്ച് ബ്രഹ്‌മപുരത്തെത്തിക്കാനായി പണം തുലച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന് ഒത്താശ ചെയ്തു കൊടുത്തത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുമാണ്.
ബ്രഹ്‌മപുരത്തുണ്ടായ തീപ്പിടുത്തത്തിനും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തിനും പൊതുജനാരോഗ്യപ്രശ്‌നങ്ങൾക്കും നഗരസഭയോടൊപ്പം ഈ ഉദ്യോഗസ്ഥരും പ്രതിസ്ഥാനത്ത് തന്നെയാണ്.

കേരള ശുചിത്വമിഷന്റെ സാങ്കേതിക വിദഗ്ധ സമിതിയും സംവിധാനങ്ങളും നിലനിൽക്കേ ഖരമാലിന്യ സംസ്‌കരണത്തിന് വ്യവസായ വകുപ്പിൽ പ്രത്യേകം സാങ്കേതിക സമിതിയുണ്ടാക്കി ഇഷ്ടപ്പെട്ട കമ്പനികളെ വിളിച്ചു കയറ്റുന്ന ഒരു പരിപാടി സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടന്നു വരുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിൽ പൊതുജനങ്ങളുമായി ചർച്ച ചെയ്ത് രൂപീകരിച്ച മാലിന്യ സംസ്‌കരണ നയത്തിൽ വെള്ളം ചേർത്ത് അതിന്റെ നടത്തിപ്പിനെ പിന്നോട്ടു വലിക്കുന്ന ഈ സംഘമാണ് ബ്രഹ്‌മപുരത്തെ അപകടത്തിന് ഉത്തരവാദികൾ.

കോഴിക്കോടും ഇതേ വഴിയിലേക്കാണ്. ഒരുകാലത്തും വിജയിക്കാത്ത മാലിന്യത്തിൽ നിന്നും ഊർജ്ജം പദ്ധതിക്കു വേണ്ടി കരാറൊപ്പിട്ടുകഴിഞ്ഞു. പക്ഷേ അവർ ബുദ്ധി കാണിച്ചു. പദ്ധതി വരുന്നതു വരെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുണ്ട്. അവിടെയും മാലിന്യത്തിന്റെ അളവ് വല്ലാതെ കുറവായതുകൊണ്ട് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമടക്കം ഏഴു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഞെളിയൻ പറമ്പിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ തണ്ടിലേറ്റി നടന്ന ബ്രിട്ടീഷ് ഇന്ത്യ കമ്പനിയെ പെട്ടെന്ന് ഉപേക്ഷിച്ചത് ദുരൂഹമാണ്. അത് മനസ്സിലാകണമെങ്കിൽ ഇപ്പോൾ കോഴിക്കോട് കരാറൊപ്പിട്ട പുതിയ കമ്പനിയെക്കുറിച്ച് ഒന്നന്വേഷിച്ചാൽ മതി. അതേ കമ്പനിയാണ് ഇപ്പോൾ ബ്രഹ്‌മപുരത്ത് ബയോ മൈനിംഗ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ വേസ്റ്റ് ടു എനർജി പദ്ധതി ഇനി അവരെയാണ് ഏൽപ്പിക്കാൻ പോകുന്നതെന്നും പത്രവാർത്തകളുണ്ടായിരുന്നു. പുതിയ കമ്പനിയുടെ ഡയറക്ടർമാർ ആരൊക്കെ എന്നും അവർ ഡയറക്ടർമാരായിട്ടുള്ള, അവരുടെ പങ്കാളികൾ ഡയറക്ടർമാരായിട്ടുള്ള കമ്പനികൾ ഏതൊക്കെ എന്നും അവരുടെ മുൻ പരിചയവും ഒക്കെ ഒന്നന്വേഷിച്ചാൽ ഇടപാടുകളിലെ ദുരൂഹത മനസ്സിലാക്കാം.

മാലിന്യ സംസ്‌കരണം ലോകത്തെമ്പാടും ചിലർക്ക് അനധികൃതമായി പണം സമ്പാദിക്കുന്നതിനുള്ള സ്വർണഖനിയാണ്. പൊതുജനങ്ങളുടെ പണം വൻതോതിൽ കൊള്ളയടിച്ചു കൊണ്ടു പോകുന്ന സംവിധാനങ്ങളാണ് അവ. ബാംഗ്ലൂർ നഗരത്തിലെ ഖരമാലിന്യ ശേഖരണ കോൺട്രാക്ടുകളും അതിനു പിന്നിലുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങളുമൊക്കെ മനസ്സിലാക്കിയതുകൊണ്ടാണ് കർണാടക ഹൈക്കോടതി തന്നെ കരാറുകളൊക്കെ റദ്ദ് ചെയ്ത് വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതികൾക്കും സുതാര്യമായ ഇടപാടുകൾക്കും വഴിതുറന്നത്.
ജനകീയവും സുതാര്യവും ശാസ്ത്രീയവും കാര്യക്ഷമവും ഭാവിയിലെ സാങ്കേതിക വികാസത്തിനനുസരിച്ച് മാറാൻ കഴിവുള്ളതുമായ ഒരു നയവും സംവിധാനവുമാണ് സംസ്ഥാനത്തിനുള്ളത്. ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അഴിമതിക്കാരുടെ കൂട്ടായ്മയാണ് ബ്രഹ്‌മപുരത്തെ ദുരന്തത്തിനു കാരണം. ഈ അഴിമതിക്കൂട്ടായ്മ ഇല്ലാതാകുന്നതുവരെയും ബ്രഹ്‌മപുരം കത്തിക്കൊണ്ടേയിരിക്കും വേറെയും ബ്രഹ്‌മപുരങ്ങൾ ഉണ്ടായിക്കൊണ്ടുമിരിക്കും.

കൊച്ചിക്കാർ ഇനിയെങ്കിലും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പിലാക്കാൻ സ്വയം തയ്യാറായി മുന്നോട്ടു വരണം. അവർക്കു മാത്രമായി കേരളത്തിൽ പ്രത്യേകതയൊന്നുമില്ല എന്നു മനസ്സിലാക്കണം.
ബ്രഹ്‌മപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി വിശദമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ ജനത്തെ അറിയിക്കണം. വേസ്റ്റ് ടു എനർജി പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം പിൻവലിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉത്തരവാദിത്തം ഉൽപാദകർക്ക് കൊടുക്കുന്ന എക്സ്റ്റന്റഡ് പ്രൊഡ്യൂസർ ലയബിലിറ്റി നിയമത്തിൽ കാതലായ മാറ്റം ആവശ്യപ്പെടുകയും അതിൽ സംസ്ഥാന സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിയന്ത്രണാധികാരം ആവശ്യപ്പെടുകയും വേണം.

Comments