ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഹെഡ്ക്വാട്ടേഴ്സ് / Photo: Wikimedia commons

കരുതിയിരിക്കുക; കാരുണ്യം 'ഗേറ്റ്' തുറന്നെത്തുന്നു

ബിസിനസ്സുകളെ കൂടുതൽ ചാരിറ്റബിൾ ആക്കാനല്ല, ചാരിറ്റികളെതന്നെ ലാഭകരമായ ബിസിനസ്സ് ആക്കാനാണ് ബിൽ ഗേറ്റ്‌സിന്റെ ശ്രദ്ധയും അധ്വാനവും- കോർപറേറ്റ്​ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക്​ ഒര​ന്വേഷണം

1993ലെ ആഫ്രിക്കൻ സന്ദർശനത്തിൽ അനുഭവപ്പെട്ട കാഴ്ചകൾ കരളലിയിപ്പിക്കുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്നതും ആയിരുന്നു എന്ന് പതിനെട്ടു വർഷത്തിനുശേഷം ഹഫിങ്ടൺ പോസ്റ്റിൽ എഴുതിയ ഓർമക്കുറിപ്പിൽ ബിൽ ഗേറ്റ്‌സ് രേഖപ്പെടുത്തുന്നു. "ലോകത്തിലെ പല ജീവൻരക്ഷാ മരുന്നുകളും കണ്ടുപിടുത്തങ്ങളും ആഫ്രിക്കയിൽ അന്ന് ലഭ്യമായിരുന്നില്ല. ശാസ്ത്ര സാങ്കേതിക വിദ്യ ആഫ്രിക്കൻ പ്രതിസന്ധികൾ തരണം ചെയ്യാൻ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ആ വൻകരയുടെ വിശാല സാധ്യതകൾക്കനുസൃതമായി ജനങ്ങൾക്ക് കൂടുതൽ ആരോഗ്യകരമായ ജീവിതം ആസ്വദിക്കാമായിരുന്നെന്നു എനിക്ക് ബോധ്യമായി.'

ബാല്യകാല സുഹൃത്തും സഹപാഠിയും ആയിരുന്ന പോൾ അലൻ തുല്യ പങ്കാളിയായി 1975 ൽ മൈക്രോസോഫ്റ്റ് എന്ന സ്ഥാപനം തുടങ്ങി കേവലം എട്ടു വർഷത്തിനുള്ളിൽ അതിനെ തന്റേത് മാത്രമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ബിൽ ഗേറ്റ്‌സ് എന്ന കമ്പ്യൂട്ടർ കച്ചവടക്കാരൻ ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ നീക്കിവയ്ക്കുന്ന ധനാഢ്യനാണ്. 64/36 എന്ന അനുപാതത്തിലേക്കു പങ്കാളിത്ത വ്യവസ്ഥ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു എങ്കിലും 2018 ൽ ഈ ലോകത്തോട് വിട പറയുമ്പോഴും പോൾ അലന്റെ പക്കൽ മൈക്രോസോഫ്റ്റിന്റെ നൂറു മില്യൺ ഷെയറുകൾ ഉണ്ടായിരുന്നു. അതെ; "ആരോഗ്യകരവും ഫലപ്രദവുമായ ജീവിതം നയിക്കാൻ ഏവർക്കും അവകാശമുണ്ടെന്ന്' ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇരുപതാം വാർഷികമാഘോഷിക്കുന്ന 2020 ലും ബിൽ ഗേറ്റ്‌സ് എടുത്തു പറയുന്നു. 53.8 ബില്യൺ 1 ഡോളറാണ് ദാനധർമങ്ങൾക്ക്​ ഫൗണ്ടേഷൻ ചെലവഴിച്ചിട്ടുള്ളത്. (ഒരു ബില്യൺ എന്നാൽ ആയിരം മില്യൺ; അഥവാ പതിനായിരം ലക്ഷം. ഒന്ന് എഴുതി ഒൻപതു പൂജ്യങ്ങളിട്ടാൽ ഒരു ബില്യൺ എന്ന് വായിക്കാം).

ബിൽ ഗേറ്റ്‌സും പോൾ അലനും 1970ൽ ലെയ്ക്ക്‌സൈഡ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌
ബിൽ ഗേറ്റ്‌സും പോൾ അലനും 1970ൽ ലെയ്ക്ക്‌സൈഡ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌

പൂർണമായും ജീവകാരുണ്യപ്രവർത്തനങ്ങളിലേക്ക് മുഴുകാൻ 2006 ൽ മൈക്രോസോഫ്റ്റിന്റെ സജീവസാരഥ്യത്തിൽനിന്ന്​ പിന്മാറുമ്പോഴേക്കും 2000 ൽ രൂപീകരിച്ച ഗേറ്റ്‌സ് ഫൗണ്ടേഷൻ ലോകത്തിലെ ഒന്നാകിട ധർമസ്ഥാപനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരുന്നു. 2007 ൽ 28 ബില്യൺ ഡോളർ സംഭവനനൽകി അമേരിക്കയിലെ രണ്ടാമത്തെ വലിയ മനുഷ്യസ്‌നേഹ സ്ഥാപനമായിത്തീർന്നു അവർ. 2018 ജനുവരിയിൽ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ജെ.പി.മോർഗൻ മുപ്പത്താറാം വാർഷിക ഹെൽത്ത് കോൺഫറൻസിൽ പങ്കെടുത്ത്​ ബിൽ ഗേറ്റ്‌സ് പറഞ്ഞു: "ഞാനും മെലിൻഡയും ഫിലാന്ത്രോപോളജി ഗ്ലോബൽ ഹെൽത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ എന്താണ് കാരണമെന്നു പലരും ചോദിക്കാറുണ്ട്. കൂടുതൽ പേർക്ക് ഗുണം ചെയ്യാൻ ഞങ്ങൾക്കെങ്ങനെ സാധിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാകുന്നു അത്. ദരിദ്ര-സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യതുല്യതയിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട്. ഞങ്ങൾക്ക് ആ സാധ്യത പലർക്കും മുൻപേ കണ്ടെത്താനായി; അത്ര മാത്രം.'

കോടിക്കണക്കിനു ജനങ്ങളെ പെരുവഴിയിലാക്കി, ഇന്ത്യ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോൾ അതിനെ ആശീർവദിച്ച ഗേറ്റ്‌സിന്റെ രാജ്യതന്ത്രചാതുരിയെ പ്രകീർത്തിക്കുന്നു സാമ്പത്തിക പണ്ഡിതർ. ട്രംപ്- ചൈന- പുടിൻ ത്രയങ്ങൾക്കുപുറമെ ഒരു വിഷയം പഠിച്ച്​ വിശകലം ചെയ്തു സംസാരിക്കുമ്പോൾ ലോകനേതാക്കൾ ശ്രദ്ധിക്കുന്ന സ്വാധീനശക്തിയാണ്; മാധ്യമങ്ങളുടെയും സർക്കാരുകളുടെയും ദൃഷ്ടിയിൽ മാറ്റത്തിന്റെ മാതൃകയാണ് ഇന്ന്, ബിൽ ഗേറ്റ്‌സ് (മാധവ് നാലപ്പാട്ട്, സൺഡേ ഗാർഡിയൻ 23.05.20).1

ഒന്നും രണ്ടുമല്ല, 15 വർഷത്തിനുള്ളിൽ 85000 ത്തോളം ഫൗണ്ടേഷനുകൾ കാരുണ്യപ്രവർത്തനങ്ങൾക്ക്​ അമേരിക്കയിൽ രൂപം കൊണ്ടിട്ടുണ്ട്. പ്രതിവർഷം 500 ഓളം പുതിയ സംരംഭങ്ങളെങ്കിലും പിറന്നുവീഴുന്നുണ്ടത്രേ!

എന്തുകൊണ്ടാണ് ആതുരസേവനങ്ങൾക്ക്​ കൈയയച്ച്​ സഹായം ചെയ്യുന്ന, ആരോഗ്യഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രോഗമുക്തിവാക്‌സിനുകൾക്കായി അഹോരാത്രം പ്രചോദനമേകുന്ന ബിൽ ഗേറ്റ്‌സ് എന്ന കമ്പ്യൂട്ടർ മുതലാളിയെ ലോകം താത്പര്യപൂർവം വീക്ഷിക്കുന്നത്? അദ്ദേഹത്തിന്റെ നയങ്ങൾ ആഗോള നയതന്ത്ര രൂപീകരണ വിദഗ്ധർക്ക് എന്തുകൊണ്ടാണ് വേദവാക്യമാകുന്നത്? രാജ്യത്തിന്റെ കഴിവുകളും ത്രാണിയും വികസന സാധ്യതകളും മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രിക്കുപോലും ബിൽ ഗേറ്റ്‌സിന്റെ നിർദേശങ്ങൾ (ഫിനാൻഷ്യൽ എക്‌സ്​പ്രസ്​ , 15.05.20) ആരായേണ്ടിവരുന്നതിനു കാരണമെന്ത്? കൂടുതൽ പേർക്ക് ഗുണം ചെയ്യാനുള്ള ബദ്ധപ്പാടിനിടയിൽ ദരിദ്ര- സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സാമ്പത്തിക അസമത്വ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു എന്നാണോ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം?

"അടുത്ത ഏതാനും ദശാബ്ദങ്ങൾക്കിടയിൽ വികസ്വര സമ്പദ് വ്യവസ്ഥകൾ വലുതായിക്കൊണ്ടിരിക്കും. 2050 ആകുമ്പോഴേക്കും ആഫ്രിക്കയിലെ ജനസംഖ്യ ഇരട്ടിയിലധികമായി രണ്ടര ബില്യണിൽ എത്തും. അമേരിക്കയുടെയും യൂറോപ്പിന്റെയും മൊത്തം ജനസംഖ്യയുടെ രണ്ടിരട്ടിയായിരിക്കും അത്'2. തീർച്ചയായും, ദയാവായ്പിന്റെ കിരണങ്ങൾ ആഫ്രിക്ക പോലുള്ള ദരിദ്രരാജ്യങ്ങളിലെ ജനങ്ങളിൽച്ചെന്നു വീഴാൻ ഈ മനുഷ്യസ്‌നേഹിക്കു തക്കതായ കാരണങ്ങളുണ്ട്.

പോൾ അലൻ
പോൾ അലൻ

"വാർധക്യസഹജമായ ഞരമ്പ് രോഗത്തിനല്ല, ദരിദ്രരാജ്യങ്ങളിലെ നൂറുകണക്കിന് മില്യൺ കൊച്ചുകുട്ടികളുടെ ജ്ഞാനതൃഷ്ണാവികസനമാണ് പ്രധാനം. പൊണ്ണത്തടി മൂലമുള്ള പ്രതിസന്ധികൾക്കല്ല, മറിച്ച് പോഷകാഹാരക്കുറവിനാണ് പോംവഴി കണ്ടുപിടിക്കേണ്ടത്'.
വികസനമാതൃകകളുടെ ദയനീയപരാജയങ്ങൾക്ക്​ ലോകനേതാക്കളും ആസൂത്രണപടുക്കളും ജനസംഖ്യാവർധനവിനെ പഴിക്കുമ്പോൾ ബുദ്ധിശാലിയായ ഈ കംപ്യൂട്ടർവിദഗ്ധൻ അതേ ജനക്കൂട്ടത്തിന്​ കാരുണ്യവർഷം ചൊരിഞ്ഞ്​ലോകനേതൃത്വത്തിലേക്കു കടന്നുവരുന്നു. സാമൂഹ്യനന്മക്ക്​ കൈയയച്ചു ധനസഹായം നൽകി ലോകഗതിയെ മാറ്റിമറിക്കുന്ന പ്രവർത്തനം എങ്ങനെയാണു ശതകോടീശ്വരന്മാരെ വീണ്ടും വീണ്ടും ധനാഢ്യന്മാരാക്കുന്നത്?

ചാരിറ്റി ഫൗണ്ടേഷൻ എന്ന തട്ടിപ്പു കേന്ദ്രം

ചരിത്രാതീതകാലം മുതൽ നാടുവാഴികളും ഭൂപ്രഭുക്കളും പുരോഹിതന്മാരും പണം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നത് ദാരിദ്ര്യനിർമാർജ്ജനത്തിലും വിദ്യാഭ്യാസരംഗത്തുമാണ്. നിശ്ശബ്ദമായ ആശയ പ്രചാരണത്തിനും നിർലോഭമായ ബഹുമാന്യതക്കും ഏറ്റവും പറ്റിയ മേഖലകൾ ഇത് രണ്ടും തന്നെയാണെന്നു ക്രിസ്ത്യൻ മിഷനറിമാർ മുതൽ ഇങ്ങേയറ്റത്ത് കോർപ്പറേറ്റ് ഭീമന്മാർ വരെ തെളിയിച്ചു കൊണ്ടിരിക്കയാണ്. ജീവിതവിജയങ്ങളിലെത്തിയിട്ടും മുതലാളിമാർ വന്ന വഴി മറക്കുന്നില്ലെന്നും കോടീശ്വരന്മാരാകുമ്പോഴും അവർ അശരണരെ സഹായിക്കാൻ ശ്രദ്ധിക്കുന്നെന്നും ഫാക്ടറികളും കെട്ടിടങ്ങളും പണിതുയർത്തുമ്പോഴും കമ്പനികൾ സാമൂഹ്യക്ഷേമത്തിൽ ദത്തശ്രദ്ധരാണെന്നും സാധാരണക്കാരനിൽ വിശ്വാസം ജനിപ്പിക്കാൻ പറ്റിയ മേഖല തന്നെയാണ് ജീവകാരുണ്യപ്രവർത്തനം. പക്ഷെ, സാമൂഹ്യസേവനം തന്നെ ഇന്നൊരു മില്യൺ ഡോളർ ബിസിനസ് ആകുന്നത് എങ്ങനെയെന്ന് നോക്കാം.

കറക്ഷണൽ സെന്ററുകൾ, സ്വകാര്യ ജയിൽ നടത്തിപ്പുകൾ വരെ അമേരിക്കയിൽ ചാരിറ്റബിൾ ഫൗണ്ടേഷനുകൾ ലാഭകരമായി നടത്തുന്നുണ്ട് എന്ന വസ്തുത കൗതുകകരമാണ്.

ഒന്നും രണ്ടുമല്ല, കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 85000 ത്തോളം ഫൗണ്ടേഷനുകൾ കാരുണ്യപ്രവർത്തനങ്ങൾക്ക്​ അമേരിക്കയിൽ രൂപം കൊണ്ടിട്ടുണ്ട് (മക്‌ഗോയ്.എൽ.2016). പ്രതിവർഷം 500 ഓളം പുതിയ സംരംഭങ്ങളെങ്കിലും പിറന്നുവീഴുന്നുണ്ടത്രേ! കോർപ്പറേറ്റ് നികുതി സർക്കാർ കണക്കു പറഞ്ഞു പിരിക്കുന്നുണ്ടെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്ന തുകക്ക് നികുതി ഇളവ് അവകാശപ്പെടാമെന്നതുകൊണ്ടാണ് അമേരിക്കയിൽ കോടീശ്വരന്മാർക്കിടയിൽ ദാനധർമം പെരുകുന്നത്. ഈ അഭിനവ ധർമിഷ്ഠർ രൂപം കൊടുക്കുന്ന ചാരിറ്റി ഫൗണ്ടേഷനുകളൊക്കെ സ്വകാര്യ സമ്പാദ്യങ്ങളുടെ കുന്നുകൂടലാണെന്നും സമത്വാധിഷ്ഠിത സമൂഹത്തിന്റെ ശ്രേഷ്ഠാധികാരങ്ങളെ നിഷേധിക്കുന്ന വരേണ്യസ്ഥാപനങ്ങളാണെന്നും ദീർഘകാലം ഫോർഡ് ഫൗണ്ടേഷന്റെ മേലധികാരിയായിരുന്ന വാൽഡിമാർ നീൽസൺ സമ്മതിക്കുന്നു. നികുതി ഒഴിവാക്കാൻ രൂപീകൃതമാകുന്ന സ്ഥാപനങ്ങൾ പ്രതിവർഷം ആകെ ആസ്തിയുടെ അഞ്ചു ശതമാനം എങ്കിലും ദാനം നൽകണമെന്നാണ് അമേരിക്കൻ ഫെഡറൽ നികുതി നിയമം അനുശാസിക്കുന്നത് (യുനൈറ്റഡ് സ്റ്റേറ്റ്‌സ് കോഡ് സെക്ഷൻ 501- c ). ബാക്കി 95 ശതമാനം ആസ്തിയും വാൾസ്ട്രീറ്റ് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുകയും ഫണ്ടിങ്ങിന്റെ ക്രിയാത്മകവും കാര്യക്ഷമവുമായ വിനിയോഗത്തിൽ സ്വാഭാവികമായും ഫൗണ്ടേഷൻ തടിച്ചുകൊഴുക്കുകയും ചെയ്യുന്നു. കറക്ഷണൽ സെന്ററുകൾ, സ്വകാര്യ ജയിൽ നടത്തിപ്പുകൾ വരെ അമേരിക്കയിൽ ചാരിറ്റബിൾ ഫൗണ്ടേഷനുകൾ ലാഭകരമായി നടത്തുന്നുണ്ട് എന്ന വസ്തുത കൗതുകകരമാണ്.

ബിൽ ഗേറ്റ്‌സും മെലിൻഡായും
ബിൽ ഗേറ്റ്‌സും മെലിൻഡായും

2015 ൽ മാത്രം 86203 ഫൗണ്ടേഷനുകളിൽ നിന്ന്​ 6280 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ വിതരണം ചെയ്തിട്ടുണ്ട് . അതിന്റെ ആറ് ശതമാനം തുക, ഏതാണ്ട് 386 കോടി ഡോളറും നൽകിയിട്ടുള്ളത്, ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷൻ ആണ്. 6280 കോടി എന്നത് ഫൗണ്ടേഷനുകളുടെ മൊത്തം ആസ്തിയായ 890 ബില്യൺ ഡോളറിന്റെ 7 ശതമാനം മാത്രമേ വരുന്നുള്ളൂ. ശിഷ്ടമെല്ലാം ഷെയർ മാർക്കറ്റിൽ ഊഹക്കച്ചവട നിക്ഷേപങ്ങൾ തന്നെ. ദാനധർമങ്ങൾക്ക്​ നീക്കിവച്ചു ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ആസ്തികൾ പ്രയോജനകരമായി നിക്ഷേപിക്കുന്നതിനെയാണ് ഇമ്പാക്ട് ഇൻവെസ്റ്റിംഗ് എന്ന് പറയുന്നത്. വിവിധ ഇമ്പാക്ട് ഇൻവെസ്റ്റ്‌മെൻറ്​ സാധ്യതകൾ ചൂണ്ടിക്കാണിക്കാനും മാർഗനിർദേശം നൽകാനും ഇരുനൂറോളം അംഗങ്ങളുള്ള ലാഭേതര കമ്പനികൾ, (മിഷൻ ഇൻവെസ്റ്റെർസ് എക്‌സ്‌ചേഞ്ച്), ഫൗണ്ടേഷൻ നടത്തിപ്പുകാരെ സഹായിക്കാനായുണ്ട്. ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷനും അതിൽ അംഗമാണ്.

2018 ൽ ഫൗണ്ടേഷന്റെ ചാരിറ്റബിൾ ഗ്രാൻറ്​ 23.5 ബില്യൺ ഡോളറും നിക്ഷേപലാഭം 28.5 ബില്യൺ ഡോളറുമാണ് എന്ന് കാണുമ്പോഴാണ് കാരുണ്യപ്രവർത്തനങ്ങൾ എത്ര ലാഭകരമാണെന്നു മനസ്സിലാകുക.

53.8 മില്യൺ ഡോളർ ആസ്തിയുള്ള ഗേറ്റ്‌സ് ഫൗണ്ടേഷൻ ഏകദേശം പത്തു ശതമാനം മാത്രമേ ലാഭേതര കാരുണ്യപ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുന്നുള്ളൂ. (2017ൽ അത് 4.7 ബില്യൺ ഡോളർ ആയിരുന്നു). ബാക്കി 90 ശതമാനം ആസ്തികൾ (ആഗോളവികസനത്തിന് 45%, ആരോഗ്യരംഗത്ത്​ 29%) ക്രാന്തദർശിയും ലാഭക്കൊതിയനുമായ ഈ സംരംഭകൻ എപ്രകാരം വിനിയോഗിച്ചിരിക്കുന്നു എന്നതിലാണ് അദ്ദേഹത്തിന്റെ കാരുണ്യപ്രവർത്തനങ്ങളുടെ കച്ചവടരഹസ്യം. 2018ൽ ഫൗണ്ടേഷന്റെ ചാരിറ്റബിൾ ഗ്രാൻറ്​ 23.5 ബില്യൺ ഡോളറും നിക്ഷേപലാഭം 28.5 ബില്യൺ ഡോളറുമാണ് എന്ന് കാണുമ്പോഴാണ് കാരുണ്യ പ്രവർത്തനങ്ങൾ എത്ര ലാഭകരമാണെന്ന്​ മനസ്സിലാകുക. ധർമസ്ഥാപനങ്ങളൊക്കെത്തന്നെ രോഗാതുരവും അവിഹിത സാമ്പത്തികപ്രവർത്തനകേന്ദ്രങ്ങളായിട്ടും (നീൽസൺ, 1972) ബിൽ ഗേറ്റ്‌സ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദാനശീലനായി ലോകം വാഴ്ത്തുന്നതിന്റെ പൊരുൾ എന്തായിരിക്കും? 2003 മുതൽ 2012 വരെ ഒരു ബില്യൺ ഡോളറിൽ അധികമാണ് അദ്ദേഹം ഇന്ത്യയിൽ മാത്രം ചെലവഴിച്ചത്.

ബിൽ ഗേറ്റ്‌സ് ബീഹാറിലെ ഖഗാറിയ ജില്ലയിലെ ഔലനി ഗ്രാമത്തിൽ / Photo: Ravi Karandeekar, flickr
ബിൽ ഗേറ്റ്‌സ് ബീഹാറിലെ ഖഗാറിയ ജില്ലയിലെ ഔലനി ഗ്രാമത്തിൽ / Photo: Ravi Karandeekar, flickr

"രണ്ടു കാരണങ്ങളാലാണ് ഇന്ത്യ ഞങ്ങൾക്ക് പ്രിയപ്പെട്ട നിക്ഷേപസ്ഥലമാകുന്നത്. ഒന്നാമതായി, നാനൂറു മില്യനോളം ഇന്ത്യക്കാർ കൊടും പട്ടിണിയിലാണ് ജീവിക്കുന്നത്, പലരും രോഗികളുമാണ്. ലോകത്തിലെ പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുഞ്ഞുങ്ങളിൽ പകുതിയും ഇന്ത്യയിലാണ്. ഈ കുഞ്ഞുങ്ങൾക്കെല്ലാം അന്തസ്സാേടെ ജീവിക്കാനുള്ള അവകാശമുണ്ട്. രണ്ടാമതായി, ഭാരത സർക്കാർ സഹായകമായ പങ്കാളിയായി ഞങ്ങൾ കരുതുന്നു...' 6. വികസനം ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഏറ്റവും പറ്റിയ നിക്ഷേപസ്ഥലം ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളാണെന്നു പറയാൻ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല.

ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ദാനധർമങ്ങൾ സ്വീകരിക്കുന്ന കമ്പനികൾ ഗവേഷണം നടത്തി മരുന്ന് വികസിപ്പിച്ചു വില്പന നടത്തി ലാഭം കൊയ്യാനും ഫൗണ്ടേഷന്റെ തന്നെ മറ്റൊരു പദ്ധതി മുഖേന കൂടിയ വിലക്ക് അതെ മരുന്ന് വിതരണം ചെയ്തു വില്പന കൂട്ടാനും ഒത്തുകളിച്ചിരിക്കാം എന്ന് ചുരുക്കം.

ഗേറ്റ്‌സ് ഫൗണ്ടേഷൻ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനുള്ളിൽ നൽകിയ 19000 ത്തോളം സഹായങ്ങളിൽ രണ്ടു ബില്യൺ ഡോളറിന്റെയെങ്കിലും ഗുണം കിട്ടിയിട്ടുള്ളത് ലോകത്തിലെ വൻകിട കുത്തകകൾക്കാണ്, എന്ന് ദി നേഷൻ പത്രത്തിലെ ലേഖനത്തിൽ (17.03.20) ടിം ഷവാബ് പറയുന്നു. ഗ്ലാക്‌സോസ്മിത്ക്ലയിൻ, യൂണിലിവർ എന്നീ കമ്പനികൾ പുതിയ മരുന്നുകൾ വികസിപ്പിക്കാനും മറ്റുമാണ് ഇതുപയോഗിച്ചിരിക്കുന്നത്. അതായത്, ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ദാനധർമങ്ങൾ സ്വീകരിക്കുന്ന ഇത്തരം കമ്പനികൾ ഗവേഷണം നടത്തി മരുന്ന് വികസിപ്പിച്ചു വില്പന നടത്തി ലാഭം കൊയ്യാനും ഫൗണ്ടേഷന്റെ തന്നെ മറ്റൊരു പദ്ധതി മുഖേന കൂടിയ വിലക്ക് അതെ മരുന്ന് വിതരണം ചെയ്തു വില്പന കൂട്ടാനും ഒത്തുകളിച്ചിരിക്കാം എന്ന് ചുരുക്കം. ഈ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ ഫൗണ്ടേഷന്റെ പല സമിതികളിലും സ്ഥിരം ക്ഷണിതാക്കൾ ആണെന്ന് മറക്കരുത്.

വാറൻ ബഫത്തും ബിൽ ഗേറ്റ്സും
വാറൻ ബഫത്തും ബിൽ ഗേറ്റ്സും

2014 നവംബറിൽ കെനിയയിലെ 2.5 മില്യൺ ജനങ്ങളിൽ ഡിജിറ്റൽ ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യുന്നതിന്​ 19 മില്യൺ ഡോളർ ഒരു മാസ്റ്റർകാർഡ് അനുബന്ധ കമ്പനിക്ക്​ നൽകിയിട്ടുള്ളത് ദി നേഷൻ പത്രം എടുത്തുപറയുന്നു. 7 ഇത്തരം സംഭാവനകൾ ഫൗണ്ടേഷന് തന്നെ സാമ്പത്തികലാഭമുണ്ടാക്കാൻ ഉപകരിച്ചിരിക്കാം. ഗേറ്റ്‌സ് ഫൗണ്ടേഷനിൽ 30 ബില്യൺ ഡോളർ നൽകിയിട്ടുള്ള വാറൻ ബഫത്തിന്റെ ‘ബെർക്ഷെയർ ഹാത്തവെ’ എന്ന കമ്പനിയിലെ നിക്ഷേപങ്ങൾ വഴി മാസ്റ്റർകാർഡ് കമ്പനി ലാഭചേതങ്ങളിൽ ഗേറ്റ്‌സിനും താല്പര്യമുണ്ട് എന്നതാണ് ഫൗണ്ടേഷന്റെ ഇത്തരം നിക്ഷേപങ്ങളുടെ യഥാർത്ഥ വസ്തുത. എന്നാൽ, മറ്റൊരു കമ്പനിയിൽ ലാഭമുണ്ടാക്കാനുള്ള നിക്ഷേപം നടത്താൻ അവർക്കെന്തിനാണ് സർക്കാർ നികുതി ഇളവ് കൊടുക്കുന്നത് എന്നാണ് ചോദ്യം.

അതുപോലെ, ഫൗണ്ടേഷൻ ഷെയറുകൾ വാങ്ങിക്കൂട്ടിയ നൊവാർട്ടീസ്, വൊഡാഫോൺ, സനോഫി, എറിക്‌സൺ, എൽ.ജി. തുടങ്ങി നിരവധി കമ്പനികൾക്കു 250 മില്യൺ ഡോളറിനടുത്ത്​ സംഭാവന നൽകിയിട്ടുണ്ട്. അവയൊക്കെ, പുതിയ ഔഷധവികസന പദ്ധതികൾക്കോ, ആരോഗ്യനിരീക്ഷണ ഉപകരണവികസനത്തിനോ, മൊബൈൽബാങ്കിങ് സേവന പ്രചാരണത്തിനോ ഒക്കെ എന്ന പേരിലാണ് നൽകിയിട്ടുള്ളത്.

പോളിയോ രോഗത്തിന്റെ സംഭവ്യതക്കുറവുള്ള ആഫ്രിക്കയിൽ പോളിയോക്കും മലേറിയ രോഗ സാധ്യതക്കുറവുള്ള ഇന്ത്യയിൽ മലേറിയക്കും പദ്ധതികൾ രൂപീകരിച്ച്​ കോടികൾ സംഭാവന ചെയ്തു മരുന്ന് വാക്‌സിൻ വില്പനകൾ കൂട്ടുക എന്നതാണ് ഫൗണ്ടേഷന്റെ തന്ത്രം.

പ്രസിദ്ധമായ ദി ലാൻസെറ്റ് മെഡിക്കൽ ജേർണലിലെ ലേഖനത്തിലൂടെ രണ്ട് ഓക്‌സ്‌ഫോർഡ് ഗവേഷകർ ഉന്നയിക്കുന്നത്;ഫൗണ്ടേഷന്റ മിക്കവാറും സഹായങ്ങൾ മാരക രോഗങ്ങളായ ഒബിസിറ്റി, കാൻസർ, ഡയബെറ്റിക്‌സ് എന്നിവയെ ഒഴിവാക്കി പകരം പകർച്ചവ്യാധികൾക്ക്​ മുൻഗണന നൽകി സമ്പന്ന രാഷ്ട്രങ്ങളിലേക്കാണ് പോകുന്നത് എന്നാണ്. അല്ലെങ്കിൽത്തന്നെ, ദരിദ്രരാജ്യങ്ങളിലെ സംവിധാനങ്ങളും ഇൻഫ്രാസ്ട്രക്ച്ചറും ആശുപത്രികളും വികസിപ്പിക്കാതെ, മരുന്നും വാക്‌സിനുകളുമുണ്ടായിട്ടെന്തുകാര്യം? പോളിയോ രോഗത്തിന്റെ സംഭവ്യതക്കുറവുള്ള ആഫ്രിക്കയിൽ പോളിയോക്കും മലേറിയ രോഗ സാധ്യതക്കുറവുള്ള ഇന്ത്യയിൽ മലേറിയക്കും പദ്ധതികൾ രൂപീകരിച്ചു കോടികൾ സംഭാവന ചെയ്ത്​ മരുന്ന് വാക്‌സിൻ വിൽപന കൂട്ടുക എന്നതാണ് ഫൗണ്ടേഷന്റെ തന്ത്രം.

ചതി, ലാഭം, പിടിച്ചടക്കൽ: ഒരു ചരിത്രം

ഫൗണ്ടേഷന്റെ മാതൃ കമ്പനിയായ മൈക്രോസോഫ്റ്റിന് 1975 ൽ രൂപീകരിച്ചതുമുതൽ കുതികാൽവെട്ടും വഞ്ചനയും ചതിപ്രയോഗവും പണാധിപത്യവും ഉപയോഗിച്ച് വിജയക്കൊടി നാട്ടിയ ചരിത്രമാണ് പറയാനുള്ളത്. ചില ഉദാഹരണങ്ങൾ നോക്കാം. ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ എന്ന സർഫ് എൻജിൻ, മൈക്രോസോഫ്റ്റ് വിൻഡോസ് വാങ്ങിക്കുന്ന ഉപഭോക്താവിന് സൗജന്യമായി നൽകാൻ തുടങ്ങിയതോടെ നെറ്റ്‌സ്‌കേപ്പ് നാവിഗേറ്റർ എന്ന കൂടുതൽ കാര്യക്ഷമമായ വെബ് ബ്രൗവ്‌സറിന്​ വിൽപന കുറഞ്ഞു വന്നു. ആപ്പിളിന്റെ മക്കിന്തോഷ് പീസികളിൽ നെറ്റ്‌സ്‌കേപ്പ് തുടർന്നെങ്കിലും 1997 ൽ 150 മില്യൺ ഡോളർ മൈക്രോസോഫ്റ്റ് ആപ്പിൾ കമ്പനിയിൽ നിക്ഷേപിച്ചതോടെ നെറ്റ്‌സ്‌കേപ്പിനു പകരം അവരും ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ ഡിഫോൾട്ട്​ വെബ് ബ്രൗസറായി ഉപയോഗിച്ച് തുടങ്ങി. നിൽക്കക്കള്ളിയില്ലാതെ നെറ്റ്‌സ്‌കേപ്പിന്റെ ഒരു വിഭാഗം മോസില ആയി രൂപം മാറി. ഓപ്പൺ സോഴ്‌സ് പദ്ധതിയാവുകയും ഫയർഫോക്‌സ് ഏറ്റെടുക്കുകയും മറുവിഭാഗം ഇപ്പോഴും അപ്‌ഡേറ്റോ പരിഷ്‌കരണമോ ഇല്ലാതെ തുടരുകയും ചെയ്യുന്നു.

1994 മുതൽ 2007വരെയുള്ള നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററിന്റെ യൂസേജ് ഷെയർ സൂചിപ്പിക്കുന്ന ഗ്രാഫ്.
1994 മുതൽ 2007വരെയുള്ള നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററിന്റെ യൂസേജ് ഷെയർ സൂചിപ്പിക്കുന്ന ഗ്രാഫ്.

1996 ൽ സബീർ ഭാട്ടിയായും ജാക്ക് സ്മിത്തും ചേർന്ന് സ്ഥാപിച്ച ഫ്രീ ഓൺലൈൻ ഇ-മെയിൽ സോഫ്‌റ്റ് വെയർ ആണ് "ഹോട്‌മെയിൽ'. ഓരോ ഉപഭോക്താവിനും 5 ജിബി സ്റ്റോറേജ് സ്‌പേസ് കിട്ടും എന്നതായിരുന്നു ഒരു പ്രധാന ആകർഷണീയത. ഹോട്‌മെയിലിന്റെ പ്രചാരത്തെയും ശേഷിയെയും കേട്ടറിഞ്ഞ്​ മൈക്രോസോഫ്റ്റ് 1997 ൽ ഏതാണ്ട് 400 മില്യൺ ഡോളറിന് (2769148 മൈക്രോസോഫ്റ്റ് ഷെയറുകൾക്കു തുല്യം തുക) അത് വാങ്ങുകയായിരുന്നു. (പോ ബ്രോസ്‌നൻ സ്റ്റാൻഫോർഡ് മാഗസിനിൽ- 1999 സെപ്​തംബർ/ഒക്ടോബർ- എഴുതിയ ലേഖനത്തിൽ). പിന്നീട് എം. എസ്. എൻ. ഹോട്ട്​മെയിൽ എന്നും വിൻഡോസ് ലൈവ് ഹോട്ട്​മെയിൽ എന്നും പെരുമാറിയ ശേഷം 2013 മുതൽ ഔട്ട്​ലുക്. കോം എന്ന പേരിൽ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ഇ- മെയിൽ സർവീസ് ആയി തീർന്നു.

2003 ആയപ്പോഴേക്കും കരാർ പ്രകാരമുള്ള ആപ്പിൾ ഓഹരികൾ മൈക്രോസോഫ്റ്റ് തിരിച്ചു കൊടുക്കുകയും രണ്ടു കമ്പനികളും പഴയ യുദ്ധമുഖങ്ങളിലേക്ക്​ തിരിച്ചുപോവുകയും ചെയ്തു. ഐ പോഡും ഐപാഡും ഐ ഫോണും ഒക്കെയായി ആപ്പിൾ ഇപ്പോഴും പൂർണമായും ഗേറ്റിസിന്​ കീഴടങ്ങാതെ നിലനിന്നുപോകുന്നു.

1975 ൽ ഗേറ്റ്‌സ് ഐ. ബി. എമ്മിനുവേണ്ടി "ബേസിക' എന്ന സോഫ്‌റ്റ് വെയർ വിൽക്കുമ്പോൾ സുഹൃത്ത് സ്റ്റീവ് ജോബ്‌സ്, ആപ്പിൾ മക്കിന്തോഷ് എന്ന പി. സി. ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. കമ്പ്യൂട്ടർ വിപണിയിൽ സമശീർഷരായ ഗേറ്റ്‌സും ജോബ്‌സും അക്കാലത്ത്​ അടുത്ത സുഹൃത്തുക്കളായിരുന്നു. ആപ്പിളിന് വേണ്ടിയും സോഫ്‌റ്റുവെയർ എഴുതിയാണ് മൈക്രോസോഫ്റ്റ് പണമുണ്ടാക്കിയത് എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. പക്ഷെ ഗ്രാഫിക് യൂസർ ഇന്റർഫേസ് ആണ് കംപ്യൂട്ടറുകളിലെ വരുംകാല നായകൻ എന്ന് മുൻകൂട്ടി കണ്ട ഗേറ്റ്‌സ്, വിൻഡോസ് 3.1, പെന്റിയം പ്രൊസസ്സറുകളോടെ വിപണിയിൽ മുന്നിലെത്തി. പിന്നീട് പൂർണമായും മക്കിന്തോഷ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അടിയുറച്ച വിൻഡോസ് 95 അവതരിപ്പിച്ചതോടെ വർഷങ്ങളായുള്ള സൗഹൃദം കൂടിയാണ് നിറം മങ്ങിപ്പോയത്. മക്കിന്തോഷ് സോഫ്‌റ്റ് വെയർ കോപ്പിയടിച്ചതിന് ആപ്പിൾ കോടതിയെ സമീപിക്കുകപോലുമുണ്ടായി. 1997 ൽ ഗേറ്റ്‌സിന്റെ നൂറ്റമ്പതു മില്യൺ ഡോളർ നിക്ഷേപത്തോടെ പരസ്പര സഹകരണത്തിന് കരാറായെങ്കിലും മാക് (മക്കിന്തോഷ്) എന്ന പേര് മാത്രം ആപ്പിൾ സ്വകാര്യമായി നിലനിർത്തി.

ഒത്തുതീർപ്പുകരാറിനെക്കുറിച്ചു, "മൈക്രോസോഫ്റ്റിന്റെ കണ്ണിലെ ആപ്പിൾ' എന്ന് ന്യൂയോർക് ടൈംസ് 08.08.97 ന്​ മുഖപ്രസംഗമെഴുതി. വാസ്തവത്തിൽ മൈക്രോസോഫ്റ്റിന്റെ കുത്തകനയങ്ങൾക്കെതിരെ ജസ്റ്റിസ് വകുപ്പിന്റെ ഇടപെടലുകളിൽനിന്ന്​ മുഖം രക്ഷിക്കാനാണ് ഗേറ്റ്‌സ് അത്തരമൊരു ഒത്തുതീർപ്പിന് സമ്മതിച്ചതെന്നു പറയുന്നു. 2003 ആയപ്പോഴേക്കും കരാർ പ്രകാരമുള്ള ആപ്പിൾ ഓഹരികൾ മൈക്രോസോഫ്റ്റ് തിരിച്ചു കൊടുക്കുകയും രണ്ടു കമ്പനികളും പഴയ യുദ്ധമുഖങ്ങളിലേക്കു തിരിച്ചുപോവുകയും ചെയ്തു. ഐ പോഡും ഐ പാഡും ഐ ഫോണും ഒക്കെയായി ആപ്പിൾ ഇപ്പോഴും പൂർണമായും ഗേറ്റിസിനു കീഴടങ്ങാതെ നിലനിന്നുപോകുന്നു.

സ്റ്റീവ് ജോബ്സും ബിൽഗേറ്റ്സും (പഴയകാല ചിത്രം) / Photo: Leandro agrò, flickr
സ്റ്റീവ് ജോബ്സും ബിൽഗേറ്റ്സും (പഴയകാല ചിത്രം) / Photo: Leandro agrò, flickr

2015 ൽ വുണ്ടർലിസ്റ്റ് (Wunderlist) എന്ന ടാസ്‌ക് മാനേജ്മെൻറ്​ ആപ്പും സൺറൈസ് (Sunrise) എന്ന മൊബൈൽ കലണ്ടറും മൈക്രോസോഫ്റ്റ് വാങ്ങിയപ്പോൾ സിലിക്കോൺ വാലിയിൽ പ്രതീക്ഷ വാനോളമുയർന്നു. തുടക്കക്കാർക്ക് സ്റ്റാർട്ട് അപ്പുകൾ തുടങ്ങാനും വിപണിയിലെത്തിക്കാനും ആത്മവിശ്വാസമുണ്ടായി. പക്ഷെ, രണ്ടു ആപ്പുകളും പിന്നീട് വെളിച്ചം കാണുകയുണ്ടായില്ല. (ഫിനാൻഷ്യൽ ടൈംസി ൽ റിച്ചാർഡ് വാട്‌സണിന്റെ ലേഖനം 13.02.20) ആവശ്യമുള്ള ഘടകങ്ങൾ വേർതിരിച്ചെടുത്ത് ആപ്പുകളുടെ മറ്റു ഭാഗങ്ങൾ നശിപ്പിച്ചു കളഞ്ഞു എന്ന് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ പിന്നീട് ഒരു മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
മൈക്രോസോഫ്റ്റിനെതിരെ വളർന്നുവന്ന കമ്പനികളെ ഉന്മൂലനം ചെയ്യുകയോ പണം കൊടുത്തു വശത്താക്കുകയോ അതുമല്ലെങ്കിൽ സ്വന്തമാക്കി ഇല്ലാതാക്കുകയോ ചെയ്യുന്ന തന്ത്രങ്ങൾക്ക് ഒരു പാട് ഉദാഹരണങ്ങൾ വേറെയുമുണ്ട്. മൈക്രോസോഫ്റ്റ്​ ഉൽപ്പന്നങ്ങൾക്ക് ബദലായി കമ്പോളത്തിലിറങ്ങിയ സർവീസ് സോഫ്​റ്റ്​വെയറുകളെ നിശ്ശബ്ദമാക്കിയ സംഭവങ്ങൾ ഉൾപ്പെടുത്താതെയാണിത്. ലൈസൻസിങ് കരാറുകളുടെ ലംഘന ചരിത്രം വേറെ.

പ്രതിയോഗികളില്ലാത്തതുകൊണ്ട് അവരുടെ ഉൽപ്പന്നങ്ങൾക്ക് അവർ തന്നെ വിലയിടുന്നു. മറ്റ് വഴികളില്ലാത്തതുകൊണ്ടു ഉപഭോക്താക്കൾക്ക് വലിയ വില കൊടുത്ത് മൈക്രോസോഫ്റ്റ് ഉത്പന്നങ്ങൾ വാങ്ങി തൃപ്തി അടയുകയേ നിവൃത്തിയുള്ളൂ

1998 ലെ ആൻറി ട്രസ്റ്റ് കേസിൽ പുറത്തുവന്ന മറ്റൊരു കാര്യം, തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം മുന്നേക്കൂട്ടി സജ്ജീകരിക്കാതെ വിൽക്കുന്ന ഒറിജിനൽ എക്വിപ്‌മെൻറ്​ നിർമാതാക്കളോട്, പി. സി. കളുടെ വിൽപ്പന കുറച്ചില്ലെങ്കിൽ വിൻഡോസിനു കൂടുതൽ തുക ഈടാക്കേണ്ടിവരുമെന്ന് പറഞ്ഞു ഭയപ്പെടുത്തിയാണ് മൈക്രോസോഫ്റ്റ് സോഫ്‌റ്റ് വെയർ ചോരണം തടഞ്ഞിരുന്നത് എന്നാണ്. നിയന്ത്രണത്തെ നിർമാതാക്കൾ അനുസരിക്കുകയും ചെയ്തു. ഒടുവിൽ 2010 ലാണ് മൈക്രോസോഫ്റ്റ് ഈ നിരോധനം എടുത്തുകളയുന്നത്. അമേരിക്കയിലും യൂറോപ്യൻ യൂണിയനിലും മൈക്രോസോഫ്റ്റിനെതിരെ ഉയർന്ന ആൻറി ട്രസ്റ്റ് കേസുകൾ കോർപറേറ്റ് നിയമ ലംഘന വ്യാഖ്യാനങ്ങളുടെയും കമ്പനി എത്തിക്‌സ് നിയമങ്ങളുടെയും ഉത്തമ ദൃഷ്ടാന്തങ്ങളാണ്. രണ്ടിടങ്ങളിലും കമ്പനിക്ക് അച്ചടക്കനടപടികൾക്ക് വിധേയമാവുകയോ പിഴയടക്കേണ്ടിവരികയോ ചെയ്തു. ലോട്ടസ് കോർപറേഷൻ വികസിപ്പിച്ചെടുത്ത ലോട്ടസ് 123 എന്ന ഇലക്​ട്രോണിക്​സ്​സ്‌പ്രെഡ്ഷീറ്റ് ഉപയോക്താക്കൾക്കിടയിൽ സ്വീകാര്യമായിരുന്നു. എന്നാൽ എം. എസ് എക്‌സൽ എന്ന പുതിയൊരുത്പന്നം ഉണ്ടാക്കിയെടുത്ത മൈക്രോസോഫ്റ്റ്, ലോട്ടസിനെ മാർക്കറ്റിൽനിന്ന്​ ഓടിച്ചുകളഞ്ഞു. മൈക്രോസോഫ്റ്റ് വേർഡിനുമുന്നിൽ കീഴടങ്ങേണ്ടിവന്ന പഴയ വേർഡ്സ്റ്റാറിന്റെയും കഥ മറ്റൊന്നല്ല.

എതിർ കമ്പനികളെയും ബദൽ ഉൽപന്നങ്ങളെയും ക്രമമായി, പ്ലാൻ ചെയ്ത് ആ​ക്രമിച്ച്​ നിഷ്‌കാസനം നടത്തി അന്തർദേശീയ കമ്പ്യൂട്ടർ കമ്പോളത്തിലെ അനിഷേധ്യരായിരിക്കുകയാണ് ഇന്ന് മൈക്രോസോഫ്റ്റ്. പ്രതിയോഗികളില്ലാത്തതുകൊണ്ട് അവരുടെ ഉൽപ്പന്നങ്ങൾക്ക് അവർ തന്നെ വിലയിടുന്നു. മറ്റ് വഴികളില്ലാത്തതുകൊണ്ട്​ ഉപഭോക്താക്കൾക്ക് വലിയ വില കൊടുത്ത് മൈക്രോസോഫ്റ്റ് ഉത്പന്നങ്ങൾ വാങ്ങി തൃപ്തി അടയുകയേ നിവൃത്തിയുള്ളൂ. 10 കൃത്യമായ ഇടവേളകളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും എം. എസ്. ഓഫീസ് സ്യൂട്ടിലും ചില്ലറ മാറ്റം വരുത്തി പുതിയ വേർഷനുകൾ മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നു. അങ്ങനെ വലിയ ഫീസ് കൊടുത്ത് അപ്‌ഡേറ്റ് ചെയ്യപ്പെടാൻ നിലവിലുള്ള ഉപഭോക്താക്കളും നിർബന്ധിതരായിക്കൊണ്ടിരിക്കുന്നു. കൂടാതെ പുറത്തിറങ്ങുന്ന ഓരോ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും കൂടുതൽ RAM ആവശ്യപ്പെടുന്ന തരം ആണ്. ഭീമമായ തുക പ്രതിഫലം നല്‌കേണ്ടിവരുന്നത് പാവം ഉപഭോക്താവും. ആർക്കാണിതുകൊണ്ടു നേട്ടം?

സർക്കാർ നയങ്ങൾ, ഞങ്ങൾ വിധിക്കും

ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സഹായപ്രവർത്തനങ്ങളിലും മുൻഗണനകളിലും ദാരിദ്ര്യ അസമത്വങ്ങളെ അഭിമുഖീകരിക്കുമ്പോൾ ബിസിനസ് താല്പര്യങ്ങൾക്ക് കേന്ദ്രസ്ഥാനം കിട്ടുന്നു എന്ന വസ്തുത 2016 ജനുവരിയിൽത്തന്നെ ഗ്ലോബൽ ജസ്റ്റിസ് നൗ (www.globaljusticenow.org) എടുത്തു പറയുന്നുണ്ട്: "ഇത് നിഷ് പക്ഷ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ ചേരുന്നതല്ല എന്നുമാത്രമല്ല, പുത്തൻ ഉദാര സാമ്പത്തികനയങ്ങളും കോർപ്പറേറ്റ് ആഗോളീകരണവും പിന്തുണക്കാനുള്ള ഫൗണ്ടേഷന്റെ നയപരമായ തീരുമാനമായി ഞങ്ങൾ കാണുന്നു. ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ വഴി ഭീമൻ കമ്പനികൾ പ്രത്യക്ഷമായി സഹായിക്കപ്പെടുന്നുണ്ട്. ഇത്രയും ശക്തമായ കോർപ്പറേറ്റ് സ്ട്രാറ്റജിയുണ്ടായിട്ടും സർക്കാർ-ബുദ്ധിജീവി- മാധ്യമ തലങ്ങളിൽ അനാവശ്യ സ്വാധീനം ചെലുത്തിയിട്ടും വിമർശനം തീരെ ഉണ്ടാകുന്നില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു'.

ഗേറ്റ്‌സ് ആന്റ് മെലിൻഡ ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്പ്‌മെന്റും രഹസ്യമായി വിളിച്ചുചേർത്ത കോർപ്പറേറ്റ് സീഡ് കോൺഫറൻസിനെതിരെ ഗ്ലോബൽ ജസ്റ്റിസ് നൗ നടത്തിയ പ്രതിഷേധത്തിൽ നിന്ന് / Photo:Global Justice Now, Flickr
ഗേറ്റ്‌സ് ആന്റ് മെലിൻഡ ഫൗണ്ടേഷനും യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്പ്‌മെന്റും രഹസ്യമായി വിളിച്ചുചേർത്ത കോർപ്പറേറ്റ് സീഡ് കോൺഫറൻസിനെതിരെ ഗ്ലോബൽ ജസ്റ്റിസ് നൗ നടത്തിയ പ്രതിഷേധത്തിൽ നിന്ന് / Photo:Global Justice Now, Flickr

ലോകനേതാക്കളുമായി നിരന്തരമിടപെടുന്ന ബിൽ ഗേറ്റ്‌സ്, നൂറുകണക്കിന് യൂണിവേഴ്‌സിറ്റികളെയും അന്താരാഷ്ട്രസംഘടനകളെയും എൻ.ജി.ഒകളെയും മാധ്യമ ലോബികളെയും കൈപ്പിടിയിലൊതുക്കുന്ന വികസനരംഗത്തെ ഒരേയൊരു സ്വാധീനശക്തിയാണ് എന്നതാണ് സത്യം. സിയാറ്റിലിലെ തന്റെ ഓഫീസ് മുറിയിലിരുന്ന് ആഫ്രിക്കയിലോ സൗത്ത് ഏഷ്യയിലോ അവസാന ഉപയോക്താവിൽ എത്തിനിൽക്കുന്ന വിതരണ ശൃംഖലയുടെ ഓരോ കണ്ണിയും കൃത്യമായി നിയന്ത്രിക്കുന്ന ബൃഹത്തായ ബഹുരാഷ്ട്രകുത്തകയാണ് ഗേറ്റ്‌സ് ഫൗണ്ടേഷൻ.

പോളിയോ, മലേറിയ നിവാരണ യത്‌നങ്ങൾക്ക്​ അനുമോദിക്കപ്പെടുമ്പോൾ തന്നെ, ആരോഗ്യരംഗത്തെ സ്വകാര്യവത്കരണത്തിനും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ പിന്തുണക്കും ഫൗണ്ടേഷൻ പഴി കേൾക്കുന്നുണ്ട്. ജനങ്ങൾക്കുവേണ്ട അവശ്യവസ്തുക്കളെ മാർക്കറ്റ് നിയന്ത്രിത ഉത്പന്നങ്ങളാക്കി മാറ്റുന്നു എന്നതാണ് ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം. ഈ ഉൽപ്പന്നങ്ങളാകട്ടെ സമൂഹത്തിലെ പണക്കാർക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ.

ആഗോള കാർഷികരംഗത്തും ഫൗണ്ടേഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പ്രധാനമായും ജനിതകമാറ്റം വരുത്തിയ വിത്തുകളെ പിന്തുണക്കുന്നതും അതുവഴി മൊൺസാന്റോ മുതലായ കുത്തക സ്ഥാപനങ്ങളെ സഹായിക്കുന്നതുമാണ്. "കർഷകരുടെയും തോട്ടക്കാരുടെയും കൈകളിലാണ് കൃഷിസ്ഥലവും വിത്തുകളുമെങ്കിൽ നമുക്കിന്ന് പട്ടിണിയെ ഉണ്ടാകുമായിരുന്നില്ല' എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ പറയുന്നു. വികസ്വരരാജ്യങ്ങളിലെ കർഷകരുടെ ഏറ്റവും വലിയ ഭീഷണിയാണ് ഫൗണ്ടേഷൻ എന്ന് അവർ ആരോപിക്കുന്നുണ്ട്.

വന്ദന ശിവ
വന്ദന ശിവ

സാങ്കേതികവിദ്യകളിലുള്ള ഫൗണ്ടേഷന്റെ പ്രാമുഖ്യം പലപ്പോഴും യഥാർത്ഥ വസ്തുതകളെ അവഗണിക്കുന്നതും സാമ്പത്തിക നീതി നിഷേധിക്കുന്നതുമാണ്. ബ്രിട്ടീഷ് പാർലമെന്ററി അന്വേഷണത്തിന് പുറമെ ഫൗണ്ടേഷന്റെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് സാമ്പത്തിക സഹകരണ വികസന സംഘടനയും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഗ്ലോബൽ ജസ്റ്റിസ് നൗ ആവശ്യപ്പെടുന്നു.

പക്ഷെ, ഈ റിപ്പോർട്ട് പ്രാതിനിധ്യസ്വഭാവം ഉള്ളതല്ലെന്നാണ് ഫൗണ്ടേഷന്റെ അഭിപ്രായം: "ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ജീവിതഗുണങ്ങളെ വിപുലീകരിക്കുകയാണ് ഞങ്ങളുടെ ധർമം. സങ്കീർണമായ ഒരു പ്രതിസന്ധിയാണിത്. സർക്കാറുകളും സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ധർമസമൂഹങ്ങളും ഉൾപ്പെട്ട നിരവധി തലങ്ങളിലുള്ള സമീപനം വേണ്ടിവരും. അതിന്​, ശാസ്ത്ര -സാങ്കേതിക- വൈദ്യശാസ്ത്ര രംഗത്തെ കണ്ടുപിടുത്തങ്ങളുടെ ഗുണം അനുഭവവേദ്യമാക്കാനുള്ള ത്രാണി സ്വകാര്യമേഖലക്കുണ്ട്; അത് നിരവധി ജീവനുകളെ രക്ഷിക്കാൻ പര്യാപ്തമാണ്. മറ്റുള്ളവർക്ക് ഏറ്റെടുക്കാനാവാത്ത അഥവാ ധൈര്യപ്പെടാത്ത ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക എന്നതാണ് ഫിലാന്ത്രോപോളജിയുടെ കർത്തവ്യം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' (www.gatesfoundation.org)

ലോകാരോഗ്യ സംഘടനയുടെ മലേറിയ ചീഫ്, ഡോ.ആറാട്ടാ കൊച്ചി, ഫൗണ്ടേഷന്റെ അപ്രമാദിത്തത്തെ നിശിതമായി വിമർശിക്കുന്നുണ്ട്.

ഡോ.ആറാട്ടാ കൊച്ചി
ഡോ.ആറാട്ടാ കൊച്ചി

സംഘടനയുടെ ശിപാർശകളെ ഫൗണ്ടേഷന്റെ ഗവേഷണ ഫലങ്ങളും രീതികളും സ്വാധീനിക്കുക എന്നത് ലോകാരോഗ്യത്തിന്റെ നയരൂപീകരണത്തെ അപകടകരമായി ബാധിക്കാനിടയുണ്ടെന്നു റിപ്പോർട്ട് ചെയ്യുന്നു. 2000 മുതൽ ഏതാണ്ട് 1.2 ബില്യൺ ഡോളറാണ് ഫൗണ്ടേഷൻ, മലേറിയ ഗവേഷണത്തിന്​ ചെലവിടുന്നത്. ലോകാരോഗ്യ സംഘടനയുടെ ഒരു വർഷത്തെ ബജറ്റ് ഏതാണ്ട് 4 ബില്യൺ ഡോളറാണ്. 2013 ൽ ഗേറ്റ്‌സ്, സംഘടനയുടെ മൊത്തം ബജറ്റിന്റെ പത്തു ശതമാനത്തിലേറെയാണ് സംഭാവന ചെയ്തത്. അമേരിക്ക നൽകിയതിനേക്കാൾ അധികമായിരുന്നു അത്. 2009 മുതൽ 2015 വരെയുള്ള കാലയളവിൽ ലോകാരോഗ്യസംഘടനക്ക്​ ഫൗണ്ടേഷന്റെ മാത്രം സംഭാവന 1535.10 മില്യൺ ഡോളറാണ്.

2007 ൽ സിയാറ്റിലിൽ ഉള്ള യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രിസസ് ആൻഡ് ഇവാലുവേഷൻ സ്ഥാപിക്കുന്നതിന്​ 105 മില്യൺ ഡോളറാണ് ഫൗണ്ടേഷൻ ധനസഹായം നൽകിയത്. അന്ന് എത്യോപ്യൻ ആരോഗ്യമന്ത്രിയായിരുന്ന റ്റെഡ്‌റോസ് അധാനോം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ബോർഡ് മെമ്പർ ആണ്. ഇന്ന്‌ ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ആയ അദ്ദേഹം, ആ പദവിയിലെത്തുന്ന ആദ്യത്തെ ഫിസിഷ്യൻ അല്ലാത്ത ആളും ആദ്യ ആഫ്രിക്കക്കാരനുമാണ്. 2013/2016 കാലത്ത്​ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നു പിടിച്ചപ്പോൾ അദ്ദേഹം എത്യോപ്യൻ വിദേശകാര്യമന്ത്രി ആയിരുന്നു. 2017 ൽ കാലാവധി കഴിഞ്ഞപ്പോൾ ലോകാരോഗ്യ സംഘടനയുടെ തലവനുമായി.

റ്റെഡ്‌റോസ് അധാനോം
റ്റെഡ്‌റോസ് അധാനോം

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടറാകട്ടെ, ലോകാരോഗ്യസംഘടനയുടെ എവിഡൻസ് ആന്റ് ഇൻഫർമേഷൻ ഫോർ പോളിസി ക്ലസ്റ്റർന്റെ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയ ക്രിസ്റ്റഫർ മുറെ എന്ന പൊതുജനാരോഗ്യ വിദഗ്ധനാണ്. ആഗോള ആരോഗ്യ സ്ഥിതിവിവര കണക്കുകളിലും സ്വാധീന വിശകലനത്തിലുമാണ് പ്രധാനമായും ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുന്നത്. വാക്‌സിനേഷന്റെയും കാൻസർ സ്‌ക്രീനിംഗിന്റെയും പ്രത്യാഘാത പഠനങ്ങൾ നടത്തുന്ന ലോകത്തിലെ തന്നെ പ്രീമിയർ സ്ഥാപനമാണിത്. എല്ലാ വസ്തുതകളും ചേരുംപടി ചേർത്ത് വായിക്കുമ്പോൾ എത്ര കൃത്യവും സമർത്ഥവുമായാണ് നമ്മുടെയൊക്കെ ആരോഗ്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും ശതകോടീശ്വരന്മാരും സർക്കാരുകളും ചേർത്ത് നിർണയിച്ചു വച്ചിരിക്കുന്നത് എന്നോർത്ത്​ അത്ഭുതപ്പെട്ടുപോകും.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളോട് സഹകരിച്ച്​, പ്രത്യേകിച്ചും യു. പിയിലും ബിഹാറിലുമായി നിരവധി സാമൂഹ്യാരോഗ്യ ജനസംഖ്യ നിയന്ത്രണ രോഗപ്രതിരോധ പദ്ധതികൾക്ക് ഗേറ്റ്‌സ് ഫൗണ്ടേഷൻ ധനസഹായം നൽകിയിരുന്നു. അതിലൊക്കെ, നേരിട്ടോ അല്ലാതെയോ, മെർക്ക്, പ്രോക്ടർ ആൻഡ് ഗാംബിൾ, ഗ്ലാക്‌സോ തുടങ്ങിയ വൻകിട മരുന്ന് കമ്പനികളും ഭാഗഭാക്കായിരുന്നു. ഒരു സ്ഥലത്ത്​ ഡയേറിയ പ്രതിരോധമാണെങ്കിൽ വേറൊരിടത്ത് ന്യുമോണിയയോ ടീബിയോ ആയിരിക്കും എന്ന് മാത്രം. ഇതിനിടയിൽ ജോൺ ഹോപ്കിൻസ് സർവകലാശാല, യേൽ സർവകലാശാല, മീനിനോബാ സർവകലാശാല, ഇംപീരിയൽ കോളേജ് ലണ്ടൻ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വിവരശേഖരണവും പരിശോധനയും.

അപ്രകാരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുമ്പോൾ ബിസിനസ്സുകളെ കൂടുതൽ ചാരിറ്റബിൾ ആക്കാനല്ല, ചാരിറ്റികളെതന്നെ ലാഭകരമായ ബിസിനസ്സ് ആക്കാനാണ് ഗേറ്റ്‌സിന്റെ ശ്രദ്ധയും അധ്വാനവുമെന്ന് കാണാം. "ഞങ്ങളുടെ അന്തിമ ലക്ഷ്യം ജനങ്ങളുടെ ഒരു പാട് വർഷങ്ങളിലെ (രോഗപ്രതിരോധ) ചെലവ് 100 ഡോളറിൽ താഴെയാക്കുക എന്നതാണ്. അങ്ങനെയെങ്കിൽ അഞ്ചു ലക്ഷം ഡോളർ ചെലവായാലും 5000 വർഷത്തെ അല്ലലില്ലാതെ ജീവിതം കരഗതമാകുമല്ലോ!' സർക്കാരുകളോട് സഹകരിച്ചു ഏതെങ്കിലും പ്രത്യേകരോഗത്തെ ഒറ്റതിരിഞ്ഞു നിർമാർജനം നടത്തുകയാണ് ഏറ്റവും ഫലപ്രദമായ സാമൂഹ്യാരോഗ്യസൂത്രവാക്യം എന്ന് അദ്ദേഹം എടുത്തു പറയുമ്പോഴും 1998 നും 2007 നുമിടയിലുള്ള ഫൗണ്ടേഷൻ സംഭാവനകളിൽ വെറും 1.4 ശതമാനം മാത്രമേ പൊതുമേഖലാസ്ഥാപനങ്ങൾക്കു കൊടുത്തിട്ടുള്ളൂ എന്ന് ഓർമിക്കേണ്ടതുണ്ട്. അതുകൂടാതെ ഗ്രാൻറ്​ കിട്ടിയ 659 എൻ.ജി.ഒകളിൽ വെറും 37 എണ്ണം മാത്രമേ താഴ്ന്ന, ഇടത്തരം വരുമാന രാജ്യങ്ങളിൽപെടുന്നുള്ളൂ.

സ്വകാര്യ സംയോജകരുടെ ദാനധർമപരിപാടികൾ പ്രചാരത്തിലായതോടെ, 1990 മുതൽ 2008 വരെയുള്ള ആഗോള ആരോഗ്യഫണ്ടിങ്ങിന്റെ യു.എൻ. വഴിയുള്ള സഹായം, 32 ശതമാനത്തിൽനിന്നും 14 ശതമാനമായി കുറഞ്ഞു. ഇത് ദരിദ്ര രാഷ്ട്രങ്ങൾക്ക് അന്താരാഷ്ട്ര ആരോഗ്യനയങ്ങളെ സ്വാധീനിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേല്പിക്കുകയും ചെയ്തു. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, ഗേറ്റ്‌സ് ഫൗണ്ടേഷനുവേണ്ടി പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നവർ തന്നെ മുൻപ് ഭീമൻ ബഹുരാഷ്ട്ര കമ്പനികൾക്കുവേണ്ടി പ്രാവർത്തിച്ചിരുന്നവരാണ് എന്നതാണ്. ട്രെവർ മുണ്ടേൽ, പ്രസിഡന്റ് ഗ്ലോബൽ ഹെൽത്ത് (ഫൈസർ, പാർക്ക് ഡേവിസ്) എമിലിയെ എമിനി, എച്ച്. ഐ. വി. ആന്റ് ടി. ബി. ഡയറക്ടർ (മെർക്, വെയ്ത്) ഡാൻ ഹാർട്മാൻ, ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഡയറക്ടർ (ഫൈസർ) എന്നിവരൊക്കെ ഫൗണ്ടേഷന്റെ ആഗോള ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്നവരാണ്. ഔഷധ കമ്പനികളുടെ ഉത്പന്നങ്ങളുടെ പ്രചാരണം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ എപ്രകാരം ദരിദ്രരാജ്യങ്ങളിൽ നടപ്പാവുന്നു എന്ന് വ്യക്തമായല്ലോ!▮

(തുടരും)

റഫറൻസുകൾ:1. www.gatesnotes.com/2020-Annual-Letter2. www.gatesfoundation.org/media-centre /Speeches/2018/JP-Morgan-Healthcare Conference3. McGoey, Linsey (2016) 'No such thing as Free Gift' Verso Books 4. Nielsen, Waldemar A (1989) 'The Golden Donors : A New anatomy of the Great Foundations' Truman Talley Books5. www.data.foundationcenter.org 6. "Why our Foundation invests in India' by Bill Gates. Huff Post 02.10.20127. www.thenation.com/article/society/bill-gates-foundation-philanthropy8. Sridhar, Devi and Batniji, Rajaie (2008) 'Misfinancing Global Health: A case for Transparency in disbursements and decision making' The Lancet Vol 372 Issue 9644 p1185-1 191 Sept27, 20089. Silver, Stephen 'August 6, 1997 - The Day Apple and Microsoft made Peace' Dated18.08.2006 www.appleinsider.com/articles10. Khaitan, B K (2004) 'The Unethical Business Practices of Microsoft' Dated 04.052004 www.ciol.com11. Connette, David (2016) 'Gates Foundation accused of 'Dangerously skewing' aid priorities by Promoting 'Corporate Globalisation' The Independent Dated 19.02.2016https://www.independent.co.uk/news/world/politics/gates-foundation12. Specter, Michael (2014) 'Seeds of Doubt' The New Yorker Dated 25.08.201413. Mc Neil Jr., Donald G (2008) 'Gates Foundations' Influence Criticised' The New York Times Dated 16.02.200814. Bowman, Andrew (2012) 'The Flipside to Bill Gates'Charity Billions' New Internationalist Dated 01.04.2012


ഡോ.കെ.ആർ. അജിതൻ

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ലൈബ്രേറിയനായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ സ്വതന്ത്ര പഠനം നടത്തുന്നു. സമാന്തര പ്രസിദ്ധീകരണങ്ങൾക്കായി ലേഖനങ്ങൾ വിവർത്തനം ചെയ്യുകയും പാരിസ്ഥിതിക സാമൂഹിക ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.

Comments