കേരളത്തിന്റെ ക്വിസ് മാൻ എന്നറിയപ്പെടുന്ന സ്നേഹജ് ശ്രീനിവാസിന്റെ നേതൃത്വത്തിൽ നടന്ന Gold Quest പരിപാടിയിൽ നിന്നും

ഗെയിമിഫിക്കേഷൻ സാധ്യതകൾ തുറന്ന് Gold Quest

മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളിൽ പുതിയ അറിവുകൾ സ്വായത്തമാക്കാനും വിപണിയിലെ മാറ്റങ്ങളോട് പ്രതികരിക്കാനും ജീവനക്കാരെ പ്രാപ്തരാക്കുന്നതിൽ ഗെയിമിഫിക്കേഷന് നിർണായക പങ്കുവഹിക്കാനാകും. കൂടുതൽ സ്ഥാപനങ്ങൾ ഇത്തരം മാതൃകകൾ ഏറ്റെടുക്കുന്നതോടെ കേരളത്തിലെ കോർപ്പറേറ്റ് പരിശീലനരംഗത്തും എംപ്ലോയി എൻഗേജ്‌മെന്റ് രീതികളിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. ആ അർഥത്തിൽ, കേരളത്തിലെ തൊഴിൽപരിശീലനരംഗത്ത് കൂടുതൽ നൂതനവും പങ്കാളിത്തപരവുമായ മാതൃകകൾക്ക് വഴിതുറക്കുന്ന തുടക്കമാവുകയാണ് ഗോൾഡ് ക്വസ്റ്റ്.

News Desk

ക്വിസിങ് ഓർമശക്തിയുടെയും പൊതുവിജ്ഞാനത്തിന്റെയും മാത്രം പരീക്ഷണമല്ല. അറിവിനെ എങ്ങനെ പ്രയോഗിക്കുന്നു, സാഹചര്യങ്ങളെ എങ്ങനെ വിശകലനം ചെയ്യുന്നു, വെല്ലുവിളികൾക്കിടയിൽ എങ്ങനെ തീരുമാനങ്ങളെടുക്കുന്നു എന്നതുകൂടി വിലയിരുത്തുന്ന ഇടമായി പ്രൊഫഷണൽ ക്വിസിങ് മാറിക്കഴിഞ്ഞു. ഈ സാധ്യതകളെ തൊഴിൽമേഖലയുമായി ബന്ധിപ്പിച്ചുകൊണ്ടാണ് മലബാർ ഗോൾഡ് മലബാർ ഡേയോടനുബന്ധിച്ച് 'ഗോൾഡ് ക്വസ്റ്റ്' എന്ന പരിപാടി സംഘടിപ്പിച്ചത്.

ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ ഏഷ്യ ചാപ്റ്ററിന്റെ സഹകരണത്തോടെ വികസിപ്പിച്ച പരിപാടി, ജീവനക്കാരുടെ ബിസിനസ് അറിവിനൊപ്പം പ്രായോഗിക തൊഴിൽനൈപുണ്യങ്ങളും വിലയിരുത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തത്. സ്ഥാപനത്തിന്റെ പ്രവർത്തനമേഖല, ബിസിനസ് അറിവ്, മത്സരവിപണി, ആഭരണവ്യവസായം തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ അറിവും പ്രായോഗികശേഷിയും വിലയിരുത്തുന്നതിനാണ് മത്സരം ലക്ഷ്യമിട്ടത്. ബിസിനസ് നോളജിനെ ആറു മേഖലകളായി തിരിച്ചാണ് പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്.

1.Brand Awareness

2.Product Awareness

3.Industrial Awareness

4.Competitor Awareness

5.Business Awareness

6. General Awareness

ഇതോടൊപ്പം ബിസിനസ് സ്കില്ലുകളെ പന്ത്രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരു ഗെയിം ആയതിനാൽ അതിന്റെ എല്ലാ ആവേശത്തോടും കൂടെ ആസ്വദിച്ചു കളിക്കുന്നതിലേക്ക് ഈ ബിസിനസ് നോളജ് ബിസിനസ് സ്‌കിൽസ് എന്നിവ കൂട്ടിച്ചേർത്തു കൊണ്ട് കാണികൾക്കും സമ്മാനങ്ങൾ നൽകിക്കൊണ്ടാണ് ക്വിസ് മാസ്റ്റർ പ്രോഗ്രാം മുന്നോട്ടു കൊണ്ട് പോയത്.

READ: ഗോൾഡ് ക്വസ്റ്റ്, ക്വിസിങ്ങിലൂടെ വളർത്താം ബിസിനസ് സ്കിൽസ്

മത്സരത്തിലെ വിജയികളായി മലബാർ ഗോൾഡിന്റെ ഹ്യൂമൻ റിസോഴ്‌സസ്, കോർപ്പറേറ്റ് അഫയേഴ്‌സ്, ലീഗൽ വിഭാഗങ്ങളെ പ്രതിനിധീകരിച്ച മലബാർ മൈൻഡ്സ് ഒന്നാമതെത്തി. ശ്രീജിത്ത് കെ, വിനുലാൽ ജെ.എൻ, മുഹമ്മദ് റിസ്‌വാൻ എന്നിവരടങ്ങിയ ടീമാണ് ജേതാക്കളായത്. അഡ്മിനിസ്‌ട്രേഷൻ, എസ് 24 വിഭാഗങ്ങളെ പ്രതിനിധീകരിച്ച വജ്ര രണ്ടാം സ്ഥാനം നേടി. മുഹമ്മദ് ഹാഷിർ, ഷിൽപ ജോർജ്, ദിവ്യ എന്നിവരായിരുന്നു ടീമംഗങ്ങൾ. എസ്.സി.എം, മാനുഫാക്ചറിങ്, എം.ജി.ജെ.എം എച്ച്.ഒ വിഭാഗങ്ങളിൽ നിന്നുള്ള പ്രെഷ്യ മൂന്നാം സ്ഥാനത്തെത്തി. വർഗീസ് വി, പ്രവീൺ കെ, നൗഫൽ സി എന്നിവരാണ് ടീമിലുണ്ടായിരുന്നത്. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, ഇന്റേണൽ ഓഡിറ്റ്, ഇ.ആർ.പി വിഭാഗങ്ങളെ പ്രതിനിധീകരിച്ച സോൾ നാലാം സ്ഥാനവും കരസ്ഥമാക്കി. ശ്രീജിത്ത് പി, ബിൻഷാദ്, ഹരിശങ്കർ എന്നിവരായിരുന്നു ടീമംഗങ്ങൾ. വിജയികൾക്ക് സമ്മാനങ്ങൾക്കൊപ്പം അന്താരാഷ്ട്ര സർട്ടിഫിക്കേഷനും ലഭിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്.

ജീവനക്കാരെ കേവലം തൊഴിൽനിർവഹകരായി കാണാതെ സ്ഥാപനത്തിന്റെ വളർച്ചയിൽ അറിവും ആശയങ്ങളും സംഭാവന ചെയ്യുന്ന പങ്കാളികളായി പരിഗണിക്കുന്ന തൊഴിൽസംസ്കാരത്തിന്റെ പ്രാധാന്യമാണ് ഗോൾഡ് ക്വസ്റ്റ് ഉയർത്തിക്കാട്ടുന്നത്. പരിശീലനവും മത്സരവും ഒരുമിപ്പിക്കുന്ന ഇത്തരം സംരംഭങ്ങൾ ജീവനക്കാരുടെ വ്യക്തിഗത വളർച്ചയ്ക്കൊപ്പം സ്ഥാപനത്തിന്റെ കൂട്ടായ മുന്നേറ്റത്തിനും വഴിയൊരുക്കുന്നു. അറിവിനെ മത്സരമാക്കി, മത്സരത്തെ പഠനാനുഭവമാക്കി മാറ്റിയ ഗോൾഡ് ക്വസ്റ്റ് അതുകൊണ്ടുതന്നെ മലബാർ ഗോൾഡിന്റെ എംപ്ലോയി എൻഗേജ്‌മെന്റ് പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ ഒരധ്യായമാണ്.

എം.പി. അഹമ്മദ്, ചെയർമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
എം.പി. അഹമ്മദ്, ചെയർമാൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

"ചെയ്യുന്ന എല്ലാ ജോലിയെപ്പറ്റിയും നമുക്ക് അറിവുണ്ടായിരിക്കണം. ഞങ്ങൾ ആദ്യം മുതൽ ഉണ്ടാക്കിയെടുത്ത ഒരു തത്വമാണ് ‘പഠിക്കുക പഠിപ്പിക്കുക വിൽക്കുക’ എന്നത്. ഒരു പ്രോഡക്റ്റ് ഒരാൾ വാങ്ങിക്കുന്ന സമയത്ത് അതിനെക്കുറിച്ച് കൂടുതൽ പഠിച്ചിരിക്കണം, അത് വിൽക്കുന്ന ആൾ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ‘പഠിക്കുക, പഠിപ്പിക്കുക, വിൽക്കുക,’ അത് അളക്കുന്ന ഒരു പ്രോഗ്രാമാണ് ക്യൂ ഫാക്ടറിയുടെ നേതൃത്വത്തിൽ നടന്ന ഗോൾഡ് ക്വസ്റ്റ്. ഞങ്ങളുടെ സി എസ് ഐ ആർ പ്രൊജക്റ്റുകളുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉണ്ടായിരുന്നു. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് അതിലൂടെ കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്. ‘Hunger Free World’ എന്ന പദ്ധതിയുടെ ഭാഗമാണ് ഞങ്ങളുടെ ഈ പ്രൊജക്റ്റ്. ആഫ്രിക്കയുമായി ബന്ധപ്പെട്ടാണ് ഈ ഇനിഷ്യേറ്റീവ് നടപ്പാക്കുന്നത്. ഞങ്ങളുടെ ബിസിനസിന് ആവശ്യമായ അസംസ്കൃതവസ്തുക്കൾ ഏറ്റവും കൂടുതൽ നൽകുന്നത് ആഫ്രിക്കയാണ്." മലബാർ ഗോൾഡ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

ഒരു സ്ഥാപനത്തിന്റെ വളർച്ച അതിന്റെ ഉൽപ്പന്നങ്ങളിലോ വിപണിവ്യാപനത്തിലോ മാത്രം ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നത്. സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവർത്തനമേഖലയെക്കുറിച്ചും മത്സരവിപണിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ജീവനക്കാരും അതിന്റെ വളർച്ചയുടെ പ്രധാന ശക്തിയാണ്. ഈ തിരിച്ചറിവിനെ അടിസ്ഥാനമാക്കിയുള്ള ഗോൾഡ് ക്വസ്റ്റ്, വിനോദത്തെയും മത്സരത്തെയും ഒരുമിപ്പിക്കുന്ന ഗെയിമിഫിക്കേഷൻ മാതൃകയാണ് മുന്നോട്ടുവെച്ചത്.

"കേരളത്തിൽ ഇത്തരത്തിലുള്ള ഗെയിമിഫിക്കേഷൻ പ്രോഗ്രാമുകൾ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ ബിസിനസ് നോളേജും അറിവും വർധിപ്പിക എന്നതാണ് ഇത്തരം പ്രോഗ്രാമുകളുടെ പ്രാഥമിക ലക്ഷ്യം. സ്വർണ്ണത്തെക്കുറിച്ചും സ്വർണ്ണ വ്യാപാരത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്. ഒരു എംപ്ലോയിക്കുവേണ്ട നിശ്ചിത സ്കില്ലുകളുണ്ട്. അവ പരിശോധിക്കുന്നതിന് വേണ്ടിയുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു മത്സരം," ഗോൾഡ് ക്വസ്റ്റ് കോഡിനേറ്റ് ചെയ്ത ഐ ക്യൂ ഏ മാർക്കറ്റിംഗ് & കമ്യൂണിക്കേഷൻ ഹെഡ് അനൂപ് ഗംഗാധരൻ പറഞ്ഞു.

ഒരു മത്സരത്തിലെ പോസിറ്റിവ് ആയ നിരവധി ഘടകങ്ങളെ ഉപയോഗിച്ചു കൊണ്ട് അറിവിനെ കൂടുതൽ സജീവമായ അനുഭവമാക്കി മാറ്റുന്നതാണ് ഗെയിമിഫിക്കേഷൻ രീതിയുടെ പ്രത്യേകത. ബിസിനസ് സാഹചര്യങ്ങളെ മനസ്സിലാക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനും സഹപ്രവർത്തകരുമായി ആശയങ്ങൾ പങ്കുവെച്ച് തീരുമാനങ്ങളിലെത്താനും ഇത്തരം മത്സരങ്ങൾ അവസരമൊരുക്കുന്നു. ജീവനക്കാരിലെ കൗതുകം, പഠിക്കാനുള്ള താൽപര്യം, പുതിയ അറിവുകളോടുള്ള തുറന്ന സമീപനം എന്നിവ വളർത്തുന്നതിനും ഇത് സഹായിക്കുന്നു.

"ഞങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ഞങ്ങളിൽ പലരും മറന്നു പോയ നിരവധി കാര്യങ്ങളെ ഓർത്തെടുക്കാൻ സ്നേഹജിന്റെ ചോദ്യങ്ങൾ സഹായിച്ചു " - ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ പറഞ്ഞു.

പവൻ, ഹാൾ മാർക്കിങ്, കാരറ്റ് , ബി.ഐ.എസ് , തുടങ്ങി നിരവധി രസകരമായ ചോദ്യങ്ങൾക്കൊപ്പം തന്നെ മലബാർ ഗോൾഡിന്റെ ചരിത്രം, നാഴികക്കല്ലുകൾ, അംഗീകാരങ്ങൾ ഇവയൊക്കെ ചോദ്യങ്ങളായെത്തി. മലബാർ ഗോൾഡിന്റെ ആദ്യ ഷോറൂം ആരംഭിച്ച കെട്ടിടത്തിന്റെ പേര് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഗോൾഡ് ക്വസ്റ്റ് അവസാനിച്ചത്. ‘കൊളംബോ കോംപ്ലക്സ്’ എന്നായിരുന്നു അതിൻെറ പേര്.

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ക്വിസിങ് കമ്പനിയായ ക്യൂ ഫാക്ടറി നോളജ് സർവീസസാണ് പരിപാടി രൂപകൽപ്പന ചെയ്തത്. കേരളത്തിലെ തൊഴിൽമേഖലയിൽ ഗെയിമിഫിക്കേഷൻ അധിഷ്ഠിത പരിശീലന പരിപാടികൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, അവയ്ക്കുള്ള സാധ്യതകൾ വിപുലമാണ്. പരമ്പരാഗത പരിശീലനരീതികൾക്കപ്പുറം ജീവനക്കാരെ പഠനപ്രക്രിയയിൽ സജീവമായി പങ്കാളികളാക്കാനും അറിവിനെ പ്രായോഗികമായ തൊഴിൽനൈപുണ്യങ്ങളുമായി ബന്ധിപ്പിക്കാനും ഇത്തരം പരിപാടികൾക്ക് കഴിയും. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യങ്ങളിൽ പുതിയ അറിവുകൾ സ്വായത്തമാക്കാനും വിപണിയിലെ മാറ്റങ്ങളോട് പ്രതികരിക്കാനും ജീവനക്കാരെ പ്രാപ്തരാക്കുന്നതിൽ ഗെയിമിഫിക്കേഷന് നിർണായക പങ്കുവഹിക്കാനാകും. കൂടുതൽ സ്ഥാപനങ്ങൾ ഇത്തരം മാതൃകകൾ ഏറ്റെടുക്കുന്നതോടെ കേരളത്തിലെ കോർപ്പറേറ്റ് പരിശീലനരംഗത്തും എംപ്ലോയി എൻഗേജ്‌മെന്റ് രീതികളിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. ആ അർഥത്തിൽ, കേരളത്തിലെ തൊഴിൽപരിശീലനരംഗത്ത് കൂടുതൽ നൂതനവും പങ്കാളിത്തപരവുമായ മാതൃകകൾക്ക് വഴിതുറക്കുന്ന തുടക്കമാവുകയാണ് ഗോൾഡ് ക്വസ്റ്റ്.

Comments