പാൽ വിപണിയും വിദേശ കുത്തകകൾക്ക്, എട്ടു കോടി കുടുംബങ്ങൾക്കാണ്​ നഷ്​ടം

ഒട്ടേറെ വിദേശ കമ്പനികൾ ഇന്ത്യൻ ഡയറി കമ്പനികളുമായി ലയിക്കുകയും വിപണിയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയുമാണ്. വിദേശ കമ്പനികൾക്ക് അവരുടെ സർക്കാരുകളിൽ നിന്ന് വൻതോതിൽ സബ്‌സിഡി ലഭിക്കുന്നതിനാൽ ഇന്ത്യയിലെ ക്ഷീര സഹകരണസംഘങ്ങൾക്ക് അവരുമായി മത്സരിക്കാനാവില്ല. സാമ്രാജ്യത്വ ശക്തികളുടെ സമ്മർദത്തിന് വഴങ്ങി പാലിന്റെയും പാലുത്പന്നങ്ങളുടെയുെ സ്വതന്ത്ര വിപണനത്തിനായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കുകയാണ്​

ന്ത്യയിൽ ഏറ്റവും കൂടുതൽ കർഷകർ തൊഴിലെടുക്കുന്ന ക്ഷീരമേഖലയിൽ കോവിഡ് മഹാമാരിക്കാലം സൃഷ്ടിച്ചത് മുൻപില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ്. അതിനുപു​റമേയാണ്​, സ്വകാര്യ ഡയറി കോർപറേറ്റ് കമ്പനികളുടെ വൻതോതിലുള്ള വരവും വിദേശ ഡയറി ഉത്പന്നങ്ങളുടെ ഇറക്കുമതിയും ക്ഷീര സഹകരണ മേഖലയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നത്. ഒട്ടേറെ വിദേശ കമ്പനികൾ ഇന്ത്യൻ ഡയറി കമ്പനികളുമായി ലയിക്കുകയും വിപണിയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുകയുമാണ്. വിദേശ കമ്പനികൾക്ക് അവരുടെ സർക്കാരുകളിൽ നിന്ന് വൻതോതിൽ സബ്‌സിഡി ലഭിക്കുന്നതിനാൽ ഇന്ത്യയിലെ ക്ഷീര സഹകരണസംഘങ്ങൾക്ക് അവരുമായി മത്സരിക്കാനാവില്ല. സാമ്രാജ്യത്വ ശക്തികളുടെ സമ്മർദത്തിന് വഴങ്ങി പാലിന്റെയും പാലുത്പന്നങ്ങളുടെയുെ സ്വതന്ത്ര വിപണനത്തിനായി ഇന്ത്യൻ വിപണി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് യൂണിയൻ ഗവൺമെൻറ്​ അടിയന്തരമായി പിൻമാറണം.

ഇത്തരം പ്രതിസന്ധികൾ പരിഹരിക്കുന്നതുൾപ്പെടെ ക്ഷീരമേഖലയെക്കുറിച്ചുള്ള സമഗ്ര ചർച്ചകളാണ് മേയ് 14, 15 തീയതികളിൽ കോഴിക്കോട്ട് നടന്ന ക്ഷീരകർകരുടെ ആദ്യത്തെ അഖിലേന്ത്യാ ശിൽപശാലയിൽ നടന്നത്. ക്ഷീരമേഖലയിൽ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും സാധ്യമായ പുതിയ ബദൽ നയങ്ങളെക്കുറിച്ചുമുള്ള ഒട്ടേറെ സെഷനുകൾ ശിൽപശാലയുടെ ഭാഗമായി നടന്നു.
അഖിലേന്ത്യ കിസാൻ സഭയും പി. സുന്ദരയ്യ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് ശിൽപശാല സംഘടിപ്പിച്ചത്. 17 സംസ്ഥാനങ്ങളിൽ നിന്ന്​ 71 പ്രതിനിധികളാണ് പങ്കെടുത്തത്.

എട്ടുകോടി കുടുംബങ്ങളുടെ ജീവിതമാർഗം

ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങളിൽ സുപ്രധാന സ്വാധീനമാണ് ക്ഷീരമേഖലയ്ക്കുള്ളത്. എട്ട് കോടിയിലധികം കുടുംബങ്ങളുടെ വരുമാനമാർഗമാണിത്. ക്ഷീര കാർഷിക മേഖലയിലെ തൊഴിലാളികളിൽ 70 ശതമാനവും സ്ത്രീകളാണ്. 22 വർഷമായി ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദന രാഷ്ട്രം.

2017-18ൽ 7,01,530 കോടി രൂപയുടെ പാലാണ് ഇന്ത്യ ഉത്പാദിപ്പിച്ചതെന്നാണ് നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്. തൊട്ടുപിന്നിലുള്ള വിളകളേക്കാൾ വളരെയേറെ ഉയർന്ന നിരക്കാണിത്. 2,72,221 കോടി രൂപയുടെ നെല്ലും 1,73,984 കോടി രൂപയുടെ ഗോതമ്പുമാണ് ഇന്ത്യ ഈ കാലയളവിൽ ഉത്പാദിപ്പിച്ചത്. ഇന്ത്യയുടെ കാർഷിക, അനുബന്ധ മേഖലകളുടെ ആകെ ഉത്പാദനമൂല്യം 28 ലക്ഷം കോടിയോളമാണ്. ഇതിൽ 25 ശതമാനത്തിലധികമാണ് പാലിന്റെ സംഭാവന.

Photo : Saif Rahman, Unsplash

കോവിഡ് കാലം ചെറുകിട, ഇടത്തരം കർഷകരെയാണ് രൂക്ഷമായി ബാധിച്ചത്. സാമൂഹത്തിന്റെ താഴേത്തട്ടിലുള്ള കർഷകരും സ്ത്രീകളുമാണ് ഏറ്റവും മോശമായി രീതിയിൽ ബാധിക്കപ്പെട്ടത്. ഉദാഹരണത്തിന്, ലോക്ക്ഡൗണിനു മുമ്പ് മഹാരാഷ്ട്രയിലെ ക്ഷീരകർഷകർക്ക് ഒരു ലിറ്റർ പാലിന് 35 രൂപ ലഭിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇത് 18 രൂപ വരെയായി കുറഞ്ഞു. മഹാരാഷ്ട്രയിൽ ഒരു ലിറ്റർ പാലിന്റെ ശരാശരി ഉത്പാദനച്ചെലവ് 29 രൂപയാണെന്നാണ് കണക്കാക്കുന്നത്. ഈ കഠിനമായ സാഹചര്യമാണ് പാലിന്റെ സംഭരണവും ക്ഷീരമേഖലയിൽ കുറഞ്ഞ താങ്ങുവില (MSP) യും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാൻ മഹാരാഷ്ട്രയിലെ ക്ഷീരകർഷകരെ നിർബന്ധിതരാക്കിയത്. അഖിലേന്ത്യ കിസാൻ സഭയും സമരത്തിൽ സജീവമാണ്.

സ്വകാര്യ ഡയറികൾക്ക്​ കുത്തക

മഹാരാഷ്​ട്രയിലേതിന് സമാനമായ പ്രതിസന്ധിയാണ് ഉത്തർപ്രദേശിലും മധ്യപ്രദേശിലുമുള്ളതെന്നാണ് അഖിലേന്ത്യ കിസാൻ സഭ സെന്ററിനു ലഭിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിനും മധ്യപ്രദേശിലും പാലിന്റെ സംഭരണ വില 20 രൂപയിൽ താഴെയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും സ്വകാര്യ ഡയറികൾക്കാണ് ആധിപത്യമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഡയറി സെക്ടറിലെ നിയന്ത്രണങ്ങൾ നീക്കുന്നത് ചെറുകിട ഇടത്തരം കർഷകരെ പോഷിപ്പിക്കുമെന്ന നവലിബറൽ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഈ പ്രതിസന്ധി. നവലിബറൽ നയങ്ങൾ ക്ഷീര കർകരെ പലവിധത്തിൽ കൊല്ലുകയാണെന്നും ലോക്ക്ഡൗൺ അതിന് ആക്കം കൂട്ടിയെന്നും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും.

മിൽമ മുന്നിൽ

കേരളത്തിലെ ക്ഷീര സഹകരണ സംഘമായ മിൽമ ലിറ്ററിന് 38 രൂപയാണ് പാലിന് നൽകുന്നത്. അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വില 17 മുതൽ 35 വരെയാണ്. പാൽ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 83 ശതമാനം പാൽ ഉത്പാദകർക്കായി നീക്കിവെച്ചിരിക്കുന്നതിനാൽ മിൽമയ്ക്ക് ഇത് സാധ്യമാണ്. മറുവശത്ത്, ഭൂരിഭാഗം കർഷകർക്കും ഉത്പാദനച്ചെലവ് പോലും ലഭിക്കുന്നില്ല. പലരും നഷ്ടം താങ്ങാനാവാത്ത സ്ഥിതിയിലാണ്.

മോദി ഭരണകൂടത്തിന്റെ നയരൂപീകരണങ്ങളെല്ലാം സ്വകാര്യ മേഖലയെ സഹായിക്കുന്ന തരത്തിലുള്ളതാണ്. 15,000 കോടി രൂപയുടെ ആനിമൽ ഹസ്ബൻഡറി ഇൻഫ്രാസ്​ട്രക്ചർ ഡെവലപ്‌മെൻറ്​ ഫണ്ട് (AHIDF) രൂപീകരിക്കാൻ എൻ.ഡി.എ. സർക്കാർ അനുമതി നൽകിയപ്പോൾ തന്നെ ഇത് വ്യക്തമായതാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ക്ഷീര അനുബന്ധ മേഖലയുടെ വികസനത്തിൽ സ്വകാര്യ മേഖലയ്ക്ക് ഫണ്ട് സർക്കാർ ഫണ്ട് അനുവദിക്കുന്നത് എന്നതിനാൽ ഇത് പ്രധാനമാണെന്ന് FICCI റിപ്പോർട്ടിൽ പറയുന്നു. AHIDF പാൽ, മാംസ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ആനിമൽ ഫീഡ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുവെന്നും FICCI റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിദേശ കമ്പനികളുമായി സഹകരിക്കാൻ എപ്പോഴും താത്പര്യപ്പെടുന്ന വൻകിട മൂലധനശക്തികളുടെ സ്വാധീനവും കുത്തകയും ക്ഷീരമേഖലയിൽ വർധിച്ചുവരുന്നത് ക്ഷീരകർഷകരുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്, ലോക്ക്​ഡൗൺ കാലത്ത് മഹാരാഷ്​ട്രയിൽ കണ്ടതുപോലെ.

എന്താണ്​ പരിഹാരം?

ക്ഷീരമേഖലയിലെ തടുക്കാനാവാത്ത കോർപറേറ്റുകളുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ ഉദ്പാദകരുടെ സഹരകരണസംഘങ്ങൾ സാമ്പത്തികമായും ഉദ്പാദനത്തിലും വിപണനത്തിലും എല്ലാ സാധ്യതകളും തേടണമെന്നാണ് അഖിലേന്ത്യ കിസാൻ സഭ കരുതുന്നത്. നലിവിലുള്ള ക്ഷീര സഹകരണസംഘങ്ങളുടെ അപര്യാപ്തതകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, വ്യാവസായിക മിച്ചം പ്രാഥമിക ഉത്പാദകരുമായി പങ്കുവെക്കുന്ന ഒരു മാതൃക രൂപീകരിക്കണമെന്നാണ് ഞങ്ങൾ നിർദേശിക്കുന്നത്.

ക്ഷീരസഹകരണസംഘങ്ങൾ സംഭരിക്കുന്ന പാലിന്റെ 45 ശതമാനവും നിയന്ത്രിക്കുന്ന അമുൽ പോലെയുള്ള സഹകരണസംഘങ്ങൾ പോലും വ്യാവസായിക മിച്ചം പ്രാഥമിക ഉത്പാദകരുമായി പങ്കുവെക്കുന്നില്ല. ന്യായമായ വില നൽകി പാൽ സംഭരിക്കുകയും ആവശ്യമായ വെറ്റിനറി, കാലിത്തീറ്റ സഹായങ്ങൾ നൽകുകയും ചെയ്ത് പരമ്പരാഗത സഹകരണസംഘങ്ങൾ ചെറുകിട, ഇടത്തരം കർഷകർക്ക് സംഭരണ സംവിധാനം ഉറപ്പുവരുത്തണം. കർഷകരിൽ നിന്ന് വിളകൾ വായ്പയായി എടുക്കുകയും തുടർന്ന് സംസ്‌കരണത്തിന്റെ പ്രാഥമിക ഘട്ടത്തിലും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഉയർന്ന ഘട്ടങ്ങളിലുമുണ്ടാകുന്ന മിച്ചമൂല്യം കർഷകരുമായി പങ്കുവെക്കുകയും ചെയ്യാൻ അമുൽ അല്ലെങ്കിൽ മദർ ഡയറി പോലെയുള്ള സംസ്ഥാനങ്ങളിലെ കുത്തക കമ്പനികൾക്ക് സാധിക്കില്ല. കാരണം, കർഷകരിൽ നിന്ന് വിളകർ വായ്പയായി എടുക്കാനും അവരെ മൊത്ത ഉത്പാദനത്തിന്റെ ഭാഗമായ പ്രാഥമിക ഉത്പാദകരായി പരിഗണിക്കാനും പറ്റുന്ന തരത്തിലല്ല ഈ കമ്പനികളുടെ ഘടന. അവ സഹകരണസംഘങ്ങളുടെ മേലങ്കിയണിഞ്ഞ് കമ്പനികളായി പ്രവർത്തിക്കുന്നവയാണ്.

കർഷകരെ കൂട്ടായ ശക്തിയാക്കുന്നതിനും കോർപറേറ്റുകളുടെ ചൂഷണം മറികടക്കുന്നതിനായി കാർഷികമേഖലയെ ആധുനികവത്കരിച്ച് ഉത്പാദനം വൻതോതിൽ വർധിപ്പിക്കാനും വിളകളുടെ അടിസ്ഥാനത്തിൽ കർഷകരെ അണിനിരത്തേണ്ടത് നിർണായകമാണെന്ന് 2017-ൽ ഹിസാറിൽ നടന്ന അഖിലേന്ത്യ കിസാൻ സഭയുടെ 34-ാമത് കോൺഫറൻസിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വിള തിരിച്ച് കർഷകരെ അണിനിരത്തുന്നതും കർഷക സാമൂഹിക സഹകരണസംഘങ്ങളുടെ കീഴിൽ കാർഷിക സംസ്‌കരണ വ്യസായങ്ങളും വിപണന സാധ്യതകളും സ്ഥാപിക്കുന്നതുമാണ് കർഷകരെ സംബന്ധിച്ച് പ്രധാനം. വിത്തുകളുടെ വിതരണം, കൂട്ടായ കൃഷി, സംഭരണം, ശേഖരിച്ചുവെക്കൽ, വെയർ ഹൗസിങ്, സംസ്‌കരണം, മൂല്യവർധന, വിപണനം, മിച്ചം പങ്കുവെക്കൽ, ഗവേഷണം, വികസനം എന്നിവയിലൂടെ ഉത്പാദനം വലിയതോതിലാക്കാൻ ഇത് സഹായിക്കും.

ബ്രഹ്​മഗിരി ഒരു മാതൃക

ഇത്തരമൊരു സാഹചര്യത്തിൽ വിളകളുടെ/ മേഖലകളുടെ അടിസ്ഥാനത്തിലുള്ള പ്രതിരോധം സംഘടിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ധാരണകളുടെ അടിസ്ഥാനത്തിൽ, ഉത്പാദകർ തന്നെ ഉടമകളും നടത്തിപ്പുകാരുമാകുന്ന, ഉദ്പാന വിപണന ആവശ്യങ്ങൾക്ക് ഉതകുന്ന ഉത്പാദക സഹകരണസംഘങ്ങൾക്കായി ഞങ്ങൾ ശ്രമിക്കും. വ്യാവസായിക ശേഷി മെച്ചപ്പെടുത്തുന്നതിനും മൂല്യവർധിത ഉത്പാദനത്തിനും ദേശീയതലത്തിലുള്ള സഹകരണസംഘങ്ങളുടെ കൺസോർഷ്യം രൂപപ്പെടത്തുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനും ഇത്തരത്തിലുള്ള കർഷകരുടെ സംഘങ്ങൾ പ്രധാനമാണ്. വയനാട്ടിൽ അഖിലേന്ത്യ കിസാൻ സഭയുടെ പിന്തുണയിൽ കേരള സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബ്രഹ്‌മഗിരി സോഷ്യൽ കോഓപ്പറേറ്റീവ് പ്രൊജക്റ്റ് മറ്റു സ്ഥലങ്ങളിലും പരീക്ഷിക്കാവുന്ന മാതൃകയാണ്.

Photo: ILRI, Flickr

ഗ്രാമീണ വരുമാനത്തിന്റെ 27 ശതമാനം നൽകുന്ന കന്നുകാലി വിപണനം ചില സംസ്ഥാനങ്ങളിൽ വിലക്കിയ ആർ.എസ്.എസ്.-ബി.ജെ.പി. സർക്കാരിന്റെ വർഗീയ മനോഭാവത്തെയും വർക്ക്‌ഷോപ്പ് ശക്തമായി അപലപിച്ചു. കന്നുകാലി വിപണികൾ ഉടൻ തുറക്കണമെന്നും സംസ്ഥാനങ്ങൾ കന്നുകാലികളുടെ വില നൽകി അവരെ സംഭരിക്കണമെന്നും വർക്ക്‌ഷോപ്പ് ആവശ്യപ്പെട്ടു.
എല്ലാ ക്ഷീരകർഷകർക്കും മതിയായ വില ഉറപ്പുനൽകണമെന്നും വർക്ക്‌ഷോപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷീരസംഘങ്ങളുടെയും കോർപറേറ്റ് കമ്പനികളുടെയും മൂല്യവർധിത പാലുത്പന്നങ്ങളുടെ വ്യാവസായിക മിച്ചം സംഭരിക്കുന്ന പാലിന് ആനുപാതികമായി പാൽ ഉത്പാദകരുമായി പങ്കുവെക്കുന്നത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

കേരള സർക്കാർ നടപ്പാക്കിയ അയ്യങ്കാളി അർബൻ എംപ്ലോയ്‌മെൻറ്​ ഗ്യാരന്റി സ്‌കീം പ്രതിവർഷം 32,400 രൂപയാണ് നൽകുന്നത്. ഇതിലൂടെ നഗരമേഖലയിലെ കുറഞ്ഞത് രണ്ട് കറവപ്പശുക്കളെങ്കിലുമുള്ള, ക്ഷീരസഹകരണ സംഘത്തിൽ പാൽ നൽകുന്ന എല്ലാ കർഷകർക്കും 100 ദിവസത്തെ വേതനമാണ് ലഭിക്കുന്നത്. ഇത് അവരുടെ ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഭേദഗതി വരുത്തി രാജ്യം മുഴുവൻ ഈ രീതി കൊണ്ടുവരണമെന്നും വർക്ക്‌ഷോപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതിലൂടെ ക്ഷീരമേഖലയാകെ വികസിക്കുകയും പാലുത്പാദനവും ഗ്രാമീണ മേഖലയിലെ കർഷകരുടെ ജീവിതവും മെച്ചപ്പെടുകയും ചെയ്യും.

പി. കൃഷ്ണപ്രസാദ്, അജിത് നവാലെ, വി.എസ്. പദ്മകുമാർ, മുഹമ്മദ് അലി എന്നിവർ കോ ഓർഡിനേറ്റർമാരായി സംഘാടകസമിതി രൂപീകരിക്കാനും വർക്ക്‌ഷോപ്പിൽ തീരുമാനമായി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ക്ഷീര സഹകരണസംഘങ്ങളുടെ പ്രതിനിധികളും സമിതിയിൽ അംഗങ്ങളായിരിക്കും. ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തിൽ സമാനമായ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഓൾ ഇന്ത്യ ഡയറി ഫാർമേഴ്‌സ് ഫെഡറേഷൻ രൂപീകരിച്ച് ക്ഷീര സഹകരണ സംഘങ്ങളെ മെച്ചപ്പെടുത്താനും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും.

ക്ഷീരവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിക്ക് ആവശ്യങ്ങളടങ്ങിയ പട്ടികയും ഒരു നിവേദനവും സമർപ്പിക്കും. വർഗീസ് കുര്യന്റെ ജൻമവാർഷിക ദിനമായ 2022 നവംബർ 26 ക്ഷീര കർഷക ദിനമായി ആചരിക്കും.

ഡോ. സുധീർ ബാബു, ഡോ. ദിനേഷ് അബ്രോൽ, വിജയംബ്ര ആർ. ഇന്ദർജിത് സിങ്, ഡോ. അജിത് നവാലെ, രഞ്ജിനി ബസു, നിധീഷ് ജോണി വില്ലാട്ട് എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments