മാറേണ്ടത് കോഴപ്പണം വാങ്ങി സ്വന്തം ജാതിക്കാരെ മാത്രം നിയമിക്കുന്ന സംവരണം

ബ്രഹ്മസ്വം, രാജസ്വം , ദേവസ്വം എന്നൊക്കെ ഉള്ള പേരിൽ പരമ്പരാഗതമായി ഭൂസ്വത്ത് ഉള്ള, സമ്പന്നരായ മേൽജാതിക്കാർക്ക്, കുട്ടികൾ ഒരു ബാധ്യതയല്ല, അതുകൊണ്ട് അവർക്ക് ഒരു കുട്ടിയെ, ആ കുട്ടിയുടെ കഴിവിന് അനുസരിച്ചോ, അതിനു മുകളിലോ പഠിപ്പിക്കുന്നത് എളുപ്പമുളള കാര്യമാണ്. എന്നാൽ ദരിദ്രരായ ആളുകൾക്ക് കുട്ടികൾ കൗമാരം കടക്കുമ്പോൾ തങ്ങളുടെ കുടുംബത്തിൽ കൂടുതൽ വരുമാനം ഉണ്ടാകാനുള്ള ഒരു മാർഗമാണ് കുട്ടികൾ.

ടിമക്കച്ചവടം അവസാനിപ്പിച്ചതാരാണ് എന്ന ചോദ്യത്തിന് "എബ്രഹാം ലിങ്കൺ' എന്നാണ് പണ്ടൊക്കെ എന്റെ മനസ്സിൽ വന്നിരുന്ന ഉത്തരം. അടിമക്കച്ചവടം, വേറെ ഏതോ നാട്ടിൽ നടന്നിരുന്ന ഒന്നാണെന്നായിരുന്നു എന്റെ വിചാരം. എന്നാൽ നമ്മുടെ കേരളത്തിൽ തന്നെ അടിമക്കച്ചവടം ഉണ്ടായിരുന്നുവെന്ന് ഈയടുത്താണ് ഞാനറിഞ്ഞത്. ചങ്ങനാശേരിയിലെ അടിമച്ചന്തകളിൽ വെറും 6 രൂപ മുതൽ 18 രൂപ വരെയായിരുന്നു അടിമകളുടെ വില, ഈ അടിമകൾ എല്ലാം തന്നെ കേരളത്തിലെ പുലയർ, പരവർ , കുറവർ തുടങ്ങിയ "താണ" ജാതിയിൽ പെട്ടവരായിരുന്നു.

ഉയർന്ന ജാതിക്കാരുടെ പാടങ്ങളിൽ പണിയെടുത്തിരുന്ന അടിമകളെ കൂടാതെ, തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ തന്നെ പതിനയ്യായിരത്തോളം അടിമകളുണ്ടായിരുന്നു, അവരെ സ്വകാര്യ മുതലാളിമാർക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കൃഷിപ്പണിയാണ് ഇവർ ചെയ്തുകൊണ്ടിരുന്നത്, ഭക്ഷണം മാത്രമായിരുന്നു പ്രതിഫലം, ജോലി ചെയ്യാൻ വിസ്സമ്മതിക്കുന്നവരെ അടിക്കാനും കൊല്ലാനും ഉടമകൾക്ക് അവകാശമുണ്ടായിരുന്നു. അടിമ വ്യവസ്ഥ നിർത്തലാക്കണം എന്ന ആവശ്യം, കൃഷി ചെയ്യാൻ ആളെ കിട്ടില്ല എന്ന കാരണത്താൽ ഉയർന്ന ജാതിക്കാർ എതിർത്തു. അടിമകൾ നൂറടി ദൂരത്തിനകത്തു വന്നാൽ തങ്ങൾക്ക് അയിത്തമായി എന്ന് നായന്മാർ ഉൾപ്പെടെയുള്ള മറ്റ് ജാതിക്കാർ കരുതിയിരുന്നു.
ഈഴവർ അടിമപ്പണി ചെയ്യേണ്ടിവന്നിരുന്നില്ല എങ്കിലും, അവരുടെ തൊഴിൽ തെങ്ങു കയറ്റവും കള്ളു ചെത്തലുമായി നിജപ്പെടുത്തിയിരുന്നു. നമ്പൂതിരിമാരുമായി 36 അടിയും, നായന്മാരുമായി 12 അടിയും ദൂരം പാലിക്കേണ്ടവരായിരുന്നു അവർ, ക്ഷേത്രങ്ങളുടെയും , സർക്കാർ ഓഫീസുകളുടെയും, ഉയർന്ന ജാതിക്കാരുടെ വീടുകളുടെയും അടുത്തുള്ള വഴികളിൽ മേല്പറഞ്ഞ ആർക്കും പ്രവേശനമില്ലായിരുന്നു.

തിരുവിതാംകൂറിൽ സർക്കാർ സ്കൂളുകൾ തുടങ്ങിയപ്പോൾ, അതിലേക്കുള്ള പ്രവേശനം നായന്മാർക്കും നമ്പൂതിരിമാർക്കും, തമിഴ് ബ്രാഹ്മണർക്കുമായി ഒതുക്കപ്പെട്ടു. മേല്പറഞ്ഞ അടിമ / ഈഴവ ജാതിക്കാർ പഠിക്കാൻ തുടങ്ങിയാൽ ജോലി ചെയ്യാൻ ആളുണ്ടാകില്ല, എന്നതായിരുന്നു ന്യായം. 1914 ൽ പഞ്ചമി എന്ന പെൺകുട്ടിയെ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചതിന് , ഉയർന്ന ജാതിക്കാർ ഊരൂട്ടമ്പലം സ്കൂൾ തന്നെ കത്തിച്ചുകളഞ്ഞതാണ്, സാമൂഹിക പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയെ കേരളത്തിലെ ആദ്യത്തെ പണിമുടക്കെന്ന് വിളിക്കാവുന്ന, കാർഷിക സമരത്തിലേക്ക് നയിച്ചത്. ഏതാണ്ട് ഒരു വർഷത്തോളം നീണ്ടുനിന്ന സമരത്തിനൊടുവിലാണ് പിന്നീട് അവർണ്ണർക്ക് സ്കൂൾ പ്രവേശനം സാധ്യമായത്.

ഈഴവനായ ഡോക്ടർ പല്പുവിന്റെ കാര്യവും ഏതാണ്ട് ഇതുപോലെയായിരുന്നു. പല്പുവിന്റെ പിതാവ് തിരുവിതാംകൂറിലെ പ്ലീഡർ പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോൾ ഒരു ഈഴവനാണ് എന്ന കാരണം പറഞ്ഞു അപേക്ഷ നിരസിക്കപ്പെട്ടു. പല്പു തിരുവിതാംകൂർ മെഡിക്കൽ കോളേജിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതി രണ്ടാം റാങ്കോടെ പാസ്സായി, പക്ഷെ ഈഴവനായത് കൊണ്ട് പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് പാസായ അദ്ദേഹത്തിന് "ജാതി തൊഴിലായ തെങ്ങു ചെത്താൻ' ആയിരുന്നു തിരുവിതാം കൂറിൽ ജോലിക്കപേക്ഷിച്ചപ്പോൾ ലഭിച്ച മറുപടി.

ഡോക്ടർ പല്പു

പിന്നീട് മൈസൂരിൽ ജോലി നോക്കിയ അദ്ദേഹം, അവിടെ വച്ച് വിവേകാനന്ദനെ കണ്ട് നടത്തിയ ചർച്ചകളാണ്, പല്പുവിന്റെ നേതൃത്വത്തിൽ കുമാരനാശാനെയും നാരായണഗുരുവിനെയും ചേർത്ത് എസ്എൻഡിപി യോഗത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചത്. 1903 ലായിരുന്നു ഇത്.

ഇതൊക്കെ പണ്ട് നടന്നതല്ലേ എന്ന് നിങ്ങളിൽ ചിലരെങ്കിലും കരുതാം. ഞാൻ ജനിച്ചത് 1972 ലാണ്, എന്റെ ബാപ്പ ജനിച്ചത് 1946 ലാണ്, ബാപ്പയുടെ ബാപ്പ ഏതാണ്ട് 1920 ലും. ഒരു തലമുറ എന്നത് ഇരുപത്തിയഞ്ച് വർഷമായി കണക്കുകൂട്ടിയാൽ, കേരളത്തിൽ ജാതിവ്യവവസ്ഥയിൽ താഴെയുള്ളവർ വിദ്യാഭ്യാസം നേടാൻ തുടങ്ങിയിട്ട് വെറും നാല് തലമുറയെ ആയിട്ടുള്ളൂ. എന്റെ ബാപ്പ നാലാം ക്ലാസ് വരെയാണ് പഠിച്ചത്. ഞാൻ പ്രീ ഡിഗ്രി പാസ്സാകുമ്പോൾ എന്റെ ഉമ്മയുടെ കുടുംബത്തിലും, ബാപ്പയുടെ കുടുംബത്തിലും ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യത എനിക്കായിരുന്നു. ഞാൻ എംസിഎ പഠിച്ച് ജോലി നേടിയപ്പോൾ കരുതിയത് ഇനി എന്റെ കുടുംബത്തിൽ പലരും ഇതുപോലെ ഉയർന്ന വിദ്യാഭ്യാസം നേടി ഉയർന്ന ജോലികൾ നേടുമെന്നാണ്, എന്നാൽ, ഇന്നും എന്റെ കുടുംബത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉള്ളൂ.. ഇതിന്റെ കാരണം തിരക്കി പോയാൽ, അഭിജിത് ബാനർജി തന്റെ പുസ്തകമായ "Poor economics' ൽ എഴുതിയ ദാരിദ്ര്യത്തിന്റെ ചക്രം (cycle of poverty) മനസിലാക്കേണ്ടി വരും.

ബ്രഹ്മസ്വം, രാജസ്വം , ദേവസ്വം എന്നൊക്കെ ഉള്ള പേരിൽ പരമ്പരാഗതമായി ഭൂസ്വത്ത് ഉള്ള, സമ്പന്നരായ മേൽജാതിക്കാർക്ക്, കുട്ടികൾ ഒരു ബാധ്യതയല്ല, അതുകൊണ്ട് അവർക്ക് ഒരു കുട്ടിയെ, ആ കുട്ടിയുടെ കഴിവിന് അനുസരിച്ചോ, അതിനു മുകളിലോ പഠിപ്പിക്കുന്നത് എളുപ്പമുളള കാര്യമാണ്. എന്നാൽ ദരിദ്രരായ ആളുകൾക്ക് കുട്ടികൾ കൗമാരം കടക്കുമ്പോൾ തങ്ങളുടെ കുടുംബത്തിൽ കൂടുതൽ വരുമാനം ഉണ്ടാകാനുള്ള ഒരു മാർഗമാണ് കുട്ടികൾ. എന്റെ കാര്യത്തിൽ തന്നെ കൂലിപ്പണി എടുക്കുന്ന ബാപ്പയെ സഹായിക്കാൻ പത്ത് കഴിയുമ്പോൾ തന്നെ തോപ്പുംപടി ഫിഷിങ് ഹാർബറിൽ ഐസ് പൊട്ടിക്കാൻ പോവുക എന്നതാണ് സ്വാഭാവികമായ മാർഗം, എന്തുകൊണ്ടോ ആ വഴി പോകാതെ രക്ഷപെട്ടതാണ്, കുടുംബത്തിലെ മറ്റു പലരും ഇങ്ങിനെയുള്ള വഴികൾ തിരഞ്ഞെടുത്തവരാണ്. സ്കൂളിൽ പഠിക്കുമ്പോൾ ഐസ് പൊട്ടിക്കുമ്പിൾ കിട്ടുന്ന അമ്പതോ നൂറോ രൂപ വളരെ വലുതാണ്, പ്രശ്നം നമുക്ക് അമ്പത് വയസാവുമ്പോഴും കിട്ടുന്ന കൂലി അതുതന്നെയായിരിക്കും എന്നതാണ്. സർക്കാർ സ്കൂളുകളിലും, കോളേജുകളിലും പഠിച്ച് ഉയർന്ന വിദ്യാഭ്യാസം നേടി ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങിക്കൂടെ എന്ന് ജാതി സംഘടനകൾ നടത്തുന്ന കോളേജിൽ ജാതി സംവരണം വഴി നിയമനം ലഭിച്ച ശേഷം ചില്ലുകൊട്ടാരങ്ങളിൽ ഇരുന്നു പറയാൻ എളുപ്പമാണ്. വർഷങ്ങളായി വിദ്യാലയങ്ങളിൽ കയറ്റാതെ, ഭൂമിയിൽ അവകാശം നൽകാതെ അടിച്ചമർത്തിയ ജനത ഇപ്പോൾ, സംവരണം ഉപേക്ഷിച്ച്, തുല്യമായി മത്സരിച്ചു ജയിക്കണമെന്നത് ചില യുക്തിവാദികൾ തന്നെ ഉന്നയിക്കുമ്പോഴാണ്, ഇത്തരം യുക്തിവാദികളുടെ ചരിത്ര നിരാസമോ, ചരിത്രത്തിന്റെ അറിവില്ലായ്മയോ വെളിപ്പെടുന്നത്.

അഭിജിത് ബാനർജി

സംവരണത്തിന്റെ കാര്യം വരുമ്പോൾ നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്ന ഒന്നാണ് Equality (സമത്വം) , Equity (ഇതിന്റെ മലയാളം എനിക്കറിയില്ല, നീതിയുടെ അടിസ്ഥാനത്തിൽ ഉള്ള ഓഹരി എന്ന് പറയാമെന്നു തോന്നുന്നു) എന്നിവ തമ്മിലുള്ള വ്യത്യാസം.

സമത്വം എന്നത് എല്ലാവർക്കും ഒരേ പോലുള്ള അവസരം നൽകലാണ്. ഒന്ന് രണ്ടു തലമുറകൾക്ക് മുൻപ് മാത്രം വിദ്യാഭ്യാസം ലഭിച്ച, പലപ്പോഴും ഭൂസ്വത്ത് ഇന്നും ഇല്ലാത്ത, കുടുംബത്തിൽ വേറെ ആർക്കും ഉയർന്ന വിദ്യാഭ്യാസം ഇല്ലാത്ത ഒരു കുട്ടിയേയും, ഉന്നത വിദ്യാഭ്യാസം ലഭിച്ച അച്ഛനും അമ്മയും ഉള്ള, സ്ഥിരവരുമാനവും, ഭൂമിയും ഉള്ള വീട്ടിൽ നിന്ന് വരുന്ന, കുടുംബത്തിൽ പലരും ഉയർന്ന ജോലികളിൽ ഉള്ള ഒരു കുട്ടിയെയും ഒരേ എൻട്രൻസ് എഴുതിപ്പിച്ച് അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന, ജോലി നൽകുന്ന വ്യവസ്ഥിതിയാണ് സമത്വം, പക്ഷെ ഇത് പണ്ടുമുതലേ സാമൂഹിക അനീതികൾ അനുഭവിച്ചു വന്നവരോട് കാണിക്കുന്ന സ്വാഭാവിക നീതി നിഷേധമാണ്. പോസ്റ്റിന്റെ കൂടെ ചേർത്തിട്ടുള്ള ചിത്രത്തിൽ കാണുന്നത് പോലെ ഉയരമില്ലാത്ത കുട്ടിക്കും ഉയരമുള്ള കുട്ടിക്കും ഒരേ ഉയരമുള്ള സ്റ്റൂൾ ഇട്ടുകൊടുക്കുന്നത് പോലെയാണത്.

ഇക്വിറ്റി എന്നത് മറിച്ച്, ഒരേ ആളുകളുടെയും സാമൂഹിക ചരിത്ര പശ്ചാത്തലമനുസരിച്ച് കഴിവളക്കുന്ന പ്രക്രിയയാണ്. നൂറ്റാണ്ടുകളായി പിന്നോക്കമാക്കി നിർത്തപ്പെട്ട ജനതയെ, അവരെ അടിച്ചമർത്തി, അവർക്ക് വിദ്യാഭ്യാസം നിഷേധിച്ച ജനതയോട് ഒരുമിച്ച് നിർത്താതെ, അവരുടെ സാമൂഹിക പശ്ചാത്തലം മനസിലാക്കി കുറച്ച് മുന്നോട്ട് കയറ്റി നിർത്തുന്ന പരിപാടിയാണിത്. സാമൂഹിക നീതി നടപ്പിലാകുന്നത് ഇവിടെയാണ്.
സംവരണം ദാരിദ്ര്യ നിർമാർജന പ്രക്രിയയല്ല, മറിച്ച് ചരിത്രം നീതികേടു കാണിച്ചവരോട് നമ്മൾ ഇക്കാലത്ത് നീതി കൊടുക്കുന്ന പ്രക്രിയയാണ്. ഇത് സംവരണത്തിന് പുറത്തുള്ള പലരും എടുക്കുന്നത്, "ഞങ്ങൾ ചെയ്യാത്ത തെറ്റിന് ഞങ്ങളോട് കാണിക്കുന്ന അനീതിയാണ്' എന്ന തരത്തിലാണ്. സമൂഹം പല ജനവിഭാഗങ്ങളോടും നടത്തിയ അനീതികളെ കുറിച്ച്, സ്വാകാര്യമായ വികാരങ്ങൾ മാറ്റി വച്ച് ചർച്ച ചെയ്യണയം, ആ അനീതികൾക്ക് ഇന്ന് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ കൂടെ നിൽക്കാനും സമൂഹത്തിലെ ഓരോ വ്യക്തിക്കും, അവരുടെ സംവരണ സ്ഥിതിക്ക് മുകളിൽ കഴിയേണ്ടതുണ്ട്, ഒരു സമൂഹം എന്ന നിലയിൽ നമ്മൾ പക്വത പ്രാപിക്കുന്നത് അപ്പോഴാണ്.
സംവരണം വന്നാൽ യോഗ്യത ഇല്ലാത്തവർ എൻജിനീയറും ഡോക്ടറുമൊക്കെയാകുമെന്ന് പറഞ്ഞ് ജാതി സംവരണത്തെ എതിർത്ത ആളുകൾ സാമ്പത്തിക സംവരണം വന്നപ്പോൾ വായപൂട്ടി ഇരുന്നത് നമ്മൾ കണ്ടതാണ്. കേരളത്തിൽ ഒരു എതിർപ്പുമില്ലാതെ രണ്ടു മുന്നണികളും കേന്ദ്രത്തിന്റെ സാമ്പത്തിക സംവരണ നടപ്പിലാക്കാൻ കൂട്ടുനിന്നു എന്നത്, കേരളത്തിൽ സംവരണത്തെ കുറിച്ച് എത്ര ആഴം കുറഞ്ഞ ധാരണയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നുണ്ട്. വി.ടി. ബൽറാമിനെ പോലെ ചുരുക്കം ചില രാഷ്ട്രീയക്കാർ മാത്രമാണ് സാമ്പത്തിക സംവരണത്തെ എതിർത്ത് ഞാൻ കണ്ടിട്ടുള്ളത്. തമിഴ്നാട് സർക്കാർ സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് കണ്ടെങ്കിലും ഇവരുടെ മനസ് മാറിയെങ്കിൽ.

വി.ടി. ബൽറാം

ഒരു തരത്തിലുള്ള ജാതി സംവരണം മാറ്റേണ്ടതാണ്, എൻഎസ്എസ് പോലുള്ള ജാതി സംഘടനകൾ നടത്തുന്ന കോളേജുകളിലും സ്കൂളുകളിലും കോഴപ്പണം വാങ്ങി, സ്വന്തം ജാതിക്കാരെ മാത്രം നിയമിക്കുന്ന പോലുള്ള ജാതി സംവരണം തീർച്ചയായും മാറ്റി സർക്കാർ വക പിഎസ്‌സി നിയമനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, അതിനു പകരം സാമ്പത്തിക സംവരണം നടപ്പിലാക്കിയത്, സാമൂഹിക മുന്നേറ്റത്തെ പിന്നോട്ട് നടത്തിയ പരിപാടിയാണ്. അതും, വർഷത്തിൽ എട്ട് ലക്ഷം രൂപ വരുമാനമുള്ളവരെയും, അഞ്ചേക്കർ ഭൂമിയുള്ളവരെയും ഒക്കെ സാമ്പത്തിക സംവരണത്തിന് അകത്തുകൊണ്ടുവന്നതു കൊണ്ട് സംവരണത്തിന്റെ അന്തസത്ത തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഓർക്കുക ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള മുപ്പത്തിഒന്ന് കോടി ജനങ്ങളിൽ ഇരുപത്തിയാറു കോടി ജനങ്ങളും പിന്നോക്ക ജാതികളിൽ പെട്ടവരാണ്, ഇവരൊന്നും സാമ്പത്തിക സംവരണത്തിന് അർഹരല്ല എന്നതാണ് വിരോധാഭാസം. പണക്കാരായ മുന്നോക്കക്കാർക്കാണ് യാഥാർത്ഥത്തിൽ ഇന്ന് സാമ്പത്തിക സംവരണം കൊണ്ടുള്ള നേട്ടം ലഭിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും , മറ്റ് മുഖ്യധാരാ പാർട്ടികളും, വോട്ട്ബാങ്ക് മാറ്റിവച്ച്, സാമ്പത്തിക സംവരണവും അതിന്റെ വ്യവസ്ഥകളും പുനഃപരിശോധിക്കാൻ മുതിരേണ്ടതാണ്, അല്ലെങ്കിൽ ചരിത്രം മാപ്പ് നൽകില്ല.

നോട്ട് : Equity , Equality കൂടാതെ Social Justice എന്ന് മൂന്നാമതൊരു വിഭാഗമുണ്ട്. ഇന്ത്യയിൽ ജാതി നിർമാർജനം നടന്നു കഴിഞ്ഞ്, എല്ലാവരെയും അവരുടെ കഴിവുകൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, ജോലികളിലും പരിഗണിക്കുന്ന ഏറ്റവും മാതൃകാപരമായ അവസ്ഥയാണിത്, ഇത് ഇന്ത്യയിൽ നടക്കുമോ എന്ന് കണ്ടറിയണം.

Comments