ചാമരം:
ലൈംഗികതയില്‍നിന്ന് പ്രണയം
സൃഷ്ടിച്ച ശരീരങ്ങള്‍
ചാമരം: ലൈംഗികതയില്‍നിന്ന് പ്രണയം സൃഷ്ടിച്ച ശരീരങ്ങള്‍
ഇന്ദുവിന്റെയത്ര പ്രണയത്തിന്റെ ഉന്മാദം ഇത്രമാത്രം നിറഞ്ഞ ഒരു നായികാശരീരം മലയാളസിനിമയിലില്ലെന്നു പറയാം. ഈ ശരീരത്തെ ഇന്ദു സൃഷ്ടിച്ചെടുത്തത് പാരമ്പര്യത്തിന്റെ ഗാര്‍ഹികതയെയും അടുക്കളപ്പണികളെയും നിഷേധിച്ചതിലൂടെയാണെന്നു വ്യക്തം. എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ഭരതൻ സംവിധാനം ചെയ്ത ‘ചാമരം’ എന്ന സിനിമയുടെ പുതിയ കാല കാഴ്ച.
4 Apr 2022, 10:40 AM
1930-കളിലും സ്‌കൂള്‍ വിദ്യാഭ്യാസമുള്ള യുവതികളെ കത്തോലിക്കാ പുരുഷന്മാര്‍ വിവാഹം കഴിക്കാന്‍ മടിച്ചിരുന്നുവെന്ന അക്കാമ്മ ചെറിയാന്റെ ഓര്‍മകള്‍ അല്പം അത്ഭുതത്തോടെയാവും ഇന്ന് വായിക്കാന്‍ കഴിയുക. അത്രമാത്രം പുരുഷാധിപത്യം അന്നത്തെ കേരളത്തില്‍ നിലനിന്നുവെന്നു വിശ്വസിക്കാന്‍ നമ്മുടെ നിഷ്‌കളങ്കമായ ചരിത്രബോധം സമ്മതിക്കുന്നില്ലെന്നാണ് വസ്തുത. എന്നാലിത്തരം കാര്യങ്ങള്‍ സാധാരണമായിരുന്നുവെന്ന് സമാനമായ സംഭവങ്ങള്‍ പറയുന്നുണ്ട്. 1910 -20 കാലത്ത് തിരുവിതാംകൂറിലെ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ. ചിന്നമ്മ ഒരു നായര്‍ യുവതിയെ അധ്യാപികയായി നിയമിക്കാന്‍ തീരുമാനിച്ചപ്പോളുണ്ടായ സംഭവം അവരുടെ ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വിവരം അവരുടെ വീട്ടില്‍ പറയാനെത്തിയ ചിന്നമ്മയോട് യുവതിയുടെ അമ്മ പറഞ്ഞത്, "അവള്‍ തറവാട്ടിലെ ഉലക്കകൊണ്ട് ജീവിച്ചോളും' എന്നായിരുന്നു. ശമ്പളവും പദവിയും കിട്ടുന്ന ജോലിയേക്കാള്‍ വലുതാണ് ആഭിജാത്യവും തറവാടിത്തവുമെന്നു കരുതിയിരുന്ന കേരള ജാതിസമൂഹം പില്ക്കാലത്തും ഇത്തരം ചിന്തകള്‍ ശക്തമായി ഉള്ളില്‍ക്കൊണ്ടുനടന്നിരുന്നുവെന്ന് കാണാം.

1980 ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം എന്ന സിനിമ കോളേജധ്യാപികയായി ജോലികിട്ടുന്ന ഇന്ദുവെന്ന നായര്‍ യുവതിയുടെ കഥയിലും ഈ തറവാടിത്തം കാണാം. അവള്‍ ജോലിക്കായി പോകുന്നസമയത്ത് അവളുടെ മുറച്ചെറുക്കന്റെ അമ്മ പറയുന്നത്, ഇന്ദുവിന്റെ അമ്മയുണ്ടായിരുന്നെങ്കില്‍ അവളെ ജോലിക്കുവിടുകയില്ലായിരുന്നുവെന്നാണ്. തൊഴിലിലൂടെ കിട്ടുന്ന സാമ്പത്തികവളര്‍ച്ചയെക്കാള്‍ തങ്ങളുടെ തറവാടിത്തം പ്രധാനമായി കരുതുന്ന ജാതിബോധം പുരുഷന്മാര്‍ക്കും ഇത്തരം വിലക്കുകള്‍ കല്പിച്ചിരുന്നതായി കാണാം.
ചില തൊഴിലുകള്‍ തങ്ങളുടെ ആഭിജാത്യത്തിനു ചേരുന്നതല്ലെന്ന ബോധമായിട്ടാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം തറവാടിത്തങ്ങളെ കടപുഴക്കിയെറിഞ്ഞ പ്രക്രിയയാണ് ഗള്‍ഫ് പ്രവാസമെന്ന് ഈ പരമ്പരയുടെ മുന്‍പഠനങ്ങളില്‍ വിശദീകരിച്ചിരുന്നു. പണമാണ് സാമൂഹികപദവിയുടെ അടിസ്ഥാനമെന്നും പണം കിട്ടുന്ന ജോലികള്‍ നേടുന്നതാണ് ജീവിതം സുരക്ഷിതമാക്കാന്‍ നല്ലതെന്നും കേരള സമൂഹം തിരിച്ചറിയുന്ന പരിവര്‍ത്തനങ്ങള്‍ ആഴത്തല്‍ രൂപപ്പെടുന്ന എണ്‍പതുകളില്‍ തറവാടിത്തങ്ങളെ ആഴത്തില്‍ പ്രശ്‌നവല്കരിക്കുകയാണ് മലയാളത്തിലെ ജനപ്രിയ സിനിമ ചെയ്യുന്ന ചരിത്രധര്‍മം. കേരള നവോത്ഥാനമെന്ന ആദര്‍ശവല്കരിച്ച സാമൂഹിക ബോധത്തെക്കൂടി ഉലയ്ക്കുന്ന കാഴ്ചകളായിട്ടാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ചാമരം എന്ന സിനിമയെ അതിന്റെ ഒരടയാളമായി കാണാം.

നഗരം തുറക്കുന്ന സാധ്യതകള്‍
ചെറുതുരുത്തിയിലെ ധാരാളം ഭൂമിയും സമ്പത്തുമുള്ള നായര്‍തറവാട്ടിലെ ഏകമകളായ ഇന്ദു തന്റെ മുറച്ചെറുക്കനായ ബാലനുമായി പ്രണയത്തിലാണ്. ഇന്ദു കോളേജ് അധ്യാപികയായി ജോലിക്കു കേറുന്നതോടെ ബാലനെ മരുമകനായി കാണാന്‍ ഇന്ദുവിന്റെ പിതാവിനു വൈമുഖ്യം നേരിടുന്നു. അതില്‍ നിരാശനായ ബാലന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യുന്നു. ഇക്കാര്യമറിഞ്ഞ ഇന്ദു മാനസികമായി തകരുകയും തന്നോടു പ്രണയാഭ്യര്‍ഥന നടത്തിയ, താന്‍ പഠിപ്പിക്കുന്ന വിനോദ് എന്ന വിദ്യാര്‍ഥിയുടെ പ്രണയം സ്വീകരിക്കുകയും ചെയ്യുന്നു. അവരുടെ വിവാഹശേഷം കോളേജിലുണ്ടാകുന്ന വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമമിലുള്ള സംഘര്‍ഷത്തില്‍ വിനോദ് കൊല്ലപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു. പ്രത്യക്ഷത്തില്‍ നവോത്ഥാനത്തിലൂടെ മലയാളിക്കു ലഭിച്ച പ്രണയം, കുടുംബം മുതലായവയെ സംബന്ധിച്ച എല്ലാ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന സിനിമ നായികയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് പുതിയൊരു ദൃശ്യഭാഷകൂടി രൂപപ്പെടുത്തുകയായിരുന്നു.
സിനിമയുടെ ടൈറ്റിലുകള്‍ എഴുതിക്കാണിക്കുമ്പോള്‍ ആദ്യം വരുന്നത് നടിയായ സെറീന വഹാബിന്റെ പേരാണ്. നടന്മാരുടെ പേരുകള്‍ പിന്നീടാണ് പ്രത്യക്ഷപ്പെടുന്നത്. എണ്‍പതുകളിലെ സിനിമകളില്‍ അപൂര്‍വ്വമായെങ്കിലും നടിമാരുടെ പേരുകള്‍ ആദ്യംകാണുന്നുണ്ടെന്നത് മലയാള സിനിമാചരിത്രത്തിലെ പ്രധാനപ്പെട്ട പ്രവണതയായി കാണേണ്ടതുണ്ട്.

അധ്യാപികയായി ജോലിക്കുചേരാന്‍ തയാറെടുത്തുനില്ക്കുന്ന ഇന്ദുവിലാണ് സിനിമ ആരംഭിക്കുന്നത്. തന്നോടൊപ്പം കോളേജിലേക്കു വരുന്ന കാമുകനായ ബാലനെ അവള്‍ കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന്റെ നിമഷങ്ങളാണ് "നാഥാ നീ വരും കാലൊച്ച കേള്‍ക്കാന്‍' എന്ന പാട്ടിലൂടെ ആവിഷ്‌കരിക്കുന്നത്. വീട്ടിലാണ് സിനിമ തുടങ്ങുന്നതെങ്കിലും വീട്ടില്‍നിന്ന് പട്ടണത്തിലെ കോളേജിലേക്കു പോയ ഇന്ദുവിന്റെ പട്ടണജീവിതത്തിലാണ് ഇതിവൃത്തം ഏറെയും കറങ്ങുന്നത്.
ഗ്രാമം, നഗരം എന്ന ദ്വന്ദ്വത്തിലാണ് ഈ രണ്ടുജീവിതവും പറയുന്നത്. ഗ്രാമമെന്നു പറയുന്നത് ഉദാത്തമായ ജീവിതരീതിയാണെന്നും നഗരത്തിലെ ജീവിതം പരിഷ്‌കാരികളുടേതാണെന്നുമുള്ള ബോധം ഇതിന്റെ അന്തര്‍ധാരയായി നിലകൊള്ളുന്നു. ബാലന്റെ അമ്മ പറയുന്ന തലമുടിയില്‍ തേയ്ക്കുന്ന എണ്ണയുടെയും ഭക്ഷണത്തിന്റെയും സൂചനകളില്‍ ഇത് വായിക്കാം. നഗരത്തില്‍ കിട്ടുന്ന എണ്ണ തലയില്‍ തേയ്ക്കരുതെന്നും താന്‍ തയാറാക്കി നല്കുന്ന എണ്ണ മാത്രമേ തേയ്ക്കാവുയെന്നും അവര്‍ പറയുന്നു. പിന്നീട് അവധിക്കു വരുമ്പോള്‍ ഇന്ദു മെലിഞ്ഞുപോയെന്നും തനിക്കവിടെ ഭക്ഷണമൊന്നും കൃത്യമായി കിട്ടുന്നില്ലേയെന്നും അവര്‍ ചോദിക്കുന്നിടത്തും ഗ്രാമത്തിലെ വീട്ടിലെ പരിചരണം നഗരത്തിലെ തിരക്കില്‍ ലഭ്യമെല്ലെന്നു സൂചിപ്പിക്കുന്നു.

എന്നാല്‍ ഇന്ദു അത്തരം കാര്യങ്ങള്‍ക്കൊന്നും ശ്രദ്ധകൊടുക്കിന്നില്ലെന്നു കാണാം. വീട്ടില്‍ ജീവിച്ചതിനെക്കാള്‍ ഇല്ലാസവതിയായിട്ടാണ് അവള്‍ നഗരത്തിലും കോളേജിലും ജീവിക്കുന്നതെന്നു ദൃശ്യങ്ങള്‍ സമൃദ്ധമായി സംസാരിക്കുന്നുണ്ട്. പാടവും കൃഷിയും പരസ്പരം ബന്ധപ്പെട്ടു നില്ക്കുന്ന, ആചാരങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ഗ്രാമത്തിലെ ജീവിതത്തില്‍നിന്ന് അതൊന്നുമില്ലാത്ത തിരക്കേറെയുള്ള, നഗരത്തിലെ ജീവിതത്തിലേക്കെത്തുമ്പോള്‍ പൊരുത്തക്കേടുകള്‍ അനുഭവിക്കുന്ന ആഖ്യാനങ്ങള്‍ മലയാളസാഹിത്യത്തില്‍ സുലഭമാണ്. അങ്ങനെ ഗ്രാമത്തിലെ ജീവിതം നന്മകളാല്‍ സമൃദ്ധമാണെന്നും നഗരം തിന്മയുടെ ഇടമാണെന്നും സ്ഥാപിക്കുന്നു. ഈ ദ്വന്ദ്വത്തെ സിനിമ അടിവേരോടെ പിഴുതെറിയുന്നതാണ് പ്രത്യക്ഷമായിത്തന്നെ കാണാന്‍ കഴിയുന്നത്. ഗ്രാമത്തിനെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി ജീവിക്കാനവുക നഗരമാണെന്ന നിരവധി സൂചനകള്‍ സിനിമ കാണിച്ചുതരുന്നുണ്ട്. നഗരമെന്ന പൊതുവിടവും അതിലെ വാണിജ്യസ്ഥാപനങ്ങളും ഹോസ്റ്റലും കോളേജും മനുഷ്യര്‍ക്കു പാര്‍ക്കാനും ജീവിതത്തെ നിര്‍വചിക്കാനും കഴിയുന്ന അനന്തമായ സാധ്യതകള്‍ തുറന്നിടുന്നു. എന്നാല്‍ ഗ്രാമത്തിലങ്ങനെയുള്ള സ്ഥാപനങ്ങളില്ലെന്ന് ബാലന്റെ ജീവിതം പറയുന്നു. അയാള്‍ക്കാകെയുള്ളത് കൃഷിയെന്ന ലോകം മാത്രമാണ്. ഇന്ദു കോളേജിലേക്കു പോകുന്ന അന്ന് നഗരത്തിലെ പരിഷ്‌കാരങ്ങളില്‍പെട്ട് തന്നെ മറന്നുപോകല്ലെന്ന് ബാലന്‍ പറയുന്നിടുത്ത് ഇതു വ്യക്തം.

കേരളീയ ഗ്രാമമെന്ന പവിത്രമായ ഇടം പതുക്കെ മാഞ്ഞുപോകുന്നതിന്റെ അടയാളമാണ് അക്കാലത്തെ സിനിമകളുടെ സാംസ്‌കാരിക പശ്ചാത്തലമെന്ന് കാണാം. സിനിമയുടെ അവസാനഭാഗത്ത് ഇന്ദുവും വിനോദും കാറില്‍ യാത്രചെയ്യുന്ന ദൃശ്യങ്ങളില്‍ പാടത്തിന്റെ നടുവിലൂടെയൊക്കെ റോഡുകള്‍ കാണാം. നെല്‍കൃഷി കേന്ദ്രീകൃതമായ ഗ്രാമജീവിതത്തിലെ പരിവര്‍ത്തനങ്ങളെയാണ് ഈ റോഡുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ദുവിന്റെയും ബാലന്റെയും വീട്ടിലേക്കുചെല്ലാന്‍ റോഡില്ല, പാട വരമ്പത്തുകൂടിവേണം അവിടേക്കുചെല്ലാന്‍. പാടവരമ്പത്തുകൂടി പ്രയാസപ്പെട്ടുള്ള നടത്തത്തെ ഗൃഹാതുരത്വമാര്‍ന്ന ചരിത്രമാക്കുന്നത് ഗള്‍ഫ് പണത്തിന്റെ വരവിലൂടെ കേരളത്തിലെ വീടുകളിലെത്തിയ സൗകര്യങ്ങളാണ്.
അടുക്കള വര്‍ജ്ജിച്ച വായനക്കാരി
വിമണ്‍സ് കോളേജില്‍ ഉന്നത വിദ്യാഭ്യാസം നേടിയവളായ ഇന്ദുവിന്റെ ദൃശ്യവല്കരണത്തിലെ ചില കാര്യങ്ങളും ശ്രദ്ധേയമാണ്. ബാലനെ കാത്തിരിക്കുന്ന ഇന്ദുവിനെ കാണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുറി അലസമായി കാമറ കാണിച്ചുതരുന്നുണ്ട്. മേശപ്പുറത്ത് അടുക്കിവച്ചിരിക്കുന്ന കുറച്ചുപുസ്തകങ്ങളാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. പുസ്തകങ്ങള്‍ നന്നായി വായിക്കുന്ന ആളാണ് ഇന്ദുവെന്ന് സൂചിപ്പിക്കുന്ന ഈ ദൃശ്യം പാട്ടവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അലസമായ വായനയിലാണ് നില്ക്കുന്നത്. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ബാലനോട് ഇന്ദു പറയുന്നുണ്ട്, പഴയപുസ്തകമാണെന്നും ചുമ്മാ മറിച്ചു നോക്കിയതാണെന്നും. ഈ വാചകത്തില്‍ പഠനകാലത്ത് നന്നായി വായിച്ചിരുന്ന ഒരാള്‍ക്ക് പിന്നീട് ഗ്രാമത്തിലേക്കു പോന്നപ്പോള്‍ പുതിയ പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടാത്തതിന്റെ ദുഃഖമാണ് സൂചിതമാകുന്നത്.
എപ്പോഴും വായിച്ചകൊണ്ടിരിക്കുന്ന ആളാണ് നായികയെന്ന സൂചന സിനിമയില്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. ഹോസ്റ്റല്‍മുറിയിലും ജോലിക്കിടയിലും അദ്ദേഹം പുസ്തകങ്ങളുടെയൊപ്പം ഇരിക്കുന്നതുകാണാം. ഒഴിവുവേളകളില്‍ സമയം കളയാൻ പുസ്തകം വായിക്കയല്ല, മറിച്ച് വായനയിലൂടെ തന്റെ കര്‍തൃത്വം രൂപപ്പെടുത്തിയ ആളാണ് ഇന്ദുവെന്ന് ഇത് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് അവരുടെ സ്‌ത്രൈണതയ്ക്കു പറ്റിയ വിധത്തില്‍ സാഹിത്യം പോലുള്ള ലളിതമായ മേഖലകളാവും പൊതുവില്‍ സമൂഹം കല്പിച്ചു നല്കാറുള്ളതെങ്കില്‍ ഇന്ദു പഠിപ്പിച്ചത് വാണിജ്യസംബന്ധിയായ വിഷയമായിരുന്നുവെന്നതും ശ്രദ്ധിക്കണം.

ഇന്ദുവിന്റെ വായനയുടെ രണ്ടു ദൃശ്യങ്ങള്‍ പ്രധാനമാണ്. വിനോദ് തന്റെ സ്‌നേഹം പറയാന്‍ ഫാദറിനെ കൂട്ടി വന്നപ്പോഴും പിന്നീട് തനിച്ചു കാണാന്‍ വന്നപ്പോഴും ഇന്ദു ഹോസ്റ്റലിലെ പൂന്തോട്ടത്തിലിരുന്ന് വായിക്കുകയായിരുന്നു. വായനയില്‍ ആഴത്തിലാണ്ടിരിക്കുന്ന വ്യക്തിയായിട്ടാണ് അദ്ദേഹം കാണപ്പെടുന്നത്. അതിഥികളായെത്തിവരെ അത്ര ഇഷ്ടപ്പെടാത്തഭാവം ആ സമയം ഇന്ദുവിലുണ്ടാകുന്നുണ്ട്. തന്റെ പ്രണയം തകര്‍ന്നപ്പോള്‍ വിനോദിന്റെ വീട്ടിലെത്തുന്നതാണ് അടുത്ത സന്ദര്‍ഭം. തകര്‍ന്നഭാവത്തില്‍ ചെന്ന ഇന്ദുവിന് വിനോദ് ആദ്യംനീട്ടുന്നത് ടീപ്പോയിലിരുന്ന പുസ്തകമാണ്. പിന്നീടവന്റെ സ്വകാര്യ പുസ്തകശേഖരം അവന്‍ കാണിച്ചുകൊടുക്കുന്നു, ചില പുസ്തകങ്ങള്‍ എടുത്തുനീട്ടുന്നു. ഇന്ദുവിന്റെ വായനാതാത്പര്യം നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് വിനോദെന്ന് ഈ സംഭവം അടയാളപ്പെടുത്തുന്നു.
കോളേജധ്യാപനത്തിന് ആവശ്യമായ അക്കാദമിക് ബോധം പേറിയ ആളായിരുന്നു ഇന്ദുവെന്ന് വ്യക്തം. അങ്ങനെയൊരാള്‍ തന്റെ കരിയറിലാണ് ശ്രദ്ധിക്കുക. സ്‌ത്രൈണതയുടെ പാരമ്പര്യം അയാള്‍ക്ക് നിഷിദ്ധമായിരിക്കും.
ജോലിയിലും വായനയിലും ശ്രദ്ധിച്ചിരുന്ന ഇന്ദു അടുക്കള എന്ന സ്‌ത്രൈണസ്ഥലത്തെ പാടേ ഒഴിവാക്കുന്നതാണ് എറെ ശ്രദ്ധിക്കേണ്ടത്. വീട്ടിലുള്ളപ്പോഴും ഹോസ്റ്റലിലായിരിക്കുമ്പോഴും അദ്ദേഹം അടുക്കളയുടെ അയല്‍പക്കത്തുപോലും പോകുന്നില്ലെന്നു മാത്രമല്ല ഭക്ഷണകാര്യത്തില്‍ ഒട്ടും ഉത്കണ്ഠകാണിക്കുന്നുമില്ല. വീട്ടില്‍ അമ്മയില്ലാത്ത അവസ്ഥയായിട്ടും അടുക്കളഭരണം വേലക്കാരനെ ഏല്പിച്ചദ്ദേഹം വായനയിലും പ്രണയത്തിലും മുഴുകി ജീവിക്കുന്നു. എണ്‍പതുകളിലെ നഗരം പ്രധാനമാകുന്ന സിനിമകളില്‍ സ്ത്രീകള്‍ അടുക്കള വര്‍ജ്ജിച്ചുകൊണ്ട് തങ്ങളുടെ കരിയറിലൂന്നി ജീവിക്കുന്നത് സവിശേഷമായ സ്ത്രീപക്ഷരാഷ്ട്രീയമാണെന്ന് ഇതിനുമുമ്പുള്ള വിശകലനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇവിടെ ഗ്രാമത്തിലെ തറവാടായിട്ടും ഗാര്‍ഹികത സ്ത്രീയെ ബാധിക്കാത്തത് കാണുന്നു. അതിനു കാരണം ഇന്ദുവിന്റെ വിദ്യാഭ്യാസവും പിന്നീട് ലഭ്യമാകുന്ന ഉദ്യോഗവുമാണ്.
തറവാടിനെ റദ്ദാക്കിയ ഹോസ്റ്റലുകള്‍
വുമണ്‍സ് കോളേജിലാണ് ഇന്ദു പഠിച്ചതെന്ന സൂചന അവളുടെ ജീവിതം രൂപപ്പെടുത്തിയത് നഗരകേന്ദ്രീകൃതമായ കാമ്പസ്- ഹോസ്റ്റല്‍ ജീവിതമാണെന്നു വ്യക്തമാക്കുന്നു. ആ ജീവിതത്തിന്റെ തുടര്‍ച്ചയിലാണ് അദ്ദേഹം വീട്ടിലുള്ളപ്പോഴും അടുക്കളയെ ഒഴിവാക്കി ജീവിക്കുന്നതെന്നു വ്യക്തം. കേരളത്തിലെ കാമ്പസുകളുടെ മൂല്യസങ്കല്പമായി നിലകൊള്ളുന്നത് കൊളോണിയല്‍ സംസ്‌കാരമാണെന്നു കാണാം. ഇന്ദു അടുക്കളയില്‍ കയറുന്ന രണ്ടു സന്ദര്‍ഭങ്ങളിലൊന്ന്, അവധിക്കു വന്നപ്പോള്‍ രാമന്‍നായരോട് വെള്ളം ചൂടാക്കാന്‍ പറയുന്നതനായി അടുക്കളയില്‍ പോകുന്നതാണ്. മറ്റൊന്ന് ബാലന്റെ വീട്ടിലെത്തിയപ്പോള്‍ അമ്മയോടു സംസാരിക്കുന്നതാണ്. ആഭിജാത്യവും പാരമ്പര്യവും പ്രകടമായ തറവാട്ടിലുള്ളപ്പോഴും അവളെ ഭരിക്കുന്നത് കലാലയവിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളാണ്.
ഇക്കാര്യം തിരിച്ചറിഞ്ഞതിനാലാവും നവോത്ഥാന കാലത്ത് ഒരുപറ്റം ബുദ്ധീജിവികള്‍ ആംഗലേയ വിദ്യാഭ്യാസം മാത്രം കുട്ടികള്‍ക്കു കിട്ടിയാല്‍ വിദ്യാര്‍ഥികള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ വഴിതെറ്റുമെന്നും നമ്മുടെ പാരമ്പര്യം കൂടി അവരെ പഠിപ്പിക്കണമെന്നു പറഞ്ഞത്. അറുപതുകളിലും എഴുപതുകളിലും സ്ത്രീകളുടെ ഉദ്യോഗക്കാര്യം പ്രധാനമായി വരുന്ന സിനിമകള്‍ ഉണ്ടായെങ്കിലും അവയെല്ലാം സ്ത്രീകള്‍ ഉദ്യോഗം വഹിക്കുന്നത് അവരുടെ പ്രണയത്തിനും ഗാര്‍ഹിക ജീവിതത്തിനും തടസ്സമായിരിക്കുമെന്ന തത്വമാണ് പറയുന്നത്. സ്ത്രീകള്‍ക്കു ചേരുക പരമ്പരാഗത കുടംബത്തിനു ഇണങ്ങുന്ന സ്‌ത്രൈണതയും വീട്ടുകാര്യങ്ങളുമാണെന്നു പറഞ്ഞ ആ സിനിമകളുടെ ചരിത്രം കൂടിയാണ് ചാമരം പോലുള്ള സിനിമകള്‍ കുഴിച്ചുമൂടുന്നത്.

ഇവിടെയാണ് വീടെന്ന ഇടത്തിനു ബദലായി ഹോസ്റ്റലെന്ന സ്ഥാപനം കടന്നുവരുന്നത്. മിഷനറിമാര്‍ സ്‌കൂളും കോളേജും സ്ഥാപിച്ചപ്പോള്‍ അതിനൊപ്പം കൊണ്ടുവന്നതാണ് ഹോസ്റ്റലുകളും അനാഥാലയങ്ങളും. ആധുനിക കേരളത്തെ സാധ്യമാക്കിയതില്‍ ഇവയ്ക്കുള്ള പങ്ക് പ്രധാനമാണ്. ജാതിപരമായ വിവേചനങ്ങള്‍ പലരൂപത്തില്‍ പ്രകടമാക്കിയവയാണ് ഹോസ്റ്റലുകളെങ്കിലും വീടെന്ന സ്ഥലത്തിനപ്പുറമായി യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ജാതിനിരപേക്ഷമായി കൂടിക്കഴിയാനും സാമൂഹികത സാധ്യമാക്കാനും വഴിയൊരുക്കിയവയാണ് ഹോസ്റ്റലുകള്‍. മിഷനറിമാരുടെ ഹോസ്റ്റലുകളുടെ മാതൃകയില്‍ ഹിന്ദു സ്ത്രീകള്‍ക്കായി ഹോസ്റ്റലുകള്‍ പണിത് സ്ത്രീകളുടെ ഉന്നമനത്തിനു ശ്രമിച്ച കെ. ചിന്നമ്മയുടെ ശ്രമങ്ങള്‍ ഇവിടെ സ്മരണീയമാണ്. വീടെന്ന പുരുഷാധികാരകേന്ദ്രത്തിനു പുറത്ത് സാമൂഹികതവളര്‍ത്താന്‍ സ്ത്രീകള്‍ക്കായി ഹോസ്റ്റലുകള്‍ വേണമെന്ന അവരുടെ നിര്‍ബന്ധബുദ്ധിയെ മനസിലാക്കാന്‍ അന്നത്തെ സമുദായ താത്പര്യങ്ങള്‍ക്കു കഴിഞ്ഞില്ലെന്നും പിന്നീട് നാടുനീളെ നടന്ന് പണം സമാഹരിച്ചാണ് ചിന്നമ്മ മഹിളാമന്ദിരം ഉണ്ടാക്കിയതെന്നും കാണാം. കീഴാള വിദ്യാര്‍ഥികളായ പലരുടെയും വിദ്യാഭ്യാസത്തിനും മറ്റും തടസ്സമായിരുന്നത് ഹോസ്റ്റലുകളുടെ ലഭ്യതയില്ലായ്മയായിരുന്നുവെന്ന് അവരുടെ അനുഭവങ്ങളിലൂടെ വായിക്കാം.
ഹോസ്റ്റലില്‍നിന്നു പഠിച്ചുനേടിയ സ്വാതന്ത്ര്യബോധത്തിന്റെ അടിത്തറയാണ് ഇന്ദുവിനെ അടുക്കളവിരോധിയായി നിര്‍മിച്ചെടുക്കുന്നതെന്നു വ്യക്തം.
കൊളോണിയല്‍ അനുഭവങ്ങളുടെ ചൂടും ചൂരും പേറുന്ന കാമ്പസും ഹോസ്റ്റലും കേരളീയാധുനികതയുടെ പുതിയപാഠങ്ങളെ രചിക്കുന്നതിന്റെ സവിശേഷമായ മുഹൂര്‍ത്തമാണ് ഇവിടെ തെളിയുന്നത്. വീടെന്ന ഇടം നിഷേധിക്കപ്പെടുമ്പോഴോ വീട്ടില്‍നിന്ന് പുറത്താക്കപ്പെടുമ്പോഴോ ഹോസ്റ്റലെന്ന സ്ഥലം അഭയമാകുന്നു. വ്യക്തമായ ചിട്ടകളും അച്ചടക്കനിയമങ്ങളുമുള്ളവയാണ് ഹോസ്റ്റലുകളെങ്കിലും പലതരത്തിലുള്ള വ്യക്തികളുടെ സാമൂഹികത സാധ്യമാക്കുന്നതിനാല്‍ വ്യക്തികള്‍ക്ക് ജീവിക്കാന്‍ വീടു വേണമെന്നില്ലെന്നും ഹോസ്റ്റലുകള്‍പോലുള്ള ഇടങ്ങള്‍ മതിയെന്നുമുള്ള ചിന്തകള്‍ രൂപപ്പെടുന്നു. പാരമ്പര്യത്തിന്റെ മഹത്തായ ബിംബമായ വീടിന് അപരമായി പുതിയ ഇടങ്ങള്‍ രൂപപ്പെടുന്നതാണ് ഇവിടെ കാണുന്നത്.
ഇന്ദു വീട്ടില്‍ കഴിഞ്ഞതുതന്നെ ഹോസ്റ്റലില്‍ കഴിഞ്ഞതുപോലെയാണുതാനും. ഒടുവില്‍ വീടിനെ നിഷേധിച്ച് ഹോസ്റ്റലിലഭയം പ്രാപിക്കുന്ന ഇന്ദു തന്റെ പ്രണയവും വിവാഹവും സ്വയം നിശ്ചയിക്കുന്നു. ഇന്ദുവിന്റെ കൂട്ടുകാരി വത്സലയും തന്റെ പ്രണയവും വിവാഹവും സ്വയം നിശ്ചയിക്കുകയായിരുന്നു. ജാതിയും മതവും നോക്കാതെയണ് താന്‍ ഒരാളെ ഇഷ്ടപ്പെട്ടതെന്ന് വത്സല പറയുന്നിടത്ത് ഹോസ്റ്റലുകളും കാമ്പസുകളും മതേതര ബോധത്തെ എത്രമാത്രം ശക്തിപ്പെടുത്തിയെന്നു വ്യക്തമാകുന്നു. ഹോസ്റ്റലെന്ന ഇടം എണ്‍പതുകളിലെ നായികമാരുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കര്‍തൃത്വത്തെ സാധ്യമാക്കുന്ന ഇടമായി മാറുന്നു. പരമ്പരാഗത സ്‌ത്രൈണതയെ പലരൂപത്തില്‍ ഉരിഞ്ഞുകളയുന്ന പുതിയ ഇത്തരം ഇടങ്ങള്‍ നഗരങ്ങളിലാണ് കൂടുതലായി കാണുന്നത്. നഗരങ്ങള്‍ അതുകൊണ്ടുകൂടിയാണ് ഗ്രാമങ്ങളാലും വീടുകളാലും സംശയിക്കപ്പെടുന്നതായി സിനിമകളില്‍ ആഖ്യാനിക്കപ്പെടുന്നത്. അങ്ങനെ ലേഡീസ് ഹോസ്റ്റലെന്നത് പെണ്‍ലൈംഗികതയുടെ ഇടമായി ആണ്‍ഭാവനകളിലും സോഫ്റ്റ്പോണ്‍ സിനിമകളിലും ഇടംപിടിക്കുന്നു.

ഉന്മാദ ശരീരത്തിന്റെ ചലനങ്ങള്‍
ഉന്നത വിദ്യാഭ്യാസം നേടിയ ഇന്ദുവിന്റെ ശരീരഭാഷ പാരമ്പര്യത്തിനു പുറത്ത് സഞ്ചരിക്കുന്നതിന്റെ കാഴ്ചകളാണ് സിനിമ ഉടനീളം പറയുന്നത്. നാഥാ നീവരും എന്ന ആദ്യത്തെ പാട്ടില്‍തന്നെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ വിന്യാസം കൃത്യമായി അടയാളപ്പെടുത്തിയത് കാണാം. പുറത്തേക്കുതൂവാന്‍ വെമ്പുന്ന ഒരുന്മാദം പേറുന്ന ചലനങ്ങളായാണ് ഇന്ദുവിന്റെ ശരീരത്തെ നിര്‍വചിക്കുന്നത്. കാമുകന്റെ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നുവെന്ന വരികളുടെ ഭാഷ്യം അദ്ദേഹം തന്റെ ശരീരം കൊണ്ട് കാണിക്കുന്നുണ്ട്. ബാലനോടുള്ള പ്രണയത്താല്‍ നനഞ്ഞുകുതിര്‍ന്ന തന്റെ ശരീരത്തെ സാരികൊണ്ട് അണിയിച്ചൊരുക്കി അദ്ദേഹം പാടത്തും പറമ്പിലും പാറിനടക്കുന്നു.
സാധാരണ സ്ത്രീയുടെ ശരീരഭാഷ അടക്കവുമൊതുക്കവും വികാരങ്ങളുടെ നിയന്ത്രണവും ശാലീനതയും നാണവും പ്രകടിപ്പിക്കുകയാണ്. ഇവിടെ ഇന്ദുവാകട്ടെ നടക്കുകയല്ല മറിച്ച് ചാടിച്ചാടിപ്പോവുകയാണ്. കൈകള്‍ ഇരുവശത്തേക്കും സ്വാതന്ത്ര്യത്തോടെ വീശിയാണവള്‍ നടക്കുന്നത്. കട്ടിലില്‍ അവള്‍ കിടക്കുന്നത് ഒരുവശത്തേക്കു ചിരിഞ്ഞല്ല, മറിച്ച് മലര്‍ന്നാണ്. അവളുടെ ശരീരഭാഷയുടെ വ്യക്തമായ അടയാളമാണ് ഇന്ദുവിന്റെ ചിരി. വാപൊത്താതെ മുഖമുയര്‍ത്തിയാണ് ഇന്ദു ചിരിക്കുന്നത്. സ്ത്രീകളുടെ വികാരപ്രകടനങ്ങള്‍ പലരൂപത്തില്‍ വിലക്കായ കേരള സമൂഹത്തില്‍ പൊട്ടിച്ചിരിക്കൊക്കെ കടുത്ത നിയന്ത്രണങ്ങളുണ്ടെന്നുകാണാം. ചിരി വരുമ്പൊള്‍ വാപൊത്തിയാണത് മിക്കപ്പോഴും സ്ത്രീകള്‍ നിര്‍വഹിക്കുന്നത്. അത്തരം നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇന്ദുവിന്റെ ശരീരം ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.

കൂട്ടുകാരിയായ വത്സലയോടവള്‍ പ്രണയ- നാട്ടു വിശേഷങ്ങള്‍ പറയുന്നത് വല്ലാത്തൊരാഹ്ലാദത്തോടെയാണ്. സ്‌നേഹാദിവികാരങ്ങള്‍ മടിയില്ലാതെ തന്റെ ശരീരംകൊണ്ട് അനുഭവിച്ചാണ് ഇന്ദു പ്രകടിപ്പിക്കുന്നത്. തുറസ്സായസ്ഥലത്തുവച്ചുപോലും ബാലനെ അദ്ദേഹം കെട്ടിപ്പുണരുന്നു. സിനിമയുടെ തുടക്കത്തില്‍ ബാലനും ഇന്ദുവും മുറിയിലിരുന്ന് പങ്കാളികളെപ്പോലെ പ്രണയസല്ലാപം നടത്തുമ്പോഴാണ് പുറത്തുനിന്ന് അച്ഛന്റെ ശബ്ദം കേള്‍ക്കുന്നത്. സാധാരണ സിനിമകളില്‍ പങ്കാളികള്‍ പ്രണയസല്ലാപം നടത്തുമ്പോള്‍ മറ്റുള്ളവരുടെ ശബ്ദംകേട്ടാല്‍ ഞെട്ടി അകന്നുമാറുക പതിവാണ്. ഇവിടെ ഇന്ദു നിന്നിടത്തു നിന്ന് അനങ്ങുന്നതുപോലുമില്ല. ബാലനെന്നു കേട്ടാല്‍ അവളുടെ മുഖത്ത് വികാരങ്ങള്‍ പൂത്തുലയുന്നത് കാണാം. ബാലന്റെ വീട്ടില്‍വച്ച് അമ്മയുടെ സാന്നിധ്യംപോലും മറന്ന് അവളവനെ കെട്ടിപ്പുണരുന്നുണരുന്നു. പ്രണയത്തിന്റെ ഉന്മാദം ഇത്രമാത്രം നിറഞ്ഞ ഒരു നായികാശരീരം മലയാളസിനിമയിലില്ലെന്നു പറയാം. ഈ ശരീരത്തെ ഇന്ദു സൃഷ്ടിച്ചെടുത്തത് പാരമ്പര്യത്തിന്റെ ഗാര്‍ഹികതയെയും അടുക്കളപ്പണികളെയും നിഷേധിച്ചതിലൂടെയാണെന്നു വ്യക്തം.
ലൈംഗികതയില്‍നിന്ന് പ്രണയം കൊയ്തവര്‍
‘മാംസനിബദ്ധമല്ല രാഗം’ എന്നതായിരുന്നു മരുമക്കത്തായ ലൈംഗികതയെ റദ്ദാക്കി ആധുനികതയിലേക്കു കടന്ന മലയാളിയുടെ പ്രണയ, ലൈംഗികതയുടെ അടിസ്ഥാനതത്വം. യഥേഷ്ടം ലൈംഗികത ആകാമായിരുന്ന ഫ്യൂഡല്‍കാല സാമൂഹികതയെ കോളോണിയല്‍ സംസ്‌കാരം പാപമാക്കി വര്‍ജ്ജിച്ചതോടെ കാമത്തിന്റെ ഇടമായ ശരീരം എന്നത് വെറുക്കപ്പേടേണ്ടതാവുകയും മനസ്സ് എന്ന ഘടകം ശരീരത്തിനു മീതെ വരികയും ചെയ്യുന്നു. അങ്ങനെ മാനസികമായി പ്രണയിച്ച ശേഷം വിവാഹത്തിലൂടെ രതിയാകാമെന്ന ബോധം സൃഷ്ടിക്കപ്പെടുന്നു. അവിടെയാണ് മാംസത്തെ അപ്രധാനമാക്കുന്ന പ്രണയ ഭാവനകള്‍ രൂപമെടുക്കുന്നത്.
"കാനനച്ഛായയിലാടുമേയ്ക്കാന്‍ കൂടെ വരട്ടെ' എന്ന് ചന്ദ്രിക രമണനോടു ചോദിച്ചപ്പോള്‍ പാടില്ല എന്നു രമണന്‍ വിലക്കിയത് മാംസത്തിന്റെ തൃഷ്ണകളെ ഭയന്നാണ്. ആധുനികതയുടെ പുരുഷാധിപത്യപരമായ അണുകുടുംബത്തെ നിലനിര്‍ത്തുന്ന സ്ഥാപനമായി മാറുകയായിരുന്നു ഈ മാംസവിരുദ്ധ പ്രണയം. അതിലൂടെ സ്ത്രീകളുടെ ശരീരത്തെ അടിച്ചമര്‍ത്തുന്ന പലതരം സാമൂഹിക മര്‍ദ്ദനതന്ത്രങ്ങള്‍ രൂപംകൊണ്ടു. ഒരാളെ മാത്രമേ പ്രണയിക്കാവുവെന്നും അയാളെ വിവാഹം കഴിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ജീവിതം തന്നെ അവസാനിപ്പിക്കണമെന്നുമുള്ള പ്രണയഭാവനകള്‍ ഇതിലൂടെ ശക്തമായി. സാഹിത്യത്തിലും സിനിമയിലും ഇങ്ങനെ പ്രണയിച്ച ആളെ വിവാഹം കഴിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ആത്മഹത്യചെയ്യുന്ന കഥകള്‍ ധാരാളമായി. നവോത്ഥാന സംസ്‌കാരം പ്രചരിപ്പിച്ച ഇത്തരം ഭാവനകളെ എറിഞ്ഞുടയ്ക്കുകയാണ് ചാമരം ചെയ്യുന്നത്.

ബാലനെ പ്രണയിച്ച് വിവാഹത്തിനായി കാത്തിരുന്ന ഇന്ദുവിന് ബാലനെ നഷ്ടപ്പെടുമ്പോള്‍ ആത്മഹത്യയായിരുന്നില്ല അവളുടെ മുമ്പില്‍. ഒരിക്കല്‍ തന്നോട് പ്രണയം ചോദിച്ച താന്‍ പഠിപ്പിക്കുന്ന വിനോദ് എന്ന വിദ്യാര്‍ഥിയുടെ മുന്നിലേക്ക് ഇന്ദു ചെല്ലുന്നു. വിനോദിന് ഞെട്ടല്‍ നല്കിക്കൊണ്ട് ഇന്ദു വിനോദിന്റെ വീട്ടില്‍ കയറുന്നു. കരഞ്ഞ കണ്ണുകളുമായി ചെന്ന ഇന്ദുവിന് വിനോദ് ചായ നല്കുന്നു. അവളത് കുടിക്കുന്നു. അവന്‍ നീട്ടിയ പുസ്തകങ്ങള്‍ ഒന്നും പറയാതെ ഇന്ദു മറിച്ചുനോക്കുന്നു. വിനോദ് തന്റെ ടേപ്പ് റെക്കോര്‍ഡറില്‍ പാട്ടുവയ്ക്കുന്നു. അതിന്റെ താളം ആസ്വദിച്ച് വിനോദിന്റെ കട്ടിലിലിരുന്ന് അവന്റെ കരചലനങ്ങളിലൂടെ രതിയിലേക്ക് പ്രവേശിക്കുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഇന്ദുവിന് കുറ്റബോധവും താന്‍ ചെയ്തത് ശരിയായില്ല എന്ന തോന്നലും ഉണ്ടായപ്പോള്‍ കരയുന്നു. വിനോദ് ആശ്വസിപ്പിക്കുന്നു. കുറച്ചുകഴിഞ്ഞ് അവള്‍ തന്റെ പഴയതാളം വീണ്ടെടുക്കുന്നു. അവള്‍ ചെയ്തതൊന്നും പാപമല്ലെന്ന ബോധത്തില്‍ വിനോദിനെ പ്രണയിക്കുന്നു. വിവാഹം എന്ന സങ്കല്പത്തിലേക്ക് അവരെത്തുന്നു.
മാനസികമായ അടുപ്പത്തിന്റെ പരകോടിയിലാണ് രതിയുണ്ടാകേണ്ടതെന്ന കേരളീയ നവോത്ഥാനബോധ്യത്തെ അവരട്ടിമറിക്കുന്നു. ഒരടുപ്പവും ഇല്ലാതിരുന്ന, താന്‍ വിദ്യാര്‍ഥിയായക്കണ്ട ആളിനോട്, തന്റെ പ്രണയത്തകര്‍ച്ചയുടെ കഠിനമായ ദുഃഖത്തിനിടയിലും രതി ചെയ്യുന്ന ഇന്ദു രതിയും പ്രണയവും തമ്മില്‍ ബന്ധമില്ലെന്നും മനസ്സ് എന്ന ഘടകത്തിനപ്പുറം ശരീരമാണ് പ്രധാനമെന്നും പ്രഖ്യാപിക്കുന്നു. ലൈംഗികത വിവാഹമെന്ന സ്ഥാപനത്തിലൂടെ പൂര്‍ത്തീകരണം നേടുന്നതാണെന്ന കുടുംബ പ്രത്യയശാസ്ത്രത്തെ ഉടച്ച് ലൈംഗികത സ്വതന്ത്രമായ സ്ഥാപനമാണെന്ന് അവര്‍ അടയാളപ്പെടുത്തുന്നു.
പല തരം പൊതുബോധങ്ങളെ ഇന്ദു ഇവിടെ മറികടക്കുന്നുണ്ട്. ലൈംഗികതയ്ക്ക് പ്രണയമോ കുടുംബമോ വേണ്ടെന്ന ബോധത്തെയാണ് ആദ്യം തിരസ്‌കരിക്കുന്നതെങ്കില്‍ സമൂഹത്തെ നേര്‍വഴിക്കു നയിക്കുന്ന ആദര്‍ശ വ്യക്തികളാണ് അധ്യാപകരെന്ന (പ്രത്യേകിച്ച് അധ്യാപിക) ബോധത്തെയും നിരാകരിക്കുന്നു. ഗുരുശിഷ്യ ബന്ധം എന്നൊക്കെ ആദര്‍ശവല്കരിച്ചിരിക്കുന്ന അധ്യാപനം എന്ന പ്രക്രിയ, അധ്യാപകരെ അലൈംഗിക കര്‍തൃത്വമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അറിവിന്റെ നിറകുടമായ അധ്യാപകര്‍ വിദ്യാര്‍ഥികളുടെ മേലെ നില്ക്കുന്ന സവിശേഷമായ അധികാരമാണെന്നും ശിഷ്യരെ അവരുടെ ചെറിയ തെറ്റുകള്‍ക്കുപോലും ശിക്ഷിപ്പിച്ച് നേരായ വഴിക്ക് നയിക്കേണ്ടുന്നവരാണെന്നും വ്യവഹരിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളുടെ പ്രധാന വഴിതെറ്റലായി ചിത്രീകരിക്കപ്പെടുന്നത് ലൈംഗികതയും പ്രണയവുമാണെന്നു കാണാം.
അലൈംഗികരായി കുട്ടികളെ പഠിപ്പിച്ചെടുക്കേണ്ടതിന്റെ ഉത്തരവാദിത്വത്തിന്റെ ഭാരമാണ് ഓരോ അധ്യാപക ജീവിതത്തില്‍നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. കടുത്ത സദാചാരനിഷ്ഠയിലൂന്നിയ, ആദര്‍ശവത്കരിച്ച അധ്യാപക ബിംബത്തിന്റെ സര്‍ഗാത്മകമായ എറിഞ്ഞുടയ്ക്കലാണ് ചാമരത്തില്‍ കാണുന്നത്. അധ്യാപകരും കുട്ടികളും മനുഷ്യരാണെന്നും അവര്‍ക്ക് ശരീരമുണ്ടെന്നും ആ ശരീരം സദാചാരദണ്ഡനീതിക്കു കീഴടങ്ങില്ലെന്നും ഇവിടെ വ്യക്തമാക്കുന്നു. സിനിമയുടെ അവസാനം കടുത്ത ദുരന്തച്ചായം ചേര്‍ത്ത്, വിനോദിന്റെ കൊലപാതകത്തിലൂടെ ഇന്ദുവിനെ വീണ്ടുമൊരു പരീക്ഷണത്തിലേക്ക് നീക്കീനിര്‍ത്തുന്നതാണ് കാണുന്നത്.
ബാലനുമായുള്ള പ്രണയം തകര്‍ന്നപ്പോള്‍ തകരാതിരുന്ന അവള്‍ വിനോദിലൂടെ അതിനു പരിഹാരം കണ്ടെത്തുന്നു. എന്നാല്‍ വിനോദിന്റെ മരണത്തിലൂടെ അതിന്റെ തുടര്‍ച്ചയിലേക്കുള്ള സാധ്യതയിലാണ് സിനിമ നിര്‍ത്തുന്നതെന്നു പറയാം. ഇന്ദുവിന് ഒറ്റയ്ക്ക് തുടരേണ്ടതുണ്ടെന്ന സൂചനയാണത്, ജോലിയും ഹോസ്റ്റലും മറ്റുത്തരവാദിത്വങ്ങളും ഇന്ദുവിന്റെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുകതന്നെ ചെയ്യും.
പ്രണയം തകര്‍ന്നാല്‍ ജീവിതം തകര്‍ന്നുവെന്നു കരുതി മരണത്തെ വരിക്കുന്ന സ്ത്രീകളുടെ കാലംകഴിഞ്ഞുവെന്ന പ്രഖ്യാപനമാണ് ചാമരത്തിന്റെ ചരിത്രപ്രസക്തി.
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read
Truecopy Webzine
Dec 20, 2022
10 Minutes Read
മുഹമ്മദ് ജദീര്‍
Dec 17, 2022
5 Minutes Read
വി.കെ. ബാബു
Dec 17, 2022
10 Minutes Read
സ്നേഹസീമ
4 Apr 2022, 04:38 PM
'അദ്ദേഹം ' പ്രയോഗം അസ്സലായി .. അവൾ എന്നു മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.