‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കുട്ടിക്കഥാസമാഹാരത്തിന് ദേവപ്രകാശ് വരച്ച ചിത്രം.

പട്ടാളജീവിതത്തിൽ നിന്ന്
കുട്ടിക്കഥകളുമുണ്ടാകും

‘‘പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം’’- കുട്ടിക്കഥയെഴുത്തിന്റെ അപൂർവമായ ഒരു പ്രേരണാലോകത്തെക്കുറിച്ച് എഴുതുന്നു, നാടകപ്രവർത്തകനും റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കുട്ടിക്കഥാസമാഹാരത്തിന്റെ രചയിതാവുമായ രാധാകൃഷ്ണൻ പേരാമ്പ്ര.

ചെറുപ്പത്തിൽ നാടകത്തോടായിരുന്നു എനിക്കേറെയിഷ്ടം. അതിനുള്ള സാഹചര്യങ്ങളെല്ലാം പേരാമ്പ്രയിലുണ്ടായിരുന്നു.

പേരാമ്പ്ര ഹൈസ്കൂളിനടുത്ത് അച്ഛന്റെ വീടായ കറ്റ്യാട്ട് ഒരു സാംസ്കാരിക ഇടമായിരുന്നു. സമൂഹത്തിൽ അന്ന് അറിയപ്പെടുന്ന കലാകാരന്മാരിൽ പലരും അവിടെ വരും. പലപ്പോഴും നാട്ടിലെ ക്ലബ്ബുകളുടെ വാർഷികങ്ങൾക്ക് വേണ്ടി കളിക്കുന്ന നാടകങ്ങളുടെ റിഹേഴ്സൽ, യോഗങ്ങൾ എല്ലാം നടക്കുക കറ്റ്യാട്ട് വീട്ടുമുറ്റത്തായിരുന്നു. ശരിക്കു പറഞ്ഞാൽ കറ്റ്യാട്ട് വീട്ടുമുറ്റം ഒരു കളിമുറ്റമായിരുന്നു.

നിരവധി നാടകക്യാമ്പുകളും നാടകകളരികളും അവിടെവെച്ച് നടന്നിട്ടുണ്ട്. അച്ഛന്റെ മരുമക്കളായ കിഴിഞ്ഞാണ്യം കുഞ്ഞിരാമേട്ടനും അപ്പേട്ടനും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായിരുന്നു. അവരുമായി ബന്ധപ്പെട്ട് പല കലാകാരന്മാരും അവിടെ വന്ന് പോകാറുണ്ടായിരുന്നു. പേരാമ്പ്ര ഹൈസ്കൂൾ, സി കെ ജി ഗവ. കോളേജ്, കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള കാര്യാലയം, എല്ലാം പേരാമ്പ്രയിലെ കിഴിഞ്ഞാണ്യം എന്ന എന്റെ പ്രദേശത്താണ്.

കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ സ്റ്റാഫ് കോർട്ടേഴ്സുകൾക്ക് തൊട്ടടുത്തായിരുന്നു കറ്റ്യാട്ട് വീട്. അവിടെയുള്ള റിക്രിയേഷൻ ക്ലബ്ബ് ഒരു സാംസ്കാരിക കേന്ദ്രം തന്നെയായിരുന്നു. അന്ന് സി കെ ജി കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. സി.പി. അബൂബക്കർ ഇറിഗേഷന്റെ കോട്ടേഴ്സിലായിരുന്നു താമസം. അദ്ദേഹത്തിനായിരുന്നു റിക്രിയേഷൻ ക്ലബ്ബിന്റെ ചുമതല. ഞങ്ങൾ നാട്ടുകാരായ കുട്ടികൾക്കുവേണ്ടി അദ്ദേഹം ആ സാംസ്കാരിക കേന്ദ്രത്തിന്റെ വാതിലുകൾ തുറന്നുതന്നു.

മാർജി എന്ന പൂച്ചക്കുട്ടിയുടെ യാത്രയും അവരുടെ വേവലാതികളും ഒക്കെയാണ് ‘ഞാൻ മാർജി’യിൽ പറയുന്നത്. ശരിക്കും പറഞ്ഞാൽ പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം.

ചേർമലയുടെ താഴ് വാരത്തിലെ പേരാമ്പ്ര ഹൈസ്കൂളിലെ വിശാലമായ മൈതാനം ഞങ്ങളുടെ കളിസ്ഥലമായിരുന്നു. ഒരു ഭാഗത്ത് തലയുയർത്തി നിൽക്കുന്ന ചേർമലയും തൊട്ടടുത്ത വിശാലമായ പാടങ്ങളും കിഴിഞ്ഞാണ്യത്തിൻ്റെ പ്രത്യേകതയാണ്. പലപ്പോഴും നാട്ടിലെ ക്ലബ്ബുകളുടെ കലോത്സവങ്ങൾക്കുവേണ്ടി നടക്കുന്ന നാടകങ്ങളിൽ ഞാനും ചെറുപ്പത്തിലേ പങ്കാളിയായിരുന്നു. കുട്ടികളുടെ നാടകകളരികളിൽ പരിശീലനം, കഥപറച്ചിൽ എല്ലാം എന്നെ സ്വാധീനിച്ചിരുന്നു. ചെറിയ കുട്ടികൾക്കുവേണ്ടിയുള്ള നാടക പരിശീലനക്യാമ്പുകളിൽ പലപ്പോഴും ഞാനും പങ്കാളിയായിട്ടുണ്ട്.

സി കെ ജി ഗവ. കോളേജിന്റെ കോളജ് ഡേ അന്ന് നാടിന്റെ ഉത്സവമായിരുന്നു. കടമ്മനിട്ട, സുരാസു, ബാലചന്ദ്രൻ ചുള്ളിക്കാട്, ജി. ശങ്കരപ്പിള്ള തുടങ്ങിയവർ കോളേജിന്റെ സാംസ്കാരിക പരിപാടികളിൽ വരാറുണ്ടായിരുന്നു. പ്രൊഫ. സി.പി. അബൂബക്കറുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിരുന്നത്.

നാടക ക്യാമ്പുകളിൽ പലപ്പോഴും കഥകളും അനുഭവങ്ങളും തുറന്നുപറയുന്ന രീതിയുണ്ടായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി എനിക്കും നാടകങ്ങൾ എഴുതേണ്ടിവന്നു. ആദ്യകാലത്ത് അഭിനയത്തോടായിരുന്നു ഏറെ താൽപര്യം. പിന്നീട് അത് കഥ പറച്ചിലിനോടായി. കുട്ടികൾക്കുവേണ്ടി എഴുതിയ ആദ്യ നാടകം ‘ചൂണ്ട’ നാട്ടിലെ ക്ലബ് വാർഷികത്തിൽ അരങ്ങേറിയപ്പോൾ ആളുകൾക്ക് അത് ഇഷ്ടമായി. അതിനുശേഷം നാട്ടിലെ പല ക്ലബ്ബുകൾക്കും വേണ്ടി നാടകങ്ങൾ എഴുതേണ്ടിവന്നു.

കോളേജ് പഠനത്തിനുശേഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഫാർമസിസ്റ്റായി. ആദ്യ നിയമനം കാശ്മീരിലായിരുന്നു. കാശ്മീർ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല. പട്ടാളത്തിന്റെ ഇസ്തിരി പടുവിനുള്ളിൽ കാക്കിയുടെ കാർക്കശ്യത്തിനുള്ളിലെ ജീവിതം വല്ലാത്ത അനുഭവം തന്നെയാണ്. കൊടുംതണുപ്പ് എന്ന് പറഞ്ഞാൽ അത് പലപ്പോഴും മൈനസ് 18- 20 ഡിഗ്രിയൊക്കെയാണ്. രക്തം പോലും തണുത്തുറയുന്ന അവസ്ഥ. ബങ്കറുകളിൽ ബുഖാരിക്കരികിൽ ചൂടുകൊണ്ടിരിക്കുമ്പോൾ ചിന്ത പലപ്പോഴും ഗ്രാമത്തിലേക്ക് പോകും. മനസ്സുകൊണ്ട് ഞാൻ പേരാമ്പ്രയിലെത്തും. ചേർമലയിലും പാടത്തും പറമ്പിലും പറങ്കിമാവിൻ ചുവട്ടിലും കളിച്ചുനടന്ന കുട്ടിക്കാലം ഓർക്കും.

ഒരുപക്ഷേ എന്റെ ആദ്യ ബാലസാഹിത്യമായ ‘ഞാൻ മാർജി’ പിറവിയെടുത്തത് അങ്ങനെയായിരിക്കും. മാർജി എന്ന പൂച്ചക്കുട്ടിയുടെ യാത്രയും അവരുടെ വേവലാതികളും ഒക്കെയാണ് ‘ഞാൻ മാർജി’യിൽ പറയുന്നത്. ശരിക്കും പറഞ്ഞാൽ പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം.

മാർജി എന്ന പൂച്ചക്കുട്ടിയുടെ യാത്രയും അവരുടെ വേവലാതികളും ഒക്കെയാണ് ‘ഞാൻ മാർജി’യിൽ പറയുന്നത്. ശരിക്കും പറഞ്ഞാൽ പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം.
മാർജി എന്ന പൂച്ചക്കുട്ടിയുടെ യാത്രയും അവരുടെ വേവലാതികളും ഒക്കെയാണ് ‘ഞാൻ മാർജി’യിൽ പറയുന്നത്. ശരിക്കും പറഞ്ഞാൽ പട്ടാളത്തിൽ ഞാൻ അനുഭവിച്ച അസ്വാതന്ത്ര്യവും വീർപ്പുമുട്ടലും എല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടാവാം.

‘മാർജി’ വായിച്ച കുട്ടികൾ പലരും വിളിക്കുമായിരുന്നു, അത് ഒരു ഊർജ്ജമായി. അതിനിടയിൽ കവിയും ‘മലർവാടി’ എഡിറ്റുമായിരുന്ന പി.എ. നാസിമുദ്ദീൻ എന്നോട് കഥകൾ ആവശ്യപ്പെട്ടു തുടങ്ങി. അങ്ങനെ നാടകത്തോടൊപ്പം ഞാൻ കുട്ടികൾക്കുവേണ്ടി കുറച്ചു കഥകളെഴുതി.

കുട്ടികൾക്കുവേണ്ടി കഥകളെഴുതുമ്പോൾ പലപ്പോഴും നമ്മൾ നമ്മുടെ കുട്ടിക്കാലത്തേക്ക് പോകും. അപ്പോൾ വല്ലാത്തൊരു സന്തോഷമാണ്. കുഞ്ഞുമനസിന്റെ സന്തോഷം. അത് ഒരു ഊർജ്ജമാണ്. ശരിക്കും പറഞ്ഞാൽ അതൊരു ശക്തിയാണ്. നമ്മുടെ എല്ലാ അഹങ്കാരങ്ങളും മനസ്സിൽ നിന്ന് വിട്ടൊഴിയും. അതുകൊണ്ടായിരിക്കാം ചിന്തകന്മാർ പറഞ്ഞത്,
‘ഇന്നസെൻസ് ഈസ് ദി പവർ വിച്ച് നെവർ ബി ഡിസ്ട്രോയ്ഡ്’ എന്ന്.

“ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കഥാസമാഹാരം എഴുതുന്നത്, ഗാസയിലെ യുദ്ധഭൂമിയിൽ കുരുതി കൊടുക്കപ്പെട്ട കുഞ്ഞുങ്ങളെ ഓർത്താണ്.

കുട്ടികൾ വളരെ നിഷ്കളങ്കരാണ്. അതുകൊണ്ടുതന്നെ അവരുടെ മനസ്സിനെ എല്ലാം സ്വാധീനിക്കും. നിഷ്കളങ്കരായ കുട്ടികൾക്ക് വിവേകത്തിന്റെ പാഠങ്ങൾ കൂടി ആവശ്യമാണ്. അവരുടെ നിഷ്കളങ്കത പലപ്പോഴും മുതിർന്നവർ ചൂഷണം ചെയ്യും. അതുകൊണ്ട് കുട്ടികൾക്ക് നിഷ്കളങ്കതയോടൊപ്പം വിവേകവും ആവശ്യമാണ്. വിവേകപൂർണ്ണമായ നിഷ്കളങ്കത വല്ലാത്ത ശക്തിയാണ്. അവിടെനിന്നാണ് വിദ്യ ആരംഭിക്കുന്നതുതന്നെ. സർഗാത്മകതയും വിവേകപൂർണമായ നിഷ്കളങ്കതയിൽ നിന്നാണ് ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ ആവാം മഹാന്മാരായ എഴുത്തുകാർ നിരവധി ബാലകഥകൾ കുട്ടികൾക്കുവേണ്ടി എഴുതിവെച്ചിരുന്നത്. ആ കഥകളെല്ലാം എന്നും വഴികാട്ടികളായി മാറിയത്.

കുട്ടികൾക്കുവേണ്ടി കഥകളെഴുതുമ്പോൾ, കഥകൾ പറയുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമുണ്ടാകും. അത് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കും.

“ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ എന്ന കഥാസമാഹാരം എഴുതുന്നത്, ഗാസയിലെ യുദ്ധഭൂമിയിൽ കുരുതി കൊടുക്കപ്പെട്ട കുഞ്ഞുങ്ങളെ ഓർത്താണ്. ഈ പുസ്തകത്തിലെ പൂമ്പാറ്റയും കട്ടുറുമ്പും ഓന്തും കാക്കക്കുഞ്ഞും ആമയും എല്ലാവരും കുഞ്ഞുങ്ങളെ രസിപ്പിക്കും എന്ന് ഞാൻ കരുതുന്നു. ഈ പുസ്തകം, യുദ്ധത്തിൽ ജീവൻ വെടിയേണ്ടിവന്ന കുഞ്ഞുങ്ങൾക്കായി സമർപ്പിക്കുന്നു.

രാധാകൃഷ്ണൻ പേരാമ്പ്ര എഴുതി റാറ്റ് ബുക്സ്പ്രസിദ്ധീകരിച്ച ‘ഒലിവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ്’ ഇപ്പോൾ പ്രീ- പബ്ലിക്കേഷൻ ഓഫറിൽ സ്വന്തമാക്കാം


Summary: The lack of freedom and oppression I experienced in the army may have influenced my writing. Children's stories from military life, Radhakrishnan Perambra writes.


രാധാകൃഷ്ണൻ പേരാമ്പ്ര

നാടകകൃത്ത്, സംവിധായകൻ. 02 അഥവാ അവസാനശ്വാസം, പൊക്കൻ, ഡോസ്​ പ്ലസ്​എന്നിവ പ്രധാന നാടകങ്ങൾ. റെഡ് അലേർട്ട്, ഞാൻ മാർജി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യെല്ലോഗ്ലാസ്, കൊറോണ, നിഴൽസഞ്ചാരം, ലാൻഡിയ തുടങ്ങി നിരവധി ഷോട്ട്ഫിലിമുകളുടെ രചയിതാവ്.

Comments