‘കഹാനി’,
കുട്ടികളുടെ നോവൽ
തുടരുന്നു

6. ഈ ഭും ഭും വയറിലെന്താ പച്ചക്കറിമാമാ?

ന്ത്യയുടെ വലിയ മാപ്പ് ക്ലാസിന്റെ തറയിൽ വിരിച്ചിട്ട് മണിപ്പുർ എവിടെയെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു രോഹിത്തും അമൂല്യയും യാക്കൂബും. കേരളം എവിടെയാണെന്ന് അവർക്കറിയാം. അവിടം തൊട്ട് വായിച്ചുവായിച്ചു വന്ന് ഒടുവിൽ മാപ്പിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന മണിപ്പുർ കണ്ടെത്തിയപ്പോൾ അവർക്കതിശയമായി.

‘‘ഉയ്യോ! ഇത് എത്ര ദൂരെയാ. ഇവിടെ നിന്ന് നമ്മുടെ നാട്ടിലേക്ക് എങ്ങനെയാ വഴി?’’ അമൂല്യ ചോദിച്ചു.

‘‘മാപ്പിൽ കാണുന്നത് മണിപ്പുർ മൊത്തമാ. അതിൽ ഏത് ഭാഗത്താ ആ കുട്ടിയുടെ വീടെന്ന് ആർക്കറിയാം’’ മാപ്പിലേക്ക് ചൂഴ്ന്നുനോക്കി ഒരു പിടിയും കിട്ടാത്ത പോലെ രോഹിത്ത് പറഞ്ഞു.

‘‘ആ കുട്ടി അല്ലാട്ടോ. തംലിമ എന്നാ അവളുടെ പേര്.’’ ക്ലാസിലേക്ക് കയറിവന്ന നിധിയാണ് അത് പറഞ്ഞത്.

തംലിമ അപ്പോഴും എത്തിയിട്ടുണ്ടായിരുന്നില്ല. സ്കൂളിൽ നിന്ന് കുറച്ചധികം ദൂരമുണ്ട് അവൾ താമസിക്കുന്ന വീട്ടിലേക്ക്. ഇന്നലെ ടീച്ചർ പറയും വരെ ‘ഷെൽട്ടർ ഹോം’ എന്നൊരു വീടിനെപ്പറ്റി അവരാരും കേട്ടിട്ടുണ്ടായിരുന്നില്ല. കുറേ കുട്ടികളുണ്ട് അവിടെ. ചിലർക്കൊന്നും അച്ഛനും അമ്മയും ഇല്ല. ചിലർക്ക് മാതാപിതാക്കളുണ്ടെങ്കിലും അവർക്കൊപ്പം നിൽക്കാവുന്ന സാഹചര്യമല്ല. ചിലരെയൊക്കെ ആരും ഉപദ്രവിക്കാതിരിക്കാൻ പൊലീസ് അവിടെ കൊണ്ടുപോയി ആക്കുമത്രേ. പിന്നെ കോടതി പറഞ്ഞാലേ തിരികെ വിടൂ. ഷെൽട്ടർ ഹോമിലെ കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കാൻ കുറേ ആയമാരുണ്ട്.

കഹാനി കുഞ്ഞിലേ പോയിരുന്ന അങ്കണവാടിയിലെ ആയയെ മായാന്റീ… എന്നായിരുന്നു വിളിച്ചിരുന്നത്. കോട്ടൺ സാരിയുടുത്ത് മുടി പിന്നിയിട്ട് മുഖത്തൊരു കുഞ്ഞിപ്പൊട്ടും തൊട്ടുവരുന്ന മായാന്റി. അങ്കണവാടിയുടെ അടുത്ത് ഒരു പച്ചക്കറിക്കടയുണ്ടായിരുന്നു. രാവിലെ കുട്ടികൾ എത്തുമ്പോ അവിടെ പച്ചക്കറി വാങ്ങാൻ കുറേയാളുകൾ നിൽക്കുന്നത് കാണാം. വെണ്ട, ചീര, പയർ.. എന്നൊക്കെ വിളിച്ചുപറഞ്ഞ് പച്ചക്കറി തൂക്കിക്കൊടുക്കുന്ന ആളെ കാണുമ്പോ കഹാനിക്ക് പേടിയാവും. എന്താണെന്നോ? എനിക്ക് വീട്ടിൽ പോയാ മതിയേ, അമ്മയേ കാണണേ എന്ന് അങ്കണവാടിയുടെ മുറ്റത്തുനിന്ന് കരഞ്ഞൊരു ദിവസം പച്ചക്കറിത്തട്ടിനു പുറത്തേക്ക് അയാൾ ഇറങ്ങിവന്നു. നല്ല പൊക്കം, അതിനൊത്ത വണ്ണം, നര കയറിത്തുടങ്ങിയ കൊമ്പൻ മീശ, നടക്കുമ്പോ ഒപ്പം കുലുങ്ങുന്ന വലിയൊരു വയർ.

‘‘ദാ, ഈ വയർ കണ്ടോ. കരയുന്ന കുട്ടികളെ വിഴുങ്ങിയാ വയർ ഇങ്ങനെ ഭും എന്നിരിക്കുന്നത്. അതുകൊണ്ട് കരച്ചിൽ നിർത്തി വേഗം പോയി പഠിച്ചോ.’’ വയറിൽ താളമിട്ട് അയാൾ പറഞ്ഞതു കേട്ട് കഹാനിയുടെ കരച്ചിൽ ഉച്ചത്തിലായി. അന്ന് ഒരു വിധത്തിലാണ് മായാന്റി അവളെ എടുത്തു നടന്ന് പുന്നാരിച്ച് സമാധാനിപ്പിച്ചത്. കുട്ടിയെ കരയിച്ചതിന് അയാൾക്ക് വയറുനിറയെ വഴക്കും കിട്ടി.

മാമൻ കരച്ചിൽ നിർത്താൻ വേണ്ടി പറഞ്ഞതാന്നേ, അല്ലാതെ കുട്ടികളെ ആരെങ്കിലും വിഴുങ്ങുമോ എന്നൊക്കെ മായാന്റി പറഞ്ഞെങ്കിലും ആ പേടി മാറാൻ കുറേ നാളെടുത്തു. അങ്കണവാടി ഓർക്കുമ്പോ മായാന്റിയെയും ഓർമ വരും കഹാനിക്ക്. അങ്ങനെ സ്നേഹമുള്ള ആളായിരിക്കുമോ തംലിമയുടെ വീട്ടിലെ ആയ? എങ്ങനെ ചോദിക്കും അവളോട് ഇതൊക്കെ?

സ്കൂളിലെ പ്രാർഥനാഗാനം കഴിഞ്ഞാണ് തംലിമയെത്തിയത്. നിധിക്കും കഹാനിക്കും ഇടയിലേക്ക് അപരിചിതത്വം മാറാതെ അവൾ ഇരുന്നു. കേരളത്തിലെത്തി കുറച്ചു ദിവസമായതു കൊണ്ട് മലയാളം കേട്ടാൽ കുറച്ചൊക്കെ അവൾക്ക് മനസ്സിലാവും. പക്ഷേ, പറയാനും എഴുതാനുമൊന്നും അറിയില്ല. പുതിയ സ്കൂൾ ഇഷ്ടമായോ എന്ന് നിധി ചോദിച്ചപ്പോൾ തംലിമ മെല്ലെ ചിരിച്ചു. അതിന്റെയർഥം അതെ എന്നാണോ അല്ല എന്നാണോയെന്ന് അവർക്കു രണ്ടുപേർക്കും മനസ്സിലായില്ല.

പാട്ടുപുസ്തകത്തിൽ നിന്ന് ആംഗ്യപ്പാട്ടാണ് അന്ന് സൂസൻ ടീച്ചർ പഠിപ്പിച്ചത്. ഒരു പക്ഷിക്കുഞ്ഞിന്റെ പാട്ട്. കാറ്റും മഴയും വന്നപ്പോൾ സുരക്ഷിതമായിരിക്കാൻ ഇത്തിരി സ്ഥലം തരാമോ എന്ന് പല മരങ്ങളോടും ചോദിച്ച ഒരു പക്ഷിക്കുഞ്ഞിന്റെ പാട്ട്. തംലിമയ്ക്കും കൂടെപ്പാടാനായി ഓരോ വരിയും വേഗം കുറച്ച് വീണ്ടും വീണ്ടും പാടിയായിരുന്നു പഠനം. മരങ്ങൾ തത്തോ പിത്തോയെന്ന് മറിഞ്ഞുവീഴുന്ന അവസാനത്തെ വരി എത്തിയപ്പോൾ തംലിമയും ഒരു ചിരിക്കുട്ടിയായി.

അവൾ മലയാളം പറയുന്നത് എങ്ങനെയെന്ന് അദ്ഭുതത്തോടെ ശ്രദ്ധിക്കുകയായിരുന്നു കഹാനി. നാവിലെ ഐസ്ക്രീം തണുപ്പ് മാറാതെ വേഗം വേഗം മിണ്ടാൻ നോക്കുമ്പോ കഹാനിയുടെ അക്ഷരങ്ങളും ഇങ്ങനെ കുഴഞ്ഞു പോകാറുണ്ട്. നിറയെ ഐസ്ക്രീം ഉള്ള നാട്ടിൽ നിന്നാണോ തംലിമ വരുന്നത്?

ഉച്ചയ്ക്ക് ചിന്നിച്ചിതറി പെയ്ത മഴച്ചാറ്റൽ ക്ലാസിലേക്കും പറന്നു വന്നപ്പോ പുള്ളിക്കുടകളും നീളൻ കുടകളും തൊപ്പിക്കുടകളും എല്ലാം കയ്യിൽത്തന്നെയില്ലേന്ന് നോക്കി കുട്ടികളെല്ലാരും. തംലിമയ്ക്ക് കുടയുണ്ടോ എന്ന് ചോദിച്ചു നിധി. താനെന്തെങ്കിലും മറന്നുവച്ചോ എന്നതുപോലെ ചോദ്യം മനസ്സിലാവാതെ ഒരു നിമിഷം അവൾ പരിഭ്രമിച്ചു. ജനലിലൂടെ പുറത്തേക്ക് ചൂണ്ടി, മഴ പെയ്യുന്നത് കാട്ടിക്കൊടുത്തു നിധി.

‘നോങ് ചൂ..?’

‘ഏ.. അതെന്താ..? ഓ! മഴയ്ക്ക് അങ്ങനെയാണോ പറയുന്നത്?’

തംലിമയുടെ ഭാഷയിലെ ഒരു വാക്ക് പഠിച്ച സന്തോഷത്തിൽ നിധി കഹാനിയോടും യാക്കൂബിനോടും ശങ്കരിയോടും അമൂല്യയോടുമെല്ലാം മാറി മാറി പറഞ്ഞൂ, ‘നോക്ക്, നോങ് ചൂ..’.

ക്ലാസിലാകെ ഒരു മഴപ്പുഞ്ചിരി പടർന്നു അന്നേരം.

ഉച്ചയ്ക്കുശേഷം സൂസൻ ടീച്ചർ എല്ലാവരെയും അക്ഷരമെഴുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.

‘‘ടീച്ചറേ.. ചിത്രരചനാമത്സരത്തിന് പേരു കൊടുത്തവരെ ഹാളിലേക്ക് വിടണേ... എല്ലാവരും എത്തിയാൽ തുടങ്ങാമെന്ന് എച്ച്എം പറഞ്ഞു.’’ മൂന്നാം ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ജെസി ടീച്ചറാണ് ക്ലാസിന്റെ വാതിൽക്കലേക്ക് നീങ്ങി അത് പറഞ്ഞത്.

സബ്ജില്ലാ കലോത്സവത്തിന് മുൻപായുള്ള മത്സരമാണ് സ്കൂളിൽ നടത്തുന്നത്. കഴിഞ്ഞ വർഷം സ്കൂളിൽ ഫസ്റ്റ് കിട്ടി കഹാനി സബ്ജില്ലയിൽ മത്സരിക്കാൻ ചെന്നപ്പോഴുണ്ട്, ഒരു ക്ലാസ് മുറി നിറയെ പരിചയമില്ലാത്ത കുറേ കുട്ടികൾ. ആദ്യം അവളൊന്നു പേടിച്ചു. പേപ്പറിൽ ചെസ്റ്റ് നമ്പർ എഴുതിയപ്പോൾ എത്ര നോക്കിയിട്ടും ‘5’ തിരിഞ്ഞു പോയി.

‘എന്റെ പാവക്കുട്ടി’ ആയിരുന്നു വിഷയം. ജനാലക്കൽ കഹാനി വരുന്നതും നോക്കിയിരിക്കുന്ന ഉണ്ടക്കണ്ണുള്ള പോപ്പിയെ ഒട്ടും പേടിക്കാതെ വരച്ച്, ഒന്നാം സമ്മാനം നേടി കഹാനി. എംഎൽഎയുടെ കയ്യിൽ നിന്ന് ട്രോഫി വാങ്ങി വന്നപ്പോ എന്തൊരു സന്തോഷമായിരുന്നു.

‘‘കഹാനീ, മത്സരത്തിന് പോകുന്നില്ലേ..? വേറെ ആരൊക്കെയാ ഈ ക്ലാസിൽ നിന്നു വരയ്ക്കാനുള്ളത്?’’

നിധിയും ശങ്കരിയും ആരിക്കും രോഹിത്തും അമൂല്യയും എല്ലാം എഴുന്നേറ്റു.

‘‘തംലിമാ... മോളും വരൂ. നമുക്ക് ചിത്രം വരയ്ക്കാം.’’ പകുതി ആംഗ്യത്തിലാണ് സൂസൻ ടീച്ചർ അത് പറഞ്ഞത്. മടിച്ചുനിന്ന അവളെ ടീച്ചർ തന്നെ കയ്യിൽ പിടിച്ചുകൊണ്ടുപോയി. ഹാളിൽ നിറയെ വരക്കുട്ടികൾ.

‘‘എല്ലാവരും റെ‍ഡിയല്ലേ വരയ്ക്കാൻ? വിഷയം ‘എന്റെ വീട്’. വീട് എന്നു പറയുമ്പോ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം എന്താ? അത് വരച്ചോളൂ’’

എല്ലാവരും വേഗം വേഗം വരയ്ക്കാൻ തുടങ്ങി. അടുത്തിരിക്കുന്ന ആള് കാണാതെ പൊത്തിപ്പിടിച്ചും മറഞ്ഞിരുന്നും ഒക്കെയായിരുന്നു വര. വീട്, ചെടിച്ചട്ടി, ആകാശം, സൂര്യൻ... വര തന്നെ വര. ആരായിരിക്കും ഒന്നാമതെത്തുക?

7. സന്തോഷക്കുട്ടികളുടെ മത്സരം

പിറ്റേന്നും സ്കൂളിലാകെ മത്സരമേളമായിരുന്നു. പാട്ട്, ഡാൻസ്, പ്രസംഗം, മോണോ ആക്ട് തുടങ്ങി നിറയെ മത്സരങ്ങൾ. കൂട്ടുകാർ സ്റ്റേജിൽ കയറുമ്പോൾ കയ്യടിക്കാനും കൂട്ടിരിക്കാനുമൊക്കെ കഹാനിയുണ്ടാവും ഒപ്പം. പക്ഷേ, സ്റ്റേജിൽ കയറാൻ പറഞ്ഞാലോ, ഒറ്റ ഓട്ടം ഓടിക്കളയും. ഒന്നാം ക്ലാസിൽ കഥപറയൽ മത്സരത്തിന് പങ്കെടുത്തപ്പോൾ, വേദിയിലിരിക്കുന്നവരെ കണ്ട് പേടിച്ച് കഥ തന്നെ മറന്നുപോയിട്ടുണ്ട് കഹാനി. സ്റ്റേജിൽ നിന്ന് അമ്മയുടെ സാരിക്കു പിന്നിലേക്ക് ഒറ്റയോട്ടമായിരുന്നു അന്ന്. ‘‘ഞാൻ ഇനി സ്റ്റേജിൽ കയറില്ലമ്മേ, എനിക്ക് പേടിയാ’’ എന്ന് കഹാനി ഉറപ്പിച്ചതങ്ങനെയാണ്. സാരമില്ലെന്നേ, പയ്യെ പയ്യെ പേടി മാറ്റിയെടുത്താൽ മതിയെന്നാ അമ്മ പറയാറ്.

കഥ പറയൽ മത്സരം കേൾക്കാൻ കഹാനിയിരിക്കുമ്പോൾ തൊട്ടു മുന്നിലെ ബെഞ്ചിലുണ്ടായിരുന്നു തംലിമ. അവളും മറ്റു മത്സരങ്ങൾക്കൊന്നും പോയിട്ടില്ല. കഥയൊന്നും മനസ്സിലാവുന്നുണ്ടാവില്ല തംലിമയ്ക്ക്, എന്നിട്ടും നോക്കി നോക്കിയിരിപ്പുണ്ട് കണ്ണും വിടർത്തി. കുറേ ഭാഷകൾ അറിയാമായിരുന്നെങ്കിൽ എത്ര കഥ കേൾക്കാമായിരുന്നു.

ഉച്ചയ്ക്ക് ടീച്ചർ വിളമ്പിനൽകിയ ചോറു വാങ്ങി നിരനിരയായി ഉണ്ണാനിരിക്കുമ്പോ നിധിയുടെയും കഹാനിയുടെയും അടുത്തുവന്നിരുന്നു തംലിമ. ചോറും സാമ്പാറും തോരനുമായിരുന്നു അന്ന് കഴിക്കാൻ. ഒരേ ഭക്ഷണമാണ് കഹാനിയുടെ സ്കൂളിലെ കുട്ടികളെല്ലാം കഴിക്കുക.

നീ എന്റെ കഥ കേട്ടോ, ശങ്കരിയുടെ ഡാൻസ് കണ്ടോ, സമ്മാനം കിട്ടുമോ എന്നൊക്കെ കലപില ചോദിച്ചുകൊണ്ടേയിരുന്നു നിധി. ഇടയ്ക്ക് തംലിമയോടും അവൾ എന്തൊക്കെയോ പറയുന്നുണ്ട്. ഇതൊക്കെ മനസ്സിലായിട്ടാണോ തംലിമ തലയാട്ടുന്നത്?

‘‘ചോറും സാമ്പാറും ഇഷ്ടപ്പെട്ടോ?’’ എന്ന് ചോദിച്ചു കൂട്ടുകൂടാൻ നോക്കി കഹാനി.

ചോറിലേക്കും കഹാനിയുടെ മുഖത്തേക്കും മാറി മാറി നോക്കിയല്ലാതെ തംലിമ ഒന്നും പറഞ്ഞില്ല.

‘‘അവൾക്ക് മനസ്സിലായിക്കാണില്ല.. ഒരു വഴിയുണ്ട്.’’ നിധി കഹാനിയുടെ രണ്ടു കയ്യിലെയും തള്ളവിരലും ചൂണ്ടുവിരലും കൂടി ചേർത്ത് ഒരു കുഞ്ഞി ഹാർട്ട് ഉണ്ടാക്കി. എന്നിട്ട് ചോറ് ഇഷ്ട...മായോ എന്ന് ആ ഹാർട്ടിലേക്ക് ചൂണ്ടി ചോദിച്ചു.

അത്ര ഇഷ്ടമായില്ലെന്ന് അങ്ങോട്ടുമിങ്ങോട്ടും തംലിമ തലയാട്ടി. പിന്നെ എന്തൊക്കെയോ പറഞ്ഞു, രണ്ടുപേരോടും.

‘‘നോക്ക്, അവൾ തോരനൊക്കെ മാറ്റിവച്ചിരിക്കുന്നതു കണ്ടോ.. ഇങ്ങനെയൊന്നുമാവില്ല തംലിമയുടെ നാട്ടിലെ കറികൾ. അവൾക്ക് ഇത്രേം എരിവ് വേണ്ടെന്ന് തോന്നുന്നു’’, കുപ്പിവെള്ളം നീട്ടിക്കൊടുത്ത് നിധി പറഞ്ഞു.

തംലിമയാ വെള്ളം വാങ്ങിക്കുടിക്കുന്നത് കണ്ടപ്പോ, നിധിക്കെങ്ങനാ ഇതെല്ലാം മനസ്സിലാവുന്നതെന്ന അമ്പരപ്പിലായിരുന്നു കഹാനി.

മത്സരമെല്ലാം കഴിഞ്ഞ് അന്ന് നേരത്തെ സ്കൂൾ വിട്ടു. ഡാൻസും പാട്ടും കഥയും കേട്ട് വയറുനിറഞ്ഞ സന്തോഷക്കുട്ടികളെല്ലാം കൂടി വീട്ടിലേക്ക് പോയി. കഹാനിയെ കൂട്ടാൻ അമ്മയാണ് വന്നത്.

സ്കൂട്ടറിന് പിന്നിൽ ഇറുകിപ്പിടിച്ചിരുന്ന കഹാനിയോട്, മഴ പെയ്താലോ, വേഗം പോയേക്കാം എന്ന് പറഞ്ഞു അമ്മ.

‘നോങ് ചൂ..?’ എന്ന് കുസൃതിച്ചിരി ചിരിച്ചു കഹാനി.

അതെന്താ എന്ന് കണ്ണു മിഴിച്ചു അമ്മ.

‘തംലിമ പറഞ്ഞതാ മഴ കണ്ടിട്ട്..’

‘ആഹാ! തംലിമയോട് കൂട്ടായോ എല്ലാരും? ചക്കരക്കുട്ടികൾ തന്നെ’.

വീട്ടിലെത്തി, അമ്മയുടെ ബാഗിലെ സ്ട്രോബറി ലോലിപോപ്പ് നുണഞ്ഞ് സ്കൂൾ വിശേഷങ്ങൾ എല്ലാം കലപിലാന്ന് പറഞ്ഞു നടന്നു കഹാനി.

മുഖത്ത് തിളക്കം തേച്ച്, നിറയെ കിലുങ്ങുന്ന കൊലുസിട്ട് ശങ്കരി കളിച്ച ഡാൻസ്, നിലന്റെയും അമൂല്യയുടെയും പാട്ട്, നിധിയുടെ പ്രസംഗം… ഒരേ പടങ്ങൾ നോക്കി കഥപറയൽ മത്സരത്തിൽ ഓരോരുത്തരും ഉണ്ടാക്കിപ്പറഞ്ഞ കഥകൾ... അങ്ങനെ ഒരു കുന്നോളം വിശേഷങ്ങൾ.

‘‘എന്തായിരുന്നു കഹാനീ എല്ലാരും പറഞ്ഞ കഥ?’’

‘ഒരു മുള്ളൻപന്നിയുടെ കഥ ആയിരുന്നു അമ്മേ അത്. 5 പടങ്ങൾ ഉണ്ടായിരുന്നു…’

‘കഹാനിക്ക് തോന്നിയ കഥയെന്താന്ന് അമ്മയോട് പറഞ്ഞുതരുമോ?’

‘ഒരിടത്ത് ഒരിടത്ത് ഒരു കാടുണ്ടായിരുന്നേ. അവിടെ ഒരു പാവം മുള്ളൻപന്നി ഉണ്ടായിരുന്നു. മിച്ചു എന്നാ അവന്റെ പേര്. പാവമാണെങ്കിലും കാട്ടിലെ മൃഗങ്ങളൊന്നും അവനോട് കൂട്ടില്ലായിരുന്നു. മിച്ചൂന്റെ വീടിനടുത്ത് കളിക്കാൻ വരുന്ന മുയലുകളോട് എല്ലാം മിച്ചു ചോദിക്കും, എന്നെക്കൂടി കളിക്കാൻ കൂട്ടാമോ എന്ന്. പക്ഷേ, ആരും അവനോട് കൂട്ടായില്ല. ഇത് മുയലുകളുടെ കളിയാ, മുള്ളൻപന്നികളെ കൂട്ടാൻ പറ്റില്ല, നീ അടുത്തു വന്നാൽ ഞങ്ങടെ ദേഹം മുറിയും എന്നൊക്കെ പറഞ്ഞു എല്ലാരും.’

‘എന്നിട്ടോ?’

‘ഒരു ദിവസം മുയലുകൾ കളിച്ചോണ്ടിരിക്കുമ്പോ ഇല്ലേ, അവരെ പിടിക്കാൻ ഒരു മഞ്ഞക്കടുവ വന്നു. വലിയ പല്ലും മീശയും ഒക്കെയുമുള്ള ഒരു കടുവ. ഗ്ർർ… എന്ന് കടുവ ഒച്ച വച്ചതും മുയലുകൾ പേടിച്ചു വിറച്ചു. അവർക്ക് ഓടൊനൊന്നും പറ്റിയില്ല.. തൊട്ടടുത്തായിരുന്നു കടുവ. മുയലുകൾ രക്ഷിക്കണേ രക്ഷിക്കണേ എന്ന് കരയാൻ തുടങ്ങി. അപ്പോ ഇല്ലേ, മാളത്തിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന മിച്ചു ആ കരച്ചിൽ കേട്ടു.

മിച്ചു ഓടിവന്നിട്ട് എന്തു ചെയ്തെന്നറിയുമോ?’

‘എന്തു ചെയ്തു?’

‘ദേഹത്തെ മുള്ളെല്ലാം കൂടി കടുവയുടെ ദേഹത്തേക്ക് ഠേ.. ഠേ എന്ന് ഒറ്റത്തെറിപ്പിക്കൽ. കടുവ വേദന സഹിക്കാതെ പാഞ്ഞ് ഒറ്റയോട്ടം. അങ്ങനെ മുയലുകൾ രക്ഷപ്പെട്ടു. ഇത്രേം നാള് കളിക്കാൻ കൂട്ടാതിരുന്ന മിച്ചുവല്ലേ അവരെ രക്ഷിച്ചത്...? മുയലുകൾ പറഞ്ഞൂ, സോറി മിച്ചൂ, നീയൊരു മിടുക്കൻ തന്നെ. നമുക്ക് കൂട്ടൂകാരാകാം എന്ന്. അപ്പോ മിച്ചുവിനങ്ങ് സന്തോഷമായി, മുള്ളാഞ്ചം വന്നു അമ്മേ..’

‘മുള്ളാഞ്ചമോ? അതെന്താ?’

‘മനുഷ്യർക്ക് രോമാഞ്ചം വരില്ലേ അമ്മേ, അതുപോലെ. മുള്ളൻപന്നിയുടെ ദേഹത്ത് മുള്ളല്ലേ ഉള്ളത്.’

ഹാഹാഹാ എന്ന് കുടുകുടെ ചിരിച്ച് ‘എന്റെ കഥക്കുട്ടീ, നീയൊരു മിടുക്കി തന്നെ!’യെന്ന് കയ്യടിച്ചു അമ്മ.

8. ഈ കുത്തുകൾ പൂവാണോ ഏണിയാണോ?

ന്ന് രാത്രി കഹാനി ഒരു സ്വപ്നം കണ്ടു. കടൽത്തീരത്ത് മൺവീടുണ്ടാക്കി കളിക്കുകയായിരുന്നു അവളും അമ്മയും അച്ഛനും. ചരിഞ്ഞ റൂഫിനു മുകളിൽ ഒരു പുകക്കുഴലുള്ള വീടുണ്ടാക്കി കൊടുത്തു അച്ഛൻ. കുഞ്ഞു വിരലുകൊണ്ട് നീളത്തിൽ പടികളുണ്ടാക്കി കഹാനി. മണ്ണ് നീക്കിനീക്കി വാതിലുണ്ടാക്കി അമ്മ. വീടിനു മുന്നിൽ കിളികൾക്ക് വെള്ളം കുടിക്കാൻ ഒരു പാത്രം കൂടി ഉണ്ടാക്കി വച്ചു, കഹാനി. എന്നിട്ട് ‘ഇനി പട്ടം പറത്താം അച്ഛാ’ എന്ന് പറഞ്ഞ് ഒറ്റയോട്ടം.

കഹാനിയുടെ മഞ്ഞപ്പട്ടത്തിന്റെ നൂലിന് എത്ര നീളമുണ്ടായിരുന്നെന്നോ? ആകാശത്തിന്റെ അത്രയും! നൂലു വിടർത്തും തോറും കൊക്കൂണിൽനിന്ന് പുറത്തുവന്ന ചിത്രശലഭത്തെപ്പോലെ ലോകം നോക്കി നോക്കി പട്ടം ഒറ്റപ്പറക്കൽ. ഇങ്ങനെ പറക്കല്ലേ, നീയവിടെ നിക്ക് എന്നു പറഞ്ഞ് കഹാനി പിന്നാലെയോടി. കുറച്ചു കഴിഞ്ഞപ്പോ പട്ടം കാണാനില്ല. ആകാശത്തെവിടെയോ ഉടക്കിയിരിക്കുകയാണോ എന്ന് സംശയിച്ചു കഹാനി. അച്ഛൻ കാണാതെ നൂലിൽ നൂണ്ടു കയറി ആകാശത്തേക്ക് ഒറ്റപ്പോക്ക്. അപ്പോഴോ? ഒരു മേഘത്തിന്റെ മടിയിൽ ക്ഷീണിച്ചു കിടന്നുറങ്ങുകയാ മഞ്ഞപ്പട്ടം. പട്ടത്തിന്റെ തൊട്ടടുത്ത് പോപ്പി.
‘‘നീ കഹാനിയുടെ അടൂത്തുന്നാണോ വരുന്നേ? സുഖമാണോ?’’ എന്ന് ചോദിക്കുകയായിരുന്നു പോപ്പി.

ഞെട്ടിയെഴുന്നേറ്റ് കഹാനി ഒറ്റക്കരച്ചിൽ. പേടിച്ചോടി വന്നു അമ്മയും അച്ഛനും.

‘‘എനിക്ക് പോപ്പിയെ കാണണം, പോപ്പിയുടെ അടുത്തു പോകുന്ന പട്ടം വാങ്ങിത്താ...’’ എന്ന് നിർത്താതെ പറഞ്ഞു കൊണ്ടേയിരുന്നു കഹാനി. ‘‘സാരമില്ല സാരമില്ല, പോപ്പി നമ്മുടെ പുന്നാരപാവയായതുകൊണ്ടാ സ്വപ്നത്തിൽ വന്നത്’’ എന്നാശ്വസിപ്പിച്ചു അമ്മ. എത്ര നേരമെടുത്തെന്നോ ഏങ്ങിയേങ്ങി കഹാനി വീണ്ടും ഉറങ്ങാൻ.

ഇനി എവിടെപ്പോയി തിരയാനാ പോപ്പിയെ നമ്മൾ? എങ്ങനെ മാറ്റും ഈ കുട്ടിയുടെ വിഷമം എന്ന് അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു അച്ഛനും അമ്മയും.

സ്വപ്നത്തിന്റെ ഉറക്കച്ചടവിലായിരുന്നു കഹാനി എണീറ്റുവന്നത്. പല്ലു തേക്കൂ, കഴിക്കൂ, ഉടുപ്പിടൂ എന്നൊക്കെ പറഞ്ഞ് പിന്നാലെ നടന്നു അമ്മ. മടിച്ചിക്കുട്ടി ആകാശത്തേക്കും നോക്കി ഒരേയിരിപ്പ് തന്നെ.

‘‘എന്നെ വൈകിട്ട് ബീച്ചിൽ കൊണ്ടുപോകാമോ അമ്മേ?’’

‘‘ഉം.. നമുക്കൊരു പട്ടം വാങ്ങി പറത്തുകയും ചെയ്യാം. മതിയോ?’’

തേങ്ങാപ്പൂള് പോലെ കഹാനി ഒരു ഒന്നു ചിരിച്ചു.

‘‘പക്ഷേ, സ്കൂളിൽ പോകണം. എന്നാലേ കൊണ്ടുപോകൂ.’’

ശടപടേന്ന് പല്ലുതേച്ച്, കുളിച്ച്, കഴിച്ച്, യൂണിഫോമിട്ട്, മുടിയിൽ സ്ട്രോബറി ക്ലിപ്പ് കുത്തി റെ‍ഡിയായി കഹാനി. അച്ഛന്റെ സ്കൂട്ടറിന് പിന്നിലിരിക്കുമ്പോ കാണാതാവുന്ന പട്ടങ്ങളൊക്കെ ആകാശക്കുന്നിലാകുമോ താമസിക്കുക എന്നോർക്കുകയായിരുന്നു കഹാനി. ക്ലാസിലെത്തിയിട്ട് മേഘത്തിനിടയിലെ ‘പട്ടം വീട്’ വരച്ചു നോക്കാം.

ബുക്കിന്റെ പിന്നിൽനിന്നൊരു കടലാസ് കീറി, പെൻസിൽ കൂർപ്പിച്ച് പട്ടം വരയ്ക്കാൻ തുടങ്ങുമ്പോൾ ഇതെന്താ ഈ ചെയ്യുന്നതെന്ന് അടുത്തിരുന്ന് എത്തി നോക്കുന്നുണ്ടായിരുന്നു തംലിമ.

അപ്പോഴേക്കും റാണി ടീച്ചർ വന്നു ക്ലാസിലേക്ക്. കണക്കാണ് ടീച്ചർ പഠിപ്പിക്കുക. എണ്ണിയും കൂട്ടിയും കുറച്ചുമൊക്കെ പഠിക്കാൻ എന്തെങ്കിലുമൊക്കെ വിദ്യകളുമായാണ് ടീച്ചർ എന്നും വരാറ്. കഹാനിയാണെങ്കിലോ, 2 കൊണ്ടൊരു പക്ഷിയെ വരച്ചാലോ, 8 കൊണ്ടൊരു മൂങ്ങയെ വരച്ചാലോ എന്നോർത്തിരിക്കും അന്നേരം.

അന്ന് സ്നേക് ആൻഡ് ലാഡർ കളിപ്പിക്കാനുള്ള ബോർഡുകളുമായാണ് ടീച്ചർ ക്ലാസിലേക്ക് വന്നത്. രണ്ട് ബഞ്ചിലിരിക്കുന്നവരെ വീതം പല പല ടീമുകളായി തിരിച്ചു ടീച്ചർ. എന്നിട്ട് ഓരോ സ്നേക് ആൻഡ് ലാഡർ ബോർഡും കട്ടകളും നൽകി ഓരോ ടീമിനും. തംലിമയ്ക്ക് അറിയാമോ ഈ കളിയെന്ന് പാളി നോക്കി കഹാനി. കളിക്കാൻ തയാറായതുപോലെ ചിരിക്കുന്നുണ്ടായിരുന്നു തംലിമ.

‘‘നോക്ക്, ഓരോരുത്തർക്കും ഓരോ നിറത്തിലുള്ള കട്ടകളെടുക്കാം. നീലയും പച്ചയും മഞ്ഞയും ചുവപ്പുമൊക്കെയുണ്ട്. അത് മാറ്റി വച്ചോളൂ. എന്നിട്ട് നമ്പറുകളെഴുതിയ ഈ വെള്ള കട്ട ഊഴം വച്ച് ഓരോരുത്തരും കുലുക്കിയിടണം. അപ്പോൾ എത്ര കുത്തുകളാണോ കാണുന്നത് അതെണ്ണി നോക്കണം. എണ്ണാൻ പഠിക്കണ്ടേ നമുക്ക്?’’

അതേ അതേയെന്ന് തലയാട്ടി നിധിയും കഹാനിയും തംലിമയും അമൂല്യയും യാക്കൂബും നിലനും.

‘‘എത്ര കുത്തുകളാണോ കിട്ടുന്നത്, അത്രയും കളങ്ങൾ ബോർഡിൽ മുന്നോട്ടുപോകാം. ഏണി കിട്ടിയാൽ അതിൽക്കേറാം. പാമ്പാണെങ്കിലോ? ശൂ...ന്ന് താഴേക്ക്..’’

ടീച്ചർ പറഞ്ഞു നിർത്തിയതും കളി തുടങ്ങിയിരുന്നു കുട്ടികൾ. ആദ്യം നിലൻ ഒരു ഏണി കേറി മുകളിലേക്ക് പോയി, പിന്നാലെ യാക്കൂബും. അപ്പോ താഴത്തെ നിരയിൽ തന്നെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുകയായിരുന്നു ബാക്കിയെല്ലാവരും. അപ്പോ ദാ, ഒരു പച്ച പാമ്പ് നാവു വിടർത്തിയ കളത്തിലേക്ക് കൃത്യം ചെന്നു വീണു നിലന്റെ മഞ്ഞ കട്ട. ശൂ...ന്ന് പിന്നേം താഴെയെത്തി നിലൻ. ഇനി ആദ്യം മുതൽ മെല്ലെ കളിച്ചോയെന്ന് കളിയാക്കി അമൂല്യ. കളി മനസ്സിലായതോടെ തംലിമയ്ക്കും രസം പിടിച്ചിരുന്നു. പാമ്പിന്റെ കളത്തിലാണോ ഏണിയുടെ കളത്തിലാണോ വീഴുകയെന്ന് ‘വൺ, ടൂ, ത്രീ.. എന്ന് ശ്രദ്ധിച്ച് എണ്ണും അവൾ.

കഹാനിക്ക് പക്ഷേ, ഈ കളി അത്ര ഇഷ്ടമില്ല. കാരണം എന്താണെന്നോ? ഓരോ വശത്തും പല പല എണ്ണം കുത്തുകളുള്ള വെള്ള കട്ട കുലുക്കി കുലുക്കി ഇടുമ്പോ ‘ഒന്ന്’ വീണാൽ മതിയായിരുന്നുവെന്ന് ഓർക്കും കഹാനി. അതിൽക്കൂടുതൽ കുത്തുകൾ കണ്ടാൽ ഇതെത്രയാണെന്ന് എണ്ണി നോക്കാനേ മടിയാണ് കഹാനിക്ക്. എണ്ണുമ്പോ തെറ്റിപ്പോകുകയും ചെയ്യും.

ആരാദ്യമെത്തും നൂറുവരെ എന്ന് രസംപിടിച്ച് എല്ലാവരും കളിക്കുമ്പോഴാണ് വീണ്ടും കഹാനിയുടെ ഊഴം വന്നത്. ഇത് എത്ര കുത്തുകളായിത്? എത്ര കട്ട നീക്കണമെന്ന് ഒരു നിമിഷം സംശയിച്ചു കഹാനി.

കുട്ടികളൊക്കെ എണ്ണി എണ്ണി പഠിക്കുന്നുണ്ടോയെന്ന് ഓരോ ടീമിനടുത്തും പോയി നോക്കുകയായിരുന്നു ടീച്ചർ.

‘‘കഹാനീ, എത്രയാ ഇത്? എത്ര കട്ടയാ നീക്കേണ്ടത്, പറയൂ’’

ഒന്നേ, രണ്ടേ, മൂന്നേ എന്ന് എണ്ണിത്തുടങ്ങി കഹാനി. ഈ കുത്താണോ ഇനി എണ്ണേണ്ടത്, അതോ ഇതാണോ എന്ന് സംശയമായി അപ്പോഴേക്കും. എല്ലാ കുത്തും ഒരുപോലെ!

‘‘ഇതുവരെ അക്കങ്ങൾ തിട്ടമായില്ലേ കഹാനീ, മുത്തു പെറുക്കിയെടുത്ത് കഹാനിയെ മാത്രമായി പഠിപ്പിക്കണോ വീണ്ടും?’’

കുത്തുകൾ എഴുതിയ കട്ട താഴെവച്ച് മിണ്ടാതിരുന്നു കഹാനി. കളിക്കാൻ ഏറ്റവും പിന്നിൽ കഹാനിയാണ്. അവളെണ്ണി എണ്ണി കട്ട നീക്കുമ്പോഴേക്കും അക്ഷമരായിരിക്കും കൂടെ കളിക്കുന്നവരെല്ലാം.

‘തംലിമയ്ക്ക് നന്നായി അറിയാമല്ലോ വൺ, ടൂ, ത്രീ... മിടുക്കിയാണല്ലോ’ എന്ന് അവൾ കളിക്കുന്നതും നോക്കിനിന്നു ടീച്ചർ. തംലിമയുടെ നീലക്കട്ട ഏണി കയറിപ്പോകുന്നത് കണ്ടപ്പോൾ പെട്ടെന്നെന്തോ സങ്കടം വന്നൂ, കഹാനിക്ക്.

പക്ഷേ, അതിനൊരു സൂത്രമുണ്ടായിരുന്നു നിധിയുടെ കയ്യിൽ. ടീച്ചർ മാറിയതും കഹാനിയുടെ അടുത്തേക്ക് നീങ്ങി താഴ്ന്ന ഒച്ചയിൽ നിധി പറഞ്ഞൂ,

‘‘ശ്... അതേയ് കുത്തുകൾ ഓരോന്നും എണ്ണി വിഷമിക്കേണ്ട നീ. ഒരെളുപ്പവഴിയുണ്ട്. വെള്ളക്കട്ടയിൽ ത്രികോണത്തിന്റെ രൂപത്തിലാണ് കുത്തുകളെങ്കിൽ എണ്ണം മൂന്ന്. ചതുരമാണെങ്കിലോ? നാല്. ഒരു പൂവിന്റെ രൂപത്തിലാണെങ്കിൽ 5 കുത്തുകൾ. രണ്ട് വശത്തും കോണിപ്പടി പോലെ നീണ്ടാണ് കുത്തുകൾ കിടക്കുന്നതെങ്കിൽ അത് ആറായിരിക്കും. കേട്ടോ..’’

അതു കൊള്ളാമല്ലോ! ചിത്രമായി സങ്കൽപിച്ചു നോക്കിയാൽ പിന്നെ കഹാനി മറക്കുകയേയില്ല.

ത്രികോണത്തിന്ന് മൂന്ന്, പൂവിന് അഞ്ച് എന്നൊക്കെയോർത്ത് കട്ടയോരോ കളത്തിലേക്കും എണ്ണിയിട്ട്, പാമ്പോ കോണിയോ പിടിക്കുന്നതെന്ന് നോക്കിയിരുന്നു അവൾ.

വൈകീട്ട് അമ്മയുടെ കൂടെ ബീച്ചിൽ പോയി കഹാനി. നീളൻ പട്ടങ്ങൾ എത്രയെണ്ണമാണ് ആകാശത്ത് പാറി നടക്കുന്നത്! ഇതിലേതെങ്കിലുമാകുമോ പോപ്പിക്കടുത്തേക്ക് വഴി കാട്ടുന്ന പട്ടം? ഏത് നൂലിൽ കയറിപ്പോയാലാവും പോപ്പിയുടെ അടുത്ത് എത്തുക?

9. ആവി പറക്കുന്ന പോലെ ഒരു പനി

പിറ്റേന്ന് സ്കൂൾമുറ്റത്ത് അസംബ്ലിക്കായി എല്ലാവരും നിൽക്കുമ്പോൾ മത്സരത്തിൽ ജയിച്ചത് ആരൊക്കെയാണെന്ന് പറയട്ടേ എന്ന് ചോദിച്ചു, ടീച്ചർ. സബ്ജില്ലാ കലോത്സവം നടക്കുന്നത് കുറച്ചകലെയുള്ള സ്കൂളിലാണ്. ആരൊക്കെയാണ് അങ്ങോട്ടേക്കു പോകുക എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു കുട്ടികൾ. ലളിതഗാനത്തിനും മാപ്പിളപ്പാട്ടിനും അമൂല്യയ്ക്കാണ് ഒന്നാം സ്ഥാനം. പ്രസംഗത്തിന് ഒന്നാമതെത്തിയത് നിധി. മോണോ ആക്ടിന് രോഹിത്ത്.

‘‘ഏറ്റവും നന്നായി ‘എന്റെ വീട്’ വരച്ചത് ആരാണെന്നറിയണ്ടേ?’’

ഉത്കണ്ഠ കൊണ്ട് നിധിയുടെ തൊണ്ട വരണ്ടു. അവൾ വരച്ച ചിത്രത്തിലെ, വീട്ടിലേക്ക് കയറിവരുന്ന വഴിയും മുറ്റത്തെ ചാമ്പമരവും അച്ഛന്റെ സ്കൂട്ടറും ജനലിനരികത്ത് ചകിരിപ്പൊതികളിൽ തൂക്കി അമ്മ വളർത്തുന്ന ചെടികളും ഒക്കെ മനസ്സിൽ മിന്നിമാഞ്ഞു പോയി.

‘‘ചിത്രരചനയിൽ ഒന്നാം സ്ഥാനം രണ്ടാം ക്ലാസിലെ തംലിമയ്ക്കാണ്. രണ്ടാം സ്ഥാനം കഹാനിക്ക്’’.

ടീച്ചർ റിസൾട്ട് പറഞ്ഞതും ആശ്ചര്യത്തോടെ തംലിമ ചിരിച്ചു. കഹാനിയുടെ മുഖം മങ്ങി. തല താഴ്ത്തി അവൾ കണ്ണ് തുടച്ചത് കയ്യടിക്കിടെ ആരും കണ്ടില്ല.

തംലിമയുടെ ചിത്രം ടീച്ചർ എല്ലാവരെയും ഉയർത്തി കാണിച്ചു. ഒരു കുന്നിൻ ചെരിവിനുതാഴെ ഒരു ചെറിയ വീട്. മുറ്റത്തു നിറയെ പൂക്കൾ. വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്ന ഒരു കൊച്ചു കുട്ടി. അവളുടെ കയ്യിൽ ഒരു പാവക്കുട്ടിയുമുണ്ട്. തംലിമ ആയിരിക്കുമോ അത്? ആ പാവ അവളുടേതാണോ?

തംലിമയാവട്ടെ ഒട്ടും പ്രതീക്ഷിക്കാതെ സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു. സ്കൂളിൽ വന്ന ശേഷം ആദ്യമായാണ് ഇത്ര സന്തോഷത്തോടെ അവൾ ചിരിക്കുന്നത്. ക്ലാസിലേക്ക് തിരികെ പോകുമ്പോൾ നിധിയെ കാക്കാതെ ആരുടേയും മുഖത്തു നോക്കാതെ കൂനിക്കൂടി കഹാനി നടന്നു. പിന്നീട് പഠിപ്പിച്ചതൊന്നും അവൾ ശ്രദ്ധിച്ചതേയില്ല.

സംഘഗാനത്തിന്റെ പരിശീലനത്തിന് നിധി പോയപ്പോൾ കഹാനിയും തംലിമയും മാത്രമായി അവരുടെ ബെഞ്ചിൽ. തംലിമ പയ്യെ കൂട്ടുകൂടാൻ വന്നപ്പോഴേക്കും ബെഞ്ചിലേക്ക് തല ചായ്ച്ച് കഹാനി കമഴ്ന്നുകിടന്നു. അമ്മയോട് വാക്കു കൊടുത്തതാണ്, തംലിമയോട് കൂട്ടാവുമെന്ന്. പക്ഷേ, കൈവിട്ടുപോയ സമ്മാനമോർക്കുമ്പോൾ അവൾക്കതിനു കഴി‍ഞ്ഞതേയില്ല.

പോപ്പിയുണ്ടായിരുന്നെങ്കിൽ ഈ വിഷമമൊക്കെ പോപ്പിയോട് പറയാമായിരുന്നു. എത്രയെത്ര കഥകൾക്ക് കൂട്ടിരുന്നിട്ടുണ്ട് പോപ്പി. സ്കൂൾ വിട്ട് പുറത്തേക്ക് നടക്കുമ്പോൾ മുതുകത്തൊരു കല്ല് ചുമന്ന് നടക്കുന്നതുപോലെ തോന്നി. ‘‘എന്തേ പുന്നാരക്കുട്ടി ചിരിക്കാത്തേ?’’ എന്ന് ചോദിച്ച് അച്ഛൻ ഗേറ്റിനരികെ കാത്തുനിൽപ്പുണ്ടായിരുന്നു.

അന്ന് സ്കൂട്ടറിന് പിന്നിലിരുന്നപ്പോൾ മുഖത്ത് തൊടാൻ വന്ന കാറ്റിനെയും വഴിയിലെ പൂക്കളെയും പക്ഷികളെയുമൊന്നും കഹാനി കണ്ടില്ല. ‘‘അച്ഛാ വണ്ടി നിർത്ത്... ഒരു ലോലിപോപ്പ് കഴിച്ചിട്ടു പോയാലോ?’’ എന്നും ചോദിച്ചില്ല. വീട്ടിലെത്തി പുതപ്പിനടിയിലേക്ക് നൂണ്ട് ഒറ്റ കിടപ്പായിരുന്നു.

കുറച്ച് കഴിഞ്ഞ് അമ്മ വന്ന് നോക്കുമ്പോഴുണ്ട് കുട്ടിയെ തീ പോലെ പൊള്ളുന്നു. മേലാകെ പനിച്ചൂട്. നെറ്റിയിലും കഴുത്തിലും വയറിലും ഒക്കെ ആവി പറക്കുന്ന പോലുള്ള ചൂട്.

ദേഹം നനച്ചു തുടക്കാൻ വെള്ളവും തോർത്തുമെടുത്ത് വന്ന അമ്മ കഹാനിയെ പതുക്കെ എണീപ്പിച്ചിരുത്തി. ‘‘എന്താടാ എന്റെ കുഞ്ഞിനു പറ്റിയത്.. രാവിലെ പനിയൊന്നുമില്ലായിരുന്നല്ലോ’’

മറുപടി പറയാൻ വായ തുറക്കാൻ പോലും വയ്യായിരുന്നു അവൾക്ക്. കയ്യും കാലും ചുണ്ടുമെല്ലാം വിറയ്ക്കുന്നു.

ദേഹം മുഴുവൻ രണ്ടു മൂന്നു വട്ടം തുടച്ച് അടുത്തു തന്നെ അമ്മ ഇരുന്നു. കുറച്ചു വെള്ളം നിർബന്ധിച്ച് കുടിപ്പിച്ചു. പനിച്ചൂട് മെല്ലെ വിട്ടതായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴതാ വീണ്ടും മേലാകെ പൊള്ളൽ. ഇനി ഹോസ്പിറ്റലിലേക്ക് എത്രയും വേഗം പോയേ പറ്റൂ.

റിസോർട്ടിൽ നിറയെ അതിഥികളുള്ളത് കൊണ്ട് അച്ഛനിനി ഓടി വരാൻ കഴിയില്ല. അമ്മ വേഗം അജയൻ മാമന്റെ ഓട്ടോ വിളിച്ചു. ബാഗിലേക്ക് അവളുടെയും അമ്മയുടെയും വസ്ത്രങ്ങൾ എടുത്തു വയ്ക്കുമ്പോഴേക്കും മുറ്റത്ത് ട്ർ...ട്ർ.. ശബ്ദത്തോടെ ഓട്ടോ വന്നു നിന്നു.

ഓട്ടോയ്ക്ക് ചിറകുമുളച്ചതുപോലെ ഒറ്റ പറക്കലായിരുന്നു ഹോസ്പിറ്റലിലേക്ക്. മരുന്നിന്റെ മണമുള്ള കിടക്കയിലേക്ക് ദേഹം ചരിച്ച് തളർന്നു കിടന്നതേ അവൾക്ക് ഓർമയുള്ളൂ. കൈത്തണ്ടയിലേക്ക് സൂചി ആഴ്ന്നിറങ്ങുമ്പോൾ അമ്മയുടെ കയ്യിൽ അമർത്തിപ്പിടിച്ച് കഹാനി കരഞ്ഞു. ‘‘സാരമില്ല സാരമില്ല... മരുന്ന് ദാ ഈ കുഴൽ വഴി അകത്തേക്കു ചെല്ലുമ്പോൾ പനി ഠപ്പേന്ന് മാറും കുട്ടാ..’’ എന്ന് മുടിയിൽ തടവി അമ്മ കുറേത്തവണ മെല്ലെ മെല്ലെ പറഞ്ഞിട്ടുണ്ടാവും. അത് കേട്ടാണ് അവളുറങ്ങിയത്.

പിന്നെ കണ്ണു തുറക്കുമ്പോൾ വീട്ടിലെ കിടക്കയിൽ അമ്മയുടെ കയ്യിൽ തല വച്ചു കിടക്കുകയായിരുന്നു. നേരം നല്ലോണം പുലർന്നിട്ടുണ്ട്. സ്കൂളിൽ പോകുന്ന സമയം കഴിഞ്ഞിട്ടുണ്ടാകുമോ? അങ്ങനെ ആയാൽ മതിയായിരുന്നു എന്ന് കൈത്തണ്ടയിലെ സൂചി കുത്തിയ മുറിവിലേക്ക് നോക്കി കഹാനി നെടുവീർപ്പിട്ടു.

‘‘മോളേ, അമ്മയോട് എന്തെങ്കിലും പറയാനുണ്ടോ?’’

കഹാനി തലകുനിച്ച് മുഖം ചരിച്ച് കിടന്നു.

‘‘ഇന്നലെ പനി കൂടിയപ്പോൾ ഉറക്കത്തിൽ എന്തൊക്കെയോ സങ്കടം പറയുന്നുണ്ടായിരുന്നല്ലോ. എന്തായിരുന്നു അത്?’’

‘‘അമ്മേ...’’ പറയണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചിട്ട് അമ്മയുടെ കയ്യിലേക്ക് കവിളമർത്തി അവൾ മെല്ല ചോദിച്ചു.

‘‘എനിക്ക് ചിത്രരചനയ്ക്ക് സമ്മാനം കിട്ടിയില്ലമ്മേ. തംലിമയ്ക്കാ ഫസ്റ്റ്. വേറെ മത്സരത്തിനൊക്കെ പോകാൻ എനിക്ക് ധൈര്യവും ഇല്ലായിരുന്നു. ഞാൻ മോശം കുട്ടിയാണോ അമ്മേ?’’

‘‘അയ്യോ! ആരാ എന്റെ കുട്ടിയോട് അങ്ങനെ പറഞ്ഞത്? കഹാനി ഒരു മിടുക്കിക്കുട്ടിയാണല്ലോ. ഒരു ചക്കരക്കുട്ടി. അല്ലെങ്കിൽ തന്നെ ഏത് കുട്ടിയാ ഈ ഭൂമിയിൽ മോശം?’’

അമ്മ പറഞ്ഞത് അത്ര വിശ്വാസമാവാത്ത പോലെ കണ്ണും മിഴിച്ചിരുന്നതേയുള്ളു അവൾ.

വാ, നമുക്ക് പത്തുമണിപ്പൂവ് വിരിഞ്ഞോയെന്ന് നോക്കാമെന്ന് പറഞ്ഞ് അമ്മയവളെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുപോയി. പിങ്ക് നിറത്തിലെ കുഞ്ഞികുഞ്ഞിപ്പൂക്കളെ ‘കടുകുമണിപ്പൂവ്’ എന്നാ കഹാനി പറയാറ്. പത്തുമണിക്ക് മാത്രമേ അവ വിരിയൂ. ഒരു സമയം കഴിഞ്ഞാൽ പിന്നെ മൊട്ടിനുള്ളിൽ തന്നെ പതുങ്ങിയിരിക്കുകയും ചെയ്യും. ഒന്നേ, രണ്ടേ, മൂന്നേ എന്ന് ഇന്നത്തെ പൂക്കളെ അവൾ എണ്ണി നോക്കി.

‘‘മോളേ, നമ്മുടെ മുറ്റത്ത് വിരിയാറുള്ള പൂക്കളെ നോക്കൂ. അതെല്ലാം ഒരുപോലെയാണോ? അല്ല. നമ്മൾ നടക്കാൻ പോകുമ്പോ കാണാറുള്ള പക്ഷികളോ? അതെല്ലാം ഒരുപോലെയാണോ? അല്ല.

ക്ലാസിലെ എല്ലാ കുട്ടികളും ഒരുപോലെയാണോ?’’

അല്ലെന്ന് കഹാനി തലയാട്ടി.

‘‘എല്ലാരും ഒരുപോലെ ചിരിക്കുന്ന, ഒരേപോലെ വർത്തമാനം പറയുന്ന, ഒരുപോലെ അനുസരണയുള്ള, ഒരുപോലെ പഠിക്കുന്ന കുട്ടികളാണെങ്കിൽ എന്ത് ബോറായിരിക്കും! ഒന്നോർത്തു നോക്കിയേ’’

എല്ലാവരും അനുസരണയുള്ള കുട്ടികളാണെങ്കിൽ ടീച്ചറില്ലാത്തപ്പോ ക്ലാസിന് ഏത് ശബ്ദമായിരിക്കും വരുകയെന്ന് കഹാനി ആലോചിച്ചുനോക്കി. ‘‘എന്തൊരു ബഹളമാ ഇവിടെ?’’ എന്നു ചോദിക്കാൻ ടീച്ചർ വരുമ്പോ അനുസരണക്കുട്ടികൾ എല്ലാം കൂടി മിണ്ടാതിരുന്ന് ‘‘ങുർ ങുർ’’ എന്ന് ഒറ്റയുറക്കമായിരിക്കും.!

‘‘കഹാനീ, ചില കുട്ടികൾ പാട്ടു പാടും. ചിലർ ഡാൻസ് ചെയ്യും. ചിലർ പ്രസംഗിക്കും. ചിലരൊക്കെ നന്നായി എഴുതും, ചിത്രം വരയ്ക്കും. ചിലരാവട്ടെ സ്പോർട്സിലാവും മിടുക്കർ. ഓരോ കുട്ടികൾക്കും ഓരോ കഴിവല്ലേ... സ്റ്റേജിൽ കയറാൻ പേടിയുള്ള കുട്ടികളാരും മോശക്കാരല്ല കേട്ടോ. പേടി മാറാൻ ചിലർക്ക് കുറച്ചു സമയം മതിയാവും. ചിലർക്ക് കൂടുതൽ സമയം വേണ്ടിവരും. അത്രയേയുള്ളൂ കേട്ടോ.’’

സങ്കടം തിങ്ങിനിന്നിരുന്ന അവളുടെ കവിളിലേക്ക് മെല്ലെ ഒരു ചിരി തെളിഞ്ഞു. കടലാസു പൂക്കളുടെ ഒരു കുലയിൽ നിന്ന് ഇറ്റുവീഴുന്ന മഴത്തുള്ളിക്കായി അവൾ കൈ നീട്ടിക്കൊടുത്തു.

‘‘മോളെ, ഒരു മത്സരത്തിനും ചേരാത്ത ചിലരെങ്കിലും ഉണ്ടാവില്ലേ സ്കൂളിൽ?’’

‘‘ആ ഉണ്ടമ്മേ... ’’

‘‘ആ കുട്ടികളും മോശക്കാരല്ല കേട്ടോ. മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെയും സമ്മാനം കിട്ടുന്നവരുടെയും മാത്രമല്ല ലോകം. നല്ല കുട്ടിയാവാൻ മറ്റുള്ളവരോട് സ്നേഹവും അലിവും ഉണ്ടായാൽ മതി.’’

വെളിച്ചത്തിലേക്ക് വാതിൽ തുറന്നതു പോലെ കഹാനി അമ്മയെ നോക്കി. സ്കൂളിൽ നിന്ന് പോരുമ്പോൾ മുതുകത്ത് ഉണ്ടായിരുന്നുവെന്ന് തോന്നിയ ആ വലിയ കല്ല് പൊട്ടിപ്പോടിഞ്ഞു പോയപ്പോലെയുണ്ട് ഇപ്പോൾ.

‘‘മിടുക്കിക്കുട്ടി പല്ലു തേച്ചു വാ, നമുക്ക് ഭക്ഷണം കഴിക്കണ്ടേ?’’

അതേ അതേയെന്ന് തലയാട്ടി അവൾ വീടിനകത്തേക്കോടി.

(അവസാനിക്കുന്നില്ല).

Comments