അമ്മപ്പശുവിന്റെ കഥകൾ

ഈ കഥകളുടെ ഏറ്റവും പ്രധാന സവിശേഷത, ഇവ ലോകത്തെ കറുപ്പും വെളുപ്പുമായി കാണുന്നില്ല എന്നതാണ്

അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം

വേനൽക്കാലത്തെ നല്ല ഒരു ദിവസത്തിൽ എല്ലാ പശുക്കളും പുൽമേട്ടിൽ നിന്ന് സുന്ദരമായി അയവിറക്കുമ്പോഴും അമ്മപ്പശു മാത്രം മാറി നില്ക്കുന്നതു പറഞ്ഞുകൊണ്ടാണ് ജുജ വെയ്‌ലാൻഡർ എഴുതിയ അമ്മപ്പശു ഊഞ്ഞാലാടുന്നു എന്ന പുസ്തകം ആരംഭിക്കുന്നത്. ഇതാണ് അമ്മപ്പശു കഥകളുടെ സാരവും. മാറി നില്ക്കുന്ന ഒരു പശു. മറ്റെല്ലാ പശുക്കളെയും പോലെ പുൽ‌മേട്ടിന്റെ വേലിക്കെട്ടിനുള്ളിൽ നിന്ന് പുല്ലു തിന്ന് അയവിറക്കി ജീവിക്കാൻ തയ്യാറല്ലാത്ത ഒരു അമ്മ.

എന്നിട്ട് അമ്മപ്പശു സൈക്കിളിൽ പതുക്കെ കാക്കക്കാട്ടിലേക്ക് വേലി ചാടിപ്പോയി. സൈക്കിളിന്റെ കാരിയറിൽ എന്തോ വച്ചിട്ടുണ്ട്. എന്നിട്ട് കാക്കയുടെ കൂടിരിക്കുന്ന മരത്തിൽ ചെന്നു മുട്ടിവിളിച്ചു, ""കാകൻ, ഹേയ് കാകൻ''. കാക്കയാണ് അമ്മപ്പശുവിന്റെ തോഴൻ. ""ഹേയ് അമ്മപ്പശു, നീയെന്താ ഇവിടെ ഈ കാട്ടിൽ? നീ പുൽമേട്ടിൽ അയവിറക്കി ഒരു സാധാരണ പശുവിനെപ്പോലെ വെറുതെ മിഴിച്ചു നോക്കി കിടക്കേണ്ടതല്ലേ?'' ""നീ വീണ്ടും ചാടിപ്പോന്നതാണോ?'' ""നിനക്ക് ഇപ്പോൾ എനിക്ക് ഒരു ഉപകാരം ചെയ്തു തരാനാകുമോ?'' ""ഈ കാരേജിലെന്താണ്? ഒരു പലകയും രണ്ടു കയറും?'' ""ഊഞ്ഞാലു കെട്ടാനാണതു കാകൻ.'' ""പറ്റില്ല.'' കാകൻ ഉറപ്പിച്ചു പറഞ്ഞു.""പറ്റുമെന്നേ. എനിക്കൊന്ന് ഊഞ്ഞാലാടണം. എന്റെ കയ്യിൽ ഈ നീണ്ട കയറുണ്ട്. താഴത്തെ കൊമ്പു വരെ അതെത്തും. നിനക്കത് അവിടെ കെട്ടിത്തരാനാവും.'' ""ഞാനോ? കയറു കെട്ടിത്തരാനോ? ഒരു പശുവിന് ഊഞ്ഞാൽ കെട്ടാൻ എനിക്കു വയ്യ!''

കാക്ക പശുവന്റെ മുന്നിൽ ഒരു മരക്കൊമ്പിൽ പറന്നിരുന്നു. എന്നിട്ട് ഈ പുസ്തകത്തിലെ മർമ്മ പ്രധാനമായ പ്രസ്താവന നടത്തി. ""നീ ഒരു പശുവാണ്, അമ്മപ്പശു. വല്ലാത്തൊരു പശു തന്നെ. എന്നാലും ഒരു പശു. പശുക്കൾ ഊഞ്ഞാലാടാറില്ല. പശുക്കൾ മേഞ്ഞു നടക്കും. കണ്ണുംമിഴിച്ച് ഒരിടത്തു കിടന്ന് അയവിറക്കും. എന്നിട്ട് തൊഴുത്തിൽ പോയി കറക്കാൻ നില്ക്കും. ഇങ്ങനെയൊക്കെയാണ് പതിവ്. എല്ലാർക്കുമതിൽ തൃപ്തിയുമാണ്.''""അതാണ് കാര്യം അല്ലേ? പാവം പശുക്കൾക്ക് ഒന്ന് ഊഞ്ഞാലാടാൻ ഒരിക്കലും പറ്റില്ല എന്നതാണ് കഷ്ടം.'' എന്നായിരുന്നു അമ്മപ്പശുവിന്റെ മറുപടി.

കാക്കയോട് ഏറ്റവും മധുരമായി സംസാരിച്ച് ഒടുവിൽ അമ്മപ്പശു അവനെക്കൊണ്ട് ഊഞ്ഞാൽ കെട്ടിക്കുക തന്നെ ചെയ്യുന്നു. പക്ഷേ, ഊഞ്ഞാലിലിരുന്ന അമ്മപ്പശുവിന് പുതിയ ഒരു പ്രശ്‌നം. ഊഞ്ഞാലിൽ ഇരുത്തി ആരെങ്കിലും ആട്ടണമല്ലോ! ""കാകൻ, ഇത് ആടുന്നില്ല. ഒന്നു തള്ളിത്തരാമോ '', എന്നു ചോദിക്കുന്ന അമ്മപ്പശുവിനോട് കാക്ക പറയുന്ന മറുപടി ഇതാണ്, ""തള്ളാനോ, ഞാൻ ഒരു പശുവിനെ ഊഞ്ഞാലിലിരുത്തി തള്ളുമെന്നാണോ നീ വിചാരിക്കുന്നത്? ഹും എന്റെ വാലേൽ നുള്ളിക്കോ, വേണമെങ്കിൽ തന്നെത്താൻ തള്ളിക്കോ.''

ജുജ വെയ്‌ലാൻഡർ

ഒടുവിൽ അവൾ തന്നെത്താൻ ഉന്തി ആടുക തന്നെ ചെയ്തു. കണ്ടോ ഒരു പശു ഊഞ്ഞാലാടുന്നതു കണ്ടോ എന്ന ആർപ്പുവിളിയുമായി. അപ്പോൾ അവളുടെ ചെവിയിലൂടെ കാറ്റ് ചൂളമടിച്ചു. മുടിച്ചുരുളുകൾ പാറിപ്പറന്നു. വയറ്റിൽ വണ്ടുകൾ മുരണ്ടു.

ഊഞ്ഞാലാടിക്കഴിഞ്ഞ് ആ ഊഞ്ഞാൽ കാക്കക്കാട്ടിൽ തന്നെ ഇട്ടു പോവുകയാണ് അമ്മപ്പശു. ഇനിയും ഊഞ്ഞാലാടാൻ ആഗ്രഹമുള്ള ഏതെങ്കിലും പശു ഇതുവഴി വന്നാലോ?

സ്വെൻ നോർദ്ക്വിസ്റ്റ്

ജുജ വെയ്‌ലാൻഡർ സ്വീഡിഷ് ഭാഷയിലെഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഒരു റേഡിയോ പരിപാടിക്കായാണ് ജുജ ഈ കഥകൾ ആദ്യം എഴുതുന്നത്. സ്വെൻ നോർദ്ക്വിസ്റ്റിന്റെ ചിത്രരചനയുടെ വേലികൾ പൊളിക്കുന്ന വരയും കൂടെ ആകുമ്പോൾ ഇത് ലോകബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആവുന്നു.

അഞ്ചു അമ്മപ്പശു പുസ്തകങ്ങളുടെ ഒരു പൊതി ആയാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. ഈ പൊതിയിലെ മറ്റു പുസ്തകങ്ങളെയും ചെറുതായി പരിചയപ്പെടുത്താം.

അമ്മപ്പശുവിന്റെ ക്രിസ്തുമസ്

ക്രിസ്തുമസിന്റെ തലേന്നാണെന്ന് അമ്മപ്പശു പറഞ്ഞപ്പോഴാണ് കാകന് മനസ്സിലായത്. തനിക്ക് മാത്രം ആരും സമ്മാനമൊന്നും തരുന്നില്ല. അല്ലെങ്കിലും പാവം കാക്കകൾക്ക് ആരാണ് സമ്മാനം നല്കുക. മാത്രവുമല്ല, കാക്കയുടെ കൂട്ടിൽ കൊടും തണുപ്പും ഇരുട്ടും. പശുത്തൊട്ടിലൊക്കെ കൃഷിക്കാരൻ നല്ലവണ്ണം ചൂട് ആക്കിയിട്ടുമുണ്ട്, നല്ല വെളിച്ചവുമുണ്ട്.

കാക്ക ഒടുവിൽ തനിക്കു തന്നെ സമ്മാനങ്ങൾ നല്കാൻ തീരുമാനിച്ചു. തന്റെ കൂട്ടിലെ പഴയ ഓരോ വസ്തുക്കളെടുത്ത് സമ്മാനപ്പൊതികളാക്കി കിടന്നുറങ്ങി. പ്രിയപ്പെട്ട കാകന് സ്‌നേഹപൂർവം എന്ന് അവ ഓരോന്നിനും മുകളിൽ എഴുതി വയ്ക്കാനും മറന്നില്ല. രാവിലെ അവയെല്ലാം തുറന്ന് അവൻ തനിയെ സന്തോഷിച്ചു.
പക്ഷേ, പശു അവനായി ഒരു അത്ഭുതം ഒരുക്കിയിരുന്നു. കൂട്ടിലെ കോഴികളുടെ സഹായത്തോടെ അവൾ കാകന്റെ കൂട്ടിനടുത്തുള്ള ഒരു മരം ദീപങ്ങളാൽ നിറച്ചു. കാകനേയും കൂട്ടി അവരെല്ലാവരും ചേർന്ന് ആ കാട്ടിലെത്തി ആ ദീപങ്ങൾ കത്തിച്ചപ്പോൾ, അവിടവും പ്രകാശവും ഊഷ്മളതയും നിറഞ്ഞു.
യൂറോപ്പിലെ ജീവിതത്തിലെ തണുപ്പുകാലത്തിന്റെയും, ക്രിസ്തുമസിന്റെയും, ക്രിസ്തുമസ് സമ്മാനങ്ങൾ കിട്ടാത്തവരുടെ ഏകാന്തതയുടേയും ഒക്കെ പശ്ചാത്തലത്തിൽ മനസ്സിലാക്കിയാലാണ് നമുക്ക് ഈ കഥ കൂടുതൽ ആസ്വദിക്കാൻ പറ്റുക.

അമ്മപ്പശു ഏറുമാടം കെട്ടുന്നു

അമ്മപ്പശുവിന്റെ ആഗ്രഹങ്ങൾ ഊഞ്ഞാലാടണം എന്നതിൽ അവസാനിക്കുന്നില്ല. ഒരു പശു മരത്തിനു മുകളിൽ ഒരു ഏറുമാടം ഉണ്ടാക്കി അതിനു മുകളിൽ ഇരുന്നാൽ എന്താ?
പശുവിനെ സന്ദർശിക്കാൻ വന്ന കാക്കയെ, കുട്ടികൾ ഏറുമാടം കെട്ടുന്നിടത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് അമ്മപ്പശു. ""അതെന്താ ഒരു പലകക്കൂമ്പാരം? ഒരു മരത്തിനു മുകളിൽ കുട്ടികൾ കുറച്ചു പലകകൾ കൂട്ടി വച്ചിരിക്കുന്നു. അതിനെന്താ?'' എന്നായി കാക്ക.""കുട്ടികൾ ഏറുമാടം കെട്ടുകയാണ് കാകൻ!''
ഏറുമാടം കെട്ടിയശേഷം കുട്ടികൾ വീട്ടിലേക്കു മടങ്ങി.
അപ്പോഴാണ് അമ്മപ്പശുവിന്റെ ആഗ്രഹം പുറത്തു വന്നത്.""എനിക്കും ഒരെണ്ണം ഉണ്ടാക്കണം.'' ""ഏറുമാടം! ഒരു ഏറുമാടം മരത്തിൽ?''"" ഉം.'' അമ്മപ്പശുവിന്റെ ഉത്തരം ലളിതവും ഹ്രസ്വവുമായിരുന്നു.

അപ്പോഴാണ് അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടത്തിലെപ്പോലെ കാക്കയുടെ പ്രഖ്യാപനം വരുന്നത്. അവൻ നിറുത്തി നിറുത്തി വ്യക്തമായി പറഞ്ഞു.""നീ ഒരു പശുവാണ് അമ്മപ്പശു. ഞാൻ പറയുന്നത് ഏറ്റു പറയൂ. ഞാൻ ഒരു പശുവാണ്. പശുക്കൾ മരം കയറുകയോ ഏറുമാടം ഉണ്ടാക്കുകയോ ചെയ്യില്ല. പറയൂ.''
പക്ഷേ, പശുവിന്റെ ഉത്തരം വീണ്ടും വ്യക്തവും ഹ്രസ്വവും തന്നെയായിരുന്നു.""എനിക്ക് ഒരു ഏറുമാടം ഉണ്ടാക്കണം.''
അപ്പോൾ കാക്ക കുറച്ചുകൂടെ വ്യക്തമായി പറഞ്ഞു, ""വേണ്ട, ശ്രദ്ധിച്ചു കേട്ടിട്ടു പറയൂ. പശുക്കൾ ഏറുമാടം ഉണ്ടാക്കില്ല, പറയൂ. ''
പക്ഷേ ഇതൊന്നും അമ്മപ്പശുവിനെ പിന്തിരിപ്പിച്ചില്ല. കുട്ടികൾ ഉപേക്ഷിച്ചു പോയ പലകക്കഷണങ്ങളും ചുറ്റികയും ആണിയുമായി അവൾ മരത്തിനു മുകളിലേക്കു വലിഞ്ഞു കയറുക തന്നെ ചെയ്തു.

ഞാനിതൊന്നും കാണാനില്ലേ എന്ന മട്ടിൽ കാക്ക തിരിഞ്ഞു നിന്നപ്പോഴും ഒരു മൂളിപ്പാട്ടും പാടി അമ്മപ്പശു ആണി അടിച്ചുകൊണ്ടേയിരുന്നു. ""ആണിയടി, ആണിയടി, ആണിയുറച്ചടി. ആണിയടി, ആണിയടി, ആണിയടി.''

ഒടുവിൽ പശു ആണി വളച്ചു എന്നു കുറ്റം കണ്ടുപിടിക്കലായി കാക്കയ്ക്ക്.
പക്ഷേ ഒടുവിൽ, ""അതാ ഞാനതു ചെയ്തു, ഇപ്പോൾ എന്റെ ഏറുമാടം പൂർത്തിയായി.'' അമ്മപ്പശു പ്രഖ്യാപിച്ചു.
പിന്നെ നടന്നതാണ് രസകരം. കാക്കയും വേഗത്തിൽ അതിമനോഹരമായ ഒരു ഏറുമാടം ഉണ്ടാക്കി. പക്ഷേ, അവനതിനുള്ളിൽ പാർക്കാൻ തയ്യാറായില്ല. അവൻ പറഞ്ഞു, ""നമ്മളുണ്ടാക്കുന്ന ഓരോ ഏറുമാടത്തിന്റെയും ഉള്ളിൽ നോക്കിക്കൊണ്ടിരിക്കുന്നതിലെന്താണ് കാര്യം.''
പുസ്തകം അവസാനിക്കുന്നത് അമ്മപ്പശുവിന്റെ ഗൗരവതരമായ ഒരു പ്രസ്താവനയോടെയാണ്, ""ചില ആണികൾ വളഞ്ഞോ എന്നതിലെന്താണിത്ര കാര്യം. ഒടുവിൽ ഏറുമാടമൊന്നു കിട്ടിയല്ലോ.''

അമ്മപ്പശുവിന് മുറിവു പറ്റി

പുൽത്തകിടിയിലിരുന്നു ബോറടിച്ച അമ്മപ്പശു കാക്കയെക്കാണാനായി വേലി ചാടുന്നതിനിടയിലാണ് വയറ് കമ്പി വേലിയിൽ ഉരഞ്ഞ് മുറിവു പറ്റിയത്. നെറ്റിയിൽ വലിയൊരു മുഴയും വന്നു. കൃഷിക്കാരൻ ഓടിവന്ന് അവളെ ആശ്വസിപ്പിച്ച് മുറിവ് കഴുകി പ്ലാസ്റ്ററും വച്ചു.

എന്നിട്ട് തൊഴുത്തിൽ കൊണ്ടു കെട്ടിയ ശേഷമാണ് കൂട്ടുകാരൻ കാകൻ വരുന്നത്. മുറിവു പറ്റിയ കൂട്ടുകാരിയെക്കണ്ട് കാക്ക അവന്റെ സങ്കടം പ്രകടിപ്പിക്കുന്നു. അമ്മപ്പശു കുറച്ച് അതിശയോക്തിയോടെ നടന്നതെല്ലാം വിവരിക്കുന്നു. കാക്കയ്ക്ക് സങ്കടമായി. നെറ്റിയിലെ മുഴയിൽ കുട്ടികൾ ഐസ് വയ്ക്കുന്നതുപോലെ വയ്ക്കാൻ ഒരു ഐസ്‌ക്രീം ആണ് അവളുടെ ആവശ്യം. ആദ്യം മടിച്ചെങ്കിലും കാക്ക അതു സമ്മതിച്ചു.
അല്പം കഴിഞ്ഞു കാക്ക മടങ്ങി വന്നപ്പോഴാണ് തമാശ. അവൻ കൊക്കുകൾ നക്കുകയും ഏമ്പക്കമിടുകയും ചെയ്തു. ""ഫ്രീസറിൽ നിന്ന് തണുത്തതൊന്നും കൊണ്ടു വന്നില്ലേ?'' ""ഹില്ലാ... എനിക്കു വയ്യ. എനിക്കു വയറു വേദനിക്കുന്നു. എന്നു വച്ചാൽ ഫ്രീസറിൽ ഒന്നും ഇല്ലായിരുന്നു.'' കാക്ക തിരുത്തിപ്പറഞ്ഞു. ""ഒന്നു കൂടെ പോയി നോക്കിക്കൂടെ കാകൻ?'' ""ഇപ്പോൾ ഞാൻ അല്പം വിശ്രമിക്കുന്നതായിരിക്കും നല്ലത്.''
പക്ഷേ, കാക്ക വീണ്ടും പോവുക തന്നെ ചെയ്തു. മടങ്ങി വന്നത് തണുപ്പിച്ച ഒരു പാക്കറ്റ് പച്ചച്ചീരയുമായാണ്. ആ പാക്കറ്റിൽ അവിടവിടെ ഓട്ടകളുണ്ടായിരുന്നുവെങ്കിലും അത് അമ്മപ്പശുവിന് മധുരതരമായിരുന്നു. അവളത് നെറ്റിയിൽ വച്ചു. മുഴയ്ക്ക് നല്ല ആശ്വാസം കിട്ടി.

ഈ കഥയുടെ അവസാനം പറയുന്നത് ചിലപ്പോഴൊക്കെ സത്യം അംഗീകരിക്കുന്നതിന് അല്പം കാത്തിരിക്കേണ്ടി വരും എന്നാണ്.
കുട്ടികളുടെ മനോവ്യാപാരത്തിനൊപ്പം നിന്ന് കഥകളെഴുതുക എങ്ങനെ എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കഥയിലെ കാക്ക ഐസ്‌ക്രീം തിന്ന് കള്ളം പറഞ്ഞു എന്നത് മറച്ചു വയ്ക്കുന്നത്. അതുപോലെ ഊഞ്ഞാലാട്ടമായാലും സ്ലൈഡിൽ തെന്നിയിറങ്ങുന്നതായാലും ഏറുമാടം കെട്ടുന്നതായാലും ക്രിസ്തുമസ് സമ്മാനം കൊടുക്കുന്നതായാലും മുറിവു പറ്റുമ്പോൾ ആശ്വാസം തേടുന്നതായാലും കുട്ടികളുടെ മാനസികനിലയിൽ നിന്നാണ് അവയെ ജുജ വെയ്‌ലാൻഡർ സമീപിക്കുന്നത്. സ്ത്രീവാദ സിദ്ധാന്തങ്ങളാണ് ഈ കഥകളുടെ പിന്നിലെങ്കിലും അവയല്ല നമ്മൾ കാണുന്നത്.

അമ്മപ്പശു സ്ലൈഡിൽ തെന്നിയിറങ്ങുന്നു

ഈ പുസ്തകപ്പൊതിയിലെ അവസാന പുസ്തകമാണിത്.
ഒരു വേനൽക്കാല സായാഹ്നത്തിലാണ് കുട്ടികൾ തടാകക്കരയിൽ സ്ലൈഡിൽ തെന്നിയിറങ്ങുന്നത് അമ്മപ്പശു കാണുന്നത്. തീർച്ചയായും കുട്ടികൾ സ്ലൈഡിൽ കളിക്കുന്നതു കണ്ട അമ്മപ്പശുവിന് അതിൽ കയറണം എന്നു മോഹമുദിച്ചു.
കുട്ടികൾ പോയപ്പോൾ അമ്മപ്പശുവിന് കാലുകൾ നിലത്തുറപ്പിക്കാനായില്ല. അവൾ തുള്ളിച്ചാടാൻ തുടങ്ങി.

""കാകൻ ഇനി നമ്മുടെ ഈഴമാണ്.'' ""അല്ല. നീ ഒരു പശുവാണ്, ഒരു അമ്മപ്പശു.'' ""പക്ഷേ, കുട്ടികൾ പുൽത്തകിടിയിൽ ഒരു സ്ലൈഡ് ഉണ്ടാക്കിയിരിക്കുന്നു എന്നത് നീ അംഗീകരിക്കണം.'' ""പശോ, അതു കുട്ടികൾക്കാണ്.''
പക്ഷേ, പശു സ്ലൈഡിനടുത്തേക്കു പോവുക തന്നെ ചെയ്തു. പക്ഷേ, ഇത്ര പൊക്കത്തിലുള്ള ഇതിലെങ്ങനെ കയറും. ""ഞാൻ നിന്നെ ഉന്തിത്തരണമെന്നു പറയരുത്. ഞാൻ ഉന്തില്ല. അതു സാധ്യമല്ല. ഒരു കാക്കയ്ക്ക് ഒരു പശുവിനെ ഉന്താനാവില്ല. എനിക്ക് അത്രയും ശക്തിയില്ല.'' ""ഓ നിനക്ക് ശക്തിയില്ല അല്ലേ, പാവം നീ.'' ""ആരാ പറഞ്ഞത് എനിക്ക് ശക്തി ഇല്ലെന്ന്?''
ഒറ്റത്തള്ളിന് അവൻ പശുവിനെ സ്ലൈഡിന്റെ ഏണിയുടെ മുകളിലേക്ക് തള്ളിക്കയറ്റി. പക്ഷേ, മുകളിലിരുന്നു വിറച്ച പശു, ഇനിയെങ്ങനെ താഴോട്ടിറങ്ങും എന്ന് വേവലാതിപ്പെട്ടു. പക്ഷേ, അവളുണ്ടോ പിന്മാറുന്നു.""ഞാനതു ചെയ്യാൻ പോവുകയാണ് കാകൻ, ഞാൻ തെന്നിയിറങ്ങുന്നു. അതു ശരിയാണ്, അമ്മൂ, ഒന്ന്, രണ്ട്...''
പക്ഷേ, ചെന്നു വീഴുന്നിടത്ത് വെള്ളത്തിന് എത്ര ആഴമുണ്ടാവും? പശു വീണ്ടും സ്ലൈഡിനു മുകളിൽ മടിച്ചിരുന്നു. പക്ഷേ ഒടുവിൽ അവൾ ഇറങ്ങാൻ തന്നെ തീരുമാനിച്ചു.

ഒരുഗ്രൻ പൊട്ടലും ലോഹം കൂട്ടിമുട്ടുന്ന ശബ്ദവും കായലിലെങ്ങും കേട്ടു. ഗംഭീരമായി വെള്ളം തെറ്റിച്ചുകൊണ്ട് അമ്മപ്പശു വെള്ളത്തിൽ വന്നിറങ്ങി. അവൾ ഉറക്കയുറക്കെ ചിരിക്കുകയായിരുന്നു. പക്ഷേ, തിരിഞ്ഞു പോയ അവളെ ഞെട്ടിച്ചുകൊണ്ട് സ്ലൈഡ് അടിയിൽ നിന്ന് ഇളകി വളവ് നിവർന്നു പോയി. ഇനി ഇതിനെ എങ്ങനെ ശരിയാക്കും. അവിടെ വീണ്ടും കാകൻ വരുന്നു. കാകന്റെ സർവ പ്രതിഭയുമെടുത്തു സ്ലൈഡ് പഴയതുപോലെയാക്കുന്നു. എന്തായാലും കുട്ടികൾക്ക് കളിക്കാം എന്നതാണ് ഏറ്റവും പ്രധാനം എന്നു പറഞ്ഞു കഥ അവസാനിക്കുന്നു.

ഈ കഥകളുടെ ഏറ്റവും പ്രധാന സവിശേഷതയായി ഞാൻ കാണുന്നത് ഇവ ലോകത്തെ കറുപ്പും വെളുപ്പുമായി കാണുന്നില്ല എന്നതാണ്. കാക്കയോ കൃഷിക്കാരനോ ഇവിടെ വില്ലന്മാരല്ല. അവരെ ഇരുട്ടിൽ മാത്രമല്ല ചിത്രീകരിക്കുന്നത്. സാധാരണ ഒരു ബാലകഥയിലായിരുന്നെങ്കിൽ ഇവർ ദുഷ്ടകഥാപാത്രങ്ങളാവുമായിരുന്നു.

സ്വീഡിഷ് ഭാഷയിൽ നിന്നാണ് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഞാൻ ഇവ വിവർത്തനം ചെയ്തത്. അവയുടെ ഇംഗ്ലീഷ് പതിപ്പുകൾ ലഭ്യമായിരുന്നില്ല. ഒരു പുസ്തകം ജർമനിൽ നിന്ന് സെയ്ദ് ഇബ്രാഹിം തർജമ ചെയ്തു. ഈ പരമ്പരയിലെ നിരവധി പുസ്തകങ്ങൾ ഇനിയും തർജമ ചെയ്യപ്പെടാനുണ്ട്.▮


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments