കവിതയാൽ സൗഖ്യപ്പെട്ട ഒരു മീനിന്റെ കഥയാണിത്. കുട്ടികളോട് കവിതയെന്താണെന്നു പറഞ്ഞു കൊടുക്കുന്ന ഒരു പുസ്തകം. എന്താണ് കവിതയെന്ന് കവികളൊക്കെയും പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രതിഭാശാലിയായ ഒരാൾ പാഠപുസ്തകശൈലിയിലല്ലാതെ എന്താണു കവിതയെന്നു കുട്ടികളോടു പറയുന്ന ഒരു പുസ്തകം ഞാൻ ആദ്യമായി കാണുകയാണ്.
ചുവന്ന മീൻ ലിയോണിനെ മടുപ്പു രോഗത്തിൽ നിന്നു സുഖപ്പെടുത്താൻ നോക്കുകയാണ് കുഞ്ഞ് ആർതർ.
ആർതറിന്റെ അമ്മ അവനെ നോക്കി
അമ്മ കണ്ണു ചിമ്മി
അമ്മ കണ്ണു തുറന്നു
എന്നിട്ടമ്മ ചിരിച്ചു.വേഗം, അവനൊരു കവിത കൊടുക്കൂ!
അമ്മയെന്നിട്ട് ട്യൂബ ക്ലാസിനു പോയി.
എന്താണ് ഈ കവിത എന്ന് പിടികിട്ടാതെ ആർതർ, അടുക്കളയിൽ പോയി തപ്പി. ഇവിടെ കവിതയില്ല എന്ന നൂഡിൽസിന്റെ നിശ്വാസം മാത്രം കേട്ടു. കക്കൂസിലും കട്ടിലിനടിയിലും നോക്കി. പക്ഷേ, വാക്വം ക്ലീനറിലോ പൊടിയുണ്ടകളിലോ കവിതയില്ലായിരുന്നു.
നിശ്ചയത്തോടെ ആർതർ അന്വേഷണം തുടർന്നു.
അവൻ ലോലോയുടെ സൈക്കിൾ കടയിലേക്കോടി.
ലോലോയ്ക്ക് എല്ലാമറിയാം, എപ്പോഴും ചിരിക്കും, എപ്പോഴും പ്രേമത്തിലുമാണ്.
ടയർ നന്നാക്കിക്കൊണ്ടു പാടുകയാണയാൾ.
ആർതർ, കവിതയെന്നു വച്ചാൽ നിങ്ങൾ പ്രേമത്തിലായിരിക്കുകയും ആകാശം നിങ്ങളുടെ വായ്ക്കുള്ളിലായിരിക്കുകയും ചെയ്യുമ്പോഴാണ്.
ഓ, ആണോ!
ബേക്കറിയിലെ മിസിസ് റൗണ്ട് പറഞ്ഞതിങ്ങനെയാണ്,
കവിത, അതിനെക്കുറിച്ചെനിക്ക് അത്രയൊന്നുമറിയില്ല. പക്ഷേ, ഒന്നറിയാം, അതിനു പുത്തൻ റൊട്ടി പോലെ ചൂടാണ്. നിങ്ങളതു കഴിച്ചാലും അല്പം അവശേഷിക്കും.
ഓ, ആണോ!
ആർതർ തന്റെ അയൽക്കാരൻ മഹമൂദിനടുത്തേക്കു തിരിയുന്നു. മരുഭൂമിയിൽ നിന്നു വരുന്ന വൃദ്ധൻ മഹമൂദ് എന്നും രാവിലെ ഒമ്പതു മണിക്കു തന്റെ കാട്ടുപൂവരശിനു വെള്ളമൊഴിക്കും. ഒരു കവിതയെന്നാൽ നിങ്ങൾ ഒരു കല്ലിന്റെ ഹൃദയം മിടിക്കുന്നത് കേൾക്കുമ്പോഴുള്ളതാണ്.
ഓ! ആണോ?
ഒരു കടൽച്ചെടിയുടെ ഇടയിൽ ചിന്തയിലെന്ന വണ്ണം കിടക്കുന്ന ലിയോണിനെങ്ങനെയുണ്ടെന്നു നോക്കാനായി ആർതർ വീട്ടിലേക്കോടുന്നു. എന്നിട്ട് കൂട്ടിൽ കിടക്കുന്ന അരിസ്റ്റഫനീസ് എന്ന കാനറിപ്പക്ഷിയോടും ചോദ്യം ആവർത്തിക്കുന്നു.
പക്ഷേ, അതെന്താ അങ്ങനെ എന്ന ചോദ്യം വായനക്കാരിലുണ്ടാക്കിക്കൊണ്ട് അടുത്ത പേജിൽ കൂട്ടിൽ നിന്നു മറുപടി പറയുന്നത് ഒരു സ്ത്രീ രൂപമാണ്.
ഒരു പക്ഷി അതിന്റെ ചിറകു വീശുന്നതാണ് കവിത. ഒരു കൂട്ടിൽ പാടുന്ന പാട്ടാണു കവിത.
ഓ! ആണോ?
അപ്പോഴാണ് ആർതറിന്റെ അമ്മുമ്മ എത്തിയത്. അതേ ചോദ്യം അമ്മുമ്മയ്ക്കു നേരെയും പോയി. ചിന്തിക്കുമ്പോഴുള്ള ഒരു ചെറുചിരിയോടെ അമ്മുമ്മ പറഞ്ഞു,
നിന്റെ പഴയ കമ്പിളിക്കുപ്പായം മറിച്ചിട്ടുടുക്കുമ്പോൾ നീ പറയാറില്ലേ, അതു വീണ്ടും പുതിയതായെന്ന്.ഒരു കവിത വാക്കുകളെ തിരിച്ചിടുന്നു, കീഴ്‌മേലിടുന്നു. അപ്പോൾ അതാ ആ വാക്ക് പുതിയതാവുന്നു. എന്തായാലും നീ അപ്പുപ്പനോടു കൂടെ ചോദിക്കൂ, അങ്ങേര് പൈപ്പു ശരിയാക്കുന്നതിനു പകരം പലപ്പോഴും കവിതയെഴുതിയിരിക്കാറുണ്ട്.
കവിത? മീശയിൽ തിരുപ്പിടിച്ചുകൊണ്ട് ചിന്തയിലാണ്ടു പറഞ്ഞു,
കവിത, .. കവികൾ ഉണ്ടാക്കുന്നതാണ് കവിത. ഓ അതു ശരി. കവികൾക്കു തന്നെ പലപ്പോഴും അതറിയില്ലെങ്കിലും!
ലിയോൺ അവിടെ ഒരു കടൽച്ചെടിയാൽ ചുറ്റപ്പെട്ട് ഒരു കല്ലിനു കീഴെ മീൻ പാത്രത്തിൽ ഉറങ്ങുകയായിരുന്നു. തമ്മിൽ ചേരാത്ത ഒരുപാട് ഉത്തരങ്ങളുമായി കുഴഞ്ഞ ആർതർ, ലിയോണിന്റെ അടുത്തു വന്നു പറഞ്ഞു,
ക്ഷമിക്കണം ലിയോൺ, എനിക്ക് ഒരു കവിത കിട്ടിയില്ല. എനിക്ക് ആകെ അറിയാവുന്നതിത്രമാത്രമാണ്. കവിതയെന്നു വച്ചാൽ ആകാശം നിങ്ങളുടെ വായ്ക്കുള്ളിലായിരിക്കുന്നതാണ് പുത്തൻ റൊട്ടി പോലെ ചൂടുള്ളതാണ്. നിങ്ങളതു കഴിച്ചാലും അല്പം അവശേഷിക്കും. ഒരു കവിതയെന്നാൽ നിങ്ങൾ ഒരു കല്ലിന്റെ ഹൃദയം മിടിക്കുന്നത് കേൾക്കുമ്പോഴുള്ളതാണ്. ഒരു പക്ഷി അതിന്റെ ചിറകു വീശുന്നതാണ്. ഒരു കൂട്ടിൽ പാടുന്ന പാട്ടാണ്. ഒരു കവിത വാക്കുകളെ കീഴ്‌മേലിടുന്നതാണ്. അപ്പോൾ അതാ ആ വാക്ക് പുതിയതാവുന്നു.
അപ്പോൾ ലിയോൺ ആദ്യം ഒരു കണ്ണു തുറന്നു. പിന്നെ അടുത്തതും. എന്നിട്ട് ജീവിതത്തിലാദ്യമായി അവൻ സംസാരിച്ചു. എന്നാൽ ഞാൻ ഒരു കവിയാണ്, ആർതർ.
ആണോ!
ഫ്രഞ്ചു കവിയും നാടകകൃത്തും നോവലിസ്റ്റുമായ ജീൻ പിയറി സൈമൺ ആണ് ഈ എഴുത്തുകാരന്റെ പ്രതിഭാശാലിത്വം വെളിപ്പെടുത്തുന്ന ചിത്രപ്പുസ്തകം രചിച്ചത്. അസാധാരണമായ മികവു പ്രകടിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചിരിക്കുന്നത് ഒളിവിയർ ടാലക്. എൻചാന്റഡ് ലയൺ ബുക്‌സ് ആണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാലു മുതൽ എട്ടു വരെ വയസ്സുകാർക്ക്.
പുതിയ പുസ്തകം
Nomads Land- -Paro Anand
പാറോ ആനന്ദ് ഇന്ത്യയിലെ ബാലസാഹിത്യകാരിൽ ഏറ്റവും പ്രമുഖരിലൊരാളാണ്. പാറുവിന്റെ പുതിയ പുസ്തകം Nomads Land പുറത്തിറങ്ങിയിരിക്കുന്നു. Speaking Tiger എന്ന പ്രസാധകരുടെ ബാലസാഹിത്യവിഭാഗമായ Talking Cub ആണ് പ്രസിദ്ധീകരണം. തീവ്രവാദത്തിന്റെയും അതിനെത്തുടർന്നുണ്ടാവുന്ന അഭയാർത്ഥിത്വത്തിന്റെയും പ്രശ്‌നങ്ങളാണ് പാറോ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. കാശ്മീർ പശ്ചാത്തലമായെഴുതിയ No Guns in my son's funeral എന്ന പുസ്തകം, Being Gandhi, തുടങ്ങിയവയാണ് പാറോവിന്റെ പ്രധാന പുസ്തകങ്ങൾ. മുതിർന്ന കുട്ടികൾക്കായാണ് പാറോ ആനന്ദ് പ്രധാനമായും എഴുതുന്നത്.▮
Reference