പാബ്ലോ പിക്കാസോയുടെ ജീവിതകഥയിൽ അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയെ പരാമർശിക്കുന്ന ഒരു ഭാഗമുണ്ട്. അത് ഇപ്രകാരമാണ്:
ആറാം വയസ്സിൽ പിക്കാസ്സോ മുന്നിൽ കണ്ട ഹെർക്കുലീസിന്റെ പ്രതിമ അതേപടി അതിമനോഹരമായി വരച്ചുവെച്ചു. ആ കാര്യത്തെക്കുറിച്ച് ആരോ പരാമർശിച്ചപ്പോൾ പിക്കാസോ പറഞ്ഞത്, തനിക്ക് പന്ത്രണ്ടാം വയസ്സിൽ വിഖ്യാത ചിത്രകാരൻ റാഫേലിനെപ്പോലെ വരക്കാൻ കഴിയുമായിരുന്നുവെന്നാണ്. പിക്കാസോയെപ്പോലെ പ്രതിഭാധനരായ കുട്ടികൾ അക്കാലത്ത് അനേകം ഉണ്ടായിരുന്നിരിക്കാമെങ്കിലും അവർ പുറംലോകത്ത് അധികമൊന്നും അറിയപ്പെടുമായിരുന്നില്ല.
കാലം ഏറെ മാറി. എന്നാൽ പ്രതിഭയുടെ ആന്തരിക ലോകം ഇന്നും മാറ്റമില്ലാതെ തന്നെ തുടരുന്നതായി നമുക്ക് കാണാം.
ലോകം തനിക്കു മുന്നിൽ അന്നുവരെ അടച്ചുവെച്ച വിസ്മയങ്ങളുടെ ലോകമാണ് കുട്ടികൾ (മുതിർന്നവരും!) തേടിക്കൊണ്ടിരിക്കുന്നത്. വിസ്മയങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്ന് കുട്ടികൾക്കല്ലാതെ മറ്റാർക്കാണ് മനസിലാകുക.
പഴയ ‘കുഞ്ഞിക്കൂന’ൻ്റെ സാഹസിക ജീവിതമല്ല, ഹാരി പോർട്ടർ അവരുടെ മുന്നിലേക്ക് വിരിച്ചിടുന്നത്. ഇന്ന്, ഹാരി പോർട്ടർക്കും മേലെയാണ് വെബ് സീരീസുകളുടെ കുട്ടികൾക്കു വേണ്ടിയുള്ള വിസ്മയലോകം.
ലൂയീ കാരൾ ഒരു നദീയാത്രക്കിടയിൽ തൻ്റെ സുഹൃത്തിൻ്റെ കുട്ടികൾക്ക് കഥ പറഞ്ഞുകൊണ്ടാണ് അവരെ ആലീസിൻ്റെ അൽഭുതലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് എഴുതി വന്നപ്പോൾ കുട്ടികളിലൊരാളുടെ പേരായ ആലീസ് എന്ന പേരു തന്നെ അൽഭുതലോകത്തിന് തെരഞ്ഞെടുക്കുകയുമുണ്ടായി. അന്നും തുടർന്നും ലോകത്തെല്ലായിടത്തും ഇത്രമാത്രം വായിക്കപ്പെടാനിടയായത് ആ രചന ഉണർത്തിയ കൗതുകം കൊണ്ടാണ്.
നാളതുവരെ കുട്ടികളുടെ കഥകളിലെ നൈതിക പാഠങ്ങളുടെ ചേരുവ പ്രകടമല്ലാത്തതു മറ്റൊരു കാരണവുമാകാം.

വിസ്മയം പല നിലയിലാണ്.
വൈകാരികജീവിതത്തെ താളനിബദ്ധമാക്കാൻ, കരുണയും നന്മയും കൊണ്ട് ജീവിതത്തിൽ കണ്ണു നനയിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ കൂടി പുതുകാലത്ത് ലോകം ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങളിൽ നിന്ന് ആർക്ക് മാറിനില്ക്കാൻ കഴിഞ്ഞാലും കുട്ടികളുടെ എഴുത്തുകാർക്ക് മാറിനിൽക്കാനാകില്ല. കാരണം, അവർ ശരിക്കും മുതിർന്നവരുടെ കൂടി എഴുത്തുകാരാണ്.
കേരളത്തിലെ മുഖ്യധാരയിൽ നിൽക്കുന്ന പ്രധാന പത്രമാധ്യമങ്ങൾ കുട്ടികൾക്കായി പലതരം മാസികകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അവയിൽ വരുന്ന കഥകളും നോവലുകളും കവിതകളും മറ്റും കുട്ടികളിൽ പുതിയ കാലം കാഴ്ചയിലും നിരീക്ഷണത്തിലും ചിന്തയിലും അറിവിലും സമ്മാനിച്ച മാറ്റങ്ങൾക്ക് അനുഗുണമായി മാറിയിട്ടുണ്ടോ എന്നൊരന്വേഷണം വേണ്ടതല്ലേ? അത്തരം മാസികകളിൽ എഡിറ്ററായി പ്രവർത്തിക്കുന്നവർ അതേക്കുറിച്ച് ഏതെങ്കിലും പഠനം പുതിയ കാലത്തെ കുട്ടികളും അവർ വായിക്കുന്ന ബാലസാഹിത്യവും സംബന്ധിച്ച് നടത്തിയിട്ടുണ്ടാകുമോ?
കുട്ടികൾക്കായി എങ്ങനെ എഴുതണം? ബാല സാഹിത്യകൃതികൾ വായിച്ച എന്റെ ബാല്യകാല ഓർമ്മകളിൽനിന്ന് എന്റെ മനസ്സിലെ ആശയത്തെ പരുവപ്പെടുത്തിയെടുക്കാനാവുമോ? അത് അപ്രകാരം തന്നെ വേണമെന്നുണ്ടോ?
മലയാളത്തിലെ പഴയ ബാലസാഹിത്യകൃതികളിൽ ചിലത് ഇപ്പോഴും ഓർക്കുന്നു. അക്കൂട്ടത്തിൽ മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും, പി.നരേന്ദ്രനാഥിൻ്റെ കുഞ്ഞിക്കൂനൻ, മാലി, സുമംഗല തുടങ്ങിവർ എഴുതിയ കഥകൾ തുടങ്ങി എത്രയെങ്കിലും മികച്ച ബാലസാഹിത്യ കൃതികളുണ്ട്. അതൊക്കെ അക്കാലത്തെ കുട്ടികളുടെ മാനസികാവസ്ഥക്ക് യോജിച്ചതും ഹൃദ്യവും ആയിരുന്നു. അതേ പാറ്റേണിൽ തന്നെ ഇനിയും ബാലസാഹിത്യകൃതികളുടെ രചനകൾ തുടരേണ്ടതുണ്ടോ എന്നതും ചിന്തിക്കാവുന്നതാണ്.
ആദ്യമായി കുട്ടികൾക്കായി ഒരു നോവൽ എഴുതാനുള്ള എന്റെ സാഹചര്യം പറയാം. വീട്ടിലേക്ക് മറ്റെവിടെ നിന്നോ വന്ന സുന്ദരിയായ ഒരു പൂച്ച ഞങ്ങൾക്കിടയിൽ വലിയ അടുപ്പം സൃഷ്ടിക്കുകയും അതുവഴി ആ ജീവി എന്നിൽ വലിയൊരു ജീവിതം സമ്മാനിക്കുകയുമുണ്ടായി. അപ്പോഴേക്കും ആ പൂച്ചയുടെ നിരവധി സന്തതിപരമ്പരകൾ ഉണ്ടാവുകയായി. അതൊക്കെ മുതിർന്നവരേക്കാൾ കേമമാവുക കുട്ടിക്കാണെന്ന് തോന്നി.
അപ്പോഴാണ് വലിയൊരു ആശങ്ക മുന്നിൽപ്പെടുന്നത്? കുട്ടികൾക്കായി എങ്ങനെ എഴുതണം? ബാല സാഹിത്യകൃതികൾ വായിച്ച എന്റെ ബാല്യകാല ഓർമ്മകളിൽനിന്ന് എന്റെ മനസ്സിലെ ആശയത്തെ പരുവപ്പെടുത്തിയെടുക്കാനാവുമോ? അത് അപ്രകാരം തന്നെ വേണമെന്നുണ്ടോ? അതിൽ നിന്നു വേറിട്ട് കുട്ടികൾക്ക് മനസ്സിലാവുന്ന ഭാഷയിൽ ആ പൂച്ചയുടെ ജീവിതം എഴുതിയാൽ എപ്രകാരമാകും? ആ വേറിട്ട ചിന്തയിൽ നിന്നാണ് 15 അധ്യായങ്ങളുള്ള 'ചിപ്പിയുടെ കൗതുകലോകം' എന്ന എന്റെ ആദ്യ ബാലസാഹിത്യകൃതി പിറക്കുന്നത്. ആ നോവലിൽ ഒരു കഥാപാത്രം മാത്രം കഥ പറയുകയല്ല. പല കഥാപാത്രങ്ങളും അവരുടെ കാര്യങ്ങൾ പറയുന്ന രീതി.

അടുത്ത വെല്ലുവിളി ഈ പുസ്തകം കുട്ടികൾ എങ്ങനെ വായിക്കുന്നുവെന്നതാണ്. പുസ്തകം വായിച്ച പല കൊച്ചുകൂട്ടുകാരും അവരുടെ വായനാനുഭവം എന്നോട് പങ്കിട്ടപ്പോൾ, ഇതാ ഇപ്രകാരവും ബാലസാഹിത്യമെഴുതാം എന്നെനിക്ക് ബോധ്യമായി. അതിനർത്ഥം എന്റെ ഉദ്യമം ഇതേവരെ തുടർന്ന ബാലസാഹിത്യരചനാരീതികളെ പൊളിച്ചെഴുതിയ ആൾ എന്നൊന്നുമല്ല. ഒരു വഴി തുറന്നെന്ന് മാത്രം ഇവിടെ വെളിപ്പെടുത്തട്ടെ.
മനുഷ്യനു മാത്രമല്ല, നമ്മുടെ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ഒരിടമുണ്ട്. തേടിച്ചെന്നാൽ നമുക്ക് കൂടി പങ്കിടാവുന്ന ഒരിടം. നമ്മെ തന്നെ ഉറ്റുനോക്കുന്ന മിണ്ടാപ്രാണികളുടെ ദയനീയമായ, സ്നേഹനിർഭരമായ നോട്ടങ്ങളുണ്ട്. ശബളാഭമായ ഒരു ജീവിതമുണ്ട്. ഓർത്തോർത്ത് സങ്കടപ്പെടാനും ആഹ്ളാദിക്കാനും ചില നിമിഷങ്ങളുണ്ട്.
ഇങ്ങനെയൊക്കെയല്ലേ നാം ജീവിതത്തെ ധന്യമാക്കുന്നത്. പിന്നെ കുട്ടികൾ എങ്ങനെ വ്യത്യസ്തമാകും?
