കുട്ടികളുടെ സ്മാര്‍ട്ട് ഫോണുകളുടെ
സെക്യൂരിറ്റി എവിടെനിന്ന്
തുടങ്ങണം?
കുട്ടികളുടെ സ്മാര്‍ട്ട് ഫോണുകളുടെ സെക്യൂരിറ്റി എവിടെനിന്ന് തുടങ്ങണം?
പെഡോഫൈലുകള്‍, അശ്ലീലസാഹിത്യം, അക്രമം, ഹാക്കര്‍മാര്‍, ഭീകരത, മയക്കുമരുന്ന് എന്നിവയാല്‍ നിറഞ്ഞ അപകടകരമായ സ്ഥലമാണ് അനിയന്ത്രിതമായ ഇന്റര്‍നെറ്റ് ആക്സസ് എന്നതുകൊണ്ട് രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
24 Aug 2022, 02:57 PM
കുട്ടികള്‍ക്ക് അവരുടെ സ്മാര്‍ട്ടഫോണുകളിന്മേല്‍ സ്വതന്ത്ര നിയന്ത്രണം നല്‍കുന്നത് നീന്തല്‍ പഠിപ്പിക്കുന്നതിനുമുമ്പേ അവരോട് സ്വിമ്മിങ്പൂളിലേയ്ക്ക് ഇറങ്ങി നീന്താന്‍ പറയുന്നതിന് തുല്യമാണ്. ഈ സ്വതന്ത്ര നിയന്ത്രണത്തിന്പ്രത്യേകം പ്രായമൊന്നുമില്ല. അത് ഓരോ കുട്ടിയുടെയും മെച്യൂരിറ്റി അനുസരിച്ചിരിക്കും. അത് മനസ്സിലാക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്.
പെഡോഫൈലുകള്‍, അശ്ലീല സാഹിത്യം, അക്രമം, ഹാക്കര്‍മാര്‍, ഭീകരത, മയക്കുമരുന്ന് എന്നിവയാല്‍ നിറഞ്ഞ അപകടകരമായ സ്ഥലമാണ് അനിയന്ത്രിതമായ ഇന്റര്‍നെറ്റ് ആക്സസ് എന്നുള്ളതുകൊണ്ട് ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതുപോലെ നിങ്ങളുടെ കുട്ടിക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ സ്വന്തം സ്മാര്‍ട്ട്ഫോണ്‍ നല്‍കാനുള്ള സമയമാണിതെന്ന് നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അത് സുരക്ഷിതമാണെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.
കുട്ടികളുടെ സ്വന്തം ആപുകൾ
കുട്ടികളുടെ പഠനം ഓണ്‍ലൈനായതോടെ, അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും കൂടിയിട്ടുണ്ട്. പഠനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, മറ്റ് നിരവധി ഏരിയകളിലേക്ക് ഓണ്‍ലൈനിലൂടെ അവര്‍ക്ക് കടന്നുചെല്ലാം. ഇത് ഒരുതരത്തിലുമുള്ള മോണിറ്ററിംഗിന് വിധേയമാക്കപ്പെടുന്നുമില്ല. ഡിജിറ്റല്‍ ഗെയിമുകളും മറ്റുതരം കണ്ടന്റുകളുമെല്ലാം പലതരത്തില്‍ അവരെ സ്വാധീനിക്കാം. ഓണ്‍ലൈന്‍ പഠനത്തിന്റെ പേരില്‍ ഇന്ത്യയിലെ 60 ശതമാനം വിദ്യാര്‍ഥികളും മെസേജിംഗ് ആപുകള്‍ ഉപയോഗിക്കുന്നതായി നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍.സി.പി.സി.ആര്‍) നടത്തിയ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്. പത്തുശതമാനം കുട്ടികള്‍ മാത്രമാണത്രേ സ്മാര്‍ട്ട് ഫോണ്‍, ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ് ചാറ്റ് തുടങ്ങിയ മെസേജിംഗ് ആപുകളാണ് കുട്ടികള്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇതെല്ലാം പലതരത്തിലുള്ള പ്രതികൂലമായ കണ്ടന്റുകളിലേക്ക് കുട്ടികളെ നയിക്കുമെന്നും പഠനം മുന്നറിയിപ്പുനല്‍കുന്നു.
ഓണ്‍ലൈന്‍ ഗയിമുകള്‍ കുട്ടികളുടെ ജീവന്‍ പോലും അപഹരിക്കുംവിധമുള്ള ഭീഷണിയായി മാറുന്നുണ്ട്. 2021ല്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടനുസരിച്ച്, നാലിനും പതിനഞ്ചിനുമിടയ്ക്കുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റ് ഫ്രീ ഫയര്‍ ഗയിം കളിക്കുന്നതായി കേരള പൊലീസിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുകയും അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന എന്നൊരു പരിഹാര നിര്‍ദേശവും പൊലീസ് മുന്നോട്ടുവച്ചിരുന്നു.
ആദ്യപടി, ആപ്പ് അൺ- ഇൻസ്റ്റാൾ
പല മാതാപിതാക്കളും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘എവിടെ നിന്നാണ് തുടങ്ങേണ്ടത് ഈ സുരക്ഷ?'
ആദ്യപടി, ആവശ്യമില്ലാത്ത ആപ്പുകള്‍ അണ്‍- ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് . നിങ്ങളുടെ കുട്ടികളെ, അവര്‍ ഉപയോഗിക്കരുത് എന്ന് നിങ്ങളാഗ്രഹിക്കുന്ന ആപ്പുകളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ഏറ്റവും ഉറപ്പുള്ള മാര്‍ഗം അവര്‍ക്ക് അവരുടെ സ്വന്തം ഫോണ്‍ നല്‍കുന്നതിനുമുമ്പ് ഈ ആപ്പുകള്‍ അണ്‍- ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ്. പ്രായമനുസരിച്ച് അവര്‍ക്ക് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പെര്‍മിഷന്‍ അഥവാ അനുവാദം കൊടുക്കാതിരിക്കാം. കുട്ടികള്‍ ഇന്നത്തെ വിവരസാങ്കേതിക ലോകത്തുജീവിക്കുന്നതുകൊണ്ട് ഇതിനെ മറികടക്കാന്‍ പല ടെക്നിക്കുകളും പലയിടങ്ങളില്‍ നിന്നും കണ്ടുപിടിച്ചേക്കാം . സേര്‍ച്ച് എന്‍ജിനുകളും മറ്റു സുഹൃത്തുക്കളും അവരെ സഹായിക്കാനുണ്ടെന്ന് മറക്കരുത്. ഇമ്മാതിരി കാര്യങ്ങളില്‍ അവര്‍ നമ്മളെക്കാള്‍ ഒരു പടി മുന്നിലുമാണ്. പല സ്മാര്‍ട്ട് ഫോണ്‍ പ്ലാറ്റുഫോമുകളും പല രീതിയിലാണ് ഈ റെസ്ട്രിക്ഷന്‍ ഇംപ്ലിമെൻറ് ചെയ്യാറുള്ളത്. ഏതു സ്മാര്‍ട്ട് ഫോണ്‍ നിങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതനുസരിച്ചിരിക്കും എങ്ങനെയാണ് ഇത് കോണ്‍ഫിഗര്‍ ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണാണ് കുട്ടികള്‍ക്ക് തല്‍ക്കാലം ഉപയോഗിക്കാന്‍ കൊടുക്കുന്നതെങ്കില്‍ ഇത് പ്രവര്‍ത്തികമല്ല താനും. പല മാതാപിതാക്കളും കുട്ടികളെ എന്‍ഗേജ്ഡ് ആക്കിയിരുത്താന്‍ ചിലപ്പോള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകള്‍ കൊടുക്കാറുണ്ട്. ഇതൊരു നല്ല പ്രവണതയല്ല എന്ന് പറയേണ്ടി വരും. മുതിര്‍ന്നവരുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഓപ്പണ്‍ ഇന്റര്‍നെറ്റ് ആക്‌സസ് ഉള്ളതുകൊണ്ട് കുട്ടികള്‍ അറിഞ്ഞോ അറിയാതെയോ പലതും കണ്ടെത്തിയേക്കാം എന്നുള്ളതുകൊണ്ടാണിത്.
ഗൂഗിൾ സേഫ് സെർച്ച് ഉപയോഗിക്കുക
ഇക്കാലത്ത് ഇന്റര്‍നെറ്റില്‍ അശ്ലീലം വളരെ സാധാരണമാണ്. ഗൂഗിള്‍ സെര്‍ച്ചില്‍ ‘സെക്സ്’ എന്ന വാക്ക് ടൈപ്പ് ചെയ്യുന്നതുപോലെ എളുപ്പമാണ് പോണ്‍ തിരയുന്നത്. അതുകൊണ്ടാണ് Google Safe Search ഉപയോഗിക്കണമെന്നുപറയുന്നത്. നിങ്ങള്‍ കുട്ടികള്‍ക്കുവേണ്ടി Google ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍,Google Safe Search ഉപയോഗിക്കുന്നത് ഉറപ്പാക്കുക. ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ നിന്ന് വ്യക്തമായ ചിത്രങ്ങള്‍, വീഡിയോകള്‍, വെബ്സൈറ്റുകള്‍ എന്നിവ ഗൂഗിള്‍ സേഫ് സെര്‍ച്ച് തടയുന്നു. Google Safe Search 100% കൃത്യതയുള്ളതായിരിക്കില്ലെങ്കിലും, അത് ഏറ്റവും എക്സ്പ്ലിസിറ്റ് (explicit) ആയ ഉള്ളടക്കത്തെ തടയുന്നു. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തശേഷം സെറ്റിങ്‌സില്‍ ചെന്ന് അക്കൗണ്ട് പ്രൈവസിയില്‍ നിങ്ങള്‍ക്കിത് ഓണാക്കാം.

അടുത്തത് ആപ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ ‘പാരന്റല്‍ കണ്‍ട്രോള്‍സ് ' ഓണാക്കുക എന്നതാണ്. നിങ്ങളുടെ അനുമതിയില്ലാതെ അവര്‍ക്ക് ആപ്പുകളോ ഗെയിമുകളോ വാങ്ങാതിരിക്കാനുള്ള മുൻകരുതലാണിത്. പല ഗെയിമുകളും ആഡ് - ബേസ്ഡ് റവന്യൂ മോഡലായിരിക്കും. അതുകൊണ്ട്. അതുപോലെയുള്ള ഗെയിമുകള്‍ കളിക്കാരെ കൂടുതല്‍ ‘In - App Purchase ' ചെയ്യാന്‍ പ്രേരിപ്പിക്കും. കുട്ടികള്‍ക്കിതു അറിഞ്ഞുകൊള്ളണമെന്നില്ല . നിങ്ങളുടെ ക്രെഡിറ്റുകാര്‍ഡ് ആണ് ഡിഫോൾട്ട് പേയ്‌മെൻറ് മെത്തേഡ് എങ്കില്‍ നിങ്ങളറിയാതെ തന്നെ കുട്ടികള്‍ ‘In - App Purchase' ഓ അഥവാ ആപ്പുകളുടെ ഡൗണ്‌ലോഡോ ചെയ്‌തെന്നിരിക്കും. നിങ്ങളുടെ ക്രെഡിറ്റുകാര്‍ഡ് ബില്ലുകളും സ്റ്റേറ്റ്‌മെന്റുകളും പരിശോധിക്കുന്നതും ഇങ്ങനെയെന്തെങ്കിലും നടക്കുന്നുണ്ടോ എന്നറിയാനും അവ കണ്ടുപിടിക്കാനും സഹായിക്കും .
‘പാരന്റല്‍ കണ്‍ട്രോള്‍സ്' പിന്‍ പ്രൊട്ടക്ടഡ് ആണെങ്കില്‍, 1234, 1111, 0987 എന്നിങ്ങനെയുള്ള, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ ജനനത്തീയതി പോലെ എളുപ്പമുള്ള പിന്‍കോഡുകള്‍ ഉപയോഗിക്കരുത്. നിങ്ങളുടെ കുട്ടി നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ മിടുക്കനോ മിടുക്കിയോ ആയിരിക്കാം .
യു ട്യൂബിനും ഒരു നിയന്ത്രിത മോഡുണ്ട്
യു ട്യൂബ് നിയന്ത്രിത മോഡ് അല്ലെങ്കില്‍ കുട്ടികളുടെ മോഡ് ഉണ്ടെന്നത് പലര്‍ക്കും അറിയാമായിരിക്കും . നിങ്ങള്‍ എപ്പോഴെങ്കിലും യു ട്യൂബിൽ വീഡിയോകള്‍ക്കായി തിരഞ്ഞിട്ടുണ്ടെങ്കില്‍, ചില യു ട്യൂബര്‍മാര്‍ ലൈംഗികപ്രകോപനപരമായ വീഡിയോകളോ ലഘുചിത്രങ്ങളോ തമ്പ് നൈലായി പോസ്റ്റ് ചെയ്ത് കാഴ്ചക്കാരെ ‘ക്ലിക്ക് ബെയ്റ്റ്' ചെയ്യാന്‍ നോക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടാകും . ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്. യു ട്യൂബിൽ അശ്ലീല വീഡിയോകളും തീവ്രവാദികള്‍ ബന്ദികളെ വധിക്കുന്ന വീഡിയോകളും പോലെ ധാരാളം നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുണ്ട്. നിങ്ങളുടെ കുട്ടികള്‍ അവയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യു ട്യൂബിനും ഒരു നിയന്ത്രിത മോഡുണ്ട് എന്നതും അതു സുരക്ഷിതമായി ഉപയോഗിക്കുകയും ചെയ്യാം എന്നതും ഒരു നല്ല കാര്യമാണ്.
ഐ ഫോണില്‍ ‘screentime' ഓപ്ഷനിലാണ് നിങ്ങൾക്ക് ‘content & privacy restrictions' സെറ്റ് ചെയ്യാവുന്നത് ലിങ്ക് ഇവിടെയുണ്ട്: https://support.apple.com/en-us/HT201304. ആന്‍ഡ്രോയിഡില്‍ ഇതേ സെറ്റിംഗ്‌സ് ചെയ്യാനുള്ള ലിങ്ക് ഇവിടെയുണ്ട്: https://support.google.com/googleplay/answer/1075738?hl=en
കുട്ടികളാണ് ടാർഗറ്റ്
സമൂഹമാധ്യമങ്ങളുടെ സുരക്ഷാ പ്രാധാന്യവും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇന്റര്‍നെറ്റ് അഥവാ സൈബര്‍സ്‌പേസ് അനോണിമിറ്റിക്കു പേരുകേട്ടതാണ്. അതായത് ശരിയായ പേരോ മറ്റുവിവരങ്ങളോ കൈമാറാതെ തന്നെ പലരുമായും ആശയവിനിമയം ചെയ്യാം. അതുകൊണ്ട്, എന്തൊക്കെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പറയാം എന്നതിനെക്കുറിച്ചും കുട്ടികളോട് പറഞ്ഞുമനസ്സിലാക്കാം. പല സമൂഹമാധ്യമങ്ങള്‍ക്കും അക്കൗണ്ട് തുടങ്ങാന്‍ പ്രായപരിധിയുണ്ടെങ്കിലും അതൊക്കെ എങ്ങനെ മറികടക്കാം എന്ന് ഇന്നത്തെ കുട്ടികള്‍ക്കറിയാം എന്നത് മറക്കരുത്. കുട്ടികളുമായുള്ള തുറന്ന സംഭാഷണം തന്നെയാണ് ആദ്യത്തെ കടമ്പ .
ഇന്നത്തെക്കാലത്ത് പല സമൂഹമാധ്യമ പ്ലാറ്റുഫോമുകളിലൂടെയും കുട്ടികള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാം.

ഒരു സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ‘ആപ്പ്' എന്നത് ഒരു ചാറ്റ് ആപ്ലിക്കേഷനോ പ്ലാറ്റ്ഫോമോ ആണ്, അത് ആള്‍ക്കാരെ തല്‍ക്ഷണം സന്ദേശമയയ്ക്കാനും അവരുടെ കമ്പ്യൂട്ടറുകളിലൂടെയോ മൊബൈല്‍ ഉപകരണങ്ങളിലൂടെയോ പരസ്പരം ബന്ധിപ്പിക്കാനും പ്രാപ്തമാക്കുന്നു. Facebook Messenger, Kik, WhatsApp, WeChat, Snap, Telegram, Slack എന്നിവ മെസേജിംഗ് ആപ്പുകളില്‍ ഉള്‍പ്പെടുന്നു. ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. ഒപ്പം, ലോകമെമ്പാടുമുള്ള മറ്റുള്ളവരുമായി തല്‍ക്ഷണം കണക്റ്റുചെയ്യാനുള്ള സൗജന്യവും എളുപ്പവുമായ മാര്‍ഗം പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, അവയിലൂടെയുള്ള കമ്മ്യൂണിക്കേഷനിലുള്ള സുരക്ഷാ നടപടികളുടെ അഭാവം കുട്ടികളെയും യുവാക്കളെയും അനാവശ്യ സമ്പര്‍ക്കത്തിലേക്കും വിവരങ്ങളുടെയും മറ്റും നിരീക്ഷണമില്ലാത്ത വിതരണത്തിനും വിധേയമാക്കിയേക്കാം.
സുരക്ഷാ മുൻകരുതലുകൾ
മാതാപിതാക്കളെന്ന നിലയില്‍ കുട്ടികളുമായി പങ്കുവെയ്ക്കാവുന്ന ചില സുരക്ഷാമുന്‍കരുതലുകള്‍:
ഓണ്‍ലൈനില്‍ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിനുമുമ്പ് ചിന്തിക്കുക. തിരിച്ചെടുക്കലുകളൊന്നുമില്ലെന്ന് അവരെ ഓര്‍മിപ്പിക്കുക.
ലൈംഗികതയെ സൂചിപ്പിക്കുന്ന ചിത്രമോ വീഡിയോയോ ഒരിക്കലും അയയ്ക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുത്; ആരെങ്കിലും അങ്ങനത്തെ ചിത്രങ്ങള്‍ അയയ്ക്കുകയോ അല്ലെങ്കില്‍ അങ്ങനത്തെ ചിത്രങ്ങള്‍ അയക്കാന്‍ അഭ്യര്‍ത്ഥിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ മാതാപിതാക്കളോട് പറയണം.
അവര്‍ക്ക് ഭീഷണിപ്പെടുത്തുന്നതോ മോശമായതോ ലൈംഗികമായതോ ആയ സന്ദേശം ലഭിച്ചാലുടന്‍ തന്നെ മാതാപിതാക്കളോട് പറയുക. അയച്ചയാളില്‍ നിന്നുള്ള കൂടുതല്‍ ആശയവിനിമയങ്ങള്‍ തടയുക.
വിശ്വാസവും ബന്ധവും കെട്ടിപ്പടുക്കല്‍, സ്‌നേഹം / പ്രണയം, സമ്മാനങ്ങള്‍, ജോലികള്‍, മെച്ചപ്പെട്ട ജീവിതത്തിന്റെ വാഗ്ദാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ, ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെയും വേട്ടക്കാരുടെയും ചില തന്ത്രങ്ങള്‍ എങ്ങനെ തിരിച്ചറിയാമെന്ന് അവരെ പഠിപ്പിക്കുക.
അജ്ഞാതരായ ആള്‍ക്കാരില്‍നിന്ന് ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, മറുപടി നല്‍കരുത്. സൈബര്‍ലോകത്തെ ചതിക്കുഴികളില്‍ പല സംഭാഷണങ്ങളും തുടങ്ങുന്നത് ഇങ്ങനെയൊക്കെയായിരിക്കും പലപ്പോഴും.
പരിചയമില്ലാത്ത ഒരാളെ ഒരിക്കലും അവരുടെ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാന്‍ അനുവദിക്കരുത്. മൊബൈല്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണം ശ്രദ്ധിക്കാതെ വിടരുത്.
(ഇന്ത്യയിലെ സൈബര്‍ നിയമങ്ങളും, നിങ്ങള്‍ക്കെതിരെ ഒരു സൈബര്‍ ആക്രമണമുണ്ടായാല്‍ എങ്ങനെ പരാതിപ്പെടണമെന്നും എന്നതിനെക്കുറിച്ചു അടുത്ത ലേഖനത്തില്‍).
അന്താരാഷ്ട്ര സൈബര്‍സുരക്ഷാ വിദഗ്ധന്‍. സൈബര്‍സുരക്ഷാ പ്രഭാഷകനും എഴുത്തുകാരനുമാണ്. ഇന്റര്‍പോളിന്റെ പ്രത്യേക ക്ഷണിതാവ്. GSEC, CISSP, CISM, CRISC, CCSK തുടങ്ങിയ അന്താരാഷ്ട്ര സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍സ് നേടിയിട്ടുണ്ട്.
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
സംഗമേശ്വരന്‍ മാണിക്യം
Dec 14, 2022
5 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Nov 24, 2022
5 Minutes Read
ധന്യ പി.എസ്.
Oct 28, 2022
6 Minutes Read
മനില സി.മോഹൻ
Oct 27, 2022
20 Minutes Watch