പാരിസ്ഥിതിക
അഭയാർത്ഥികളെ
സൃഷ്ടിക്കുന്ന നയപരാജയം,
പുനരധിവാസമല്ല പരിഹാരം

കാലാവസ്ഥാവ്യതിയാനം വരും ദശകങ്ങളിൽ കേരളത്തിലെ ആഭ്യന്തര കുടിയേറ്റ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ആ നിലയ്ക്ക് 'കാലാവസ്ഥാ അഭയാർത്ഥി'കൾക്ക് പുനരധിവാസമല്ല ആവശ്യം, അവരുടെ അതിജീവനത്തിനാവശ്യമായ നയപരമായ തീരുമാനങ്ങളാണ്- നവാസ് എം. ഖാദർ എഴുതുന്നു.

കേരളത്തിന്റെ സാമൂഹ്യ– സാമ്പത്തിക ചരിത്രത്തിൽ കുടിയേറ്റം ഒരു സ്ഥിരഘടകമായി നിലകൊണ്ടിട്ടുണ്ടെങ്കിലും, സമകാലീന സാഹചര്യങ്ങളിൽ അത് പുതിയ അർത്ഥതലങ്ങൾ കൈവരിച്ച സവിശേഷ പ്രതിഭാസമായി മാറിയിരിക്കുകയാണ്. ദാരിദ്ര്യവും സാമൂഹിക അസുരക്ഷയും ജനങ്ങളെ സ്വദേശം വിടാൻ നിർബന്ധിതരാക്കുന്ന അവസ്ഥയെ സൂചിപ്പിച്ച് വൈലോപ്പിള്ളി ശ്രീധരമേനോൻ ‘ആസ്സാം പണിക്കാർ’ (1941)  എന്ന കവിതയിൽ ചോദിക്കുന്ന

“കുടികളെങ്ങനെ വിലക്കും ഞങ്ങളെ?
ചുടുമിഴിനീരിലൊരൊറ്റ വറ്റുണ്ടോ?” എന്ന വരികൾ, ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള നിർബന്ധിത കുടിയേറ്റത്തിന്റെ മാനസിക– സാമൂഹിക അടിത്തറയെ കാവ്യാത്മകമായി രേഖപ്പെടുത്തുന്നു. സാഹിത്യപരമായ ഈ സൂചന, കേരളത്തിലെ കുടിയേറ്റത്തിന്റെ ചരിത്ര– സാമൂഹിക യാഥാർത്ഥ്യങ്ങളുമായി വിമർശനാത്മകമായി ചേർന്നുനിൽക്കുന്നതായി കാണാം.

കേരളത്തിൽനിന്ന് മഹാനഗരങ്ങളിലേക്കും തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും നീണ്ടുപോയ കുടിയേറ്റപ്രവാഹങ്ങൾ, തുടക്കത്തിൽ ദാരിദ്ര്യമോചനത്തിന്റെയും വരുമാനസുരക്ഷയുടെയും മാർഗമായി രൂപപ്പെട്ടുവെന്ന് സാമൂഹ്യശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കുടിയേറ്റത്തെ വെറും വ്യക്തിപരമായ സാമ്പത്തിക തെരഞ്ഞെടുപ്പായി ചുരുക്കിക്കാണിക്കുന്നത് അപൂർണ്ണമായ വായനയാണ്; അത് വ്യാപകമായ ഘടനാപര അസമത്വങ്ങളുടെയും വികസന മാതൃകകളുടെയും പ്രതിഫലനമാണ്.

കുടിയേറ്റത്തെ ‘തിയറി ഓഫ് മൈഗ്രേഷനി’ലൂടെ  വിശദീകരിക്കുന്ന ഏവർട് ലി (1966)  “push–pull” സൈദ്ധാന്തിക മാതൃകയിൽ, വ്യക്തിയെ സ്വന്തം വാസസ്ഥലത്തിൽനിന്ന് പുറത്തേക്ക് നീക്കാൻ പ്രേരിപ്പിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ നിർണ്ണായകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. തൊഴിൽക്ഷാമം, വിഭവങ്ങളുടെ കുറവ്, സാമൂഹിക അരക്ഷിതാവസ്ഥ, പരിസ്ഥിതി പ്രതിസന്ധി എന്നിവയെ “push factors” ആയി വ്യാഖ്യാനിക്കുന്നു.

സമകാലിക സാഹചര്യത്തിൽ, ഈ സമ്മർദ്ദ ഘടകങ്ങളിൽ പരിസ്ഥിതിമാറ്റങ്ങൾ പ്രത്യേക പ്രാധാന്യം നേടുന്നു. കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ ആവർത്തനം, സമുദ്രനിരപ്പിലെ ഉയർച്ച, മണ്ണിന്റെ ലവണീകരണം, ജലക്ഷാമം എന്നിവ മനുഷ്യരുടെ ജീവോപാധികളെ തകർത്ത് നിർബന്ധിത സ്ഥലംമാറ്റത്തിന് വഴിയൊരുക്കുന്നു. ഇത്തരം നിർബന്ധിത നീക്കങ്ങളെ പാരിസ്ഥിതിക കുടിയേറ്റം എന്ന ആശയത്തിലൂടെ വിശകലനം ചെയ്യുന്നു.

പൊളിറ്റിക്കൽ ഇക്കോളജി എന്ന സൈദ്ധാന്തിക സമീപനം ഈ പ്രതിഭാസത്തെ കൂടുതൽ വിമർശനാത്മകമായി വായിക്കാൻ സഹായിക്കുന്നു. പരിസ്ഥിതിനാശം സ്വാഭാവിക പ്രക്രിയകളുടെ ഫലമെന്നതിലുപരി, വികസനത്തിന്റെ പേരിലുള്ള മനുഷ്യ ഇടപെടലുകൾ; ഖനനം, വനനശീകരണം, അനിയന്ത്രിത നഗരവൽക്കരണം, വിഭവങ്ങളുടെ അസമമായ വിനിയോഗം എന്നിവയുടെ രാഷ്ട്രീയ–സാമ്പത്തിക പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ട ഘടനാപരപ്രതിസന്ധിയാണെന്ന് ഈ സമീപനം ചൂണ്ടിക്കാണിക്കുന്നു. അതിന്റെ ആഘാതം സമൂഹത്തിലെ ദുർബല വിഭാഗങ്ങളിലാണ് അനുപാതികമായി കൂടുതൽ പ്രകടമാകുന്നത്. അതിനാൽ, സമകാലിക കുടിയേറ്റത്തെ സ്വമേധയാ നടക്കുന്ന ചലനമായി മാത്രം കാണാതെ, പരിസ്ഥിതി അനീതി, വികസനനയങ്ങളുടെ വൈരുദ്ധ്യം, സാമൂഹിക അസമത്വം എന്നിവയുടെ സംഗമബിന്ദുവായി നിരീക്ഷിക്കേണ്ടതുണ്ട്.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ ആവർത്തനം, സമുദ്രനിരപ്പിലെ ഉയർച്ച, മണ്ണിന്റെ ലവണീകരണം, ജലക്ഷാമം എന്നിവ മനുഷ്യരുടെ ജീവോപാധികളെ തകർത്ത് നിർബന്ധിത സ്ഥലംമാറ്റത്തിന് വഴിയൊരുക്കുന്നു.
കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങളുടെ ആവർത്തനം, സമുദ്രനിരപ്പിലെ ഉയർച്ച, മണ്ണിന്റെ ലവണീകരണം, ജലക്ഷാമം എന്നിവ മനുഷ്യരുടെ ജീവോപാധികളെ തകർത്ത് നിർബന്ധിത സ്ഥലംമാറ്റത്തിന് വഴിയൊരുക്കുന്നു.

പാരിസ്ഥിതിക കുടിയേറ്റം
കേരളത്തെ എങ്ങനെ രൂപപ്പെടുത്തുന്നു?

കേരളത്തിലെ പാരിസ്ഥിതിക കുടിയേറ്റം (Ecological Migration) എന്നത് കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങൾ, ദീർഘകാലാടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക ശോഷണം എന്നിവ മൂലമുണ്ടാകുന്ന ജനങ്ങളുടെ പലായനത്തെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ 590 കിലോമീറ്റർ നീളമുള്ള തീരപ്രദേശം കടലാക്രമണം, സമുദ്രനിരപ്പ് ഉയരൽ എന്നിവയാൽ കടുത്ത ഭീഷണിയിലാണ്. മൺറോ തുരുത്തിലെ ജനങ്ങൾ ഭൂമി താഴുന്നതും (land subsidence) ലവണാംശം കൂടുന്നതും കാരണം വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിക്കഴിഞ്ഞു. 2018, 2019 വർഷങ്ങളിലെ പ്രളയവും 2024-ൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലും വലിയ തോതിലുള്ള ആഭ്യന്തര കുടിയൊഴിപ്പിക്കലുകൾക്ക് കാരണമായിട്ടുണ്ട്. കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കവും കൃഷിനാശവും ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. പാരിസ്ഥിതിക കാരണങ്ങളാൽ കുടിയേറുന്നവർക്ക് ഇന്ത്യയിൽ നിലവിൽ 'കാലാവസ്ഥാ അഭയാർത്ഥി' എന്ന ഔദ്യോഗിക പദവിയോ പ്രത്യേക നിയമപരിരക്ഷയോ ഇല്ല. ദുരന്തനിവാരണനിയമം (2005) താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ദീർഘകാല പുനരധിവാസത്തിന് മതിയായ വ്യവസ്ഥകളില്ല. തീരദേശവാസികളെ പുനരധിവസിപ്പിക്കാൻ സർക്കാർ 'പുനർഗേഹം' പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും അത് അവരുടെ പരമ്പരാഗത ഉപജീവനമാർഗങ്ങളെ ബാധിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം വരും ദശകങ്ങളിൽ കേരളത്തിലെ ആഭ്യന്തര കുടിയേറ്റ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു

പാരിസ്ഥിതിക കുടിയേറ്റം സ്വാഭാവിക ദുരന്തങ്ങളുടെ ഫലം മാത്രമല്ല; മറിച്ച് അസമമായ വികസന മാതൃകയും മൂലധനസഞ്ചയപ്രക്രിയയും സൃഷ്ടിക്കുന്ന പരിസ്ഥിതിഅനീതിയുടെ സാമൂഹിക പ്രകടനമാണ്. കേരളത്തിലെ തീരക്ഷയം, വെള്ളപ്പൊക്കം, ഭൂമി സബ്‌സൈഡൻസ് തുടങ്ങിയ പ്രതിഭാസങ്ങൾ ദുർബല തൊഴിലാളി–മത്സ്യത്തൊഴിലാളി വർഗങ്ങളെ അനുപാതികമായി ബാധിക്കുന്നു; അതേസമയം ഉയർന്ന വരുമാന വിഭാഗങ്ങൾ അപകടഭൂമിശാസ്ത്രത്തിൽ നിന്ന് സ്വയം വേർതിരിക്കുന്നു. ഇതുവഴി, പരിസ്ഥിതി അപകടം വർഗ്ഗപരമായി വിതരണപ്പെടുന്നു . 2018–19 പ്രളയങ്ങളും ആവർത്തിച്ച കാലാവസ്ഥാ ദുരന്തങ്ങളും ഉൽപ്പാദനാധിഷ്ഠിത ഉപജീവന ഘടനയെ തകർത്ത് നിർബന്ധിത കുടിയേറ്റം വർദ്ധിപ്പിച്ചതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നിയമപരമായ സംരക്ഷണമില്ലായ്മയും താൽക്കാലിക പുനരധിവാസനയങ്ങളും മനുഷ്യ  വർഗത്തെ “disposable population” ആക്കി മാറ്റുന്നു. അതിനാൽ പാരിസ്ഥിതിക കുടിയേറ്റം ഒരു പ്രകൃതി പ്രശനം മാത്രമല്ല ; അത് വികസനത്തിന്റെ ബാക്കിപത്രമാണ്.

(അവലംബം: വിവിധ പഠന റിപ്പോർട്ടുകൾ)
(അവലംബം: വിവിധ പഠന റിപ്പോർട്ടുകൾ)

ഇന്ത്യയിലെ പാരിസ്ഥിതിക കുടിയേറ്റം സാവധാനത്തിലുള്ള കാലാവസ്ഥാമാറ്റങ്ങളും ഉപജീവനവ്യവസ്ഥകളുടെ തകർച്ചയും ചേർന്ന് സൃഷ്ടിക്കുന്ന ഘടനാപരമായ സാമൂഹിക പ്രതിസന്ധിയാണ്. സമുദ്രനിരപ്പ് ഉയരൽ, ലവണീകരണം, വരൾച്ച, ആവർത്തിച്ച വെള്ളപ്പൊക്കം തുടങ്ങിയ gradual-onset ഘടകങ്ങൾ കൃഷിയുടെയും മത്സ്യബന്ധനത്തിന്റെയും സാധ്യതകൾ ഇല്ലാതാക്കുകയും “distress migration” വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

2021-ൽ പ്രകൃതിദുരന്തങ്ങൾ മൂലം ഇന്ത്യയിൽ ഏകദേശം 5 മില്യൺ പേർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടതായി Internal Displacement Monitoring Centre (2022) രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ സുന്ദർബൻസും ഒഡീഷ തീരവും പോലെ കേരളത്തിലെ മൺറോ തുരുത്ത്, കുട്ടനാട് മേഖലകൾ ഭൂമി സബ്‌സൈഡൻസ്, ലവണാംശ വർദ്ധന, വെള്ളപ്പൊക്കം എന്നിവ മൂലം നിർബന്ധിത കുടിയേറ്റത്തിന്റെ പ്രാദേശിക മാതൃകകളാണ്. നിയമപരമായ “കാലാവസ്ഥാ അഭയാർത്ഥി” അംഗീകാരം ഇല്ലാത്തത് പുനരധിവാസത്തെ താൽക്കാലിക ആശ്വാസത്തിൽ ഒതുക്കുന്നു.

പാരിസ്ഥിതിക കുടിയേറ്റം
നയരൂപീകരണത്തിൽ

കേരളത്തിലെ പാരിസ്ഥിതിക തകർച്ച മൂലമുള്ള ആഭ്യന്തര കുടിയേറ്റവും, മറ്റ് സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉപജീവനവും പാർപ്പിടവും നഷ്ടപ്പെട്ട ജനങ്ങൾ കേരളത്തിലേക്ക് കുടിയേറുന്നതും, സമകാലിക ഇന്ത്യ നേരിടുന്ന കാലാവസ്ഥാ രാഷ്ട്രീയത്തിന്റെ (climate politics) രണ്ടു മുഖങ്ങളായി വായിക്കാം. ഇത് കേവലം പ്രകൃതിദുരന്തപ്രതിഭാസമല്ല; മറിച്ച് ആധിപത്യ വികസന മാതൃക (hegemonic development model) സൃഷ്ടിക്കുന്ന സാമൂഹിക–പാരിസ്ഥിതിക പ്രതിസന്ധിയുടെ ദൃശ്യരൂപമാണ്.

കാലാവസ്ഥാ ആഘാതങ്ങളോട് അതീവ ദുർബലമായ കേരളത്തിൽ പാരിസ്ഥിതിക കുടിയേറ്റം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. ഉയർന്ന വേലിയേറ്റവും തീരദേശ വെള്ളക്കയറ്റവും മൂലം 800-ലധികം കുടുംബങ്ങൾ സ്ഥിരമായി താമസം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു എന്ന കണക്കുകൾ, സംസ്ഥാനത്തിന്റെ വികസന ആഖ്യാനം (development narrative) എത്രമാത്രം ജനകീയ യാഥാർഥ്യങ്ങളിൽ നിന്ന് വിച്ഛിന്നമാണെന്ന് സൂചിപ്പിക്കുന്നു. കടലാക്രമണവും സമുദ്രനിരപ്പ് ഉയരുന്നതും മൂലം തീരദേശങ്ങളിൽ ഭൂമി നഷ്ടപ്പെടുന്നതും, കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ആവർത്തിക്കുന്ന പ്രളയവും മണ്ണിലെ ഉപ്പുരസം വർധിക്കുന്നതും കൃഷിയെ അസാധ്യമാക്കുന്നു. ഇതെല്ലാം ചേർന്ന് ഗ്രാമീണ ജനവിഭാഗങ്ങളെ ഉപജീവനരഹിതമായ സബാൾട്ടേൺ വിഭാഗങ്ങളാക്കി (subaltern classes) മാറ്റുന്നു.

2024-ലെ വയനാട് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ നിർബന്ധിത കുടിയേറ്റത്തിന്റെ അതീവ ക്രൂരമായ രൂപമാണ്. ഇത്തരം ദുരന്തങ്ങൾ “അപകടങ്ങൾ” മാത്രമല്ല; സംസ്ഥാനത്തിന്റെ നയപരമായ പരാജയങ്ങളും (state failure) വികസന മുൻഗണനകളിലെ അസമത്വവും വെളിപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിലാണ്, കാലാവസ്ഥാവ്യതിയാനം മൂലം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് തൊഴിലും പാർപ്പിടവും നഷ്ടപ്പെട്ട ജനങ്ങൾ കേരളത്തെ “സുരക്ഷിത ഇടം” (relative safe space) ആയി കാണുന്നത്.

2024-ലെ വയനാട് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ നിർബന്ധിത കുടിയേറ്റത്തിന്റെ അതീവ ക്രൂരമായ രൂപമാണ്.
2024-ലെ വയനാട് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ നിർബന്ധിത കുടിയേറ്റത്തിന്റെ അതീവ ക്രൂരമായ രൂപമാണ്.

ഒഡീഷ, പശ്ചിമ ബംഗാൾ (സുന്ദർബൻ മേഖല), അസം, ബിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ തീരദേശ മണ്ണൊലിപ്പും ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും വരൾച്ചയും സൃഷ്ടിക്കുന്ന push factors ഇവരെ കേരളത്തിലേക്ക് തള്ളിവിടുന്നു. എന്നാൽ കേരളത്തിലെത്തുന്ന അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ “സാമ്പത്തിക ചൂഷകർ” എന്ന രീതിയിൽ ചില അക്കാദമിക്– പൊതു സംവാദങ്ങൾ ചിത്രീകരിക്കുന്നത് സാംസ്കാരിക ആധിപത്യത്തിന്റെ (cultural hegemony) ഉദാഹരണമാണ്. ആധിപത്യവർഗ്ഗത്തിന്റെ കാഴ്ചപ്പാട് “പൊതു ബുദ്ധി” (common sense) ആയി അവതരിപ്പിക്കപ്പെടുമ്പോൾ, കുടിയേറ്റക്കാരുടെ യഥാർത്ഥ അവസ്ഥ മറച്ചുവെക്കപ്പെടുന്നു.

 പാരിസ്ഥിതിക കുടിയേറ്റങ്ങളെ കേവലം സാമ്പത്തിക പ്രശ്നമായി കാണുന്ന ഭരണകൂട സമീപനം, സ്റ്റേറ്റും സിവിൽ സമൂഹവും ചേർന്ന് നിർമ്മിക്കുന്ന ഹേജിമോണിക് സമ്മതത്തിന്റെ ഭാഗമാണ്. സാമൂഹിക സൂചികകൾ (social indices) മെച്ചപ്പെടുത്തുന്നതിനായി രൂപപ്പെടുത്തിയ നയങ്ങൾ പോലും, യഥാർത്ഥത്തിൽ ഏറ്റവും അർഹരായ പാരിസ്ഥിതിക കുടിയേറ്റക്കാർക്ക് ലഭിക്കാതെ പോകുന്നു എന്നത് ഈ ആധിപത്യ നയരൂപീകരണത്തിന്റെ പരിമിതിയാണ്.

അതുകൊണ്ടുതന്നെ, പാരിസ്ഥിതിക കുടിയേറ്റ നയം ഒരു അവകാശാധിഷ്ഠിത രാഷ്ട്രീയപദ്ധതിയായി (rights-based political project) പുനർചിന്തിക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹിക സുരക്ഷാ പദ്ധതികളെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധിപ്പിക്കുകയും, “കാലാവസ്ഥാ അഭയാർത്ഥി” (climate refugee) എന്ന നിയമപരമായ പദവി അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിലൂടെ ഉപജീവന ഉപാധികൾ നഷ്ടപ്പെട്ട ജനങ്ങൾക്ക് ദീർഘകാല പുനരധിവാസത്തിനും നിയമപരമായ സംരക്ഷണത്തിനും വഴിതുറക്കാം.

ഇന്ത്യയിൽ പാരിസ്ഥിതിക കുടിയേറ്റത്തിന് ആധികാരികമായ രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതുമൂലം സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തെ നയപരമായി സമീപിക്കാനാകുന്നില്ല. രജിസ്ട്രേഷൻ സംവിധാനവും ഡേറ്റാ ശേഖരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (LSGs) മുഖേന നടപ്പാക്കുന്നത്, കുടിയേറ്റക്കാരെ “ഭരണത്തിന്റെ വസ്തുക്കൾ” (objects of policy) എന്ന നിലയിൽ നിന്ന് “രാഷ്ട്രീയ വിഷയങ്ങൾ” (political subjects) എന്ന നിലയിലേക്ക് ഉയർത്തും. സംസ്ഥാനാന്തര സഹകരണവും ഇതിലൂടെ സാധ്യമാകും. കുടിയേറ്റത്തെ നിയന്ത്രിക്കേണ്ട ഒരു “പ്രശ്ന”മായി കാണുന്ന സമീപനം, ആധിപത്യ വികസന ചിന്തയുടെ ഫലമാണ്. അതിനുപകരം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള അനിവാര്യ സാമൂഹിക തന്ത്രമായി കുടിയേറ്റത്തെ അംഗീകരിക്കുകയും, കുടിയേറ്റക്കാർക്ക് അന്തസ്സും അവകാശങ്ങളും ഉറപ്പാക്കുന്ന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ് യഥാർത്ഥത്തിൽ ഒരു ജനാധിപത്യ–പരിസ്ഥിതി രാഷ്ട്രീയത്തിന്റെ അടിസ്ഥാനം.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹിക സുരക്ഷാ പദ്ധതികളെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധിപ്പിക്കുകയും, “കാലാവസ്ഥാ അഭയാർത്ഥി” (climate refugee) എന്ന നിയമപരമായ പദവി അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹിക സുരക്ഷാ പദ്ധതികളെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധിപ്പിക്കുകയും, “കാലാവസ്ഥാ അഭയാർത്ഥി” (climate refugee) എന്ന നിയമപരമായ പദവി അംഗീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

മൂലധനവും
ചൂഷണവും

പാരിസ്ഥിതിക കുടിയേറ്റം ഒരു അനിവാര്യ ദുരന്തഫലംമാത്രമല്ല; മറിച്ച് മൂലധനസഞ്ചയത്തിന്റെ അശേഷവ്യാപനത്വം സൃഷ്ടിക്കുന്ന സാമൂഹിക–പരിസ്ഥിതിക വൈരുദ്ധ്യങ്ങളുടെ രാഷ്ട്രീയ പ്രകടനമാണ്. മൂലധനം നിലനിൽക്കാൻ പുതിയ വിഭവങ്ങളെയും മനുഷ്യജീവിതങ്ങളെയും നിരന്തരം അധീനപ്പെടുത്തുമ്പോൾ, പ്രകൃതിയും തൊഴിലാളിവർഗ്ഗവും ഒരുപോലെ ചൂഷണത്തിനിരയാകുന്നു. കേരളത്തിലെ പാരിസ്ഥിതിക കുടിയേറ്റം ഈ മൂലധനാധിഷ്ഠിത വികസനത്തിന്റെ പരിധികളെയും അതിന്റെ മനുഷ്യച്ചെലവിനെയും തുറന്നുകാട്ടുന്നു. അതിനാൽ, പരിഹാരം പരിഷ്കരണങ്ങളിലല്ല; മനുഷ്യനും പ്രകൃതിയും കേന്ദ്രമാക്കുന്ന ഒരു ജനാധിപത്യ–സാമൂഹിക പുനഃസംഘടനയിലാണ് ഉണ്ടാകേണ്ടത്.

Comments