കാലം തെറ്റുന്ന കാലാവസ്ഥ,
കൃഷി ചെയ്യാനാകാത്ത കേരളം

കാലാവസ്​ഥാ വ്യതിയാനം കേരളത്തെയും നേരിട്ടുതന്നെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. കാർഷികമായും പാരിസ്ഥിതികമായും ഉണ്ടാകുന്ന ആഘാതങ്ങൾക്കൊപ്പം, ഉപഭോഗ സംസ്ഥാനം എന്ന നിലയിൽ, ഭക്ഷ്യ സുരക്ഷാ രംഗത്ത്​ കേരളം സങ്കീർണമായ വെല്ലുവിളികളാണ് നേരിടേണ്ടി വരിക- ഒരു വിദഗ്​ധ പഠനം

ഭൂമണ്ഡലത്തിന്റെ ചൂട് വർധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു- ഹിമയുഗം മുതൽ തന്നെ. എന്നാൽ സാവധാനത്തിലായിരുന്ന ഈ വർധന ഇപ്പോൾ വേഗത്തിലാണ്. 1880 മുതലുള്ള ഓരോ ദശകത്തിലും അന്തരീക്ഷ താപനില 0.08 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ വർധിക്കുകയാണ്. 2020-ലെ താപനില, 1880 നെ അപേക്ഷിച്ച്​ 1.2 ഡിഗ്രി ൽഷ്യസ് അധികമാണ്. 2024 ൽ താപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി ഉയരാനുള്ള സാധ്യതയും ചെറുതല്ല. ഈ താപനത്തിനു കാരണമായ കാർബൺ ഡൈ ഓക്സൈഡിന്റെ തോത് 1880 ലെ 285 പി.പി.എം. എന്ന നിലയിൽ നിന്ന്​ 2021 ൽ 412.5 പി.പി.എം. എന്ന നിലയിലെത്തിക്കഴിഞ്ഞു.
വ്യാവസായിക കാലഘട്ടത്തിനുശേഷമുള്ള സാങ്കേതിക- സാമ്പത്തിക- സാമൂഹിക മാറ്റങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം വർധിപ്പിക്കുകയും അതുമൂലം താപനം വേഗത്തിലാക്കുകയും ചെയ്തു. അതായത്, നമുക്ക് പരിചിതമായ കാലാവസ്ഥയിൽ അതിവേഗം മാറ്റമുണ്ടാകുന്ന തരത്തിൽ. താപന തോത് 1.5 ഡിഗ്രി സെൽഷ്യസ് എന്ന നിലയിൽ പിടിച്ചുനിർത്താനായില്ലെങ്കിൽ ഭൂമിയിലെ ജീവിതം ഏറെ ദുഷ്‌കരമായിരിക്കുമെന്ന്​ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും നാളേറെയായി. എന്നാൽ ചൂട് നിയന്ത്രിക്കാനും ആഘാതം ലഘൂകരിക്കാനും അതിജീവിക്കാനും പ്രയാസകരമായിരിക്കയാണ്. ഈയിടെ നടന്ന ‘സി.ഒ.പി 26’ എന്നറിയപ്പെടുന്ന ആഗോള സമ്മേളനം സംഗതിയുടെ ഗൗരവം അടിവരയിടുന്നുവെങ്കിലും, താപനം നിയന്ത്രിക്കാനുള്ള ആഗോള നടപടികളുടെ കാര്യത്തിൽ യോജിപ്പിലെത്തിയില്ല എന്നത് ആശങ്കാജനകമാണ്​.

നമ്മുടെ കൃഷിയും ജീവിതവും സംസ്‌കാരവും കാലാവസ്ഥയുമായി നേർബന്ധമുള്ളതാണ്. എന്നാൽ മാറിമറിയുന്ന കാലാവസ്ഥയിൽ പകച്ചുനിൽക്കുകയാണ് കേരളമിന്ന്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം ഏറ്റവും കഠിനമായി അനുഭവിക്കേണ്ടി വരിക വികസ്വര- അവികസിത രാജ്യങ്ങളിലെ ജനങ്ങളായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഈ രാജ്യങ്ങളിലെ ജനങ്ങൾ ഏറെയും പ്രാഥമിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്; കൃഷി, മത്സ്യബന്ധനം, വനവിഭവങ്ങൾ എന്നിങ്ങനെ. കാലാവസ്ഥാ മാറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്നതും ഈ മേഖലകളെത്തന്നെ. എന്നാൽ ഈ ആഘാതം നേരിടാനാവശ്യമായ സാങ്കേതിക ജ്ഞാനവും സാമ്പത്തിക ശേഷിയും തുലോം പരിമിതമാണെന്നത് ഈ ജനസമൂഹങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നതിൽ ഏറെ പിന്നിലായിരുന്ന ഈ രാജ്യങ്ങൾ പക്ഷേ, അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാവുന്നു എന്നത് വൈരുധ്യമാണ്. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിലെ അന്താരാഷ്ട്ര ചർച്ചകളിൽ വികസിത- വികസ്വര രാഷ്ട്രങ്ങൾ വ്യത്യസ്ത നിലപാടുകളുമായി യോജിക്കാനാവാതെ തുടരുന്നത്.

വികസ്വര-അവികസിത രാജ്യങ്ങളിലെ ജനങ്ങൾ കൃഷി, മത്സ്യബന്ധനം, വനവിഭവങ്ങൾ എന്നിങ്ങനെ കാലാവസ്ഥാ മാറ്റം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രാഥമിക മേഖലകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്! ഹരിതഗൃഹവാതകങ്ങൾ പുറംതള്ളുന്നതിൽ ഏറെ പിന്നിലായിരുന്ന ഈ രാജ്യങ്ങൾ പക്ഷേ, അതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാവുന്നു എന്നത് വൈരുധ്യമാണ്. / Photo: Wikimedia Commons

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം സമസ്ത മേഖലകളെയും ബാധിക്കുന്നുണ്ട്. ഹ്രസ്വകാലം- ദീർഘകാലം, പ്രത്യക്ഷം- പരോക്ഷം എന്നിങ്ങനെ ആഘാതത്തിന്റെ തോതും, തരവും, അളവും വ്യത്യാസപ്പെട്ടേക്കാമെന്നു മാത്രം. ആഗോള താപനത്തിന്റെ പ്രകടമായ പ്രത്യാഘാതങ്ങളിൽ ദീർഘകാലത്തേക്ക്​ക്രമേണ സംഭവിക്കുന്ന മാറ്റങ്ങളും, ഹ്രസ്വകാലത്തിലുള്ള പ്രകൃതി ക്ഷോഭങ്ങളും പെടുന്നു. പതുക്കെ മാത്രം സംഭവിക്കുന്ന മാറ്റങ്ങളെക്കാളേറെ ചർച്ച ചെയ്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്യുന്നത് പെട്ടെന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളാണ്. ഒരുപക്ഷെ കേരളം ഇപ്പോൾ ആശങ്കപ്പെടുന്നത് ഏറെയും ഇത്തരം ഹ്രസ്വകാല -അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങളെപ്പറ്റിയാണ്. അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത് എന്നതുകൊണ്ടുതന്നെ, പലപ്പോഴും മുന്നൊരുക്കങ്ങളും കുറവായിരിക്കുമല്ലോ. ജീവനും സ്വത്തിനും വൻ ഭീഷണിയാകുന്ന തരത്തിലുള്ള പ്രകൃതിക്ഷോഭങ്ങളുടെ എണ്ണവും രൂക്ഷതയും വർധിക്കുമെന്നത് ഉറപ്പാണെന്ന് മുന്നയിപ്പുകൾ നല്കിക്കഴിഞ്ഞിട്ടുണ്ട്, ശാസ്ത്രലോകം.

കടലിൽ ആവർത്തിക്കുന്ന ചുഴലിക്കാറ്റും ന്യൂനമർദ്ദങ്ങളും

‘മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയു’മെന്നും ‘കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ലെ’ന്നും ഉള്ള പഴമൊഴികൾ, നമ്മുടെ പൂർവിക തലമുറകൾ കൈമാറിയ നിരീക്ഷണ പാടവം വെളിപ്പെടുത്തുന്നതാണ്. നമ്മുടെ കൃഷിയും ജീവിതവും സംസ്‌കാരവും കാലാവസ്ഥയുമായി നേർബന്ധമുള്ളതാണ്. എന്നാൽ മാറിമറിയുന്ന കാലാവസ്ഥയിൽ പകച്ചുനിൽക്കുകയാണ് കേരളമിന്ന്. തിരുവാതിര ഞാറ്റുവേലയിൽ അഭിമാനം കൊണ്ടിരുന്ന സാമൂതിരിക്കാലം പൊയ്‌പ്പോയതായി ആശങ്കപ്പെടുകയാണിന്നു നാം.

600 കിലോമീറ്ററോളമുള്ള സമുദ്രതീരവും, ഏറെ ലോലമായ പശ്ചിമഘട്ടവും പടിഞ്ഞാറോട്ടു ചരിഞ്ഞ ഭൂമിയും, ജനസാന്ദ്രതയും (ഒരു ചതുരശ്ര കിലോമീറ്ററിൽ 860 ജനങ്ങൾ) കേരളത്തെ അതിദുർബലമാക്കുന്ന ഘടകങ്ങളാണ്. അതോടൊപ്പം, ഭൂവിനിയോഗരീതികളിലെ മാറ്റങ്ങൾ, അതിവേഗമുള്ള നഗരവൽക്കരണം, സാമ്പത്തിക സാങ്കേതിക വികാസം എന്നിവയെല്ലാം തന്നെ ഈ ആഘാതത്തിന്​ആക്കം കൂട്ടുന്നു.

2010 മുതലുള്ള കാലഘട്ടങ്ങളിൽ നമ്മുടെ സംസ്ഥാനം അതിരൂക്ഷമായ വരൾച്ച അനുഭവിച്ച കാലമായിരുന്നു. നമുക്കപരിചിതമായിരുന്ന ഉഷ്ണക്കാറ്റുകളും സൂര്യാഘാതവും റിപ്പോർട്ട്​ ചെയ്യപ്പെട്ടു. എന്നാൽ ഇപ്പോൾ നാം കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു മുഖം കാണുകയാണ് - പ്രകൃതിദുരന്തങ്ങൾ പതിവാകുന്നു.

നമ്മുടെ സമുദ്രതീരത്തിലെ 322 കിലോമീറ്ററും അതിലോല പ്രദേശങ്ങളാണ്. കേരള തീരത്തിന്റെ 41 ശതമാനം പ്രദേശത്തും ഗുണശോഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്​. തീരദേശ ശോഷണവും കടൽ ക്ഷോഭവും സംസ്ഥാനത്ത് നിത്യ സംഭവമായിക്കഴിഞ്ഞു. മൽസ്യ സമ്പത്തിലുണ്ടാകുന്ന കുറവ്, മത്സ്യബന്ധനം അസാധ്യമാക്കുന്ന കടൽക്ഷോഭം, സമുദ്രനിരപ്പുയരുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം തീരദേശ ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു. സമുദ്രനിരപ്പ് ഒരു മീറ്റർ ഉയരുമ്പോൾ കൊച്ചിയുടെ 169 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളത്തിനടിയിലാവുമെന്നും 2130 ഓടെ കൊച്ചി പൂർണമായും മുങ്ങുമെന്നുമുള്ള പ്രവചങ്ങൾ പ്രശ്‌നത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു. അതോടൊപ്പം, വർധിച്ചു വരുന്ന ഉപ്പുരസം കൂടുതൽ ഉൾപ്രദേശങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനും വെല്ലുവിളിയാകുന്ന സാഹചര്യമാണിത്.

2017-ലെ ഓഖി ചുഴലിക്കാറ്റിലും തുടർച്ചയായ കടൽക്ഷോഭങ്ങളിലും തിരുവന്തപുരത്തെ വലിയതുറ കൊച്ചുതോപ്പിൽ തകർന്ന വീടുകൾ / Photo: Muhammed Hanan

പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനാടു പ്രദേശം ഒരുപക്ഷെ തീരദേശത്തേക്കാളേറെ പ്രശ്‌നസങ്കീർണമാണ്. ഉയർന്നുകൊണ്ടിരിക്കുന്ന താപനില, ജലദൗർലഭ്യം, മഴയുടെ സ്വഭാവ മാറ്റങ്ങൾ എന്നിങ്ങനെ നാനാവിധത്തിൽ ജനജീവിതം ദുസ്സഹമാവുകയാണ്. മലനാടുകളിലെ മാറ്റം ഇടനാടുകളെയും തീരദേശങ്ങളെയും കൂട്ടിബാധിക്കുന്നതരത്തിൽ പരസ്പര്യമുള്ളതാണല്ലോ കേരളത്തിന്റെ ഭൂപ്രകൃതി.

2010 മുതൽ കേരളം അതിരൂക്ഷമായ വരൾച്ച അനുഭവിച്ചുവരികയാണ്​. നമുക്കപരിചിതമായിരുന്ന ഉഷ്ണക്കാറ്റുകളും സൂര്യാഘാതവും റിപ്പോർട്ട്​ ചെയ്യപ്പെട്ടു. ശരാശരി താപനില കടക്കുന്ന സാഹചര്യങ്ങൾ പതിവായി. എന്നാൽ ഇപ്പോൾ നാം കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റൊരു മുഖം കാണുകയാണ് - പ്രകൃതിദുരന്തങ്ങൾ പതിവാകുന്നു. താരതമ്യേന ശാന്തമായിരുന്ന ശാന്തസമുദ്രവും അറബിക്കടലും ചുഴലിക്കാറ്റുകളുടെയും ന്യൂനമർദ്ദങ്ങളുടെയും വേദിയായി മാറിക്കഴിഞ്ഞു. 2001 - 2019 കാലയളവിൽ അറബിക്കടലിലെ ചുഴലിവാതങ്ങൾ 52 ശതമാനം കണ്ട്​ വർധിച്ചു. 2020 ലെ ഒൻപത്​ പ്രധാന ന്യൂനമർദ്ദങ്ങളിൽ നാലും അറബിക്കടലിലായിരുന്നു. അറബിക്കടലിലെ മാറ്റങ്ങൾ നമ്മുടെ കൊച്ചു കേരളത്തെയാണല്ലോ ഏറ്റവും ബാധിക്കുക. ഒരു ശതാബ്ദത്തിനു ശേഷം, ലോകം തന്നെ പകച്ചു പോയ ഒന്നായിരുന്നു 2018 ലെ വെള്ളപ്പൊക്കം. തികച്ചും അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടത് 480 ജീവനാണ്​. ജീവനും സ്വത്തിനും സംഭവിച്ച നഷ്ടത്തിനുപുറമെ, അതുണ്ടാക്കിയ മാനസിക ആഘാതങ്ങളിൽ നിന്ന് മുക്തി നേടുവാൻ ഏറെ നാളുകൾ വേണ്ടിവന്നു പലർക്കും. 2017 ലെ ഓഖി, 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കം, 20-21 വർഷങ്ങളിലെ ഉരുൾപൊട്ടൽ എന്നിവയെല്ലാം കേരളീയരെ സംബന്ധിച്ച്​കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ആഘാതങ്ങളാണ്. അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നതും നാം അനുഭവിക്കുകയാണ്. തുടർന്നു കൊണ്ടിരിക്കുന്ന ഇടവപ്പാതിയും കാലവർഷവും കേരളീയരെ അന്ധാളിപ്പിക്കുന്നുണ്ടിപ്പോൾ.

കഴിഞ്ഞ 120 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച മാസമാണ്, ഇക്കൊല്ലം ആഗസ്ത്. എന്നാൽ സെപ്തംബറിലാവട്ടെ 2017 ൽ അതെ കാലയളവിൽ ലഭിച്ച മഴയുടെ മൂന്നിരട്ടിയോളം ആയിരുന്നു താനും. തികച്ചും പ്രവചനാതീതവും അമ്പരപ്പിക്കുന്ന തരത്തിലുമുള്ള മഴക്കാലമാണ് ഈ വർഷമുണ്ടായത്​.

ഈ വർഷം, തെക്കേ ഇന്ത്യയിൽ പൊതുവെ 11 ശതമാനം മഴ അധികം ലഭിച്ചുവെന്നാണ്​ കണക്ക്​. ആഗസ്ത് മുതൽ നാല് മാസങ്ങളിലെ മഴക്കണക്ക്​കാലാവസ്ഥാ സ്ഥിതിവിവര ചരിത്രത്തിലെ തന്നെ വേറിട്ട നിലയിലാണ്. കഴിഞ്ഞ 120 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച മാസമാണ്, ഇക്കൊല്ലം ആഗസ്ത്. എന്നാൽ സെപ്തംബറിലാവട്ടെ 2017 ൽ അതെ കാലയളവിൽ ലഭിച്ച മഴയുടെ മൂന്നിരട്ടിയോളം ആയിരുന്നു താനും. തികച്ചും പ്രവചനാതീതവും അമ്പരപ്പിക്കുന്ന തരത്തിലുമുള്ള മഴക്കാലമാണ് ഈ വർഷമുണ്ടായത്​. പ്രാദേശികമായി, പരിമിതമായ പ്രദേശത്തുമാത്രം വളരെ ശക്തമായ മഴ, കുറഞ്ഞ സമയത്തിനുള്ളിൽ പെയ്‌തൊഴിയുക എന്ന പ്രതിഭാസം ഏതാണ്ട് നമുക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. ദൈനംദിന ജീവിതത്തെയും ചുറ്റുപാടുകളെയും ബാധിക്കുന്ന തരത്തിൽ കാലാവസ്ഥാ വ്യതിയാനം അനുഭവവേദ്യമായിക്കഴിഞ്ഞു.

തികച്ചും പ്രവചനാതീതവും അമ്പരപ്പിക്കുന്ന തരത്തിലുമുള്ള മഴക്കാലമാണ് ഈ വർഷത്തേതു. പ്രാദേശികമായി, പരിമിതമായ പ്രദേശത്തുമാത്രം വളരെ ശക്തമായ മഴ, കുറഞ്ഞ സമയത്തിനുള്ളിൽ പെയ്‌തൊഴിയുക എന്ന പ്രതിഭാസം ഏതാണ്ട് നമുക്ക് പരിചിതമായിക്കഴിഞ്ഞിരിക്കുന്നു. / Photo: Muhammed Hanan

കേരളത്തിലെ നെല്ലുൽപാദനം പ്രതിസന്ധിയിൽ

കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന ഒരു രംഗമാണ് കാർഷിക രംഗം. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ, കൃഷി ഇന്നും കാലാവസ്ഥയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇന്നും നമ്മുടെ ജനസംഖ്യയുടെ പകുതിയിലേറെപ്പേരും, അതും ഗ്രാമീണമേഖലയിൽ, ഉപജീവനത്തിന്​ ആശ്രയിക്കുന്നത് കൃഷിയെത്തന്നെയാണെന്നതും അവർ പ്രായേണ പരിമിതമായ സാമ്പത്തിക സ്ഥിതിയിലുള്ളവരാണെന്നതും ഈ ആഘാതത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു.

ആഗോള താപനം ഭക്ഷ്യ ഉല്പാദനത്തിൽ വരുത്തുന്ന ആഘാതങ്ങളെപ്പറ്റി ഒട്ടനവധി പഠനങ്ങൾ ആശങ്കപ്പെടുത്തുന്ന കണക്കുകൾ നിരത്തുന്നുണ്ട്. പൊതുവിൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കാർഷിക ഉത്പാദനരംഗത്ത് വിപരീത ഫലങ്ങളാണുണ്ടാക്കുക എന്നാണ് നിഗമനം. നമ്മുടെ നാട്ടിലെ പ്രധാന ഭക്ഷ്യ ധാന്യമായ അരിയുടെ ഉത്പാദനവും കുറയും. ഉയർന്ന താപനിലയും മഴയുടെ കുറവുമാണ്​ കേരളത്തിലെ നെല്ലുല്പാദനത്തെ പ്രതികൂലമായി ബാധിക്കുകയെന്ന്​ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. താപനിലയിൽ ഓരോ ഡിഗ്രി സെൽഷ്യസ് വർധനയും ശരാശരി ആറ് ശതമാനം ഉല്പാദന നഷ്ടത്തിലേക്ക് നയിച്ചേക്കാം. നമ്മുടെ ആവശ്യങ്ങളുടെ പത്തിലൊന്നു പോലും അരി ഉത്പാദനം സാധ്യമല്ലാത്ത ഈ നിലയിൽ നിന്ന്​ കൂടുതൽ ഉല്പാദന നഷ്ടത്തിലേക്കാവുന്ന സാഹചര്യമാണ് പ്രവചിക്കപ്പെടുന്നത്. പൊതുവിൽ, സസ്യങ്ങളുടെ പരാഗണ സമയത്തുണ്ടാകുന്ന അധിക താപനില പരാഗണത്തെയും പൂമ്പൊടിയുടെ മുള ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ജലദൗർലഭ്യം ജലസേചിത വിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. ചിരസ്ഥായി വിളകളായ തെങ്ങ്, കവുങ്ങ് എന്നിവക്കുള്ള ജലസേചനം പരിമിതപ്പെടുത്തുന്നതും നിറുത്തുന്നതും ദീർഘകാലത്തേക്ക്​ വിളയ്ക്ക് ദോഷം ചെയ്യും. ദക്ഷിണേന്ത്യയിലെ പ്രധാന തെങ്ങു കൃഷി മേഖലകളിലെല്ലാം തുടർച്ചയായ വരൾച്ചക്കുശേഷം 3 - 4 വർഷത്തേക്ക് ഉല്പാദനക്ഷമത കുറഞ്ഞതായി കണ്ടിട്ടുണ്ട്. ഉയർന്ന കാർൺ ഡൈ ഓക്‌സൈഡ് നില തെങ്ങിന്റെ രോഗ- കീട പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന്​ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇലകളിലെ ഫീനോൾ നില കുറയാൻ കാരണമാകുന്നതു മൂലമാണിത്. ഇതുമൂലവും ഉത്പാദന ക്ഷമത കുറയും. ഉയർന്ന താപനിലയിൽ കൊപ്രയിലെ എണ്ണയുടെ അളവ് മെച്ചപ്പെടുമെങ്കിലും കൊപ്രയുടെ തൂക്കം കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

കേരളം ജലസമൃദ്ധമെന്ന ധാരണയാണ് പൊതുവിലുള്ളത്. അതുകൊണ്ട് തന്നെ നമ്മുടെ ജലോപയോഗ ശീലങ്ങളും ഒട്ടൊക്കെ ധാരാളിത്തത്തോടെയാണ്. ഇന്ന് കേരളീയന്റെ ശരാശരി ജലലഭ്യത രാജസ്ഥാനിലേതിനേക്കാൾ കുറവത്രെ

അതോടൊപ്പം, ഭക്ഷ്യ ധാന്യങ്ങളിലെ പോഷകഗുണങ്ങളിൽ ഉണ്ടായേക്കാവുന്ന കുറവ് പൊതുജനാരോഗ്യത്തെ തന്നെ ബാധിയ്ക്കുമെന്ന് മുന്നറിയിപ്പു നൽകുന്നു, ചില ഗവേഷണങ്ങൾ. അരിയിൽ പ്രോട്ടീൻ, മിനറലുകൾ, ചില വിറ്റാമിനുകൾ എന്നിവ ക്രമേണ കുറയുമെന്നും അതുകൊണ്ട്, ഇപ്പോൾ തന്നെ പ്രോട്ടീൻ അപര്യാപ്തത നേരിടുന്ന ജനസമൂഹങ്ങളിൽ ഇത് രൂക്ഷമാവുമെന്നും ആശങ്കയുണ്ട്. അരി ,ഗോതമ്പ്​ എന്നീ പ്രധാന ധാന്യ വർഗങ്ങളിൽ മഗ്‌നീഷ്യം, സിങ്ക് എന്നീ മൂലകങ്ങളുടെ അളവ് കുറഞ്ഞു വരുന്നതായും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണ വൈവിധ്യം ശുഷ്‌കിച്ചുകൊണ്ടിരിക്കുന്നുവെന്നും, ലോകത്തിലെ മുഖ്യാഹാര സ്രോതസുകൾ 9 എണ്ണം മാത്രമായിരിക്കുമെന്നും വെളിപ്പെടുമ്പോൾ ഇക്കാര്യം കൂടുതൽ പ്രസക്തമാവുകയാണ്. ഭക്ഷ്യഭദ്രതക്കപ്പുറം ഭക്ഷ്യ സുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വെല്ലുവിളി ഉയർത്തുന്ന പ്രശ്​നങ്ങളാണിവയെല്ലാം.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികൾ അതിജീവിക്കാനുള്ള കർമപദ്ധതികളുടെ അഭാവത്തിൽ ലോകത്തിലെ ഭക്ഷ്യോത്പാദനം 2050 ഓടെ 30 ശതമാനം വരെ കുറയുമത്രെ. സ്വാഭാവികമായും ഇത് ആഗോള ഭക്ഷ്യവിലയിൽ വൻ വർധനക്ക് കാരണമാകും. ഭക്ഷണത്തിനായി കമ്പോളാശ്രയത്വം കൂടുതലുള്ള കേരളം പോലുള്ള പ്രദേശങ്ങൾക്ക് ആശങ്കക്കിടയാക്കുന്നു, ഭക്ഷ്യവിലവർധന. കഴിഞ്ഞ ആഴച്ചകളിലുണ്ടായ വിപരീത കാലാവസ്ഥയുടെ ഫലമായി ഇപ്പോൾ ഒട്ടുമിക്ക പച്ചക്കറികളുടെയും കാര്യത്തിൽ അനുഭവപ്പെടുന്ന വിലവർധന കേരളീയർ അനുഭവിക്കുന്നുണ്ടല്ലോ.

ദക്ഷിണേന്ത്യയിലെ പ്രധാന തെങ്ങു കൃഷി മേഖലകളിലെല്ലാം തന്നെ തുടർച്ചയായ വരൾച്ചയ്ക്ക് ശേഷം 3 - 4 വർഷത്തേക്ക് ഉല്പാദനക്ഷമത കുറഞ്ഞതായി കണ്ടിട്ടുണ്ട്. ഉയർന്ന കാർൺ ഡൈ ഓക്‌സൈഡ് നില തെങ്ങിന്റെ രോഗ കീട പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. / Photo: Wikimedia Commons

കുറഞ്ഞുവരുന്ന ജലലഭ്യത

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആഘാതം ജലസമ്പത്തിന്റെ കാര്യത്തിലെന്ന് പഠനങ്ങൾ അടിവരയിടുന്നു. കേരളം ജലസമൃദ്ധമെന്ന ധാരണയാണ് പൊതുവിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ജലോപയോഗ ശീലങ്ങളും ഒട്ടൊക്കെ ധാരാളിത്തത്തോടെയാണ്. ഇന്ന് കേരളീയരുടെ ശരാശരി ജലലഭ്യത രാജസ്ഥാനിലേതിനേക്കാൾ കുറവത്രെ! വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.

കേരളത്തിന്റെ ജലസമ്പത്തിന്റെ 72 ശതമാനവും കാർഷിക രംഗത്താണ് ഉപയോഗപ്പെടുത്തുന്നത്. ബാക്കി 24 ശതമാനം വ്യവസായിക രംഗത്തും 4 ശതമാനം ഗാർഹികരംഗത്തും. മൊത്തം കൃഷിഭൂമിയുടെ ഏതാണ്ട് അഞ്ചിലൊന്ന് ജലസേചിതമാണ്. ജലസേചിത കൃഷി ഭൂവിസ്തീർണം കൂട്ടിക്കൊണ്ടിരിക്കുകയും അതിനായി പ്രധാനമായും കിണറുകളെ ആശ്രയിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടേത്. ഏതാണ്ട് 40 ശതമാനവും കിണറുകളെ അശ്രയിച്ചുള്ള ജലസേചനമാണ്. ഗാർഹികരംഗത്തും സ്ഥിതി വ്യത്യസ്തമല്ല. 62 ശതമാനം കുടുംബങ്ങളും കിണർ വെള്ളത്തെത്തന്നെ ആശ്രയിക്കുന്നവരാണ്.

കുഴൽക്കിണറുകളുടെ എണ്ണവും ആഴവും അമ്പരിപ്പിക്കുന്ന തരത്തിലാണ്. 2000നു മുമ്പ്, കുഴൽക്കിണറുകളുടെ ശരാശരി ആഴം 93 മീറ്റർ ആയിരുന്നത് ഇപ്പോൾ ഏതാണ്ടിരിട്ടിയായിട്ടുണ്ട്.

പരമ്പരാഗത രീതിയിലുള്ള സാധാരണ കിണറുകളെക്കാൾ കുഴൽക്കിണറുകൾ വ്യപകമാകുകയാണ്​. നമ്മുടെ ഭൂഗർഭ ജലസമ്പത്ത് ശോഷിക്കുകയാണെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുമ്പോഴും കുഴൽക്കിണറുകൾ അനിയന്ത്രിതമായി വർധിക്കുകയാണ്​. വയനാട്, ഇടുക്കി ജില്ലകളിലും കുഴൽക്കിണറുകൾ വ്യാപകമാകുന്നു. ചിറ്റൂർ പോലെ താരതമ്യേന വരണ്ട പ്രദേശങ്ങളിൽ വർഷം തോറും കൂടിക്കൊണ്ടിരിക്കുന്ന കുഴൽക്കിണറുകളുടെ എണ്ണവും ആഴവും അമ്പരിപ്പിക്കുന്ന തരത്തിലാണ്. 2000നു മുമ്പ്, കുഴൽക്കിണറുകളുടെ ശരാശരി ആഴം 93 മീറ്റർ ആയിരുന്നത് ഇപ്പോൾ ഏതാണ്ടിരിട്ടിയായിട്ടുണ്ട്. ഒരു പുതിയ കുഴൽക്കിണറിനു വേണ്ടിവരുന്ന ശരാശരി വാർഷിക ചെലവ് കാർഷിക വരുമാനത്തിന്റെ 40 ശതമാനത്തോളമാണ്. പ്രതീക്ഷിച്ചപോലെ സ്ഥിരമായി ജലം ലഭിക്കാതാവുമ്പോൾ, കടം തിരിച്ചടക്കാനാവാതെ ആത്മഹത്യയിലഭയം പ്രാപിക്കേണ്ടി വരുന്ന സാഹചര്യവും ഇത്​ സൃഷ്​ടിക്കുന്നുണ്ട്​.

Photo: Muhammed Hanan

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ രൂക്ഷമായി നേരിടേണ്ടി വരുന്നത് ദരിദ്രസമൂഹങ്ങൾ തന്നെയാണ്​. അത്തരക്കാരിൽ ഗാർഹികരംഗത്തെ ജലദൗർലഭ്യം സ്ത്രീകളെയാണ് ഏറെ ബാധിക്കുക. കുടുംബത്തിന്റെ ജല സുരക്ഷ വീട്ടമ്മമാരുടെ ചുമതലയായി കാണുന്ന സാമൂഹിക കാഴ്ച്ചപ്പാടാണല്ലോ നമ്മുടേത്. ജലക്ഷാമം രൂക്ഷമാവും തോറും വെള്ളത്തിനായി കൂടുതൽ ദൂരം താണ്ടേണ്ടി വരികയും 38 ശതമാനം കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതുമായി വയനാട്ടിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

ഗാർഹിക ജലാവശ്യങ്ങൾക്കായി ജല കമ്പോളങ്ങളെ ആശ്രയിക്കുന്നതും വ്യാപകമാകുകയാണ്. കടുത്ത വേനൽക്കാലങ്ങളുടെ ദൈർഘ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിലെ ശരാശരി ജല ഉപഭോഗം, ജലസമ്പന്നമായ പ്രദേശങ്ങളേക്കാൾ 22 ശതമാനത്തോളം കുറവാണെന്ന് തൃശ്ശൂർ ജില്ലയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇത്തരം കുടുംബങ്ങൾ ജലസംഭരണത്തിന്​ കമ്പോളങ്ങളെ ആശ്രയിക്കുക മൂലം 42 ശതമാനത്തോളം അധിക ചെലവ് വഹിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് അവരുടെ മാസ കുടുംബവരുമാനത്തിന്റെ 6 ശതമാനത്തോളം വരും. ഈ അധിക് ചെലവ് കുടുംബത്തിന്റെ പൊതു ഉപഭോഗത്തെയും നീക്കിയിരുപ്പ് തുകയേയും സാരമായിത്തന്നെ ബാധിക്കുന്നു. മാത്രമല്ല, ജല ഉപയോഗം പരിമിതപ്പെടുത്തുന്നതുമൂലവും മലിന ജല ഉപയോഗത്താലുമുണ്ടാകുന്ന ഹ്രസ്വകാല - ദീർഘകാല ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.

കർഷകരുടെ ഉപജീവന വെല്ലുവിളികൾ

കാലാവസ്ഥാ മാറ്റങ്ങൾക്കനുബന്ധമായി കാർഷികാദായം കുറയുകതന്നെയാണെന്നാണ്​ ഈ രംഗത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉയരുന്ന താപനില, കാലവും സ്വഭാവവും തെറ്റുന്ന മഴ എന്നിവയാണ് കുട്ടനാടൻ കർഷകർ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. തത്ഫലമായി നെൽക്കൃഷിയിൽ രോഗ- കീടങ്ങൾ കൂടുന്നുണ്ടെന്നും ഉൽപാദനം കുറയുകയാണെന്നും ഭൂരിഭാഗം കർഷകരും പ്രതികരിക്കുന്നു. ഉൽപാദനച്ചെലവിലെ വർദ്ധനയും ഉൽപാദനം കുറയുന്നതുമൂലമുള്ള വരുമാന നഷ്ടവും കാർഷികാദായത്തിൽ ഇടിവുണ്ടാക്കുന്നു.

വയനാടൻ കർഷകരുടെ അനുഭവത്തിൽ, ഉയർന്നു വരുന്ന താപനിലയും (പകൽ-രാത്രി) ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന വേനൽ മഴയുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ അനുഭവങ്ങൾ. വയനാടിന്റെ സവിശേഷതയായിരുന്ന "നൂൽ മഴ' ഇന്ന് കനത്ത മഴയുടെ സ്വഭാവത്തിലാണത്രെ. പ്രദേശത്തെ പ്രധാന പരമ്പരാഗത വിളകളായ കാപ്പി, കുരുമുളക് എന്നവയുടെ ഉല്പാദനത്തിൽ ക്രമാനുഗതമായ കുറവ് അനുഭവപ്പെടുന്നു. പ്രദേശത്തെ എല്ലാ വിളകളിലും (കാപ്പി, കുരുമുളക്, നെല്ല്, വാഴ, തെങ്ങ്, മഞ്ഞൾ, ഇഞ്ചി) കീടരോഗ ബാധയുടെ തോത് ക്രമാതീതമായി വർദ്ധിക്കുന്നതായും കർഷകർ ആശങ്കപ്പെടുന്നു. താരതമ്യേന അപ്രധാനമായിരുന്ന കീടങ്ങൾ ശക്തിയാർജ്ജിക്കുകയും പുത്തൻ രോഗങ്ങളും കീടങ്ങളും ശ്രദ്ധയിൽ പെടുകയും ചെയ്യുന്നതായും കർഷകരുടെ പ്രതികരണങ്ങളിൽ നിന്ന്​ മനസിലാക്കാം. കൂടാതെ വയനാടിന്റെ പ്രധാനവിളയായ കാപ്പി പുഷ്പിക്കുന്നതിലും ഫലപ്രാപ്തിയിലും കുറവ് കാണുന്നതായി ഭൂരിഭാഗം കർഷകരും പ്രതികരിച്ചു. ഉൽപാദനനഷ്ടം മാത്രമല്ല, ഉൽപ്പന്നത്തിന്റെ ഗുണമേണ്മയിലും വൻ കുറവ് അനുഭവപ്പെടുന്നു എന്നത് ഗണ്യമായ വരുമാന നഷ്ടത്തിനു കാരണമാകുന്നു.

കാർഷിക- അനുബന്ധ പ്രാഥമിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ ജീവനോപാധികൾ പൂർണമായും ഇല്ലാതാകാനുള്ള സാധ്യത ഏറെയാണ്.

കാലാവസ്ഥയിലെ ദീർഘകാല - ഹ്രസ്വകാല വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കാർഷിക വരുമാന നഷ്ടം, ഉല്പാദനനഷ്ടം, പരിപാലനത്തിലുണ്ടാകുന്ന അധികച്ചെലവുകൾ, ഉൽപ്പന്ന ഗുണ ശോഷണം എന്നീ ഘടകങ്ങൾ മൂലമാകാം. അപ്രതീക്ഷിതവും രൂക്ഷവുമായ അതിവൃഷ്ടി, അനാവൃഷ്ടി എന്നീ പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള സാമ്പത്തിക നഷ്ടം പലപ്പോഴും കർഷകരുടെ സാമ്പത്തികാടിത്തറ തകർക്കുന്നു.

സമുദ്രനിരപ്പുയരുന്നതുമൂലമുള്ള ഓരുവെള്ള ഭീഷണി ഉൾനാടൻ ജലാശയങ്ങളേയും കൃഷിഭൂമികളേയും തരിശാക്കുമോ എന്ന ആശങ്കയുണ്ട്. കാർഷിക- അനുബന്ധ പ്രാഥമിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളുടെ ജീവനോപാധികൾ പൂർണമായും ഇല്ലാതാകാനുള്ള സാധ്യതയും ഏറെയാണ്. സമുദ്ര നിരപ്പിൽ നിന്ന്​ താഴ്ന്നു കിടക്കുന്ന കൃഷിഭൂമികളും പരസ്പര ബന്ധിതമായ ജലാശയങ്ങളും നമ്മുടെ നാടിന്റെ സ്വഭാവ വിശേഷമാണെന്നോർക്കുക.
സമുദ്ര- ഉൾനാടൻ മത്സ്യ സമ്പത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ഇന്ന്​ ചർച്ചാ വിഷയമാണ്​. ജീവനോപാധികളുടെ നാശം എന്നതിലുപരി കേരളീയരുടെ ആരോഗ്യത്തെത്തന്നെയും ബാധിക്കുന്ന സംഗതിയാണിത്. കേരളീയരുടെ ഇഷ്ടഭക്ഷണമെന്ന നിലയിലും ഏറ്റവും ചെലവു കുറഞ്ഞ പ്രോട്ടീൻ സ്രോതസ്സ് എന്ന നിലയിലും പ്രാധാന്യമുള്ള മത്തി നമ്മുടെ തീരങ്ങളിൽ നിന്ന്​അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നത് കാലാവസ്ഥാ വ്യതിയാനവുമായിക്കൂടി ബന്ധപ്പെട്ട പ്രതിഭാസമാണെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു.

അതായത്, കാർഷിക അനുബന്ധ മേഖലകളിലെ ആഘാതങ്ങൾ കേവലം വരുമാനനഷ്ടം എന്നതിലുപരി, ആരോഗ്യം, ഉപജീവനമാർഗം, ജീവിത സാഹചര്യങ്ങൾ എന്നിവയെ ദീർഘകാലാടിസ്ഥാനത്തിൽ തന്നെ ബാധിക്കുന്ന തരത്തിലാണ്. കാലാവസ്ഥാ മാറ്റങ്ങൾ കാർഷിക വിളകളെയും മത്സ്യസമ്പത്തിനെയും പാലുല്പാദനത്തെയും മറ്റനേകം ഉല്പാദനമേഖലകളെയും വിപരീതമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്​. കർഷകർ, കർഷകത്തൊഴിലാളികൾ, കാർഷികോല്പാദനോപാധികളുടെ വിതരണക്കാർ, കാർഷിക ഉല്പാദനാനന്തര മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ, സർവ്വോപരി ഉപഭോക്താക്കൾ എന്നിവരെല്ലാം അതുമൂലം ദുരിതമനുഭവിക്കേണ്ടിവരുന്നു.

കേരളീയരുടെ ഇഷ്ടഭക്ഷണമെന്ന നിലയിലും ഏറ്റവും ചെലവു കുറഞ്ഞ പ്രോട്ടീൻ സ്രോതസ്സ് എന്ന നിലയിലും പ്രാധാന്യമുള്ള മത്തി നമ്മുടെ തീരങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. / Photo: Muhammed Fasil

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി, പ്രത്യേകിച്ചും പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടം കണക്കാക്കുമ്പോൾ പലപ്പോഴും ഋജുവായ സമീപനമാണ് അവലംബിക്കാറുള്ളതെന്നു കാണാം. കാർഷിക വിള നാശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നഷ്ടം തിട്ടപ്പെടുത്തുന്ന രീതിയാണ് പൊതുവിലുള്ളത്. എന്നാൽ, കാർഷിക രംഗത്തെ പ്രധാന ആഘാതങ്ങൾ ദീർഘകാലത്തേക്ക്​കാർഷികോല്പാദനത്തെ ബാധിക്കുന്നവയാണ്​. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുതലായ സന്ദർഭങ്ങളിൽ കൃഷിഭൂമിയുടെ ശോഷണം സംഭവിക്കുക സ്വാഭാവികമാണ്. മേൽമണ്ണ് പൂർണമായും നഷ്ടമാകും. ജലസേചന സൗകര്യങ്ങൾ, കാർഷിക യന്ത്രസാമഗ്രികൾ, മണ്ണ്- ജല സംരക്ഷണ സംവിധാനങ്ങൾ, സൂക്ഷിപ്പ് സൗകര്യങ്ങൾ, സംസ്‌കരണ സൗകര്യങ്ങൾ എന്നിങ്ങനെ കാർഷിക പ്രവർത്തനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും, ഹ്രസ്വകാലത്തിലും ദീർഘകാലത്തിലും ബാധിക്കുന്ന ഘടകങ്ങളെ ബാധിക്കുന്ന ആഘാതങ്ങൾ നഷ്ടക്കണക്കിൽപ്പെടാറില്ല മിക്കപ്പോഴും. കേരളത്തിലെ ഒട്ടുമിക്ക പുരയിടങ്ങളിലുമുള്ള വൃക്ഷവിള നാശവും കണക്കിൽപ്പെടാറില്ല.

ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഉള്ള സവിശേഷതകൾ മൂലം കേരളം അതിലോല മേഖല തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷികമായും പാരിസ്ഥിതികമായും ഉണ്ടാകുന്ന ആഘാതങ്ങൾ കഠിനമാണെന്നത് നാം അനുഭവിച്ചറിയുകയാണ്.

എന്താണ് പരിഹാരം?

കാലാവസ്ഥാ വ്യതിയാനം അതിവിദൂര ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒന്നാണെന്ന ആത്മവിശ്വാസത്തോടെയും അലസതയോടെയും ഈ പ്രതിഭാസത്തെ സമീപിച്ചിരുന്നവരെല്ലാം ഇതുമായി ബന്ധപ്പെട്ട ആഘാതങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കയാണ്. അതിവൃഷ്ടിയും അനാവൃഷ്ടിയും പ്രകൃതിദുരന്തങ്ങളും കടുത്ത ആഘാതം സൃഷ്ടിക്കുകയും, തികച്ചും അപ്രതീക്ഷിതമായ ദിനാവസ്ഥകൾ ആവർത്തിക്കുകയും ചെയ്യുന്നു. ഭൂമിശാസ്ത്രപരമായും സാമൂഹികമായും ഉള്ള സവിശേഷതകൾ മൂലം കേരളം അതിലോല മേഖല തന്നെയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷികമായും പാരിസ്ഥിതികമായും ഉണ്ടാകുന്ന ആഘാതങ്ങൾ കഠിനമാണെന്നത് നാം അനുഭവിച്ചറിയുകയാണ്. അതോടൊപ്പം, ഒരു ഉപഭോഗ സംസ്ഥാനം എന്ന നിലയിൽ, ഭക്ഷ്യ സുരക്ഷാ രംഗത്ത്​ നാം സങ്കീർണമായ വെല്ലുവിളികളാണ് നേരിടേണ്ടി വരിക.
കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ ചെറുക്കാനും, ലഘൂകരിക്കാനും, അതിജീവിക്കാനും നമുക്ക് കഴിയണം. സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെയും, ശാസ്ത്രീയ അറിവുകളിലൂടെയും, ഉപഭോഗ ശീലങ്ങൾ നിയന്ത്രിച്ചും വെല്ലുവിളികൾ നേരിടാം. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം കേരളീയരുടെ അതിജീവന സാദ്ധ്യത മെച്ചപ്പെടുത്താനുതകുന്ന അടിത്തറയാണ്.

കാലാവസ്ഥാ മാറ്റത്തിന്​ ഹേതുവാകുന്ന പ്രവർത്തനങ്ങൾ ഓരോ വ്യക്തിയും ഒഴിവാക്കുക എന്നതു മാത്രമല്ല, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യണം. സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇക്കാര്യം നേടാവുന്നതേയുള്ളു. ആഗോള താപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം ഏറ്റവും പരിമിതപ്പെടുത്തുക എന്നതുതന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. നമ്മുടെ ഉപഭോഗ ശീലങ്ങളിലുള്ള മിതത്വവും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിലുള്ള ശാസ്ത്രീയതയും ഇക്കാര്യത്തിൽ ഏറ്റവും പ്രസക്തമാണ്.

സമൂഹത്തിന്റെ അറിവും കരുതലും വിജ്ഞാന മൂലധനവുമാണ് കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള അടിസ്ഥാന ഘടകം. ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രയോഗത്തിൽ വരുത്താനുള്ള നമ്മുടെ ആർജ്ജവം വെല്ലുവിളികളെ നേരിടുന്നതിനും ആഘാതം ലഘൂകരിയ്ക്കുന്നതിനും സഹായകരമാവും. നമ്മുടെ അറിവും പൗരത്വബോധവുമാണ് പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ മതിൽ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. പി. ഇന്ദിരാദേവി

കേരള കർഷകക്ഷേമ ബോർഡ് ഡയറക്ടർ (അഗ്രി. എക്‌സ്‌പെർട്ട്). കേരള കാർഷിക സർവ്വകലാശാലയിൽ പ്രൊഫസർ ആയിരുന്നു.

Comments