ഉഷ്ണതരംഗമായി മാറിക്കഴിഞ്ഞ വേനലിനെക്കുറിച്ച് പറയുമ്പോൾ ചെറുശ്ശേരിയുടെ ഗ്രീഷ്മവർണ്ണന നിനവിൽ വരുന്നു. ‘കാവ്യാദർശ’ ത്തിൽ ദണ്ഡി പറഞ്ഞ മഹാകാവ്യ ലക്ഷണങ്ങളെല്ലാം തികഞ്ഞ കാവ്യഗ്രന്ഥങ്ങൾ അഞ്ചാറെണ്ണം സംസ്കൃതത്തിലുണ്ട്. എന്നാൽ ആദ്യ മഹാകാവ്യമായി കരുതുന്ന രാമചന്ദ്രവിലാസം തൊട്ടിങ്ങോട്ട് മലയാളത്തിൽ പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളൊന്നും പൂർണമായും മഹാകാവ്യത്തിന് ലക്ഷ്യമാകുന്നില്ല. ചെറുശ്ശേരിയുടെ കൃഷ്ണപ്പാട്ടാകട്ടെ ഈ കാവ്യലക്ഷണം പലതും പാലിക്കുന്നുമുണ്ട്. മഹാകാവ്യമായി പരിഗണിച്ചില്ലെങ്കിലും മഞ്ജരിയെന്ന ഏകവൃത്തത്തിലെ ഈരടികൾ കൊണ്ട് മാത്രം മഹാകാവ്യ ലക്ഷണമായ സംസ്കൃതവൃത്ത വൈവിധ്യത്തെ മറികടക്കാൻ കൃഷ്ണഗാഥയ്ക്കായി. കാവ്യമായില്ലെങ്കിലും അത് പാട്ടായി. ചെറുശ്ശേരി ഒറ്റക്കൃതികൊണ്ടു മഹാകവിയുമായി.
തീക്കും തന്നുള്ളിലായ് തോന്നുമാറായിതേ
തീക്കായ വേണമെനിക്കുമെന്ന് എന്ന് ഹേമന്തക്കുളിരിനെയും, ജീവനമാകയാൽ പീയൂഷമാകുന്ന ജലം നല്കി ലോകാതപം തീർത്തുതീർത്ത് തളർന്നുപോയ മേഘത്തെയും ഒക്കെ വർണിക്കുന്ന ഋതുവർണ്ണനകളാണ് കൃഷ്ണഗാഥയുടെ വലിയ ആകർഷണം. കാളിദാസന്റെ ഋതുസംഹാരത്തിലും മേഘസന്ദേശത്തിലും രഘുവംശത്തിലുമൊക്കെ രണ്ട് സഹസ്രാബ്ദം മുമ്പത്തെ ഹിമാലയൻ - മധ്യേന്ത്യൻ ഋതുചര്യകൾ അടയാളപ്പെടുന്നതു പോലെ കേരളത്തിന്റെ പത്തഞ്ഞൂറു കൊല്ലം മുമ്പത്തെ ദിനാവസ്ഥയേയും കാലാവസ്ഥയേയും അടയാളപ്പെടുത്തുന്നുണ്ട് കൃഷ്ണഗാഥയിലൂടെ ചെറുശ്ശേരി.
വൃന്ദാവനത്തിലെ കൃഷ്ണലീലകൾ വിവരിക്കുന്ന ഭാഗവതം ദശമസ്കന്ദത്തിലെ കഥയാണ് വിഷയമെങ്കിലും കേരളപ്രകൃതിയാണ് ചെറുശ്ശേരിയുടെ കഥനപശ്ചാത്തലം. വേനൽ കനക്കുന്ന ഈ ഏപ്രിലാം ക്രൂരമാസത്തിൽ പോയ കാലത്തിന്റെ ചൂടും തണുപ്പുമറിയാൻ കൃഷ്ണപ്പാട്ടിലെ കാളിയമർദ്ദനം തൊട്ടിങ്ങോട്ടുള്ള അഞ്ചാറ് സർഗങ്ങൾ വായിച്ചാൽ മതി.
നഗരാർണ്ണവശൈലർത്തുചന്ദ്രാർക്കോദയവർണ്ണനൈഃ എന്ന മഹാകാവ്യലക്ഷണമനുസരിച്ച് മലയാളനാട്ടിൽ അനുഭവവേദ്യമായ വേനൽ, മഴ, ഹേമന്തം, ശരത് കാലഋതുക്കളെ വിവരിക്കുന്നുണ്ട് കൃഷ്ണപ്പാട്ട്. ഊഷ്മളത കൊണ്ട് വരട്ടിച്ചമച്ച ഗ്രീഷ്മകാലത്തിന്റെ വർണന കൃഷ്ണഗാഥയിൽ തുടങ്ങുന്നതു തന്നെ ഏത് ആഗോളതാപനത്തിനും മരമാണ് മറുപടിയെന്ന സൂചനയോടെയാണ്. കണ്ണനാകുന്ന മരവും അതിൽ പടർന്ന വല്ലവികളാം വള്ളികളും ചേർന്ന് തീർക്കുന്ന തരുഛായയിലേക്കാണ് ഗ്രീഷ്മം കടന്നുവരുന്നത്. പരിസരപ്രകൃതിയിൽ യഥാർത്ഥത്തിൽ വള്ളികളും മരങ്ങൾക്കൊപ്പം തന്നെ തണലും തണുപ്പും നല്കുന്നുണ്ട്. വൃക്ഷവിതാനത്തോളമോ അതിൽ കൂടുതലോ ഇലോപരി വിസ്തീർണമുണ്ട് വേമ്പാടു വള്ളിക്കും കാക്ക മഞ്ചാടിയ്ക്കുമൊക്കെ. കണ്ണനാകും മരത്തിൽ പടരാതെ തന്നെ ഉയർന്നു പൊന്തി ഒറ്റയ്ക്കു നില്ക്കുന്ന ധാരാളം ദാരുലതകളുമുണ്ട് നമ്മുടെ കാടുകളിൽ. പലപ്പോഴും വള്ളികൾ തന്നെ പരസ്പരം താങ്ങാവുന്നു. വല്ലഭനില്ലാതെയും വല്ലവീവല്ലികൾക്ക് പരസ്പരം താങ്ങായി സ്വതന്ത്രജീവിതം സാധ്യമാണെന്ന പ്രകൃതിപാഠം.
താപം കൊണ്ടെല്ലാരും
വേവുറ്റ് കാവിലും
വാപിതൻ തീരത്തുമാശ്രയം തേടി.
നാരികൾ കാമുകന്മാരുമായുള്ള
ലീലാവിലാസങ്ങൾ വെള്ളത്തിലേക്കു മാറ്റി. ആലവട്ടങ്ങൾക്ക് ചാലച്ചുഴന്ന്
ദിനമേറുംതോറും ആലസ്യം ബാധിച്ചു.
അതായത് കറങ്ങിക്കറങ്ങി പങ്കയുടെ കാറ്റു പോയി. എപ്പോഴും അടഞ്ഞുകിടന്ന ജനലുകൾ എല്ലാവരും മലർക്കെ തുറന്നിട്ടു തുടങ്ങി. അടച്ചുറപ്പുള്ള പല വീടുകൾക്കും ജനലുണ്ടന്നുതന്നെ ബോധ്യം വന്നതും അത് ആദ്യമായി തുറന്നിട്ടതും ഈ വേനൽ കാലത്താണല്ലോ?. വാതായനങ്ങൾക്ക് സേവകൾ ചെയ്കയാൽ പ്രാഭവമുണ്ടായി എന്ന് ചെറുശ്ശേരി എഴുതിയത് ജനലിന്റെ ഈ ഗമ കണ്ടിട്ടു തന്നെ. ചൂടുകുരുമാറ്റാൻ ബാലികമാർ മാറിടത്തിൽ ചന്ദനം അരച്ചിട്ടു. പാനീയ ശാലകൾ മാനിച്ചുനിന്നു. ശീതളപാനകങ്ങൾക്ക് ആവശ്യമേറി. വെള്ളം കൊത്തിക്കുടിക്കാനാവാത്ത വേഴാമ്പലിന്റെ കാര്യം അനുദിനം കഷ്ടത്തിലായി. വേനലിൽ വസന്തം വിരിയിക്കുന്ന നെന്മേനിവാകകൾ മാത്രം ഉന്മേഷം പൂണ്ട് പൂത്തുമണം പരത്തി.
‘മാരനെ ഗാഢമായിത്തന്നെ ആലിംഗനം ചെയ്തോളൂ വിയർപ്പാറ്റാൻ ഞാനില്ലേ’ എന്ന് മന്ദമാരുതൻ അന്തിയിൽ ഓരോരോ വീട്ടിലും ചെന്ന് പെണ്ണുങ്ങളോട് സ്വകാര്യം പറഞ്ഞു. പുതിയകാലത്തെ വാർപ്പുവീടുകൾ കോൺക്രീറ്റ് ചൂളയാകുന്നതുപോലെ ആശിച്ചുപണിത മച്ചകങ്ങൾ മടുപ്പിന്റെ കൂടായി. പുതപ്പെന്നു കേൾക്കുമ്പോഴെ ഉൾച്ചൂട് കൂടാൻ തുടങ്ങി. വെറുംനിലത്ത് ചന്ദ്രപ്രകാശമേറ്റ് ആകാശം നോക്കിക്കിടന്നുതുടങ്ങി സുന്ദരിമാരും അവരുടെ കാന്തന്മാരും.
2014 - 2023 നിടയിലെ പത്ത് വർഷങ്ങളായിരുന്നു ചരിത്രത്തിലെ ചൂടൻ വർഷങ്ങൾ. 1850 മുതൽ 2023 വരെയുള്ള കാലത്തിനിടയിൽ 2023 ആയിരുന്നു ഏറ്റവും ചൂടു കൂടിയ വർഷം.
ചെറുശ്ശേരിയുടെ ജീവിതകാലത്തിനുശേഷമാണ് പ്രകൃതിയിൽ മനുഷ്യൻ അപരിഹാര്യമായ നാശം വരുത്തിത്തുടങ്ങിയ മാനവതാന്തോന്നിത്തത്തിന്റെ ആന്ത്രോപോസീൻ കാലം തുടങ്ങുന്നത്. കൊളോണിയൽ ചൂഷണങ്ങളുടെയും വ്യവസായവിപ്ലവത്തിന്റെയും ഒക്കെ തുടർച്ചയാണ് അതിന്റെ പൂർവാശ്രമം. 1952 മുതൽ ആണ് ഈ മാനവ സമഗ്രാധിപത്യകാലം കണക്കാക്കേണ്ടത് എന്നാണ് പുതിയ വാദം. അതെന്തായാലും വ്യവസായ വിപ്ളവത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ, 1850-കളിൽ 0.06 ആയിരുന്ന താപനില വർധനവ് 1982 ആയപ്പോൾ മൂന്നിരട്ടി വർധിച്ച് 0.20 സെന്റീഗ്രേഡായി മാറി. 2014 - 2023 നിടയിലെ പത്ത് വർഷങ്ങളായിരുന്നു ചരിത്രത്തിലെ ചൂടൻ വർഷങ്ങൾ. 1850 മുതൽ 2023 വരെയുള്ള കാലത്തിനിടയിൽ 2023 ആയിരുന്നു ഏറ്റവും ചൂടു കൂടിയ വർഷം. ഏഴുവർഷത്തിന്റെ ഇടവേളകളിൽ ക്രിസ്തുമസ് കാലത്ത് പസഫിക് കടൽ സാമീപ്യമുള്ള മധ്യരേഖാ പ്രദേശത്ത് മൂന്ന്- നാല് ഡിഗ്രി സെൽഷ്യസ് താപമുയരും. അതിവർഷവും അതിതാപവും ഈ പ്രഭാവം കൊണ്ടുണ്ടാകും. ഇത് വായു പിണ്ഡത്തിലുണ്ടാക്കുന്ന സൈക്ലോണിക് ചലനങ്ങൾ മഴമേഘങ്ങളെ രൂപപ്പെടുത്തുന്നു. എൽനിനോ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇതിന്റെ വിപരീതമാണ് ലാ-നിനാ എന്ന സമുദ്രതലശൈത്യാവസ്ഥ. സ്പാനിഷ് സഞ്ചാരികളാണ് ബാലകനെന്നും ബാലികയെന്നും അർത്ഥം വരുന്ന ഈ പേരുകൾ നല്കിയത്. 2023 ഒരു എൽനിനോ വർഷമായിരുന്നു. അതിന്റെ അതിവ്യാപനമാണ് 2024- ലും തുടരുന്നത്.
ചെറുശ്ശേരിക്കാലത്തുമാത്രല്ല വ്യവസായ വിപ്ലവാനന്തരമുള്ള രണ്ടര നൂറ്റാണ്ടുകാലത്തും, ചൂടിനെ വെള്ളത്തിൽ മുങ്ങിയും കാവിൽ പതുങ്ങിയും നടക്കാവുവെച്ചു തണൽ വിരിച്ചും വിശറി കൊണ്ടു വീശിയും തണ്ണീർ പന്തലുകളിലെ സംഭാരം കുടിച്ചും തന്നെയാണ് ആളുകൾ അകറ്റി നിർത്തിയിരുന്നത്. എന്നാൽ ഇതു കൊണ്ടൊന്നും അതിജീവിക്കാൻ പോലും സാധ്യമല്ലാത്ത വിധം ചൂട് പെരുകിയുയർന്നതാണ് സമീപവർഷങ്ങളിൽ ജീവിതം ദുഷ്ക്കരമാക്കിയത്. ഭൂമിയുടെ പനിയ്ക്ക് നിദാനം എന്തെന്നതിനെക്കുറിച്ച് ഇന്ന് ആർക്കും സംശയലേശമില്ല. ഇതുവരെ ഉച്ചരിക്കപ്പെട്ട ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വാക്കുകളുടെ ഘർഷണം കൊണ്ടു തന്നെ ഭൂമി ഒട്ടൊന്നുചൂടുപിടിച്ചിട്ടുണ്ടെന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. 2050 ആകുമ്പോഴേക്കും ഒന്നരഡിഗ്രി സെൽഷ്യസ് താപം കൂടുമെന്നാണ് കരുതപ്പെടുന്നത്. പവിഴപ്പുറ്റുകളുടെ നാശവും അന്റാർട്ടിക്കയിലെ മഞ്ഞുരുകലും പോലെ പല പല പാർശ്വഫലങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു.
ദിനാവസ്ഥയുടെയും കാലാവസ്ഥയുടെയും പ്രവചന സ്വഭാവമാണ് പ്രാകൃതികവും മനുഷ്യകൃതവുമായ അനേകകാരണങ്ങൾ കൊണ്ട് തകിടം മറിഞ്ഞത്.
ചെറുശ്ശേരിയുടെ തട്ടകമായ ചിറക്കലിനടുത്താണ് ക ളരിവാതുക്കൽകാവ്. ആ കാവിന്റെ കുളിരറിഞ്ഞാകണം ഗ്രീഷ്മതാപത്തിൽ എല്ലാവരും കാവുതണൽ തേടിയെന്ന വരി ഗാഥാകാരൻ സൃഷ്ടിച്ചത്. കാടും കാവുമെല്ലാം നിന്നു കത്തുകയാണ്. ഇതെഴുതുമ്പോൾ കരിവെള്ളൂരിലെ മൂകാംബികക്കാവ് കത്തിക്കൊണ്ടിരിക്കുന്നു. തീ പടർന്നതോ പടർത്തിയതോ ആകാം. ശുദ്ധജല ചതുപ്പ് കാവ് - മിരിസ്റ്റിക്കാ സ്വാംപ് എന്ന വനടൈപ്പാണ് ഈ കാവ്. സദാ വെള്ളം നിറഞ്ഞ ചതുപ്പിൽ വളരുന്ന തനത് സസ്യങ്ങളാണ് ഇവിടെ 90 ശതമാനവും. ഇപ്പോൾ സമീപത്തെ തോട് വറ്റി. ശൂലാപ് കാവിൽ നിന്നും വരുന്ന കവ്വായിപ്പുഴയുടെ കൈവഴിയായ ചെറുതോട്. ജലസ്പർശമറ്റ കാട് കത്താൻ തുടങ്ങി. പച്ചവെള്ളത്തിന് തീ പിടിച്ചപോലെയെന്ന് മുടിയേറ്റിലെ കൂളി പറയുന്നത് അക്ഷരാർത്ഥത്തിൽ തന്നെ ശരിയാകുകയാണ്. അട്ടപ്പാടിയിലും വയനാട്ടിലുമെല്ലാം കാട്ടിൽ തീ പടരുന്ന വാർത്തകളും കേൾക്കുന്നുണ്ട്.
കാലാവസ്ഥയുടെ കൃത്യതയായിരുന്നു കേരളീയ ജീവിതത്തെ സുസ്ഥിരവും ശാന്തിപൂർണവുമാക്കിയിരുന്നത്. മലബാർ ജില്ലാ കലക്ടറായിരുന്ന വില്യം ലോഗൻ 1887- ൽ മലബാർ മാന്വലിൽ എഴുതിയ ഒരു അനുഭവസാക്ഷ്യം നമ്മുടെ കാലാവസ്ഥയുടെ പ്രവചനസ്വഭാവത്തെയും അത് മുൻനിർത്തി നാം ചിട്ടപ്പെടുത്തിയ ജീവിതചര്യകളെയും അയാളപ്പെടുത്തുണ്ട്. ലോഗൻ എഴുതുന്നു: ‘‘ഒരു ഫെബ്രുവരി അവസാനത്തിലോ മാർച്ച് ആദ്യമോ ആണ്. കാലവർഷം എപ്പോഴുണ്ടാകുമെന്ന് ഒരാളോട് അന്വേഷിക്കാനിടയായി. അളന്നുമുറിച്ചതു പോലെ മറുപടി കിട്ടി. മാർച്ച് 22 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ആദ്യത്തെ മഴച്ചാറൽ കിട്ടും. പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു. ഒരഞ്ചുമിനുട്ടിന്റെ വ്യത്യാസത്തിൽ. ഒരു ഊഹം വെച്ച് തട്ടിവിട്ടതല്ല. മാർച്ച് 22 സൂര്യൻ മധ്യരേഖ കടക്കുന്ന സമയമാണ്. രാവും പകലും തുല്യം. അന്ന് രണ്ടുമണി എന്നാൽ കടൽക്കാറ്റും കരക്കാറ്റും ഏറ്റുമുട്ടുന്ന സുനിശ്ചിതമായ സമയം. ആ സമയമെത്തുമ്പോൾ കിഴക്കൻ മലയോരങ്ങളിൽ നിന്നുള്ള ആദ്യത്തെ ഇടിമുഴക്കങ്ങളുടെ പ്രതിധ്വനി കേൾക്കാം. പിന്നീട് മഴയും’’.
ദിനാവസ്ഥയുടെയും കാലാവസ്ഥയുടെയും ഈയൊരു പ്രവചന സ്വഭാവമാണ് പ്രാകൃതികവും മനുഷ്യകൃതവുമായ അനേകകാരണങ്ങൾ കൊണ്ട് തകിടം മറിഞ്ഞത്. തീരപ്രദേശത്തെ ദൈനം ദിനതാപനിലയുടെ വാർഷികശരാശരി 27.2 സെന്റീഗ്രേഡ് ആണെന്നും ഇത് 32.2 ഡിഗ്രിയിൽ കവിയുന്നതും 21.1 ഡിഗ്രിയിൽ കുറയുന്നതും അത്യപൂർവമാണെന്നും ലോഗൻ പറയുന്നു. ഒന്നര നൂറ്റാണ്ടിനിപ്പുറത്ത് ഈ താപനില നാല്പത് ഡിഗ്രി കവിഞ്ഞിരിക്കുകയാണിപ്പോൾ.
കേരളത്തിന്റെ പാരമ്പര്യ കൃഷിയറിവുകൾ ഒക്കെയും പ്രവചനീയമായ ഈ കാലാവസ്ഥാകൃത്യതയെ മുൻനിർത്തിയുള്ളതായിരുന്നു. അത്തമുഖത്തെള്ളെറിഞ്ഞാൽ ഭരണിമുഖത്തെണ്ണയെന്നും കുംഭപ്പറ കുടത്തോളമെന്നും തിരുവാതിര തിരിമുറിയാതെയെന്നും കൃഷികാലത്തെയും മഴ രീതിയെയും കുറിച്ചുള്ള പാരമ്പര്യ അറിവുകൾ ചൊല്ലുകെട്ടി സുക്ഷിച്ചു തലമുറകൾക്ക് കൈമാറി നമ്മുടെ കർഷക പൂർവികർ നേരവും കാലവും നോക്കി വിത്ത് വിതക്കാനും വിളകൾ കരുത്തോടെ വളരാനും കീടബാധയേല്ക്കാതിരിക്കാനും വളം ചെയ്യാനുമുള്ള നാട്ടുകലണ്ടർ ഞാറ്റുവേലയെ മുൻനിർത്തി പണ്ടത്തെ ഓരോ കർഷകരും അവരുടെ മനസിന്റെ ചുമരിൽ തൂക്കിയിട്ടിരുന്നു. ഞായറിന്റെ വേലയാണ് ഞാറ്റുവേല. ഞായർ സൂര്യനാണ്. ഭൂമി സൂര്യനെ ചുറ്റുന്ന പ്രദക്ഷിണപാതയെ പതിമൂന്നര ദിവസമുള്ള 27 സമഭാഗമാക്കി അവയെ ഓരോന്നിനെയും ഓരോ ഞാറ്റുവേലയാക്കിയിരിക്കുന്നു പ്രാചീന ജ്യോതിശാസ്ത്രം. സൂര്യന്റെ സമീപസ്ഥ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുന്നത്. മേടമൊന്നിന് അശ്വതിയിൽ തുടങ്ങുന്നു ഞാറ്റുവേല. കാലഗണനയ്ക്കപ്പുറത്ത് ജീവനവും അതിജീവനവും തന്നെ കുറിച്ചിട്ട ഞാറ്റുവേലകലണ്ടറുകൾ നിഷ്പ്രയോജനമാക്കിയെന്നതാണ് മനുഷ്യകുലത്തിന്റെ സ്വയം കൃതാനർത്ഥങ്ങളായ ആഗോളതാപനവും അനുബന്ധ ദുരന്തങ്ങളും നരവർഗപരിസ്ഥിതിയോട് ചെയ്ത ഏറ്റവും ക്രൂരമായ ഒരു കെടുതി.
‘മരങ്ങളുടെ ദേശാടനം’ തുടങ്ങിക്കഴിഞ്ഞു നമ്മുടെ കിഴക്കൻ മലകളിൽ. ഒപ്പം മലകളിൽ ഏലവും റബ്ബറും കുരുമുളകും നട്ടവർ മലയിറങ്ങി വരികയുമാണ്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും സമുദ്രവ്യാപനവും ആഗോളവിഷയമായി പല പല ഉച്ചകോടികളിൽ ചർച്ചചെയ്യപ്പെടുമ്പോൾ തന്നെ അതിന്റെ ദുരന്തഫലങ്ങളാൽ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾ തുടച്ചുനീക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പൂർവശാന്തസമുദ്രത്തിൽ പ്രതീക്ഷിക്കാതെ ഉടലെടുത്ത ഒരു എൽനിനോ -ലാനിനോ ദ്വന്ദ്വ പ്രതിഭാസം മതി കുട്ടനാട്ടിൽ ജീവൻ കൊടുത്ത് നെല്ലുവിളയിച്ച ഒരു കർഷകനെ ആത്മഹത്യയിലേക്കു നയിക്കാൻ എന്നായിരിക്കുന്നു. 2016 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട കേരളം തന്നെയാണ് 18 ലും 19 ലും പ്രളയത്തിലാണ്ടു മുങ്ങിയത്. ജീവജാതികളുടെ വംശഹത്യയായും മാരകരോഗങ്ങളുടെ അണുപ്രസരണമായും ഒക്കെ സമീപകാലത്തു വമ്പു കാട്ടിയ കാലാവസ്ഥാവ്യതിയാനം ഈദൃശ ദുരന്തങ്ങൾ കേരളത്തിലും വരുത്തി വെക്കുന്നുണ്ട്.
അധിനിവേശസസ്യങ്ങളുടെ വ്യാപനമാണ് സമീപകാല കേരളത്തിലെ ശ്രദ്ധേയമായ ഒരു പാരിസ്ഥിതിക വ്യതിയാനം. കമ്യൂണിസ്റ്റപ്പയും അരിപ്പൂച്ചെടിയും പാർത്തേനിയവുമൊക്കെ പത്തമ്പത് കൊല്ലം മുമ്പേ തന്നെ കേരളത്തിൽ തനത് സ്പിഷീസുകൾക്ക് ഭീഷണിയായിട്ടുണ്ടെങ്കിലും ധൃതരാഷ്ട്രപ്പച്ചയും ശീമപ്പൊന്നാങ്കണ്ണിയും അസസ്റ്റേഷ്യ മക്കറാന്തയും ഒക്കെ ഇന്ന് മുമ്പില്ലാത്തവിധം അവിശ്വസനീയമായ വിധം തദ്ദേശീയ സ്പിഷീസുകളെ വിപാടനം ചെയ്തു കൊണ്ട് പടരുകയാണ്. തീർച്ചയായും കാലാവസ്ഥാമാറ്റം ഇവയുടെ വ്യാപനത്തിന് ഉത്തോലകമാകുന്നുണ്ട്. പശ്ചിമഘട്ട വനങ്ങൾ പോലും ഇന്ന് ഇത്തരം അധിനിവേശ സസ്യഭീഷണിയിലാണ്.
ചൂടിന് നഗര മനുഷ്യനെ സംബന്ധിച്ച് ‘ശാസ്ത്രീയവും സാങ്കേതികവുമായ പ്രായോഗിക പരിഹാരം’ എ.സി. പിടിപ്പിക്കുകയാണ്. അതാണെങ്കിൽ കിട്ടാനേ ഇല്ലാതായിരിക്കുന്നു.
പശ്ചിമഘട്ട താഴ് വാരത്ത് ആർദ്രതയും താപനിലയുമനുസരിച്ച് അധിവാസമുറപ്പിച്ച രാജവെമ്പാലകളെപ്പോലുള്ള ശീതരക്തജീവികൾ ചൂടിൽ അളമുട്ടി സമീപസ്ഥലങ്ങളിൽ വീട്ടു തണുപ്പ് തേടി ക്ലോസറ്റിൽ വരെ എത്തിച്ചേർന്ന വാർത്തകൾ കൗതുകവാർത്തയല്ലാതായി തീർന്നിരിക്കുകയാണിന്ന്. സസ്യങ്ങൾ അചരങ്ങളാണ്. എന്നാൽ അവയും മലകയറിത്തുടങ്ങിയിരിക്കുന്നു. അടിവാരത്ത് അവ സ്വാഭാവികമായി വളർന്നിടത്ത് ചൂടുകൂടുമ്പോൾ അനുയോജ്യസ്ഥലം നോക്കി അവ മേലേക്കുമേലേക്കു പടർന്നു തുടങ്ങുന്നു. ഇത്തത്തിൽ ‘മരങ്ങളുടെ ദേശാടനം’ തുടങ്ങിക്കഴിഞ്ഞു നമ്മുടെ കിഴക്കൻ മലകളിൽ. ഒപ്പം മലകളിൽ ഏലവും റബ്ബറും കുരുമുളകും നട്ടവർ മലയിറങ്ങി വരികയുമാണ്. കാലാവസ്ഥാ വ്യതിയാനം മാത്രമല്ല അത് സൃഷ്ടിച്ച അസ്വാരസ്യത്താൽ കാടിറങ്ങിവരുന്ന വന്യജീവികളും അവരെ ഇന്നേവരെ നിലനിർത്തിയ, അവർ നിലനിർത്തിയ കൃഷിസമ്പദ് വ്യവസ്ഥയുടെ ആണല്ലിക്കല്ലിളക്കുന്നു. മഞ്ഞക്കൊന്ന നട്ടതും യൂക്കാലിത്തോട്ടവും ജലക്ഷാമവും ഒക്കെ വയനാട്ടിലെയും മറ്റും വന്യജീവി പ്രശ്നത്തിന്റെ കാരണമാണെങ്കിലും അടിസ്ഥാന കാരണം കാലാവസ്ഥയുടെ താളപ്പിഴകൾ തന്നെയാണ്.
കാലം തെറ്റിപ്പൂത്ത കണിക്കൊന്നയ്ക്കാണ് മാറുന്ന കാലാവസ്ഥയുടെ സൂചിതചിഹ്നമായി പ്രത്യക്ഷപ്പെടാൻ മിക്കവാറും യോഗം. സ്വന്തം വീട്ടു തൊടിയിലെ മരങ്ങളെ നിരീക്ഷിച്ചാൽ മതി ഓരോ കൊല്ലത്തേയും പ്രകൃതിയുടെ നിറംമാറ്റമറിയാൻ. മീനപ്പൂരത്തിന് ഇലകളെല്ലാം കൊഴിച്ച് നിറയെ പൂക്കുമായിരുന്ന വീട്ടുമുറ്റത്തെ കിളിതീനി മരം ഈ വർഷം ഒരു പൂ പോലുമില്ലാതെ ഇപ്പോഴും ഇലച്ചാർത്തൂരിയെറിഞ്ഞ് നില്ക്കുകയാണ്. മുറ്റത്തെ കണിക്കൊന്ന ഉണങ്ങിയും പോയി.
ചൂടുകൂടുന്നത്ര വൈദ്യുതോപയോഗവും കൂടുന്നു. മാർച്ചിൽ തന്നെ പ്രതിദിന ഉപയോഗം ശരാശി 90 മില്യൻ യൂനിറ്റ് ആയി. ഏപ്രിൽ 19 ന് 102.99 മില്യൻ യൂനിറ്റായിരുന്നു പ്രതിദിന ഉപയോഗം. ചൂടിന് നഗര മനുഷ്യനെ സംബന്ധിച്ച് ‘ശാസ്ത്രീയവും സാങ്കേതികവുമായ പ്രായോഗിക പരിഹാരം’ എ.സി. പിടിപ്പിക്കുകയാണ്. അതാണെങ്കിൽ കിട്ടാനേ ഇല്ലാതായിരിക്കുന്നു. വീടിനെ തണുപ്പിക്കാൻ മരങ്ങളും വള്ളികളുമാണ് പണവും വൈദ്യുതിയും വേണ്ടാത്ത ഏക മാർഗം. ആഗോളതാപനത്തിന് കാടാണ് മറുപടി എന്ന വനം വകുപ്പ് മുദ്രാവാക്യം ഒരു കുറുന്തോട്ടിതൈ നട്ട് ഭൂമിക്ക് അതിന്റെ യൗവനം തിരിച്ചു നല്കാനാകുമെന്ന അമിതമായ ശുഭാശ നല്കുന്നുണ്ട്. ആഗോളതാപനത്തിന് കാടു കൂടി മറുപടിയാണ് എന്നതാകണമായിരുന്നു ശരിയായ മുദ്രാവാക്യം.
വീട്ടുതൊടികളിൽ കാവുപോലെ ചില പച്ചത്തുണ്ടുകൾ നിലനിർത്തുകയെന്നതാണ് താപനത്തെക്കുറിച്ചുള്ള ആഗോളചിന്തയ്ക്ക് പ്രാദേശികമായി ചെയ്യാവുന്ന പരിഹാരകർമം.
കടലാണ് നമുക്കുവേണ്ട ഓക്സിജൻ തരുന്നത് എന്നും കടൽപ്പായലുകളുടെ സംഭാവനയോളം വരില്ല ഉഷ്ണമേഖലാ മഴക്കാടുകളുടെ ഇലച്ചാർത്തുകളുടെ നെടുവീർപ്പിന്റെ ഓക്സിജൻ സംഭാവനയെന്നതും ഇതുപോലെ ഭാഗികമായി മാത്രം ശരിയായിത്തീരുന്ന ശാസ്ത്രനിരീക്ഷണമാണ്. കടൽ കാർബൺ ആഗിരണം ചെയ്യുന്നു എന്നതിന് കടലിന്റെ അമ്ലത കൂടുന്നു എന്ന പാർശ്വഫലം കൂടിയുണ്ട്. എന്നാൽ കാട് കാർബൺഡയോക്സൈഡ് സ്വീകരിച്ച് ഓക്സിജൻ പുറത്തുവിടുന്നു എന്നത് നിർദോഷകരമായ സേവനമാകുന്നു. വനംവകുപ്പ് എന്ന ഏറ്റവും വലിയ ഭൂവുടമയുടെ അധീനതയിലുള്ള സ്ഥലത്തെയാണ് സാങ്കേതികമായി കാടായി നിർവചിച്ചിരിക്കുക. എന്നാൽ റിസർവ് വനത്തിന് പുറത്തും വനത്തിന്റെ പാരിസ്ഥിതിക ധർമം നിർവഹിക്കുന്ന സ്ഥലരാശികളും സൂക്ഷ്മാവാസസ്ഥാനങ്ങളും ധാരാളമുണ്ട്. ഔദ്യോഗികമായി വനേതരങ്ങളായ ഈ കാടിനെ നോക്കി ജഗതി സ്റ്റൈലിൽ ‘ഈ കാടെല്ലാം ഫോറസ്റ്റാണല്ലോ’ എന്ന് അദ്ഭുതം കൂറാവുന്നതാണ്. കാവുകളും സ്വകാര്യവ്യക്തികളുടെ കയ്യിലുള്ള കണ്ടൽക്കാടുകളും ഇടനാടൻ ചെങ്കൽകുന്നിലെ മുൾക്കാടുകളുമെല്ലാം ഇതിൽ പെടുത്താം. കോടതിവ്യവഹാരങ്ങളിൽ പെട്ട് കാടുപിടിച്ചു കിടക്കുന്ന ചില ഇല്ലപ്പറമ്പുകളിലെയും തറവാട്ടു കൂട്ടുകുടുംബ സ്വത്തുക്കളിലെയും വന്യത കണ്ട് ഈ കേസ് ഒരിക്കലും അവസാനിക്കാതെ പോകട്ടെ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്.
വീട്ടുതൊടികളിൽ കാവുപോലെ ചില പച്ചത്തുണ്ടുകൾ നിലനിർത്തുകയെന്നതാണ് താപനത്തെക്കുറിച്ചുള്ള ആഗോളചിന്തയ്ക്ക് പ്രാദേശികമായി ചെയ്യാവുന്ന പരിഹാരകർമം. പാരിസ്ഥിതികമായ ആവശ്യത്തിനായി വീട്ടുപറമ്പിലുണ്ടാക്കുന്ന കാവുകൾ വിശ്വാസവനങ്ങൾ (Sacred groves) ആവേണ്ടതില്ല. മിയാവാക്കികളെന്ന ഒരു പാടുപണം ചെലവാക്കിയുള്ള കാടിന്റെ കടും കൃഷിയും ആവശ്യമില്ല. പശ്ചാത്തലമൊരുക്കിയ ശേഷം മനുഷ്യൻ മാറിനില്ക്കുകയും കാലത്തിനും പ്രകൃതിക്കും വേണ്ടത്ര സമയം കൊടുത്ത് ഒരു പച്ചത്തുരുത്തിനെ ഉണ്ടാവാൻ വിടുകയുമേ വേണ്ടൂ. അത് പുറത്തുവിടുന്ന ഓക്സിജൻ അളവ് എത്രയെങ്കിലുമാകട്ടെ. കാർബൺ ആഗിരണത്തിലൂടെ തന്നാലായത് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നല്കട്ടെ. അതിലുപരി അത് പുറത്തുവിടുന്ന നനവുള്ള തണലുണ്ടല്ലോ. അതാണ് ഏറ്റവും പ്രധാനം. നാല്പതും നാല്പത്തഞ്ചും ഡിഗ്രിയിലെത്തുന്ന ദൈനം ദിന താപത്തിനിടയിലും ഗൃഹവാസം സാധ്യമാക്കാൻ ഇത് സഹായിക്കും. ഓന്തിനും അരണയ്ക്കും നാഗമോഹൻ പക്ഷിക്കും ഇത് അഭയവും ആരൂഢവുമാകും. അവിടെ കൂടുകൂട്ടിയ പക്ഷികൾ രണ്ടും നാലുമായി പെരുകുമ്പോൾ വീടുപകുത്ത് മറ്റൊരു പച്ചപ്പ് തേടിപ്പോകും. ഈ സ്പില്ലിങ് ഓവർ എന്നും പക്ഷികൾ പാടുന്ന ലോകമാക്കി നാടിനെ മാറ്റിതീർക്കും. അവ അജ്ഞാത ദേശങ്ങളിൽ നിന്നും പേരറിയാത്ത വിത്തുകൾ കൊണ്ടുവന്ന് മുളപ്പിക്കും. പൂമ്പാറ്റകൾ പുഴുത്തിറ്റയായ ചെടികൾ തേടി ഈ കാട്ടിലെത്തി മുട്ടവെച്ചു പോകും. ഒറ്റമരമല്ല, ഇത്തരം വീട്ടുകാവുകളാണ് ഇനിയങ്ങോട്ട് പ്രതീക്ഷ. മനുഷ്യനും തിര്യക്കുകളും രമ്യതയോടെ ഒത്തു വാഴുന്ന ഒരിടം. വരാനിരിക്കുന്ന കൊടും ഗ്രീഷ്മകാലങ്ങളിൽ ലോകത്തെ എല്ലാ ഗോപാലന്മാർക്കും ഗോപികമാർക്കും അഭയം തേടാനുള്ള കാവുപച്ചകൾ.